”അലക്സ്……”
വാക്കുകള്‍ മുറിഞ്ഞെങ്കിലും ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.
”ഉം….”
”എന്നെ മറന്നോ നീ…?”
നിന്നെ മറക്കാനോ എന്ന് ചോദിക്കണം എന്ന് തോന്നിയതാണ്.
വേണ്ട. ഞാന്‍ ഇന്നും അവളെ ഓര്‍ക്കുന്നു എന്നറിഞ്ഞാല്‍ ഒരു പക്ഷേ അവള്…
”മറക്കാന്‍ ശ്രമിച്ചില്ല” അതാണ് പുറത്തു വന്നത്.
”താങ്ക്സ്”
താങ്ക്സ്. ആറു വര്‍ഷം മുന്‍പത്തെ വിവാഹദിനത്തില്‍ ഞാന്‍ കൊടുത്ത സമ്മാനപ്പൊതി ഏറ്റു വാങ്ങി അവള് പറഞ്ഞ വാക്കുകള്‍ അതേ ഈണത്തില്‍ വീണ്ടും.
”എന്തേ ഒരുപാടു നാളുകള്‍ക്കു ശേഷം?”
”നമ്മുടെ നീലിമയെ കണ്ടിരുന്നു ഇന്നലെ, അവള് നമ്പര്‍ തന്നപ്പോള്‍ വിളിച്ചു വെറുതേ…”
”വെറുതെ?!” അറിയാതെ ചോദിച്ചു പോയി.
പണ്ടും അവള് അങ്ങനെ ആയിരുന്നു.
രാത്രിയും പകലും ഇല്ലാതെ വിളിക്കും, വെറുതെ…
വെറുതെ എന്ന് ചോദിച്ചാല്‍ വരും കാരണങ്ങള്‍.
അമ്മ ശാസിച്ചു, ചേച്ചി പിണങ്ങി, കുറിഞ്ഞി പൂച്ച പാല് കുടിച്ചില്ല, മുറ്റത്തെ റോസാ പൂവിന്റെ ഇതളുകള്‍ വാടി….
അങ്ങനെ വരും ഒരുപാട് കഥകള്‍.
ഒരു വെറുതെ എന്ന ചോദ്യത്തെ അപ്രസക്തമാക്കാന്.
ഇന്നെന്തു കാരണം വരും, നാളുകള്‍ക്കു ശേഷം ഉള്ള ഈ വിളിക്ക് ?
”ഇന്ന് സെപ്തംബര്‍ പത്ത് ആണ്, എന്റെ ആറാം വിവാഹ വാര്‍ഷികം”.
ഈശ്വരാ! ഇവള് എന്നെ ഓര്‍മിപ്പിക്കുന്നുവോ!
മറ്റാരെക്കാളും ഓര്മ ഉണ്ട് എനിക്കീ ദിവസം.
എന്റെ പ്രിയപെട്ടവളുടെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് നോക്കി നിന്നതിന്റെ ആറാം വാര്‍ഷികം.
”നീ ഓര്‍ക്കുന്നുവോ ആ ദിവസം…?”
വീണ്ടും അവള് എന്നെ ഓര്‍മപ്പെടുത്തുന്നു, പലതും.
താങ്ക്സ്.
അവസാനമായി വിവാഹപ്പന്തലില്‍ നിന്നും അവളില്‍ നിന്നും കേട്ട വാക്കുകളും ആയി തിരിഞ്ഞു നോക്കാതെ നടന്നകന്ന് ആദ്യം കണ്ട ബാറില്‍ നിന്നും അളവില്‍ കവിഞ്ഞ് മദ്യം നുകര്‍ന്നത്.
പിന്നെ ഉറക്കം വരാത്ത രാത്രിയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചത്.
”കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും, പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം”.
ഒരുപാട് രാത്രികളില്‍ എന്നോട് അവള് പറഞ്ഞ ഈ വാക്കുകള്‍ ഇന്ന് അവനോടും പറയുമോ എന്നോര്‍ത്ത് നേരം വെളുപ്പിച്ചത്…
ആ ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ഒരു ചങ്ങലയായി മനസിലേക്ക് ഓടി എത്തി.
”നീ എന്നെങ്കിലും വിളിക്കും എന്ന് കരുതി….” അവളുടെ വാക്കുകള്‍ ചിന്തകള്‍ക്ക് വിരാമമിട്ടു.
‘എന്തിന്…?” അറിയാതെ ചോദിച്ചു പോയി.
”വെറുതെ…”
”ഞാന്‍ ഒരിക്കലും വെറുതെ വിളിക്കാറില്ലെന്ന് നിനക്കറിയാമല്ലോ”.
”എങ്കിലും ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചു, പിന്നെ പ്രതീക്ഷകള്‍ ആഗ്രഹങ്ങള്‍ മാത്രം ആയി ചുരുങ്ങി”.
”എന്തിന്…?” ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു.
”നിനക്ക് ഓര്‍മയില്ലേ രാത്രിയില്‍ ഞാന്‍ നിന്നോട് പറയാറുള്ള വാക്കുകള്‍… കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും, പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം”.
ഓരോ രാത്രിയിലും അവള് എന്നോട് പറയാറുണ്ടായിരുന്ന വാക്കുകള്‍… ഞാന്‍ ഒരിക്കലും മറക്കാത്ത വാക്കുകള്‍…
ഇന്നും ഞാന്‍ അത് ഓര്‍ക്കുന്നു എന്ന് എങ്ങനെ പറയും.
അവള് ഇന്ന് എന്റേത് അല്ല.
മുന്‍പ് എന്റേത് ആയിരുന്നോ?
”അലക്സ്…” അവള് ശബ്ദം താഴ്ത്തി വിളിച്ചു.
അവള്‍ക്കറിയാം, ആ വിളി കേട്ടാല്‍ ഞാന്‍ നിശബ്ദനാവുമെന്ന്.
പിന്നെ അവള് പറയും, ഞാന്‍ കേള്‍ക്കും.
”ഉം….”
”അലക്സ് ഇപ്പോളും എന്നെ പ്രണയിക്കുന്നുവോ?”
ഈശ്വരാ!
നീണ്ട ആറു വര്‍ഷം ഞാന്‍ എന്നോട്തന്നെ ചോദിച്ച അതേ ചോദ്യം.
ഇതിന് ഉത്തരം കിട്ടിയിരുന്നെങ്കില്‍ നീണ്ട ആറു വര്‍ഷത്തെ ഉറക്കം ഉറങ്ങിത്തീര്ക്കാമായിരുന്നു.
പ്രണയമോ? ഇപ്പോളോ? നിന്നോടോ?
ഒരുപാട് ചോദിക്കണം എന്ന് തോന്നി .
”അറിയില്ല” അതാണ് പുറത്തു വന്നത്.
”പക്ഷേ എനിക്കറിയാം അലക്സ്, നമ്മള് ഇപ്പോളും പ്രണയിക്കുന്നു”.
”ഉം…” എത്ര ശ്രമിച്ചിട്ടും മൂളല്‍ പുറത്തു കേള്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
”നീ എന്നെ എപ്പോളൊക്കെ ഓര്‍ക്കാറുണ്ട്?” അവള് ചോദ്യങ്ങളുമായി മുന്നോട്ടുതന്നെ.
എന്ത് പറയണം?
പുലര്‍ച്ചെ ബെഡ് കോഫി ഉണ്ടാക്കാന്‍ അടി കൂടിയത്, പ്രഭാതത്തിലെ തണുത്ത വെള്ളത്തിലെ കുളി, പുറത്തിറങ്ങാന്‍ നേരം ഉള്ള ചുണ്ടിലെ മണിമുത്തം, എന്റെ സാമ്പാറിനെ കുറ്റം പറഞ്ഞുള്ള രാത്രി ഭക്ഷണം, ചാനല്‍ മാറ്റാന്‍ റിമോട്ടിന് വേണ്ടി ഉള്ള വഴക്ക്, പിന്നെ എല്ലാം കഴിഞ്ഞ് കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും, പക്ഷേ എനിക്കത് വയ്യ, എനിക്കുറങ്ങണം എന്ന അവളുടെ വാക്കുകളും.
നിന്നെ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ഇല്ല.
നീ എനിക്കായ് തന്ന നിന്റെ നിമിഷങ്ങള്‍ എല്ലാം ഞാന്‍ ഓര്‍ക്കുന്നു, ഇടവേള നല്‍കാതെ.
പക്ഷേ ഇതൊക്ക ഇന്ന് എങ്ങനെ പറയും?
അവള് ഇന്ന് എന്റേതല്ല.
മുന്‍പ് എന്റേത് ആയിരുന്നോ?
”വല്ലപ്പോളും ഓര്‍ക്കാറുണ്ട്…” അത് മതി. അത്രയും പറയുന്നതാണ് നല്ലത്.
”നീ എന്നെ ഓര്‍ത്തിരുന്നുവോ?”
വേണ്ടായിരുന്നു, എങ്കിലും അറിയാതെ ചോദിച്ചു പോയി.
”എന്തൊക്കെ? എപ്പോള്‍?” എന്റെ മനസിന്റെ കടിഞ്ഞാണ്‍ എനിക്ക് നഷ്ടപെട്ടപോലെ തോന്നി.
ശീത കാലത്തിലും തണുത്ത വെള്ളത്തിലെ കുളി, നിന്റെ ചപ്പാത്തിയുടെ വിവിധ രൂപങ്ങള്‍, ഉപ്പോ മുളകോ പുളിയോ കൂടിയ നിന്റെ സാമ്പാര്‍, വാര്‍ത്ത വായനക്കാരന് നികേഷിനോടുള്ള നിന്റെ പ്രണയം, വളിപ്പുകള്‍ എന്ന് ലോകം പറയുന്ന നിന്റെ തമാശകള്‍, അങ്ങനെ പലതും, പിന്നെ…..
എന്തിനാണാവോ പിന്നെ, ചോദിക്കണോ…
ഞാന്‍ ചിന്തിച്ചു …
”അലക്സ്…”
”ഉം…”
”ഞാന്‍ മുഴുമിക്കാത്തത് എന്തേ എന്ന് നീ ചോദിച്ചില്ലല്ലോ?”
”ഉം…. ചോദിച്ചിരിക്കുന്നു”.
”നിന്നെ ഞാന്‍ ആദ്യം ഓര്‍ത്തത് സെപ്തംബര്‍ പത്തിന്റെ രാത്രിതന്നെ ആയിരുന്നു. സതീഷിന്റെ വിയര്‍പ്പുകണങ്ങള്‍ എന്റെ മേല്‍ വീണപ്പോള്‍… അവന് നിന്നെ പോലെ കാരിരുമ്പിന്റെ കരുത്ത് ഇല്ലാന്ന് തോന്നിയപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു…”
”ഈശ്വരാ… എന്തിനിവള്‍…” അറിയാതെ മനസ്സ് പിറുപിറുത്തു പോയി.
അവളും കേട്ടുകാണും.
എങ്കിലും അവള് നിര്‍ത്തിയില്ല.
”നീണ്ട ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു അലക്സ് നീ എന്റേതല്ലാതായിട്ട്. ഇനി ഒരിക്കല്‍ കൂടി എനിക്കങ്ങനെ അലക്സിനോട് പറയണം… ഒരിക്കല്‍ മാത്രം…”
എന്ത് പറയണം എന്ന് അറിയാന്‍ വയ്യാത്ത അവസ്ഥ.
ഇതിനു മുന്‍പും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ലേ?
എന്നായിരുന്നു അത്, ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
”അലക്സ് നീ സംസാരിക്കണം അമ്മയോട്, അമ്മ സമ്മതിച്ചാല്‍ ഞാന്‍ പിന്നെ എന്നും നിന്റേതാണ്. നമുക്ക് വേണ്ടി നീ അമ്മയെ വിളിക്കണം”.
പണ്ട് അവള് ഇങ്ങനെ പറഞ്ഞപ്പോളല്ലേ ഞാന്‍ മിണ്ടാതെ നിന്നത്?
അല്ല അതും കഴിഞ്ഞ്….
”അമ്മ ഓര്‍ക്കുന്നുവോ ഞാന്‍ അലക്സ്… സജിതയുടെ ക്ലാസ്മേറ്റ്”.
”പറയു അലക്സ്, നീ മാത്രം ആയിരുന്നല്ലോ അവളുടെ ഒരേ ഒരു സുഹൃത്ത്”.
”എനിക്ക് പറയാനുള്ളത് സജിതയുടെ വിവാഹത്തെപ്പറ്റിയാണ്. ആ കാര്യത്തില്‍ അവളുടെ അഭിപ്രായം കൂടെ ചോദിക്കേണ്ടേ?”
”അലക്സ്, നീ എന്തും പറഞ്ഞോളു… പക്ഷേ അവള്‍ക്ക് ഒരു പ്രണയം ഉണ്ടെന്ന് മാത്രം നീ പറയരുത്. മുപ്പതാം വയസ്സില്‍ വിധവയായവളാണ് ഞാന്‍. എന്റെ ജീവിതം ഞാന്‍ മാറ്റിവച്ചത് എന്റെ രണ്ട് പെണ്മക്കള്ക്കു വേണ്ടി ആയിരുന്നു. അതില്‍ സജിതയുടെ ചേച്ചി എന്നെ ചതിച്ചു, അവള്‍ക്ക് ഇഷ്ടപ്പെട്ട മുസ്ലിം പയ്യന്റെ കൂടെ പോയി. പിന്നെയും തളരാതെ ഞാന്‍ ജീവിച്ചത് ഇവള്‍ക്ക് വേണ്ടി മാത്രമാണ്. അതുകൊണ്ട് അവളുടെ പ്രണയം മാത്രം എന്നോട് പറയരുത്, അത് നീ ആണെങ്കില്‍ പോലും…. പിന്നെ ഞാന്‍ ഉണ്ടാവില്ല”.
അപ്പോള്‍ ആയിരുന്നില്ലേ ഇതുപോലെ ഉത്തരം കിട്ടാതെ ഞാന്‍ നിന്ന് പരുങ്ങിയത്.
”അലക്സ് ഞാന്‍ വരുന്ന മാസം യു.എസ്സിന് തിരിച്ചു പോകും. സതീഷ് ഇന്നലെ പോയി. ഈ ഒരു മാസത്തെ ചുരുങ്ങിയ ഇടവേളയില്‍ ഒരു ദിവസം നീ വരുമോ? ഒരു ദിവസം മാത്രം”.
എന്ത് പറയണം?
വീണ്ടും ഉത്തരം ഒന്നും വരുന്നില്ല.
”അല്ലെങ്കില്‍ ചെന്നൈയിലുള്ള ചിറ്റയെ കാണാന്‍ ഞാന്‍ വരാം. ആ ടീ നഗറിലെ നമ്മുടേതായ കുഞ്ഞുബംഗ്ലാവില് ഒരു ദിവസം കൂടി…”
…….
”അലക്സ്…”
”ഉം…”
”നീ ഒന്നും പറയുന്നില്ല. നീ ഇപ്പോളും നമ്മുടെ ‘പ്രണയസൗധ’ത്തില്‍തന്നെ അല്ലെ താമസം?”
”അതെ”.
അല്ലെന്ന് പറയാമായിരുന്നു എനിക്ക്. പക്ഷേ…
”അടുത്ത ആഴ്ച ഞാന്‍ വരുന്നുണ്ട്, നിന്നോടൊപ്പം ഉള്ള ഒരു രാത്രിക്ക് വേണ്ടി…”
”ഉം…”
ഒന്നും ഓര്‍ക്കാതെ അറിയാതെ മൂളിപ്പോയി.
അവള് കോള്‍ അവസാനിപ്പിച്ചു.
ആ രാത്രിയില്‍ എങ്കിലും എനിക്കവളോട് പറയണം ഇന്ന് നീ എന്റേത് മാത്രമാണ് എന്ന്.
ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘക്കീറുകള്‍ പുനര്ജന്മം പ്രതീക്ഷിച്ച് പെയ്തിറങ്ങി.