• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നിശാഗന്ധി

എം. രാജീവ്‌കുമാർ November 26, 2020 0

ധൃതിയിലാണ് അവന്റെ വരവ്. അപ്പോഴേക്കും മണി 12 കഴിഞ്ഞിരുന്നു. വന്നപാടേ സ്യൂട്‌കേസ് കാലിനിടയിൽ വച്ച് സ്‌ക്രീനിലേക്ക് നോക്കി തലയ്ക്ക് കൈകൊടുത്ത് ഒറ്റയിരുപ്പായിരുന്നു. സ്‌ക്രീനിൽ ചുവപ്പ് ഒഴുകി നിറയുകയായിരുന്നു. തലേന്ന് നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ കാർമേഘങ്ങളിലിടിച്ച് സ്‌ക്രീനിൽ ചുവപ്പു വീണതായിരുന്നു. ഓഹരികൾ തലകുത്തി വീണിരിക്കുന്നു. നീലച്ചതുരങ്ങളിൽ പ്രതീക്ഷകൾ നുരകുത്തുന്നതും കാത്ത് ഇരുന്നിട്ട് കാര്യമില്ല.

ഞാൻ പുറത്തിറങ്ങി ഒരു സിഗററ്റ് കൊളുത്തി. ഒന്നല്ല, രണ്ട് സിഗററ്റാണ് അന്നൊക്കെ ഞാൻ വലിക്കാറുണ്ടായിരുന്നത്. ഒന്ന് കഴിയാറാവുമ്പോൾ അതിലെ തീപടർത്തി മറ്റൊന്ന് കൊളുത്തും. രണ്ട് വിൽസാണ് ഒറ്റയടിക്ക് ഞാൻ വലിച്ചിരുന്നത്. രണ്ടാമത്തെ സിഗററ്റ് കൊളുത്തിയതേയുള്ളൂ, സ്യൂട്‌കേസുമായി വൈകിവന്നയാളും ഇങ്ങ് പുറത്തിറങ്ങിയല്ലോ.

”ഇന്നിനി കോള് ഇതുതന്നെയായിരിക്കും” എന്ന് പറഞ്ഞുകൊണ്ട് ആഗതൻ ഒരു സിഗററ്റ് കൊളുത്തി. സർപ്പപ്പത്തി പോലെയുള്ള സിഗററ്റ് ലാമ്പ്. ഞാനാദ്യമായി കാണുകയായിരുന്നു അത്തരമൊരു ലൈറ്റർ.

”ങ്ഹാ… ഞാൻ കുറേനാളായി ചോദിക്കണമെന്ന് കരുതിയതാണ്. എഴുത്തുകാരനാണ് അല്ലേ?” അയാൾ ചോദിച്ചു.

”അതെങ്ങനെ അറിഞ്ഞു?” അയാൾ എന്റെ പേര് പറഞ്ഞു.

”എന്റെ പേര് ഭാഗ്യനാഥൻ; അങ്ങനെ പറഞ്ഞാൽ നിങ്ങളെപ്പോലുള്ളവർക്ക് അറിയാൻ പറ്റില്ല. അത് നമുക്ക് വഴിയേ പരിചയപ്പെടാം”. ഉൽക്കണ്ഠ ബാക്കിയിട്ടിട്ട് ഭാഗ്യനാഥൻ സിഗററ്റ് പാതി വലിച്ചിട്ട് അകത്തേക്ക് കടന്നുപോയി.

ഞാൻ ശ്രദ്ധിച്ചത് അയാളുടെ സ്യൂട്‌കേസാണ്. എപ്പോഴും അയാൾ അത് ഒപ്പം കൊണ്ടുനടക്കുന്നു. ഒരിക്കൽ ഞാൻ ചോദിച്ചു: ”ഇതെപ്പോഴും നിങ്ങൾ കൊണ്ടുനടക്കുന്നതെന്തിനാണ്?”
”ഇതോ; പൈതൃകപ്പെട്ടിയാണിത്. എന്റെ അച്ഛൻ എനിക്ക് തന്നതാണ്. ഇതുംകൊണ്ടാ അച്ഛൻ ലോകം മുഴുവൻ യാത്രചെയ്യാറുണ്ടായിരുന്നത്. ഭാഗ്യദേവത വിളയാടുന്ന പെട്ടിയാണിതെനിക്കിപ്പോൾ” പിന്നീടാണ് ഞാനറിഞ്ഞത് പ്രസിദ്ധനായ ഒരെഴുത്തുകാരന്റെ മകനാണിതെന്ന്. ഭാഗ്യനാഥന്റെ പെട്ടി എനിക്ക് കൗതുകമായി.
കാഴ്ചയിൽ ഒരു എൽ.ഐ.സി. ഏജന്റാണെന്നേ തോന്നൂ. പലവിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ തിരച്ചും മറിച്ചും ഗുണിച്ചും ഹരിച്ചും ചെയ്യുന്ന ആളാണ് ഭാഗ്യനാഥനെന്ന് ഞാൻ ആദ്യമേ ഊഹിച്ചു. ‘ദി ബ്രിഡ്ജ്’ എന്ന ഷെയർ കമ്പനിയിൽ വച്ചുതന്നെയാണ് ആദ്യമായി അയാളെ കാണുന്നത്. പിന്നെ ഞാനെപ്പോഴും അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അയാൾ എപ്പോഴും പത്ത് രൂപയ്ക്ക് താഴെയുള്ള ഓഹരികളാണ് ക്രയവിക്രയം ചെയ്തിരുന്നത്. എസ്.ആർ.ജി. ഇൻഫോടെക്കിന് രണ്ട് രൂപ വിലയായിരുന്ന കാലം. അനുനിമിഷം ചരമശയ്യയിൽ കിടക്കുന്നയാൾ ശ്വാസമെടുക്കുന്നതുപോലെ കൂടിയും കുറഞ്ഞും വീണ്ടും കൂടിയും അതിനേക്കാൾ താഴ്ന്നും ആദ്യത്തേതിനെക്കാൾ കൂടിയും ആ ഓഹരി ഊർദ്ധ്വൻ വലിക്കുന്ന സമയത്ത് ഭാഗ്യനാഥൻ പതിനായിരം വാങ്ങി അടുത്ത മണിക്കൂറിൽ വിറ്റ്…. വാങ്ങി വിറ്റ്… വാങ്ങി വിറ്റ്….

ചരമശയ്യയിൽ കിടക്കുന്ന ഓഹരികളോടായിരുന്നു അവനിഷ്ടം. അതിൽ ലാഭം അവൻ കണ്ടെത്തിയിരുന്നു. സാധാരണ ഞങ്ങളെല്ലാം ലാഭവിഹിതം നോക്കിയാണ് ഓഹരികൾ വാങ്ങി വിറ്റിരുന്നത്. ഇൻഫോസിസിന്റേയും റിലയൻസിന്റേയും ഓഹരികളിൽ ഞാനന്ന് കളിക്കുമ്പോൾ ഭാഗ്യനാഥൻ എസ്.ആർ.ജി.യുടേയും സിന്റെക്‌സിന്റേയുമൊക്കെയാണ് വാങ്ങിയിരുന്നത്. 1 രൂപ 30 പൈസയാകുന്ന ഓഹരി 1 രൂപ 80 പൈസയാകും. അതുകഴിഞ്ഞ് താഴ്ന്ന് 1 രൂപ 20 പൈസയാകും പിന്നെ പൊങ്ങി 1 രൂപ 80 പൈസ. പിന്നെ താഴ്ന്ന് 1 രൂപ 10 പൈസ. പിന്നെ പൊങ്ങി 1 രൂപ 30 പൈസ. ഇങ്ങനെയാണ് ഓഹരിക്കമ്പോളത്തിൽ കമ്പനികൾ കൂപ്പുകുത്തുന്നത്. ആ നേരങ്ങളിൽ വാങ്ങിവിറ്റാൽ അത് ‘ബൾക്ക്’ പർച്ചേസ് നടത്തിയാൽ കിട്ടുന്ന ലാഭത്തിലായിരുന്നു അവന്റെ ശ്രദ്ധ. ‘ഷോട്ട്’ അടിക്കാൻ വിദഗ്ദ്ധൻ എന്നാണ് ഭാഗ്യനാഥനെപ്പറ്റി ഞങ്ങൾ പറഞ്ഞിരുന്നത്. എല്ലാ ബുധനാഴ്ചയും സെറ്റിൽമെന്റ് ഡേറ്റായിരുന്നതിനാൽ ഭാഗ്യനാഥൻ ബൈക്കുമെടുത്ത് പായുന്നത് കാണാം. എങ്ങനെ, എവിടെനിന്നാണ് അവൻ പണം സംഘടിപ്പിക്കുന്നത്? ലാഭം കിട്ടുന്ന പണം എവിടെപ്പോകുന്നു? വേറെയും ഇടപാടുകളുള്ളതായി പറഞ്ഞുകേട്ടു. എന്തായാലും ഓഹരിക്കമ്പോളത്തിൽ കുറ്റിയടിച്ച് ഇരുന്നപ്പോൾ എനിക്ക് മനസ്സിലായത് നേടുന്നതിനേക്കാൾ ഇരട്ടിയായി ചോരുമെന്നാണ്. കാളക്കൂറ്റന്മാരും കരടിക്കുട്ടന്മാരും വന്നുമദിച്ച് കളിച്ചങ്ങനെ ഭാഗ്യകാംക്ഷികളുടെ ഹൃദയത്തെ കുത്തിയും മാന്തിയും ചുവപ്പിന്റെ ചതുരങ്ങളാക്കുന്നു.

ഞങ്ങളൊരിക്കൽ കടൽക്കരയിൽ വച്ച് ഹൃദയംതുറന്ന് സംസാരിക്കാനിടയായി.

”നിങ്ങൾക്ക് സാഹിത്യത്തിലൊന്നും താല്പര്യമില്ലേ?”

”സാഹിത്യത്തിലോ, എനിക്കോ? എം. കൃഷ്ണൻ നായർ സാർ ചിലരുടെ സാഹിത്യകൃതികളെപ്പറ്റി പറയാറില്ലേ, ഇതിലും ഭേദം വീടിന്റെ വടക്കേപ്പുറത്ത് നാലുമൂട് കപ്പവയ്ക്കുന്നതാണ് നല്ലതെന്ന്; അല്ലെങ്കിൽ വാഴവയ്ക്കുന്നതാണെന്ന്. അതാണ് ശരി”

”അപ്പോൾ നിങ്ങൾ എഴുതിയിരുന്നോ? കൃഷ്ണൻ നായർ സാർ വാരഫലത്തിൽ അങ്ങനെ നിങ്ങളെപ്പറ്റി എഴുതിയിരുന്നോ?”

”ഹും! അന്നു നിർത്തിയതാ ഞാൻ എഴുത്ത്. നിങ്ങൾ എഴുത്തുകാർ ആളുകളെ പറ്റിക്കുകയല്ലേ? ഇല്ലാത്തത് പെരുപ്പിച്ച് കാണിച്ച്, കള്ളങ്ങൾ വിശ്വസിപ്പിച്ച്….. ഞാനിപ്പോൾ പച്ച മനുഷ്യരെ എഴുതുകയാണ്”

”അതെങ്ങനെ?”

”ജീവിതംകൊണ്ട്. മനുഷ്യർക്കിടയിൽ എഴുതുന്നു. എന്താ നിങ്ങൾ എഴുത്തുകാർക്ക് അത് മനസ്സിലാകില്ല! എഴുത്തെന്നാൽ പേനയും കടലാസും അക്ഷരങ്ങളും വേണമെന്നല്ലേ നിങ്ങളുടെ വിചാരം. അതൊന്നും വേണ്ട. അതില്ലാതെ ഞാനെഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ നടത്തുന്ന ഓരോ ഇടപാടും എന്റെ ഓരോ സർഗ്ഗപ്രവർത്തനമാണ്”

എനിക്ക് കൗതുകം തോന്നിത്തുടങ്ങി. ഒരെഴുത്തുകാരന്റെ മകൻ ഇങ്ങനെ സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

”നിങ്ങളെന്താണ് കഥയല്ലേ എഴുതുന്നത്? നിങ്ങളാളുകളെ പറ്റിച്ചല്ലേ നടക്കുന്നത്? നിങ്ങളുടെ
കഥപോലെയല്ല നിങ്ങൾ; ഞാൻ കൃത്യമായി നിങ്ങളെ മനസ്സിലാക്കിയിട്ടുണ്ട്, എഴുതുന്നതെല്ലാം സ്വപ്‌നങ്ങളാണെന്ന്”

എന്ത് കൃത്യമായി ഭാഗ്യനാഥൻ എന്നെ മനസ്സിലാക്കിയിരിക്കുന്നു. നിങ്ങളുടെ പെട്ടി കാണുമ്പോഴൊക്കെ എനിക്ക് കൗതുകമാണ് തോന്നുക. ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ അയാൾ
പറഞ്ഞു:”ഓരോരുത്തർക്കും ഓരോന്നാണ് ഇഷ്ടവസ്തുക്കൾ. എനിക്കീസ്യൂട്‌കേസിനോടാണ് പ്രിയം”

”തകഴിയുടെ ‘ഹാൻഡ്ബാഗ്’ വായിച്ചിട്ടുണ്ടോ നിങ്ങൾ?” ഞാൻ ചോദിച്ചു.

”ഇല്ല” എന്ന് അയാൾ മറുപടി പറഞ്ഞു.

കഥ ഒരു ബാഗിനെപ്പറ്റിയാണ്. നഗരത്തിൽ നിന്ന് ഗ്രാമത്തിലെ വീട്ടിലേക്ക് വരുന്ന യുവതിയുടെ ഹാൻഡ് ബാഗ് അവൾ തുറക്കുന്നതേയില്ല. ആ ബാഗിൽ എന്താണെന്ന് കാണാനുള്ള ഉത്കണ്ഠയാണ് വീട്ടുകാർക്ക്. അയാൾ ഉത്കണ്ഠയോടെ ചോദിച്ചു;

”തുറക്കുമ്പോൾ?”

”കഥ വായിക്കാനുള്ളതാണ്…. കഥപറഞ്ഞ് തീർക്കാനുള്ളതല്ല. പരിണാമഗുപ്തിയിൽ വായനക്കാരന്റെ രസച്ചരട് പൊട്ടിക്കാൻ ഞാനാളല്ല. ഒരു കഥയെങ്കിലും വായിക്കുക, തേടിപ്പിടിച്ച്”.

പിറ്റേന്നാൾ അയാൾ പറഞ്ഞു,

”ഹോ! തകഴിയുടെ തെരഞ്ഞെടുത്ത കഥയിലൊന്നും അതില്ല. പിന്നെ അച്ഛന്റെ പുസ്തകശേഖരത്തിൽ തകഴി ഒപ്പിട്ടുകൊടുത്ത ആദ്യകാല പുസ്തകത്തിൽ നിന്ന് അത് കിട്ടി. ആ ഹാൻഡ് ബാഗ് എത്ര അലക്ഷ്യമായിട്ടാണ് മേശപ്പുറത്ത് എടുത്തിട്ടിരുന്നത്. പ്രിയതരമായ വസ്തുക്കൾ അങ്ങനെ അലക്ഷ്യമായിട്ടിടാണുള്ളതാണോ?”

പിന്നെ ഭാഗ്യനാഥൻ ഷെയർമാർക്കറ്റിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.

”ഇതൊരു ചൂതാണെന്ന് എനിക്കറിയാം. നിങ്ങൾ കിംഗ് സർക്കിളിൽ പോയിട്ടുണ്ടോ? ബോംബെയിലെ മഹാലക്ഷ്മിയിൽ. ഞാനവിടെ കുറേക്കാലമുണ്ടായിരുന്നു. കുതിരകൾ എനിക്ക് ഹരമാണ്. കുറെ പോയി, കുറേ കിട്ടി. ലാഭനഷ്ടങ്ങൾ നോക്കിയിട്ടെന്തുകാര്യം?”

ഇതെങ്ങനെ ഭാഗ്യനാഥൻ കൊണ്ടുനടക്കുന്നു? ശരീരത്തിലെ ഒരവയവംപോലെ ഈ സ്യൂട്ട്‌കേസ്. നല്ല ധനസ്ഥിതി ഉള്ളവർക്കുമാത്രം കഴിയുന്ന ഈ ചൂതാട്ടത്തിലൊക്കെ ഇയാളെങ്ങനെ ഏർപ്പെടുന്നു?
പിന്നെ ഞാനറിഞ്ഞു, അച്ഛന്റെ മേൽവിലാസത്തിൽ വൻകിട ടീമുകളിൽ നിന്ന് പണം കടമായിട്ടും പലിശക്കും വാങ്ങുക ഒരു സ്ഥിരം ഏർപ്പാടാണെന്ന്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഷെറീഫ് പറഞ്ഞു,

”ആൾ അപകടകാരിയാണ്. അവനൊരിക്കൽ വീട്ടിൽ വരും. ആദ്യം ശാന്തമായി, പിന്നെ ഭീഷണസ്വരത്തിൽ കടം ചോദിക്കും. എന്നിട്ട് സ്യൂട്ട്‌കേസിലേക്ക് അവൻ വിരലമർത്തും. അതവന്റെ ഒടുവിലത്തെ അടവാണ്. ഞാൻ പറയുന്നത് ഇപ്പോൾ നിങ്ങൾ വിശ്വസിക്കില്ല. നിങ്ങൾക്കത് മനസ്സിലായിക്കൊള്ളും”

ആ സ്യൂട്‌കേസിൽ രേഖകളായിരിക്കാം. ഷെയർ സർട്ടിഫിക്കറ്റുകളായിരിക്കാം. ബൈക്കിൽ യാത്രചെയ്യുമ്പോൾ ആ സ്യൂട്ട്‌കേസ് അവൻ കഴുത്തിൽക്കൂടി കെട്ടി പിന്നിലേക്ക് തൂക്കിയിടുന്നു. എവിടെയും അവൻ സ്യൂട്‌കേസുമായി പോകുന്നു. സ്യൂട്‌കേസുമായി മടങ്ങുന്നു. ഭാരം കൂടുന്നുമില്ല, കുറയുന്നുമില്ല.

ശരിയായിരുന്നു. അവൻ വരികതന്നെ ചെയ്തു. ആ സ്യൂട്‌കേസുമായി. ബുധനാഴ്ചരാവിലെയായിരുന്നു അത്. ആ നേരത്ത് ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. ഭാഗ്യം! ഭാഗ്യനാഥൻ ഈനേരം എങ്ങനെ കണക്കുകൂട്ടി? വന്നുകയറിയപാടേ ഒരു പുസ്തകംകൂടി അവൻ കൊണ്ടുവന്നു – വോൾ സോയിങ്കയുടെ നാടകം. എനിക്ക് കാപ്പിരികളുടെ നാട്ടിലെ സാഹിത്യം ഇഷ്ടമാണെന്ന് അവനറിയാമായിരുന്നു.

”അച്ഛന്റെ ഗ്രന്ഥശേഖരത്തിൽ നിന്നെടുത്തതാ”

പിന്നെ വിശേഷങ്ങൾ പറഞ്ഞു. രാഷ്ട്രീയം, സാമൂഹികം, മതം എല്ലാം കഴിഞ്ഞ് വീണ്ടും ഉത്സാഹത്തോടെ കാടുകയറിയപ്പോൾ ഞാൻ ചോദിച്ചു,

”ആട്ടെ, വന്നകാര്യം? വിശേഷിച്ച്….”

”പറയാൻ സമയമുണ്ടല്ലോ എന്നുകരുതിയാ ഞാനിരുന്നത്. നിങ്ങൾക്ക് തിരക്കാവും അല്ലേ? ഇനി ഞാൻ കാര്യം പറയാം. എനിക്ക് കടമായി കുറേ രൂപ വേണം. ഇന്ന് മാർക്കറ്റ് ക്ലോസ്സ് ചെയ്യുമല്ലോ. കുറേ ‘ഷോട്ട്’ അടിച്ചിട്ടുണ്ട്. അതുവാങ്ങി ‘ഹോൾഡ്’ ചെയ്യാമെന്നുവച്ചു. അടുത്തയാഴ്ചവിറ്റിട്ട് പണം എടുക്കാം. സെയ്ഫാണ്. വേണമെങ്കിൽ അതിന്റെ ഇന്ററസ്റ്റുകൂടി ചേർത്തുതരാം”

”അതൊന്നും വേണ്ട”

ഞാനൊരു കൃത്രിമ ചിരി ചിരിച്ചു. എന്റെ വസ്തു വിറ്റ വിവരം ഇയാളെങ്ങനെ അറിഞ്ഞു? ഞാൻ മനസ്സിൽ പറഞ്ഞത് കണ്ടെടുത്തിട്ടെന്നവണ്ണം ഭാഗ്യനാഥൻ പറഞ്ഞു,

”ഞാൻ കടലാസ്സിൽ അക്ഷരംകൊണ്ടല്ല എഴുതുന്നത്, മനസ്സികളെ തോണ്ടി മനുഷ്യർക്കിടയിൽ എറിഞ്ഞുനടക്കുകയല്ലേ….” എന്നിട്ടൊരു ചിരിയും. അവൻ പെട്ടിയെടുത്ത് മടിയിൽ വച്ച് അത് തുറക്കാൻ ശ്രമിക്കുകയാണ്.

അവനിപ്പോൾ പെട്ടി തുറക്കും. അതിലൊരു കഠാര! അല്ലെങ്കിലൊരു കൈത്തോക്ക്! ഒടുവിലൊരു ഭീഷണിയുണ്ടെന്നാണ് അടുപ്പമുള്ളവർ പറഞ്ഞ് ഞാൻ കേട്ടിട്ടുള്ളത്. മനോനില പിശകിയ അവൻ എന്താണ് ചെയ്യാൻപോകുന്നത്?

നിർത്തൂ! നിങ്ങളെന്തിനുള്ള പുറപ്പാടാണ്?

എന്താണ് നിങ്ങളീപേടിക്കുന്നത്? വിയർക്കുന്നത്?

എഴുത്തുകാർ ഇങ്ങനെ ചെയ്താൽ വായനക്കാരുടെ കാര്യം പിന്നെ പറയാനുണ്ടോ.

”നിങ്ങളെന്തിനാണ് പെട്ടി തുറക്കുന്നത്?”

”അതോ, നിങ്ങൾക്ക് ചെക്ക് തരണ്ടേ? എനിക്കാവശ്യമില്ല നിങ്ങളുടെ പണം ദാനമായി. ഞാനാരിൽ നിന്നും ദാനം വാങ്ങാറില്ല. ഞാനെഴുതിത്തരാം ചെക്ക്”

”വേണ്ട വേണ്ട വിശ്വാസമുണ്ട്”

”വിശ്വാസം, അതല്ലേ എല്ലാം. എങ്കിലും ഒരുനിമിഷംകൊണ്ടാ മനുഷ്യർ അവിശ്വസിക്കുന്നത്. ഇപ്പോൾത്തന്നെ നിങ്ങളെന്നെ അവിശ്വസിച്ചില്ലേ? ഇല്ല”

”ഇല്ല”

”അത് കള്ളം!”

”ഞാൻ സ്യൂട്ട്‌കേസ് തുറക്കാൻനേരം നിങ്ങൾ പേടിച്ചു. ഇവിടെ നമ്മൾ രണ്ടും മാത്രം. ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ അവിശ്വസിച്ചു”

അയാൾ പെട്ടി തുറന്ന് ചെക്ക്ബുക്ക് എടുത്തപ്പോൾ ഞാൻ കണ്ടു. കണ്ടു, സത്യമാണ്! ഒരു പാമ്പ് സ്യൂട്ട്‌കേസിനകത്ത് ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു. അത് പത്തിവിടർത്തി നോക്കുന്നതും ഞാൻ കണ്ടു. അതിനെ തലോടി മയക്കിയിട്ട് ഒരു ചെറുചിരി ചിരിച്ചുകൊണ്ട് ഭാഗ്യനാഥൻ ചെക്കെഴുതി എനിക്കുനേരെ നീട്ടി.

”അപ്പോൾ കണ്ടു അല്ലേ?”

”ഇല്ല, ഒന്നും കണ്ടില്ല”

”അത് കള്ളം! ഞാൻ നേരേ വാ, നേരേ പോ എന്ന മട്ടുകാരനാണ്”

എന്റെ മനസ്സിൽനിന്നൊരാളൽ. ഞാൻ പണംകൊടുക്കാതിരുന്നെങ്കിലോ? മറ്റുള്ളവർ പറഞ്ഞത് ശരിയാണ്. ഭീഷണിപ്പെടുത്തി പാമ്പിനെ ഇറക്കി…

”അപ്പോൾ നിങ്ങൾ കണ്ടു, ങാ നിങ്ങൾക്ക് മനസ്സിലായി”

”ഇത് അച്ഛൻ തന്നതാ! ആഫ്രിക്കൻ മലനിരകളിൽ നിന്ന് അച്ഛന്റെ കൂടെ കൂടിയതാ. അതെനിക്കിങ്ങു തന്നു. ഇപ്പോൾ എനിക്കതുകൊണ്ട് എന്തുപകാരമായെന്നോ? പൈതൃകം സൂക്ഷിക്കേണ്ടത് മകന്റെ കടമയല്ലേ? എനിക്കാ പുസ്തകങ്ങളൊന്നും വേണ്ട. ഇതുമതി”

എഴുത്തുകാരന്റെ പൈതൃകം അക്ഷരങ്ങളല്ല. ഇത്തരമെന്തെങ്കിലുമൊന്ന് വേണം ഇക്കാലത്ത് ജീവിക്കാൻ. മക്കൾക്ക് ഇങ്ങനെ പലതും തന്നിട്ടാണ് പിതാക്കന്മാർ പോകുന്നത്, കൊള്ളാം!

”അപ്പോൾ ഞാനിറങ്ങട്ടെ” സ്യൂട്ട്‌കേസ് തോളിലിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഭാഗ്യനാഥൻ പറഞ്ഞു,

”അച്ഛന്റെ ‘നിശാഗന്ധി’ വായിച്ചിട്ടില്ലേ?”

”വായിച്ചിട്ടില്ലേന്നോ എന്തൊരു ചോദ്യം. അനശ്വരമായ പ്രണയകഥയല്ലേ?” ഞാൻ തലയാട്ടി.

സ്യൂട്ട്‌കേസിൽ നോക്കി അയാൾ പറഞ്ഞു, ”ഞാനിതിന് പേരിട്ടിരിക്കുന്നത് ‘നിശാഗന്ധി’ന്നാ”

ബൈക്ക് അകലുമ്പോൾ ഞാൻ നോക്കി, പിറകിൽ അയാളുടെ കഴുത്തിൽ കൈയിട്ടിരിക്കുന്ന ആ സ്യൂട്ട്‌കേസിൽ നിന്ന് ഒരു പത്തി എന്നെ നോക്കി ചിരിക്കുന്നു.

മൊബൈൽ: 98956 86526

Related tags : Rajeevkumar MStory

Previous Post

പൈപ്പ്‌ വെള്ളത്തിൽ

Next Post

വീട്

Related Articles

കഥ

രണ്ടെന്നു കണ്ടളവിലുണ്ടായ…

കഥ

മറുപടിയില്ലാതെ

കഥ

അവസാനത്തെ അത്താഴം

കഥ

ദയാവധം

കഥ

അടയാത്ത പെട്ടികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം. രാജീവ്‌കുമാർ

നിശാഗന്ധി

എം. രാജീവ്‌കുമാർ 

ധൃതിയിലാണ് അവന്റെ വരവ്. അപ്പോഴേക്കും മണി 12 കഴിഞ്ഞിരുന്നു. വന്നപാടേ സ്യൂട്‌കേസ് കാലിനിടയിൽ വച്ച്...

മനോജ് കുറൂർ: നിലം...

കെ. രാജേഷ്‌കുമാർ 

മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. 'തൃത്താള കേശവൻ'...

ഖദറിന്റെ അറവ്

എം. രാജീവ്കുമാർ  

അമ്മവീടിനു മുൻപിൽ വച്ചത് ചർക്കയും ഖാദിയുമാണ്. കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം നമുക്ക് സ്വന്തമായത്...

Rajeevkumar M

എം. രാജീവ്കുമാർ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven