ഇന്ന് ഇന്‍ലന്റ് മാസികയെ എം. മുകുന്ദന് വിശേഷിപ്പിച്ചത് ഒരു തുള്ളി മാസിക എന്നാണ്. കഴിഞ്ഞ 35 വര്‍ഷമായി ഒരു മാസം പോലും മുടങ്ങാതെ തുള്ളി തുള്ളിയായി ഇറ്റിവീഴുന്ന സാഹിത്യമാസിക. വരള്‍ച്ചയെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത സ്നേഹസൗഹൃദങ്ങളുടെ നനവുള്ള മാസിക.
ഇന്ന് മാസികയെന്നാല് ഒരു വ്യക്തിയാണ്. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ മണമ്പൂര്‍ രാജന്‍ബാബു. മലപ്പുറത്ത് കൂട്ടിലങ്ങാടിയില്‍ ചെന്ന് രാജന്‍ബാബുവിനെ കണ്ടു. രാജന്‍ബാബുവിന്റെ വീടുതന്നെയാണ് ഇന്നിന്റെയും വീട്.
ഒരു അതിഥിയുണ്ട്, രാജന്‍ബാബു പറഞ്ഞു, കാക്കനാടന്റെ ബന്ധുവും എഴുത്തുകാരനുമായ മോഹന്‍ കാക്കനാടന്. മുംബൈ കാക്ക മാസികയുടെ പത്രാധിപരായ മോഹനെ ആദ്യമായി കാണുകയായിരുന്നു. കുശലവും ചായയും സാഹിത്യസല്ലാപവുമായി രാജന്‍ബാബുവിന്റെ സ്വീകരണമുറിയില്‍.
രാജന്‍ബാബു മലപ്പുറത്തുകാരനായിട്ട് നീണ്ട നാല്പതു വര്‍ഷമായി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള മണമ്പൂര്‍ ഗ്രാമത്തില്‍ നിന്ന് മലപ്പുറത്ത് എം.എസ്.പി. ഓഫീസില്‍ ജിവനക്കാരനായി എത്തിയതുതൊട്ട്. ജന്മനാട്ടില് താന്‍ മാനസഗുരുക്കളായി വരിച്ച കെ. ബാലകൃഷ്ണന്, കാമ്പിശ്ശേരി കരുണാകരന് എന്നീ പത്രാധിപന്മാരെ മനസ്സില്‍ കണ്ട് സംഗമം എന്ന പേരില്‍ ഒരുക്കിയ കൈയെഴുത്തുമാസിക പിന്നെ അതേ പേരില്‍ ഇന്‍ലന്റ് മാസികയായും തുടര്‍ന്നു. രജിസ്ട്രേഷന് കിട്ടിയപ്പോള്‍ ഇന്ന് ആയി മാറി. അത് ഇന്നുവരെയും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.
മണമ്പൂര്‍ രാജന്‍ബാബു: എനിക്ക് മനസ്സിലാവുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ അച്ചടിക്കാറുള്ളൂ. മുമ്പ് വലിയ ആരെങ്കിലും എഴുതിയതിന്റെ അനുകരണമാണെങ്കില്‍ അവ നിരസിക്കുന്നതോടൊപ്പം ഇങ്ങനെ മുമ്പ് കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയിട്ടുണ്ട്, അല്ലെങ്കില്‍ എഴുത്തച്ഛന് എഴുതിയിട്ടുണ്ട്, അവരെ നാം അനുകരിക്കേണ്ടതില്ലല്ലോ എന്ന് തിരിച്ച് എഴുതാറുണ്ട്.
മലയാളത്തിലെ വലിയ എഴുത്തുകാരെല്ലാം ഈ കുഞ്ഞുമാസികയുടെ താളുകള്‍ അലങ്കരിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വി.കെ.എന്‍., ഒ.വി. വിജയന്, എം.പി. നാരായണപിള്ള, സി.വി. ശ്രീരാമന് അങ്ങനെ പലരും. ഒ.വി. വിജയന് എഴുതിയ ഒരു കത്തില്‍ തന്നെ സാഹിത്യകാരനായി തിരിച്ചറിഞ്ഞപ്പോഴുണ്ടായ ആഹ്ലാദം രാജന്‍ബാബു മറച്ചുവച്ചില്ല.
രാജന്‍ബാബു: മലയാളനാടില്‍ ഒ.വി വിജയന് മേഘം എന്നതിന് ‘മേഖം’ എന്നെഴുതിവന്നു. അങ്ങയെപ്പോലൊരാള്‍ ഇങ്ങനെ എഴുതുമ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചുപോയാലോ എന്ന് ഞാന്‍ ഒരു കത്തെഴുതി. അദ്ദേഹം, ‘ശരിയാണ്, ഈയിടെയായി എനിക്ക് ധാരാളം സംഭവിക്കുന്നു. നിങ്ങളല്ലേ കഥയെഴുതിയതിന് എം.എസ്.പിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട സാഹിത്യകാരന്’ എന്നു ചോദിച്ചുകൊണ്ട് തിരിച്ചെഴുതി. ആ കത്ത് ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
മലയാളികളുടെ ചിന്താശീലത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച എം.പി. നാരായണപിള്ള ഇന്നിനെ ഇഷ്ടപ്പെട്ടു, ചിലപ്പോള്‍ പ്രചോദിപ്പിച്ചു.
രാജന്‍ബാബു: എം.പി. നാരായണപിള്ള എഴുതിയ നിരവധി കത്തുകള്‍ ഇവിടെ ഇരിപ്പുണ്ട്. ചില കത്തുകള്‍ അയയ്ക്കുമ്പോള്‍ ‘ഇവ പ്രസിദ്ധീകരിക്കരുത്’ എന്നു പ്രത്യേകം പറയാറുണ്ട്. അദ്ദേഹത്തെപ്പോലൊരാള്‍ എഴുതുമ്പോഴുള്ള സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ചെയ്യുന്നത് ഒരു കാര്യമല്ല എന്ന തോന്നലുണ്ടാകുന്നു. ഒരിക്കല്‍ അദ്ദേഹം എഴുതി, ‘എനിക്ക് വലിയ പുസ്തകങ്ങളിലൊന്നും എഴുതേണ്ടതില്ല. ഇതുപോലെ ചെറിയ ഒരു മാസികയില്‍ എന്റെ പേരു വച്ചുതന്നെ എഴുതി ജനകീയപ്രശ്നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയും’ എന്ന്.
എം.ടി. വാസുദേവന്‍ നായര്‍ ഇന്നിന് ഒരു ചെറിയ രചന അയച്ചപ്പോള്‍ ആദരവോടെയാണ് രാജന്‍ബാബു അത് ഏറ്റുവാങ്ങിയത്.
രാജന്‍ബാബു: ആദ്യമായി ഇന്നില്‍ ഒരു ചിത്രം വരുന്നത് എം.ടിയുടേതാണ്. ഒരു ചെറിയ ലേഖനം തന്നു. അതില്‍ ആദ്യമായി അദ്ദേഹത്തിന്റെ ചിത്രവും നല്കി.
രാജന്‍ബാബുവിന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമുണ്ട്. കഥയെഴുതിയതിന്റെ പേരില്‍ സര്‍വീസില്‍ നിന്നു സസ്പെന്ഷന്. പല പുസ്തകങ്ങളും നിരോധിച്ച ചരിത്രം കേരളത്തിലുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ ആദ്യമായിരുന്നു.
രാജന്‍ബാബു: ‘ഡിസിപ്ലിന്‍’ എന്ന പേരില്‍ കഥ മാസികയില്‍ ഒരു കഥ വന്നു. എം.എസ്.പിയില്‍ അക്കാലത്ത് നടന്നിരുന്ന ചില അനീതികളായിരുന്നു ആധാരം. ഇത് എഴുതിയ ആള്‍ക്ക് ഡിസിപ്ലിന്‍ ഇല്ല എന്നു പറഞ്ഞുകൊണ്ട് ഒന്നരവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. വലിയ എഴുത്തുകാരുടെ സമരത്തിന്റെ ഫലമായി എന്നെ തിരിച്ചെടുക്കുകയും ചെയ്തു. കേരളത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരങ്ങളിലൊന്നാണത്. അതുകൊണ്ടുതന്നെ എനിക്കും എം.എസ്.പി. അധികൃതര്‍ക്കും മാറ്റമുണ്ടായി. ഇതെല്ലാം അക്ഷരത്തിന്റെ ഫലമാണ്. ഇന്ന് രാജന്‍ബാബുവിന് അനുഭവങ്ങള്‍ പകര്‍ന്നേകി. സന്തോഷകരമായ അനുഭവങ്ങളാണ് ഏറെയും. വിചിത്രമായ ഒരനുഭവം രാജന്‍ബാബു വിവരിച്ചു.
രാജന്‍ബാബു: കഥകള്‍ നിരസിക്കപ്പെടുന്നയാളുകള് ചിലപ്പോള്‍ പക വീട്ടും. ഒരിക്കല്‍ ബസ്സിലിരുന്ന് രചനകള്‍ വായിക്കുന്നതിനിടയില്‍ ധാരാളം രചനകള്‍ എം.ടിയുടെ, കോവിലന്റെ, മാധവിക്കുട്ടിയുടെ, വി.കെ.എന്നിന്റെ, അങ്ങനെ. സൂക്ഷിച്ചുനോക്കിയപ്പോള്‍ എല്ലാം ഒരുപോലെയിരിക്കുന്നു. പോസ്റ്റല്‍ സീല്‍ നോക്കിയപ്പോള്‍ എല്ലാം ഒരേ പോസ്റ്റോഫീസില്‍ നിന്നു വന്നവ. അല്പായുസ്സുകളായ കുഞ്ഞുമാസികകള്‍ അഗ്നിശലഭങ്ങളെപ്പോലെ ചിറകരിഞ്ഞുവീണപ്പോള് രാജന്‍ബാബു തികഞ്ഞ അച്ചടക്കത്തോടെ കര്‍മനിരതനായി ഇന്നിനെ ദീര്ഘായുസ്സുറ്റതാക്കാന് പ്രവര്‍ത്തിച്ചു.
രാജന്‍ബാബു: മലയാളത്തിലുള്ളത്ര ചെറിയ മാസികകള്‍ മറ്റു ഭാഷകളിലൊന്നുമില്ല. മലയാളത്തിലാണ് ഇവയ്ക്ക് വേരോടാനുള്ള മണ്ണുള്ളത്. അത് മലയാളികളുടെ സഹൃദയത്വത്തിന്റെ കരുത്താണ്.
ഇന്നിന്റെ ഭാവികാലത്തെ എങ്ങനെ കാണുന്നു? രാജന്‍ബാബുവിനോട് ചോദിച്ചു.
രാജന്‍ബാബു: അടുത്ത ലക്കം ഉണ്ടാകുമോ എന്ന ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഈ ലക്കം ചെയ്യുന്നത്. ഒരത്ഭുതംപോലെ അടുത്ത ലക്കം ഉണ്ടാകുന്നു. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ചുള്ള കത്തുകളുടെ പ്രവാഹമാണ്. അങ്ങനെ അതിനടുത്ത ലക്കം. എന്റെ കാലശേഷം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയില്ല.
ഇന്നിന്റെ ആദ്യലക്കങ്ങളിലൂടെ കടന്നുപോയപ്പോള്‍ കൗതുകവും ഗൃഹാതുരത്വവും ഒരുപോലെ ഉണര്‍ന്നു. ആദ്യലക്കങ്ങളിലൊന്നില് ഞാന്‍ എഴുതിയ ഒരു കൊച്ചു കഥ കാണാനായി. അതെ, 34 വര്‍ഷം മുമ്പത്തെ കഥ.
പുതിയ കാലത്തിന്റെ ലിറ്റില്‍ മാഗസിനുകള്‍ ബ്ലോഗുകളായും മറ്റും സൈബര്‍ ആകാശത്തില്‍ പറന്നുനടക്കുമ്പോള്‍, അച്ചടിച്ച കുഞ്ഞുമാസികകളില് ആരെങ്കിലും അഭിരമിക്കുമോ എന്ന് പുതിയ തലമുറ ചോദിച്ചേക്കാം. ചോദിക്കാതെതന്നെ രാജന്‍ബാബു തന്റെ അനുഭവവും നിലപാടും പറഞ്ഞുതന്നു.
രാജന്‍ബാബു: എനിക്ക് ഫേസ്ബുക്കിന്റെയോ ട്വിറ്ററിന്റെയോ ഒന്നും ആവശ്യമില്ല. അത്രയധികം കത്തുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എഴുതിത്തുടങ്ങുന്നവര്‍ മുതല്‍ …………… വരെ.
(മാങ്ങാട് രത്നാകരന് ഏഷ്യാനെറ്റ് ന്യൂസില്‍ അവതരിപ്പിക്കുന്ന ‘യാത്ര’ എന്ന പരിപാടിയില്‍ മണമ്പൂര്‍ രാജന്ബാബുവിനെക്കുറിച്ച് സംപ്രേഷണം ചെയ്ത എപ്പിസോഡിന്റെ ലിഖിതരൂപം)