• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

ഡോ. പ്രദീപൻ പാമ്പിരികുന്ന് April 23, 2018 0

മതം ഫാഷിസമായിത്തീരുന്നത് അതിന്റെ ഉള്ളടക്കത്തിൽ നിന്നല്ല അതിന്റെ പ്രയോഗരൂപത്തിൽ നിന്നാണ്. ഭഗവദ്ഗീതയിലോ ഖുറാനിലോ ബൈബിളിലോ എന്തു പറയുന്നു എന്നതിൽ നിന്നല്ല ഫാസിസം രൂപപ്പെടുന്നത്. അതിന്റെ പ്രായോഗിക
ഘടനകളിൽ നിന്നാണ്. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാണ് എന്ന് എല്ലാ മതഗ്രന്ഥങ്ങളും സാക്ഷിനിർത്തി മതവ്യാഖ്യാതാക്കൾ നിരന്തരം ഉദ്‌ബോധിപ്പിക്കാറുണ്ട്. എന്നിട്ടും അവ പരസ്പരം കലാപ സജ്ജമായിത്തീരുന്നതെന്തുകൊണ്ടാണ് എന്നതിനുത്തരം ആണ് ഫാസിസത്തിന്
നിദാനം എന്നാണ്. അതിനാൽ ഗ്രന്ഥങ്ങൾ എന്തു പറയുന്നു എന്നതിലല്ല, അത് ഏതു സന്ദർഭത്തിൽ ഉപയോഗിക്കപ്പെടുന്നു അഥവാ എങ്ങനെ പുനരുല്പാദിപ്പിക്കപ്പെടുന്നു എന്നതിലാണ് നാം ഫാസിസത്തെ അന്വേഷിക്കേണ്ടത്.

മതങ്ങൾ അനുഷ്ഠാന ചിഹ്നങ്ങളുടെ വ്യൂഹങ്ങളിലൂടെയാണ് നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അനുഷ്ഠാനങ്ങൾ അർത്ഥശൂന്യമായ ആവർത്തനങ്ങളാണ് എന്ന് ഫ്രിറ്റ്സ്റ്റാൾ എഴുതുന്നുണ്ട്. വേദമന്ത്രങ്ങൾ ഇത്രകാലവും പ്രാധാന്യത്തോടെ അതിജീവിച്ചതിനു കാരണം അവ അർത്ഥം കൊണ്ടല്ല, അനുഷ്ഠാനം കൊണ്ടാണ് നിലനിൽക്കുന്നത് എന്നതാണ്. അനുഷ്ഠിക്കപ്പെടുന്നതുകൊണ്ടു മാത്രമാണ് ഒരു കർമം ആദരിക്കപ്പെടുന്നതെന്ന് അംബേദ്കർ എഴുതിയിട്ടുണ്ട്. ഏതെങ്കിലും ഒരു മതാനുഷ്ഠാനം നിർവഹിക്കുന്ന ഒരാൾ അതിന്റെ യുക്തിയെക്കുറിച്ച് ബോധവാനാവണമെന്നില്ല. സുന്നത്ത് വേണമോ വേണ്ടയോ എന്ന നാട്ടിൻപുറത്തെ ചർച്ചയിൽ ഒരു മുസ്ലിം സുഹൃത്തുതന്നെ വാദിച്ചത് ”സുന്നത്ത് നിർബന്ധമാണെങ്കിൽ എല്ലാം പെർഫെക്ടായി ചെയ്യുന്ന പടച്ചോൻ അതും ചെയ്തിട്ടേ മുസ്ലിങ്ങളെ ഭൂമിയിലേക്കയയ്ക്കുമായിരുന്നുള്ളൂ” എന്നാണ്.

ഓണം ആഘോഷിക്കുന്ന മലയാളി അത് വാമനജയന്തിയാണോ മഹാബലിയുടെ സന്ദർശനമാണോ എന്നൊന്നും ആലോചിക്കുന്നില്ല. ചരിത്രത്തിലൂടെ ഒരു സമൂഹം സഞ്ചരിച്ചെത്തിയ ഘട്ടത്തെ മതപരമായി ചിഹ്നപ്പെടുത്തുമ്പോഴാണ് അത് രൂപം നേടുന്നത്. ‘വസ്തു’ ചരക്കുവത്കരിക്കപ്പെടുന്നതുപോലെ ഒരു പ്രവൃത്തി ‘പ്രതീക’മായിത്തീരുമ്പോഴാണ് അത് ‘മൂല്യ’രൂപമായി മാറുന്നത്. ഒരു പൂണൂൽ കാണുമ്പോൾ ഇതര സമുദായങ്ങൾക്ക് ഉണ്ടാവുന്ന അപകർഷത ആ പൂണൂലിന്റെ പ്രതീകാത്മക മൂലധനം കൊണ്ട് ഉണ്ടാകുന്നതാണ്. പൂണൂൽ ധരിക്കുന്നത് എന്തുമായി ബന്ധപ്പെട്ടതാണെന്നോ അതിന്റെ ചരിത്രമെന്താണെന്നോ ഒന്നും ഈ മൂല്യോല്പാദനത്തിന്റെ ഘടകമല്ല. സാമൂഹ്യവികാസത്തിന്റെ ഒരു നിശ്ചിതഘട്ടത്തിൽ നിർമിക്കപ്പെട്ട ഒരു അനുഷ്ഠാനം ആവർത്തിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.
പൂണൂൽ പൊട്ടിച്ചെറിയുന്നതിലൂടെ ഒരു രൂപപരമായ വ്യവഹാരത്തിൽ നിന്ന് ഒരാൾ സ്വയം വിമോചിതനായിത്തീരുന്നുവെന്ന് കരതുന്നതുകൊണ്ടാണ്. മതങ്ങൾക്ക് ഗ്രന്ഥങ്ങളായി നിലനിൽക്കാൻ കഴിയില്ല. അനുഷ്ഠാനങ്ങളായേ കഴിയൂ. നിങ്ങൾ ഭഗവദ്ഗീതയിലെ ഒരാശയം നിങ്ങളുടെ അഭിപ്രായത്തിന് പ്രമാണമായുദ്ധരിക്കുമ്പോൾ മറ്റേതൊരാധുനിക പ്രമാണവും പോലെ തിരസ്‌കരിക്കപ്പെടാനോ ചോദ്യം ചെയ്യപ്പെടാനോ ഉള്ള സാദ്ധ്യത ഇല്ല എന്ന ബോധം ദൃഢമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുമാത്രമാണ് ഒരാധുനിക സംവാദസന്ദർഭത്തിലും നാം അവ ഉദ്ധരിക്കുന്നത്.
നാം മതഗ്രന്ഥങ്ങൾ തൊട്ടുതലയിൽ വയ്ക്കുമ്പോൾ നാം ആശയത്തെയല്ല തൊടുന്നത് അതിന്റെ അനുഷ്ഠാനാത്മകമൂല്യത്തെയാണ്.

ബൈബിൾ കത്തിക്കുമ്പോൾ പൊയ്കയിൽ കുമാരഗുരുവും (യോഹന്നാൻ) മനുസ്മൃതി കത്തിക്കുമ്പോൾ അംബേദ്കറും ചെയ്തത് ഈ പ്രതീകാത്മക മൂലധനത്തെ നിരാകരിക്കുകയാണ്. വിശ്വാസങ്ങൾ ചിഹ്നങ്ങളിലൂടെയാണ് പുനരുല്പാദിപ്പിക്കപ്പെടുക. വിശ്വാസങ്ങളുടെ ഗോത്രസ്വരൂപമാണ് ചിഹ്നങ്ങളിലൂടെ പ്രതിഫലിക്കപ്പെടുന്നത്. മതഗ്രന്ഥങ്ങൾ അവയിലെ ആശയങ്ങളേക്കാൾ ശക്തവും ഘടനാപരവുമായിത്തീരുന്നു. ആശയങ്ങൾ സ്വയമേവ വിശുദ്ധങ്ങളല്ല. എന്നാൽ ഈ ഘടനയിലൂടെ ആശയങ്ങൾ വിശുദ്ധപദവിയിലെത്തുന്നു. ഈ ഘടന മനോഘടനയായി അതിന്റെ വിശ്വാസങ്ങളിൽ രൂഢമൂലമായിത്തീരുന്നു. പശു വിശുദ്ധമൃഗമാവുന്നത് ഈ മൂലധനം അവയ്ക്ക് ലഭിക്കുമ്പോഴാണ്.

ഇന്ത്യയിലെ പാലുല്പാദനത്തിന്റെ 75% എരുമകളിൽനിന്നാണ്. എരുമകൾ ഏതാണ്ട് 5000 വർഷങ്ങൾക്കു മുമ്പുതന്നെ ഇന്ത്യയിൽ വളർത്തുമൃഗമായിരുന്നു. 97.9 മില്യൻ എരുമകൾ 2003ലെ കണക്കു പ്രകാരം ഇന്ത്യയിലുണ്ടത്രെ. ഇങ്ങനെയുള്ള എരുമകൾക്ക് ഒരു പദവിയും ബ്രാഹ്മണാദി വർണ സമൂഹം നൽകുന്നില്ല. അപ്പോൾ ഈ വിശുദ്ധപദവിക്ക് സാമൂഹ്യയാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ലെന്നു കാണാം.

1882ൽ ദയാനന്ദ സരസ്വതി ആദ്യ ഗോസംരക്ഷിണി സഭയ്ക്ക് രൂപം നൽകുന്നതോടെയാണ് ഇന്ത്യയിൽ പശു രാഷ്ട്രീയം ശക്തിപ്പെട്ടതെന്ന് ഡി.എൻ. ഛാ (D N Jha) വിശദമാക്കുന്നുണ്ട്. പശു ഒരു വിശുദ്ധ മൃഗമായി മാറുന്നതോടെ ഒരു വിശുദ്ധ ഹിന്ദു സങ്കല്പം നിർമിക്കപ്പെടുന്നുവെന്നതാണ് പ്രധാന വസ്തുത. യഥാർത്ഥ ഹിന്ദുയിസം എന്നത് ബ്രാഹ്മണ ഹിന്ദുത്വമാണെന്ന സന്ദേശമാണത് നൽകുന്നത്. കാരണം കോടിക്കണക്കിന് ഇന്ത്യൻ ഹിന്ദുക്കൾ മാംസാഹാരം ഭക്ഷിക്കുന്നുണ്ട്. ഹിന്ദുക്കളിൽത്തന്നെ മാംസം ഭക്ഷിക്കുന്നവർ മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണരേക്കാൾ
താഴ്ന്നവരാണെന്ന ബോധം സൃഷ്ടിക്കപ്പെടാൻ ഇത് കാരണമായിത്തീരുന്നു.

സസ്യാഹാരത്വം ഒരു വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നു. അതിനാൽ പണ്ട് ബ്രാഹ്മണർ പശുമാംസം കഴിച്ചിരുന്നോ ഇല്ലയോ, അത് വേദത്തിലുണ്ടോ എന്നതിനേക്കാൾ കാതലായ പ്രശ്‌നം അതെങ്ങനെ ഇന്ന് ഉപയോഗിക്കപ്പെടുന്നുവെന്നതിനാണ്. ഒരു താഴ്ന്ന ഹിന്ദുവിനെ സൃഷ്ടിക്കാനുള്ള ശ്രമമാണതിന്റെ പിന്നിൽ. നാനാതരം മനുഷ്യരെ അപരവത്കരിക്കാനുള്ള സവർണഭാവനകളാണ് പശുവിന്റെ വിശുദ്ധതനിർമിതിയിൽ കാണുന്നത്. പശുവുമായി ബന്ധപ്പെട്ട തുകൽജോലികളിലേർപ്പെട്ട ചെറുപ്പക്കാരെ ഉനയിൽ തല്ലിച്ചതിനു പിന്നിൽ ‘വിശാലഹിന്ദു’ എന്ന കാഴ്ചപ്പാടല്ല ‘സവർണ ഹിന്ദുത്വം’ എന്ന
ഭ്രാന്താണ് പ്രത്യക്ഷമായത്. ഹിന്ദുവെന്നാൽ സവർണ ഹിന്ദുവെന്നാണർത്ഥമെന്ന് ഇത് സൂചിപ്പിക്കുന്നു. പശുവാണോ ഹിന്ദുവാണോ പ്രധാനം എന്ന ചോദ്യത്തിന്റെ ഉത്തരം പശുവാണ് മുഖ്യം എന്നാവുന്നതാണ് നാം ഉനയിൽ കണ്ടത്. കാരണം ഹിന്ദുവിൽ
ഉൾപ്പെടുന്നവരെന്ന് കരുതപ്പെടുന്നവരാണ് ഉനയിൽ അടിയേറ്റ ദലിതർ. ‘ഹിന്ദു’ സവർണ ഹിന്ദുവാണ് എന്ന സ്മൃതിസങ്കല്പംതന്നെയാണ് ഗോസംരക്ഷണസേനകളും ഹനുമാൻസേനകളും ആർഎസ്എസുമെല്ലാം നൽകുന്ന സന്ദേശം എന്ന് ഇവയെല്ലാം
സൂചിപ്പിക്കുന്നു.

ഈ സവർണഹിന്ദുത്വത്തിന്റെ നിർമിതിയാണ് ഇന്ന് ഇന്ത്യയിൽ അപക്വകരവും അതീവ സൂക്ഷ്മവുമായി നടക്കുന്നത്. ബുദ്ധ-ജൈന മതങ്ങളെപോലും സവർണ സന്യാസിരൂപമാക്കി വ്യാഖ്യാനിച്ചെടുക്കുവാനുള്ള ശ്രമം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഇന്ത്യയിൽ ആരംഭിച്ചിരുന്നുവെന്നോർക്കുക. നാരായണഗുരുവിന്റെ മതനിഷേധത്തെപോലും നിരാകരിച്ച് അദ്ദേഹത്തെ വെറും ഹിന്ദുക്കൾക്കുവേണ്ടിയുള്ള ക്ഷേത്രസ്ഥാപകനായി വ്യാഖ്യാനിക്കാനുള്ള ശ്രമം ശക്തമാണ് എന്നതും ഇതിനോട് ചേർത്തുവായിക്കണം.

ജീവിതയാഥാർത്ഥ്യങ്ങളോടല്ല ഭാവനയോടാണ് ഫാസിസം ബന്ധപ്പെട്ടുനിൽക്കുന്നത്. ഭൂതകാലരതിയാണതിന്റെ ഊർജം. വസ്തുനിഷ്ഠതയെ കയ്യൊഴിയുകയും ഭാവനാത്മകതയിൽ അത് അഭിരമിക്കുകയും ചെയ്യുന്നു. നോക്കുക, എല്ലാ ജ്ഞാനവും
ബ്രാഹ്മണ ഹിന്ദു സാഹിത്യത്തിലുണ്ട് എന്ന വാദം അത് പലപ്പോഴും ഉന്നയിക്കുന്നത് കാണാം. പുഷ്പകവിമാനം രാമായണകാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന വാദം ഇത്തരത്തിലുള്ളതാണ്. വിമാനനിർമാണത്തിന് ഒരു വസ്തുനിഷ്ഠ സാങ്കേതിക ജ്ഞാനപദ്ധതിയുണ്ട്. അതിനെ പരിഗണിക്കാതെയാണ് ഈ ഭാവനയിൽ ഇവർ ഊറ്റം കൊള്ളുന്നത്. പാരമ്പര്യാനുഷ്ഠാനങ്ങളിൽ ശാസ്ര്തജ്ഞാനത്തിന്റെ ആരോപം ഇതിന്റെ മറ്റൊരു രീതിയാണ്. ജ്യോതിഷത്തിന്റെ മേഖലയിൽ ഇത് വ്യാപകമാണ്.
ഇങ്ങനെ അയുക്തികവും ഭാവനാത്മകവുമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഹിന്ദുവാണ് ഹിന്ദുത്വവാദികളുടേത്. അതിൽ ഒഡീഷയിലെ കാലഹന്ദിയിൽ സ്വന്തം ഭാര്യയുടെ മൃതശരീരം ചുമന്ന് വീട്ടിലേക്ക് പത്തുകിലോമീറ്ററോളം നടന്നുപോവേണ്ടിവന്ന ദരിദ്രനായ ദാനമാജിയെന്ന ആദിവാസി ഉൾപ്പെടുകയില്ല.

ഹിന്ദുത്വം നവ ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയരൂപമാണ്. അത് ബ്രാഹ്മണ്യത്തിന്റെ ആശ്രിതരൂപമായി ആദിവാസികളെയും ദലിതരെയും രൂപപ്പെടുത്തുന്നു. തുല്യപദവിയോ മനുഷ്യത്വമോ അത് നൽകുകയില്ല. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ യൂണിവേഴ്‌സിറ്റികളിലൊന്നായ ഹൈദരാബാദ് സർവകലാശാലയിലെ
ധിഷണാശാലിയായ വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുലയോടു പോലും സർവകലാശാലാ ഭരണസമൂഹം ജാതീയമായ അവജ്ഞയാണ് കാണിച്ചതെന്നത് സൂചിപ്പിക്കുന്നതതാണ്. സാമൂഹ്യനിർവാഹകത്വത്തിലേക്കോ കർതൃത്വത്തിലേക്കോ കയറിച്ചെല്ലുന്ന അധ:സ്ഥിതരെ മേൽജാതികൾ അംഗീകരിക്കുകയില്ല.
ജാതിശ്രേണീകൃതമായ വിനയമാണ് താഴ്ന്ന ജാതിയിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നത്.

വിധേയത്വത്തിന്റെ രൂപമായി പ്രതിനിധാനം ചെയ്യപ്പെട്ട ദലിതർ ആ നുകങ്ങൾ വലിച്ചെറിയുന്നതിന്റെ ഭയമാണ് ഇന്ന് ബ്രാഹ്മണ്യ ഹിന്ദുത്വത്തെ നയിക്കുന്നത്. അതിനാൽ അത് കൂടുതൽ ഹിംസാത്മകമായിത്തീർന്നിട്ടുണ്ട്. മുസ്ലിങ്ങളെ മുഴുവൻ തീവ്രവാദികളും ദേശവിരുദ്ധരുമാക്കി അധ:സ്ഥിതരെ നവബ്രാഹ്മണ്യത്തിന്റെ കാൽച്ചുവട്ടിലാക്കി ഒരു പുതിയ ദേശീയത സൃഷ്ടിക്കുകയെന്ന സംഘപരിവാർ സംഘടനകളുടെ മോഹങ്ങളെയാണ് അത് പ്രതിസന്ധിയിലാക്കുന്നത്. രോഹിത് വെമുലയുടെ മരണം സൃഷ്ടിച്ച പ്രതിഷേധങ്ങൾ ഇന്ത്യയിലെ ജാതിസംഘടനയുടെ
നൃശംസതയ്‌ക്കെതിരെയുള്ള ചലനമായി ഉയർന്നുവരികയുണ്ടായി. ഇന്ത്യൻ ജാതിയാഥാർത്ഥ്യത്തിലേക്ക് വിദ്യാസമ്പന്നർ ശ്രദ്ധിക്കാനുള്ള കാരണമായിത്തീർന്നു അത്. പട്ടേൽമാരുടെ സംവരണവിരുദ്ധ സമരങ്ങൾ എത്ര അപരിഷ്‌കൃതമാണെന്ന് അത് ഇന്ത്യൻ ഉല്പതിഷ്ണുസമൂഹത്തെ ബോദ്ധ്യപ്പെടുത്തി. ജാതിയിൽ നിന്ന് രക്ഷപ്പെടുകയല്ല ജാതിവ്യവസ്ഥയ്‌ക്കെതിരെ നിലപാടെടുക്കുകയാണ് സർവകലാശാലാ സമൂഹങ്ങൾ ചെയ്യേണ്ടതെന്ന തിരിച്ചറിവ് സൃഷ്ടിക്കപ്പെട്ടു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ കനയ്യകുമാറിന്റെ നേതൃത്വത്തിലുള്ള ‘ആസാദി’ മുന്നേറ്റങ്ങൾ ഈ കൺതുറക്കലിന്റെ അടയാളമായിരുന്നു. അംബേദ്കർ
രാഷ്ട്രീയത്തെ അഭിമുഖീകരിക്കാതെ ഇന്ത്യൻ ഇടതുപക്ഷത്തിന് നിലനിൽക്കാൻ കഴിയില്ലെന്ന ബോദ്ധ്യം ഇടതുപക്ഷത്തെ ചിന്തിക്കുന്ന യുവാക്കൾക്കെങ്കിലും ഉണ്ടായെന്നത് പ്രത്യാശ നൽകുന്നതുതന്നെയാണ്. ഇടതുപക്ഷം ഇന്ത്യയിൽ പ്രാവർത്തികമാക്കിക്കൊണ്ടിരുന്ന യാഥാർത്ഥ്യബോധമില്ലാത്ത മാർക്‌സിസത്തിന്റെ യാന്ത്രിക പുനരുല്പാദന പ്രക്രിയകൾ സർവകലാശാലാസമൂഹം കൈവെടിഞ്ഞുതുടങ്ങിയിട്ടുണ്ട്. മാർക്‌സിസത്തിനു പുറത്തുള്ള വഴികളിലൂടെയാണ് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളായി ഇന്ത്യൻ അടിസ്ഥാന വർഗം ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. കാൻഷിറാമും മായാവതിയും കെജ്‌രിവാളും മഹാസഖ്യവും സവർണഹിന്ദുത്വത്തെ പ്രതിരോധിച്ചത് പൂർണമായും ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞതുകൊണ്ടാണ്. മണ്ഡൽ കമ്മീഷനു ശേഷമുള്ള ഇന്ത്യയിൽ സവർണ ജാതി മേൽക്കോയ്മയ്‌ക്കെതിരെ ചരിത്രപരമായ നിലപാടെടുക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലയെന്നത് ജാതിയെ അഭിമുഖീകരിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്നതിന്റെ തെളിവുതന്നെയാണ്. ബിജെപിയെയും സംഘപരിവാറിനെയും എതിർക്കുമ്പോൾതന്നെ സവർണ ജാതി മൂലധന സാമൂഹ്യാധികാരത്തെ അത് തുറന്നെതിർക്കുന്നതിൽ വിമുഖത പുലർത്തുന്നു.

ജിഗ്നേഷ് മേവാനി ഈ പുതിയ രാഷ്ട്രീയ തിരിച്ചറിവിന്റെ ഉദാഹരണമാണ്. ഗുജറാത്തിലെ വരേണ്യ ഹിന്ദുത്വത്തിന്റെയും കോർപറേറ്റ്‌വത്കരണത്തിന്റെ മറുപുറം അതിദയനീയമാണെന്ന യാഥാർത്ഥ്യമാണ് ഈ സംഭവം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. ഭൂരാഹിത്യത്തിന്റെയും ജാതിഹിംസയുടെയും കടുത്ത യാഥാർത്ഥ്യത്തെ നേരിടാൻ ദലിതരുടെ സാമൂഹ്യമായ മുന്നേറ്റംതന്നെയാണ് അടി
യന്തിരമായി സൃഷ്ടിക്കപ്പെടേണ്ടതെന്ന ബോദ്ധ്യമാണ് അഡ്വക്കേറ്റ് മേവാനിയുടെ നേതൃത്വത്തിനുള്ളത്. അത് ഭൂമിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു. നിങ്ങളുടെ (വിശുദ്ധ) പശുവിനെ നിങ്ങളെടുത്തുകൊള്ളൂ, ഞങ്ങളുടെ ഭൂമി തിരിച്ചുതരൂ എന്ന മുദ്രാവാക്യം അവർ ഉയർത്തുന്നതിനു പിന്നിൽ ഇന്ത്യൻ വസ്തുനിഷ്ഠ യാഥാർത്ഥ്യ ബോധമുണ്ട്. വിഭവാധികാരത്തിലേക്ക് ഇതും ദലിതരുടെ സമരമാർഗത്തിന്റെ ദിശാസൂചകമായി വികസിതമാവുന്നുണ്ട്.

ജാതിവ്യവസ്ഥ നിലനിർത്തുന്ന ശ്രേണീകൃത അസമത്വത്തിനെതിരെ നിലപാടുകളെടുക്കാൻ ഇന്ന് എല്ലാ ഇന്ത്യൻ പാർട്ടികളും നിർബന്ധിതമായിത്തീരുന്നുണ്ട്. ഭാരതീയ പാരമ്പര്യ ധാർമികതയിൽ അന്തർഭവിച്ചിട്ടുള്ള അധികാര/വിധേയ ബന്ധങ്ങളെ അത് തുറന്നുകാണിക്കുന്നുണ്ട്. നീതിയും തുല്യതയും മനുഷ്യാവകാശമാണ്. അതാണ് ഭരണഘടനാപരമായ ജനാധിപത്യം വിഭാവനം ചെയ്യുന്നത്. അത് അടിമയോട് ഉടമ പുലർത്തുന്ന സൗമനസ്യമല്ല. അടിമ ഉടമയോട് കാണിക്കുന്ന വിശ്വസ്തതയുമല്ല. അതാണ് ജാതി/വർണ/ബ്രാഹ്മണ ഹിന്ദുത്വം ദലിതരിൽ നിന്ന് ആവശ്യപ്പെടുന്നത്. അത് അംബേദ്കർക്കു ശേഷമുള്ള ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്ന സവർണ സമൂഹം ജനാധിപത്യത്തിലേക്ക് ഇനിയും സഞ്ചരിക്കേണ്ടതുണ്ട്.

Related tags : FascismPradeepan

Previous Post

മനോജ് കുറൂർ: നിലം പൂത്തു മലർന്ന നാൾ/ കെ. രാജേഷ്‌കുമാർ

Next Post

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

Related Articles

കവർ സ്റ്റോറി

ജലസുരക്ഷയുടെ രാഷ്ട്രീയം

കവർ സ്റ്റോറി

സ്ര്തീസുരക്ഷാനിയമത്തിൽ പതിയിരിക്കുന്ന അപകടം

Cinemaകവർ സ്റ്റോറി

ഇത് ആരുടെ രാഷ്ട്രമാണ്?

കവർ സ്റ്റോറി

ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: 17 ഭാഷകളിൽ നിന്ന് 50 എഴുത്തുകാർ

കവർ സ്റ്റോറിപ്രവാസം

ജനീവ: സമയത്തിന്റെ നഗരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. പ്രദീപൻ പാമ്പിരികുന്ന്

ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

ഡോ. പ്രദീപൻ പാമ്പിരികുന്ന് 

മതം ഫാഷിസമായിത്തീരുന്നത് അതിന്റെ ഉള്ളടക്കത്തിൽ നിന്നല്ല അതിന്റെ പ്രയോഗരൂപത്തിൽ നിന്നാണ്. ഭഗവദ്ഗീതയിലോ ഖുറാനിലോ ബൈബിളിലോ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven