“അങ്ങ്, ദൂരെയായി കാട്ടുതീ പടരുന്നത് പോലെ വെളിച്ചം കാണാം. ഒരു ചെറിയ ഇടനാഴിയിലൂടെ പയ്യെപ്പയ്യെ നടക്കുകയായിരുന്നു ഞാൻ. ചെറിയ ഇടനാഴിയെന്ന് വെച്ചാൽ, അത്യാവശ്യം വീതിയൊക്കെയുണ്ട്. പക്ഷേ ഉയരം കുറവാണ്. നേരെ നിവർന്ന് നിന്നാൽ തല മുകളിലത്തെ ഭിത്തിയിൽ മുട്ടും. അത് കൊണ്ട് ശരീരം വളച്ചു പിടിച്ച് ഒരു കൂനനെപ്പോലെ വളരെ പ്രയാസപ്പെട്ടാണ് ഞാൻ നടന്നിരുന്നത്.
കുറെ നടന്നു…നടന്നു കൊണ്ടേയിരുന്നു. അകലെ, തീയാളിക്കത്തിക്കൊണ്ടിരുന്ന ആ സ്ഥലം അത്ര സുരക്ഷിതമല്ലെന്ന് തോന്നിയെങ്കിലും, അവിടെയെത്തിപ്പെടാനുള്ള ഒരു വല്ലാത്ത ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. അത്കൊണ്ട് കാലുകൾക്ക് ഭാരം അനുഭവപ്പെട്ടുകൊണ്ടിരുന്നെങ്കിലും ധൃതി വെച്ച് നടന്നു. എത്ര നടന്നിട്ടും അവിടേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല….ഇത്രയേ എനിക്കോർമയുള്ളു”
മരണത്തെ മുഖാമുഖം കണ്ട തന്റെ അനുഭവവിശദീകരണം അനുജൻ രാജഗോപാലിന് തീരെ തൃപ്തിയേകിയില്ല എന്ന് ഹരീന്ദ്രന് തോന്നി. കൂടുതൽ ഉദ്വേഗഭരിതമായ ഒരു വർണ്ണനയാണ് അയാൾ പ്രതീക്ഷിക്കുന്നതെന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി. കുറച്ചുനേരം കൂടി അസ്വസ്ഥനായി ആശുപത്രി മുറിയുടെ ശീതളിമയിൽ ഇരുന്ന ശേഷം നേഴ്‌സ് ലതികയുടെ നിർദേശപ്രകാരം അയാൾ മന്ദഹസിച്ചു കൊണ്ട് യാത്രാമൊഴി പറഞ്ഞിട്ട് വീട്ടിലേക്ക് പോയി.
ഹരീന്ദ്രൻ ചുവരിലെ ക്ലോക്കിൽ നോക്കി. മണി ഏഴ് ഇരുപത്. സംഗീതക്ലാസ്സിൽ നിന്നും മക്കളെയും കൂട്ടി ആറരയ്ക്ക് എത്താമെന്ന് പറഞ്ഞിരുന്ന മകൾ ഐശ്വര്യ ഇതേ വരെ എത്തിയിട്ടില്ല. കോടതിയിൽ എന്തെങ്കിലും തിരക്കിൽപ്പെട്ടിട്ടുണ്ടാവും. അല്ലെങ്കിൽ ഏതെങ്കിലും പുതിയ കക്ഷി വന്നിട്ടുണ്ടാകും.

ഇളം പിങ്ക് നിറത്തിലുള്ള യൂണിഫോം ധരിച്ച നേഴ്‌സ് ലതികയെത്തി. പുഞ്ചിരിച്ചു കൊണ്ട് പഴയ സലൈൻ ബോട്ടിൽ മാറ്റി പുതിയൊരെണ്ണം തൂക്കിയിട്ടു. സുന്ദരിയായ അവൾക്ക് പണ്ടെങ്ങോ കണ്ട് മറന്ന ആരുടെയോ ഛായയുള്ളത് പോലെ തോന്നി. ആരുടേതെന്ന് കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. ചിലപ്പോൾ വെറുതേ തോന്നുന്നതാവും.
നഗരത്തിലെ ട്രാഫിക്കിനെയും അന്തരീക്ഷ മലിനീകരണത്തെയുമൊക്കെപ്പറ്റി ആരോടെന്നില്ലാതെ പരിഭവം പറഞ്ഞു കൊണ്ട് കുട്ടികളെയും കൂട്ടി ഐശ്വര്യയെത്തി. മുറിയിൽ വെച്ചിരുന്ന ബാഗിനുള്ളിലേക്ക് ടൗവലുകളും പാത്രങ്ങളുമൊക്കെ എടുത്തു വെച്ചപ്പോഴാണ് താൻ വീട്ടിലേക്ക് തിരിച്ചു പോകുകയാണെന്ന് ഹരീന്ദ്രന് മനസിലായത്.
“പോകാറായോ?”
അയാളുടെ ചോദ്യം കേട്ട് ഐശ്വര്യ മന്ദഹസിച്ചു.
“ഡിസ്ചാർജായ വിവരം അച്ഛനെ ആരും അറിയിച്ചില്ലേ? നമ്മൾ വീട്ടിലേക്ക് പോവ്വാണഛാ. ആ നേഴ്‌സ് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാവും. അച്ഛൻ മറന്നതാവും.”
“ഇല്ല. ആരും എന്നോടൊന്നും പറഞ്ഞിട്ടില്ല” അയാൾ കെറുവിച്ചു.” ഒരറ്റാക്ക് വന്നെന്നും വച്ച് എന്റെ ഓർമയ്ക്കൊന്നും ഒരു തകരാറുമില്ല.”
വീട്ടിലേക്കുള്ള യാത്രയിൽ ഐശ്വര്യ ഓടിച്ചിരുന്ന കാർ മുന്നോട്ട് ചലിക്കാൻ പ്രയാസപ്പെട്ട് ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ ഹരീന്ദ്രൻ ചോദിച്ചു: “ഇന്നേതാ ദിവസം?”
“സാറ്റർഡേ!” കാറിന്റെ പിൻസീറ്റിലിരുന്ന ഐശ്വര്യയുടെ പന്ത്രണ്ടുകാരി മകൾ പാറു ഉറക്കെ വിളിച്ചു പറഞ്ഞു.
“അതല്ലേ റോഡിലിത്ര തിരക്ക്. സാറ്റർഡേ ഡിന്നർ റസ്റ്ററന്റിൽ നിന്ന് തന്നെ വേണമെന്ന് ഇവിടുത്തുകാർക്കെന്തോ നിർബന്ധമുണ്ട്.” ഐശ്വര്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ചയാണോ അതോ വെള്ളിയാഴ്ചയോ …തനിക്ക് നെഞ്ചുവേദന വന്ന് ആസ്പത്രിയിൽ അഡ്മിറ്റായത്? ഹരീന്ദ്രൻ ഓർത്തെടുക്കാൻ ശ്രമിച്ചു. മകളോട് ചോദിക്കാനൊരുമ്പെട്ടെങ്കിലും, കുറച്ചു മുൻപ് തന്റെ ഓർമശക്തിയെക്കുറിച്ച് വീമ്പിളക്കിയ കാരണം അയാൾ അത് വേണ്ടെന്ന് വെച്ചു.
വീട്ടിലെത്തി, അത്താഴത്തിന് ശേഷം തനിക്കായി മകളൊരുക്കിയ മുറിയിലെത്തിയപ്പോൾ ഹരീന്ദ്രന് വല്ലാത്ത ഒറ്റപ്പെടൽ തോന്നി. ആ വീടിന്റെ തൊട്ടടുത്ത പറമ്പിലെ മഹാദേവക്ഷേത്രത്തിൽ നിന്നും
ഇടയ്ക്കിടെയെത്തുന്ന മണിനാദം അയാളുടെ മനസ്സിൽ ജന്മദേശമായ ആരാമല്ലൂരിനെക്കുറിച്ചുള്ള ഓർമ്മകൾ കോരിയിട്ടു. വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞ് തൊടിയിലെ വാഴകളെയും ചെടികളെയുമൊക്കെ നനച്ച് കിണറ്റിലെ ഇളം തണുപ്പുള്ള വെള്ളം കോരിയൊഴിച്ചുള്ള കുളി കഴിഞ്ഞ് ഭാർഗ്ഗവിയുടെ അസ്ഥിത്തറയിൽ വിളക്ക് വെച്ച് വരാന്തയിൽ ഓരോന്ന് ഓർത്തിരിക്കുന്ന നേരം. അപ്പോൾ ആരെങ്കിലുമൊക്കെ കുശലം പറയാനെത്തും. തെക്കേമാണിക്കലെ സുകുമാരനോ സൊസൈറ്റിയിലെ ഉലഹന്നാനോ ആരെങ്കിലും എത്തും. പിന്നെ സൊറ പറച്ചിലും വെടിവട്ടവുമായി കുറേ നേരം അങ്ങനെ…
ഹരീന്ദ്രൻ മുറിയിൽ നിന്ന് പുറത്തിറങ്ങി സ്വീകരണ മുറിയിലേക്ക് നടന്നു.
“അച്ഛനെന്താ ഉറക്കം വരുന്നില്ലേ?”
അടുക്കള ജോലിയൊക്കെയൊതുക്കിയ ശേഷം ടിവി-യിൽ വാർത്തകൾ കണ്ട് കൊണ്ടിരുന്ന ഐശ്വര്യ ചോദിച്ചു. അയാൾ ‘ഇല്ല’ എന്ന് തലയാട്ടിക്കൊണ്ട് സോഫയിൽ ഇരുന്നു. അയാൾക്കെന്തോ സംസാരിക്കാനുണ്ടെന്ന് മനസിലാക്കി ഐശ്വര്യ റിമോട്ടിലൂടെ ടിവിയുടെ ശബ്ദം കുറച്ചു.
” നാളെയങ്ങോട്ട് തിരിച്ചാലോ എന്ന് ഞാനോർക്കുകയായിരുന്നു” ഹരീന്ദ്രൻ പറഞ്ഞു.
“എങ്ങോട്ട്?”
“വീട്ടിലേക്ക്…ആരാമല്ലൂരിലേക്ക് “
ഐശ്വര്യ ടിവി ഓഫ് ചെയ്ത് ഹരീന്ദ്രന്റെ അരികിലിരുന്നു.
“എന്താ അച്ഛനീ പറയുന്നത്? ഈ കണ്ടിഷനിൽ തിരിച്ചങ്ങ് പോവാനോ?”
“എനിക്കിപ്പം ഒരു കൊഴപ്പവുമില്ല മോളേ…മരുന്നൊക്കെ കൃത്യമായി കഴിച്ചോളാം”
“അച്ഛനേത് കണ്ടിഷനിലാണ് അവിടെ പറമ്പില് വീണ് കിടന്നതെന്ന് വല്ല ഓർമ്മയുമുണ്ടോ ? ആ സമയത്ത് ഗോപിയമ്മാവൻ ആ വഴി വന്നില്ലായിരുന്നുവെങ്കില് ഇപ്പൊ എന്താവുംന്ന് വല്ല പിടിയുമുണ്ടോ?”
“ഗോപീടെ പരിചയത്തിലൊരു ചെക്കനുണ്ടെന്ന് … ആരുമില്ലാത്തൊരുത്തൻ… അവൻ അവിടെ വന്ന് ഒരു തുണയായി നിന്നോളും. അല്ലാതെ എനിക്ക് വയ്യ മോളെ ഇവിടെ…ഈ നഗരത്തില് “
“അച്ഛനിനിയൊന്നും പറയണ്ട…പോയി കിടക്കൂ…എല്ലാം ഞാൻ നോക്കിക്കൊള്ളാം”
വളരെ പ്രയാസപ്പെട്ടൊന്ന് മയങ്ങിക്കിട്ടിയപ്പോൾ ഭാർഗവി സ്വപ്നത്തിൽ വന്നു. എട്ട് കൊല്ലം മുൻപ് ഇരുന്നയിരുപ്പിനങ്ങ് മേലോട്ട് പോയ വൃദ്ധയായ ഭാർഗ്ഗവിയല്ല. പ്രസരിപ്പുള്ള ചെറുപ്പക്കാരിയായ ഭാർഗവി ഒരു നവവധുവെപ്പോലെ വന്ന് അയാൾക്ക് കൂട്ടിരുന്നു. ആ സുഖനിദ്രയിൽ നിന്നും ഒരിക്കലും ഉണർന്ന് പോകരുതേ എന്നയാൾ ആശിച്ചു. പക്ഷെ പുലർച്ചെ പൊടുന്നനെ കേട്ട ഘോരശബ്ദമാണ് അയാളെ ഉണർത്തിയത്. സ്ഥലകാലബോധം കിട്ടാൻ കുറെ നിമിഷങ്ങൾ തന്നെ വേണ്ടി വന്നു ഹരീന്ദ്രന്. ആരാമല്ലൂരിലെ തന്റെ പഴയ വീട്ടിലെ കിടപ്പുമുറിയിൽ ഈ വെടിയൊച്ച എങ്ങനെയെത്തി എന്നാണ് അയാൾ ആദ്യം ചിന്തിച്ചത്. പിന്നെ തുടരെത്തുടരെയുള്ള വെടിയൊച്ചകൾ കേട്ട് ഇരു ചെവികളും പൊത്തിപ്പിടിച്ച് ചുറ്റും നോക്കിയപ്പോഴാണ് താൻ മകൾ ഐശ്വര്യയുടെ വീട്ടിലാണെന്ന സത്യം അയാൾക്ക് ബോധ്യപ്പെട്ടത്.
വെളുപ്പാൻകാലത്ത്, ഒന്നിന് പിറകെ ഒന്നായി ഈ വെടിയൊച്ചകൾ എവിടെ നിന്ന് വരുന്നു? അയാൾ മുറിയുടെ പുറത്തേക്കിറങ്ങി വരാന്തയിലെത്തി ചുറ്റും നോക്കി. ഇത് വരെ ഐശ്വര്യയും മക്കളും ഉണർന്നിട്ടില്ല. ഈ ഒച്ച കേട്ട് കൊണ്ട് അവർക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു? അയാൾ മുൻവാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. വെടിയൊച്ച കൂടുതൽ ഉച്ചത്തിലാകുന്നതിനൊപ്പം കരിമരുന്നിന്റെ രൂക്ഷഗന്ധം അവിടമാകെ പടരുകയും ചെയ്തു. വീടിന്റെ വടക്കേ മതിലിന് മുകളിലൂടെ അയാൾ മഹാദേവക്ഷേത്രത്തിലേക്ക് നോക്കി. അതെ. വെടിയൊച്ച അവിടെ നിന്ന് തന്നെ. വെടിവഴിപാട് നടക്കുകയാണ്.
“അച്ഛൻ നേരത്തേയെണീറ്റോ?”
പിന്നിൽ നിന്ന് ഐശ്വര്യയുടെ സ്വരം കേട്ട് അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“വെടിശബ്ദം കേട്ടുണർന്നതാണോ ? “അവൾ ഒരു നിമിഷം ചിന്തിച്ചു.”ഒരു കാര്യം ചെയ്യാം. അച്ഛൻ ഇന്ന് രാത്രി മുതൽ വലത് വശത്തുള്ള ബെഡ്റൂമിൽ കിടന്നോളൂ. ഞാൻ വൃത്തിയാക്കിക്കാം.”
കുട്ടികൾ സ്കൂളിലേക്കും ഐശ്വര്യ കോടതിയിലേക്കും പോയിക്കഴിഞ്ഞപ്പോൾ ഹരീന്ദ്രൻ വീട്ടിൽ തനിച്ചായി. മിനി എന്ന വേലക്കാരി വന്ന് വലത് വശത്തെ മുറിയിലുണ്ടായിരുന്ന പഴയ വസ്ത്രങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ഒതുക്കി വച്ച് ചുവരുകളിലെ ചിലന്തിവല മാറ്റി തറ തുടച്ച് വൃത്തിയാക്കുകയും കിടക്കയിൽ പുതിയ ഷീറ്റുകൾ വിരിക്കുകയും ചെയ്തു. അപ്പോഴേക്കും ഉച്ചയായി. മിനി പോകുന്നതിന് മുൻപ് ചോറും കറികളും വിളമ്പി വെച്ചിരുന്നു. അത് കഴിച്ചെന്ന് വരുത്തി മൂന്ന് ഗുളികകൾ കഴിച്ച് പുതിയ മുറിയിൽ കുറെ നേരം കിടന്നു. ഉറക്കം വരാത്തത് കൊണ്ട് ടിവിയിലെ ചാനലുകൾ മാറ്റി മാറ്റി കണ്ടു. ടിവി കണ്ട് മടുത്തപ്പോൾ മുറ്റത്തെ ചെടികൾക്കിടയിൽ വളർന്ന് നിൽക്കുന്ന കളകൾ പറിച്ച് കളഞ്ഞു. ആരാമല്ലൂരിലെ വീട്ടുമുറ്റത്തുള്ളത് പോലെ മരങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് വെയിലേറ്റ് അയാൾ പെട്ടെന്ന് തളർന്നു. ഈ വീട്ടുമുറ്റത്തും കുറച്ച് മരങ്ങൾ നട്ട് പിടിപ്പിക്കണം എന്ന ഉദ്ദേശവുമായി കുറച്ചു വൃക്ഷത്തൈകൾ കിട്ടുന്ന സ്ഥലമന്വേഷിച്ച് റോഡിലേക്കിറങ്ങി.
ഭാഗ്യത്തിന് നല്ലൊരു ഓട്ടോറിക്ഷാക്കാരനെക്കിട്ടി. അയാൾ ധാരാളം വൃക്ഷത്തൈകൾ കിട്ടുന്ന ഒരു നഴ്സറിയിലേക്ക് കൊണ്ട് പോവുകയും ആവശ്യത്തിനുള്ള തൈകൾ വാങ്ങിയ ശേഷം തിരികെ വീട്ടിൽ കൊണ്ട് വന്നാക്കി മിതമായ കൂലി വാങ്ങി തിരികെപ്പോവുകയും ചെയ്തു.

ഈരണ്ട് മാവും പ്ലാവും, പിന്നെ പേര, ചാമ്പയ്ക്ക, നാരകം, അശോകം എന്നിങ്ങനെ പത്തോളം തൈകൾ വീട്ടുമതിലിനോട് ചേർത്ത് നട്ട് വെള്ളമൊഴിച്ചപ്പോൾ കുട്ടികൾ സ്കൂളിൽ നിന്നും തിരിച്ചെത്തി. അങ്ങനെ നഗരത്തിലെ ആദ്യദിനം തള്ളിനീക്കി. ഇനി നാളെ എന്ത് ചെയ്യുമെന്നോർക്കുമ്പോഴാ…
ശരീരമൊന്നനക്കിയത് കൊണ്ട് നേരത്തെ ഉറക്കവും, ഉറക്കത്തിൽ ചെറുപ്പക്കാരിയായ ഭാർഗവിയും വന്നു. ഹരീന്ദ്രൻ ആരാമല്ലൂരിലെ വീട്ടിലേക്ക് ചെല്ലാത്തത് കൊണ്ട് അവൾ പരിഭവം പറഞ്ഞു.
പിന്നീട് ഭാർഗവി ഹരീന്ദ്രന്റെ കൈപിടിച്ചു കൊണ്ട് നടന്നു… കുറേ ദൂരം നടന്നു… സവാരിക്കിടയിൽ അവൾ എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നെങ്കിൽ എന്ന് അയാൾ ഒത്തിരി ആശിച്ചു. പക്ഷെ അവൾ ഒന്നും മിണ്ടുകയോ അയാളുടെ മുഖത്ത് നോക്കുകയോ പോലും ചെയ്തില്ല. ഇത്ര വേഗം എന്തിനാണ് നടക്കുന്നതെന്നും ഒന്ന് മെല്ലെ നടന്ന് കൂടേ എന്നും അയാൾ അവളോട് യാചനാസ്വരത്തിൽ പറഞ്ഞു. പക്ഷേ ഭാർഗവി അത് കേട്ടില്ല… അതോ കേൾക്കുന്നതായി ഭാവിക്കാഞ്ഞതോ? ഒടുവിൽ അവൾ ആരാമല്ലൂരിലെ വീട്ടുമുറ്റത്ത് തൻറെ നടത്തം നിർത്തി ഹരീന്ദ്രനെ നോക്കി. അപ്പോഴേക്കും അയാൾ തളർന്നവശനായി നിലത്ത് ഇരിക്കുകയായിരുന്നു. ദാഹം കൊണ്ട് തൊണ്ട വരണ്ട അയാൾ അവളോട് കുറച്ച് വെള്ളം ചോദിച്ചു. പൊടുന്നനെ ഒരു വേട്ടക്കാരൻ വലിയൊരു തോക്കുമേന്തി മുറ്റത്ത് പ്രത്യക്ഷപ്പെട്ടു. ഭയചകിതയായ ഭാർഗ്ഗവിയുടെ നേരെയും ദാഹിച്ചു വലഞ്ഞ ഹരീന്ദ്രന് നേരെയും അയാൾ മാറി മാറി തോക്ക് ചൂണ്ടി. ഒടുവിൽ വെടി പൊട്ടി. അത് ഭാർഗ്ഗവിയുടെ നെഞ്ചിലേക്ക് തുളച്ചു കയറി. അടുത്തത് ഹരീന്ദ്രന്റെ മൂർദ്ധാവിലേക്ക്… തുടരെത്തുടരെ വേട്ടക്കാരൻ നിറയൊഴിച്ചു.
ഹരീന്ദ്രൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു.
ഇരുട്ടിൽ അയാൾ സ്ഥലകാലബോധമില്ലാതെ ചുറ്റും നോക്കി. താൻ കിടക്കുന്നത് മകൾ ഐശ്വര്യയുടെ വീട്ടിലാണെന്നും, തലേന്ന് രാത്രി മറ്റൊരു മുറിയിലേക്ക് മാറിയെന്നും, ഇപ്പോൾ ഇട തടവില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കുന്നത് അയലത്തെ മഹാദേവക്ഷേത്രത്തിലെ കതിനാവെടിയാണെന്നും ഉള്ള യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ ഹരീന്ദ്രന് കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു. വരണ്ട തൊണ്ടയിലേക്ക് അയാൾ ജഗ്ഗിലെ വെള്ളം കമഴ്ത്തി. ആകാംക്ഷയോ പരിഭ്രമമോ ഉണ്ടാവുകയാണെങ്കിൽ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഒരു ഗുളിക കഴിച്ചു.
ഹരീന്ദ്രൻ കിടപ്പുമുറിയുടെ പുറത്തിറങ്ങി സ്വീകരണമുറിയിലൂടെ നടന്ന് മുൻവശവാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി വടക്ക് വശത്തെ മതിലിനരികിൽ നിന്ന് ക്ഷേത്രാംഗണത്തിലെ വെടിവഴിപാട് നോക്കി നിന്നു. മൈക്കിലൂടെ വഴിപാട് നടത്തുന്ന ഭക്തജനങ്ങളുടെ പേരുകൾ വിളിച്ചു പറയുന്നുണ്ട്.
“അച്ഛനിന്നും നേരത്തേ എണീറ്റോ?”
ഐശ്വര്യ പിന്നിലെത്തിയപ്പോൾ അയാൾ തിരിഞ്ഞു നോക്കി.
“മുറി മാറിക്കിടന്നിട്ടും ഒച്ച കുറഞ്ഞില്ലേ?” അവളുടെ ചോദ്യത്തിന് അയാൾ നിസഹായതയോടെ ‘ഇല്ല’ എന്ന് തലയാട്ടി.
“ഏതെങ്കിലും ഒരു ബെഡ്റൂം സൗണ്ട് പ്രൂഫാക്കിയാലോ?” വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അവൾ ആത്മഗതം പോലെ പറഞ്ഞു:” ചെലവിത്തിരി കൂടും. എന്നാലും വേണ്ടില്ല”
ഐശ്വര്യയും കുട്ടികളും പോയ ശേഷം, തലേന്ന് നട്ട് പിടിപ്പിച്ച തൈകൾക്ക് ഹരീന്ദ്രൻ വെള്ളം കൊടുത്ത് അവയോട് കുശലം പറഞ്ഞു. പിന്നെ കുറേനേരം വീടിന് മുൻവശത്തെ നിരത്തിലൂടെ കടന്ന് പോകുന്ന മനുഷ്യരെ നോക്കി നിന്നു. അപ്പോഴാണ്, ഏറെക്കുറെ തന്നെപ്പോലെത്തന്നെ നേരം കൊല്ലാൻ വഴിയന്വേഷിക്കുന്ന മറ്റൊരാളെക്കണ്ടത്.
അബൂബക്കർ. തൊട്ടയൽവീട്ടിലാണ് താമസം. എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാൻ ഏറെക്കുറെ തന്നോളം ജീവിതം കണ്ട ഒരാളെ കിട്ടിയല്ലോ. ഹരീന്ദ്രന് പ്രഥമദൃഷ്ടിയിൽത്തന്നെ അയൽക്കാരനെ നന്നേ ബോധിച്ചു. നിസ്കാരത്തഴമ്പുള്ള വിശാലമായ മൂർദ്ധാവ്, തെളിഞ്ഞ ചിരിയും നീണ്ട വെള്ളത്താടിയും. ക്ഷണം സ്വീകരിച്ച് അയൽവീട്ടിൽപ്പോയി അബുബക്കറുടെ ബീവി ഫാത്തിമ കൊടുത്ത ചായ ഹരീന്ദ്രൻ സന്തോഷത്തോടെ കുടിച്ചു.
വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനിടയിൽ ഹരീന്ദ്രൻ, തൻറെ ഹൃദയാഘാതത്തെപറ്റിയും വെളുപ്പാൻകാലത്തെ വെടിയൊച്ചയെപ്പറ്റിയും പറഞ്ഞപ്പോൾ അബൂബക്കറുടെ മുഖം മ്ലാനമായി. കാരണമാരാഞ്ഞപ്പോൾ അയാൾ ഹരീന്ദ്രനെക്കൂട്ടി വീടിന്റെ രണ്ടാം നിലയിലെത്തി. അവിടെയുള്ള ഒരു മുറിയുടെ പൂട്ട് അയാൾ തുറന്നു. മങ്ങിയ വെളിച്ചത്തിൽ ഒരു ബൾബ് കത്തുന്നുണ്ടായിരുന്നു. ഫാൻ മന്ദഗതിയിൽ ചലിക്കുന്നുണ്ടായിരുന്നു. മുറിയുടെ ഒരു കോണിൽ ഒരു കട്ടിൽ. അതിന് മുകളിൽ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യരൂപം. ഹരീന്ദ്രൻ ചോദ്യഭാവത്തിൽ അബൂബക്കറെ നോക്കിയപ്പോൾ അയാൾ വാതിലടച്ച് വീണ്ടും താഴിട്ട് മുറി പൂട്ടി. എന്നിട്ട് സ്വരം താഴ്ത്തിപ്പറഞ്ഞു:” ഇത് സമീർ. എന്റെ ഇളയ മകനാണ്. ബുദ്ധിമാന്ദ്യത്തോടെയാണ് ജനിച്ചത്. ഇപ്പോഴും വല്ലതും കഴിക്കാനും വെളിക്ക് പോകാനും എന്റെ സഹായം വേണം.”
നിശബ്ദനായി നിന്ന് കേൾക്കാൻ മാത്രമേ ഹരീന്ദ്രന് തോന്നിയുള്ളു. മനസ്സിൽ ചില ചോദ്യങ്ങൾ ഉയർന്നുവെങ്കിലും അവ അബൂബക്കറെ വ്യസനിപ്പിച്ചേക്കുമോ എന്ന സന്ദേഹത്താൽ അയാൾ മൗനം പാലിച്ചു.
അബൂബക്കർ തുടർന്നു: “കാലത്ത് വെടിയൊച്ച കേൾക്കുമ്പോൾ സമീർ ആകെ വയലന്റാവും. അവൻ ഭയന്ന് ഉച്ചത്തിൽ നിലവിളിക്കും. ചിലപ്പോൾ തല ചുവരിലിട്ടിടിക്കും”
ഇരുവരും നടന്ന് വീട്ടുമുറ്റത്തെത്തി.

“മറ്റൊരു വീട്ടിലേക്ക് മാറിക്കൂടേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് അല്ലേ?” ഹരീന്ദ്രൻ ‘അതെ’ എന്ന് തല കുലുക്കി. അബൂബക്കർ തുടർന്നു: “ഇത് നമ്മുടെ കുടുംബവീടാണ്. ഉപ്പ മരിക്കുന്നതിന് മുൻപ് ഭാഗം വെച്ചിട്ടില്ല. അത് കൊണ്ട് ഇവിടെ നിന്ന് മാറിയാൽ എനിക്ക് അവകാശമുള്ളത് ചിലപ്പോൾ നഷ്ടപ്പെടും.”
വീട്ടിൽ തിരിച്ചെത്തിയപ്പോൾ മിനി ഉച്ചഭക്ഷണം മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു. അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഹരീന്ദ്രന്റെ മനസ്സിൽ അബൂബക്കറുടെയും സമീറിന്റെയും മുഖങ്ങൾ മായാതെ നിന്നു.
വൈകുന്നേരം ഹരീന്ദ്രൻ മഹാദേവക്ഷേത്രത്തിലേക്ക് പോയി. ഏറെക്കാലത്തിന് ശേഷമുള്ള ക്ഷേത്രദർശനം അയാൾക്ക് മനസിന് സുഖം നൽകി. ഇരുട്ടുവോളം, അയാൾ ഓരോന്നാലോചിച്ചു കൊണ്ട് ആൽത്തറയിലും കുളക്കടവിലും ഇരുന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തജനങ്ങളൊക്കെ പിരിഞ്ഞ് പോയിക്കഴിഞ്ഞ് ഹരീന്ദ്രൻ ക്ഷേത്രത്തിന്റെ കമ്മിറ്റി ഓഫീസിലേക്ക് കയറി. ഗോപിനാഥൻ എന്ന് പേരുള്ള സെക്രട്ടറിയാണ് ഓഫീസിലുണ്ടായിരുന്നത്. പരിചയപ്പെടുത്തലിന് ശേഷം തന്റെ സന്ദർശനോദ്ദേശ്യം ഹരീന്ദ്രൻ പറഞ്ഞു.
“ഏതാനും ദിവസം മുൻപ് ഹൃദയാഘാതം വന്ന ഒരു എഴുപതുകാരനാണ് ഞാൻ. ഇപ്പോൾ ഈ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടിൽ മകളോടൊപ്പമാണ് താമസം. നമ്മുടെ വീടിൻറെ മതിലിന്റെ തൊട്ടടുത്താണ് നിങ്ങൾ വെടിവഴിപാട് നടത്തുന്നത്. അതിരാവിലെയുള്ള ആ ശബ്ദം വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷേത്രത്തിന്റെ
പരിസരത്ത് ഇനിയും ധാരാളം സ്ഥലമുണ്ടല്ലോ. വെടിവഴിപാട് ആൾക്കാർ താമസിക്കുന്ന ആ സ്ഥലത്ത് നിന്ന് മാറ്റി അമ്പലക്കുളത്തിനടുത്തേക്കാക്കിയാൽ വലിയൊരു ഉപകാരമാകുമായിരുന്നു. ഇതൊരു അപേക്ഷയാണ്.”
ഗോപിനാഥൻ അൽപനേരത്തെ ചിന്തയ്ക്ക് ശേഷം പറഞ്ഞു: ” ഞാൻ ഇത് കമ്മിറ്റി മീറ്റിംഗിൽ അവതരിപ്പിക്കാം. അത്രയേ ചെയ്യാൻ പറ്റൂ. പതിനാല് പേരുള്ള കമ്മിറ്റിയിൽ ഭൂരിപക്ഷം പേർ അംഗീകരിച്ചാലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ.”
ഹരീന്ദ്രൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഐശ്വര്യ ദുബായിലെ തന്റെ ഭർത്താവിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു. കുട്ടികളോടൊപ്പം കുശലം പറഞ്ഞിരിക്കുമ്പോൾ അവൾ ഹരീന്ദ്രന്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ട് ചോദിച്ചു: “ങാ ഹാ …അച്ഛന് ഭക്തിയൊക്കെ തുടങ്ങിയോ?”
അയാൾ പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഹരീന്ദ്രൻ, മഹാദേവക്ഷേത്രത്തിലെ സെക്രട്ടറിയെക്കണ്ട് വെടിവഴിപാടിൻറെ വിഷയത്തിൽ സംസാരിച്ച കാര്യം ഐശ്വര്യയോട് പറഞ്ഞു. അത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവാൻ സാധ്യതയില്ല എന്നായിരുന്നു അവളുടെ മറുപടി. ഒരു വക്കീലെന്ന നിലയിൽ ഇക്കാര്യത്തെ നേരിടാൻ നിയമപരമായി എന്തെങ്കിലും സാധ്യതയുണ്ടോ എന്നായി ഹരീന്ദ്രന്റെ അന്വേഷണം.
“അച്ഛനാരോടാ കളിക്കാൻ പോണതെന്ന് വല്ല പിടിയുമുണ്ടോ? ഇപ്പോഴത്തെ കാലം അറിയാമല്ലോ… മതം, ദൈവംന്നൊന്നും പറഞ്ഞാ പഴേത് പോലൊന്നുമല്ല. വെറുതേ വയ്യാവേലിക്കൊന്നും പോണ്ടച്ഛാ ..ഞാൻ ഇന്ന് ഇന്റീരിയറൊക്കെ ചെയ്യുന്ന ഒരു തോമസുണ്ട്. അയാളെ വിളിച്ച് ആ ബെഡ്റൂം സൗണ്ട് പ്രൂഫാക്കുന്നതിനെക്കുറിച്ച് സംസാരിക്കണം എന്ന് വിചാരിച്ചതാ…”
ഐശ്വര്യ ഫോണെടുത്ത് എന്തോ തിരഞ്ഞു കൊണ്ടിരുന്നു.
അന്ന് ഗുളികകളൊക്കെ കഴിച്ച് കിടക്കാൻ നേരം ഹരീന്ദ്രൻ തൻറെ ഇരു ചെവികളിലും പഞ്ഞി തിരുകി വെച്ചു. പക്ഷേ പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. വെളുപ്പിന് വെടി പൊട്ടിത്തുടങ്ങിയപ്പോൾ അതിന്റെ ആരവം അയാളുടെ നെഞ്ചിലാണ് പ്രതിധ്വനിച്ചത്.
പിറ്റേന്ന് ഒരു ചെറുപ്പക്കാരനും ഭാര്യയും കുഞ്ഞും അബൂബക്കറിന്റെ വീട്ടിൽ അതിഥികളായെത്തി. ചായസൽക്കാരമൊക്കെ കഴിഞ്ഞ് അവരെ അബൂബക്കർ യാത്രയാക്കുമ്പോഴായിരുന്നു ഹരീന്ദ്രൻറെ സന്ദർശനം.. കോഴിക്കോട് നിന്നും പുതുതായി ഈ നഗരത്തിലേക്ക് സ്ഥലം മാറി വന്ന സബ് ഇൻസ്പെക്ടറും കുടുംബവുമായിരുന്നു അതിഥികൾ. പയ്യോളി ഹൈസ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്ത് തൻറെ വിദ്യാർത്ഥിയായിരുന്ന അജയരാജ് എന്ന ഇൻസ്പെക്ടറെ അബൂബക്കർ ഹരീന്ദ്രന് പരിചയപ്പെടുത്തി.
സ്ഥലംമാറ്റം കിട്ടി ഈ നഗരത്തിലേക്കെത്തിയ അയാൾ ജോലി ചെയ്തിരുന്ന പോലീസ് സ്റ്റേഷന്റെ നഗരത്തിലെ കൃത്യമായ സ്ഥാനത്തെപ്പറ്റി തിരക്കുമ്പോൾ അജയരാജിനെ എന്നെങ്കിലും സന്ദർശിക്കുക എന്ന ലക്ഷ്യമൊന്നും ഹരീന്ദ്രനുണ്ടായിരുന്നില്ല. പക്ഷേ തുടർന്നുള്ള ദിനങ്ങളിൽ ഒരു സായാഹ്നത്തിൽ പച്ചക്കറിയും മറ്റും വാങ്ങി ആ വഴിയിലൂടെ കടന്ന് പോകുമ്പോൾ ഹരീന്ദ്രൻ സ്റ്റേഷനിലേക്ക് കയറി.
“പരാതിപ്പെടാനോ കേസ് രജിസ്റ്റർ ചെയ്യാനോ ഒന്നുമല്ല. സാറിന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതൊരു വലിയ സഹായമായിരുന്നു.”
“പറയൂ മാഷേ …ഞാൻ നോക്കട്ടെ” എന്ന് പറയുമ്പോൾ അജയരാജിനുണ്ടായിരുന്ന ഉത്സാഹം, താൻ അഭിമുഖീകരിക്കുന്ന പ്രശ്നമറിഞ്ഞതിന് ശേഷം കുറയുന്നതായി ഹരീന്ദ്രന് തോന്നി. അയാൾ കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു കൊണ്ടിരുന്നു. പിന്നെ ഹരീന്ദ്രനെ നോക്കി യാന്ത്രികമായി മന്ദഹസിച്ചു.
“വളരെ സെൻസേഷണൽ ആയിട്ടുള്ള പ്രശ്നമാണിത്. ഞാൻ എന്നെക്കൊണ്ട് കഴിയുന്ന പോലെ സഹായിക്കാം”
ആ പോലീസുകാരൻ ഈ വിഷയത്തിൽ ഏതെങ്കിലും രീതിയിൽ ഇടപെടും എന്ന പ്രതീക്ഷയൊന്നും ഹരീന്ദ്രന് വീട്ടിലേക്ക് മടങ്ങുമ്പോൾ തോന്നിയില്ല. പക്ഷേ, തന്റെ സമസ്യ ഇൻസ്പെക്ടർ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്തേക്ക് വിടുമെന്ന് അയാൾ കരുതിയത് തെറ്റായിരുന്നുവെന്ന് രണ്ട് നാൾ കഴിഞ്ഞ് ഒരു സന്ധ്യാനേരത്ത് ഹരീന്ദ്രന് ബോധ്യപ്പെട്ടു. കൊച്ചുമകൾ പാറുവിന് പിറ്റേന്ന് സ്കൂളിലേക്ക് കൊണ്ട് പോകാൻ രണ്ട് ചാർട്ട് പേപ്പറും കളർ പെൻസിലുകളും വാങ്ങാൻ മെയിൻറോഡിലേക്കിറങ്ങിയപ്പോൾ രണ്ട് ആരോഗ്യദൃഢഗാത്രർ ഒരു മോട്ടോർസൈക്കിളിലെത്തി അയാളെ തടഞ്ഞു:
“അമ്മാവാ…ഇത് അമ്മാവന്റെ നാടല്ല. ഇവിടെയുള്ള രീതികളുമായി പൊരുത്തപ്പെടാൻ പാടാണെങ്കില് സ്വന്തം സ്ഥലത്തേക്ക് വിട്ടോ! അല്ലാതെ ഇവിടെയുള്ള രീതികളെയൊക്കെ തിരുത്തിയേ അടങ്ങൂ എന്നാണ് വാശിയെങ്കിൽ…”
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. രാവിലെയുള്ള വെടിക്കെട്ടും പ്രാതലും കഴിഞ്ഞ് ഗുളികകൾ കഴിക്കുമ്പോൾ ഐശ്വര്യ ഹരീന്ദ്രന്റെ മുറിയിലേക്ക് വന്നു.
“അച്ഛന് ഇവിടവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് തോന്നുന്നുവെന്ന് എനിക്കറിയാം. ഈ പ്രായത്തില് ആർക്കായാലും നാട്ടിൻപ്പുറമൊക്കെ വിട്ട് സിറ്റിയിൽ നിൽക്കാൻ പാടാണ്. ഞാനിന്നലെ ഗോപിയമ്മാവനെ വിളിച്ചിരുന്നു. ആ പയ്യൻ വരും. ബിനുവെന്നോ മറ്റോ ആണ് അവന്റെ പേര്. അവൻ അച്ഛന്റെ കൂടെ നിൽക്കും. പിന്നെ, എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി…നാൽപ്പത് കിലോമീറ്ററല്ലേ ഉള്ളു.”
ഹരീന്ദ്രൻ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. വസ്ത്രങ്ങളൊക്ക പെട്ടിയിലാക്കി കുഞ്ഞുങ്ങളോടും അബൂബക്കറോടും യാത്ര പറഞ്ഞ് ഐശ്വര്യയോടൊപ്പം കാറിൽക്കയറി ആരാമല്ലൂരിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
മൊബൈൽ: 99212 79859



