• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പാവാട

ലിജിഷ എ. ടി. January 20, 2019 0

ഒരു മഴക്കാലത്തെ വെളുപ്പാൻ കാലത്താണ് വിരാതന്റെ വിവാഹാലോചന വരുന്നത്! പാലൈസ് പോലെ കൊതി പിടിപ്പിച്ച് തണുപ്പ് റബർക്കാടിറങ്ങി വന്നിട്ടുണ്ടാരുന്നു.

പൂളയും ബീഫും പോലെ ഞായറാഴ്ചയും തണുപ്പും ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ, ഒന്നുകൂടി ചുരുണ്ടുകിടന്ന് ഞാൻ ഫോണെടുത്ത് മൊബൈൽഡാറ്റ ഓണാക്കി. ഫെയ്‌സ്ബുക്ക് തുറന്നപ്പോൾത്തന്നെ കണ്ടത് ഉമേഷിന്റെ ഒരു വർഷം പഴക്കമുള്ള വിരഹസാഹിത്യമായിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പുകളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പിയ ഏതോ അനുഭാവി അതിനെ കുത്തിപ്പൊക്കി മുകളിലേയ് ക്കിട്ടിരിക്കുന്നു! അഞ്ഞൂറ്റിതൊണ്ണൂറ് ലൈക്കും അറുപത്തിരണ്ട് കമന്റും കിട്ടിയിട്ടുണ്ടായിരുന്നു ആ കുറിപ്പിന്. ദിവസങ്ങളോളം വെള്ളത്തിനടിയിൽ കുടു
ങ്ങിക്കിടന്ന ശവത്തിനെ കരയത്തേക്ക് വലിച്ചിട്ട മാതിരി, ആ പോസ്റ്റിൽ നിന്നും ചീഞ്ഞമണമുയരുന്നതായി എനിക്ക് തോന്നി. ഡാറ്റ ഓഫ് ചെയ്ത് മടുപ്പോടെ ഞാനെണീറ്റു. ചുരിദാർടോപ്പ് പൊക്കി, പിറകിലൂടെ കയ്യിട്ട് ബ്രായുടെ കൊളുത്തിട്ടു. ഉറങ്ങാൻകിടക്കുമ്പോൾ ബ്രായുടെ കൊളുത്തഴിച്ചിട്ടിട്ടില്ലെങ്കിൽ ഒരു ശ്വാസംമുട്ടലാണെനിക്ക്.

കോട്ടെരുമകളെ പേടിച്ച് രാത്രി ചെവിയിൽ തിരുകിയ പഞ്ഞിത്തുണ്ടുകൾ എടുത്തുകളഞ്ഞ് നേരെ അടുക്കളയിലേക്ക് നടന്നു. വെയിലാദ്യം വീഴുന്നത് അടുക്കളപ്പുറത്താണ്. ദേഹത്തിക്കിളിയിട്ട് വെയിൽ തണുപ്പിനെയടർത്തിയെടുത്തോളും.

ചിന്തകളുടെ അലസമായ മേയലും പല്ലുതേപ്പും കഴിഞ്ഞ് മുഖം കഴുകി, അടുക്കളപ്പുറത്തെ ചുമരിൽ തറച്ച കൊട്ടയിൽ ബ്രഷിടുമ്പോഴാണ് ഉമ്മറത്തു നിന്ന് യശോദേച്ചിയുടെ ശബ്ദം കേട്ടത്.

”ഇവിടാരൂല്ലേ?!”. അമ്മ ഉമ്മറത്തേക്കു ചെന്നു.

ഭാവിയിൽ വാർഡ്‌മെംബറൊക്കെ ആവാൻ സാധ്യതയുള്ള ഒരു പരോപകാരപ്രിയയായിരുന്നു യശോദേച്ചി.

ഉമ്മറത്തെ തിണ്ടിലിരുന്ന് രണ്ടു പേരും കുനുകുനെ സംസാരിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട്, ടെറസിലേക്കുള്ള കോണിപ്പടിയിലിരുന്ന് ഞാൻ അരിദോശയും തക്കാളിച്ചമ്മന്തിയും തിന്നു. അച്ഛൻ രാവിലെതന്നെ സ്വർണക്കടയിലേക്കു പോയിരുന്നു. ഞായറാഴ്ചയും മൂപ്പർ ലീവെടുക്കാറില്ല. പ്ലസ്ടു കഴിഞ്ഞ് പെയിന്റിംഗിന് പോകുന്ന അനിയൻ അനൂപ് ഇനിയും എണീറ്റിരുന്നില്ല. പ്ലസ്‌വൺകാരി അനിയത്തി നിഷിത എണീറ്റയുടനെ കക്കൂസിലേക്ക് കയറിയിട്ടുണ്ടായിരുന്നു. അര മണിക്കൂറാണവളുടെ കക്കൂസ്‌ടൈം.

ദോശ തിന്ന് കഴിഞ്ഞപ്പോൾ കൊട്ടത്തളത്തിൽ കൂട്ടിയിട്ട പാത്രങ്ങൾ മുഴുവൻ ഞാൻ കഴുകിവച്ചു. എന്നിട്ടും അമ്മയുടെയും യശോദേച്ചിയുടേയും സംസാരം തീർന്നിരുന്നില്ല. കറിയും ചായയും വീണു കറുത്ത ഗ്യാസടുപ്പ്, വിമ്മ് കലക്കിയ വെള്ളത്തിൽ തുണി മുക്കിത്തുടച്ച് വൃത്തിയാക്കി, റാക്കിലെ പാത്രങ്ങളും കുപ്പികളുമെല്ലാം ഒതുക്കിവച്ച്, തോർത്തും മാറാനുള്ള വസ്ത്രവുമെടുത്ത് ഞാൻ കുളിക്കാനിറങ്ങി. കുളിമുറിയിലേക്ക് നടക്കുമ്പോൾ യശോദേച്ചി എന്നെയൊന്ന് ചുഴിഞ്ഞു നോക്കി.

”ഈ പെണ്ണ് ഓരോ ദെവസോം ഒണങ്ങാണല്ലോ അനിതേ…”

”ഉം…” അമ്മ മൂളി.

നല്ല തടിയുണ്ടായിരുന്നതാണ്. ഉമേഷുമായി ബ്രേക്കപ്പാവണ സമയത്തെ സംഘർഷങ്ങൾ കൊണ്ടായിരുന്നു വല്ലാതെ മെലിഞ്ഞു പോയത്. എല്ലാം മറന്ന് വരുമ്പോഴാണ്, വീണ്ടും ആ പോസ്റ്റ് പൊങ്ങിവന്നത്! ചങ്ങാതിപ്പട്ടികയിൽ നിന്നവനെ നീക്കം ചെയ്താലോന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ അഭിമാനം സമ്മതിച്ചില്ല. ഡിഗ്രിക്കാലത്ത് തുടങ്ങിയതായിരുന്നു ആ പ്രണയം. അഞ്ചെട്ട് മാസം കഴിഞ്ഞപ്പോഴേക്ക് പ്രശ്‌നങ്ങൾ
പ്രത്യക്ഷമായിത്തുടങ്ങി. ഉമേഷിന്റെ തിരക്കുകളായിരുന്നു പ്രധാന പ്രശ്‌നം.

പ്രണയത്തുടക്കത്തിൽ അവനെഴുതിയ കത്തിലെ മനമോഹനസങ്കല്പങ്ങൾ ചൂണ്ടിക്കാണിച്ചുള്ള എന്റെ പരാതിപരിദേവനങ്ങൾക്ക് അവൻ നൽകിയ മറുപടി ഇതായിരുന്നു, ”നീ മിഥുനത്തിലെ ഉർവശിയേക്കാൾ ചീപ്പാണല്ലോ അഷിതേ!”.

അവന്റെ തിരക്കുകൾ കൂടിക്കൂടി ആഴ്ചയിലൊരിക്കൽ ഫോണിൽേപാലും സംസാരിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഞാൻ വിഷാദവള്ളികൾക്കിടയിൽപ്പെട്ട് വീർപ്പുമുട്ടിപ്പിടഞ്ഞു. അതിനിടയിൽ നിന്നെന്നെ വലിച്ച് പുറത്തേയ്ക്കിട്ടത് കൃഷ്ണയാണ്. എന്റെ കൂട്ടുകാരി
യും നാട്ടുകാരിയുമായിരുന്നു അവൾ. സിനിമയിലെ സ്ത്രീവിരുദ്ധതകളായിരുന്നു അവളുടെ ഗവേഷണവിഷയം.

”ഡിഗ്രി കഴിഞ്ഞ് തേരാപാരാ നടക്കണ അവന് ഇപ്പഴേ ഇത്ര തെരക്കാണെങ്കിൽ, നാളെയൊരു ജോലി കിട്ടിയാൽ എന്തായിരിക്കും സ്ഥിതി! നിങ്ങൾക്ക് വർഷത്തിലൊരിക്കൽേപാലും തമ്മിൽ കാണാൻ പറ്റില്ല അഷീ… നീപ്രാക്ടിക്കലായി ഒന്നാലോചിച്ചു നോക്ക്. ഇതാണോ നീയാഗ്രഹിച്ച പ്രണയം? ജീവിതം!”

കൊന്നയുടെയും പറങ്കിമാവിന്റേയും നിഴലിണ ചേരുന്ന തണലിലിരുന്ന് എന്റെ കണ്ണീർ തുടച്ചു കളഞ്ഞുകൊണ്ട് ഒരുദിവസം അവളെന്നോട് ചോദിച്ചു.

ഞാൻ വളരെയധികം ആലോചിച്ചു. ഒടുവിൽ ബ്രേക്കപ്പാവാൻ തന്നെ തീരുമാനിച്ചു. ബ്രേക്കപ്പാവണ കാര്യം ഉമേഷിനോട് പറഞ്ഞപ്പോൾ, ഞാൻ പ്രതീക്ഷിച്ച ഭാവമാറ്റമൊന്നും അവനിൽ നിന്നുണ്ടായില്ല.

”നമ്മുടെ അഭിരുചികൾക്ക് ധ്രുവങ്ങളോളം അകലമുണ്ടഷിതേ. നമുക്ക് ഭാവിയിലും നല്ല സുഹൃത്തുക്കളായി തുടരാം”- ഒരു സന്യാസിയുടെ ശാന്തതയോടെ അവൻ പറഞ്ഞു.

പാതി തീർന്ന രണ്ട് കട്‌ലെറ്റുകളെ സാക്ഷിയാക്കി ഞങ്ങൾ പിരിഞ്ഞു. ഞാനന്ന് പി.ജി ഒന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു. ഞങ്ങൾ പിരിഞ്ഞ് ഒന്നൊന്നര ആഴ്ചകഴിഞ്ഞപ്പോൾ എനിക്ക് പി.എസ്.സി വഴി ഇറിഗേഷൻ വകുപ്പിൽ ജോലി കിട്ടി. ഒന്നുരണ്ട് ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ജോലി കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

അതിനുശേഷം ഉമേഷ് ഞങ്ങളുടെ പൊതുചങ്ങാതികളോടൊക്കെ പറഞ്ഞു, ജോലിക്കാരിയായപ്പോൾ ഞാനവനെ തേച്ചതാണെന്ന്! ഒന്നാന്തരം വിരഹസാഹിത്യമെഴുതി ഫേസ്ബുക്കിലുമിട്ടു. ഒറ്റ ദിവസം കൊണ്ട് തന്നെ 541 ലൈക്കും 57 കമന്റും കിട്ടിയ ആ പോസ്റ്റാണ് ആരോ കുത്തിപ്പൊ
ക്കി കരയത്തിട്ടിരുന്നത്!

കുളി കഴിഞ്ഞ് വരുമ്പോൾ യശോദേച്ചി പോയിരുന്നു. അമ്മ അടുക്കളയിലാണ്. ഈ തക്കത്തിന് വരാന്തയിലേക്ക് കയറിയ ചെമ്പിക്കോഴി വരാന്തയുടെ കാ വിയിൽ കാഷ്ഠിച്ചി ട്ടുണ്ടായിരുന്നു. ഞാൻ കോഴിയെ ആട്ടിയോടിച്ചുകൊണ്ട് അനിയത്തിയെ വിളിച്ചു.

”എടീ നിഷിതേ…” രാവിലെത്തന്നെ ഉമേഷിനെ ഓർക്കേണ്ടി വന്ന അരിശം ആരോടെങ്കിലും തീർക്കണമല്ലോ. നിഷിത കക്കൂസിൽ നിന്നിറങ്ങി അടുക്കളപ്പുറത്ത് പല്ലു തേച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഴിൽ പഠിക്കുന്ന കാലത്ത് നിഷിതയ്ക്ക് സ്‌കൂളിൽ നിന്നും കിട്ടിയ കോഴിയുടെ
ചെറുമകളായിരുന്നു ചെമ്പി.

”നിന്റെ കോഴീന്റെ പേരക്കുട്ടി അവ്‌ടെ അപ്പീട്ടിട്ട്ണ്ട്. പോയി കോരിടെടീ” ഞാൻ ആജ്ഞാപിച്ചു. ”ചേച്ചിയ്‌ക്കെന്താ കോരിയിട്ടാൽ. ഞാൻ പല്ലേയ്ക്കണത് കണ്ടില്ലേ?” അവൾ എന്നേക്കാൾ വലിയ ഒച്ചയിട്ടു!

”അയ്യടാ.. നിന്റെ കോഴീന്റെ പേരക്കുട്ടി അപ്പീട്ടത് ഞാനെന്തിനാ കോരിട്ണത്? മാത്രല്ല ന്റെ കുളീം കഴിഞ്ഞു” അടുക്കളവാതിലിന്റെ പടിയിൽ നിന്നു തല തുവർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.

”ന്റെ കോഴീന്റെ പേരക്കുട്ടീന്റെ മുട്ടട്ത്ത് ബുൾസൈ ആക്കിത്തിന്നാൻ വരൂലോ, അപ്പൊ ഞാൻ പറയണ്ട് ബാക്കി” അവൾ അരിശത്തോടെ പേസ്റ്റ്പത നീട്ടിത്തുപ്പി.

എച്ചിൽപാത്രത്തിൽ നിന്ന് മീൻ മുള്ളും കടിച്ചോടുന്ന വെള്ളപ്പൂച്ചയുടെ നടുപ്പുറത്താണ് തുപ്പൽ വീണത്. പൂച്ച മീൻ മുള്ള് താഴെയിട്ട് വിറകട്ടിയുടെ പിന്നിലേക്കോടി.

”രാവിലത്തന്നെ തൊടങ്ങി രണ്ടും. കെട്ടിച്ചുവിട്ടാ നാല് മക്കളാവണ്ട പ്രായായില്ലേ അഷിതേ അണക്ക്. അണക്കെങ്കിലും ഒന്ന് കൊറഞ്ഞൊട്ത്തൂടേ?” അമ്മ എന്നെ പ്രാകിക്കൊണ്ട് ചകിരിത്തുപ്പുമെടുത്ത് കോഴിക്കാട്ടം കോരിക്കളയാൻ പോയി.

നിഷിതയ്ക്ക് ഇളയസന്തതിയെന്ന ആനുകൂല്യം കിട്ടും. അനൂപിന് ആൺകുട്ടിയെന്ന പരിഗണനയും. മൂത്തസന്തതിയായ എനിക്ക് ചീത്തേം പ്രാക്കും. ആവശ്യത്തിൽ കൂടുതൽ സങ്കടം വന്നു എനിക്കപ്പോൾ. കോഴിക്കാട്ടം കളഞ്ഞ് കയ്യും കഴ്കി വന്നതിനു ശേഷാണ് അമ്മ,
യശോദേച്ചി പറഞ്ഞ കാര്യം അവതരിപ്പിച്ചത്.

ടൈലർ ഗോവിന്ദേട്ടന്റെ മൂത്ത മകനും ഹയർസെക്കന്ററി അധ്യാപകനുമായ ‘വിരാതൻ’ എന്നെ കല്യാണമാലോ ചിച്ചിരിക്കുന്നു!

അമ്മ വിരാതന്റെ പേരു പറഞ്ഞയുടൻതന്നെ എന്റെ മനസ്സിൽ തെളിഞ്ഞത്, വിരാതൻ ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയുന്ന രംഗമാണ്. അന്നവൻ ബിഎഡിനു പഠിക്കുകയായിരുന്നെന്നു തോന്നുന്നു. അവന്റെ അമ്മ ഓഫീസിൽ നിന്നു വരുന്ന ബസ് ആക്‌സിഡന്റായതറിഞ്ഞ് ഹോസ്പിറ്റലിലേക്കു പോവാൻ വണ്ടി കാത്തുനിൽക്കുകയായിരുന്നു അവനും അച്ഛനും അനിയനും.

കൃഷ്ണയുടെ വീടിന്റെ ടെറസിൽ നിന്നു നോക്കിയാൽ വിരാതന്റെ വീട്ടിലേക്ക് നല്ല കാഴ്ചയാണ്. അവൾ വായ് നോക്കുന്ന, ‘സ്ഥലത്തെ പ്രധാന പയ്യനാ’യിരുന്നു വിരാതൻ. കാറിൽ കയറുമ്പോഴും അവൻ വിതുമ്പിക്കരഞ്ഞ് കണ്ണു തുടച്ചുകൊണ്ടേയിരിക്കുന്നത് ഞാനും കൃഷ്ണയും കണ്ടു.

” അവനെന്തിനാ ഇങ്ങനെ മോങ്ങണേ… മന്ദബുദ്ധിയാണോ ഇനി?”കൃഷ്ണ പിറുപിറുത്തു.

പത്തിരുപത്തഞ്ചു വയസ്സു കഴിഞ്ഞ ഒരു ചെറുപ്പക്കാരൻ വാവിട്ട് കരയുന്ന രംഗം എനിക്കും അത്ര സുഖകരമായിത്തോന്നിയില്ല.

”കാണാനൊക്കെ കൊള്ളാം ടീ… പക്ഷേ ഒരു മണ്ണുണ്ണിയാണ്. ഞാനെത്രവട്ടം വശീകരിക്കാൻ നോക്കീട്ട്‌ണ്ടെന്നോ..! ഒരു മൈൻഡൂല്ല. എന്റമ്മേടെ കമ്പനിയാ. തുണിക്കോലം കണ്ടാലും വെറ്‌തെ വിടാത്ത ആമ്പിള്ളേര്‌ടെ കാലത്ത് ഇങ്ങനത്തെ അത്ഭുതജീവ്യോളുംണ്ടഷിേത…”

കൃഷ്ണ ആ പറഞ്ഞത് എനിക്കത്ര ഇഷ്ടായില്ല. അതു പറയേണ്ട സാഹചര്യമല്ലല്ലോ അത്. അവന്റെ അമ്മയ്ക്ക് എന്തു പറ്റീട്ട്ണ്ടാകുംന്നായിരുന്നു എന്റെ
മനസ്സിലപ്പോൾ. പക്ഷേ ഒന്നും പറ്റിയിട്ടില്ലെന്ന് കൃഷ്ണയുടെ അച്ഛൻ വന്നു പറഞ്ഞു. പേടിച്ച് ബോധം പോയതാണത്രേ.

അങ്ങനെയാണ് എനിക്ക് വിരാതനെ പരിചയം. അവന് ജോലി കിട്ടിയ വിവരം ഞാനറിഞ്ഞത് തൊഴിലൊറപ്പുകാരിൽ നിന്നാണ്.

പാചകവാതകത്തിന് വീണ്ടും വില കൂട്ടിയതിനെതിരെ ഹർത്താലുള്ള ദിവസായിരുന്നു അത്. ഞങ്ങളുടെ തൊടിയിൽ വരമ്പ് മാടലായിരുന്നു
അന്ന് തൊഴിലൊറപ്പുകാർക്കുള്ള പണി. വൈകുന്നേരം അവരേം കൂട്ടി ഒരു പ്രതിഷേധപ്രകടനം നടത്താൻ തൊഴിലൊറപ്പുചുമതലയുള്ള പ്രിയേച്ചി പ്ലാനിട്ടിട്ടുണ്ടായിരുന്നു. പണിക്കാർക്കുള്ള പൂള തോലു കളഞ്ഞുകൊണ്ട് അടുക്കളപ്പുറത്തെ തിണ്ടിലിരിക്കുകയായിരുന്നു ഞാൻ. അനിയൻ ഓട്ടടയും ചായയും കഴിച്ചുകൊണ്ട് എന്റടുത്തിരിപ്പുണ്ടായിരു ന്നു. ഗോവിന്ദേട്ടന്റെ അനിയന്റെ ഭാര്യ രാധേച്ചിയാണ് തുടങ്ങിയത്.

”ഗോയിന്ദേട്ടന്റെ മോന് ജോലി കിട്ടീട്ടോ… സ്‌കൂൾ മാഷാണ്”.

”എൽ പി സ്‌കൂളിലാ?” എന്റമ്മയാണത് ചോദിച്ചത്.

”ഹയർസെക്കണ്ടറിയാടീ….”

”ഔ… നല്ല ശമ്പളം ണ്ടാക്വല്ലോ!”

”പറഞ്ഞിട്ടെന്താ… ആ ഗോയിന്ദന്റെ ചേല്‌ക്കെന്ന്യാ ഓന്റെ മക്കളും. ആങ്കുട്ടിയോൾടെ ഒരു ചൊടീം ചൊണേം ല്ല്യ…”പങ്കജ എന്ന ഞങ്ങളുടെ പങ്കുച്ചേച്ചി പറഞ്ഞു.

”അതു ശര്യാ… വളർത്ത്യേന്റെയാട്ടോ. യാമിനിയല്ലേ അവ്ട്‌ത്തെ കാര്യസ്ഥത്തി. ഇങ്ങക്ക് കേക്കണോ, ഗോയിന്ദേട്ടനാണ് ആ വീട്ടിലെ പണി മുഴ്വൻ ട്ക്കണത്. യാമിനി രാവ്‌ലെ പോസ്റ്റോഫീസിൽക്ക് പോയാല്, മൂപ്പര് അ്ടിച്ച്വാരലും പാത്രം കഴ്കലും ഒക്കെ കഴ്ച്ചിട്ടേ മെഷീന്മ്മല് ഇര്‌ക്ക്യൊള്ളു. തുണി മുഴ്വൻ തയ്‌ച്ചേന് ശേഷം, യാമിനി വര്മ്പഴ്ക്കും രാത്രിൽക്ക്ള്ള ചോറിന് വെള്ളോം അട്പ്പത്ത് വയ്ക്കും” രാധേച്ചി കൊത്തല് നിർത്തി, വെള്ളം കുടിക്കുന്നതിനിടയ്ക്കാണ് ഇത്രയും പറഞ്ഞത്.

”എന്താലേ… ഓള് ജോലിക്കാരിയായേന്റെ പൗറെന്നെ! ന്റെ രാമേട്ടനെക്കൊണ്ട് ഒരു സ്പൂണും കൂടി ഞാൻ തൊടീക്കൂല. മൂപ്പര്ക്കാണേല് കുപ്പായക്കൊളത്ത് വരെ ഞാനിട്ടൊട്ക്കണം” അതു പറയുമ്പോൾ അമ്മയുടെ മുഖം അഭിമാനം കൊണ്ട് തിളങ്ങിയിരുന്നു.

അമ്മ പറഞ്ഞത് ശരിയായിരുന്നു, അച്ഛന്റെ ആജ്ഞകളനുസരിക്കുന്ന നല്ലൊരു വീട്ടുകാരിയായിരുന്നു അമ്മ. പക്ഷേ അച്ഛൻ അമ്മയെ
സ്‌നേഹത്തോടെ നോക്കുന്നതുപോലും ഞങ്ങളാരും കണ്ടിട്ടില്ല.

”ഗോയിന്ദേട്ടനെപ്പോലൊരു കെട്ട്യോനെ കിട്ടീത് യാമിനിയേച്ചീടെ ഭാഗ്യം” പ്രിയേച്ചി നെടുവീർപ്പിട്ടു. ”ന്ത് ഭാഗ്യാടീപ്രിയേ… ആ ഗോയിന്ദനെ എല്ലാരും വിളിക്കണത് ന്താന്നറിയോ, പെങ്കോന്തൻന്ന്. അന്റെ കെട്ട്യോനെ പെങ്കോന്തൻ ന്ന് വിളിക്കണത് ഇയ്യന്റെ ഭാഗ്യായി കര്‌ത്വോ?”പങ്കുച്ചേച്ചി കൊത്തല് നിർത്തി തലയിൽ കെട്ടിയ തോർത്ത് അഴിച്ചു കെട്ടി പ്രിയേച്ചിയ്ക്കഭിമുഖമായി നിന്നു കൊണ്ട് ചോദിച്ചു.

”അങ്ങനെ വിളിക്കണോരല്ലേ മോശക്കാര് പങ്കുച്ചേച്ച്യേ… ഗോയിന്ദേട്ടനല്ലല്ലോ. ന്റെ വീടിനട്ത്ത് പുത്യേ താമസക്കാര് വന്ന കാര്യം പറഞ്ഞില്ലെ ഞാന്. കെട്ട്യോനും കെട്ട്യോളും ഡോക്ടർമാരാണ്. രണ്ടിനും നല്ല സ്വഭാവാണ്. ഒരീസം രാവിലെ ഞാന് മുറ്റടിച്ച്വാരുമ്പൊ ഡോക്ട്ടറ് അയലിമ്മല് തുണി തോരട്വാണ്. ആര്? പെണ്ണല്ല. ആൺഡോക്ടറ്! കെട്ട്യോൾടെ അടിപ്പാവടേം ബോഡീം ഒക്കെ അലക്കിപ്പിഴിഞ്ഞ് ഒണക്കാനിട്വാ. എനിക്കിത് കണ്ടിട്ട് ആകെപ്പാടെ ഒരങ്കലാപ്പ്. ഞാൻ ചോയ്ച്ചു, കെട്ട്യോളെവ്‌ടേന്ന് . അപ്പൊ മൂപ്പര് പറയ്യാ, ഓള് പിര്യേഡ്‌സായി കെടക്ക്വാ. തീരെ വയ്യാന്ന്”

പ്രിയേച്ചി പറഞ്ഞത് വിശ്വസിക്കാനാവാതെ നാല്പത് കഴിഞ്ഞ ആ പതിനൊന്ന് പെണ്ണുങ്ങളും വായും പൊളിച്ച് നിന്നു. പെട്ടെന്നടങ്ങിയ കാറ്റു പോലെ
എല്ലാ കൈക്കോട്ടുകളും നിശ്ചലമായിരിക്കുകയാണ്.

”അടിച്ച്വാരലും പാത്രംകഴ്കലും പോട്ടെ, മ്മളെ തുണ്യൊക്കെ ആണ്ങ്ങളെക്കൊണ്ട് തിര്മ്പിക്ക്യാന്ന് വെച്ചാല്!ന്റെ കൃഷ്ണാ…” അമ്മ കൃഷ്ണനെ വി
ളിച്ച് എന്നെയൊന്ന് നോക്കി, ഞാനെങ്ങാനും കേട്ടോ ഈ മഹാപാപം എന്ന മട്ടില്.

പൂള തൊലി കളയുന്നത് നിർത്തി, അവരുടെ വർത്താനം കേട്ടിരിക്കുകയായിരുന്ന ഞാൻ പെട്ടെന്ന് കത്തി കയ്യിലെടുത്ത് പണി തുടർന്നു.

”ന്താപ്പൊ ത്ര മോശം? ഇനിക്ക് പൊറത്താവണ സമയത്ത് ഒട്ക്കത്തെ വയറ്റുവേദനേം ഛർദീമാണ്. ന്റെ മൂപ്പര് ഒര് ഗ്ലാസ് വെള്ളം കൂടിട്‌ത്തെരൂല. മോള് ഹോസ്റ്റലീന്ന് വര്ണ ദീസാണെങ്കില് ഒരാശ്വാസാണ്” പ്രിയേച്ചിയുടെ ശബ്ദം നേർത്തു വന്നു.

അസ്വസ്ഥമായ ഓർമകളിൽ പിടഞ്ഞെന്നവണ്ണം ആ പന്ത്രണ്ട് പെണ്ണുങ്ങളും നിശബ്ദരായി. പിക്കാസിന്റേയും കൈക്കോട്ടിന്റേയും ശബ്ദം മാത്രമുയർന്നു. കൊക്കിക്കരഞ്ഞുകൊണ്ട് ഒരു പിടക്കോഴിയും പിറകെെയാരു പൂവനും അവർക്കിടയിലൂടെ പാഞ്ഞു പോയിക്കൊണ്ട് ആ പെൺനിശബ്ദതയെ ചിതറിപ്പിച്ചു.

”പുത്യേ കുട്ട്യാളൊക്കെ കൊറേ മാറീണ് ട്ടൊ” അതുവരെ മിണ്ടാതിരുന്ന ബിച്ചിമ്മുത്താത്ത ഒരാശ്വാസം പോലെ പറഞ്ഞതപ്പോഴാണ്.

പൂള നുറുക്കിക്കഴിഞ്ഞിരുന്നു. അനിയൻ നാല് ഓട്ടടയും തിന്ന് തീർത്ത് പാത്രം അവിടെത്തന്നെയിട്ട്, എഴുന്നേറ്റു പോയി കൈകഴുകി വന്ന് മുണ്ടിന്ററ്റംകൊണ്ട് വാ തുടയ്ക്കുമ്പോൾ പറഞ്ഞു,

”ഈ പെണ്ണുങ്ങള്ങ്ങനെ പരദൂഷണം പറഞ്ഞ് നിന്നാല് പത്തീസംകൊണ്ടും തൊടീലെ പണി തീരില്ല” അവന്റെ പുച്ഛഭാവം എനിക്കൊട്ടുമിഷ്ടായില്ല.

”പരദൂഷണാന്ന് നെനക്ക് തോന്നും. ഓര് കുട്മ്പത്തിലെ അസന്തുലിതാവസ്ഥകളാണ് ചർച്ച ചെയ്യണേന്ന് മനസിലാക്കാനുള്ള ബുദ്ധി നെനക്കില്ല അനൂപേ…”

”അസന്തുലിതാവസ്ഥകളേയ്! മണ്ണാങ്കട്ട! എന്നോട് പറഞ്ഞത് പറഞ്ഞു, വേറാരോടും പറയണ്ടട്ടോ ഈ മണ്ടത്തരം!” അവൻ മുഖംകോട്ടിക്കൊണ്ട് അകത്തേക്കു പോയി.

രണ്ട് ദിവസം നീണ്ടുനിന്ന കൂലങ്കഷമായ ആലോചനയ്ക്ക് ശേഷം, മനസ്സ് പലവട്ടം വിസമ്മതം പ്രകടിപ്പിച്ചിട്ടും വിരാതനുമായുള്ള വിവാഹത്തിന് ഞാൻ സമ്മതം നൽകി. കല്യാണക്കാര്യം അറിഞ്ഞ കൃഷ്ണ കണ്ണും തുറിച്ച് നോക്കി.

”എടീആ മണ്ണുണ്ണിയെയാണോ നീകെട്ടാൻ പോണത്?”

എന്തുകൊണ്ടാണ് ആ വിവാഹത്തിന് സമ്മതിച്ചതെന്ന് എനിക്കുതന്നെ തിട്ടമില്ല. സമ്മതിച്ചു കഴിഞ്ഞ ശേഷം പിന്നെയെനിക്കു തോന്നി, ഇതു വേണ്ടീരുന്നോ എന്ന്! ചെല മനുഷ്യരുടെ സ്വഭാവമാണല്ലോ അത്. വേണ്ടെന്ന് തോന്നിയാലും വേണംന്ന് പറയും. വേണമെങ്കിലും വേണ്ടെന്നു പറയും. വീട്ടുകാർക്ക് എതിർപ്പില്ലാത്തത് വിരാതന്റെ ജോലിയും ശമ്പളവും കണ്ടിട്ടുതന്നെയായിരുന്നു. എന്തായാലും ആലോചന വന്ന് മൂന്നുമാസത്തിനു ശേഷം, വലിയ ആർഭാടമൊന്നുമില്ലാതെ വിരാതനുമായുള്ള വിവാഹം
കഴിഞ്ഞു.

”ഇതെന്തിനാണ് ഈ മുല്ലപ്പൂവും പട്ടുസാരീം, നീ ഒറങ്ങാൻ പോവ്‌മ്പൊ ഇതൊക്കെയാ ഇടാറ്?”

ആദ്യരാത്രിയിൽ വിരാതനെന്നോട് ചോദിച്ചു. ആദ്യരാത്രി യെക്കുറിച്ച് കേട്ടതെല്ലാം ഭീകരകഥകളായിരുന്നതിനാൽ, വിരാതന്റെ ആ സരസഭാവം എനിക്കിഷ്ടായി.

”ഈ സിനിമേലൊക്കെ ഇങ്ങനല്ലേ ഫസ്റ്റ്‌നൈറ്റ്” ഞാൻ സത്യം പറഞ്ഞു.

അവനാർത്തു ചിരിച്ചു. കൃഷ്ണസമ്പർക്കം കൊണ്ട് എന്തു പറഞ്ഞാലും സിനിമ ഉദാഹരണമായി കേറിവരും. മനസ്സിൽ കൃഷ്ണയെ പ്രാകിക്കൊണ്ട് ഞാൻ ജാള്യതയോടെ കുളിമുറിയിൽ പോയി വസ്ത്രം മാറി വന്നു.

”ഇതെന്താ ഇങ്ങനൊരു പേര്? വിരാതൻ!”

കേട്ടതു മുതൽ എന്നെ കൗതുകപ്പെടുത്തിയ കാര്യം ഞാനും ചോദിച്ചു.

”നിനക്കറിയില്ലേ, മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്”.

പാണ്ഡവർ അജ്ഞാതവാസത്തിന് തിരഞ്ഞെടുത്തത് വിരാടന്റെ രാജധാനിയാണെന്നറിയാം. എത്ര ആലോചിച്ചിട്ടും പക്ഷേ വിരാതനെന്നൊരു കഥാപാത്രത്തെ എനിക്കോർമ വന്നില്ല.

”എന്റെ അമ്മയാണ് ഈ പേരിട്ടത്. വനവാസക്കാലത്ത്, പാണ്ഡവർ കാമ്യകവനത്തിൽ അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്തവരായിരുന്നത്രേ
കിർമീകനും കിരാതനും വിരാതനുമൊക്കെ. അവരായിരുന്നു അവിടത്തെ അന്തേവാസികൾ. കാട്ടാളന്മാരോടേറ്റുമുട്ടിയാൽ കാട്ടിൽ പാർക്കാനാവൂലാന്ന് മനസ്സിലായ പാണ്ഡവർ അവരുമായി സമവായത്തിലെത്തിയതാണത്രേ!”

”അനിയന് കിരാതൻന്ന് പേരിടാഞ്ഞതെന്തേ?”എനിക്ക് ചിരിയടക്കാനായില്ല.

”അതിനുള്ള ധൈര്യം അമ്മയ്ക്കില്ലായിരുന്നു. അതോണ്ടാണ് അനിയന് നിഷാദൻ ന്ന് പേരിട്ടത്”.

”അപ്പൊ ഒരു കാട്ടാളനെയാണ് ഞാൻ കല്യാണം കഴിച്ചിരിക്കുന്നത്!”

അങ്ങനെയങ്ങനെ ഞങ്ങൾ കുറേ സംസാരിച്ചു. എന്റെ ഫെയ്‌സ്ബുക്ക് എഴുത്തുകളായിരുന്നത്രേ അവനെ ആകർഷിച്ചിരുന്നത്! ഉറക്കം വന്നു തുടങ്ങിയെന്നു തോന്നിയപ്പോൾ അവൻ ഉറങ്ങിക്കോളാൻ പറഞ്ഞു. നല്ല ക്ഷീണമുണ്ടായിരുന്നതു കൊണ്ട് ഞാൻ കിടന്നു.

പെട്ടെന്നാണെനിക്ക് ഇതെന്റെ ആദ്യരാത്രിയാണല്ലോ എന്നോർമ വന്നത്. ഞെട്ടികണ്ണു തുറന്നു നോക്കുമ്പോൾ വിരാതൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.

ഒരുനിമിഷം പതറിപ്പോയെന്നത് സത്യമാണ്. ഞാൻ കേട്ടിരിക്കുന്ന ആദ്യരാത്രി ഇങ്ങനല്ലല്ലോ. കണ്ടിരിക്കുന്നതും വായിച്ചിരിക്കുന്നതും ഇ
ങ്ങനെയല്ല. എന്തായാലും അധികം ആലോചിക്കുംമുമ്പെ ഉറക്കം എന്നേയും പിടിച്ചു തോളത്തിട്ട് നടന്നുകഴിഞ്ഞിരുന്നു. കണ്ണു തുറന്നു നോക്കുമ്പോൾ വിരാതനെന്നെ നോക്കിക്കിടക്കുകയായിരുന്നു. മുറി നിറയെ ഇളംവെയിൽ പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.

”ഉറക്കം തെളിഞ്ഞോ?” അവൻ ചോദിച്ചു.

”ഉം…” ഞാൻ മൂളി. അവനെന്നെ ചേർത്തു പിടിച്ചു. എന്റെ നട്ടെല്ലിൽ സ്വർണമിന്നൽ പടർന്നുകയറി. അവന്റെ കഴുത്തിൽ മുഖമമർത്തി ഞാൻ കിടന്നു. ഉറവിടമറിയാത്തൊരുന്മാദം എന്റെ രക്തത്തിലൂടെയൊഴുകി. അധരങ്ങൾക്കു പരസ്പരം പറയാനിത്രമാത്രമുണ്ടെന്ന് ഞാനറിഞ്ഞു. നാവുകൾ കെട്ടിപ്പിടിച്ചു. പല്ലുകൾ പരസ്പരം ഇക്കിളിയാക്കി.

പക്ഷേ ഒരുമാസം കഴിഞ്ഞിട്ടും ‘അതു’ മാത്രം നടന്നില്ല. അതിന്റെ വക്കോളം ചെന്ന അനുഭവങ്ങളുണ്ടായിട്ടും എന്താണോ ഒരാൺപെൺബന്ധത്തിന്റെ അവസാനത്തിലുണ്ടാവുക, അതുമാത്രം നടന്നില്ല. എനിക്ക് നേരിയൊരു ശങ്ക തോന്നാതിരുന്നില്ല.

ഞാൻ കണ്ട സിനിമകളിലും സീരിയലുകളിലും സാഹിത്യത്തിലും, കേട്ട സ്വാകാര്യങ്ങളിലുമൊന്നും ഇങ്ങനെയായിരുന്നില്ലല്ലോ! ഒരു മഴ പെയ്താൽ സംഭവിക്കുന്ന ഒന്ന്, വിളക്കണഞ്ഞാൽ, വാതിലടഞ്ഞാൽ ഒക്കെ സംഭവിക്കുന്ന ഒന്നാണല്ലോ അത്. ഞാനും അവനും ഒരുമിച്ച് ജീവിക്കാൻ തുട
ങ്ങിയിട്ട് രണ്ടുമൂന്ന് മഴ പെയ്തു. അതുമാത്രം സംഭവിച്ചില്ല. വേറെ ഒരു പ്രശ്‌നവുമില്ലായിരുന്നു. ഇടയ്ക്ക് ഒരുമിച്ച് സിനിമ കാണാൻ പോവും, യാത്രകൾ പോവും, ഫെസ്റ്റിവലുകളിൽ കറങ്ങാൻ പോവും.സംഘടനയുടെ പരിപാടികൾക്കും ഒരുമിച്ചു തന്നെയാണ് പോയിരുന്നത്.

പാചകമൊക്കെ അവന്റെ അച്ഛനുമമ്മയും നോക്കിക്കോളും. രണ്ടുപേരും എപ്പോഴും മധുരപ്പതിനേഴുകാരെപ്പോലെയാണ്. ചിരിയും കളിയും കൊഞ്ചലുമൊക്കെത്തന്നെ! ഞാനും വിരുവും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട് ചിലപ്പോഴവരെ. എനിക്കും വിരുവിനും വീടു വൃത്തിയാക്കലാണ് ഡ്യൂട്ടി. അനിയന് കടയിൽ പോവുക, സാധനങ്ങൾ വാങ്ങുക തുടങ്ങിയ ജോലികൾ!

വീടും കൂട്ടുകാരിയുമൊക്കെ അടുത്തുതന്നെയായതിനാൽ വലിയൊരു മാറ്റമൊന്നും വിവാഹശേഷം എനിക്കനുഭവപ്പെട്ടില്ല. എങ്കിലും മഴക്കാലത്തെ കോട്ടെരുമകളെപ്പോലെ ചില ശങ്കകൾ പലപ്പോഴായി പാറിവന്നെന്റെ മനസിൽ പെരുകിക്കൊണ്ടേയിരുന്നു.

മുഖവുരയൊന്നുമില്ലാതെത്തന്നെ ഒരുദിവസം കൃഷ്ണയോട് ഞാൻ കാര്യം പറഞ്ഞു. മുറ്റത്തെ പാഷൻഫ്രൂട്ട് പന്തലിനു ചോട്ടിൽ കസേരയിട്ടിരുന്ന്, പുതിയ സാരീബ്ലൗസിന്റെ കൈകളിൽ ചെറുവട്ടക്കണ്ണാടികൾ തുന്നിപ്പിടിപ്പിക്കുകയായിരുന്നു അവൾ. കാര്യം കേട്ടയുടനെ ബ്ലൗസും നൂലുമൊക്കെ മാറ്റിവച്ച് കൃഷ്ണ സഹതപിച്ചു.

”എടീനിന്റെ കാര്യം കട്ടപ്പൊകയാ… ഒന്നുകിൽ അവനൊരു ഗേയാണ്. അല്ലെങ്കിൽ ഒരു ലൈംഗികരോഗി.നിന്നെപ്പോലൊരു സുന്ദരിയായ പെണ്ണി
നെ കിട്ടിയാൽ ഏതെങ്കിലുമൊരാണ് ചുമ്മാ വിടുമോ? സ്വതവേ ഇക്കാര്യത്തിൽ ഒരു സംയമനോം ഇല്ലാത്ത ജീവ്യോളാണ് ആണുങ്ങള്”.

കൃഷ്ണയുടെ സംസാരം കൂടി കേട്ടതോടെ എനിക്ക് പിടിച്ചുനിൽക്കാനായില്ല. നൂലുണ്ടയിൽ നൂല് ചുറ്റിയുമഴിച്ചും കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്നു ഞാൻ.

”എടീ… ഒരു കാര്യം ചെയ്യ്, നീയൊന്ന് മുൻകൈ എടുത്ത് നോക്ക്. എന്താണവന്റെ പ്രതികരണംന്നറിയാലോ” കൃഷ്ണ പറഞ്ഞതു കേട്ട് എന്റെ ശരീര
ത്തിൽ ഒരു വിറയൽ ബാധിച്ചു.

”യ്യേ… അവനെന്നെക്കുറിച്ച് എന്തു വിചാരിക്കും?”ഞാൻ നഖം കടിച്ചു.

”ഒലക്ക! പോടീ… പോയി നിത്യകന്യകയായി ചാവ്!”

ഉത്തരത്തില്ള്ളത് എട്‌ക്കേം വേണം, കക്ഷത്തില്ള്ളത് പോവാനും പാടില്ല. അതായിരുന്നു എന്റെ അവസ്ഥ. കൃഷ്ണ പറഞ്ഞ പോലെ നിത്യകന്യകയായി കഴിയേണ്ടി വരുമോ? ലൈംഗികശേഷി ഇല്ലെന്ന ഒറ്റക്കാരണംകൊണ്ട് വിരാതനെ ഉപേക്ഷിച്ചാൽ ആളുകളെന്നെക്കുറിച്ച് എന്തു വിചാരിക്കും?

ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടീല. അവന്റെ കൂടെ കൂടിയതിനു ശേഷമുള്ള ആദ്യത്തെ ആർത്തവകാലം ഞാനോർത്തു. വയറുവേദനകൊണ്ട് പിടഞ്ഞ എനിക്കുവേണ്ടി, സ്‌കൂളിൽ നിന്ന് അവധിയെടുത്ത്, ചൂടുവെള്ളമുണ്ടാക്കിത്തന്ന്, ചോറു വാരിത്തന്ന്, വയറുഴിഞ്ഞുതന്ന് ഉമ്മകൾകൊണ്ടുറക്കിയ വിരാതനെ, ഉമേഷിനെ മറന്ന പോലെ എനിക്കു മറക്കാൻ സാധിക്കുകയില്ല. വേദന സഹിക്കാനാവാതെ അന്നു ഞാൻ വിരുവിന്റെ വയറ്റത്ത് കടിച്ചപ്പോൾ അവനെനിക്ക് ഉള്ളംകൈ നിവർത്തിത്തന്നിട്ടു പറഞ്ഞു,

”ദാ ഇവ്‌ടെ കടിച്ചോ. നിനക്ക് കടീമായി. എനിക്കു വേദനിക്കേമില്ല”. എങ്ങനെയാണ് ഞാനവനെ മറക്കുക? പല ചിന്തകൾ വലകെട്ടിപ്പാർത്ത് ഇരുട്ടു വീണ മനസ്സുമായി ഞാൻ ദിവസങ്ങൾ തള്ളിനീക്കി.

ഡിസംബറിലെ ഒരുരാത്രി, ധൈര്യമാകെ സംഭരിച്ച് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു, ”നമുക്ക് കുട്ടികളൊന്നും വേണ്ടേ?”. രക്തകോശങ്ങളും ജീവനിലപ്പാളികളും കൊഴിയുന്ന ആർത്തവശിശിരം കഴിഞ്ഞ് പൂത്തുതളിർത്തുകിടക്കുകയായിരുന്നു ഞാൻ. ശരീരത്തിലെ
രോമപ്പരപ്പുകൾ വരെ വസന്തരാഗമാലപിച്ചുകൊണ്ടെന്നെ ഉന്മാദിനിയാക്കുന്നുണ്ടായിരുന്നു.

”നിനക്ക് നിന്നെത്തന്നെ ചൊമക്കാനാവുന്നില്ല. ഒരു കുട്ടിയെക്കൂടി ചൊമക്കാനാവുമോ ഇപ്പൊ?” അവന്റെ മറുപടി!

ഞാനൊന്നും മിണ്ടിയില്ല. കുട്ടികളുടെ കരച്ചില് കേട്ടാലേ കലി വരുമായിരുന്നിട്ടും നിവൃത്തികേടു കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. എന്താണ്
പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്തുകൊണ്ടാണ് എന്റെയാഗ്രഹം
അവനോട് തുറന്നു പറയാനാവാത്തത്? എന്തിനെയാണ് ഞാൻ ഭയക്കുന്നത്? എനിക്കെന്നോടു തന്നെ വല്ലാത്ത അവജ്ഞ തോന്നി. എന്റെ മൗനശാസനം
കേൾക്കാതെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ ഞാനവനിൽ നിന്നടർന്നു കിടന്നു. അവനെങ്ങാനുമറിഞ്ഞാലോ കണ്ണീർനനവ്!

പക്ഷേ അവനപ്പോൾ എന്റെയടുത്തേക്ക് ചേർന്നുകിടന്ന്, ചെവികൾ കടിച്ചുകൊണ്ടു ചോദിച്ചു. ” നിനക്ക് വേറെ വല്ല ആഗ്രഹവുമുണ്ടോ പെണ്ണേ…?” ഞാൻ ചമ്മിച്ചിരിച്ചുകൊണ്ട് അവന്റെ കഴുത്തിൽ മുഖമൊളിപ്പിച്ചു.

എങ്ങനെയാ, എപ്പഴാ, എന്നൊന്നും എന്നോട് ചോദിക്കരുത്. എന്തായാലും എന്റെ ആശങ്ക അന്നവസാനിച്ചു. പ്രണയരതി ആമസോൺകാടിനേക്കാൾ നിഗൂഢമാണെന്ന് ഞാനും അവനും കണ്ടുപിടിച്ചു. ജീവനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള മനുഷ്യസഹജമായ ജിജ്ഞാസകളും ദു:ഖങ്ങളുമൊഴികെ ഞാൻ ആഹ്ലാദവതിതന്നെയായിരുന്നു.

കല്യാണം കഴിഞ്ഞ് ഒരുവർഷത്തിനു ശേഷം, ഞങ്ങളുടെ ഒത്തുജീവിതവാർഷികദിനത്തിന്റെ സായന്തനത്തിൽ ഞാനിതൊക്കെ ഓർത്തുപോയതിന് ഒരു കാരണമുണ്ട്. ഇന്നു ഞാനെന്റെ വീട്ടിലാണ്.ഇടയ്ക്കിടയ്ക്ക് ഇവിടേയ്ക്കു വരാറുണ്ടെങ്കിലും, അമ്മ കുളിമുറിയിൽ വീണ്
കാലുളുക്കികിടക്കുകയാണെന്നറിഞ്ഞ് ഓഫീസിൽ നിന്ന് ലീവെടുത്ത് വന്നതാണ് ഇന്ന്. വെയിലുരുക്കിയ ദേഹവും വരണ്ട തൊണ്ടയുമായി വീടെത്തുമ്പോൾ ആദ്യം കണ്ട കാഴ്ച, കാടിറങ്ങി വന്ന വാനരപ്പട ഒച്ചപ്പാടുണ്ടാക്കി, തൊടിയിലെ പപ്പായയും കുരുമുളകുമൊക്കെ പറിച്ചു
തിന്നുന്നതായിരുന്നു. അനിയന്റെ പെയ്ന്റ് പിടിച്ച പാന്റും ഷർട്ടും അനിയത്തിയെക്കൊണ്ടലക്കിപ്പിക്കാനുള്ള അമ്മയുടെ തെറിവിളിയും പരിേദവനങ്ങളും ഉച്ചവെയിലിനേക്കാൾ അസഹ്യമായി അവിടെയാകെ മുഴങ്ങിയിരുന്നു. ആ ബഹളത്തിലേക്കാണു ഞാൻ കയറി വന്നത്.

”നാളെയെനിക്ക് ഇന്റേണൽ എക്‌സാമുള്ളതാ. ഇനിയെത്ര പഠിക്കാന്‌ണ്ടെന്നറിയ്വോ”പുസ്തകത്തിനു മുന്നിലിരുന്ന് അനിയത്തി പ്രാകിപ്പറയുന്നുണ്ടായിരുന്നു.

”അതൊന്നലക്കിക്കൊട്ത്തിട്ട് പഠിച്ചൂടെ അണക്ക്. ഓന് നാളെ ജോലിക്ക് പോവാള്ളതല്ലേ…”

കിടക്കുന്നോടത്തു നിന്ന് അമ്മ ലോകം മുഴുക്കെ കേൾക്കത്തക്കവണ്ണം വിളിച്ചു പറഞ്ഞു. അടുക്കളമുറ്റത്തെ അയയിൽ വിരിച്ചിട്ട ഹാഫ് ഷിമ്മീസും കൊണ്ട് പാഞ്ഞുപോവുന്ന കുട്ടിക്കൊരങ്ങനെ നോക്കി അന്ധാളിച്ചു നിൽക്കുകയായിരുന്ന എനിക്ക് അമ്മയുടെ അട്ടഹാസം കേട്ടപ്പോൾ ചൊറിഞ്ഞുവന്നു.

”അനൂപിന്റെ കയ്യും കാലുമെന്താ പണയത്തിലാ? അവളേക്കാൾ ആരോഗ്യണ്ടല്ലോ അവന്. അവനൊന്നലക്കിക്കൂടേ?” ഞാനമ്മയുടെ മുറിയുടെ വാതിൽക്കലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

”ഒന്നിനാത്രം പോന്ന രണ്ട് പെണ്ണ്ങ്ങള്‌വ്‌ടെണ്ടായിട്ട് ഒരാങ്കുട്ടീനെക്കൊണ്ട് തുണ്യലക്കിപ്പിക്കണ്ട ഗതികേടിലാക്കീലോ ന്റെ കൃഷ്ണാ നിയ്യ് ” അമ്മ കിടന്നോടത്ത് കെടന്ന് നെലവിളിക്കാൻ തുടങ്ങി.

”തുണ്യലക്കീന്ന് കരുതി ഓൻ ഉരുകി പ്പോക്വന്നൂല്ല. ഇനി അഥവാ ഉരുകിപ്പോയീന്ന് വെച്ചാ പോട്ടേന്ന് വയ്ക്കണം. അല്ലപിന്നെ!” പെരുവിരല് തൊട്ടെനിക്ക് ദേഷ്യം ഇരച്ചുകയറി.

”ചേച്ചിക്ക് ഭർത്താവലക്കിത്തന്ന ശീലംണ്ടെങ്കി അത് അവ്‌ടെ വച്ചിട്ട് പോന്നാമതി. ഇങ്ങട്ടെട്ക്കണ്ട” നൊച്ചക്കന്റെ വാലിന് തല്ലു കൊണ്ടപോലെ ചീറിക്കൊണ്ട് അനിയൻ മുറിയിൽനിന്നിറങ്ങി വന്നു.

”അതത്ര മോശൊന്നുമല്ല. ഭാര്യയ്ക്ക് ഭർത്താവലക്കിക്കൊട്ത്തൂന്ന് കരുതി മാനം ഇടിഞ്ഞ് വീഴ്വോ?” ഞാൻ ചോദിച്ചു.

”വെറ്‌തെയല്ല ഇങ്ങളെ കെട്ടിയോനെ നാട്ടാര് ‘പാവാടാ’ന്ന് വിളിക്കണത്”

ഇത്രകാലം ഞാനറിയാതിരുന്ന സത്യം വെളിപ്പെടുത്തി അവൻ ചവിട്ടിക്കുലുക്കി പുറത്തേക്ക് പോയി.

പാവാട! നാട്ടുകാര് എന്റെ പാതിയെ വിളിക്കുന്ന പേര്!

സമയം ചക്രവാളത്തിന്റെ നെറ്റിയിൽ ചോന്ന പൊട്ടിട്ട നേരത്ത്, നീലക്കനകാംബരങ്ങളെ കാറ്റ് കടലലകളാക്കുന്നതും നോക്കി വരാന്തയിലിരിക്കുമ്പോൾ പാവാടക്കെട്ട്യോൻ എന്റെ ജീവിതത്തിലേക്കു വന്ന വഴികളോർമ വരാതിരിക്കുമോ എനിക്ക്? പെൺകുട്ട്യോളേ… കെട്ടുകയാണെങ്കിൽ നിങ്ങളൊരു….

Related tags : Lijisha ATStory

Previous Post

മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

Next Post

ശ്രീരാമനും മുഹമ്മദ് നബിക്കും തെറ്റുപറ്റും: എം എൻ കാരശ്ശേരി

Related Articles

കഥ

വീട്

കഥ

ദി ട്രാക്ക്

കഥ

അവസാനത്തെ അത്താഴം

കഥ

നിങ്ങൾ ക്യുവിലാണ്

കഥ

മീട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ലിജിഷ എ. ടി.

പാവാട

ലിജിഷ എ. ടി. 

ഒരു മഴക്കാലത്തെ വെളുപ്പാൻ കാലത്താണ് വിരാതന്റെ വിവാഹാലോചന വരുന്നത്! പാലൈസ് പോലെ കൊതി പിടിപ്പിച്ച്...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven