• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

എരി: കീഴാളതയുടെ ജീവിതക്കാഴ്ചകൾ

ഡോ. ടി. ശ്യാമള April 3, 2019 0

എരി, പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ, വായനയുടെ
പുത്തൻ അനുഭവതലം സൃഷ്ടിക്കുന്നതാണ്. ഒരുപക്ഷേ എല്ലാ
വായനക്കാർക്കും എളുപ്പത്തിൽ അതിനകത്തേക്ക് കടക്കാൻ
സാധിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം കുറുമ്പ്രനാടൻ ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങളാണത്.

എരിച്ചിലിന് ഒരു തലമല്ല ഉള്ളത്. അതുകൊണ്ടുതന്നെ ‘എരി’
എന്ന സമുദായ പരിഷ്‌കർത്താവിന്റെ ഇടം പ്രധാനമാണ്.
അധ:സ്ഥിത വിഭാഗങ്ങളിൽ ‘പറയൻ’ തീരെ താഴെയായിരുന്നുവെന്നതാണെന്റെ കുട്ടിക്കാല അനുഭവം. അതൊരു പ്രാദേശികത മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. പ്രദീപക്ഷ കഥ പറഞ്ഞു തുടങ്ങിയ ‘ചേർമല’യുടെ താഴ്‌വാരത്തിലെ സ്‌കൂളിലായിരുന്നെന്റെ വിദ്യാലയ ജീവിതം. മലമുകളിൽ കൂട്ടമായി ജീവിക്കുന്നവരെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് ഭയമായിരുന്നു. ഇടയ്ക്ക്, കൂട്ടത്തോടെ മലയിറങ്ങി ഓടിവരുന്ന കുട്ടികൾ മലവിസർജനം നടത്താൻ നിരന്നിരിക്കുന്നതും എഴുന്നേറ്റോടിപ്പോവുന്നതും ഇന്റർവെൽ സമയങ്ങളിൽ ചിലപ്പോഴൊക്കെ കണ്ടിരുന്നു. മലയുടെ ഓരത്തുകൂടെ താഴോട്ടൊഴുകിയ അരുവിയിലേക്കും ഇടയ്ക്കവർ ഓടുന്നതു കാണാം.

തെയ്യോൻ ‘പറേനും’ മാണിക്യ’പറി’യും ഞങ്ങളുടെ നാട്ടുവഴി
കളിലൂടെ മലിനവസ്ര്തധാരികളായി നടന്നുപോകും. അവർ
ക്കൊപ്പം പേരറിയാത്ത ഒരുപാടു പേരും കാണും. പുതിയ
പെണ്ണായി ‘മാണിക്യ പറയി’ അമ്മയ്ക്ക് പരിചയപ്പെടുത്തിയവരെല്ലാം, എന്റെയോ വിദ്യാർത്ഥികളായിരുന്ന ചേച്ചിമാരുടെയോ പ്രായക്കാരായിരുന്നു. മുറുക്കിച്ചുവന്ന ചുണ്ടുകളുമായി അവർ എന്തൊക്കെയോ ലക്ഷ്യം വച്ച് നടന്നു.
തുടികൊട്ട് കേട്ടത് കുട്ടിക്കാലത്താണ്. ചേർമലയിൽ നിന്ന് ഇരുട്ടിന്റെ കട്ടിയിലൂടെ അതൊഴുകി വരും. തുടി ശബ്ദം അന്നെനിക്ക് ഭയമായിരുന്നു. നീണ്ടു നീണ്ട് പോകുന്ന തുടിതാളം മുറുകുന്നതും അയയുന്നതും കേട്ട് പേടിച്ച് കിടക്കും. മിക്കവാറും ദിവസങ്ങളിൽ അത് കേട്ടിരുന്നു. ഫാനിന്റെ മുഴക്കമില്ലാത്ത, പായത്തണുപ്പിൽ അത് കൂടുതൽ ഭയം തന്നു. അതിനടുത്ത ദിവസങ്ങളിലെത്തിയ ‘മാണിക്യപറയി’ ഒരു കാതുകുത്ത് കല്യാണത്തിന്റെയോ, തെരണ്ടുകുളിയുടെയോ വിശേഷം പറഞ്ഞു.

പറയർ, ചത്ത പശുവിനെ തിന്നുന്നവർ എന്നുതന്നെയായിരുന്നെന്റെ കുട്ടിക്കാലത്തെ വിശ്വാസം. കാരണം, കന്നുകാലികൾ ചത്തുവീണാൽ അവരിൽ ചിലർ വന്ന് കൊണ്ടുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ രക്തം തലയിൽ പുരട്ടുന്നതിനാലാണവരുടെ മുടി ചെമ്പിച്ചിരിക്കുന്നതെന്ന് കുട്ടിക്കൂട്ടങ്ങൾ പരസ്പരം പറഞ്ഞു. അതായിരിക്കാം വീണ്ടും അവരുടെ മുടി ചെമ്പനാവുന്നതും അവർക്കൊരു ദുർഗന്ധവും എന്ന് ഞങ്ങൾ പരസ്പരം വിശ്വസിപ്പിച്ചു. അവർക്കൊരു രൂപവും വേഷവിധാനവും ഭാഷയുമുണ്ടായിരുന്നു. ആ ഭാഷാരൂപം ഇപ്പോഴുണ്ടോ എന്നറിയില്ല. പക്ഷേ, അമ്മയും അച്ഛനും ഉൾപ്പെടുന്ന മുതിർന്നവർക്ക് വ്യക്തമായി മനസ്സിലായിരുന്നു. വെളുത്ത മുഖവും മുറുക്കിച്ചുവന്ന ചുണ്ടുകളും നെഞ്ചിൽ നിറയെ മുക്കിന്റെ മാലകളും കൈത്തണ്ടയിൽ പലതരം വളകളും കിലുക്കി മുറ്റത്തിരിക്കുന്ന, ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകയെ, തെയ്യോൻ പറയൻ മറ്റേതോ ജാതിക്കാരുടെയിടയിൽ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്ന് അമ്മ പറയും. അതിനെപ്പറ്റി അവർ തമ്മിൽ സംസാരിക്കുന്നതും ‘മാണിക്യപ്പറയി’ എന്ന് ഞങ്ങൾ സംബോധന ചെയ്ത സ്ര്തീ കരച്ചിൽ കനത്ത മുഖവുമായിരുന്നതും നേരിയ ഒരോർമ. ആ ഓർമ ഒന്നുകൂടെ തിളങ്ങിയത് പ്രദീപന്റെ
നോവൽ വായനയിലൂടെയാണ്!

ശ്രീനാരായണഗുരുവിനും മുമ്പേ നടന്ന ഒരു പരിഷ്‌കർത്താവിന്റെ ജീവിതവും വഴികളും എന്നെ അതിശയിപ്പിച്ചു. ഞാൻ കേട്ട
കഥകളൊന്നും പറയർക്കിടയിലൊരു എരിയെ പുനർനിർമിച്ചില്ല.
എരി വന്നുപോയിട്ടും ചത്ത കന്നുകാലികളെ ഒരുച്ചെടുത്ത് മലകയറുന്ന യൗവനങ്ങളെ ഞാൻ കണ്ടിരുന്നുവല്ലോ!!
ചേർമലയുടെ താഴ്‌വാരത്തെ രണ്ട് എൽ.പി. സ്‌കൂളുകൾ, ഒന്ന്
കിഴിഞ്ഞാണ്യം സ്‌കൂളും ഒന്ന് വെൽഫെയർ സ്‌കൂളുമായിരുന്നു.
ഒരു സ്‌കൂളിൽ ക്ലാസുകൾ നിറയെ കുട്ടികൾ. മറ്റേത് ‘പറയന്മാരുടെ’ സ്‌കൂളായി കുട്ടികൾ പരാതിപ്പെട്ടു. അവിടെ പഠിച്ചിരുന്ന അപൂ
ർവം ചിലർ മാത്രം ഹൈസ്‌കൂളിലേക്കെത്തി. മറ്റുള്ളവരോട് കൂടാതെ, കൂടെക്കൂട്ടാതെ അവർ ഒറ്റപ്പെട്ടു. പേരാമ്പ്ര മീൻമാർക്കറ്റിനരികിലെ പീടികച്ചുമരുകളിൽ ചെങ്കല്ലുകൊണ്ടവർ ചിത്രം വരച്ചു. നേരം പുലരുന്നതിനു മുമ്പേ, ചിത്രങ്ങൾ കോറിയിട്ട് ചെമ്പൻ മുടിക്കാർ പരിഷ്‌കൃതർക്കായി വഴിയൊഴിഞ്ഞു. ‘എത്ര സുന്ദരം ചിത്രങ്ങൾ’ എന്ന് ചന്തയിലേക്കുള്ള നടത്തത്തിൽ ഞാൻ അതിശയിച്ചിട്ടുണ്ടോരോ ചിത്രങ്ങളും കണ്ട്!
അവർ വരച്ച മനുഷ്യരുടെ തലമുടി കരികൊണ്ട് അവർ കടുപ്പ
ത്തിൽ കറുപ്പിച്ചിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവന്റെ സ്വപ്‌ന
ത്തിലെ കറുത്ത മുടി, സാമൂഹികമായ വേർതിരിവിന്റെ, മാറ്റിനിർ
ത്തലിന്റെ, വേദനയുടെ ചിഹ്നമായി എനിക്ക് പിന്നീടെന്നോ
തോന്നിയിട്ടുണ്ട്. ചേർമലയിലെ പറയരുടെ താമസസ്ഥലം കാണാനായി എട്ടാംക്ലാസിൽ വച്ച്, ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓടി മലകയറിയതോർമയുണ്ട്. പക്ഷേ, അന്നവിടെ കണ്ട വീടുകളൊന്നും (കുടിലുകൾ) കൃത്യമായോർത്തെടുക്കാൻ കഴിയുന്നില്ല.
ഒതേനന്റെ കാലടിപ്പാടുകളും മുറുക്കി നീട്ടിത്തുപ്പിയ പാടും
കാണാമെന്ന വ്യാമോഹം ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. ഓടി
ക്കയറിയ കാട്ടുവഴി, നാട്ടുവഴിയായി പകുതിയോളം അപ്പോൾ ടാറി
ട്ടിരുന്നു. കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നവരാണ് ‘പറയർ’
എന്നൊരു ഭയം കൂടി വീടന്തരീക്ഷങ്ങൾ ഞങ്ങൾക്ക് തന്നിരുന്നു.
അതുകൊണ്ടാവാം അധികനേരം നിൽക്കാതെ, കാലടിപ്പാടും മുറു
ക്കിത്തുപ്പും കാണാതെ, ഞങ്ങൾ ഓടിയിറങ്ങിപ്പോന്നത്.
അധ:സ്ഥിതർക്ക് പരസ്പരം അയിത്തമുണ്ടായിരുന്നു. പറയനും
പുലയനും തമ്മിൽ, ആരാണ് മുന്തിയവൻ എന്ന തർക്കവും നിലനിന്നിരുന്നു. അതുകൊണ്ട്, മറ്റെല്ലാ ജാതിക്കാരുടെയും കല്യാണപ്പന്തലിന് പുറകിൽ എച്ചിലിലയും കാത്ത്, കുത്തിയ പാളയും കുട്ടകളുമായി നോക്കിയിരുന്നവെ്ര പുലയരുടെ കല്യാണപ്പന്തലിനരികിൽ കണ്ടില്ല. വേവിക്കാത്ത സാധനങ്ങൾ മാത്രം അത്തരം വീടുകളിൽ നിന്നവർ സ്വീകരിച്ചു. പുലയന്റെ കൂലിപ്പണിയിടങ്ങളിൽ പോലും പറയനെത്തിയി
രുന്നില്ല. ചില മുസ്ലിം വീടുകളിൽ വിറകു വെട്ടാനും കന്നുകാലി
പരിചരണത്തിനും അവർ നിൽക്കുന്നത് പിന്നീട് പിന്നീട് കണ്ടുതുടങ്ങി. ഞാട്ടിപ്പാട്ട് പാടി ഞാറ് നടുന്ന പുലയസ്ര്തീക്കൂട്ടങ്ങൾക്കിടയിലൂടെയാണ്, വരമ്പിൽ നിന്നും നടന്നും സ്‌കൂളിലേക്ക് പോയത്.

‘തചോള്യല്ലോമനക്കുഞ്ഞ്യോതേനൻ’ന്റെയും ‘മതിലേരിക്കന്നി’യുടെയും ‘പൂമാതേയ് പൊന്നമ്മ’യുടെയും കഥ സ്ര്തീശബ്ദങ്ങൾ താളത്തിൽ പാടി നടക്കുന്നത് എത്ര കണ്ടു. അക്ഷരജ്ഞാനമില്ലാത്ത അവരിൽ ചിലരെ സാക്ഷരതാക്ലാസുകളിൽ, കറുത്ത കട്ടിക്കണ്ണട
വച്ചിരുന്ന് എഴുതി പഠിക്കുന്നത് പിന്നീട് കണ്ടു. സ്വന്തം പേര് അക്ഷരത്തിലെഴുതിത്തെറ്റിച്ച് ശരിക്കും തെറ്റിനുമിടയിൽ അവരുഴറി. തെറ്റാതെ പാടിയ വടക്കൻപാട്ടിനെ, നാടോടിക്കഥകളെ, ഒരായിരം ജീവിതവഴികളെ പകർത്തി നൽകാൻ അതുകൊണ്ടുതന്നെ അവർക്കൊരു സ്ഥായിയായ പ്രതലമില്ലാതെ പോയി. വീട്ടുമുറ്റങ്ങൾ അടിച്ചുവാരിയും ഒറ്റലുകൊണ്ട് വയൽമീനുകളെ പിടിച്ചും പുലയികൾ വീണ്ടും വീണ്ടും ജീവിതം ഊറ്റിയെടുത്തു. തോടുകളിൽ ‘പൊലത്തോടൻ’ എന്നൊരു മീനും ഉണ്ടായിരുന്നു. ചളിയുടെ അടിത്തട്ടിൽ പുലയികളുടെ കൈ തൊടാതെ ആ പരന്ന മീനും അയിത്തപ്പെട്ടു കിടന്നു.

ഒരു രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞു. പാല് കൊടുത്തും
തൊട്ടിലാട്ടിയും സമാധാനിപ്പിക്കാൻ നോക്കിയ അമ്മയ്ക്കും കണ്ടുനിന്നവർക്കുപോലും സഹിക്കാൻ കഴിയാത്ത കരച്ചിൽ. കരഞ്ഞു കരഞ്ഞ് ശബ്ദം ചിലമ്പിച്ചു. കാതിലും മൂക്കിലും ടോർച്ചടിച്ച് പല നോട്ടങ്ങൾ നോക്കി. അർദ്ധരാത്രി കഴിഞ്ഞപ്പോൾ, കരച്ചിലും
ആധിയും മരണവീട്ടിലെ ക്ഷീണങ്ങളെ അസ്വസ്ഥരാക്കി. തെക്കേ
മുറ്റത്ത്, അണയാത്ത രീതിയിലേക്ക് നോക്കിയിരുന്ന വാർദ്ധക്യം
സഹധർമിണിയുടെ വേർപാടിനെ മെരുക്കുകയായിരുന്നു. ഒന്നും
തിന്നാതെ… മിണ്ടാതെ… കുഞ്ഞിന്റെ കരച്ചിൽ ആശുപത്രിയിലേക്കെഴുന്നേറ്റപ്പോൾ കൈയിലൊരു പിടി പച്ചിലയുമായി വൃദ്ധൻ വന്നു. കുഞ്ഞിന്റെ കാല്പാദത്തിൽ ഇല പിഴിഞ്ഞ് ഇത്തിരി ചാറൊഴിച്ചു. നിമിഷങ്ങൾക്കകം കരച്ചിലടങ്ങിയ കുഞ്ഞുറങ്ങി. മരണവീട്ടിലെ അനക്കങ്ങൾ തുടർന്നു. മുറ്റത്തിന്റെ തെക്കേ മൂലയിൽ വൃദ്ധൻ വീണ്ടും നിശബ്ദനായി.

ഈ പച്ചില മരുന്നു പ്രയോഗത്തിന്റെ വിദ്യ കൈമാറിയാൽ
ഫലം പോകുമെന്നവർ വിശ്വസിച്ചു. ചിലതു മാത്രം വിശ്വസ്ത?ർക്ക്
പകർന്നു. മറ്റു വിലപ്പെട്ട പലതും അവർക്കൊപ്പം മണ്ണടിഞ്ഞു.
ഒരിക്കൽ ഒരു വല്ലം പുല്ല് പറിച്ച് തലയിൽ വച്ച് വന്ന പുലയനോട് ‘പുല്ലെവിടുന്നാ?’ എന്ന് ഒരു നായർ ചോദിച്ചു. ‘മണ്ണിൽ
നിന്ന്’ എന്നുത്തരം പറഞ്ഞതിന് നായർ അയാളെ ശിക്ഷിച്ച കഥ
അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു വിശദീകരണവും കേൾക്കാൻ
കൂട്ടാക്കാത്ത മേലാളരുടെ ശിക്ഷ മുഴുവൻ ഏറ്റുവാങ്ങിയ പുലയൻ
പറഞ്ഞത് ശരിയായിരുന്നു. ‘മണ്ണിൽ’ എന്ന് പേരുള്ള വീട്ടിൽ
നിന്നാണ് പുല്ല് പറിച്ചത് എന്ന് പറയാനുള്ള സാവകാശം പാവ
ത്തിന് കൊടുത്തില്ല. ഉയർന്ന ജാതിക്കാരുടെ ഗുണ്ടയായി മാറിയ ദൃഢ യൗവനങ്ങൾ സ്വന്തം കഴിവ് താനുൾപ്പെടുന്നവർക്കായി ഉപയോഗിക്കാൻ മറന്നു. നാടു വിട്ട് കൂരാച്ചുണ്ട് മലയിലേക്ക് നടന്നവർ പൂളക്കിഴങ്ങും മീനും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കള്ളും കഴിച്ച് ഉന്മത്തരായി നടന്നു. കാട്ടാനയുടെ കായബലം വൃഥാവിലാക്കി. പിച്ചാങ്കത്തി അരയിൽ തിരുകി ഒരു നായർക്കുവേണ്ടി കുത്താനും കൊല്ലാനും നടന്നു.
പ്രദീപൻ പറഞ്ഞത് എന്റെ നാടിന്റെ കഥയാണ്. പഠിക്കാൻ
മിടുക്കനായ, പുലയന്റെ കുട്ടിയെ കൊല്ലാൻ കുടിലിന് തീ വച്ച ദിവസത്തെപ്പറ്റി അച്ഛന്റെ ഓർമ പലവട്ടം തെളിഞ്ഞിട്ടുണ്ട്, എന്റെ
മുന്നിൽ. ലക്ഷ്യം വച്ചവനല്ലായിരുന്നു പക്ഷേ വെന്തുമരിച്ചത്.
ലക്ഷ്യമാക്കിയവൻ ഡോക്ടറായി.

‘ഭ്രാന്ത് പാക്കനാർപുരത്ത് രോഗമായിരുന്നില്ല, ഒരവസ്ഥ മാത്രമായിരുന്നു’. അതെ, ഭ്രാന്ത് ഞങ്ങളുടെ നാട്ടിൽ ഒരവസ്ഥയായിരുന്നു. ആറാറുമാസം ഭ്രാന്താവസ്ഥയും നിശബ്ദാവസ്ഥയും സ്വയം അംഗീകരിച്ച, വീട്ടുകാരും നാട്ടുകാരും അംഗീകരിച്ച നൊസ്സൻ മൊയ്തീൻ മാപ്ലയും പ്രാന്തൻ കണാരനും എത്ര തിന്നാലും ‘എനിക്ക് പൈയ്ക്ക്ന്ന്, ചായച്ചണ്ടീല്ത്തിരി ചൂട്വെള്ളം പാർന്ന് തെര്വോ” എന്ന് വിലപിച്ച് വീടു തോറും നടക്കുന്ന, വയറ് നിറയാത്ത തടത്തിൽ ബാലനും പ്രാന്തത്തിക്കദീശയും അവിടെയുണ്ടായിരുന്നു. അവരെയൊന്നും ആരും ചികിത്സിച്ചില്ല. സന്തുലനാവസ്ഥയുടെ ഭാഗമായി അവരങ്ങനെ കഴിഞ്ഞു.
വിവാഹജീവിതം മറ്റു ചില പണയപ്പെടലുകൾക്ക് വഴി തെളി
യിച്ച ‘കല്യാണി’മാർ അവിടെയുണ്ടായിരുന്നു. ഭാര്യയുടെ രഹസ്യ
ബന്ധങ്ങൾക്ക് സാക്ഷിയും കാരണവുമായി, അവളുടെ സാന്നിധ്യ
ത്തിന് വില കല്പിച്ച ‘ചാപ്പൻ’മാരുണ്ടായിരുന്നു. അന്യരുടെ നിസ്സഹായതകൾ കൊണ്ട് നേരംപോക്കിന് വട്ടംകൂട്ടുന്ന പീടികക്കോലായകളും കല്യാണപ്പന്തലുകളുടെ പിന്നാമ്പുറങ്ങളുമുണ്ടായിരുന്നു.

പാമ്പിൻകാവുകൾ, ഗുളികൻതറകൾ, പന്തം കത്തുന്ന കുട്ടിച്ചാ
ത്തൻ തറകൾ, കോമരങ്ങൾ, ആൾദൈവങ്ങൾ, പിന്നെ ഞാനറി
യാതെപോയ ഒട്ടനവധി ജീവിതചിഹ്‌നങ്ങൾ! ചെണ്ട കൊട്ടുന്ന, തോറ്റംപാട്ട് പാടുന്ന, തിറയോടുന്ന, തിരുവോണത്തിന് ഓണപ്പൊട്ടനായെത്തുന്ന, ചരട് മന്ത്രിച്ചു കെട്ടി ഭയവും അസുഖവും മാറ്റുന്ന മലയർ എണ്ണത്തിൽ കുറവായിരുന്നു.
അവർക്ക് മറ്റ് അയിത്തജാതിക്കാരിൽ നിന്നും കുറച്ച് മുന്തിയ
സ്ഥാനം കിട്ടിയിരുന്നു. ഇരുനില ഓടിട്ട വീടും മുറ്റത്ത് കൊയ്തുകൊണ്ടിടുന്ന നെൽക്കറ്റകളും ചാണകം തളിക്കുന്ന വലിയ മുറ്റവും വീടിനു ചുറ്റും വലിയ പറമ്പുകളും അവരിൽ ചിലർക്കുണ്ടായിരുന്നു. അവരുടെ വീട്ടിലെ പണിക്കുപോലും പറയരെത്തിയിരുന്നില്ല. പുലയർക്കവിടെ കൂലിപ്പണി കിട്ടിയിരുന്നു. പക്ഷേ അയിത്തം പുലർക്ക് അവിടെയുമുണ്ടായിരുന്നു.
രാമായണ മാസങ്ങളിൽ കിണ്ടിയിൽ വെള്ളം നിറച്ച് തുളസി
യില കിണ്ടിവാലിൽ വച്ച് രാമായണ വായന നടന്നിരുന്നു. എന്റെ
അയൽവീട്ടിൽ അറിവും അക്ഷരജ്ഞാനവും അവരെ അധ:സ്ഥിതരിൽ നിന്ന് വ്യത്യസ്തരാക്കി. പക്ഷേ, ആ വീടിന്റെ പേര് നാട്ടുകാർ പറഞ്ഞിരുന്നത് ‘മലേന്റവിട’ എന്നായിരുന്നു. ആ വീട്ടുപേര് ജാതീയതയുടെ ചിഹ്നമായി ഞാൻ തിരിച്ചറിഞ്ഞത് കുറെ വളർന്നിട്ടാണ്. അത് പ്രദീപന്റെ ബന്ധുവീടായിരുന്നു.
മറ്റൊരു വിഭാഗം പരവരാണ്. ‘കുറുപ്പ്’ എന്നൊരു വിളിപ്പേര്
അവർക്ക് ഞങ്ങളുടെ നാട്ടിലുണ്ട്. ‘പരോക്കുറുപ്പും’ ‘പരത്തി’യും.
പരത്തിയായിരുന്നു നാട്ടിലെ വയറ്റാട്ടി. എന്റെ എടവലത്തെ ‘അമ്മാളുപ്പരത്തി’യാണ് അവിടുത്തെ ‘മിഡ്‌വൈഫ്’. അവർക്കൊരു
പുരുഷഭാവം ഉണ്ടായിരുന്നതായി അവരുടെ ശബ്ദവും ആജ്ഞാശക്തിയും ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. മക്കളില്ലാത്ത
അമ്മാളുപ്പരത്തി പേറെടുക്കുന്നതെങ്ങനെയെന്ന് അന്ന് ഞാൻ
ചിന്തിച്ചിരുന്നില്ല.
മുളയും ഓടയും കൊണ്ട് മുറവും കുട്ടയും മടഞ്ഞ് പിന്നീട് പറയർ ചന്തയിലേക്ക് പോയി. ഞായറാഴ്ച ചന്തയിൽ, പേരാമ്പ്ര-പെരുവണ്ണാമുഴി-കുറ്റ്യാടി റോഡിൽ, പേരാമ്പ്ര-വടകര
റോഡിൽ അവർ വില്പനയ്ക്കിരുന്നു. പുലയർ കൈതോലപ്പായകൾ
ചുരുട്ടിക്കൊണ്ടുവന്ന് അവർക്കൊപ്പമോ എതിർവശത്തോ നിന്നു.
അങ്ങനെ വീടുവീടാന്തരമുള്ള വില്പനയും അയിത്താചാരണവും
പതുക്കെ കുറഞ്ഞു. അദ്ധ്വാനത്തിന്റെ കൂലി പൈസയായി
ചോദിച്ചു വാങ്ങിത്തുടങ്ങി. മുറവും കൊട്ടയും പായും പരമ്പും
വാങ്ങാൻ ചന്തദിവസംവരെ ആവശ്യക്കാർക്ക് കാത്തിരിക്കേണ്ടി
വന്നു.
അടിയോടിമാരും നായന്മാരും നമ്പ്യാർമാരും അമ്പട്ടനും
തിയ്യനും ആശാരിയും മൂശാരിയുമ നടന്ന വഴികളിൽ പോലും
പ്രത്യക്ഷപ്പെടാൻ യോഗ്യതയില്ലാത്തവരുടെ ചരിത്രം തേടിപ്പോയ
ഗവേഷണകുതുകിയായ പ്രദീപൻ നടന്ന വഴി അത്യന്തം
ദുഷ്‌കരവും തുടർച്ചമുറിയുന്നതുമായിരിക്കും. കാരണം, എഴുത
ഒടടപപട ഏഴഫസ 2018 ഛടളളണറ 04 3
പ്പെടരുതെന്ന് മാറ്റി നിർത്തപ്പെട്ട ഇരുണ്ട ചരിത്രമായിരുന്നു
അധ:സ്ഥിതന്റേത്.
‘എരി’യുടെ അമ്മ പറയിയല്ലായിരുന്നു. എരിയുടെ ഭാര്യയും പറയിയായിരുന്നില്ല. പരിവർത്തനത്തിന്റെ തുടക്കം ഇത്തരം കൂടിച്ചേരലുകളിൽ നിന്നായിരുന്നുവെന്ന് ചരിത്രവും ഐതിഹ്യവും വെളി
പ്പെടുത്തുന്നു.
”തമ്മിൽക്കലർന്നാൽ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിൻ സരസമായി”
എന്ന് ആശാൻ പാടിയതും അതുകൊണ്ടാവാം. പ്രദീപൻ പറയാൻ ശ്രമിച്ചതും അതുതന്നെ. ജാതീയതയുടെ അപകർഷത പലരെയും ഈ വഴികളിലേക്ക് നയിച്ചതും നയിക്കുന്നതും അങ്ങനെയാവാം!
നാടൻ പ്രയോഗം – പറയി (പറി) മലയി (മലി) പുലയി
(പൊലി).

Related tags : BookDr. T ShyamalaPradeepan

Previous Post

നവകഥനം: സുനിൽ സി.ഇ.യുടെ ലേഖനത്തോടുള്ള പ്രതികരണം

Next Post

ഒഷ്യാനിലെ മണൽക്കൂനകൾ

Related Articles

വായന

പെൺകഥകളിലെ സഹഭാവങ്ങൾ

വായന

ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ

വായന

കഥയിലെ എതിര്‍ സൗന്ദര്യ സംഹിതകള്‍

വായന

യു.കെ. കുമാരൻ: മനുഷ്യരുടെ മാത്രം കഥാലോകം

വായന

ദളിതാവബോധത്തിന്റെ പ്രതിരോധ പാഠങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. ടി. ശ്യാമള

എരി: കീഴാളതയുടെ ജീവിതക്കാഴ്ചകൾ

ഡോ. ടി. ശ്യാമള 

എരി, പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ, വായനയുടെ പുത്തൻ അനുഭവതലം സൃഷ്ടിക്കുന്നതാണ്. ഒരുപക്ഷേ എല്ലാ വായനക്കാർക്കും...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven