• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഗോഡെ കൊ ജലേബി ഖിലാനെ ലെ ജാ രിയാ ഹൂം

ടി.കെ. മുരളീധരൻ March 25, 2019 0

മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പ്രശസ്ത
നാടക പ്രവർത്തക അനാമിക ഹക്‌സറിന്റെ ആദ്യ സിനിമയെ
കുറിച്ച്

നൂറ്റാണ്ടുകൾക്കു മുമ്പ്, കൃത്യമായി 1648-ൽ, മുഗൾ ചക്രവർത്തി ഷാജഹാൻ പണിതീർത്ത തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ‘ഷാഹജാഹനാബാദ്’ (ദേടദനടദടഭടഠടഢ), പേർഷ്യൻ
സുഗന്ധ നിലാവൊഴുകുന്ന ജുമാ മസ്ജിദ് ഗലികൾ, മുജ്‌റയും തുമ്രിയും ഖവാലിയും നിറഞ്ഞുതുളുമ്പുന്ന ചാന്ദ്‌നി ചൗക്ക് ഹവേലികൾ, ഭൂതകാലത്തിന്റെ മാന്ത്രിക പരവതാനിയിലേറി മുഗൾ ഗലികളിലൂടെ തന്റെ കസ്റ്റമേഴ്‌സുമായി ഹെറിറ്റേജ് ഗൈഡ് ആകാശ് സാംഗ്‌വി സൃഷ്ടിക്കുന്ന കൃത്രിമ ഭൂമികയ്ക്കുള്ളിലേക്ക് കടന്നുകയറി ഇന്നത്തെ പുരാതന ദില്ലി കടന്നുപോകുന്ന വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ലോകത്തിനു മുന്നിൽ മലർക്കെ
തുറന്നിടുകയാണ് ‘ഗോഡെ കൊ ജലേജി ഖിലാനെ ലെ ജാ രിയാ ഹൂം’ എന്ന സിനിമയിലൂടെ പ്രശസ്ത നാടക പ്രവർത്തകയായ അനാമിക ഹക്‌സർ. 2016-ൽ കൊച്ചി-മുസിരിസ് ബിനാലെയിൽ അനാമിക അവതരിപ്പിച്ച തിയേറ്റർ ഇൻസ്റ്റലേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു.

പഴയ ദില്ലി തെരുവിൽ ജീവിക്കുന്ന യാചകർ, പോക്കറ്റടിക്കാർ, ചുമട്ടുതൊഴിലാളികൾ, തെരുവുഗായകർ, ആക്രിക്കച്ചവടക്കാർ, ഇവർക്കിടയിലൂടെ നീണ്ട ഏഴു വർഷമെടുത്ത ഇടപഴകലുകളിലൂടെ, രേഖപ്പെടുത്തലുകളിലൂടെയാണ് അനാമികയ്ക്ക് ഈ ദൗത്യം സഫലീകരിക്കാനായത്. തകർന്നടിഞ്ഞ പുരാതന ഗലികൾക്കുള്ളിലൂടെ, ചാക്കും പ്ലാസ്റ്റിക് ഷീറ്റും മറച്ചു കെട്ടിയ താത്കാലിക കൂരകൾക്കിടയിലൂടെ, അവരുടെ നീറും തമാശകൾക്കിടയിലൂടെ, അനാമിക പ്രേക്ഷകരെ കൈപിടിച്ചു നടത്തുന്നു. അവരോട് ചരിത്രം ചോദിക്കുന്നു, അവരുടെ സ്വപ്നങ്ങൾ കേൾക്കുന്നു, ഒട്ടും ഉറപ്പില്ലാത്ത മിനിറ്റുകൾ വച്ചു മാറുന്ന അവരുടെ ജീവിതാവസ്ഥകളോട് ചേർന്നു നിന്ന് ഇന്ത്യയിലെ മധ്യവർത്തി സമൂഹത്തോട്, ഭരണവർഗത്തോട് ചോദ്യങ്ങൾ ചോദിക്കുന്നു, ദിനംപ്രതി പെരുകിപ്പെരുകി വരുന്ന ഈ ജനസമൂഹം; ഇവർ ആരാണ്? എവിടെനിന്നു വരുന്നു? എവിടെ അപ്രത്യക്ഷമാകുന്നു? ഒരുപക്ഷെ ഇത് ദില്ലിയുടെ മാത്രം പ്രശ്‌നമായിരിക്കില്ല, ലോകത്ത് ഉയർന്നുവരുന്ന ഓരോ നഗരങ്ങളുെടയും പിന്നാമ്പുറ കാഴ്ചകളിൽ ഇത്തരം നിഷ്‌കാസിതരുടെ വലിയ തോതിലുള്ള അടിഞ്ഞുകൂടൽ സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ടാകും.

ഇന്ത്യൻ നാടോടി സങ്കല്പങ്ങൾ, ചിത്രണരീതികൾ, മിഥോളജി, നാടകം, ആനിമേഷൻ, ഗ്രാഫിക് ആർട്, സംഗീതം, കവിത എല്ലാം ആവശ്യത്തിൽ കലർത്തി സൃഷ്ടിച്ച ഒരു വീഡിയോ ആർടിന്റെ കയ്യടക്കം, ചാരുത, ഊർജം ഈ കലാസൃഷ്ടി പകർന്നുതരുന്നുണ്ട്. ഒരു കൂറ്റൻ ചെങ്കൊടി ആഞ്ഞുവീശി തിങ്ങിനിറഞ്ഞ തെരുവിനെ അഭിസംബോധന ചെയ്യുന്ന ലാലു എന്ന കമ്മ്യൂണിസ്റ്റായ ചുമട്ടു തൊഴിലാളിയുടെ സ്‌ക്രീൻ നിറഞ്ഞുകവിയുന്ന ഒരു സ്വപ്നത്തോടെയാണ് കാഴ്ചകൾ തുടങ്ങുന്നത്. ഗൾഫ് മോഹങ്ങളുമായി നഗരത്തിൽ വന്ന് ചതിക്കപ്പെട്ടയാളാണ് ഇപ്പോൾ ചുമട്ടുകാരനായി തെരുവിന്റെ ഭാഗമായി ജീവിക്കുന്ന ലാൽ ബിഹാറി. മലയാളിയായ കെ. ഗോപാലനാണ് ലാലുവിന്റെ നിരാശാഭരിതമായ ഭാവചലനങ്ങളെ അന്വർത്ഥമാക്കിയിരിക്കുന്നത്. റോഡരികിൽ വടയും സമൂസയും മറ്റ് എണ്ണപ്പലഹാരങ്ങളുമൊക്കെയുണ്ടാക്കി കച്ചവടം ചെയ്തു ജീവിക്കുന്ന ഛദമിയെ പ്രശസ്ത ബോളിവുഡ് നടനായ രഘുബീർ യാദവ് അവതരിപ്പിക്കുന്നു. പട്രു എന്ന പോക്കറ്റടിക്കാരനെ അവിസ്മരണീയമാക്കി പ്രശസ്ത നാടകപ്രവർത്തകനായ രവീന്ദ്ര സാഹു. ഹെറിറ്റേജ് ഗൈഡ് ആയ ആകാശ് ജെയിനിന് ജീവൻ പകരുന്ന ലോകേഷ് ജയിൻ എന്ന നാടകകാരൻതന്നെയാണ് സിനിമയ്ക്കുവേണ്ടി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

ടിപ്പിക്കൽ ബോളിവുഡ് ഹീറോയുടെ മാതൃകയിലാണ് ‘പട്രു’ വിനെ വാർത്തെടുത്തിരിക്കുന്നത്. ഒരിക്കൽ ഹെറിറ്റേജ് ടൂർ ഗൈഡിനെ കബളിപ്പിച്ച് അയാളുടെ കക്ഷികളെ നഗരം കാണിക്കാൻ കൊണ്ടുപോകുന്നുണ്ട് പോക്കറ്റടിക്കാരൻ പട്രു. ആരും പോകാനറയ്ക്കുന്ന നഗരമാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ, പുഴുത്ത എലികളോടും പട്ടികളോടുമൊപ്പം മനുഷ്യർ തിങ്ങിപ്പാർക്കുന്ന കുടുസു ഗലികളിലൂടെ, ഉപയോഗശൂന്യമായ ധാന്യങ്ങൾ വിൽക്കുന്ന ബാസാറുകളിലൂടെ, കൊടുംതണുപ്പിൽ പുതപ്പും ഭക്ഷണവുമില്ലാതെ ആളുകൾ മരിച്ചു മരവിച്ചു കിടക്കുന്ന തുറസ്സുകളിലൂടെ പട്രു ടൂറിസ്റ്റുകളെ നയിക്കുമ്പോൾ അത് ഇന്ത്യയുടെ സംസ്‌കാരത്തെയും പുരോഗതിയെയും കുറിച്ച് ഗീർവാണപ്രസംഗങ്ങൾ നടത്തുന്ന പൊള്ള രാഷ്ട്രീയത്തിന് കൊടുക്കുന്ന ചുട്ട മറുപടിയായി മാറുന്നു.

ഒരിടത്ത് ഔറംഗസേബ് റോഡിന്റെ പേരുമാറ്റത്തെ ചൊല്ലി ഒരു കസ്റ്റമർ പട്രുവിനോട് തർക്കിക്കുന്നുണ്ട്. പേരു മാറ്റിയെഴുതിയാൽ റോഡ് അതിന്റെ ദിശ മാറില്ലല്ലോ എന്ന് പട്രു. ചരിത്രസ്മാരകങ്ങളുടെ പേരുമാറ്റം പോലുള്ള കുറുക്കുവിദ്യയിലൂടെ ചരിത്രം തങ്ങളുടേതാക്കാമെന്ന ഭരണകൂടതന്ത്രങ്ങളെ പട്രു എന്ന പോക്കറ്റടിക്കാരൻ പരിഹസിക്കുന്നു.

മാജിക്കൽ റിയലിസവും ഗ്രാഫിക് ആർടിന്റെ സാന്നിദ്ധ്യവും സിനിമയിലുടനീളം കടന്നുവരുന്നുണ്ട്. ലാലുവും പട്രുവും ഛദമിയും എന്നുവേണ്ട മറ്റു പല കഥാപാത്രങ്ങളും ഭീതിതമായ സ്വപ്നങ്ങളിൽ പെട്ടു വലയുന്നവർതന്നെ. 350-ഓളം തെരുവിലുള്ളവർ തന്നെയാണ് സിനിമയിൽ കഥാപാത്രങ്ങളായി എത്തുന്നത്. തെരുവിൽ ജീവിക്കുന്നവർക്കാർക്കും ഭാരതീയ പാരമ്പര്യമില്ല,അവർക്ക് പുരാണേതിഹാസങ്ങളെക്കുറിച്ച് അറിവില്ല, ആരും പുരാണകഥകൾ കേട്ടല്ല വളർന്നത്, മത ജാതി ലിംഗ ജാഡകളില്ല, ഏതു സമയവും എന്തും സംഭവിക്കാം എന്ന അനിശ്ചിതത്വമാണ് അവരെ നയിക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബിഹാർ, യു.പി. തുടങ്ങിയയിടങ്ങളിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിലും വർഗീയകലാപങ്ങളിലും പെട്ട് എല്ലാം നഷ്ടപ്പെട്ട് ഇട്ടെറിഞ്ഞ് കൂട്ടപ്പലായനം ചെയ്തവരാണ് പഴയ ദില്ലിയിലെ ചേരിപ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ അധികവും. കാഴ്ചകളെ മൊത്തം മിനിറ്റുകളോളം വെള്ളത്തിൽ താഴ്ത്തിവയ്ക്കുമ്പോൾ കാഴ്ചക്കാരനും ശ്വാസം മുട്ടുന്നു, എങ്ങിനെയെങ്കിലും പുറത്തുകടന്നാൽ മതി എന്ന തോന്നലുണ്ടാകുന്നു. ഒരു ലോകം മുഴുവൻ വെള്ളത്തിനടിയിലൂടെ ഒഴുകി നടക്കുന്ന കാഴ്ച ആരുടെയും ഉറക്കം കെടുത്തും. ഗോഡ് ഫ്രെ റിജ്ജിയോ (Godfrey Reggio) 1990-കളിൽ ചെയ്ത പ്രശസ്തമായ കൊയാനിസ് ക്വറ്റ്‌സി (Koyennis Katsi) ബൃഹദ് ഡോക്യുമെന്ററിയിലെ പ്രകൃതിദുരന്ത ചിത്രീകരണങ്ങളെ ഓർമിപ്പിക്കുന്ന ഗഹനത അനാമികയുടെ ദൃശ്യ-ശ്രാവ്യ സാങ്കേതികതയ്ക്കും അവകാശപ്പെടാവുന്നതാണ്.

തൈറാക്‌സ്-വി-വെൻചുറ (Thyrax-V-Ventura) എന്ന റോക് സംഗീതജ്ഞൻ തയ്യാറാക്കിയ ഇൻഡസ്ട്രിയൽ സൗണ്ട്‌സ് (industrial sound) കാഴ്ചകളുടെ തീവ്രതയ്ക്ക് അനുകൂലമാകുന്നു. എഡ്വേഡ് മങ്കിന്റെ സ്‌ക്രീം എന്ന പെയിന്റിംഗിനെ ഓർമിപ്പിക്കുന്നുണ്ട് മലയാളിയായ ഗൗതം നായരുടെ ശബ്ദസംവിധാനം.

സൗമ്യാനന്ദ് സാഹിയുടെ ഛായാഗ്രഹണ മികവ് ദില്ലിയുടെ കണ്ടു ശീലിച്ച കാഴ്ചക്കണക്കുകൾ പാടേ തെറ്റിക്കുന്നതാണ്. കൃത്രിമവെളിച്ചങ്ങൾ കുറച്ചുകൊണ്ടുള്ള ഓരോ ഫ്രെയിമുകളും തീവ്രവും കാഴ്ചക്കാരനുള്ളിൽ നിന്ന് പെട്ടെന്ന് മാഞ്ഞുപോകാത്തതുമാണ്. പരേഷ്-കാംദാർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സാങ്കേതികമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഈ ചലച്ചിത്രത്തിന്റെ പിൻനിരയിൽ പ്രവർത്തിച്ചവർക്കെല്ലാം തീർച്ചയായും അഭിമാനിക്കാം.

Related tags : anamika HaksarCinemaHindi Film

Previous Post

അപ്പുറം ഇപ്പുറം: കഥയിലെ മധുര നാരങ്ങകൾ

Next Post

പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

Related Articles

Cinema

ടെന്‍: ഇറാനിയന്‍ സ്ര്തീപര്‍വം

Cinema

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

CinemaLekhanam-6

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ ഒളിഞ്ഞിരുപ്പുകള്‍

Cinema

പാരസൈറ്റ് : ഇത്തിള്‍ക്കണ്ണികള്‍ തുറന്നിട്ട വാതായനങ്ങള്‍

Cinema

അഭ്രപാളിയിലെ അർദ്ധനാരികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ടി.കെ. മുരളീധരൻ

ഗോഡെ കൊ ജലേബി...

ടി.കെ. മുരളീധരൻ 

മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പ്രശസ്ത നാടക പ്രവർത്തക അനാമിക ഹക്‌സറിന്റെ ആദ്യ...

നല്ലൊരു നാലുമണി നേരം…

ടി.കെ. മുരളീധരൻ 

റെയിൽവേ പ്ലാറ്റ്‌ഫോമിലെ ബഞ്ചുകൾ പരസ്പരം സ്ഥലംമാറിക്കളിക്കുന്ന നല്ലൊരു നാലുമണിനേരം, ടിക്കറ്റെടുക്കാതെ തന്റെ പരിധിക്കുള്ളിൽ നുഴഞ്ഞുകയറിയവനെയൊക്കെ...

T.K. Muraleedharan

ടി.കെ. മുരളീധരൻ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven