• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ ഒളിഞ്ഞിരുപ്പുകള്‍

രാജേഷ് കെ എരുമേലി March 2, 2020 0

സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ ഘട്ടത്തിലാണ് മലയാള സിനിമ ഇന്ന്. മലയാളി ഇതുവരെ കണ്ടുശീലിച്ച ദേശങ്ങള്‍, മനുഷ്യര്‍, അവരുടെ വര്‍ത്തമാനങ്ങള്‍ എല്ലാം വളരെ പെെട്ടന്ന് അപ്രത്യക്ഷമാവുകയും അല്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെടുകയും ആ ഇടങ്ങളിലേക്ക് ഇതുവരെ ഫ്രെയ്മിന്റെ ഭാഗമാകാതിരുന്ന മനുഷ്യര്‍ പ്രവേശിക്കുകയും ചെയ്തു എന്നതാണ് സമകാലിക മലയാള സിനിമയുടെ പ്രത്യേകത. ന്യൂജനറേഷന്‍ എന്ന് തള്ളിയും കൊണ്ടും പുതു സിനിമയെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍ നിരവധിയാണ്. ഇത്തരത്തില്‍ മുഖത്തോടുമുഖം നോക്കി സംവാദത്തിന് തയ്യാറാകുന്നുണ്ട് പുതുസിനിമ. അതിന് കാരണം ലോകത്താകെ സംഭവിച്ച പ്രത്യയശാസ്ത്രപരമായതും സാങ്കേതിക രംഗത്തുണ്ടായതുമായ മാറ്റങ്ങളാണ്.

തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയെ ചലിപ്പിക്കുന്ന സൂപ്പര്‍താര/നായകാധിപത്യമോ നായികയുടെ ശരീരത്തിനുമേല്‍ മാത്രം ചുറ്റിത്തിരിയുകയോ ചെയ്യുന്ന സിനിമകളില്‍നിന്നും സ്ത്രീകളുടെ കര്‍തൃത്വത്തിലേക്കും ഭാഷയുടെ ബഹുസ്വരതയിലേക്കുമൊക്കെ സൂക്ഷ്മമായി സഞ്ചരിക്കുകയാണ് പുതുസിനിമ ഇന്ന്. അധിനിവേശ ആശയങ്ങളോട് കലഹിക്കുമ്പോള്‍തന്നെ അരാഷ്ട്രീയതയുടെ സാമൂഹിക പരിസരത്തെ ചില സിനിമകള്‍ ആശ്ലേഷിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയേണ്ടതുമുണ്ട്. ഭൂതകാലത്തിന്റെ പുരോഗമനപരമായ നടത്തങ്ങളെ പാടേ നിഷേധിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്നു എന്നതും മറക്കേണ്ടതില്ല. എന്നാല്‍ ഭൂതകാലത്തെ യാഥാര്‍ത്ഥ്യവുമായി ചേര്‍ത്തുവച്ച് വിശകലനം ചെയ്യാതെ അതിന്റെ വര്‍ണശബളിമയില്‍ കണ്‍കുളിര്‍ന്നു നിന്നു പോകുന്നതും ശരിയായ നിലപാടല്ല. ഇത്തരത്തില്‍ രാഷ്ട്രീയമായ നിരവധി ചോദ്യങ്ങള്‍ക്ക് മുന്നില്‍നിന്നുകൊണ്ടാണ് പുതുസിനിമയെ വിശകലനം ചെയ്യേണ്ടത്.

അദൃശ്യരാക്കപ്പെട്ട മനുഷ്യര്‍ എങ്ങനെയാണ് അവരുടെ പ്രതിരോധങ്ങളെ തീര്‍ക്കുന്നത് അല്ലെങ്കില്‍ പൊതുബോധത്തിന്റെ കാഴ്ചപ്പാടുകളെ മറികടക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് അടുത്തകാലത്തിറങ്ങിയ രണ്ടു സിനിമകള്‍. കമ്മട്ടിപ്പാടം (രാജീവ് രവി), ഒഴിവുദിവസത്തെ കളി (സനല്‍കുമാര്‍ ശശിധരന്‍) എന്നിവ. കമ്മട്ടിപ്പാടം എല്ലാത്തരം പൊതുബോധ നിര്‍മിതികളെയും തകര്‍ത്തുകൊണ്ട് പുതിയൊരു ഭാവുകത്വത്തെയാണ് സൃഷ്ടിക്കുന്നത്. ഗ്രാമങ്ങള്‍ നന്മകളാല്‍ സമൃദ്ധമായിരുന്നു എന്നു നിരന്തരം ഓര്‍മിപ്പിക്കുമ്പോഴും അതിനുള്ളില്‍ ഒരു കോളനി നിലനിന്നിരുന്നുവെന്നും അവിടുത്തെ മനുഷ്യര്‍ എല്ലാക്കാലത്തും കബളിപ്പിക്കപ്പെടുന്നവരാണെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് ഈ സിനിമ. പുറമ്പോക്കുകളില്‍ താമസിച്ചിരുന്നവര്‍ കോളനികളില്‍ ഒന്നായി കഴിയുമ്പോഴും മുഖ്യധാരയ്ക്ക് പുറത്തു നിര്‍ത്താനാണ് സവര്‍ണപൊതുബോധം എക്കാലവും ശ്രമിച്ചിട്ടുള്ളത് എന്നാണ് കമ്മട്ടിപ്പാടം പറയുന്നത്. അങ്ങനെ കീഴാള കര്‍തൃത്വം (നിറം, ഭാഷ, വേഷം) തുടങ്ങി എല്ലാ അര്‍ത്ഥത്തിലും പ്രതിരോധത്തിന്റെ/മാറ്റത്തിന്റെ പ്രതീകമായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. വൈകാരികമായ ചെറുത്തുനില്‍പിനപ്പുറം രാഷ്ട്രീയമായ പ്രതിരോധങ്ങളാണ് കീഴാള സമൂഹങ്ങള്‍ക്കാവശ്യം എന്ന സൂക്ഷ്മമായ രാഷ്ട്രീയത്തെയാണ് കമ്മട്ടിപ്പാടം മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുദിവസത്തെ കളി എന്ന സിനിമയില്‍ തന്റെ കറുപ്പു നിറത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുകയും അപകര്‍ഷതയില്‍ കഴിയുകയും ചെയ്യുന്നയാള്‍ ഒടുവില്‍ സാങ്കല്‍പികമായ കുറ്റത്തിന് സുഹൃത്തുക്കളാല്‍ കൊല്ലപ്പെടുകയാണ്. കമ്മട്ടിപ്പാടത്തിലും ഒഴിവുദിവസത്തെ കളിയിലും കീഴാള കഥാപാത്രങ്ങള്‍ കൊല്ലപ്പെടുകയാണ്. ഇത്തരം ആവിഷ്‌കാരങ്ങള്‍ സമകാലിക ഇന്ത്യന്‍ അവസ്ഥയെത്തന്നെയാണ് ചിത്രീകരിക്കുന്നത്. ഫാസിസത്തിന്റെ അധികാരകാലത്ത് എങ്ങനെയാണ് ദലിത് സമൂഹം ആക്രമിക്കപ്പെടുന്നത് എന്നതാണ് ഇത്തരം ദൃശ്യപരതയിലൂടെ പുറത്തുവരുന്ന സംഗതി.

അടുത്തകാലത്തിറങ്ങിയ ചില തമിഴ് സിനിമകളാണ് ഇത്തരം പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം എന്നിവയാണ് ആ സിനിമകള്‍. ആധുനികതയില്‍നിന്ന് ഉത്തരാധുനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഏകശിലാത്മകമായി നിലനിന്നിരുന്ന എല്ലാം തകര്‍ക്കപ്പെടുകയും ബഹുസ്വരതയുടെ കാഴ്ചകള്‍ പ്രത്യക്ഷമാവുകയും ചെയ്തു. ആ മാറ്റത്തെ മലയാള സിനിമയും സ്വീകരിച്ചു. രണ്ടായിരത്തോടെയാണ് പുതിയൊരു കാഴ്ചപ്പാട് മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിനെ ന്യൂ ജെന്‍ എന്നും, മറ്റു പല പേരുകളിലും ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും വിളിച്ചു.

ഒഴിവു ദിവസത്തെ കളി കാര്യമാകുമ്പോള്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എല്ലാം അര്‍ത്ഥത്തിലും ഒരു പുതു സിനിമയാണ്. അതായത് ആധുനികതയുടെ ചട്ടക്കൂട് പൊളിക്കുന്നതിനൊപ്പം ഉത്തരാധുനികതയിലെ ക്രമത്തിലെ ക്രമമില്ലായ്മയെ ഇതിലെ ഓരോ ദൃശ്യങ്ങളും സംഭാഷണങ്ങളും അടയാളപ്പെടുത്തുന്നു. ദൃശ്യത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മത മുതല്‍ അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയം വരെ ഇത് സൂചിപ്പിക്കുന്നു. ബഹുസ്വരതയിലും ചില കര്‍തൃത്വങ്ങള്‍ സൂക്ഷ്മമായി ദൃശ്യപ്പെടേണ്ടതുണ്ട് എന്നത് തുറന്നുകാട്ടുന്നുണ്ട് ഈ സിനിമ. പരിസ്ഥിതി, ദലിത്, സ്ത്രീ ബോധ്യങ്ങള്‍ക്കൊപ്പം നിയോലിബറല്‍ കാലത്തെ അരാഷ്ട്രീയത, ആണ്‍കോയ്മയുടെ വര്‍ത്തമാനങ്ങള്‍, ഫ്യൂഡല്‍ബോധ്യങ്ങളുടെ തികട്ടിവരല്‍, സ്ത്രീയുടെ ചെറുത്തുനില്‍പ് എന്നിങ്ങനെ നിരവധിയായ ആലോചനകളെ ഈ സിനിമ സാധ്യമാക്കുന്നുണ്ട്.

സാമൂഹിക മാറ്റത്തിനുവേണ്ടി ചിന്തിച്ചിരുന്ന തലമുറയുടെ തിരിച്ചുപോക്കിലേക്ക് ക്യാമറ തിരിച്ചുകൊണ്ടാണ് ‘ഒഴിവുദിവസത്തെ കളി’ ആരംഭിക്കുന്നത്. വ്യത്യസ്ത അഭിരുചികളുള്ള ചെറുപ്പക്കാര്‍ തോടിനരുകിലിരുന്ന് മദ്യപിക്കുന്നു. അടുത്ത ദിവസം ഉപതെഞ്ഞെടുപ്പ് നടക്കുകയാണ്. അന്ന് എങ്ങനെ ആഘോഷിക്കാം എന്ന ചര്‍ച്ചയാണ് അവര്‍ നടത്തുന്നത്. അങ്ങനെ അവര്‍ ഒരു താവളം കണ്ടെത്തുകയും അവിടെ ഒരു ദിവസം മദ്യാസക്തിയില്‍ കഴിയുന്നതും അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ധര്‍മന്‍, നമ്പൂതിരി, അശോകന്‍, വിനയന്‍, ദാസന്‍ എന്നിവരാണ് മദ്യപസദസിലെ അംഗങ്ങള്‍. മദ്യപാനത്തിനായ് ഇവര്‍ തിരഞ്ഞെടുക്കുന്നത് ഡാമിന് സമീപത്തെ ഗസ്റ്റ്ഹൗസാണ്. ഇവിടെ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് അവിടുത്തെ വാച്ചര്‍ നാരായണന്‍. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം തയാറാക്കാന്‍ അടുത്തു താമസിക്കുന്ന ഗീതു എന്ന സ്ത്രീയെ നാരായണനാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. ഗീതു എത്തുന്നതോടെ ആണ്‍നോട്ടങ്ങളും ലൈംഗികചുവയുള്ള സംഭാഷണങ്ങളും ആരംഭിക്കുന്നു. മദ്യം പ്രത്യേകിച്ചും പുരുഷനെ ഏത് രീതിയിലാണ് മാറ്റിത്തീര്‍ക്കുന്നത് എന്നതാണ് ഇതില്‍ സൂക്ഷ്മമായി കാണുന്നത്. നുരഞ്ഞുപൊന്തുന്ന ലഹരിയുടെ ആസക്തി കലര്‍ന്ന ആണ്‍നോട്ടങ്ങള്‍ ഓരോ നിമിഷം കഴിയുന്തോറും എത്തിച്ചേരുന്നത് ഗീതുവിന്റെ ശരീരത്തിലേക്കാണ്. അപര/വേലക്കാരി സ്ത്രീകളോടുള്ള പുരുഷന്റെ സമീപനം വിനയനും ആശോകനും തമ്മിലെ വഴക്കിലേക്കാണ് എത്തിച്ചേരുന്നത്. അശോകന്റെ അച്ഛന്‍ അടിയന്തരാവസ്ഥയില്‍ മര്‍ദനമേറ്റയാളാണ്. ഒരാളുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തില്‍ അതിക്രമിച്ചു കടക്കുന്നതാണ് ബലാല്‍സംഗമെന്നു അശോകന്‍ പറയുമ്പോള്‍ ഒന്നുതൊട്ടാല്‍ ഏത് സ്ത്രീയും വീഴുമെന്നാണ് വിനയന്‍ പറയുന്നത്. ഇത്തരത്തില്‍ സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് അശോകനും വിനയനും തമ്മിലെ തര്‍ക്കത്തില്‍ കലാശിക്കുന്നത്. ‘എന്റെ പൈസകൊണ്ടാണ് നീയൊക്കെ ഇപ്പോള്‍ കുടിക്കുന്നത്’ എന്ന ധര്‍മന്റെ പറച്ചിലുകള്‍ അശോകനുമായി മറ്റൊരു വഴക്കിനും കാരണമാകുന്നു. ഇത്തരത്തില്‍ ഇണങ്ങിയും പിണങ്ങിയുമാണ് ഇവരുടെ മദ്യപാന സദസ് മുന്നോട്ട് പോകുന്നത്. ഇവരുടെ സംഭാഷണ സമയത്തെല്ലാം അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ റൂമിലെ ടിവിയില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദാസന്‍ കൂടെക്കൂടെ തെരഞ്ഞെടുപ്പു വര്‍ത്തയെക്കുറിച്ച് പറയുമ്പോള്‍ മറ്റുള്ളവര്‍ അതിനെ തള്ളിക്കളയുകയാണ്. ദാസന്‍ ദലിതനും കറുത്തവനുമാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തോടുള്ള ദലിത് സമൂഹത്തിന്റെ താല്‍പര്യത്തെയാണ് ദാസന്റെ ഈ ആവശ്യത്തിലൂടെ കാണാന്‍ സാധിക്കുന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തേണ്ടത് ദലിത് സമൂഹത്തിന്റെ ആവശ്യവുമാണല്ലോ. ഇന്ത്യന്‍ ദലിത് അവസ്ഥ എക്കാലത്തും സവര്‍ണനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നാണ് എന്ന ബോധ്യം ഈ സിനിമ നല്‍കുന്നുണ്ട്. ദാസന്‍ എക്കാലത്തും ദലിത് സമൂഹം ഏറ്റുവാങ്ങുന്ന അദൃശ്യവത്കരണത്തിന്റെ ഇരതന്നെയാണ്. ഇവരുടെ മദ്യക്കൂട്ടത്തിന് എല്ലാം ഒരുക്കിക്കൊടുക്കുന്നത് ദാസനാണ്. പ്ലാവില്‍ കയറി ചക്കയിടാന്‍ പറയുമ്പോള്‍ അതിന് ദാസനെക്കൊണ്ടേ പറ്റൂ എന്നാണ് മറ്റുള്ളവര്‍ കളിയാക്കുന്നത്. കോഴിയെ കൊല്ലേണ്ടി വരുന്നതും ദാസനാണ്. ഇത്തരത്തില്‍ എല്ലാവരും ഉപേക്ഷിക്കുന്ന എല്ലാം ജോലികളും ദാസന്‍തന്നെ ചെയ്യേണ്ടി വരുന്നു. ഒടുവില്‍ കള്ളനും പോലീസും കളി കാര്യമായി തൂക്കിക്കൊല്ലപ്പെടുന്നതും ദാസനാണ്. ദാസന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരയാണ്, രോഹിത് വെമൂലയെപ്പോലെ. കറുപ്പ്/വെളുപ്പ് തമ്മിലെ വൈരുദ്ധ്യമെന്നത് രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നതാണ് ദാസന്റെ മരണം കാണിക്കുന്നത്.
നവോത്ഥാനം ഉഴുതുമറിച്ച മണ്ണില്‍ ആഗോളീകരണകാലത്തും ജാതി ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു എന്നാണ് ദാസന്റെ മരണം സൂചിപ്പിക്കുന്നത്. മദ്യലഹരിയിലാണ് ഉള്ളിലെ ജാതി എന്ന ആധിപത്യം ധര്‍മനിലൂടെ പുറത്തു വരുന്നത്. അത് കറുപ്പ് എന്ന നിറത്തിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ ദാസന് അവസരം നല്‍കുന്നുണ്ട്.

സംവിധായകൻ സനൽകുമാർ ശശിധരൻ

ആണ്‍കോയ്മയുടെ അധികാരസ്ഥാപനം
മധ്യവര്‍ഗപുരുഷബോധ്യങ്ങളാണ് എക്കാലത്തും ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രമായി സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യമുറപ്പിച്ചിട്ടുള്ളത് എന്നതാണ് ധര്‍മ്മന്റെ ഗീതുവിനോടുള്ള പെരുമാറ്റം കാണിക്കുന്നത്. വിനയന്റെ സംഭാഷണങ്ങളിലും ഇത് കണ്ടെത്താന്‍ കഴിയും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഗീതുവിനെ മറുവഴിയിലൂടെത്തി കയറിപ്പിടിക്കാനാണ് ധര്‍മന്‍ ശ്രമിക്കുന്നത്. എന്നാല്‍ അയാളുടെ കരണത്തടിക്കുകയും വാക്കത്തികൊണ്ട് വെട്ടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതോടെ സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തിയെ ഗീതു തുറന്നു കാട്ടുന്നു. ഗീതുവിന്റെ ശരീര ചലനങ്ങളിലും മദ്യാസക്തിയില്‍ ആണ്‍ലോകം ഉയര്‍ത്തുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലും പുരുഷപ്രേക്ഷകന്‍ അറിയാതെ ഉള്ളില്‍ ചിരിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അവള്‍ ബലാല്‍സംഗത്തിന് ഇരയാവുകയോ അല്ലെങ്കില്‍ പുരുഷനു വഴങ്ങുകയോ ചെയ്തിരുന്നെങ്കില്‍ എന്ന് ആണ്‍കോയ്മ നിരന്തരം അവനോട് ആന്തരികമായി പറയുന്നുണ്ട്. എന്നാല്‍ അവള്‍ പ്രതിരോധത്തിന്റെ പാഠമായി മാറുകയാണ്. അശ്ലീലം കലര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍കാതെ അവള്‍ മറുപടി പറയുന്നുണ്ട്. ജോലിയുടെ കൂലിയും വാങ്ങി അവള്‍ വീട്ടിലേക്ക് മടങ്ങുകയാണ്. എന്നാല്‍ മുമ്പ് മലയാള സിനിമയിലെ കരുത്തരായ സ്ത്രീകഥാപാത്രങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്നവര്‍പോലും (ഉദാ: കന്മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാമ) പുതുഷന്റെ ബലപ്രയോഗത്തിലൂടെയുള്ള ചുംബനമേല്‍ക്കുമ്പോള്‍ തരളിതയാവുകയായിരുന്നു. ഭാമയുടെയും ഗീതുവിന്റെയും കൈകളില്‍ വാക്കത്തിയുണ്ട്. എന്നാല്‍ ഗീതുവിന്റെ വാക്കത്തി ധര്‍മന്റെ കഴുത്തിനുനേരെയാണ് ഉയരുന്നത്. ഇവിടെയാണ് ഗീതു സ്ത്രീകര്‍തൃത്വത്തിന്റെ അടയാളമാകുന്നത്.

കേരളീയ പൊതുസമൂഹം സ്ത്രീയെ നിരന്തരം പുലഭ്യം പറയുന്നതില്‍ രഹസ്യമായി ആഹ്ലാദിക്കുന്നവരാണ് ഇവിടുത്തെ ‘മാന്യന്മാരായ’ ആണുങ്ങള്‍. ഈ സിനിമയില്‍ നമ്പൂതിരിയുടെ സംഭാഷണങ്ങള്‍ പലപ്പോഴും ആഢ്യഭാഷയെ ഉറപ്പിക്കുന്ന തരത്തിലാണ്. അശോകനും വിനയനുമായുള്ള സംഭാഷണത്തില്‍ തെറിവിളി വരെ ഉണ്ടാകുന്നുണ്ട്. ഇവിടെയെല്ലാം നമ്പൂതിരി കൃത്രിമമായ ഒരു മാന്യതയെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. നമ്പൂതിതിയെ സംബന്ധിച്ച് ജാതിയുടെ അധികാരം എപ്പോഴും അയാളുടെ അബോധത്തില്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാവരും മദ്യപിച്ച് അവരുടെ ആന്തരിക ബോധ്യങ്ങളെ പുറത്തുവിടുമ്പോള്‍ നമ്പൂതിരി അതില്‍നിന്നും കുറച്ചെങ്കിലും അകലം പാലിക്കുന്നുണ്ട്. മാത്രമല്ല കള്ളനും പോലീസും കളിയില്‍ അയാള്‍ സ്വയം ജഡ്ജിയായി അവരോധിക്കപ്പെടുകയാണ്. തന്റെ പൂണുലില്‍ പിടിച്ചുകൊണ്ടാണ് നമ്പൂതിരി ഈ സ്ഥാനം ഏറ്റെടുക്കുന്നത്. നാലുപേരും ചേര്‍ന്ന് കള്ളനും പോലീസും കളി ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ ദാസന്‍ ഈ കളി വേണ്ടായെന്നു പറയുന്നുണ്ട്. തന്നെ കള്ളനാക്കാനും ശിക്ഷിക്കാനുമാണ് ഈ കളിയെന്ന് അയാള്‍ നേരത്തെ തന്നെ തിരിച്ചറിയുന്നുണ്ട്. ഇത്തരം ബോധ്യങ്ങളില്‍ നില്‍ക്കുമ്പോഴും പ്രതിരോധിക്കാനറിയാതെ ദാസന്‍ സുഹൃത്തുക്കളാല്‍ മരണപ്പെടുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

ഉണ്ണി ആര്‍ എഴുതിയ കഥയെ അതുപോലെ ചലച്ചിത്രമാക്കുന്നതിന് പകരം സിനിമയിലെത്തുമ്പോള്‍ സൂക്ഷ്മായ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സനല്‍കുമാര്‍ ശശിധരന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീ ഇല്ലാത്ത കഥയില്‍ സ്ത്രീയെ സൃഷ്ടിക്കുകയും ദാസന് കര്‍തൃത്വപരമായ പദവി നല്‍കുകയും ചെയ്യുന്നതിലൂടെ സനല്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും ചലച്ചിത്രരംഗത്തെ സൗന്ദര്യാത്മകമായ വ്യതിയാനങ്ങളെയും ഇന്ന് തിരിച്ചറിയുന്നത് ഒഴിവുദിവസത്തെ കളി പോലുള്ള സിനിമകളാണ്.

Related tags : ErumelyFilmSanalkumar Sasidharan

Previous Post

ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: 17 ഭാഷകളിൽ നിന്ന് 50 എഴുത്തുകാർ

Next Post

ഫംഗസിന്റെ കലാവിരുത്: തത്ത്വചിന്തയുടെ എത്‌നോമൈക്കോളജി

Related Articles

Cinema

ഓൾ ക്രീക്കിൽ സംഭവിച്ചത്

Lekhanam-6

ദേശങ്ങളിൽ നിന്നും ബഹിഷ്‌കൃതരാകുന്ന മനുഷ്യർ

Cinema

ഉമ്രാവോ ജാൻ: ഒരു നർത്തകിയുടെ സ്വത്വസംഘർഷങ്ങൾ

Cinema

വിവാന്‍ ലാ ആന്റിപൊഡാസ്

Cinema

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രാജേഷ് കെ എരുമേലി

കെ.ജി. ജോർജിന്റെ സിനിമകളിലെ...

രാജേഷ് കെ എരുമേലി 

കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8...

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു...

രാജേഷ് കെ എരുമേലി 

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ...

ദേശങ്ങളിൽ നിന്നും ബഹിഷ്‌കൃതരാകുന്ന...

രാജേഷ് കെ. എരുമേലി 

അതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേയ്ക്ക് സവിശേഷമായി പ്രവേശിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്....

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ...

രാജേഷ് കെ എരുമേലി  

സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ...

വി കെ ജോസഫ്:...

രാജേഷ് കെ എരുമേലി 

മലയാള ചലച്ചിത്ര നിരൂപണരംഗത്ത് മൗലികമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് വി കെ...

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ...

രാജേഷ് കെ എരുമേലി 

പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ...

ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ...

രാജേഷ് കെ എരുമേലി 

ഇന്ത്യൻ ഗ്രാമങ്ങൾ ജീവിക്കുന്നതെങ്ങനെയാണ്. ആരാണ് അവിടുത്തെ മനുഷ്യർ. അവരുടെ ഭാഷയെന്താണ്, വേഷമെന്താണ്, രാഷ്ട്രീയമെന്താണ്. ഇത്തരം...

മരണവും മരണാനന്തരവും ജീവനുകളോട്...

രാജേഷ് കെ. എരുമേലി 

മരണം ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ആലോചനകൾ പലതരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത...

മനുഷ്യർ ലോകത്തെ മാറ്റിയത്...

രാജേഷ് കെ എരുമേലി 

മാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക...

മലയാള സിനിമ ’90:...

രാജേഷ് കെ. എരുമേലി 

അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം ഫ്യൂഡൽ ബോധ്യങ്ങളോട്...

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച...

രാജേഷ് കെ എരുമേലി  

കളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി...

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന...

രാജേഷ് കെ എരുമേലി  

ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന്...

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട്...

രാജേഷ് കെ എരുമേലി  

തീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016)...

Rajesh K Erumeli

രാജേഷ് കെ എരുമേലി  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven