• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കെ.ജി. ജോർജിന്റെ സിനിമകളിലെ വ്യക്തി, സമൂഹം, ജീവിതം

രാജേഷ് കെ എരുമേലി September 11, 2023 0

കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8 1/2 ഇന്റർകട്ട്, ലൈഫ്ആ ന്റ് ഫിലിംസ് ഓഫ്കെ .ജി. ജോർജ് എന്ന ഡോക്യുമെന്ററിയെ മുൻനിർത്തി അദ്ദേഹത്തിന്റെ സിനിമകളെ വിശകലനം ചെയ്യുന്നു.

രാജേഷ് എരുമേലി

കലയുടെ/സാഹിത്യത്തിന്റെ പ്രാധാന്യത്തെ മനസിലാക്കേണ്ടത് കലാകാരന്റെ/എഴുത്തുകാരന്റെ പ്രസ്താവനകളിൽ നിന്നല്ല. മറിച്ച് കലയുടെ എഴുത്തിന്റെ മാനദണ്ഡം ഉപയോഗിച്ചാണ്. ഫ്രാങ്ക് ഫർട്ട് ചിന്തകനായ തിയോഡർ അഡോണയുടെ ഈ നിരീക്ഷണം കെ.ജി. ജോർജിന്റെ സിനിമകളെ സംബന്ധിച്ച് പ്രധാനമാണ്. അതുവരെ ഇറങ്ങിയ മലയാളസിനിമയിൽ ബദൽ അന്വേഷണത്തിന്റെ സാധ്യതകളെ തുറന്നിടുകയായിരുന്നു ജോർജ്. അതുതന്നെയാണ് ജോർജിന്റെ സിനിമകളുടെ മാനദണ്ഡം. അതുകൊണ്ടുതന്നെ കെ. ജി. ജോർജിന്റെ ജീവിതത്തെ തന്റെ സിനിമയിൽനിന്നും വേർതിരിച്ചു നിർത്തി വിശകലനം
ചെയ്യാൻ കഴിയില്ല എന്നതും യാഥാർത്ഥ്യമാണ്.

പൊതുസമൂഹം നിർമിച്ചുവച്ച ഒരിക്കലും തകരാത്ത മൂല്യങ്ങളെ തിരസ്‌കരിക്കുകയോ
ഒരു പരിധിവരെ പുതിയ ഒന്നിനെ സ്ഥാപിക്കുകയോ ചെയ്യാനാണ് ജോർജ് തന്റെ സിനിമകളിൽ ശ്രമിച്ചത്.പുറത്തു കാണുന്ന മനുഷ്യർക്കപ്പുറം ഒരാന്തരിക മനുഷ്യൻ ഉണ്ടെന്നും അവരെ കണ്ടെത്തുകയും അവരുടെ സംഘർഷങ്ങളെ തിരിച്ചറിയുകയുമാണ് ‘സ്വപ് നാടനം’ മുതൽ ‘ഇലവങ്കോട്‌ദേശം’ വരെയുള്ള സിനിമകൾ. സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങൾക്കൊപ്പം മാനസികമായും ശാരീരകമായും മനുഷ്യൻ അനുഭവിക്കുന്ന തീക്ഷ്ണയാഥാർത്ഥ്യങ്ങളാണ് ജോർജ് ആവിഷ്‌കരിക്കുന്നത്.

തന്റെ കാഴ്ചപ്പാടുകൾ തന്നെയാണ് രാഷ്ട്രീയമായി സിനിമയിലൂടെ മാറുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്. ജോർജ് എഴുതുന്നു: ”ഞാൻ ഒരു മുപ്പതുവർഷങ്ങൾക്ക് മുമ്പേ സിനിമാ പ്രവർത്തനംതുടങ്ങിയ ആളാണ്. എന്റെ ആദ്യ സിനിമയായ സ്വപ്‌നാടനം മുതൽ ഏതാണ്ട് എല്ലാ സിനിമകളും എടുത്തു നോക്കിയാൽ ഒരു പത്തു ശതമാനമെങ്കിലും സാമ്പത്തിക വിജയം നേടിയിട്ടുണ്ട്. ഞാൻ ആർട്ട് എന്നോ കൊമേഴ്‌സ്യലെന്നോ വേർതിരിവിലല്ല സിനിമയെടുത്തിട്ടുള്ളത്. ഒരു നല്ല കഥ കിട്ടിയാൽ അതെങ്ങനെജനങ്ങൾ മനസിലാക്കുന്ന തരത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുമെന്നാണ് നോക്കിയിട്ടുള്ളത്. നമ്മുടെ ചെറിയ സിനിമകൾ അത്തരത്തിൽ സുതാര്യവും ലളിതവും ആകേണ്ടിയിരിക്കുന്നു. അങ്ങനെ സിനിമയുണ്ടാക്കണമെങ്കിൽ ഒരുപാട് ആലോചനകളും പദ്ധതികളിലും ക്രാഫ്ടും ഒക്കെ വേണം. അത്തരം ചിന്താശ
ക്തിക്കുള്ള ഒരു സംഘം ചലച്ചിത്രകാരന്മാരുടെ പുതിയ തലമുറ ഇവിടെ വളർന്നുകൊണ്ടേയിരിക്കുന്നു” (ചലച്ചിത്ര നിർമിതിയുടെ പ്രശ്‌നങ്ങൾ, കെ. ജി
ജോർജ്).

ജീവിതം എത്രമാത്രം സങ്കീർണമാണ് എന്നു തുറന്നുകാട്ടുന്ന സ്വപ്‌നാടനത്തിൽ തുടങ്ങി കെ. ജി. ജോർജിന്റെ ചലച്ചിത്രങ്ങളിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ് 8 1/2 ഇന്റർകട്ട്, ലൈഫ് ആന്റ് ഫിലിംസ് ഓഫ് കെ.ജി. ജോർജ് എന്ന ഡോക്യുമെന്ററി. സിനിമയുടെ ദൃശ്യങ്ങളിലൂടെ വളരുന്ന ക്യാമറയിൽ
ചലച്ചിത്രരംഗത്തെ പ്രമുഖർ (അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ, എം.ടി. തുടങ്ങി നിരവധി പേർ) ജോർജിന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നിലപാടുകൾ പങ്കുവയ്ക്കുന്നു. ജീവിതത്തോടും സിനിമയോടും സത്യസന്ധമായി
നീതി പുലർത്തുന്ന മറ്റൊരു ചലച്ചിത്രകാരനെ മലയാള സിനിമാചരിത്രത്തിൽ കണ്ടെത്താനാവില്ല. ഇറ്റാലിയൻ സംവിധായകനായ ഫെല്ലിനിയെ ഏറെ ഇഷ്ടപ്പെടുന്ന ജോർജ് അദ്ദേഹത്തിന്റെ 8 1/2 കട്ട് എന്ന സിനിമ കാണുന്നതിൽനിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.

കെ. ജി. ജോർജും ലിജിൻ ജോസും

ഫെല്ലിനിയുടെ ചിത്രങ്ങൾ എങ്ങനെയാണ് സാമൂഹിക യാഥാർത്ഥ്യങ്ങളോട് ചേർന്നു നിന്നത്, അതുപോലെ ജീവിതത്തെ പച്ചയായി ആവിഷ്‌കരിക്കാനാണ് ജോർജും ശ്രമിക്കുന്നത്. ചെറിയൊരു പ്രമേയമാണ്സ്വപ്‌നാടനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദാമ്പത്യ ബന്ധത്തിനുള്ളിലെ വിള്ളലുകളാണ് ഈ സിനിമ ആവിഷ്‌കരിക്കുന്നത്. കാമുകിയോടുള്ള പ്രണയം നിലനിൽക്കുമ്പോഴും അമ്മാവനോടുള്ള കടമ നിറവേറ്റാനായി മുറപ്പെണ്ണിനെ വിവാഹം കഴിക്കുന്നയാളുടെ
മാനസിക സമ്മർദങ്ങളാണ് സ്വപ്നാടനം. സാധാരണ പ്രേക്ഷകരെയും ബുദ്ധിജീവികളെയും ഒരേപോലെ സ്വാധീനിക്കുന്ന രീതിയിലാണ് ഈ സിനിമയുടെ
ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മന:ശാസ്ത്രത്തെ ഇത്ര ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്ന മലയാള സിനിമ മറ്റൊന്നില്ല.

ഈ സിനിമയുടെ പിറവിയെക്കുറിച്ച് കെ.ജി. ജോർജ് പറയുന്നുണ്ട്: ”സ്വപ്‌നവും മനുഷ്യന്റെ മാനസിക വ്യതിയാനങ്ങളും അതിന്റെ ഉൾപ്പരിപ്പുകളും ഭൂതകാലത്തിന്റെ വേട്ടയാടലുകളുമാണ് സ്വപ്‌നാടനം”. മെലിഞ്ഞ ശരീരമുള്ള കവിളുകൾ ഒട്ടിയൊരു നായകനെ കൊണ്ടുവരുന്നതിലൂടെ നിലവിലെ നായക
സൗന്ദര്യശാസ്ത്രത്തെ നിരാകരിക്കുകയായിരുന്നു ജോർജ്.

കാല്പനികമായ കാമ്പസ് പ്രണയത്തെ തീക്ഷ്ണയാഥാർത്ഥ്യങ്ങളോട് ചേർത്തുവയ്ക്കുകയാണ് ‘ഉൾക്കടലി’ൽ. അടിമുടി ദു:ഖത്തിന്റേതായ തീവ്ര
അനുരാഗത്തിന്റെ കാഴ്ചയെയാണ് സിനിമ നിറയ്ക്കുന്നത്. മതാതീത പ്രണയത്തിനെ സ്‌നിഗ്ധ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഉൾക്കടലിൽ ആവിഷ്‌കരിക്കുന്നത്. ഈ സിനിമയിലെ ‘ശരദിന്ദുമലർദീപനാളം നീട്ടി’ എന്ന ഗാനം മലയാളി ഏറ്റെടുക്കുകയായിരുന്നു. ബാലുമഹേന്ദ്രയാണ് ഈ സിനിമയുടെ ഛായാഗ്രഹണം
നിർവഹിച്ചത്. ബാലു മഹേന്ദ്രയും ശോഭയുമായുള്ള പ്രണയം തളിർക്കുന്നത് ഉൾക്കടലിന്റെ കാലത്താണെന്നും കെ.ജി. ജോർജ് പറയുന്നുണ്ട്. എന്നാൽ ഉൾക്കടൽ എക്കാലത്തെയും മികച്ച പ്രണയ സിനിമയായി കാണാൻ കഴിയില്ല. ആ കാലത്തിന്റെ പ്രണയസ്വപ്‌നങ്ങളുടെ തകർച്ചയെ അഭിസംബോധന ചെയ്യാൻ ഉൾക്കടലിനു കഴിഞ്ഞു എന്നതാണ് അതിന്റെ പ്രാധാന്യം.

തമ്പിനുള്ളിലെ മനുഷ്യരുടെ വേദനകളാണ് ‘മേള’യിലുള്ളത്. കെ.ജി. ജോർജിന്റെ വ്യത്യസ്തമായ പരീക്ഷണമായിരുന്നു ഈ സിനിമ. അതിനുശേഷം സർക്കസുകാരുടെ ജീവിതത്തെക്കുറിച്ച് നിരവധി സിനിമകൾ വന്നെങ്കിലും അവരുടെ ജീവിതം ഇത്ര കൃത്യമായി ആവിഷ്‌കരിച്ചത് മേളയിലാണ്.

ഒരു മറയുമില്ലാതെ ജോർജിനെക്കുറിച്ച് ഭാര്യ സൽമ വാചാലയാകുന്നു. ”മദ്യ
വും പെണ്ണുമില്ലാതെ കെ.ജി. ജോർജിന് സിനിമയില്ല. ഇപ്പോൾ ആരോഗ്യം ഇല്ലാ
ത്തതിനാൽ ഇതു രണ്ടും ഉപേക്ഷിച്ചു. അതുകൊണ്ട്സിനിമയുമില്ല” – സൽമ പറയുന്നു. ഒരുപക്ഷേ കലാകാരനിലെ യഥാർത്ഥ മനുഷ്യനെ തിരിച്ചറിഞ്ഞതുകൊണ്ടാവാം സൽമയ്ക്ക് ഇങ്ങനെ പറയാൻ സാധിക്കുന്നത്. ഇത്തരത്തിൽ ജോർജിന്റെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമായും ഡോക്യുമെന്ററി മാറുന്നുണ്ട്. പുറം തിരിഞ്ഞു വിദൂരതയിലേക്ക് നോക്കുന്ന ജോർജിലേക്ക് ക്യാമറ തിരിയുന്നതോടെയാണ് ഡോക്യുമെന്ററി
അവസാനിക്കുന്നത്. ഒരുപക്ഷേ ഒരു കലാകാരന്റെ ജീവിതത്തെ ഇത്രമാത്രം
സത്യസന്ധമായി ആവിഷ്‌കരിക്കാൻ കഴിഞ്ഞ മറ്റൊരുഡോക്യുമെന്ററി മലയാളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.

എഴുപതിന്റെ രാഷ്ട്രീയച്ചൂടിൽ നിന്നും സവിശേഷമായി സമൂഹം മറ്റൊരു
ഘട്ടത്തിലേക്ക് പരിവർത്തനപ്പെടുന്ന എൺപതുകളിലാണ് കെ.ജി. ജോർജ് തന്റെ
സിനിമകളുമായി രംഗത്ത് വരുന്നത്. നാലുപതിറ്റാണ്ടുകൾ മലയാളസിനിമയിൽ പരിവർത്തനത്തിന്റെ ഘട്ടമായി അങ്ങനെ മാറുകയായിരുന്നു. മടുപ്പിക്കുന്ന കാഴ്ചകളിൽ നിന്നും ആവർത്തനവിരസതയിൽ നിന്നും മലയാളസിനിമയിൽ
പുതിയൊരു ദൃശ്യഭാഷ എഴുതിച്ചേർക്കുകയായിരുന്നു ജോർജ്. അത് സിനിമയിൽ പുതിയൊരു വ്യാകരണംതന്നെ സൃഷ്ടിച്ചു. അതുവരെ ഗ്രാമ-നഗര കാഴ്ചകളിൽ, ചിലയിടങ്ങളിൽ മാത്രം സഞ്ചരിച്ച ക്യാമറ അറിയാത്ത ദേശങ്ങളിലേക്ക് പ്രവേശിച്ചു. അവിടത്തെ പച്ചയായ ജീവിതങ്ങൾ അങ്ങനെ സിനിമയിൽ ആവിഷ്‌കരിക്കപ്പെട്ടു.

തന്റെ സിനിമായാത്രയിൽ ഗുരുവായ രാമുകാര്യാട്ടിന്റെ സ്വാധീനത്തെക്കുറിച്ച് കെ.ജി. ജോർജ് പറയുന്നുണ്ട്: ”സിനിമയിൽ എന്റെ ഗുരുവായ കാര്യാട്ടെന്ന വലിയ
സിനിമാക്കാരനെ അടുത്തറിയാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ സ്ഥാനം നേടാൻ കഴിഞ്ഞതുമാണ് അക്കാലത്തെ എനിക്കുണ്ടായ
ഏറ്റവും വലിയ നേട്ടം. കാര്യാട്ടിന്റെ ഓഫീസിൽ വന്നുപോകാത്ത സിനിമക്കാർ
ഇല്ല. മലയാള സിനിമയുടെ മദിരാശിയിലെ ആസ്ഥാനം പോലെയായിരുന്നു അവിടം
കണക്കാക്കപ്പെട്ടിരുന്നത്”. കാര്യാട്ടുമായുള്ള സൗഹൃദം ജോർജിന്റെ വളർച്ചയുടെ പ്രധാന ഘട്ടമായിരുന്നു.

തന്റെ ഗ്രാമത്തിനൊരു നിഷ്‌കളങ്കത്വമുണ്ട്. അതിന്റെ കാഴ്ചകൾ യാഥാർത്ഥ്യമായി മാറ്റണമെന്നും കോലങ്ങൾ അങ്ങനെ ഉണ്ടായതാണെന്നും ജോർജ് പറയുന്നു. പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിൽ നിന്നാണ് കോലങ്ങൾ ഉണ്ടാകുന്നത്. ഗ്രാമ-നഗര ദ്വന്ദ്വങ്ങളെ അവതരിപ്പിക്കുകയല്ല, മറിച്ച് ഗ്രാമത്തിനുള്ളിലെ മനുഷ്യജീവിതത്തിന്റെ നൈതികതയാണ് ഈ സിനിമ. ഗ്രാമത്തിനെ രണ്ടായി
പകുത്തുകൊണ്ട് ഒരു പുഴ ഒഴുകുന്നുണ്ട്. എന്നാൽ ഇരുകരകളിലെയും മനുഷ്യരെ ഒന്നിപ്പിക്കുന്നത് കടത്തുകാരൻ പൈലിയാണ്. കടത്ത് എന്ന യാഥാർത്ഥ്യം അപ്രത്യക്ഷമാകുന്ന സമകാലിക സന്ദർഭത്തിലാണ് നമ്മൾ വീണ്ടും ഈ സിനിമ കാണുന്നത്. ക്രൈസ്തവ കുടുംബജീവിതത്തെ മലയാള സിനിമ കെ. ജി. ജോർജിലൂടെ സ്വീകരിക്കുകയായിരുന്നു. രണ്ടു കുടുംബത്തിലെ സ്ത്രീകൾ തമ്മിൽ കാരണമേതെന്നറിയാതെ പോരടിക്കുകയാണ്. മതിലുകളില്ലാത്ത കാലങ്ങളെയാണ് ഇത് ഓർമപ്പെടുത്തുന്നത്.

മലയാളത്തിൽ കുറ്റാന്വേഷണ കഥകളിൽ എക്കാലവും ഓർമിപ്പിക്കപ്പെടുന്നതാണ് യവനിക. എന്നാൽ അതിനൊക്കെയപ്പുറം നാടക കലാകാരന്മാരുടെ ജീവിതത്തിലേക്കുള്ള പ്രയാണം കൂടിയാണത്. ഭരത് ഗോപി എന്ന നടന്റെ അഭിനയ
സാധ്യതകൾ പൂർണമായും പുറത്തു കൊണ്ടുവരാൻ ജോർജിന് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ നിർത്താൻ ഇതിലെ ഓരോ നിമിഷവും കാരണമാകുന്നുണ്ട്. തബലിസ്റ്റ് അയ്യപ്പൻ എന്ന ഗോപിയുടെ കഥാപാത്രം മുഖ്യധാര സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വെറുക്കപ്പെട്ടവനാണ്. സ്ത്രീവിരുദ്ധനും സ്വാർ
ത്ഥനുമായ ഇത്തരമൊരു കഥാപാത്രത്തെ ധൈര്യപൂർവം അവതരിപ്പിക്കുകയാണ്
ജോർജ്. പ്രൊഫഷണൽ നാടകങ്ങൾ ഇവിടെ സജീവമായിരുന്ന കാലഘട്ടത്തിലാണ്
യവനിക ഉണ്ടാകുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

യവനികയുടെ വിജയത്തെക്കുറിച്ച് ജോർജ് പറയുന്നു: ”മനുഷ്യാവസ്ഥയെ തീവ്രമായി
അവതരിപ്പിച്ച പാത്രസന്നിവേശംപോലെ പ്രധാനപ്പെട്ടതായിരുന്നു യവനികയിൽ
ആദ്യാവസാനം പ്രതീകാത്മക ഘടകമായി പെയ്തുതോർന്നും സാന്നിധ്യമായി മാറിയ മഴ. സാങ്കേതിക മികവാണ് യവനികയെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം. പിൽക്കാലത്ത് അനുകരണീയമായി മാറിയ നിരവധി സങ്കേതങ്ങൾ യവനികയിൽ വിജയകരമായി പരീക്ഷിച്ചു. പുരുഷന്റെ ശരീരത്തിന്റെ കരുത്തിനു മുന്നിൽ തോൽക്കുന്നവളല്ല സ്ത്രീയെന്നും പറയാതെ പറയുന്നു ഈ സിനിമ.

ചലച്ചിത്രപ്രവർത്തകരുടെ ജീവിതം പലരും സിനിമയാക്കിയിട്ടുണ്ടെങ്കിലും അതിനൊക്കെ അപ്പുറം ശോഭ എന്ന നടിയുടെ മരണത്തിന് പിന്നിലെ സംഭവം
എന്താണ് എന്നുള്ള അന്വേഷണമാണ് ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’. ജോർജ് പറയുന്നു: ”സിനിമയെക്കുറിച്ച് സിനിമ എന്ന സങ്കല്പത്തിൽ നിന്നാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് ഉണ്ടാകുന്നത്. വളരെയേറെ കോലാഹലമുണ്ടാക്കുകയും
ചർച്ചയാവുകയും ചെയ്ത ലേഖയുടെ മരണത്തിനു മറ്റൊരു സവിശേഷത കൂടിയുണ്ട്. സിനിമ പുറത്തിറങ്ങുന്നതിനു കഷ്ടിച്ച് രണ്ട് വർഷം മുമ്പ് തെന്നിന്ത്യൻ സിനിമാലോകത്തുണ്ടായ ഒരു ആത്മഹത്യയുമായി ആ സിനിമയുടെ പ്രമേയത്തിനുണ്ടായ ബന്ധമായിരുന്നു അത്. ഇന്ത്യൻ സിനിമയിലെതന്നെ ശ്രദ്ധേയ താരമായി വളർന്നു കഴിഞ്ഞിരുന്ന ശോഭ എന്ന അമൂല്യ അഭിനേത്രിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദവും ചർച്ചയും സജീവമായത്. ഫ്‌ളാഷ് ബാക്കിന്റെ പ്രമേയം ശോഭയുടെ ജീവിതവും മരണവുമാണെന്നും അല്ലെന്നുമുള്ള തരത്തിലായിരുന്നു ചർച്ചകൾ. അത് വിവാദത്തിന്റെ തലത്തിലേക്ക് വളരുകയും ചെയ്തു. വളരെ സൂക്ഷ്മതയോടെയാണ് സംവിധായകൻ എന്ന നിലയിൽ ഞാൻ വിവാദങ്ങളോട് പ്രതികരിച്ചത്. നടി ശോഭയുടെ ആത്മഹത്യ തന്നെയാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കിന് എന്നെ പ്രേരിപ്പിച്ച ത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ശോഭയുടെ മാത്രം ദുരന്തവുമാണ് ഫ്‌ളാഷ്ബാക്ക് എന്നു ഞാൻ ഇപ്പോഴും
അവകാശപ്പെടുന്നില്ല. സിനിമാരംഗത്ത് എല്ലായ്‌പോഴും കണ്ടുവന്നിട്ടുള്ള ആത്മഹത്യ സിൻഡ്രോമിനെയാണ് ഒരു തരത്തിൽ ഫ്‌ളാഷ് ബാക്ക് പ്രതിഫലിപ്പിക്കുന്നത് എന്നാണ് അന്നത്തെ ചർച്ചകളിൽ ഞാൻ പ്രകടിപ്പിച്ച അഭിപ്രായം. സിനിമയ്ക്കുള്ളിലെ
ഗോസിപ്പുകളെ ചോദ്യം ചെയ്യുകയായിരുന്നു ഒരു പരിധി വരെ ഈ സിനിമ”.

ഈ സിനിമയുടെ ക്ലൈമാക്‌സ് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.ജോർജ് പറയുന്നു: ”സിനിമയുടെ അന്ത്യമാവട്ടെ അങ്ങേയറ്റം സർറിയലിസ്റ്റിക്കുമായി ബോധപൂർവം ചെയ്തതാണ്. ക്യാമറയെയും ക്യാമറാമാനെയും തള്ളിയിട്ടു സ്ത്രീകൾ ഫ്രെയിമിനു പുറത്തേക്ക് ഓടുന്ന അവസാന രംഗം ഓർക്കുക.
റെസ്‌ക്യൂ ഹോമിൽ നിന്നു സ്ത്രീകൾ തെരുവിലേക്കു കുതിക്കുമ്പോൾ
തട്ടിമറിയുന്ന ക്യാമറയുടെ സമീപം സംവിധായകനുമുണ്ട്. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം മലയാള സിനിമയിൽ ഉണ്ടാകുന്നത്”.


വ്യത്യസ്തമായ സ്ത്രീഅനുഭവങ്ങളെയാണ് ‘ആദാമിന്റെ വാരിയെല്ലി’ൽ അവതരിപ്പിക്കുന്നത്. മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. കേരളത്തിലെ ഉപരിവർഗ ക്രിസ്ത്യൻ കുടുംബത്തിൽപ്പെട്ട ആലീസ്, ഇവരുടെ വീട്ടിലെ വേലക്കാരി ദലിത് സ്ത്രീയായ അമ്മിണി, ഏജീസ് ഓഫീസ് ജീവനക്കാരിയായ വാസന്തി. ഇവരുടെ
മൂവരുടേയും ജീവിതം ദുരന്തത്തിന്റേതാണ്. പുരുഷാധിപത്യത്തിന്റേയും അവന്റെ
കാമനയുടെയും ഇരകളാകുന്ന സ്ത്രീകളാണ് ആലീസും വാസന്തിയും. സാമൂഹിക
സാഹചര്യങ്ങളാൽ എല്ലാവിധ പീഡനങ്ങൾക്കും ഒപ്പം ബലാൽസംഗത്തിനുപോലും ഇരയാകേണ്ടി വരുന്നവളാണ് അമ്മിണി. ഇവർ മൂവരും പ്രതിസന്ധികളെ മറികടക്കുന്നത് വ്യത്യസ്തമായാണ്. ആലീസ് ആദ്യം മദ്യത്തിലും പിന്നീട് പല പുരുഷന്മാരിലുമായി അവളുടെ ആസക്തി വളരുന്നു. ഒടുവിൽ വിവാഹാനന്തര
പ്രണയത്തിലും മകളുടെ ഒളിച്ചോട്ടത്തിലും മനംനൊന്ത് ആലീസ് ആത്മഹത്യയിൽ അഭയം തേടുകയാണ്. ഭർത്താവിൽ നിന്നും അമ്മായിയമ്മയിൽ നിന്നും പീഡനം ഏൽക്കേണ്ടിവരുന്ന വാസന്തിക്ക് ഒടുവിൽ ചിത്തഭ്രമം പിടിപെടുകയാണ്. വാസന്തിയുടെ സ്വപ്‌നങ്ങൾ മന:ശാസ്ത്രകാഴ്ചപ്പാടിൽ ചിത്രീകരിക്കാൻ കെ.ജി. ജോർജിനു കഴിയുന്നുണ്ട്. ഇരു സ്ത്രീകളിൽ നിന്നും വ്യത്യസ്തമായികീഴാള സ്ത്രീയുടെ ചെറുത്തുനിൽപിന്റെ രാഷ്ട്രീയത്തെയാണ് അമ്മിണിയിലൂടെ പുറത്തുവരുന്നത്. ആലീസിന്റെ ഭർത്താവിനാൽ ഗർഭിണിയാകുന്ന അമ്മിണി പ്രസവിക്കുകയും കുട്ടിയെ അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിക്കുകയും പിന്നീട് റെസ്‌ക്യൂ ഹോമിൽ അന്തേവാസിയായി മാറുകയും ചെയ്യുന്നു.

പഞ്ചവടിപ്പാലം മലയാളത്തിലെ ആദ്യ രാഷ്ട്രീയാഷേപഹാസ്യ സിനിമയായാണ്
വിലയിരുത്തുന്നത്. തനിക്ക് ഇത്തരം സിനിമകളും എടുക്കാൻ കഴിയുമെന്ന്
തെളിയിക്കുകയായിരുന്നു ജോർജ്. ഓരോ സിനിമകളും പുതിയ പരീക്ഷണമായി കാണുന്ന ജോർജ് എന്താണ് യഥാർത്ഥ രാഷ്ട്രീയമെന്ന് ഈ സിനിമയിലൂടെ തുറന്നു കാട്ടി.

ഓരോ വ്യക്തിയുടെ ഉള്ളിലും ഹിംസ ഒളിഞ്ഞിരിപ്പുണ്ടെന്ന പരോഷ യാഥാർത്ഥ്യമാണ്
ഇരകളിലൂടെ പുറത്തുവരുന്നത്. എന്നാൽ ഹിംസയുടെ പ്രയോഗം വ്യത്യസ്തമാണെന്നും ജോർജ് പറഞ്ഞുവയ്ക്കുന്നു. അത് കുടുംബം എന്ന അധികാരഘടനയിലൂടെയും ഭരണകൂടത്തിലൂടെയും ഉണ്ടാക്കാമെന്നു താത്വികമായി വിശകലനം ചെയ്യുകയാണ് ‘ഇരകൾ’. ഇത്തരത്തിൽ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാത്തരം സംഘർഷങ്ങളും
അവരുടെ വ്യത്യസ്ത വ്യവഹാരങ്ങളായ പ്രണയം, ലൈംഗികത, കുടുംബ ജീവിതം, ഹിംസ, രാഷ്ട്രീയം, സൗഹൃദം എന്നിവയെല്ലാം സ്വപ്‌നാടനം മുതൽ ഇലവങ്കോട്‌ദേശം
വരയുള്ള സിനിമകളിൽ ജോർജ് കൈകാര്യം ചെയ്യുന്നുണ്ട്.

ജീവിതത്തിന്റെ തുറന്നു പറച്ചിൽ ചേർത്തിരിക്കുന്നത് ഡോക്യുമെന്ററിയുടെ മറ്റൊരു പ്രത്യേകതയാണ്. ഒരു മറയുമില്ലാതെ ജോർജിനെക്കുറിച്ച് ഭാര്യ സൽമ വാചാലയാകുന്നു. ജോർജിന്റെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമായും
ഡോക്യുമെന്ററി മാറുന്നുണ്ട്. പുറംതിരിഞ്ഞു വിദൂരതയിലേക്ക് നോക്കുന്ന
ജോർജിലേക്ക് ക്യാമറ തിരിയുന്നതോടെയാണ് ഡോക്യുമെന്ററി അവസാനി
ക്കുന്നത്. ഒരുപക്ഷേ ഒരു കലാകാരന്റെ ജീവിതത്തെ ഇത്രമാത്രം സത്യസന്ധമായി
ആവിഷ്‌കരിക്കാൻ കഴിഞ്ഞ മറ്റൊരു ഡോക്യുമെന്ററി മലയാളത്തിൽ ഉണ്ടാകാൻ
സാധ്യതയില്ല.

ഗ്രന്ഥസൂചി

കെ. ജി. ജോർജിന്റെ ചലച്ചിത്രയാത്രകൾ, കെ.ബി. വേണു, മാതൃഭൂമി ബുക്‌സ്,
കോഴിക്കോട്
ഫ്‌ളാഷ്ബാക്ക് എന്റെയും സിനിമയുടെയും, കെ.ജി. ജോർജ്, ഡി.സി. ബുക്‌സ്,
കോട്ടയം
കെ.ജി. ജോർജ്, വിനു എബ്രഹാം, ചിന്ത, തിരുവനന്തപുരം
ചലച്ചിത്ര പഠനങ്ങൾ, എഡിറ്റർ: പ്രൊഫ. പന്മന രാമചന്ദ്രൻ നായർ, വി.കെ. പരമേശ്വരൻ
നായർ സ്മാരക ഗ്രന്ഥാവലി.

Related tags : CinemaKG GeorgeRajesh Erumely

Previous Post

എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ അധികാര സൗന്ദര്യവ്യവസ്ഥയോട് കലഹിക്കുന്നു 

Next Post

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

Related Articles

CinemaLekhanam-6

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ

CinemaLekhanam-6

മലയാള സിനിമ ’90: ചരിത്ര ദേശ കാലങ്ങൾ

CinemaLekhanam-6

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

CinemaLekhanam-6

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന കറുത്ത ശരീരങ്ങൾ

CinemaLekhanam-6

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ ഒളിഞ്ഞിരുപ്പുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രാജേഷ് കെ എരുമേലി

കെ.ജി. ജോർജിന്റെ സിനിമകളിലെ...

രാജേഷ് കെ എരുമേലി 

കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8...

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു...

രാജേഷ് കെ എരുമേലി 

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ...

ദേശങ്ങളിൽ നിന്നും ബഹിഷ്‌കൃതരാകുന്ന...

രാജേഷ് കെ. എരുമേലി 

അതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേയ്ക്ക് സവിശേഷമായി പ്രവേശിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്....

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ...

രാജേഷ് കെ എരുമേലി  

സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ...

വി കെ ജോസഫ്:...

രാജേഷ് കെ എരുമേലി 

മലയാള ചലച്ചിത്ര നിരൂപണരംഗത്ത് മൗലികമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് വി കെ...

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ...

രാജേഷ് കെ എരുമേലി 

പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ...

ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ...

രാജേഷ് കെ എരുമേലി 

ഇന്ത്യൻ ഗ്രാമങ്ങൾ ജീവിക്കുന്നതെങ്ങനെയാണ്. ആരാണ് അവിടുത്തെ മനുഷ്യർ. അവരുടെ ഭാഷയെന്താണ്, വേഷമെന്താണ്, രാഷ്ട്രീയമെന്താണ്. ഇത്തരം...

മരണവും മരണാനന്തരവും ജീവനുകളോട്...

രാജേഷ് കെ. എരുമേലി 

മരണം ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ആലോചനകൾ പലതരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത...

മനുഷ്യർ ലോകത്തെ മാറ്റിയത്...

രാജേഷ് കെ എരുമേലി 

മാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക...

മലയാള സിനിമ ’90:...

രാജേഷ് കെ. എരുമേലി 

അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം ഫ്യൂഡൽ ബോധ്യങ്ങളോട്...

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച...

രാജേഷ് കെ എരുമേലി  

കളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി...

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന...

രാജേഷ് കെ എരുമേലി  

ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന്...

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട്...

രാജേഷ് കെ എരുമേലി  

തീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016)...

Rajesh K Erumeli

രാജേഷ് കെ എരുമേലി  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven