ഏലൂർ ഫാക്ട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ എഴുപതുകളുടെ ആദ്യത്തിലാണ് അദൃശ്യതയുടെ നിഴൽ എഴുതിയ കഥാകൃത്തിനെ തേടി സ്കൂളിൽ സീനിയറും സുഹൃത്തുമായിരുന്ന എഴുത്തുകാരൻ തോമസ് ജോസഫിനോടൊപ്പം കാട്ടൂർക്ക് ആദ്യമായി വരുന്നത്. അന്ന് പോംപെ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന ടി.വി. കൊച്ചുബാവയ്ക്കായിരുന്നു അക്കൊല്ലം മാതൃഭൂമി വിഷുപ്പതിപ്പിന്റെ കഥാമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
ഒമ്പതാം ക്ലാസുകാരന്റെ കഥയായിരുന്നില്ല അത്. അറിയപ്പെടുന്ന എഴുത്തുകാരെ അതിശയിപ്പിക്കുന്ന ഭാഷാസ്വാധീനം. ജഡ്ജിംഗ് കമ്മറ്റിയിലുള്ളവർ വലുതായി പ്രശംസിച്ച രചനയായിരുന്നു അദൃശ്യതയുടെ നിഴൽ. ഏലൂരിൽ നിന്ന് എത്തിയ കൂട്ടുകാരെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ബാവ വരവേറ്റത്. തളിയപ്പാടത്തെ പഴയ വീടിന്റെ ഇറയത്ത് മുറുക്കാൻ ചവച്ച് കാലും നീട്ടിയിരുന്ന ഉമ്മയോട് വിവരങ്ങൾ പറഞ്ഞു പരിചയപ്പെടുത്തി. എറണാകുളത്തു നിന്ന് ഇരിങ്ങാലക്കുടയ്ക്ക് ഒരു പി.എസ്.
എൻ മോട്ടോഴ്സ് ബസ് സർവീസ് മാത്രമുണ്ടായിരുന്ന അക്കാലത്ത് സമപ്രായക്കാരായ രണ്ടു വിദ്യാർത്ഥികൾ ദൂരെനിന്ന് തന്നെ തേടി എത്തിയതിന്റെ ആനന്ദം കഥാകൃത്തിനെ ആവേശം കൊള്ളിച്ചു. മുഷിഞ്ഞ ഒരു ബനിയനും കള്ളിമുണ്ടുമായി ഞങ്ങളെ സ്വീകരിച്ച മെലിഞ്ഞു നീണ്ട ആ പയ്യൻ ഇന്നും എന്റെ ഉള്ളിലിരുന്ന് ഉറക്കെ ചിരിക്കുന്നു, തമാശകൾ പറയുന്നു.
കഥപറയാനുള്ള കഴിവ് ജന്മസിദ്ധമായിരുന്നു ബാവയ്ക്ക്. കവിത കാണാതെ ചൊല്ലുന്ന അനേകം കവികളുണ്ട്. എന്നാൽ കഥ ആദ്യന്തം കാണാതെ പറയാനുള്ള അപൂർവ വൈഭവം ഇതുപോലെ മറ്റാരിലും കാണാൻ കഴിഞ്ഞിട്ടില്ല. മനസിൽ എഴുതി കടലാസിലേക്കു പകർത്തുകയാണ് ചെയ്തിരുന്നത്. ഓരോ കഥയും ഹൃദയത്തോട് ചേർത്തുവച്ചു. കഥയെക്കുറിച്ച് മറ്റുള്ളവർ പറയുന്ന ചെറിയ വിമർശനം മുറിപ്പെടുത്തി. നല്ല വാക്കുകളിൽ നിലയറ്റ് സന്തോഷിച്ചു. വൈകാരികമായ ഈ വിക്ഷുബ്ധതകൾ
കൊച്ചുബാവ എന്ന വ്യക്തിയെ കണക്കറ്റ് പീഡിപ്പിച്ചു. എഴുത്തുകാരനും കഥയും ഒന്നായിത്തീരുന്ന ഈ അവസ്ഥയിൽ കഥയുടെ വേവും ചൂടും എഴുത്തുകാരനെ വേട്ടയാടി. ഒടുങ്ങാത്ത ഉത്കണ്ഠകളുടെ താപം അയാളെ അകാലത്തിൽ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബാവയുടെ കാര്യത്തിൽ യാഥാർത്ഥ്യം പലപ്പോഴും അതിശയോക്തിയെ മറികടന്നു. അസാമാന്യമായ പ്രതിഭയും ആത്മവിശ്വാസവും ഉണ്ടായിരുന്നിട്ടും പല ഘട്ടങ്ങളിലും അകാരണമായ ആകുലതകൾ ബാവയെ ഗ്രസിച്ചിരുന്നു. പ്രസിദ്ധിയുടെ നെറുകയിലും ഒരു തരം അരക്ഷിതത്വം അനുഭവിച്ചു. ദസ്തയേവ്സ്കി ഭൂതാവിഷ്ടരിൽ അവതരിപ്പിച്ച ചില കഥാപാത്രങ്ങളോട് മനോവ്യാപാരങ്ങളിൽ ഏറെ സാമ്യമുണ്ടായിരുന്നു. വ്യക്തിപരമായി വിദ്വേഷം പുലർത്തിയവർക്കുപോലും കഥാകൃത്തായ കൊച്ചുബാവയെ തള്ളിക്കളയാൻ കഴിഞ്ഞില്ല. ഭ്രാന്തോളമെത്തുന്ന വെളിപാടുകളും ഉത്കടമായ സ്നേഹവും കടുത്ത ദ്വേഷവുമെല്ലാം മിത്രങ്ങളേക്കാളേറെ ശത്രുക്കളെയാണ് സൃഷ്ടിച്ചത്.
ഏറെ അധ്വാനിച്ചാണ് കൊച്ചുബാവ ജീവിതപ്പാതകൾ താണ്ടിയത്. തൊഴിൽ തേടി അന്യനാടുകളിലേക്കുപോയ ജ്യേഷ്ഠന്മാരുടെ ഇളയ സഹോദരനായിരുന്നതിനാൽ വലിയൊരു കൂട്ടുകുടുംബത്തിന്റെ പ്രയാസങ്ങൾ സ്കൂൾ വിദ്യാർത്ഥിയായിരിക്കേതന്നെ മനസിലും ശരീരത്തിലും ഏറ്റുവാങ്ങേണ്ടി വന്നു. പറമ്പു കിളച്ചും കൃഷിക്കു വെള്ളം തേവിയും വീട്ടുകാര്യങ്ങൾ നോക്കി നടത്തിയും നീങ്ങിയ നാളുകളിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ് മാസികകളും നോവലുകളും വായിച്ചു തള്ളിയത്. വരും കാലത്തെ ഉപയോഗത്തിനായി അവയെല്ലാം ബൈന്റ് ചെയ്തു സൂക്ഷിക്കാനും ശ്രദ്ധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലായിരുന്നു ഇതെല്ലാം.
സൈക്കിളിൽ ഊരു ചുറ്റുന്ന പതിവുണ്ടായിരുന്നു ബാവയ്ക്ക്. കൊടുങ്ങല്ലൂർ, തൃപ്രയാർ എന്നിവിടങ്ങളിലേക്ക് കാട്ടൂരിൽ നിന്ന് സൈക്കിൾ ചവുട്ടിയാണ് സിനിമയ്ക്കു പോയിരുന്നത്. സിനിമയോട് ചെറുപ്പം മതലേ അഭിനിവേശമായിരുന്നു. പിതാവ് ബീരാവുവിൽ നിന്നു കിട്ടിയതാണ് ഈ സിനിമാ പ്രേമം. ഉപ്പയുടെ കൈപിടിച്ച് സിനിമാകൊട്ടകകളിലേക്കു നടത്തിയ ബാല്യകാല യാത്രകൾ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. കുടുംബത്തിലെല്ലാവരും പൊതുവേ സിനിമാക്കമ്പക്കാരായിരുന്നു. ബറോഡയിലും പിന്നീട് ഷാർജയിലും പ്രവാസിയായിരുന്ന ജ്യേഷ്ഠൻ തന്റെ മക്കൾക്ക് അക്കാലത്തെ ജനപ്രിയ നടന്മാരായിരുന്ന മധുവിന്റേയും നസീറിന്റേയും പേരാണ് നൽകിയത്. ക്രിസ്ത്യാനികൾക്കിടയിൽ ജീവിക്കുകയും മഠം സ്കൂളിൽ പഠിക്കുകയും ചെയ്ത ബാവയ്ക്ക് ഒട്ടേറെ അസംസ്കൃത വസ്തുക്കൾ നിത്യേനയെന്നോണം ലഭിച്ചു. ഏറ്റവും കൂടുതൽ കഥകൾ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ടത് ഇക്കാരണത്താലാവാം.
തികച്ചും ആധുനികമായ ഒരവബോധം വളരെ ചെറുപ്പം മുതലേ പുലർത്തിയ എഴുത്തുകാരനായിരുന്നു കൊച്ചുബാവ. മറ്റുള്ളവർ ആധുനികതയെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനുമുമ്പു തന്നെ ബാവയുടെ ക്രാഫ്റ്റിലും കഥാപരിസരങ്ങളിലും ആധുനികതയുടെ അടിയൊഴുക്കുകൾ കണ്ടു. കാലത്തിനു മുമ്പേ സഞ്ചരിച്ച കഥകളെഴുതാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ അവബോധമാണെന്നു കാണാം. പിതാവിന്റെ സിനിമാപ്രേമം മനസിൽ കഥയുടെ വിത്തുപാകിയിട്ടുണ്ടാകാമെങ്കിലും എന്തും നീട്ടിപ്പരത്തി ചമത്കാരത്തോടെ പറയുന്ന ശീലമുണ്ടായിരുന്ന ഉമ്മയുടെ സ്വാധീനമായിരുന്നു കൂടുതൽ ശക്തം. സ്വന്തം ഗ്രാമവും മാതാപിതാക്കളും വീടും പരിസരവും ഇത്ര സൂക്ഷ്മമായി കഥയിൽ അവതരിപ്പിച്ചവർ സമകാലികർക്കിടയിൽ ഏറെ ഉണ്ടായിരുന്നില്ല.
മലയാളം കഴിഞ്ഞാൽ വിവർത്തന സാഹിത്യ കൃതികളാണ് കൊച്ചുബാവ കൂടുതൽ വായിച്ചിരുന്നത്. ആധുനികതയുടെ ആചാര്യന്മാർ പോലും പാശ്ചാത്യ കൃതികൾ മാറ്റിയെഴുതിക്കൊണ്ടിരുന്ന കാലത്ത് ആ വഴിയേ പോകാൻ ബാവ തയ്യാറായിരുന്നില്ല.മൗലികത മുഖമുദ്രയായിരുന്നു. വാസനാബലം നിരന്തര സാധനയിലൂടെ പരിപോഷിപ്പിക്കപ്പെടുകയാണു ചെയ്തത്. സ്കൂൾ ക്ലാസുകളിൽ പഠിക്കുമ്പോൾ മാതൃഭൂമി ബാലപംക്തിയിലൂടെ പുറത്തു വന്ന കഥകൾ ഇതിനു സാക്ഷ്യം നിൽക്കുന്നു. താനെഴുതുന്നത് തന്റേതു മാത്രമായിരിക്കണമെന്ന നിർബന്ധ ബുദ്ധിയാണ് കഥാസാഹിത്യത്തിൽ ഉറച്ച ഒരിടം കണ്ടെത്താൻ കൊച്ചുബാവയെ സഹായിച്ചത്. നിരന്തരമായ പരീക്ഷണങ്ങൾക്കും തിരുത്തലുകൾക്കുമായി ചെലവിട്ട പ്രയത്നം പിൽക്കാലത്ത് മുതൽക്കൂട്ടായിത്തീർന്നു.
ആറ്റിക്കുറുക്കാനുള്ള കഴിവു നേടിയത് മാതൃഭൂമി ബാലപംക്തിയിൽ കുട്ടേട്ടനും ഗുരുസ്ഥാനീയനുമായ കുഞ്ഞുണ്ണിമാഷിൽ നിന്നുതന്നെ. എഴുത്തു മെച്ചപ്പെടുത്തുന്നതിന് അക്ഷീണം അധ്വാനിക്കുന്നതിനുള്ള സന്നദ്ധതയും എഴുത്തിനോടുള്ള ശക്തമായ പ്രതിബദ്ധതയുമാണ് കൊച്ചുബാവയെ വേറിട്ടു നിർത്തുന്ന മറ്റു ഘടകങ്ങൾ. മനുഷ്യന്റെ ഹിപ്പോക്രസിയും കുന്നായ്മകളും നിറയുന്ന നിത്യജീവിത സന്ദർഭങ്ങളിൽ നിന്ന് വളരെയെളുപ്പത്തിൽ കഥ കണ്ടെത്താൻ ബാവയ്ക്ക് കഴിഞ്ഞിരുന്നു. ആസന്നമായ ഇരുണ്ട ദിനങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന എത്രയോ കഥകൾ യൗവനകാലത്തുതന്നെ എഴുതി. മനുഷ്യന്റെ സ്വാർത്ഥതയും സമ്പത്തിനോടും സുഖസൗകര്യങ്ങളോടുമുള്ള ഒടുങ്ങാത്ത ആർത്തി
യും വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഉണ്ടാക്കാവുന്ന വിപത്തുകൾ പല കഥകളുടേയും വിഷയമായിരുന്നു.
നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്ന കൊച്ചുബാവകാലടി ഗോപി, കെ.എസ്. നമ്പൂതിരി, ടി.എം. എബ്രഹാം തുടങ്ങിയവരുടെ പല നാടകങ്ങളുടേയും രചനയിലും അവതരണത്തിലും പ്രധാന സഹായിയായിരുന്നു. ബലൂൺ എന്ന തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള കുങ്കുമം അവാർഡു ലഭിച്ചിട്ടുണ്ട്. നടൻ മുകേഷ് അരങ്ങേറ്റം കുറിക്കുന്നത് ഈ ചിത്രത്തിലാണ്. എന്നാൽ സിനിമയ്ക്കാവശ്യമായ മെയ്വഴക്കം ശീലിക്കാതിരുന്നതിനാൽ ഈ രംഗത്തു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചുവെങ്കിലും
എഴുത്തിൽ നിരന്തരം മുന്നേറാൻ കൊതിച്ച മനസായിരുന്നു ബാവയുടേത്.
മികച്ച കഥകളെഴുതിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി എൻ.ടി. ബാലചന്ദ്രനെപ്പോലെ മരുഭൂ ജീവിതം തുടങ്ങുന്നതോടെ എഴുത്തിന്റെ ഉറവ വറ്റിപ്പോയ എത്രയോ കഥാകൃത്തുക്കളെ ഗൾഫ് നാടുകളിൽ കാണാം. ഗൾഫിൽ ജീവിച്ചതുകൊണ്ട് എഴുത്തിലേക്ക് ആനയിക്കപ്പെട്ട ബെന്യാമിനെപ്പോലുള്ളവരും ഉണ്ട്. എന്നാൽ തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങളിലും എഴുത്തിന്റെ കൈത്തിരി കെടാതെ സൂക്ഷിച്ച എഴുത്തുകാരനായിരുന്നു കൊച്ചുബാവ. വ്യക്തിജീവിതത്തിൽ അസാധാരണമായ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും കഥാരചനയിൽ നിന്ന് ഒരിക്കലും അകന്നു നിന്നില്ല. ജീവിതപ്രശ്നങ്ങൾ കഥയെയോ കയ്യക്ഷരത്തെപ്പോലുമോ ബാധിക്കാതെ സൂക്ഷിക്കാൻ കഴിഞ്ഞു എന്ന പ്രത്യേകതയും ബാവയ്ക്കു മാത്രം സ്വന്തമാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ കൈപ്പടയുള്ള എഴുത്തുകാരിലൊരാളായിരുന്നു കൊച്ചുബാവ.
വ്യത്യസ്തമായ തന്റെ കഥകൾകൊണ്ട് എത്രയോ രാത്രികളിൽ ബാവ സുഹത്തുക്കളെയെല്ലാം വിരുന്നൂട്ടി. അടുത്തിടപഴകിയവരുടെയെല്ലാം ഹൃദയങ്ങളിൽ മരിക്കാത്ത ഓർമകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കൊച്ചുബാവ രണ്ടു പതിറ്റാണ്ടു മുമ്പ് നാൽപത്തിനാലാം വയസിൽ കഥകൾക്കപ്പുറത്തെ ലോകത്തേക്കു യാത്രയായത്. അക്കാദമി അവാർഡു നേടിയ വൃദ്ധസദനവും പെരുങ്കളിയാട്ടവും കാലത്തിനു മുമ്പേ സഞ്ചരിച്ച കൃതികളായിരുന്നു.
മുപ്പതോളം രചനകൾ ബാവയുടേതായി ഉണ്ട്. കഥകളിൽ മിക്കവയും പുതിയ തലമുറയും ജാഗ്രതയോടെ വായിക്കുന്നു. മലയാള ചെറുകഥയിലും നോവലിലും തന്റേതായ മുദ്ര പതിപ്പിച്ച് കടന്നുപോയ ഈ എഴുത്തുകാരൻ വരുംനാളുകളിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കു വിധേയനാകും എന്ന കാര്യം തീർച്ചയാണ്.
അടിക്കുറിപ്പ്:
1.കൊച്ചുബാവ
2.എഴുത്തുകാരൻ പണിപ്പുരയിൽ.