• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അത്ഭുതങ്ങളൊഴിയാതെ ആലീസ്

സൂസൻ ജോഷി January 25, 2019 0

ആലീസിനു പണ്ടേ വഴി കണ്ടുപിടിക്കുന്ന കളിയിൽ ഇത്തിരി കമ്പം കൂടുതലാണ്. പുസ്തകങ്ങളായ പുസ്തകങ്ങളിലൊക്കെ അവൾ അന്വേഷിക്കും
വഴി കണ്ടുപിടിക്കാനുണ്ടോയെന്ന്. മുയലിനെ കാരറ്റിനടുത്തും എസ്‌കിമോയെ ഇഗ്‌ളൂനടുത്തും കുരുവിയെ കൂട്ടിനുള്ളിലും അവൾ എത്തിക്കും. എതു രാവണൻ കോട്ടയ്ക്കുള്ളിൽപെട്ടവരെയും അവൾ ഏതു വിധേനയും പുറത്തെത്തിക്കും.

ഇടയ്‌ക്കൊക്കെ അതേ കളി കംപ്യൂട്ടറിലാവും. കുരുക്കിൽനിന്നു രക്ഷപെടുന്നതും കള്ളനെ പിടിക്കാൻ ഓടിക്കുന്നതും പിടി കൊടുക്കാതെ പായുന്നതും പുതിയ വഴി കണ്ടു പിടിക്കുന്നതും ട്രഷർ ഹണ്ട് നടത്തുന്നതും ഒക്കെ സ്‌ക്രീനിൽ.

വേനലവധിക്ക് അമ്മവീട്ടിൽ വന്നതാണ്. രണ്ടു ദിവസം കളറിങ്ങും പടംവരയുമൊക്കെയായി നേരം പോയി. പിന്നെ വൈഫൈയും നെറ്റും ഇല്ലാത്തതുകൊണ്ട് നേരം പോണില്ലെന്നുള്ള പരാതി പറച്ചിലായി. വേറെ നിവൃത്തിയില്ലാതെ വന്നപ്പോൾ മുറ്റത്തിനപ്പുറം പറമ്പിലോട്ടും അപ്പുറത്തെ വീട്ടിലേക്കുമൊക്കെ പതിയെ ഗൂഗിൾ മാപ്പിംഗ് തുടങ്ങി. നെല്ലിയാമ്പതീന്നു അച്ചാച്ചൻ തിരിച്ചു വീട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ
ഉഷാറായത്.

വരിക്ക പ്ലാവിലെ ചക്ക പഴുത്ത് വീടുമുഴുവൻ സുഗന്ധം പരത്താൻ തുടങ്ങിയപ്പോൾ അച്ചാച്ചൻ പിള്ളേരേം കൂട്ടി പോയി ചക്കയിട്ടു. കാച്ചി തേച്ച കത്തിയെടുത്ത് ആ ഒന്നാന്തരം ചക്ക അടുക്കളയിലിട്ട് നെടുകെ മുറിച്ചു. കടും മഞ്ഞ നിറത്തിലുള്ള ചുളകളുടെ സ്വാദ് ഒന്നു വേറെതന്നെയായിരുന്നു.

അവധിക്ക് ഇതുപോലെ തറവാടുകളിൽ വിരുന്നുവന്നവരേയും സ്ഥിരം കുട്ടികളേയും ഒക്കെ ചേർത്ത് ഒരു സുഹൃത്കൂട്ടവുമുണ്ടാക്കി കൊടുത്തു അച്ചാച്ചൻ. ഒരു ദിവസം എല്ലാവരെയും കൂട്ടിക്കൊണ്ട് അച്ചാച്ചൻ മരങ്ങോലി തോട്ടത്തിലേക്ക് യാത്ര പോയി. അവിടെ റബർ മരങ്ങൾക്കും കൈതച്ചക്ക നിരകൾക്കും മേലെ പല നിറത്തിലുള്ള ചെറുപക്ഷികളും ശലഭങ്ങളും ചിറകടിച്ചു പറന്നു. അരണയും അണ്ണാനും കുഞ്ഞി തവളകളും അങ്ങിങ്ങിരുന്നു അവരുടെ നേർക്കു നോക്കി. ഇലതുമ്പുകളിലും പൂവിതളുകളിലും തുമ്പികൾ പാറി. കുളത്തിലും അരുവിയിലുമൊക്കെ നിറച്ചും മീൻകുഞ്ഞുങ്ങൾ. നെറ്റിയെപൊന്നനും, പരലും, കല്ലേ മുട്ടിയും, വെള്ളത്തിലാശാനുമൊക്കെ ആലീസിന് പുതുമയായിരുന്നു. പറമ്പിലെ
ആഞ്ഞിലിയും കാപ്പിയും കുരുമുളകും ബബ്ലൂസ് നാരകവുമൊക്കെ അച്ചാച്ചൻ കൊണ്ടുനടന്നുകാണിച്ചു. അവിടെ കല്ലുകൾക്കിടയിലൂടെ ഒരു അരുവി ഒഴുകി തടാകം തീർക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു.

സിറ്റിയിൽ ഇതുപോലെ വെള്ളക്കെട്ടുകൾ എവിടെ കിട്ടാനാണ്. കുട്ടികൾ വെള്ളത്തിൽ കളിയോട് കളി. പറഞ്ഞിട്ട് ആരു കേൾക്കാൻ എന്ന് പരാതിപ്പെട്ട് അച്ചാച്ചൻ മാറി നിന്നു. ഇതിനിടയിൽ ഓട്ടവും ചാട്ടവുമൊക്കെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തി വൈകീട്ട് കിടക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ ചോദിച്ചത്

”അല്ല ആലീസെ. നിന്റെ മാല എവിടെ?”

പിന്നെ വീടു മുഴുവൻ അന്വേഷണമായി. കിട്ടാതായപ്പോൾ അച്ചാച്ചൻ സംശയം പറഞ്ഞു

”ചിലപ്പോ കളിക്കിടയിൽ പറമ്പിലെങ്ങാനും വീണിട്ടുണ്ടാവും. നാളെ പോയി നോക്കാം”.

ആലീസിന്റെ അസ്വസ്ഥത കണ്ട് വല്യമ്മച്ചി പറഞ്ഞു.

”നീയൊന്നു സമാധാനപ്പെട്. അത് കിട്ടും. കളിക്കാൻ പോയിടത്തു കാണും”.

പിറ്റേന്ന് കാലത്തുതന്നെ അച്ചാച്ചൻ പറമ്പ് മുഴുവൻ അരിച്ചു പെറുക്കി നോക്കിയെങ്കിലും മാല കിട്ടിയില്ല. ആലീസിനു സങ്കടമായി. ആ ചെയിൻ പപ്പാ ഏഞ്ചൽസ് സ്‌പെഷ്യൽ കളക്ഷനിൽ നിന്നു വാങ്ങിക്കൊടുത്തതായിരുന്നു. അതിന്റെയറ്റത്ത് ഒരു കുഞ്ഞു ഡോൾഫിന്റെ ലോക്കറ്റുമുണ്ടായിരുന്നു. അവൾ എണ്ണിെപ്പറുക്കുന്നത് കേട്ട് വല്യമ്മച്ചി ആഞ്ഞു പ്രാർത്ഥിച്ചു.

”കാണാതാകുന്നത് കണ്ടെത്തി തരുന്നവനേ… അന്തോനീസേ… കൊണ്ടത്തന്നേക്കണേ…”

എന്നിട്ടവളോട് പറഞ്ഞു.

”നീഒന്ന് സമാധാനിക്ക്. അതു കിട്ടും. അന്തോനീസ് തരും”.

ഉച്ചയ്ക്ക് അടുക്കളഭാഗത്തൂന്ന് ”അമ്മച്ചിയേ…” എന്ന ഉച്ചത്തിലുളള വിളികേട്ടു ചെന്ന് നോക്കി. പറമ്പിൽ പണിയുന്ന ചന്ദ്രനാണ്.

”ജോർജച്ചായൻ കാലത്തെ വന്ന് പറമ്പിലൊക്കെ ഏതാണ്ട് തിരയുന്ന കണ്ടെന്ന് രാജി പറഞ്ഞു. തലേന്ന് കുട്ടികൾ അവിടെ കളിച്ചാരുന്നെന്നും അവർ പറഞ്ഞു. എന്നാ പിന്നെ ഒന്നു നോക്കിക്കളയാം എന്നു ഞാനും കരുതി. കൂഴപ്ലാവിൻറെയടുത്തു ചെന്നപ്പോ അപ്പുറെയുള്ള പാറേല് ഏതാണ്ട് കിടന്ന് മിന്നണപോലെ തോന്നി. ചെന്നു നോക്കിപ്പോ ദാ ആരാണ്ട് എടുത്തു വച്ച പോലെ ഇരിക്കുന്നു ഇത്”.

ചന്ദ്രന്റെ കയ്യിലുണ്ടായിരുന്നത് കുഞ്ഞു ഡോൾഫിൾ ആടികൊണ്ടിരിക്കുന്ന ആലിസിന്റെ മാല. വല്യമ്മച്ചിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായി
രുന്നു. ആലീസിനെ ഉറക്കെ വിളിച്ചു.

വല്യമ്മച്ചീടെ കൈയിൽ മാല കണ്ടപ്പോൾ അവൾ തുള്ളിച്ചാടി.

”ആരാ മാല തന്നേ…” അവൾക്ക് ആകാംക്ഷയായി.

അമ്മ പറഞ്ഞു. ”അതു നമ്മുടെ പറമ്പിൽ പണിയുന്ന ചന്ദ്രൻ”. ഉടനെ വല്യമ്മച്ചി തിരുത്തി. ”പിന്നേ… ചന്ദ്രനൊന്നുമല്ല. അതു അന്തോനീസാ തന്നേ”.

അതോടെ ആലീസിന് അന്തോനീസിനെക്കുറിച്ച ് ഒരഭിപ്രായമൊക്കെയായി. വല്യമ്മച്ചീടെ മുറീന്ന് ഉണ്ണിശോയെ എടുത്തു നിൽക്കുന്ന അന്തോനീസിന്റെ ഒരു ചിത്രം അടിച്ചോണ്ടു പോന്ന് വേഗം ബാഗിനകത്തു വച്ചു. എന്തിനായത് എന്ന് അമ്മ ചോദിച്ചപ്പോ അവള് പറഞ്ഞു.

”കാണാതെ പോയ കുറേ സാധനങ്ങളുണ്ടല്ലോ, നമ്മുടെ വീട്ടിൽ ചെന്നിട്ട് അതിൻറെ ലിസ്റ്റ് കൊടുക്കാനാ”.

വല്യമ്മച്ചി കുറെക്കാലം കൂടി കുടുകുടാന്ന് ചിരിച്ചു. ആലീസ് ഉടനെ അടുത്ത സംശയം ചോദിച്ചു.

”മനുഷ്യരെ കാണാതെ പോയാലും ഈ പുണ്യാളൻ കൊണ്ടെത്തര്വോ വല്യമ്മച്ചി”.

”പിന്നല്ലാതെ. നീകേട്ടിട്ടില്ലേ ഒരു പരസ്യവാചകം.. വിശ്വാസം….”

”ഉം… അതു തന്നെ” ആലീസിന് സന്തോഷമായി.

”കറങ്ങി നടന്നാൽ മാത്രം പോര വായിച്ചുവളരണം പിള്ളേ” എന്നു പറഞ്ഞു അമ്മച്ചി അവൾക്ക് ഒരുപിടി പുസ്തകങ്ങൾ കൊണ്ടുകൊടുത്തു. ആലീസ് എസോപ്പ് കഥകൾ വായിച്ചു നോക്കി. ആദ്യപേജിലുണ്ടായിരുന്നത് ചെന്നായും ആട്ടിൻകുട്ടിയും എന്ന കഥ. കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻകുട്ടിയെ കണ്ട ചെന്നായ ഓരോരോ തൊടുന്യായങ്ങൾ പറഞ്ഞ് അതിനെ കൊന്നു തിന്നാൻ തീരുമാനിച്ച കഥ ആലീസ് മുൻപ് കേട്ടിട്ടുണ്ടായിരുന്നു. എവിടൊക്കെ പതുങ്ങിനില്പുണ്ടാവും ചെന്നായ്ക്കൾ എന്നവൾ ചിന്തിച്ചു. എന്തൊക്കെ വേഷത്തിലാവും അവർ എത്തുക, എന്തു സൂത്രങ്ങളാവും അവർ പ്രയോഗിക്കുക. കൗശലക്കാരൻ ചെന്നായ ലിറ്റിൽ റെഡ് റൈഡിങ് ഹുഡിനെ പിടികൂടാൻ രൂപോം ശബ്ദോം മാറ്റി കളിച്ചത് അവൾ ഓർത്തു. പക്ഷെയെന്തോ ചെന്നായ്ക്കളെ മൊത്തമങ്ങനെ ഒരു ദുഷ്ടവർഗത്തിൽപ്പെടുത്താൻ അവൾക്കു പറ്റിയില്ല. ചോദ്യങ്ങൾ മനസ്സിൽ ഉയർന്നുകൊണ്ടിരുന്നു.

എല്ലാ ചെന്നായ്ക്കളും കടിച്ചു കീറി തിന്നുന്നവരായിരിക്കുമോ? ഏയ്… കാട്ടിൽ ഉപേക്ഷിക്കപ്പെട്ട മൗഗ്ലിയെ വളർത്തിയ ത് ചെന്നായ്ക്കൂട്ടമല്ലേ. ഷെർഖാനിൽനിന്നും മൗഗ്ലിയെ രക്ഷിക്കാൻ ജീവൻ വരെ ത്യജിക്കാൻ തയ്യാറായ അക്കിലയെയും അവൾക്ക് വളരെ ഇഷ്ടമായിരുന്നു. ചെന്നായെ സ്‌നേഹിക്കണോ വെറുക്കണോ എന്നറിയാതെ ആകെ വീർപ്പുമുട്ടലിൽ ആയി അവൾ. കേട്ട കഥകളിലെ ചെന്നായ്ക്കളും ഭൂതങ്ങളും ഒക്കെക്കൂടി
ആലീസിന്റെ കുഞ്ഞു മനസ്സിൽ പടയൊരുക്കം നടത്തി.

ഏതായാലും മുറ്റത്തൂടെ ഒന്നു കറങ്ങിക്കളയാം എന്നു കരുതിയാണ് താഴത്തെ മുറിയിലോട്ടു ചെന്നത്. ചെന്നപ്പോൾ അക്വേറിയത്തിലെ മീൻ ചത്തുകിടക്കുന്നു. പുറത്തു കൊണ്ടു കളയാൻ പോയപ്പോഴാണ് താഴത്തെ കണ്ടത്തിലെ കുട്ടികൾ അതു വഴി പോയത്. കുന്നുംപുറത്തു കളിക്കാൻ പോരുന്നോ എന്നു ചോദിച്ചു. അമ്മയെ പുറത്തു കണ്ടില്ല. ആരോടെന്നില്ലാതെ അകത്തേക്ക് നോക്കി ‘ഞാൻ കളിക്കാൻ പോവ്വാ’ എന്നു വിളി
ച്ചു പറഞ്ഞിട്ടു അവൾ ഒരൊറ്റയോട്ടം.

തകർത്തു കളിച്ചു. കളി തീരായപ്പോൾ ‘അപ്പുറത്തു കാണുന്ന ആ കുന്നില്ലേ. അവിടെയാണ് ഭൂതത്തിന്റെ വറ്റാത്ത കുളമുള്ളത്‌ട്ടോ’ എന്നു സ്വകാര്യം പോലെ അലൻ പറഞ്ഞു. ഒന്നിച്ചു തിരിച്ചിറങ്ങിയെങ്കിലും പാതി വഴി എത്തിയപ്പോൾ ആലീസ് അവരോടു പറഞ്ഞു.

”നിങ്ങള് നടന്നോ… ഞാൻ ടെസ്സയെ കണ്ടിട്ടു വരാം”.

പാത്തുപതുങ്ങി പോയതു പൂതപ്പറമ്പിലേക്ക്. അവിടെ കുന്നു കയറുമ്പോൾ കാലു വഴുതിയത് ഓർമയുണ്ട്. താഴെ വീണത് മുൾപ്പടർപ്പിൽ. ഒരുതര
ത്തിൽ എണീറ്റ് നേരെ നോക്കുമ്പോഴുണ്ട് മരത്തിനടുത്ത് നിന്നു ഇഴഞ്ഞു വരുന്നു മുട്ടൻ ഒരു പാമ്പ്. പേടിച്ചരണ്ട് കണ്ടവഴിയെ ഓടി. പിന്നൊന്നും ഓർമയില്ല.

മുന്നിലെ മുറിയിൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ടെസ്സ അങ്ങോട്ട് ചെന്നത്. അഞ്ചാം ക്ലാസ്സുകാരി ടെസ്സആലീസിന്റെ കൂട്ടുകാരിയാണ്. എന്തൊക്കെയോ അടക്കിപ്പിടിച്ച സംസാരം കേട്ടു. അവളെ കണ്ടതും ചാച്ചൻ അങ്കലാപ്പോടെ പറഞ്ഞു.

”അതേയ്… നമ്മടെ ജോർജച്ചായന്റ വിടുത്തെ ആലീസിനെ കാണാനില്ലെന്ന്. ഇവിടെ വന്നോന്നു ചോദിച്ചു”.

വാഴച്ചുണ്ടു കുനുകുനാ അരിഞ്ഞോണ്ടിരുന്ന അമ്മയും പറമ്പിൽ നിന്നു കിളച്ചെടുത്ത പച്ച മഞ്ഞൾ വാട്ടി പുഴുങ്ങിക്കൊണ്ടിരുന്ന ത്രേസ്യാ ചേടത്തിയും ഇതു കേട്ടതോടെ പണിയൊക്കെ നിത്തി ആലോചന ചർച്ചകളിലായി.

”ഇവിടെ വന്നില്ലല്ലോ”.

”പിന്നെവിടെ പോയായിരിക്കും”.

”അവര് വീട്ടിലൊക്കെ ശരിക്കും നോക്കിയോ?”

”മച്ചുമ്പുറത്തു കാണ്വോ…”

”അതോ വേറെ ആരുടെയേലും വീട്ടിൽ പോയിക്കാണ്വോ?”

വണ്ടീടെ താക്കോലെടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചാച്ചൻ പറഞ്ഞു.

”എല്ലായിടത്തും നോക്കുന്നുണ്ട്. എന്നാലും നമ്മുടെ ഐജി ഓഫീസിലുള്ള സിറിയക്കിനെ ഒന്നു വിളിച്ചേക്കാം. കാലം തെറ്റിയ കാലമാണ്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. കളിക്കാൻ വിട്ടാലും നോക്കണ്ടെ. ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനൊക്കെ ഇരിക്കും”.

എന്തിനാ ഇത്രേം ആശങ്ക എന്ന മട്ടിൽ നിന്ന ടെസ്സയെ ചാച്ചൻ ഓർമിപ്പിച്ചു.

”കളിയൊക്കെ ദേ ഇതിനകത്തു മതി. കേട്ടല്ലോ”.

ഞാൻ വിളിക്കാമെന്ന് പറഞ്ഞ് വണ്ടിയെടുത്തു പോയി.

”നിനക്കു വല്ല ധാരണയുണ്ടോ…അവളെവിടെ പോയിക്കാണുന്ന?” അമ്മ ചോദിച്ചു.

അവരു തമ്മിൽ പറഞ്ഞ വർത്തമാനങ്ങളൊക്കെ ടെസ്സ ഓർത്തുനോക്കി. ആലീസ് അത്യാവശ്യം സാഹസികത ഉള്ള കൂട്ടത്തിലാണ്. അവള് തന്നത്താൻ പോയതാണെങ്കിൽ എങ്ങോട്ടാവും പോവാൻ സാദ്ധ്യത. സഹായത്തിനു വരുന്ന ജാനകി അവളോട് പറഞ്ഞിരുന്നു പോലും വെള്ളച്ചാലി പറമ്പ് എന്ന് വിളിക്കുന്ന കുന്നംപുറത്തെ പറമ്പിൽ ഭൂതത്താന്മാർ കുഴിച്ച ഒരു കുളമുണ്ടെന്ന്. ആലീസത് പൊടിപ്പും തൊങ്ങലുമിട്ടു വിവരിച്ചത് അവൾ ഓർത്തു. അതുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചരിക്കുന്നുണ്ട് നാട്ടിൽ. ചില വൈകുന്നേരങ്ങളിൽ അവിടെ നിന്നും പുക കാണാം. ആരോ മുരളുന്ന ശബ്ദം കേൾക്കാം. വെടിയൊച്ച കേൾക്കാറുണ്ടെന്നും പറയപ്പെടുന്നു.

കൊക്കോയും ജാതിയും ആഞ്ഞിലിയുമാണ് നിറയെ. അവിടുള്ള അരുവിയിൽ പലനിറത്തിലുള്ള കല്ലും സ്വർണമത്സ്യങ്ങളും നിറയെയുണ്ടുപോലും. വെള്ളത്തിനു പച്ചനിറമാണത്രെ. അവിടെ ഭൂതമുണ്ടോ എന്ന് ആലീസിനു സംശയമുണ്ടായിരുന്നു. അവളിനി അതു നോ
ക്കാൻ പോയതാവ്വോ. തന്നെ കൂടാതെ പോയതിൽ ടെസ്സയ്ക്ക് അരിശം വന്നു. അങ്ങനാണെങ്കിൽ ഭൂതം അവളെ പിടി ച്ചുകാണ്വോ? ആലീസ് പോയ വഴി കണ്ടുപിടിക്കാൻ ടെസ്സ തല പുകച്ചുകൊണ്ടിരിക്കെ ഭൂതക്കുന്നിന്റെ പാറയ്ക്കപ്പുറമുള്ള പറമ്പിൽ കപ്പ പറിച്ചോണ്ടിരിക്കുകയായിരുന്നു അയാൾ. തോട്ടിൽ നിന്ന് വെള്ളം കോരി കാലുകഴുകാൻ ചെന്നപ്പോഴാണ് മയങ്ങിക്കിടക്കുന്ന ആ പെൺകുഞ്ഞിനെ കണ്ടത്. ചുറ്റും നോക്കി. വേറാരെയും കാണാനില്ല. അയാൾ പിന്നെ മടിച്ചു നിന്നില്ല. അവളെയെടുത്ത് കുന്നിനപ്പുറത്തെ ചരിവിലേക്കു നടന്നു.

കണ്ണു തുറന്നപ്പോൾ പലയിടത്തും പെയിന്റ് അടർന്നു പോയ ഒരു ഭിത്തിയിലൂടെ ഉറുമ്പുകൾ പോകുന്നതാണ് ആലീസ് കണ്ടത്. കുഞ്ഞ് കുനിയൻ ഉറുമ്പ്. പിന്നെ ചുവന്ന ചോണനുറുമ്പ്. അവയിൽ ചിലതിെന്റ കയ്യിൽ ചെറിയ ഭക്ഷണ തരികളും കണ്ടു. ശരീരത്തിന്റെ പതിന്മടങ്ങ് ഭാരം എടുക്കാൻ ഉറുമ്പുകൾക്ക് ആവുമെന്ന് സയൻസ് ക്ലാസിൽ ടീച്ചർ പഠിപ്പിച്ചത് അവളോർത്തു. ക്ലാസും ടീച്ചറുമൊക്കെ ഓർത്തപ്പോഴാണ് താൻ എവിടെയാണ് കിടക്കുന്നത് എന്നവൾ നോക്കിയത്. കട്ടിലിനു കുറുകെ വിരിച്ച കയറ്റുപായിൽ അങ്ങിങ്ങായി ചുവന്ന നിറത്തിലുള്ള പാടുകൾ കാണാമായിരുന്നു. കൈയും കാലും അവിടിവിടെ മുറിഞ്ഞതും ചോര പൊടിഞ്ഞതും അവൾ കണ്ടു. താനെങ്ങനെ ഇവിടെയെത്തിയെന്ന് ഓർത്തെടു ക്കാൻ അവൾ പാടുപെട്ടു. അങ്ങിങ്ങ് നിഴൽ വിരിച്ച മരങ്ങൾക്കും അവയുടെ പിന്നിലുള്ള പാറകൾക്കുമപ്പുറത്തേക്ക് അവളുടെ ദൃഷ്ടികൾ ചെന്നു. ഇറയത്തോട് ചേർന്നു ഇടതു വശത്തു കുറെ വലിയ വീപ്പകൾ അവൾ കണ്ടു. അതിനപ്പുറം അറ്റത്തുള്ള കൂട്ടിൽ മുയൽ കുഞ്ഞുങ്ങൾ.

ചോര മണക്കുന്ന ഒരു മുട്ടിപ്പലകയിൽ ഇറച്ചി കഷ്ണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. തീകത്തിക്കൊണ്ടിരിക്കുന്ന വിറകടുപ്പിന് മീതെ എന്തോ ഇറച്ചി വെന്തു കൊണ്ടിരുന്നു. അയയിൽ പഴംതുണികൾ. മുറിക്കാകെ പൂപ്പൽ പിടിച്ച മരപ്പലകകളുടെ മണം.

പേടിപ്പെടുത്തുന്ന വിചാരങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. താനിപ്പോൾ ഭൂതത്തിെന്റ പിടിയിലാണോ. തന്നെ വീട്ടുകാർ അന്വേഷിക്കുന്നുണ്ടാവ്വോ. തിരിച്ചു ചെല്ലുമ്പോൾ തല്ലു കിട്ട്വോ. അവൾ ചുറ്റും നോക്കി. ചുവരിൽ കൊളുത്തിയിട്ടിരിക്കുന്ന നിറം പോയിതുടങ്ങിയ ഒരു തോക്ക്. ഒട്ടുപാലിന്റെ കൂടകൾക്കു കീഴെയായി റബർ വെട്ടുന്ന കത്തിയും അവളുടെ കണ്ണിൽപ്പെട്ടതോടെ പേടി പൂർണമായി. അകത്തു നിന്നും ഒരു ശബ്ദം കേട്ടു. പതുങ്ങിയിരിക്കുന്ന ചെന്നായ ഇപ്പോൾ ചാടി വീഴുമോ എന്ന് ആധി കയറി ഇരിക്കെ പെട്ടെന്ന് അവളുടെ അടുത്തേക്ക് ഉൾമുറിയിൽനിന്ന് ദീർഘകായനായ അയാൾ കടന്നുവന്നു. ഒരു നിലവിളി തൊണ്ടയിൽതന്നെ കുടുങ്ങിപ്പോയതും മേലാകെ ഒരു തരിപ്പ് അനുഭവപ്പെടുന്നതും അവളറിഞ്ഞു.

അയാളുടെ മുഖത്തിന്റെ ഒരു വശം കരുവാളിച്ചുകിടന്നു. കൈകാലുകളിൽ നിറയെ രോമങ്ങൾ. താൻ ഭൂതത്തിന്റെ കൈയിൽപ്പെട്ടതോർത്ത് അവൾക്കു കരച്ചിൽ വന്നു. അയാൾ അവളുടെ അടുത്തേക്ക് വന്ന് ഒന്നു സൂക്ഷിച്ചു നോക്കി.

പതിയെ ആവി പാറുന്ന ഒരു ഗ്ലാസ് മുന്നിലേക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.

”പേടിക്കേണ്ട. ഇതങ്ങു ചൂടോടെ കുടിച്ചോ. കരിപ്പെട്ടിക്കാപ്പിയാ… ക്ഷീണം പമ്പ കടക്കും”.

അതിനു പിന്നാലെ ഒരു വട്ടപ്പാത്രത്തിൽ വേവിച്ച ചെണ്ടമുറിയൻ കപ്പയും അരപ്പിൽ പൊതിഞ്ഞു കിടന്ന ചൂടൻ മുയലിറച്ചിയും അവൾക്കു മുന്നിൽ കൊണ്ടു വച്ചു.

അതുപോലൊരു പ്ലേറ്റ് കയ്യിൽ പിടിച്ച് അവൾക്കെതിരെയിരുന്ന് അയാളും കഴിച്ചു തുടങ്ങി. വരട്ടിയ മുയലിറച്ചിയുടെ കൊതിപ്പിക്കുന്ന നാടൻ രുചിയിൽ പതിയെ അവളുടെ ഭീതികൾ അലിഞ്ഞില്ലാതായി. അവൾ അല്പം സ്വസ്ഥയായി രിക്കുന്നു എന്നു മനസ്സിലായപ്പോൾ അയാൾ താത്പര്യത്തോടെ ചോദിച്ചു.

”അതേയ്… കൊച്ചിന്റെ പേരെന്താ? വീടെവിടെയാ? എങ്ങനാ ഇവിടെത്തിയെ?”

അയാളുടെ കണ്ണുകളിൽ തെളിയുന്നത് ക്രൗര്യമല്ലെന്നും അതു സഹാനുഭൂതിയാണെന്നും അവൾക്കു തോന്നി. എന്തുകൊണ്ടെന്നറിയില്ല കാട്ടിൽ അകപ്പെട്ട മൗഗ്ലിയോട് കൂട്ടു കൂടുന്ന ബാലു കരടിയെ അവൾക്കോർമ വന്നു. അല്പം ചമ്മലോടെ ആണെങ്കിലും ഭൂതക്കുന്നിലേക്കുള്ള തന്റെ വഴി കണ്ടുപിടിക്കലിന്റെ കഥ അവൾ ചുരുക്കിപ്പറഞ്ഞു.

അതവസാനിച്ചപ്പോൾ അയാൾ ഉറക്കെ ചിരിച്ചിട്ടു പറഞ്ഞു: ”കൊച്ചു നല്ല രസികത്തി ആണല്ലോ. എന്തായാലും വാ… നമുക്ക് ഭൂതത്തിന്റെ കൊട്ടാരോം തോട്ടോം മീൻകുളോമൊക്കെ ഒന്നു ചുറ്റി കണ്ടേച്ചു വേഗം വീട്ടിലോട്ടു പോവാം.

അവിടെയുള്ളോരൊക്കെ രാജകുമാരിയെ കാണാതെ വെഷമത്തിലായിരിക്കും”.

അയാൾ ധൃതിപ്പെട്ടു മുറ്റത്തേക്കിറങ്ങി. മെയ്ഫ്‌ളവറുകൾക്കരികിലായി കിടന്നിരുന്ന തേഞ്ഞു തുടങ്ങിയ ചെരുപ്പ് കാലിൽ തിരുകിക്കയറ്റി. തിടുക്കത്തിൽ ചുവടുകൾ വച്ചു മുന്നിൽ നടന്നു. മണ്ണിൽ കാലടയാളങ്ങളുണ്ടാക്കി അവൾ പതുക്കെ അയാളുടെ പിറകെയും. മുൻപേ അതു വഴി പോയവരാരോ പറിച്ചെറിഞ്ഞ ഇലകളും പൂക്കളും അവർ പോയ വഴിയിൽ നിലത്തു ചിതറിക്കിടപ്പുണ്ടായിരുന്നു.

ഇനിയിപ്പോൾ ആരെ വിളിക്കണം… എവിടെ നോക്കണം എന്നറിയാൻ മേലല്ലോ തമ്പുരാനെ… എന്നു സങ്കടം പറഞ്ഞ് അടുക്കളപ്പുറത്തേക്കിറങ്ങിയ വല്യമ്മച്ചി കണ്ടത് അയാളുടെ കൈയും പിടിച്ച് വീടിന്റെ പടി കയറി വരുന്ന ആലീസിനെയാണ്. അവളുടെ മുഖത്ത് ഉന്മേഷവും ആനന്ദവും തിളങ്ങിയിരുന്നു. ഒരു വലിയ പ്ലാസ്റ്റിക് കൂടു നിറയെ വാലിൽ ചിത്രപ്പണികളുള്ള പലതരം ഗപ്പി കുഞ്ഞുങ്ങളെ അവൾ കൈയിൽ പിടിച്ചിരിക്കുന്നത് വല്യമ്മച്ചി ശ്രദ്ധിച്ചു. അയാളുടെ കൈയിലാകട്ടെ ആഫ്രിക്കൻ പായലിനും വെള്ളാരംകല്ലുകൾക്കുമിടയിലൂടെ ഊളിയിടുന്ന ഏതാനും സ്വർണമത്സ്യങ്ങളും.

വല്യമ്മച്ചിയെ കണ്ടപാടെ ആലീസ് ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. അവളെ അരികിൽ ചേർത്തു നിർത്തി ചെമ്പിച്ച മുടിയും നീളൻ കൈകളുമുള്ള കൂടെ വന്ന ആ അപരിചിതനോട് വല്യമ്മച്ചി ചോദിച്ചു.

”എന്താ ഇയാളുടെ പേര്?”

എങ്ങോ നോക്കി അയാൾ പറഞ്ഞു: ”അന്തോണി…”

റബർമരങ്ങൾക്കപ്പുറം കാറ്റ് താണ് വീശി. മണ്ണിൽ താനെ കൊഴിഞ്ഞു വീണിരുന്ന ഇലകൾ കാറ്റിൽ പറന്നു. വെള്ളിമേഘങ്ങളുടെ പാളികളിൽ എങ്ങു നിന്നോ പ്രകാശം പതിച്ചു.

മൊബൈൽ:8921796178

Related tags : StorySussan Joshi

Previous Post

ശ്രീരാമനും മുഹമ്മദ് നബിക്കും തെറ്റുപറ്റും: എം എൻ കാരശ്ശേരി

Next Post

ഒച്ചാട്ട്

Related Articles

കഥ

പകർപ്പ്

കഥ

ഹിറ്റ്ലർ

കഥ

ഗണിതകല്പിതം

കഥ

മധുരനൊമ്പരം

കഥ

കണക്കുകൂട്ടലുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സൂസൻ ജോഷി

ഉറുമ്പുകളുടെ സാമ്രാജ്യം

സൂസൻ ജോഷി 

ഉറുമ്പുകൾ തിടുക്കത്തിലങ്ങനെ പോകുന്നുണ്ട്. എല്ലാ യാത്രയും അന്നം തേടിയാണെന്ന് പറയാനാവില്ല. അവർക്കുമുണ്ടാകും നിങ്ങൾക്കറിയാത്ത രഹസ്യനീക്കങ്ങൾ....

മണങ്ങളുടെ വഴി

സൂസൻ ജോഷി 

വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം....

അത്ഭുതങ്ങളൊഴിയാതെ ആലീസ്

സൂസൻ ജോഷി 

ആലീസിനു പണ്ടേ വഴി കണ്ടുപിടിക്കുന്ന കളിയിൽ ഇത്തിരി കമ്പം കൂടുതലാണ്. പുസ്തകങ്ങളായ പുസ്തകങ്ങളിലൊക്കെ അവൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven