ഒരു ദശകത്തിന്റെ പഴക്കമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയയുടെ (ഐഎസ്ഐഎസ്) ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും കണക്കാക്കപ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ രൂപം കൊണ്ട മുജാഹിദീന്‍ തീവ്രപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അബു മുസാദ് സര്‍ക്കാവി അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിലേക്ക് കുടിയേറിയതോടെയാണ് ഐഎസ്സിന്റെ ബീജാവാപം നടക്കുന്നത്, 2006ഓടെ. മുസ്ലിം രാജ്യങ്ങളിലെ വിഘടിത സംഘങ്ങളുടെയോ സംഘടിത കുലങ്ങളുടെയോ ഭരണകൂടത്തോടുള്ള വിദ്വേഷത്തെ പാശ്ചാത്യരാജ്യങ്ങള്‍, അമേരിക്ക സവിശേഷമായും, എമ്പാടും ദുരുപയോഗം ചെയ്തിട്ടുണ്ട്. അല്‍ ഖായിദയായാലും മുജാഹിദീനായാലും, ഇപ്പോള്‍ ഐഎസ് ആയാലും അവരുടെ ജന്മത്തിനും വളര്‍ച്ചയ്ക്കും ഈവിധമൊരു ചരിത്രം പതുങ്ങിക്കിടപ്പുണ്ട്. കുടത്തില്‍ നിന്നും തുറന്നുവിടപ്പെടുന്ന ഭൂതം സകലര്‍ക്കും അസ്വാസ്ഥ്യം വിതയ്ക്കുന്ന പിശാചായി മാറുന്നു. ഐഎസ് ഇന്ന് മുസ്ലിം രാജ്യങ്ങളെ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളെയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ഭീതിപ്പെടുത്തുന്ന അന്തകവിത്തായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഐഎസ് ക്രൂരതയുടെയും കിരാതത്വത്തിന്റെയും അമൂര്‍ത്തഭാവമായി പരിണമിച്ചിരിക്കുന്നു.
രണ്ടു ലക്ഷത്തോളം പേര് നേരിട്ടോ നേരിട്ടല്ലാതെയോ ഐഎസ്സുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. ഐഎസ് നേതൃത്വം കൊടുക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പട്ടിക പല രാജ്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തിന്റെ അസ്വാസ്ഥ്യമായത് കണക്കാക്കപ്പെടുന്നു. ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, അമേരിക്ക നേതൃത്വം കൊടുക്കുന്ന പട ആറായിരത്തിലധികം ചെറുതും വലുതുമായ ആകാശാക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നുവെന്നറിയുമ്പോഴാണ് ലോകത്തെ വിഴുങ്ങാനെത്തിയ ഭൂതത്തിന്റെ പരിണാമഭാവം മനസിലാക്കാനാവുക. രണ്ടായിരത്തിപതിനാലിനു ശേഷമുള്ള ഈ ആകാശാക്രമണങ്ങളില്‍ ആയിരത്തോളം തീവ്രവാദികള്‍ മാസംതോറും കൊലചെയ്യപ്പെടുന്നു. അത്രകണ്ട് ആളുകള്‍ മാസംതോറും ഐഎസ് പടയുടെ തൊപ്പിയണിയുന്നതായും കണക്കാക്കിയിരിക്കുന്നു. മുപ്പതിനായിരത്തിനും നാല്പതിനായിരത്തിനുമിടയില് ഐഎസ് പടയാളികള്‍ നേരിട്ട് തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. പല രാജ്യങ്ങളുടെയും കണ്ണില്‍ കേറിയ കരടായി ഐഎസ് മാറിക്കഴിഞ്ഞിരിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റും ഇന്ത്യയും
ഇന്ത്യയെ ഐഎസ് അങ്ങിനെയൊന്നും ബാധിക്കുകയില്ലെന്ന വിചാരവും ചെറിയ തോതിലെങ്കിലും തകര്‍ത്തുതുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്കുംതറ്റയ്ക്കുമായി നാടിനെ വിറപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന തീവ്രപക്ഷപ്രവര്ത്തനങ്ങളില് ഐഎസ്സിന്റെയോ പോഷക സംഘങ്ങളുടെയോ സഹായം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കഴിഞ്ഞ മാസം ഐഎസ് പുറത്തുവിട്ടതെന്ന് കരുതുന്ന വീഡിയോ ഇന്ത്യയില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ച് പലതും വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട, സിറിയയിലോ ഇറാഖിലോ ഐഎസ്സുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചിലരെക്കുറിച്ചാണ് വീഡിയോ വെളിപ്പെടുത്തിയിരിക്കുന്നത്. പഴയ മുജാഹിദീന്‍ സംഘാംഗമായ അ.ു റഷീദ് ഇതില്‍ പ്രത്യക്ഷപ്പെടുന്നു. ബാട്ട ഹൗസ് സംഘട്ടനത്തില്‍ കണ്ണിയാണെന്ന് കരുതുന്ന ബഡാ സാജിദ് വീഡിയോയില്‍ മുഖം കാണിക്കുന്നു. അഠന് ടണ്ടല്, ആതിഫ് മജീദ് തുടങ്ങിയവരും ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത് ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക്, സിറിയയിലോ ഇറാഖിലോ തീവ്രപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക്, നേതൃത്വം കൊടുക്കുന്നതായറിയിക്കുന്നു. അവര്‍ അവിടെ ഭീകരപ്രവര്‍ത്തനം നടത്തി സായൂജ്യമടയുമെന്നല്ല വെളിപ്പെടുത്തിയിരിക്കുന്നത്. ബാബ്രി മസ്ജിദ് തകര്‍ത്തതിലുള്ള വിദ്വേഷം പ്രകടിപ്പിക്കാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന് അവര്‍ പ്രസ്താവിക്കുന്നു. ഗുജറാത്തിലും കാശ്മീരിലും മൊറാദാബാദിലും മുസാഫര്പൂറിലും നടത്തിയ കൂട്ടക്കൊലകള്‍ക്ക് പ്രതികാരം ചെയ്യാന്‍ മടങ്ങിവരുമെന്ന് അറിയിക്കുന്നു. ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്നത് തെറ്റെന്ന്, ഇസ്ലാം യുദ്ധത്തിന്റെ മതമാണെന്ന് ഇന്ത്യ വിട്ട് ഐഎസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഇക്കൂട്ടരില്‍ പലരും വിളിച്ചുപറയുന്നു. അല്ലാഹുവിന്റെ സാമ്രാജ്യം സ്ഥാപിതമാകുംവരെ അടങ്ങിയിരിക്കയില്ലെന്ന്, അതിനുവേണ്ടി ജീവന് വെടിയാന്‍ കഴിഞ്ഞാല്‍ അത് പുണ്യമാണെന്ന് ഇന്ത്യക്കാരായ ഐഎസ്സുകാരനും പറയുന്നു. അല്ലാഹുവിന്റെ ഭരണം ഇന്ത്യയിലും വന്നെത്തുമെന്നവര് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. പതിമൂന്ന് ദശലക്ഷത്തോളം ആളുകളണിനിരക്കുന്ന അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ നില്ക്കുന്ന ഇന്ത്യന്‍ സൈനികവ്യൂഹത്തെ ഭേദിച്ച് ഇന്ത്യന്‍ ഭരണം ഏറ്റെടുക്കാന്‍ ഐഎസ്സുകാര്‍ക്ക് സാധിക്കുമെന്ന് കരുതുന്നത് മഹാമണ്ടത്തരംതന്നെയാവും. ശക്തമായ വ്യോമ-നാവിക സൈനികവ്യൂഹമുള്ള ഇന്ത്യയ്ക്ക് ഇതൊന്നുമില്ലാത്ത ഐഎസ് ആക്രമണങ്ങളെ നേരിടുകയെന്നതും ഒരു പ്രശ്നമാവാനിടയില്ല. എന്നാല്‍ ഐഎസ്സിന് ഇന്ത്യന്‍ മണ്ണിലും സ്വാസ്ഥ്യം കെടുത്താനുള്ള ഭീകരപ്രവര്‍ത്തനത്തിന് ഒളിപ്രവര്‍ത്തനം നടത്താനാവുമെന്നത് ഒരു വസ്തുതയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിരലിലെണ്ണാവുന്നവരാവും ഐഎസ്സില്‍ അണിചേരുന്ന ഇന്ത്യക്കാരെന്നും, അവര്‍ക്കും എല്ലാം ഭേദിച്ചുള്ള ഒറ്റപ്പെട്ട ഭീകരപ്രവര്ത്തനങ്ങളേ നടത്താനാവൂ എന്നതും വസ്തുതകളാണ്. കേരളത്തിലും ഐഎസ് ബന്ധമുണ്ടെന്ന് പറയുന്ന ഒരുകൈവിരലുകളില് എണ്ണാനാവുന്ന ആളുകളുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം ഇവിടെയെത്തുകയെന്നത് സാദ്ധ്യമാക്കുക എളുപ്പമല്ല. എന്നാല്‍ മുസ്ലിങ്ങളും ഹിന്ദുക്കളും ക്രൈസ്തവരുമടങ്ങുന്ന പൊതുജനതയെ ഭീതിപ്പെടുത്താന്‍ ഐഎസ്സിന് സാധിച്ചേക്കുമെന്നതും ഒരു യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നു.
കേരളത്തിലെത്തുന്ന ജിഹാദി സങ്കല്പം
ജിഹാദി സങ്കല്പവും ഐഎസ് മുന്നേറ്റവും കേരളത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. മുസ്ലിം തീവ്രവാദത്തിന്റെ ചരിത്രത്തിലേക്കുള്ള അന്വേഷണം ആവശ്യമായിവരുന്നതും ഇവിടെയാണ്. മലയാളി മുസ്ലിങ്ങളുടെയിടയില്‍ തീവ്രപക്ഷത്തിന്റെ സ്വരം തെളിയുന്നത് മൗലാനാ അബ്ദുല്‍ അത്ത്ല മൗദൂദിയില്‍നിന്നാണ്. ജമാ അത്ത് ഇസ്ലാമി വ്യതിരിക്തമായ ഒരു ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നത് മൗമൂദിസാഹിത്യം പ്രചരിപ്പിച്ചുകൊണ്ടാണ്. സര്‍ക്കാര്‍ ജോലി അമുസ്ലിം രാജ്യത്ത് തിരസ്കരിക്കുവാനും ഇതര സ്റ്റേറ്റുകളോട് നിസ്സഹകരിക്കാനുമുള്ള ആഹ്വാനങ്ങള്‍ ചിന്തയിലെത്തുന്നത് അമ്പതുകള്ക്കുശേഷമാണ്. അന്ന് സര്‍ക്കാര്‍ ജോലി രാജിവച്ച് ജമാഅത്ത് ഇസ്ലാമിയില്‍ സജീവമായി പ്രവര്‍ത്തിച്ചവരുടെ വംശാവലി കുറ്റയറ്റിട്ടുമില്ല. നേരിട്ട് സംഘര്‍ഷത്തിനോ അഭിമുഖീകരണത്തിനോ മുതിരാതെ ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തിക്കുന്ന കാലയളവിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതും, പ്രസ്ഥാന നേതാക്കള്‍ ജയിലില്‍ പോകുന്നതും. അടിയന്തിരാവസ്ഥാനന്തരകാലത്ത് ജമാഅത്ത് ഇസ്ലാമിക്ക് സംഭവിച്ച പരിണാമം ശരാശരി മലയാളിക്ക് തിരിച്ചറിയാനാവുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. പാര്‍ലിമെന്ററി ഡമോക്രസിയില്‍ പങ്കാളിയാകുന്ന വിധം സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി സംഘടനകളുടെ രൂപീകരണത്തിന് കാരണമാകുന്നതങ്ങിനെയാണ്. അതിനിടയില്‍ ജമാഅത്ത് ഇസ്ലാമി എണ്‍പതുകളുടെ തുടക്കത്തില്‍ അവരുടെ വിദ്യാര്‍ത്ഥിസംഘടനയ്ക്ക് രൂപം നല്കി: സിമി. വൈകാതെ സിമിയില്‍ നിന്ന് മുക്തമായി എസ്ഐഒ എന്ന വിദ്യാര്‍ത്ഥിസംഘടനയുടെ ഉത്ഭവത്തിന് കാരണമായെങ്കില്തന്നെയും സിമിയുടെ ആദ്യകാലനേതാക്കള്‍ ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകരായിരുന്നുവെന്ന് കാണാനാവും. സിമിയുടെ വേരുകളില്‍നിന്നാണ് നാഷനല്‍ ഡമോക്രാറ്റിക് ഫ്രന്റും എസ്ഡിപിഐയും പില്ക്കാലത്ത് മുളച്ചുപൊന്തുന്നത്. ബാബ്രി മസ്ജിദ് തകര്‍ക്കുന്ന കാലത്ത് മഅ്ദനി മലയാളിമുസ്ലിങ്ങളുടെ അതിവൈകാരികതയെ കുത്തിക്കിളച്ച് വലിച്ചുയര്‍ത്തി തീ കൊടുക്കുകയായിരുന്നു. മഅ്ദനിയുടെ പ്രകോപനപരമായ പ്രസംഗങ്ങളും, ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിലെത്തിച്ചേരുന്നവിധം വളര്‍ന്ന തീവ്രപക്ഷ സുന്നി പ്രവര്‍ത്തനങ്ങളും അക്കാലത്ത് തീവ്രപക്ഷത്തിന്റെ രോഷാഗ്നി ന്യൂനപക്ഷമെങ്കിലും, ശരാശരി മലയാളി മുസ്ലിങ്ങളിലെത്തിക്കുവാന് കാരണമായിട്ടുണ്ട്. ഇരുമതവിഭാഗങ്ങളിലുമുള്ള പ്രേമങ്ങള്‍ക്കും, അവിവാഹിതരായ മുസ്ലിം പെണ്‍കുട്ടികള്‍ പൊതുവേദികളില്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിലും ചിലരെങ്കിലും പരസ്യമായി പ്രത്യക്ഷപ്പെട്ട് എതിരു നില്‍ക്കുന്നത് ഈ തീവ്രപക്ഷ വിചാരത്തിന്റെയോ വൈകാരികതയുടെയോ പ്രതിഫലനമാണെന്ന് കാണാനാവും. പ്രവാചകനിന്ദയുടെ പേരിലുള്ള കൈവെട്ട് കേസ് അത്തരത്തിലുള്ള ഒരിടപെടലിന്റെ വെളിപ്പെടുത്തലാണുതാനും. വാഗമണ്‍ സിമി ക്യാമ്പ് തീവ്രപക്ഷത്തിലേക്കുള്ള റിക്രൂട്ട്മെന്റിന്റെയോ ട്രെയിനിംഗിന്റെയോ പ്രവര്ത്തനപരിപാടിയായും വേര്‍തിരിച്ചറിയാനാവും.
കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ വേരുകള്‍
ഐഎസ്സിന്റെ ഉത്ഭവവുമായി കേരളത്തിലെ മുസ്ലിം തീവ്രപക്ഷത്തിന്റെ ജന്മത്തിലോ വളര്‍ച്ചയിലോ പങ്കില്ലെനന്ന് കാണാനാവുന്നു. ഐഎസ് എന്താണെന്നോ അതിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളേതെന്നോ തീവ്രപക്ഷ മലയാളി മുസ്ലിങ്ങളറിഞ്ഞിട്ടില്ലെന്നത് വ്യക്തമാവുന്നു. ശരാശരി മലയാളി മുസ്ലിം ഐഎസ്സിനെക്കുറിച്ച് കേള്‍ക്കുന്നതുപോലും സമീപകാലത്താണ്. വിദേശികളെ വധിക്കുന്ന വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ വരുന്ന വാര്ത്താശകലങ്ങളുമാണ് മലയാളികള്‍ക്ക് ഐഎസ്സിനെക്കുറിച്ച് അറിവ് നല്‍കുന്നത്. പലതും പോലീസോ തീവ്രവാദികളോ നല്കുന്ന ഒഫീഷ്യല്‍ ഭാഷ്യങ്ങളുടെ ചൂടില്‍നിന്നും ചൂരില്നിന്നുമാണ് ഐഎസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് മലയാളികളറിയുന്നത്; ചിലരെങ്കിലും ആലോചനയിലൂടെയും ആദര്‍ശങ്ങളിലൂടെയും ആകര്‍ഷിക്കപ്പെടുന്നത്. ജമാഅത്ത് ഇസ്ലാമി മുതല്‍ നാഷനല്‍ ഡമോക്രാറ്റിക് ഫ്രന്റ് വരെയുള്ള സംഘടനകള്‍ കിളച്ചുമറിച്ചിട്ട മണ്ണിലാണ് ഐഎസ്സിന്റെ വേരുകളോടിത്തുടങ്ങിയിരിക്കുന്നത്.
മുസ്ലിം സംഘടനകളിലെ തീവ്രവിചാരം ബാഹ്യതലവ്യവഹാരങ്ങളിലേക്ക് ഇഴഞ്ഞെത്തുന്നതും എണ്‍പതുകള്‍ക്കുശേഷമാണ്. കേരളം ഇസ്ലാമിനെ സൗഹൃദപൂര്ണമായു മൈത്രീഭാവത്തില്‍ ഏറ്റുവാങ്ങിയ നാടാണ്. ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും കേരളത്തിലെ ഹൈന്ദവ രാജാക്കന്മാരുടെ കൈകളിലൂടെയായിരുന്നു. അവരുടെ ഉദാരമനസ്കതയിലും സമാധാനചിന്തയിലുമാണ് ഇസ്ലാം കേരളത്തില്‍ ഉണ്ടായിവരുന്നത്. അറബ് കച്ചവടക്കാരോടുള്ള സൗഹൃദവും മതപ്രബോധനത്തിനെത്തിയവരോടുള്ള മനോഭാവവും മൈത്രിയിലടിയൂന്നിയ സമൂഹത്തിന്റെ നിര്‍മിതികളായിരുന്നു. വേഷത്തിലും ഭക്ഷണത്തിലും ഭാഷയിലും ആചാരാനുഷ്ഠാനങ്ങളില്പോലും സമന്വയസംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ പ്രകടമാണ്. ഒമ്പതാം നൂറ്റാണ്ടില്‍ മാലിക് ദിനാറും സംഘവും മതപ്രബോധനത്തിന് കേരളത്തിലെത്തുമ്പോള്‍ മാടായിയിലും പൊന്നാനിയിലും ചാലിയത്തും പള്ളികള്‍ പണിയുന്നതും ഹൈന്ദവരാജാക്കന്മാരുടെയും സഹോദരങ്ങളുടെയും ഐക്യത്തില്നിന്നാണ്. മലയാളിമുസ്ലിങ്ങളുടെ സമഗ്രതലവ്യവഹാരത്തിലും കൊടുക്കലും വാങ്ങലിന്റെയും മുദ്രണമുണ്ട്. ഈയൊരു സാംസ്കാരികതയിലാണ് മുസ്ലിം തീവ്രപക്ഷം വാള് വച്ച് മുറിക്കുന്നത്. ഐഎസ് പ്രതിനിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്ലാം എളുപ്പം സ്വീകാര്യമാവുന്നതും, ന്യൂനാല്‍ ന്യൂനപക്ഷത്തെ സ്വാധീനിക്കുന്നതും ഈ കാലാവസ്ഥയിലാണ്.
മലയാളിമുസ്ലിങ്ങളിലെ വ്യവഹാരമാറ്റം
ഐഎസ്സിന്റെ ഉത്ഭവത്തിന് മുമ്പുതന്നെ മുസ്ലിം തീവ്രവാദത്തിന്റെ ചിന്തകളും വ്യവഹാരങ്ങളും കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലേക്ക് വ്യാപിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് മലയാളികള്‍ ഇതിന് ഒരു മാധ്യമമായി വര്‍ത്തിച്ചിട്ടുണ്ട്. പര്‍ദയുടെ വ്യാപനം ഗള്ഫ്ബന്ധവും വ്യാപാരശ്രമങ്ങളും കൊണ്ട് സാദ്ധ്യമാക്കിയ കാര്യമാണ്. മുസ്ലിംസ്ര്തീകളുടെ വ്യതിരിക്തവേഷം അറബിവത്കരണത്തിലൂടെ സാദ്ധ്യമായതങ്ങിനെയാണ്. തബ്ലീഗ് ജമാ അത്തിലൂടെ ഉത്തരേന്ത്യന്‍/പാകിസ്ഥാനി മുസ്ലിം പുരുഷവേഷം പ്രചാരത്തിലെത്തിക്കുന്നതും ഈയടുത്തകാലത്താണ്. മീശയില്ലാത്ത താടിയും തൊപ്പിയും കുര്‍ത്തയും പൈജാമയും പര്‍ദയും ലോക മുസ്ലിമിന്റെ വേഷമാണെന്ന് മലയാളികളായ മുസ്ലിങ്ങളെയും അമുസ്ലിങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഈ ബാഹ്യതല പരിണാമം കാരണമാക്കിയിട്ടുണ്ട്. ഇസ്ലാം എത്തിയേടങ്ങളിലൊക്കെയും സമന്വയ സംസ്കാരങ്ങളിലൂടെയാണ് വളര്‍ന്ന് വികസിച്ചത് എന്ന ചരിത്രത്തെ നിരാകരിക്കുന്നത് ഈ തീവ്രപക്ഷ ഇടപെടലിലൂടെയാണ്. ബഹുഭാര്യാത്വത്തിന്റെയും പുരുഷകേന്ദ്രീകൃത കുടുംബത്തിന്റെയും പിടിവാശികള്‍ ചിലരെയെങ്കിലും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. നമസ്കാരത്തിന് ദേഹശുദ്ധി വരുത്തുന്നതിലും, നമസ്കാരചര്യയിലും പുത്തന്‍ രീതികള്‍ തീവ്രാശയങ്ങളിലൂടെ ഇറക്കുമതി ചെയ്തതും നിരീക്ഷിക്കാനാവും. നമസ്കാരത്തിലടുത്തുനില്ക്കുന്നവന്റെ കാലുകളില്‍ കേറി സ്പര്‍ശിക്കണമെന്നും മുഷ്ടി ചുരുട്ടി നിലത്തൂന്നിയാണ് സാംഷ്ടാംഗ ഘട്ടത്തില്‍ നിന്ന് എഴുന്നേല്‍ക്കേണ്ടതെന്നും, അന്യമത ആഘോഷങ്ങളില്‍ പങ്കാളികളാകരുതെന്നുമുള്ള വിചാരങ്ങളും പ്രയോഗങ്ങളും മുസ്ലിം പുരോഗമന പക്ഷത്തിലെ ഒരു വിഭാഗം ആളുകളുടെ പ്രചാരത്തില്‍ വരുന്നതും ഈയൊരു കാലാവസ്ഥയിലാണ്. അടിസ്ഥാനപരമായി ബഹുസ്വര സമൂഹത്തിന്റെ കടയ്ക്കലാണ് മഴു വീഴുന്നത്. ആര്‍എസ്എസ്സും സംഘികളും വളര്‍ത്തിയെടുത്ത ഒരു സാംസ്കാരികതയുടെ മറ്റൊരു ഭാവതല പരിണാമമാണിവിടെ പ്രത്യക്ഷപ്പെടുന്നത്. ബാഹ്യതല വ്യവഹാരത്തിലുള്ള ഈ ധ്രുവീകരണം ഹൈന്ദവ ഫാസിസ്റ്റുകളുടെയും മുസ്ലിം തീവ്രപക്ഷത്തിന്റെയും രാഷ്ട്രീയകോശങ്ങളെയാണ് സഫലീകരിക്കുന്നത്.
തീവ്രപക്ഷങ്ങളുണര്ത്തുന്ന ആശങ്കകള്‍
ഐഎസ് മറ്റു രാജ്യങ്ങളില്‍ വളരുമ്പോള്‍ മലയാളി മുസ്ലിം ഭയക്കേണ്ടതും മറ്റൊന്നല്ല. ലിബറല്‍ മുസ്ലിമിന്റെ ശബ്ദം ഇല്ലാതാക്കപ്പെടുന്നു. ബഹുസ്വര സമൂഹത്തില്‍ കഴിഞ്ഞ മലയാളി മുസ്ലിമിന്റെ സ്വത്വബോധത്തെ നശിപ്പിക്കുന്നു. ഐഎസ്സിനെക്കുറിച്ച് കേട്ടറിയുന്നവര്‍ തീവ്രപക്ഷാശയങ്ങളില് ദൈനംദിനകാര്യങ്ങളിലെങ്കിലും സ്വാധീനിക്കപ്പെടാനുമിടയുണ്ട്. സാമൂഹികജീവിതത്തില്‍ ഹിന്ദു-മുസ്ലിം സമുദായങ്ങളുടെ അകല്‍ച്ചയും ധ്രുവീകരണവും സുദൃഢമാക്കാനും ഹൈന്ദവ ഫാസിസ്റ്റ് തന്ത്രങ്ങള്‍ എളുപ്പത്തില്‍ ഫലപ്രദമായവിധം പ്രയോഗിക്കാനുമാവുമെന്നതാണ് ശരാശരി മുസ്ലിം ഇന്ന് തിരിച്ചറിയേണ്ടത്. ഐഎസിനെക്കുറിച്ചും വായിച്ചറിയുന്നവര്‍ കേരളത്തിലുണ്ടാവേണ്ടതിന്റെ ആവശ്യകതയും ഇതുകൊണ്ടാണ് അനിവാര്യമായിവരുന്നു. പൊളിറ്റിക്കല്‍ ഇസ്ലാം സാധാരണക്കാരിലേക്ക്, അവരുടെ ചിന്തയിലേക്കും വ്യവഹാരങ്ങളിലേക്കും, വ്യാപരിക്കാതിരിക്കുവാന് മുസ്ലിം മുഖ്യധാരാ നേതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. കെ.എം. ഷാജിയെപ്പോലുള്ള മുസ്ലിംലീഗ് നേതാവ്, എനിക്ക് തീവ്രപക്ഷത്തിന്റെ വോട്ട് വേണ്ട എന്ന് പ്രഖ്യാപിക്കുന്നതിന്റെ പ്രാധാന്യവും പ്രസക്തിയും ഉയരുന്നതിവിടെയാണ്. സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്ലിം നേതൃത്വം സാമൂഹികസ്വാസ്ഥ്യത്തിനു വേണ്ടി ശക്തമായ നിലപാടെടുക്കേണ്ടതും ഇതുകൊണ്ടാണ്. ഐഎസിന്റെ പടയാളിയായി ഏതെങ്കിലുമൊരു മനോവൈകൃതമുള്ള ആള് റിക്രൂട്ട് ചെയ്യപ്പെടുന്നതല്ല ഭയപ്പെടേണ്ടത്. മറിച്ച് മുസ്ലിം സാമാന്യബുദ്ധിയെ ബലാത്സംഗം ചെയ്യുന്ന തീവ്രപക്ഷ വിചാരങ്ങളെയും ആചാരങ്ങളെയും പ്രതിരോധിക്കുക എന്നതാണ് സമുദായ നേതൃത്വത്തിന്റെ സാമൂഹികമായ ഉത്തരവാദിത്വം. ഐഎസ് പ്രതിനിധാനം ചെയ്യുന്ന വ്യവഹാരപരമായ ഭീകരവാദത്തെ മലയാളമണ്ണിലെത്തിക്കുന്നത് തടയുക എന്നതിന് സമുദായങ്ങള്‍ തമ്മില്‍ സൗഹാര്ദപൂരണമായ ഒരന്തരീക്ഷം ഉണ്ടാക്കേണ്ടതാണെന്ന് ഇതരസമുദായങ്ങളുടെ നേതൃത്വവും തിരിച്ചറിയേണ്ടതുണ്ട്.