• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ചെറുകഥാ ചർച്ച: കഥയുടെ പുതിയ മുഖവും വിമർശകരും

കെ.പി. അപ്പൻ June 28, 2020 0

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്.

ആധുനിക ചെറുകഥയിലെ പുതിയ പഥികരുടെ ദർശനവും കലയും വ്യക്തമാക്കുന്ന കാക്കനാടന്റെ പ്രബന്ധം അഭിരുചിയുടെ ഓരോ ജോഡി പുതിയ കണ്ണുകൾ നേടിയെടുക്കുവാൻ വായനക്കാരെ സഹായിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇവിടുത്തെ വ്യക്തിയുടെ ഏകാന്തതാബോധവും അന്യതാബോധവും പ്രകാശിപ്പിക്കുന്ന ആധുനിക ചെറുകഥകൾ പാശ്ചാത്യരുടെ അനുകരണമാണെന്ന എതിരാളികളുടെ വാദത്തെ പ്രബന്ധകാരനോടൊപ്പം ഞാനും നിഷേധിക്കുന്നു. ലോകത്തിൽ ആദ്യമായി ഒരു സ്ത്രീ പ്രസവിച്ചുവെന്നു കരുതി പിന്നീടുവരുന്ന പ്രസവങ്ങളൊക്കെ അനുകരണമാണെന്നു പറയുന്നതുപോലെ അർത്ഥശൂന്യമാണ് ഈ വാദം.

കാക്കനാടൻ, ഒ.വി. വിജയൻ
ആധുനിക ചെറുകഥ സ്വയം കണ്ടെത്താനുള്ള ശ്രമമാകയാൽ എഴുത്തുകാരന്റെ ആത്മസത്തയുടെ നഗ്നത ഈ പുതിയ സൃഷ്ടികളിലുണ്ട്. ജീവൽപ്രശ്‌നപ്രതിപാദകങ്ങളായ കൃതികൾ സൃഷ്ടിക്കാൻ പോകുന്നുവെന്നു പറഞ്ഞുകൊണ്ടു വേണ്ടത്ര ഉൾക്കാഴ്ച ഇല്ലാതെ എഴുതുന്ന ബഹളത്തിനിടയിൽ സ്വയം കണ്ടെത്താൻ മറന്നുപോയ എഴുത്തുകാരുടെ വ്യസനകരമായ കഥയാണ് പോയ തലമുറ പറയുന്നത്. കഴിഞ്ഞ തലുമറയിലെ എഴുത്തുകാരെ മനുഷ്യാസ്തിത്വമെന്ന പ്രശ്‌നം ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിൽ നിന്നും വിഭിന്നമാണ് ആധുനിക ചെറുകഥാകൃത്തുക്കളുടെ സ്വഭാവം. അസ്തിത്വം എന്നും അവർക്കൊരു പ്രഹേളികയാണ്. രഹസ്യമാണ്. വേദനയാണ്. അസ്തിത്വത്തെ ന്യായീകരിക്കാൻ വേണ്ടിയാണ് താൻ എഴുതുന്നതെന്ന് മാധവിക്കുട്ടി രേഖപ്പെടുത്തുകയുണ്ടായി. ഒ.വി. വിജയനെ അസ്തിത്വത്തിന്റെ ദുരൂഹത വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. കാക്കനാടന്റെയും, എം.ടി യുടേയും, മുകുന്ദന്റേയും കൃതികളിൽ ഈ സ്വഭാവമുണ്ട്.
എം.ടി., എം. മുകുന്ദൻ
ഇങ്ങനെ മനുഷ്യാസ്തിത്വത്തിന്റെ ദൂരൂഹതയും സങ്കീർണ്ണതയും പ്രകാശിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കലാസൃഷ്ടി ദുർഗ്രഹമാകുന്നത്. ഒരു എഴുത്തുകാരൻ ഒരിക്കലും തന്റെ സൃഷ്ടിയിൽ ദുർഗ്രഹത നിറച്ചുവയ്ക്കാൻ ശ്രമിക്കില്ല. വായനക്കാരുടെ ഹൃദയത്തിലേക്ക് സ്വച്ഛന്ദം പറന്നുചെല്ലാൻ കഴിവുള്ള വാക്കുകളാണ് അയാൾ എടുത്തു പെരുമാറാൻ ആഗ്രഹിക്കുന്നത്. എങ്കിലും പലപ്പോഴും അതയാൾക്ക് കഴിയാതെ പോവുന്നു. ജീവിതത്തിന്റെ സങ്കീർണ്ണതയും ദുരൂഹതയും ദുർഗ്രഹമായ ശൈലിയിലൂടെ മാത്രം ആശയാവിഷ്‌കരണത്തിന് പ്രേരിപ്പിക്കുന്ന നിർബന്ധ നിമിഷങ്ങളിൽ അയാളെ കൊണ്ടെത്തിക്കുന്നു. ആധുനിക കവിതയുടെ സങ്കീർണ്ണതയെക്കുറിച്ചു ചിന്തിക്കുമ്പോൾ ടി.എസ്. എലിയട്ട് സൃഷ്ടിയെ സംബന്ധിക്കുന്ന ഈ കനത്ത സത്യം എടുത്തുകാണിക്കുന്നുണ്ട്. (Use of poetry and use of criticism എന്ന പുസ്തകം നോക്കുക).

ദുർഗ്രഹതയെക്കുറിച്ചുള്ള ഈ ഒച്ചപ്പാടുകൾ തന്നെ അറുപഴഞ്ചനാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രൗണിങ്ങിന്റെ കവിത നേരിട്ട് പരാജയപ്പെടുത്തിയ ദുർബ്ബല വാദഗതികളാണിവ. പുതിയ ദർശനങ്ങളും പുതിയ ആവിഷ്‌കരണകൗശലങ്ങളും എപ്പോഴും വർത്തമാനകാലത്തിന്റെ ദർശന ശേഷിയേയും ആസ്വാദന വൈഭവത്തേയും വെല്ലുവിളിച്ചിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ കരുത്തില്ലാത്തവരാണ് ഇത്തരം പുതിയ ശബ്ദങ്ങളെ എതിർക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. ആധുനിക ജീവിതത്തിന്റെ ജീർണ്ണതയും ആധുനിക മനുഷ്യൻ ഏകാന്തതയിൽ അനുഭവിക്കുന്ന ജീവിതവും ഒരു
വലിയ യാഥാർത്ഥ്യമായിരിക്കെ അതു പ്രകാശിപ്പിക്കുന്ന ആധുനിക ചെറുകഥയെ നിഷേധിക്കുന്ന സാഹിത്യചിന്തകന്മാർ ജീവിക്കാൻ തിരഞ്ഞെടുത്ത കാലം തെറ്റിപ്പോയെന്ന് ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

പുതിയ എഴുത്തുകാരുടെ സങ്കേതം അവർ വാക്കുകൾ ഉപയോഗിക്കുന്ന രീതി ഇവ കണ്ട് അമ്പരന്നു ദുർഗ്രഹത എന്നു വിളിച്ചുപറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ആധുനിക ചെറുകഥ ഏകദേശം ആധുനിക ചിത്രകലപോലെയാണ്. അതുകൊണ്ട് വാക്കുകളുടേയും ഇമേജുകളുടേയും പൂർണ്ണമായ അർത്ഥമല്ല. അതു നമ്മിൽ സൃഷ്ടിക്കുന്ന അനുഭൂതികളും പ്രതികരണവുമാണ് ശ്രദ്ധിക്കേണ്ടത്.

ഷേക്സ്പിയര്
ആധുനിക ചെറുകഥ ആസ്വാദകരിൽ നിന്നും കൂടുതൽ വിസ്തൃതമായ വായനാശീലം ആവശ്യപ്പെടുന്നുവെന്നുള്ളതാണ് ദുർഗ്രഹതയ്ക്കുള്ള മറ്റൊരു കാരണം. കാക്കനാടന്റെ ‘സിന്നാ എന്ന കവി’ എന്ന ചെറുകഥയുടെ സ്പിരിറ്റ് ഷേക്‌സ്പിയറുടെ ജൂലിയസ് സീസർ വായിച്ചിട്ടില്ലാത്ത ഒരാൾക്കു പൂർണ്ണമായും ഉൾക്കൊള്ളാൻ സാദ്ധ്യമല്ലല്ലോ.

സമൂഹത്തിനെതിരെ പ്രക്ഷോഭം കൂട്ടുന്ന ഒരു റിബലായി ആധുനിക ചെറുകഥാകൃത്തിനെ പ്രബന്ധകാരൻ ചിത്രീകരിക്കുന്നതിനോടു എനിക്കും യോജിപ്പില്ല. ആധുനിക സാഹിത്യകാരന്റെ സൃഷ്ടിയിലും ദർശനത്തിലും അന്തർഭവിച്ചിരിക്കുന്ന തത്ത്വചിന്ത ഇതല്ലെന്നാണ് എന്റെ വിശ്വാസം. മറിച്ച്, പോയ കാലത്തിലെ ഉപരിതലസ്പർശിയായ ജീവിതാവിഷ്‌കരണശൈലിയോടുള്ള പ്രക്ഷോഭണ (revolt)മാണ് ആധുനിക ചെറുകഥയുടെ ഈ പുതിയ മുഖമെന്നു ഞാൻ കരുതുന്നു. ഇവിടുത്തെ എഴുത്തുകാരന്റെ അന്യതാബോധത്തിനും ദുഃഖത്തിനും നമ്മുടെ നാടിന്റേതായ കാരണങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന പ്രബന്ധകാരൻ പദ്ധതികൾ കടലാസ്സിൽ മരിച്ചുവീണതുമുതൽ ഇങ്ങോട്ടുള്ള ഇൻഡ്യയുടെ രാഷ്ട്രീയ സാമൂഹ്യജീവിതമാണ് അപഗ്രഥിക്കുന്നത്. വാസ്തവത്തിൽ, തികഞ്ഞ ഉത്തരവാ ദിത്വബോധത്തോടുകൂടി ജീനിയസ് എന്നു വിശേഷിപ്പിക്കാവുന്ന എകാന്തജീവിയുടെ അപൂർദർശനവും ഹൃദയത്തിന്റെ ലയവുമാണ് ആധുനികചെറുകഥ.

കാഫ്‌ക
അവിടെ ചരിത്രപരമായ വിശദീകരണം ശരിയാവുകയില്ല. കാരണം ഇൻഡ്യയുടെ പദ്ധതികൾ
പൂർണ്ണമായും വിജയിക്കുകയും മറ്റൊരു തിളക്കമുള്ള സാമൂഹ്യജീവിതം ഇവിടെ ഉണ്ടാകുകയും
ചെയ്തിരുന്നുവെങ്കിൽ ആധുനിക ചെറുകഥയ്ക്ക് ഈ മുഖം ഉണ്ടാകുമായിരുന്നില്ല എന്ന്
അപ്പോൾ പ്രബന്ധകാരന് സമ്മതിക്കേണ്ടിവരും.

ഇത്തരം ഒരു രാഷ്ട്രീയ ജീവിതവും പദ്ധതികളുടെ അമ്പരപ്പിക്കുന്ന മരണനിരക്കും നേരിട്ടിട്ടില്ലാത്ത മറ്റുചില നാടുകൾ ഇവിടുത്തേക്കാളേറെ ആധുനികമനസുള്ള (modern mind)എഴുത്തുകാരെ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്തിയ സാഹിത്യസത്യം കാക്കനാടൻ മറന്നുകളഞ്ഞു. വൈരുദ്ധ്യം നിറഞ്ഞ ഈ ലോകത്തിൽ മനുഷ്യൻ ഒറ്റപ്പെട്ടവനാണെന്നും ഭയവും ഉൽകണ്ഠയും മനുഷ്യാത്മാവിനെ നിരന്തരമായി വേട്ടയാടുകയാണെന്നും മനുഷ്യാസ്തിത്വത്തെ പീഡിപ്പിക്കുകയാണെന്നും മറ്റുമുള്ള കീർക്കീഗാർഡിന്റെ ദർശനത്തിനു ചരിത്രപരമായ വിശദീകരണം നൽകാൻ പുറപ്പെടും പോലെ ദുർബ്ബലമാണ് ഈ വാദഗതി. പദ്ധതികൾ മരിച്ചുപോയെന്നതു ശരിതന്നെ, അത് ഇന്ത്യയെ സാമ്പത്തികത്തകർച്ചയിലേക്ക് എടുത്ത് എറിഞ്ഞുവെന്നുള്ളതും ശരി, പക്ഷേ അതിനെത്തുടർന്നുണ്ടായ സാമൂഹ്യജീവിത പരിണാമത്തിൽനിന്നാണ് ചെറുകഥയുടെ പുതിയ മുഖം ഉണ്ടായതെന്നു വാദം തെറ്റാണ്. ആധുനിക ചെറുകഥ മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന നിത്യമായ പ്രശ്‌നങ്ങളിൽ നിന്നാണ് ജന്മമെടുത്തതെന്ന് പറയുകയായിരിക്കും ശരി.

ആധുനിക ചെറുകഥയിൽ കാണുന്ന വിഷാദം സാധാരണജീവിതത്തിന്റെ സൃഷ്ടിയല്ല. അതു കുറേക്കൂടി ശക്തവും അഗാധവും തത്വചിന്താപരവുമാണ്. നാടുകടത്തപ്പെട്ടവൻ എന്ന ബോധ്യം (sense of exile) ആധുനിക മനസ്സുള്ള ഒരു എഴുത്തുകാരന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ട്. പക്ഷേ, ഈ ലോകത്തിൽ നാടുകടത്തപ്പെട്ടവനെപ്പോലെ കഴിയുന്ന മനുഷ്യന്റെ ഒരേ ഒരു സ്വർഗ്ഗവും ഈ ലോകം തന്നെയാണ്. ജീവിതത്തിന്റെ ഈ ദ്വന്ദ്വഭാവം ഉൾക്കാഴ്ചയുള്ള ഒരു എഴുത്തുകാരനെ നിരന്തരമായി അലോസരപ്പെടുത്തുന്നു. അയാളുടെ അനുഭൂതികളുടെ പേലവമേഖലകളെ ആർദ്രമാക്കുന്നു. ഇതിന്റെ ഫലമാണ് ആധുനിക ചെറുകഥയിലെ വിഷാദം (കാമുവിന്റെ
Exile and the Kingdomഎന്ന പുസ്തകത്തിലെ ചെറുകഥകളിൽ ഈ സ്വഭാവമുണ്ട്). പക്ഷേ,
ഇത്തരം തത്വചിന്താപരമായ അന്തർവ്യഥ അനുഭവിക്കുന്ന എഴുത്തുകാർ എത്രപേർ മലയാളത്തിലുണ്ടെന്ന അപകടം പിടിച്ച ചോദ്യത്തിന്റെ ഭീകരരൂപം കരിമ്പനപോലെ എന്റെ മുന്നിൽ വളർന്നു നിൽക്കുന്നു.

ആധുനിക ചെറുകഥയുടെ നേരെ കല്ലെറിയുന്ന വിമർശകരെ ശ്രീ. കാക്കനാടൻ മെല്ലെ ഒന്നു തടവുന്നുണ്ട്. എന്തുകൊണ്ട് അവർക്കു ചെറുകഥയുടെ ഈ പുതിയ മുഖവുമായി ഇണങ്ങിപ്പോവാൻ കഴിയുന്നില്ല എന്നുകൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആധുനിക മലയാള വിമർശനത്തിലെ ഒരു സാധാരണ ശക്തിയായ ശ്രീ. എം. കൃഷ്ണൻനായർ ആധുനിക ചെറുകഥയെ ആക്രമിക്കാറുണ്ട്. ശ്രീ. കൃഷ്ണൻനായർ അരബിന്ദഘോഷിന്റേയും, ക്രോച്ചേയുടേയും സാഹിത്യസിദ്ധാന്തങ്ങളുടെ ദിവ്യദർശി
നിയിലൂടെയാണ് കലാസൃഷ്ടികളെ പലപ്പോഴും നോക്കിക്കാണുന്നത്. അതിനേക്കാൾ ഉപരിയായി ശ്രീ. കൃഷ്ണൻനായർ അടിസ്ഥാനപരമായും ഒരു റൊമാൻറിക്കാണ്. അങ്ങനെയുള്ള ഒരു വിമർശകനു ആധുനിക ചെറുകഥയുടെ പുതിയ മുഖവുമായി പെട്ടെന്ന് ഇണങ്ങിപ്പോവാൻ സാദ്ധ്യമല്ല.

ജോസഫ് മുണ്ടശ്ശേരി, എം. കൃഷ്ണൻ നായർ
പ്രൊഫസർ മുണ്ടശ്ശേരിക്ക് ആധുനിക ചെറുകഥയെ അംഗീകരിക്കാൻ കഴിയുന്നില്ല. പഴയ സാഹിത്യശൈലികളെ നിഷേധിക്കുകയും പുതിയ എഴുത്തുകാരെ തലോടുകയും ചെയ്ത ഒരു റിബലായിട്ടു മലയാള വിമർശനത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം കലാസാഹിത്യത്തിന്റെ പുതിയ മുഖഭാവത്തിനെതിരായി യുദ്ധംവെട്ടുന്നതു കാണുമ്പോൾ മലയാള വിമർശനത്തിലെ ഒരു ഹീത് ക്ലീഫാണ് മുണ്ടശ്ശേരി എന്നെനിക്കു തോന്നുന്നു. എമിലി ബ്രോണ്ടിയുടെ പ്രശസ്തമായ വുതറിംഗ് ഹൈറ്റ്‌സ് എന്ന നോവലിലെ ഹീത് ക്ലീഫ് എന്ന പ്രധാന കഥാപാത്രം ആദ്യം ഒരു റിബലാണെങ്കിലും പിന്നീട് സ്വന്തം നില ഉറച്ചുകഴിയുമ്പോൾ കാതറീനിന്റെ മകൾ ഉൾക്കൊള്ളുന്ന പുതിയ തലമുറയെ പകയോടെ വീക്ഷിക്കുന്ന കടുത്ത സ്വഭാവം വച്ചുപുലർത്തുന്നു (വുതറിംഗ് ഹൈറ്റ്‌സിനെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങളിൽ ഒന്നുമാത്രമാണിത്.) ഈ സ്വഭാവമല്ലേ പ്രൊഫസർ മുണ്ടശ്ശേരിയും പ്രകടിപ്പിക്കുന്നതെന്നു ചിലപ്പോൾ ഞാൻ ചിന്തിച്ചു പോവാറുണ്ട്. ഈ വിമർശന രീതിയുടെ പ്രധാനകാരണം അദ്ദേഹം മുൻകാലസാഹിത്യസങ്കല്പങ്ങളുടെ പിടിയിൽ പൂർണ്ണമായും അകപ്പെട്ടുപോയിരിക്കുന്നുവെന്നുള്ളതാണ്.

സാഹിത്യത്തെ സംബന്ധിക്കുന്ന മുൻസങ്കല്പ്പങ്ങളുടെ സ്വാധീനത്തെ വിമർശകൻ നേരിടുന്ന പത്തു പ്രയാസങ്ങളിലൊന്നായിട്ടാണ് ഐ.എ. റിച്ചാർഡ്‌സ് കാണുന്നത്. ((Practical criticism എന്ന പുസ്തകം നോക്കുക) ഈ പൂർവസങ്കല്പങ്ങളുടെ പാറക്കെട്ടിൽ പ്രൊമിത്യൂസിനെപ്പോലെ അദ്ദേഹം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ചെറുകഥയുടെ പുതിയ മുഖവുമായി അദ്ദേഹത്തിന് ഇണങ്ങിപ്പോവാൻ കഴിയുന്നില്ല. ഏകാന്തതാ ബോധവും അർത്ഥശൂന്യതാ ബോധവും ഇവിടുത്തെ വ്യക്തിയിൽ ഇല്ലെന്നു പറയുന്നതു സത്യത്തെ നിഷേധിക്കലാണെന്ന കാക്കനാടന്റെ അഭിപ്രായത്തോടു എനിക്കു യോജിപ്പാണുള്ളത്. ഈ ദോഷങ്ങളുണ്ടെന്ന് അംഗീകരിച്ചാൽ മാത്രമേ ഇവ ഇല്ലാതാക്കാൻ സാധിക്കൂ എന്ന പ്രബന്ധകാരന്റെ വാക്കുകൾക്കു അവസാനിക്കാത്ത മാറ്റൊലിയാണുള്ളതെന്ന് എനിക്കു തോന്നി.

എം.പി. നാരായണപിള്ള
എം.പി. നാരായണപിള്ളയുടെ ’56 സത്രഗലി’ എന്ന ചെറുകഥതന്നെ ഇതിനു തെളിവാണ്. അതിൽ കഥാകൃത്ത് വരച്ചിടുന്ന മനുഷ്യന്റെ ചിത്രത്തിന് ആയിരം മുദ്രാവാക്യങ്ങളേക്കാൾ ശക്തിയുണ്ട്.
കാക്കനാടൻ ചൂണ്ടിക്കാട്ടുന്നതുപോലെ പരിഹാരനിർദ്ദേശവും സമരാഹ്വാനവും അവിടെ ഇല്ല.
എങ്കിലും നമ്മുടെ മനസ്സിനെ സമഗ്രമായി പിടികൂടുന്ന ആ ചിത്രത്തിൽ എഴുത്തുകാരന്റെ
വിമർശനമുണ്ട്. രോഷമുണ്ട്. ധ്വംസനമുണ്ട്. സാഹിത ്യകാരന്റെ ഈ മൗനത്തിന്റെ മുഴക്കങ്ങൾ ആസ്വാദകൻ ശ്രദ്ധിക്കുകതന്നെ വേണം.

കലയുടെ സൗഭാഗ്യത്തിനുവേണ്ടി എഴുത്തുകാരൻ അനുഷ്ഠിക്കുന്ന ഈ മൗനത്തിന്റെ അർത്ഥവത്തായ മുഴക്കങ്ങൾ മനസ്സിലാക്കി അതു വ്യാഖ്യാനിച്ചു കൊടുക്കുകയാണ് വിമർശകൻ ചെയ്യേണ്ടത്. അതു ചെയ്യാതെ എഴുത്തുകാരനെ കുറ്റം പറയുന്നവർ സമൂഹത്തോടുള്ള സ്വന്തം കടപ്പാടിൽ നിന്നും ഒളിച്ചോടിപ്പോകുന്നവരാണ്. കാഫ്കായുടെ കലാസൃഷ്ടികൾ ജീർണ്ണതയുടെ മടുപ്പിക്കുന്ന ചിത്രങ്ങളാണെന്നു പറഞ്ഞു പണ്ടുള്ളവർ ആക്ഷേപിച്ചപ്പോൾ ആ കലാസൃഷ്ടികളിൽ ഫ്യൂഡലിസത്തിന്റെ കീഴിൽ വേദനയനുഭവിച്ച മനുഷ്യന്റെ ദയനീയചിത്രമാണ് കാണുന്നതെന്ന വ്യാഖ്യാനം നല്കി വിമർശനത്തിന്റെ പുതിയ മുഖം പ്രദർശിപ്പിക്കുന്ന മാർക്‌സിസ്റ്റ് നിരൂപകന്മാർ ഉണ്ടായിരിക്കുന്നുവെന്ന സത്യം പ്രൊഫസർ മുണ്ടശ്ശേരിയെപ്പോലുള്ളവർ മറന്നുകളയരുത്. അതുകൊണ്ട് കുറേകൂടി ക്ഷമയോടും ദയയോടുംകൂടി ആധുനികചെറുകഥയെ സമീപിക്കണമെന്നു പ്രൊഫസർ മുണ്ടശ്ശേരിയോടും ശ്രീ.എം. കൃഷ്ണൻ നായരോടും ഞാൻ അപേക്ഷിക്കുന്നു.

മലയാളനാട് 1970

Related tags : KakanadanKP AppanMalayalamMundassery

Previous Post

ചർച്ച: മലയാള ചെറുകഥയുടെ പുതിയ മുഖം: പുതിയ പാതകൾ, പുതിയ പഥികർ

Next Post

ചെറുകഥാ ചർച്ച: അംഗീകരിക്കാനാവാത്ത വാദങ്ങൾ

Related Articles

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ചെറുകഥാ ചർച്ച: അംഗീകരിക്കാനാവാത്ത വാദങ്ങൾ

കവർ സ്റ്റോറി3സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

വിശ്വാസാന്ധതയുടെ രാഷ്ട്രീയ ഭാവങ്ങൾ

കവർ സ്റ്റോറി3സ്പെഷ്യല്‍ റിപ്പോര്‍ട്സ്

സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-1

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

മറാത്ത്വാഡയിലെ ഗായകകവികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കെ.പി. അപ്പൻ

ചെറുകഥാ ചർച്ച: കഥയുടെ...

കെ.പി. അപ്പൻ 

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven