‘ഓർമയുടെ ഓളങ്ങളിൽ നിന്നു
നീന്തിപ്പോകാൻ കഴിഞ്ഞില്ല;
അതിനാൽ മറക്കാനും ആവുന്നില്ല…’
– നീ എനിക്കയച്ച
കറുത്ത കാർഡിലെ വരികൾ.
നീയിപ്പോൾ എവിടെയാണ്?
ഞാൻ ഇവിടെയുണ്ട്.
എനിക്കു പ്രായമായി
എങ്കിലും ആ മനസ്സ്
കൈമോശം വന്നിട്ടില്ല.
പെങ്ങളും
ഉമ്മയുമുള്ള വീട്ടിൽ
നിന്നെക്കൊണ്ടുപോയി
പാർപ്പിച്ചത് ഓർക്കുന്നു.
അന്ന് എന്തായിരുന്നു
നിന്റെ പ്രഭാതങ്ങൾ…
നിന്റെ പാതിരാവുകൾ…
ഞാൻ ശ്രദ്ധിച്ചില്ല.
നീ നന്നായി ഭക്ഷണം കഴിച്ചുവോ?
നിന്റെ കിനാവുകൾ നന്നായിരുന്നുവോ?
നിന്റെ അന്നം വെളുത്തിരുന്നുവോ?
അങ്ങനെതന്നെ
ആയിരുന്നിരിക്കണം.
അല്ലെങ്കിൽ ഉമ്മ
നിന്നെ വരവേൽക്കുമായിരുന്നില്ലല്ലോ.
അന്ന് അതൊന്നും ഞാൻ ചിന്തിച്ചില്ല.
അതിന്റെ ആവശ്യം ഇല്ലായിരുന്നല്ലോ.
എന്റെ കൂട്ടുകാരാ-
നീ എവിടെയാണ്?
നിന്റെ സോദരൻ
നിന്റെ ചേച്ചി
നിന്റെ അച്ഛൻ
നിന്റെ രണ്ട് അമ്മമാർ…
എന്റെ മുഖത്തും നെഞ്ചത്തും
അടയാളങ്ങൾ വീണു.
ശ്രീവത്സവും, കൗസ്തുഭവും
യോദ്ധാക്കളുടെ ശരീരത്തു മാത്രമേ
പാടുകൾ കാണൂ.
ഈ സ്വയംപ്രദർശനം
നീ പൊറുക്കണേ-
ഇങ്ങനെയല്ലാതെ ഓർമകളെ
താലോലിക്കാനാവുകയില്ല.
ഓർമകൾ ഇല്ലെങ്കിൽ നമ്മുടെ
ചരിത്രം വിസ്മൃതമായിപ്പോകും.
നീ നിന്റെ പേരു മാറ്റി.
ഇന്നു നിന്നെയൊന്നു കാണുവാൻ
എന്റെ ഉള്ളം കൊതിക്കുന്നു.
നഷ്ടപ്പെട്ടുപോയ ഒത്തിരി
കൂട്ടുകാരെയോർത്ത് ഞാൻ
തേങ്ങുന്നു.
അവർക്കായി എന്റെ ഹൃദയം…
സ്വർണമോതിരം
വരവായി മാറിയത് എങ്ങനെ?
ഒരു പൈപ്പ് നിറയെ
കഞ്ചാവുമായി പിന്നെ നീ വന്നു.
അന്ന് അതിനു സാക്ഷിയായി
നമ്മോടൊപ്പമിരുന്ന സുഹൃത്ത്
പിന്നീട് ആത്മഹത്യ ചെയ്തു.
മരിച്ചവരും പിരിഞ്ഞവരും
എത്രയോ പേർ!
നീ തോൽക്കില്ലെന്ന് എനിക്കറിയാം.
ഒരുപക്ഷേ
ഞാനിതെഴുതുന്ന നേരത്ത്
നീ പറക്കുകയായിരിക്കാം,
ഭൂമിയെ വലംവയ്ക്കുകയായിരിക്കാം…
നീ എവിടെയെങ്കിലുമിരുന്ന്
ഇതു വായിക്കുമോ?
ഞാനതു കാര്യമാക്കുന്നില്ല.
ജീവിതം എന്താണെന്നും
എങ്ങനെയാണെന്നും
നന്നായറിയാം.
അതല്ല എന്റെ പ്രശ്നം…
എന്റെ കൂട്ടുകാരാ-
എന്നെ സ്നേഹിച്ച എത്രയോ പേർ,
ഞാൻ പഠിപ്പിച്ച കുഞ്ഞുങ്ങൾ
ഈ ഭൂമി എവിടെപ്പോയി-
ത്തുലഞ്ഞാലും
അവർ ഇല്ലാതാവുകയില്ല.
എന്റെ അനുഗ്രഹം
അവരോടൊപ്പമുണ്ട്.
എങ്കിലും എന്റെ ചങ്ങാതീ…