1) മയാസൃഷ്ടം
പയ്യ് സാത്വിക പ്രകൃതനാകുന്നു.
പൈമ്പാല് കുടിക്കുന്നവര്‍ ശാന്തചിത്തരായി നിരത്തിന്മേല് ഉലാത്തും.
ആട് രാജസപ്രകൃതനാകുന്നു.
ആട്ടിന്പാല് കുടിക്കുന്നവര്‍ സെല്‍ഫോണുമായി നിരത്തില്‍ തുള്ളും.
എരുമ താമസപ്രകൃതനാകുന്നു.
എരുമപ്പാല് കുടിക്കുന്നവര്‍ ഇതികര്ത്തവ്യതാവിമൂഢരായി
സപ്ലൈക്കൊവില് ക്യൂ നില്ക്കും.
അപ്പോള്‍ ‘നാരായ’നോ സ്വാമിന്!?
2) സമാദരണീയന്‍
ധ്വജഭംഗിതന് മാത്രമാകുന്നില്ല ഷണ്ഡന്.
പ്രതികരിച്ചീടാത്തോനും ഷണ്ഡനാകുന്നു!
ഒന്നുമേ കണ്ടീലെന്നു നടിച്ചീടും.
കയ്യാലപ്പുറത്തു കയറി നിന്നിടും.
മാഡമെന്നും സാറെന്നും ഏവരേയും വിളിച്ചീടും.
വളിച്ചൊരു ചിരി സദാ മുഖദാവില്‍ ഫിറ്റു ചെയ്തിടും.
പാരവച്ചേവനേയും സമൃദ്ധമായ് തുലച്ചീടും.
ഇടവും വലവും നോക്കാതെ, നേര്‍വഴിക്കേ നടന്നിടും.
അയ്യോപാവമായ് കണ്ണടച്ചു, ക്ഷീരധാര നുകര്‍ന്നീടും.
ഒട്ടകപ്പക്ഷിയായ് ഫയലില്‍, തലപൂഴ്ത്തിയിരുന്നീടും.
സ്വന്തം കാര്യം സിന്ദാബാദെന്നേകാംഗ പ്രകടനം നയിച്ചീടും!
സജ്ജനങ്ങള്‍ക്കും പുമാന്മാര്ക്കും സമാദരണീയന്‍ ഈ ഷണ്ഡന്.
ചക്കവരട്ടിപോല് അഴകൊഴമ്പന്‍.
അരാഷ്ട്രീയന്‍…
3) ഹരി ഒരു ഭീകര ജീവിയാണ്…
ഹരി ഒരു ഭീകര ജീവിയാകുന്നു…
സാഹിത്യം ചമയ്ക്കുകയും പത്രാധിപന്മാരെ പ്രസിദ്ധീകരണാര്‍ത്ഥം
കൈമണിയടിക്കുകയും ചെയ്യും.
സഹജീവികളെ പാര വയ്ക്കുകയും
പരദൂഷണം പറഞ്ഞു നടക്കുകയും ചെയ്യും.
രഹസ്യമായി മദ്യപിക്കുകയും മത്സ്യമാംസാദികള്‍ ഭുജിക്കുകയും ചെയ്യും.
നിഷ്കളങ്കനായി നടിക്കുകയും അണ്ടര്‍ഗ്രൗണ്ട് വേലകള്‍ ഇറക്കുകയും ചെയ്യും.
ആട്ടിന്‍തോലിട്ട ചെന്നായാകുന്നു ഹരി…
മ്ലേഛനും കൊജ്ഞാണനും ആകുന്നു…
ഹരി ഒരു ഭീകര ജീവിയാകുന്നു…