‘ഇന്ത്യാക്കാർ പണക്കാരായി, പക്ഷെ അതേ സമയം പൗരബോധമില്ലാത്തവരുമായി.’ പറയുന്നത് ഗ്രന്ഥകാരനും കൺസൽട്ടന്റുമായ സുഹേൽ സേഥ്. കൈയിൽ റോളക്‌സ് വാച്ചുണ്ടാവും, എന്നാൽ കൈയിലിരിപ്പ് ശരിയല്ല! കോട്ടും സ്യൂട്ടും ഇട്ടാൽ ക്യൂ ബാധകമല്ലെന്നൊരു തോന്നൽ. 5 കോടിയുടെ ഫ്ളാറ്റുണ്ടാവും. പാർക്ക് ചെയ്യുന്നത് വല്ലവന്റെയും സ്ഥലത്ത്!
എയർപോർട്ടിൽ നോക്കൂ. ബോർഡിങ്ങ് അനൗൺസ് ചെയ്യുന്ന സമയം ചാടിയെണീറ്റ് തിരക്ക് കൂട്ടും ഈ മോഡേൺ വേഷധാരികൾ. അവരുടെ സീറ്റ് നേരത്തേ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. എന്നാലും ആദ്യം കയറണം. ഇന്റർനാഷണൽ ഫ്‌ളൈറ്റുകളിൽ ഇന്ത്യാക്കാരെക്കുറിച്ചുള്ള പ്രധാന പരാതി, ഫ്‌ളൈറ്റ് ലാൻഡ് ചെയ്‌താലുടൻ, വിമാനം നിർത്തുന്നതിന് മുൻപേ, തലയ്ക്ക് മുകളിലുള്ള കാബിനിൽ നിന്നും ലഗേജെടുക്കാൻ തിരക്ക് കൂട്ടുന്നവരെന്നാണ്.
നമ്മുടെ നഗരങ്ങളിലെ ഫുട്-പാത്തുകളിലൂടെ സംഘമായി നടന്ന് നീങ്ങുന്ന യുവത പൗരബോധമില്ലായ്‌മയ്‌ക്ക് മറ്റൊരുദാഹരണം. ഫുട്-പാത്ത് മൊത്തം ബ്ളോക്ക് ചെയ്‌താണ്, കുടിച്ച ജ്യൂസ് പാക്കറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞും, കഴിച്ച പോപ് കോൺ പായ്ക്കറ്റ് സൗകര്യപൂർവം താഴേയ്ക്കിട്ടും സൊറ പറഞ്ഞുള്ള അവരുടെ നടപ്പ്. ആരെങ്കിലും ഇത് ചോദ്യം ചെയ്‌താൽ കൂട്ടയിടി ഉറപ്പ്!
വിദേശത്ത് പോയാൽ, അവിടത്തെ മനോഹരമായ പുൽത്തകിടികളിൽ വട്ടം കൂടിയിരുന്ന് ഭക്ഷണം ഗ്രിൽ ചെയ്‌ത്, ഉറക്കെ വർത്തമാനം പറഞ്ഞ്, കൂട്ടിനൊരു പാട്ടും വച്ച്, ലൈസൻസില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന കുട്ടികൾ ഉള്ള കമ്യൂണിറ്റി ഏത് നാട്ടിൽ നിന്ന് വരുന്നവരാ? നമ്മുടെ ഇന്ത്യയിൽ നിന്നല്ലാതെ വേറെയേത് നാട്ടീന്ന്?
സെക്യൂരിറ്റിയെ കണ്ടാൽ അധിക്ഷേപിക്കുന്ന എന്തോ ഒന്ന് ഇന്ത്യാക്കാരുടെയിടയിലുണ്ട്. സെക്യൂരിറ്റിയെ മാത്രമല്ല, റിക്ഷാവാലകൾ, ഭിക്ഷക്കാർ, വൃത്തിയില്ലാത്ത പട്ടിണിക്കോലങ്ങൾ… ഒക്കെ ചിലർക്ക് അലർജിയാണ്. വലിയ വീടും, അതിനേക്കാൾ വലിയ ഗേറ്റും ഉള്ള ചിലർക്ക് അവരുടെ സെക്യൂരിറ്റി മാത്രമാണ് മുഖ്യം. അവരുടെ വണ്ടിയിലോ വസ്ത്രത്തിലോ പൊടി പറ്റരുത്. അവരുടെ വണ്ടിയിൽ നിന്നും തെറിക്കുന്ന ചെളി, വഴിയാത്രക്കാരനെ അഴുക്കിൽ അഭിഷേകം ചെയ്യുന്നത് കാണാൻ അവർക്ക് സമയമില്ല. കണ്ടാൽത്തന്നെ സ്‌പീഡ് കൂട്ടും.
റോഡിൽ ഇറങ്ങിയാൽ നമ്മൾ പുലിയാണ്. അങ്കത്തിന് കച്ച കെട്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്. സമൂഹത്തിൽ നമ്മൾ കാട്ടുന്ന അലമ്പ് സ്വഭാവം സമൂഹമാധ്യമങ്ങളിലും നമ്മൾ കാട്ടും. ഒറ്റയ്ക്ക് കാണുമ്പോൾ സൗമ്യൻ; സമൂഹത്തിലാണെങ്കിൽ ശൗര്യൻ. എന്തുകൊണ്ട് ഈ മാറ്റം എന്ന് ചോദിച്ചാൽ, ‘എല്ലാരും ഇങ്ങനല്ലേ?’ എന്ന് മറുചോദ്യം. രാജ്യം വലുതാവുമ്പോൾ പൗരന്മാർ ചെറുതാകുന്നുവോ?
140 കോടി ജനങ്ങളുടെയിടയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവുമോ ഈ ചെറുതാകൽ?
WhatsApp: +1 (437) 453-7562



