മരിച്ചു എന്ന് ബാങ്ക് അധികാരികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ബാങ്കിലേക്ക് ചുമന്നുകൊണ്ട് പോകേണ്ട ദൗർഭാഗ്യം ഉണ്ടായത് ഒഡീഷയിലെ ജിതു മുണ്ട എന്ന മദ്ധ്യവയസ്കനാണ്. മൃതദേഹം വഹിച്ച് ബാങ്കിലേക്ക് നടക്കുന്ന ആ 52-കാരന്റെ ആരെയും ഞെട്ടിക്കുന്ന വിഡിയോ വൈറലായതോടെയാണ് അധികാരികൾ ഉണർന്നത്.
ഒരു ദരിദ്ര ഗോത്രവർഗത്തിൽ നിന്നുള്ള മുണ്ട അടുത്തിടെ മരിച്ച തന്റെ സഹോദരി കലാരയുടെ മൃതദേഹം ഒഡീഷയിലെ കിയോഞ്ജറിലെ തെരുവുകളിലൂടെ തോളിലേറ്റി കൊണ്ടുപോയി ബാങ്കിന്റെ പുറത്ത് വയ്ക്കുകയായിരുന്നു.
ടെക്നോളജി എല്ലാ മേഖലകളിലും എത്തിക്കഴിഞ്ഞു എന്ന് വീമ്പിളക്കുമ്പോഴും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഒരു മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ പലപ്പോഴും ആഴ്ചകളോ മാസങ്ങളോ എടുക്കാറുണ്ട്. മരണത്തിന് ഔദ്യോഗിക തെളിവില്ലാതെ അവരുടെ അക്കൗണ്ടിൽ അവശേഷിച്ചിരുന്ന പണം പിൻവലിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ സമ്മതിച്ചതുമില്ല. അതിനായി മുണ്ട പലതവണ ബാങ്ക് കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ അയാളെ എപ്പോഴും മടക്കിയയച്ചു.
ബാങ്ക് മാനേജർ താൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കിയില്ലെന്നാണ് മുണ്ട പറയുന്നത്. ഒരു വഴിയുമില്ലാതെ അവൾ മരിച്ചുവെന്ന് കാണിക്കാൻ ഞാൻ അസ്ഥികൂടം കൊണ്ടുവന്നു, മുണ്ട നിഷ്ക്കളങ്കതയോടെ പറയുന്നു. ഒടുവിൽ പോലീസ് ഇടപെട്ട് സഹോദരിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് തിരികെ കൊണ്ടുപോകാൻ മുണ്ടയോട് പറഞ്ഞാണ് പ്രശനം പരിഹരിച്ചത്.
ബാങ്കിന് ന്യായങ്ങൾ പലതും പറയാറുണ്ടെങ്കിലും അശരണരായ ഒരു മനുഷ്യന്റെ പ്രശ്‍നം പരിഹരിക്കാൻ ഇടപെടുന്നതിന് പകരം അയാളെ ബാങ്കിൽ നിന്നും ആട്ടിയകറ്റുന്ന ആ അധികാരി മനോഭാവമാണ് ഈ അസാധാരണ നടപടിക്ക് ഇടയാക്കിയത് എന്ന് നിസംശയം പറയാം.
ബാങ്കിന് അതിന്റേതായ നിയമങ്ങളുണ്ട്. പക്ഷെ അത് അക്ഷരാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട മനുഷ്യരോടല്ല പറയേണ്ടത്. നിയമപരമായി അത് തീർപ്പാക്കാൻ ഇവിടെ കോടതിയും പോലീസുമുണ്ട്. അവരെ സമീപിച്ച് അത് തീർപ്പാക്കാനുള്ള ആർജവം ആ ബാങ്ക് ഉദ്യോഗസ്ഥർ കാണിക്കേണ്ടിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 79 വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥന്മാരുടെ അപ്രമാദിത്വം, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നേരെയുള്ള അവരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം, അതിന് ഒരുകുറവും വന്നിട്ടില്ല.




