• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ ഇതിഹാസം

ഡോ. മിനി പ്രസാദ്‌ December 28, 2024 0

ഇതിഹാസങ്ങള്‍ കാലദേശഭേദമന്യേ പുനര്‍വായനയ്ക്കും പുനരവതരണത്തിനും വിധേയമായിക്കൊണ്ടിരിക്കും. കാലോചിതമായ മാറ്റങ്ങളോടെ പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ പലപ്രധാനകഥാപാത്രങ്ങളും അപ്രധാനരാവുകയും പ്രാധാന്യം ഒട്ടുമില്ലാത്തവര്‍ എന്ന് ആദ്യ വായനയില്‍ തോന്നിയവര്‍ പ്രധാനകഥാപാത്രങ്ങളായി മാറുകയും ചെയ്യും. പുനരാവിഷ്‌കരിക്കുന്ന കഥാപാത്രം എഴുത്തുകാരന്റെ മാത്രം തീരുമാനവും തിരഞ്ഞെടുപ്പുമാണ്. മഹാഭാരതം ഒരേ സമയം ഒരു ഇതിഹാസവും കുടുംബകഥയുമാണ്. ബന്ധങ്ങളെ കവച്ചുവെയ്ക്കുന്ന അധികാരമോഹങ്ങളുടെ വടം വലികളും അവ ഉളവാക്കുന്ന സംഘര്‍ഷങ്ങളുമാണ് മഹാഭാരതത്തിന്റെ അടിസ്ഥാനം. നൂറുകണക്കിന് കഥാപാത്രങ്ങള്‍ ചേര്‍ന്നതാണ് മഹാഭാരതം. മഹാഭാരതത്തില്‍ അംബയുടെ പുനര്‍ജന്മമായി അവതരിപ്പിക്കപ്പെട്ടതും ശിഖണ്ഡി എന്ന പേരില്‍ മാത്രം അറിയപ്പെട്ടതുമായ കഥാപാത്രത്തെ പുതിയ ഭാവത്തിലും രൂപത്തിലും അവതരിപ്പിക്കുകയാണ് ‘ആത്രേയകം’ എന്ന നോവലിലൂടെ ആര്‍. രാജശ്രീ ചെയ്യുന്നത്. ശിഖണ്ഡി എന്നുമാത്രം പരാമര്‍ശിച്ച് അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന് നിരമിത്രന്‍ എന്ന പേര് നല്‍കികൊണ്ട് നോവലിസ്റ്റ് ഒരു പുനര്‍ജന്മം നല്‍കുന്നു.

ഡോ: മിനി പ്രസാദ്‌

നിരമിത്രനെ സാക്ഷിയാക്കിക്കൊണ്ട് മഹാഭാരതം മുഴുവനും പൊളിച്ചെഴുതുമ്പോള്‍ വില്ലാളി വീരന്മാരും ധീരോദാത്തന്മാരും അതിപ്രതാപ ഗുണവാന്മാരുമായ എത്രയോ നായകന്മാര്‍ തുച്ഛരാവുന്നു. ഇവരൊക്കെ ഇത്രയേ ഉണ്ടായിരുന്നുള്ളോ എന്ന് ആശ്ചര്യപ്പെട്ടു പോവും വിധമാണ് രാജശ്രീ ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

‘ആത്രേയകം’ എന്നൊരു നിഷ്‌കാസിത പ്രദേശമാണ് നോവലിന്റെ പശ്ചാത്തലം. പാഞ്ചാല രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വന്‍ വൃക്ഷങ്ങളുടെ സമൃദ്ധിയില്‍ സംരക്ഷിക്കപ്പെട്ട ഈ സ്ഥലത്തിന് ഹസ്തിനപുരവും അവകാശങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ തന്നെ എപ്പോഴും ഒരുതരം അസ്വസ്ഥതയോ ഭീതിയോ ആത്രേയകത്തെ വലയം ചെയ്ത് നില്‍ക്കുന്നുണ്ട്. യുദ്ധത്തിലോ ഏറ്റുമുട്ടലിലോ മുറിവേറ്റവരെയും അര്‍ദ്ധപ്രാണരായവരെയും കൊണ്ട് തള്ളിക്കളയുന്ന സ്ഥലം കൂടിയാണ് ആത്രേയകം. അവിടെ ചൂഢകന്‍ എന്ന വൃദ്ധനും ഇള എന്ന കൊച്ചുമകളും ചേര്‍ന്ന് അവരെ അവരുടെ പരമ്പരാഗത മരുന്നുകള്‍കൊണ്ട് ചികിത്സിക്കുന്നു; അങ്ങനെ സൗഖ്യമാക്കുകയും ചെയ്യുന്നു. ഇത്തരം ചികിത്സകളെപ്പറ്റിയും അവയുടെ അറിവിനെപറ്റിയും ആത്രേയകത്തോട് ചേര്‍ന്ന് പറയുമ്പോള്‍ അറിവ് ഉണ്മയുടെ ഭാഗമായ ഇടം എന്ന് ഇള തന്നെ ആ ഇടത്തെ വിശേഷിപ്പിക്കുന്നുണ്ട്.

തീരാത്ത സങ്കടങ്ങളും ഭയങ്ങളുമായി അവിടേക്ക് വരുന്നവരെല്ലാം അവരുടെ സങ്കടങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചു പോവുന്നതിനാലാവണം ഒരു തരത്തിലും സ്വസ്ഥത അനുഭവിക്കാത്ത ഇടമായി ആത്രേയകം തനിക്ക് അനുഭവപ്പെട്ടു എന്ന് നിരമിത്രന്‍ തന്നെ പറയുന്നുണ്ട്.

നിരമിത്രനും നിരമിത്രയും ചേര്‍ന്ന ഒരാള്‍

പാഞ്ചാലരാജാവിന്റെ പുത്രനായ നിരമിത്രന്‍ അനേകകാലത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച കുട്ടിയായിരുന്നു. ആണ്‍കുഞ്ഞ് എന്നായിരുന്നു പ്രവചനമെങ്കിലും ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. രാജാവും രാജ്ഞിയും ആ കുട്ടിയെ ആണ്‍കുഞ്ഞായി വേഷം കെട്ടിക്കുകയും കുട്ടി ക്രമേണ ആണ്‍കുട്ടിയായി മാറും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ശിവന്റെ അനുഗ്രഹത്താല്‍ ജനിച്ച കുഞ്ഞ് എന്നിങ്ങനെ അഭൗമ കഥകള്‍ പറഞ്ഞു പരത്തികൊണ്ട് രാജകുമാരന് ദിവ്യത്വം കല്പിച്ചുകൊടുക്കാന്‍ ശ്രദ്ധിച്ചിരുന്നു. പാഞ്ചാലത്തിന്റെ നിലനില്‍പുതന്നെ ഇത്തരം കഥകളുടെ പിന്‍ബലത്തിലാണ്. അയല്‍രാജ്യമായ ദശാര്‍ണ്ണത്തിന്റെ രാജകുമാരിയുമായുള്ള നിരമിത്രന്റെ വിവാഹച്ചടങ്ങുകളുടെയും ഘോഷയാത്രയുടെയും വിവരണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. യാത്രയിലെ ഇടത്താവളമായ കാമ്പില്യത്തില്‍ വെച്ച് ആദ്യത്തെ രാത്രി തന്നെ ദശാര്‍ണ്ണ രാജകുമാരി തന്റെ ഭര്‍ത്താവ് പുരുഷനല്ല എന്ന് തിരിച്ചറിയുകയും ദശാര്‍ണ്ണത്തിലേക്ക് തിരികെപ്പോവുകയും ചെയ്യുന്നു. നിരമിത്രന്‍ ഈ വിവാഹത്തിന് സമ്മതം മൂളിയിരുന്നോ എന്ന സംശയത്തിനുപോലും ഇവിടെ സ്ഥാനമില്ല. രാജാജ്ഞകള്‍ നടപ്പാക്കാന്‍ ആരുടെയും സമ്മതം ആവശ്യമില്ലല്ലൊ. വിവാഹത്തലേന്ന് വേഷം മാറി തന്റെ തോഴി വിശാഖയോടൊപ്പം ആത്രേയകം സന്ദര്‍ശിക്കാന്‍ പോവുന്ന രാജകുമാരന്‍ പിടിക്കപ്പെടുമ്പോള്‍ അത്തരം ഒരു ഒളിച്ചോട്ടം രാജാവ് ഭയന്നിരുന്നു എന്ന് കരുതണം. വിവാഹഘോഷയാത്രയില്‍ രാജകുമാരന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണവും ഇതേ ഭയമായിരിക്കണം. ആ സുരക്ഷാക്കൂടുതലിന്റെ കവചം ഒരു അപമാനമായിട്ടാണ് നിരമിത്രന് അനുഭവപ്പെടുന്നത്. അന്ധവിശ്വാസങ്ങളും നുണകളും കഥകളും പൊതിഞ്ഞു പൊതിഞ്ഞ് താനൊരു മനുഷ്യനെ അല്ലാതെയായിത്തീന്നു. എന്ന് നിരമിത്രന്‍ പറയുന്നത്. അത്തരം കെട്ടിവെയ്ക്കലുകളുടെ ഭാരം താങ്ങാനാവാതെയാണ്. ദശാര്‍ണ്ണം ഒരു സമ്പന്ന രാജ്യമായതിനാലും രാജകുമാരി ഏകസന്തതിയായതിനാലും ആ സ്വത്തുക്കളും സൈന്യത്തിന്റെ ബാഹുല്യവും ഒക്കെ വിവാഹത്തിന് കാരണമാവാം. രാജവംശങ്ങളില്‍ വ്യകതികള്‍ തമ്മിലല്ല വിവാഹം എന്ന് നോവലില്‍ പിന്നീട് ഒരിടത്ത് പറയുന്നുമുണ്ട്. പാഞ്ചാലം തങ്ങളെ അപമാനിച്ചു എന്നത് ദശാര്‍ണ്ണത്തിന്റെ പ്രതികാരം തികഞ്ഞ ശത്രുതയായിത്തീരുകയും ചെയ്യുന്നു. രാജകുമാരനെപ്പറ്റി കേട്ട കഥകള്‍ വിശ്വസിക്കാന്‍ ദശാര്‍ണ്ണം തയ്യാറായിരുന്നുമില്ല.

യാഥാര്‍ത്ഥ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചു എന്ന് തീര്‍ച്ചയാവുന്നതോടെ ബന്ധുത്വം കൊതിച്ചു ചെയ്ത വിവാഹം എന്ന പ്രഹസനം അങ്ങേയറ്റത്തെ വിരോധവും പ്രതികാരവുമായി മാറുകയും ചെയ്യുന്നു.

ദശാര്‍ണ്ണ രാജകുമാരിയുടെ ഈ തിരിച്ചുപോക്ക് പാഞ്ചാലത്തെ അപമാനത്തില്‍ ആഴ്ത്തുന്നു. പരമിശവന്റെ അനുഗ്രഹം എന്നൊക്കെയുള്ള പൊലിപ്പിച്ച കഥകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും സൈനികര്‍ക്കിടയിലും പ്രജകള്‍ക്കിടയിലും ഈ കഥകള്‍ക്ക് അത്ര സ്വീകാര്യതയൊന്നും കിട്ടിയിരുന്നില്ല. രാജകോപം ഭയന്ന് അവയൊന്നും ആരും പുറത്ത് പറഞ്ഞില്ല എന്നുമാത്രം. പാഞ്ചാലരാജാവിന്റെ കോപമാവട്ടെ രാജ്ഞിക്കുനേരെയാണ് കുതിച്ചു കയറുന്നത്. ഇത്തരം ഒരു അഭിശപ്തജന്മത്തെ പോറ്റിവളര്‍ത്തിയതിന്റെ പേരിലാണ് ആ കോപം ജ്വലിച്ചുയരുന്നത്. കോപാന്ധനായ രാജാവ് പിന്നീട് ചെയ്യുന്നത് ലോകത്ത് ആരും ചെയ്യാത്ത ഒരു ഹീനതയായിരുന്നു. പുരുഷന്‍ സ്ത്രീയെ കീഴടക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ കാണിച്ചുതരാം എന്ന് ആക്രോശിച്ചുകൊണ്ട് അമ്മയെ മകന്റെ മുന്നില്‍വെച്ച് ഭോഗിക്കുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്നു. നിന്നെക്കൊണ്ട് ഇതിനു കഴിയുമോ എന്ന് ഓരോ നിമിഷവും രാജാവ് അലറിക്കൊണ്ടുമിരുന്നു. അപമാനഭാരത്താല്‍ കണ്ണടച്ചുപോയ രാജകുമാരന്‍ നിസ്‌സഹായതയുടെ പാരമിയിലെത്തുന്നു. രാജാവ് എന്ന പദവി അഥവാ അധികാരം എത്രമാത്രം മനുഷ്യത്വ രഹിതമാണെന്നുകൂടി ഈ നീചമായ പ്രവര്‍ത്തി വെളിപ്പെടുത്തുന്നു. അതോടെ ആരെയും അഭിമുഖീകരിക്കാനാവാത്ത വിധത്തില്‍ രാജ്ഞി സ്വയം ഒറ്റപ്പെടുകയും രാജകുമാരന്‍ രാജ്യത്തുനിന്ന് ഓടിപ്പോവുകയു ചെയ്യുന്നു. അത്തരം ഒരു പലായനം രാജ്യം ആഗ്രഹിച്ചിരുന്നിരിക്കാം. അതുകൊണ്ട് കൂടുതല്‍ അന്വേഷണങ്ങളൊന്നും ഉണ്ടാവുന്നില്ല.

രാജതന്ത്രങ്ങള്‍ക്കും രാജ്യത്തിന്റെ നിലനില്‍പിനും മറ്റു കഥകള്‍ നിര്‍മ്മിക്കാനാണ് രാജാവും ഉപജാപക സംഘവും പിന്നീട് ശ്രമിച്ചത് രാജകുമാരന്റെ തിരോധാനത്തെപ്പറ്റി അദ്ദേഹം സന്യാസം സ്വീകരിച്ച് വിരക്തനായി എന്ന കഥ പ്രചരിപ്പിക്കുന്നവര്‍ക്ക് കുമാരന്‍ എവിടെ എന്ന് അന്വേഷിച്ച് സമയം നഷ്ടപ്പെടുത്തേണ്ടതില്ലായിരുന്നു. ഈ കഥകള്‍ പ്രചരിക്കുമ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ അയാളെ ആത്രേയകത്തിലെ ഒരു മരത്തില്‍ നിന്നും വൈദ്യനായ ചൂഡനും കൊച്ചുമകള്‍ ഇളയും കണ്ടെത്തുന്നു. ജീവിതത്തില്‍ അന്നേവരെ ഏറ്റ എല്ലാ അപമാനങ്ങളില്‍ നിന്നും ഒരു മോചനം എന്ന നിലയില്‍ എല്ലാത്തില്‍ നിന്നും രക്ഷയാണ് രാജകുമാരന്‍ ആഗ്രഹിക്കുന്നതെങ്കിലും മരണാസന്നനായി ആത്രേയകത്തില്‍ എത്തുന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള പരിശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. രാജകീയ ഭരണത്തിന്റെ പരീക്ഷണ വസ്തുവാകാന്‍ വേണ്ടി ഇനിയും അയാള്‍ ജീവിക്കേണ്ടതുണ്ടായിരുന്നു.

പരുക്കേറ്റ ഒരാളെ ശുശ്രൂഷിക്കുന്ന എല്ലാ ചിട്ടകളോടും കൂടിയാണ് വൈദ്യനും ഇളയും അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത്. ശരീരത്തേക്കാളേറെ മനസ്സിനാണ് തങ്ങളുടെ അതിഥിക്ക് പരുക്കേറ്റത് എന്ന് വ്യക്തമായി ചികിത്സകര്‍ മനസ്‌സിലാക്കിയതിനാല്‍ കരുതലും കൂടുതലായിരുന്നു. ആത്രേയകം കൂടുതല്‍ മുറിവുകള്‍ നല്‍കാറില്ല എന്ന ചൂഢകന്റെ വാക്കുകള്‍ അവരുടെ കരുതലിനെ വെളിപ്പെടുത്തുന്നു.

ആത്രേയകത്തില്‍ വെച്ച് കുമാരന്‍ കാണുന്ന ഒരു സൈനികനാണ് ഗദന്‍. ഒരു ഏറ്റുമുട്ടലില്‍ മുഖത്തിന്റെ സിംഹഭാഗവും നഷ്ടമായ ഗദന്‍ പറയുന്ന വാക്കുകള്‍ ”ഓരോ നഷ്ടവും പകയായി ജ്വലിക്കുക തന്നെ ചെയ്യും” എന്നതുപോലും രാജകുമാരനെ ബാധിക്കുന്നതേയില്ല. ശാരീരിക അസ്വസ്ഥതകള്‍ ഭേദമായെങ്കിലും അയാള്‍ ഏകാകിയും ഒറ്റപ്പെട്ടവനുമായിരുന്നു. രാജകിങ്കരന്മാര്‍ നിരമിത്രന്‍ ആത്രേയകത്തിലുണ്ടെന്നറിയുന്നു. അതിനിടയിൽ പാഞ്ചാലത്ത് പുതിയ കഥകളും പുതിയ യുവരാജാവും ഒക്കെ ഉണ്ടാവുന്നു. അങ്ങനെയൊരു യുവരാജാവിന്റെ വിവരങ്ങള്‍ അറിയുമ്പോള്‍ പോലും നിരമിത്രന്‍ പാലിക്കുന്ന നിസ്സംഗത ശ്രദ്ധാര്‍ഹമാണ്. മനസ്സുകൊണ്ട് അയാള്‍ എത്രമാത്രം ആ രാജ്യത്തെയും അതിന്റെ സുഖസൗകര്യങ്ങളെയും ഉപേക്ഷിച്ചു എന്നും ഇനിയൊരു തിരിച്ച്‌പോക്ക് അസാധ്യമാണെന്നതും സ്വയം ബോധ്യമായി അയാള്‍ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ദശാര്‍ണ്ണം തങ്ങളുടെ രാജകുമാരിയല്ല ഏത് സ്ത്രീ അപമാനിക്കപ്പെട്ടാലും പാഞ്ചാലവും തക്ക ശിക്ഷയേല്‍ക്കണം എന്ന പക്ഷക്കാരായിരുന്നു. സത്യം മറച്ചുവെച്ചുകൊണ്ട് പാഞ്ചാലം ദശാര്‍ണ്ണത്തെ വഞ്ചിക്കുകയാണോ ചെയ്തത് എന്നതിന്റെ സത്യാവസ്ഥ അറിയാന്‍ ദശാര്‍ണ്ണത്തിന് അവകാശമുണ്ടെന്ന ഒരു കത്ത് അവിടെ നിന്ന് പാഞ്ചാലത്തിന് കിട്ടുന്നു. രാജകുമാരിയുടെ ഒരു തോന്നലായിരുന്നു രാജകുമാരനെ സംബദ്ധിച്ചുള്ള കണ്ടെത്തലെങ്കില്‍ ദശാര്‍ണ്ണം പാഞ്ചാലത്തിനോട് പരാജയം സമ്മതിക്കാന്‍ തയ്യാറാണെന്നും സത്യം മറച്ചുവെച്ചുകൊണ്ടുള്ള ഒരു വിവാഹമായിരുന്നു അതെന്നു തെളിഞ്ഞാല്‍ പാഞ്ചാലം ദശാര്‍ണ്ണത്തിന് അടിമപ്പെടും എന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. ഭീഷണിയിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാനാണ് സൈന്യാധിപനായ വിപുലന്‍ രാജാവിനെ ഉപദേശിക്കുന്നത്. രാജകുമാരന്‍ ആത്രേയകത്തിലുണ്ട് എന്നതിനാലും ആ പ്രദേശത്തിന്റെ ഗൂഢചികിത്സകളെപ്പറ്റിയും അവയുടെ ഫലത്തെപ്പറ്റയും ലഭ്യമായിരുന്ന കേട്ടുകേള്‍വികളും വെച്ചുകൊണ്ടാണ് വിപുലന്‍ ഇങ്ങനെയൊരു ഉപദേശം നല്‍കുന്നത്. പിന്നീട് പാഞ്ചാലത്തിന്റെ നിലനില്‍പ് നിരമിത്രനിലാണ് എന്ന ബോദ്ധ്യത്തോടെ ദശാര്‍ണ്ണത്തിന്റെ പരീക്ഷ ജയിക്കാനായി അവരുടെ ചികിത്സകള്‍ നിരമിത്രനില്‍ പ്രയോഗിക്കാനുള്ള രാജാജ്ഞ ആത്രേയകത്തിന് ലഭിക്കുന്നു. തങ്ങള്‍ പാഞ്ചാലത്തിന്റെ ഭാഗമായതിനാലും ചികിത്സ തങ്ങളുടെ ജോലിയായതിനാലും എന്നോ നിര്‍ത്തിവെച്ച ഗൂഢചികിത്സകള്‍ തുടങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. നിരമിത്രന്‍ വീണ്ടും പാഞ്ചാലത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ തന്നെ രാജാവ് സംശയാലുവായിരുന്നെങ്കിലും വിപുലന്റെ നിര്‍ബന്ധത്താല്‍ നിരമിത്രന്‍ വരാന്‍ തയ്യാറാവുന്നു.

പാഞ്ചാലത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ തത്ക്കാലത്തേക്കുള്ള ഒരു ഉപായം മാത്രമാണ് താനെന്ന തിരിച്ചറിവ് മറ്റാരെക്കാളും അയാള്‍ക്കുണ്ട് ദശാര്‍ണ്ണത്തിന്റെ പരീക്ഷകളില്‍ നിരമിത്രന്‍ ജയിക്കുന്നു എന്നതിനര്‍ത്ഥം പാഞ്ചാലം ജയിക്കുന്നു എന്നായതിനാല്‍ അവര്‍ ആഹ്‌ളാദത്തിന്റെയും ജയത്തിന്റെയും ആരവങ്ങളുയര്‍ത്തുന്നു. പക്ഷെ പുത്രീവാത്സല്യത്താല്‍ നിറയുന്ന ഒരു പിതാവിനെ താന്‍ ചതിച്ചിട്ടുണ്ട് എന്ന തോന്നലിനാല്‍ നിരമിത്രന്‍ ആത്മനിന്ദയാല്‍ പുകയുന്നു. ആ രാത്രി തന്നെ പാഞ്ചാല രാജാവിനെ കാണുമ്പോഴും അദ്ദേഹത്തിന്റെ നിസ്‌സഹായവസ്ഥ അറിയുമ്പോഴും ഇതേ ആത്മനിന്ദ ആത്മരോഷമായി മാറുന്നു. താന്‍ നേടിക്കൊടുത്ത വിജയത്തിനു പ്രതിഫലമായി ദശാര്‍ണ്ണം തനിക്കവകാശപ്പെട്ടതാണെന്നു പറയാന്‍ ദ്രുപദനെ രാത്രി കാണാനുള്ള ആവശ്യം അറിയിക്കുമ്പോള്‍ വിപുലന്‍ പറയുന്ന ‘ അങ്ങ് പ്രതിഫലകാംക്ഷിയായ ഒരാളല്ല. നഷ്ടം സഹിക്കുന്നത് ശീലമായ ഒരാള്‍ക്ക് വിലപേശല്‍ വഴങ്ങില്ല’ എന്ന വാക്കുകള്‍ നിരമിത്രനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പറയുന്നതാണ്. ഇന്നേവരെ അയാള്‍ അനുഭവിച്ചതും നാളെ മുതല്‍ ഇനി അങ്ങോട്ടുള്ള കാലം അനുഭവിക്കാനിരിക്കുന്നതും അറിഞ്ഞ് പറയുന്നതാണിത്. പ്രത്യേകിച്ച് അല്‍പം മുമ്പ് പാഞ്ചാലത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചതിന്റെ പ്രതിഫലം എന്ന് നിലയില്‍ രാജ്യരക്ഷ ചെയ്യുന്ന ഏതൊരാള്‍ക്കും കൊടുക്കുന്ന സമ്മാനത്തില്‍ ഒട്ടും കുറയുകയും വേണ്ട എന്ന രാജ തീരുമാനം അയാള്‍ക്ക് ലഭിച്ചതുമാണ്. ഇനി ഇവിടെ തനിക്ക് ഒന്നും ചെയ്യാനില്ല എന്നതിനാല്‍ പോവുക തന്നെ എന്ന് നിരമിത്രന്‍ എപ്പോഴേ ഉറപ്പിച്ചതിനാലാണ് രണ്ട് പരാജിതര്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി മഹാറാണിയുമായുള്ള കൂടിക്കാഴ്ചയെ അയാള്‍ വിശേഷിപ്പിക്കുന്നത്. ദ്രുപദനോട് വിലപേശുന്നതാവട്ടെ താനിവിടെ അടിമയായി പാര്‍ക്കേണ്ടി വരുമോ എന്ന ഭയത്തില്‍ നിന്ന് ദശാര്‍ണ്ണ രാജാവിനെ മോചിപ്പിക്കാനാണ്. മഹാറാണിയുടെ വിയോഗത്തോടെ രാജ്യസഭ കൂടാനാവാത്തതിനാല്‍ ഹിരണ്യവര്‍മ്മാവിന് പോകാന്‍ അനുവാദം ലഭിക്കുമ്പോഴും നിരമിത്രനോട് അതീവവാത്സല്യത്തോടെ പെറുമാറുന്നതും അനുഗ്രഹിക്കുന്നതും ഒക്കെ ഒരു മാപ്പിരക്കലിന്റെ ഭാവത്തിലാണ്. രാജ്ഞിയുടെ സംസ്‌ക്കാരം ആത്രേയകത്തിലാകുന്നത് ആ പ്രദേശം പാഞ്ചാലത്തിന്റെ അധികാര പരിധിയിലാണ് എന്നത് അവരെ ഓര്‍മിപ്പിക്കാനുമാണ്.

പരീക്ഷ കഴിഞ്ഞ് ആത്രേയകത്തില്‍ തിരികെ എത്തുമ്പോള്‍ അവിടെയും താന്‍ അന്യനായി തീര്‍ന്നിരിക്കുന്നു എന്ന് നിരമിത്രന് തോന്നുന്നു. അവിടെ ആരും ഏതെങ്കിലും വിധത്തില്‍ അങ്ങനെ പെരുമാറിയിട്ടില്ല. അയാള്‍ക്ക് താന്‍ ഒരാനാവശ്യവസ്തുവാണെന്ന് തോന്നലുണ്ടാവുന്നത് ആരൊയൊക്കെ വഞ്ചിച്ചു എന്ന കുറ്റബോധത്തിന്റെ നീറ്റലില്‍ നിന്നാണ്. പാഞ്ചാലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ സമ്മാനിക്കുന്ന അസ്വസ്ഥതകള്‍ വേറെയുമായിരുന്നു. അര്‍ദ്ധ സഹോദരിയായ കൃഷ്ണയോടയാള്‍ക്ക് അഗാധമായ വാത്സല്യം ഉണ്ടായിരുന്നു. അവളെ അഞ്ചുപേര്‍ക്കായി വീതം വെയ്ക്കുന്ന രാജനീതികളോട് ഒരുതരത്തിലും യോജിക്കാനാവുന്നതുമില്ല.

ആർ രാജശ്രീ

അമ്മമഹാറാണിയുടെ അന്തപുരത്തില്‍ വെച്ച് നിനക്കായി ഉചിതമായ സമയത്ത് ഉചിതമായത് പ്രവര്‍ത്തിക്കാന്‍ തനിക്കാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തതാണ്. അതത്രയും പാഴായിപ്പോയതോര്‍ത്തുള്ള കയ്പും നിരമിത്രനുണ്ട്. ആത്രേയകത്തില്‍ വെച്ച് സ്വയം ആയുധ പരീശീലനത്തില്‍ ഏര്‍പ്പെടുന്നത് പോലും ആത്മപീഢനത്തിന്റെ ഭാഗമാണ്. ഒന്നും ആഗ്രഹിച്ചോ ഒന്നും നേടാനോ അല്ല. ദശാര്‍ണ്ണത്തില്‍ നിന്ന് ഇതേ സമയം പലതരത്തില്‍ പ്രലോഭനങ്ങള്‍ വരുമ്പോഴും ദശാര്‍ണ്ണം അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ് എന്ന് രാജകുമാരിയും രാജാവും ഒരേ സ്വരത്തില്‍ പറയുമ്പോഴും അയാള്‍ പതറുന്നില്ല. അവരുടെ പ്രലോഭനങ്ങളില്‍ മയങ്ങിപ്പോവുന്നുമില്ല. ആയുധപരിശീലനം കൊണ്ട് ഗുണമുണ്ടാവുന്നത് ആത്രേയകം ആക്രമിക്കുമ്പോള്‍ കൃഷ്ണനോടും അര്‍ജ്ജുനനോടും ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തുകയും ആത്രേയകം തിരിച്ചു പിടിക്കാനാവുകയും ചെയ്യുന്നതിനാലാണ്. അര്‍ജ്ജുനന് അല്പം അസൂയപോലും ജനിപ്പിക്കത്തക്കവിധം ആയുധപ്രകടനങ്ങളില്‍ അയാള്‍ മുന്‍പന്തിയില്‍ ആയിരുന്നു. ആ ഏറ്റുമുട്ടലിന്റെ വാര്‍ത്തകേട്ട പാഞ്ചാല രാജാവും സൈന്യാധിപനും അത്ഭുത പരിഭ്രാന്തരായതും പഴയ കഥകള്‍ ഓർത്തിട്ടാണ്. ആത്രേയകത്തിന്റെ രാജകുമാരന്‍ എന്ന പദവി അവിടുത്തെ നിവാസികള്‍ ഹൃദയം കൊണ്ട് നിരമിത്രന് നല്‍കിയതുമാണ്. ഇടക്കാലത്ത് അയാളോട് അകന്നുപോയ വിപുലന്‍ പോലും ആ വിരോധം മറന്ന് പെരുമാറിത്തുടങ്ങിയത് ഈ ഏറ്റുമുട്ടലിനുശേഷമാണ്.

യുദ്ധം ആസന്നമായതോടേ പാണ്ഡവരുടെ ശത്രുക്കളായ പലരെയും നിരമിത്രന്‍ കാണുന്നുണ്ട്. അവരൊക്കെ പാണ്ഡവരുടെ പുത്രന്മാര്‍ തന്നെയായിരുന്നു. പക്ഷെ, അത്തരം പിതൃപദവികള്‍ തങ്ങള്‍ക്ക് വലിയ ഭാരമാണെന്ന് സ്വയം മനസ്സിലാക്കിയവരുമായിരുന്നു. അതുകൊണ്ടുതന്നെ അവരെ കുറ്റപ്പെടുത്താനയാള്‍ക്ക് കഴിയുന്നുമില്ല. കാരണം അവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന അപമാനത്തിന്റെ മുറിവ് വേഗം തിരിച്ചറിയാനാവുന്നതും അയാള്‍ക്കാണല്ലോ. കൃഷ്ണയ്‌ക്കേറ്റ അപമാനത്തിനെതിരെയാണ് യുദ്ധം എങ്കിലും അതിനു പിന്നിലെ രാജ്യമോഹങ്ങള്‍ നിരമിത്രന് തിരിച്ചറിയാനാവുന്നുണ്ട്. അതുകൊണ്ടു തന്നെ പാഞ്ചാലത്തേക്ക് വീണ്ടും വിളിക്കപ്പെടുമ്പോള്‍ അയാള്‍ക്ക് ഒരത്ഭുതവും ഇല്ല. തീര്‍ച്ചയായും അത്തരം ഒരു ക്ഷണം അയാള്‍ പ്രതീക്ഷിച്ചിരുന്നു. ഭീഷ്മരെ തളര്‍ത്തുവാനുള്ള പുനര്‍ജന്മത്തിന്റെ കഥക്കും ഈ ക്ഷണത്തില്‍ സ്ഥാനമുണ്ടാവാം. അവസാനം വരെ പൊരുതി ഭീഷ്മരെ തളര്‍ത്തിയെങ്കിലും അദ്ദേഹത്തെ വീഴ്‌ത്തേണ്ടത് താനാണ് എന്ന ബോദ്ധ്യത്തോടെ അര്‍ജുനന്‍ മുന്നോട്ടു വരുന്നതോടെ നിരമിത്രന്‍ വീണ്ടും പരാജിതനാകുന്നു.

നിരമിത്രനും നിരമിത്രയും ഞാന്‍ തന്നെ എന്ന് അയാള്‍ ഒരിടത്ത് പറയുന്നുണ്ട്. അതേ സ്‌ത്രൈണസത്തയുടെ കാരുണ്യം വഴിയുന്ന ഒരു മുഖവും അയാള്‍ക്കുണ്ടായിരുന്നു. മനുഷ്യര്‍ മറ്റു മനുഷ്യരോട് ചെയ്യുന്ന അവമതികള്‍ കര്‍ശനമായി വിലക്കണം എന്ന് യുവരാജാവായിരുന്ന കാലത്ത് അയാള്‍ ആവശ്യപ്പെട്ടതിന് ഒരുപാട് പരിഹാസം ഏറ്റു വാങ്ങിയതാണ്. ആ കാരുണ്യം പോലെയായിരുന്നു സ്‌നേഹവാത്സല്യങ്ങള്‍.

കൃഷ്ണയോടും അവളുടെ കുട്ടികളോടുമാണ് ഈ വാത്സല്യം ഏറ്റവും നിരമിത്രന്‍ സൂക്ഷിക്കുന്നത്. ഇരാവാന്‍, ഘടോല്‍ക്കചന്‍, .ബഭ്രുവാഹന്‍ എന്നിവരോടും ഇതേ സ്‌നേഹവും വാത്സല്യം നിരമിത്രനുണ്ട്. തന്റേതല്ലാത്ത ഒരു തെറ്റിന് ജീവിതകാലം മുഴുവനും ശിക്ഷിക്കപ്പെട്ട ഒരു വ്യകതിയായിരുന്നു നിരമിത്രന്‍ അഥവാ നിരമിത്ര. അപമാനത്തിന്റെ പടുകുഴികളില്‍ വീണുപോവുമ്പോഴും അയാള്‍ പിടിച്ചു നില്‍ക്കുന്നത് ഒന്നും ആഗ്രഹിച്ചിട്ടല്ല. അവസാനം ദ്രുപദ മഹാരാജാവിനുപോലും പശ്ചാത്താപം തോന്നത്തക്കവിധം ആ ജീവിതം എല്ലാ അപമാനങ്ങള്‍ക്കിടയിലും തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ഇടത്തും അന്യനും വഞ്ചിക്കപ്പെട്ടവനുമായി ജീവിക്കുന്ന ഒരു കഥാപാത്രത്തിന് ഒരു പുനര്‍ജന്മം നല്‍കുകയാണ് രാജശ്രീ ചെയ്തത്. സ്വന്തമായി ഒരു പേരുപോലും ഇല്ലാത്ത ഒരു കഥാപാത്രത്തെ അതും അപമാനകരമായ ഒരു സംബോധനയാല്‍ എന്നും വിശേഷിപ്പിക്കപ്പെട്ട ഒരാള്‍ക്ക് ഒരു പേര് നല്‍കി, അതിലൂടെ വായനക്കാരന്റെ മനസ്‌സില്‍ സ്ഥിര പ്രതിഷ്ഠയും നല്‍കി.

കൃഷ്ണ സഹനത്തിന്റെ ആള്‍രൂപം

നിരമിത്രന്റെ തിരോധനത്തിനുശേഷം അദ്ദേഹം സന്യാസം സ്വീകരിച്ചു എന്ന കഥ പ്രചരിപ്പിച്ചതു കൂടാതെ ഒരു യാഗം നടത്താനും രാജാവും രാജകീയ പുരോഹിത വര്‍ഗ്ഗവും ചേര്‍ന്ന് തീരുമാനിക്കുന്നുണ്ട്. അത്തരം ഒരു യാഗത്തിന് രാജാവിനൊപ്പം ഇരിക്കാന്‍ ആവശ്യപ്പെടാനാണ് ക്രൂരവും നിന്ദ്യവുമായ ആക്രമണത്തിനുശേഷം രാജാവ് രാജ്ഞിയെ കാണുന്നത്. രാജാധികാരം ഉപയോഗിച്ചുകൊണ്ടുള്ള ആ ക്ഷണമോ അതിലെ ഭീഷണിയോ ഒന്നും അവര്‍ വക വെയ്ക്കുന്നതേയില്ല. രാജാവിനെ മഹാറാണി അറയില്‍ നിന്ന് ആട്ടിയിറക്കുന്നതോടെ രാജാവിനും കൂടുതല്‍ സൗകര്യമാവുന്നു. മദ്ര ദേശത്തുകാരിയും ശുദ്രസ്ത്രീയും ഗണികാഗണത്തില്‍പ്പെട്ടവളും രാജാവിന്റെ രഹസ്യക്കാരിയുമായ ഹരിണിയേയും രണ്ടു മക്കളേയും കൊട്ടാരത്തില്‍ എത്തിക്കാനുള്ള ഒരു വഴിയായി അത് മാറുന്നു. ധൃഷ്ട്ദ്യുമ്നനും കൃഷ്ണയും ശിവപ്രസാദത്താല്‍ രാജാവിന് യാഗത്തില്‍ നിന്നും പിറന്ന മക്കളായി പുതിയ കഥകള്‍ ഉണ്ടാവുന്നു. ഈ കഥകളില്‍ ആര്‍ക്കെങ്കിലും സംശയങ്ങള്‍ തോന്നുന്നുണ്ടോ എന്നതൊന്നും അധികാര കേന്ദ്രങ്ങള്‍ ഗൗനിക്കുന്നതേയില്ല. അങ്ങനെകൊട്ടാരത്തില്‍ എത്തിയ കൃഷ്ണക്ക് ആകെ പരിഭ്രമമായിരുന്നു; ആദ്യം. തങ്ങള്‍ നയിച്ചിരുന്ന അതീവ സാധാരണമായ ജീവിതത്തില്‍ നിന്ന് രാജകീയമായ ഔപചാരികതകള്‍ അവള്‍ക്ക് വഴങ്ങി വരാന്‍ കുറച്ച് സമയം എടുത്തു. വല്ലാതെ ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ എന്നാലും ബാക്കിയായതാണ് രാജകൊട്ടാരത്തില്‍ എത്തുന്നതിനു മുന്‍പ് അവള്‍ക്ക് പിതാവും സഹോദരനും ഉണ്ടായിരുന്നു. ഇപ്പോൾ രാജാവും യുവരാജാവും മാത്രമേയുള്ളു എന്ന ആത്മഗതം വ്യകതമാക്കുന്നത്.

ബന്ധങ്ങള്‍ അധികാരവും ഔപചാരികതയുമായി വഴി മാറുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനമാണിത്. മഹാരാജ്ഞിയുമായി അടുത്ത് അവരുടെ ശുശ്രൂഷകള്‍ ഏറ്റെടുക്കുന്നതോടെയാണ് കൃഷ്ണ കര്‍ത്തവ്യനിരതയായി മാറുന്നത്. രാജ്ഞിക്കും അവളെ ഇഷ്ടമാവുന്നു. രാജതന്ത്രങ്ങളും സ്ത്രീകള്‍ എന്ന തരത്തിലെ ചില മുന്‍കരുതലുകള്‍ പോലും രാജ്ഞി അവള്‍ക്ക് ഉപദേശിച്ചു കൊടുക്കുന്നുണ്ട്. നിരമിത്രകുമാരന്‍ രാജ്ഞിയെ കാണാനെത്തുമ്പോള്‍ മുന്‍കൂട്ടി അനുവാദം വാങ്ങാത്തതിനാല്‍ തടയാന്‍പോലും അവള്‍ മടിക്കുന്നില്ല. പിന്നെ ആളെ തിരിച്ചറിയുന്നതോടെ അവള്‍ വിനയാന്വിതയാവുന്നു. അവള്‍ തന്റെ അമ്മയെ കരുതുന്നതിനാല്‍ നിരമിത്രന് അവളോട് അളവറ്റ സ്‌നേഹം തോന്നുകയും ചെയ്യുന്നു. മഹാറാണിയുടെ ശവശരീരത്തിനരികെ ഇരിക്കുമ്പോള്‍ നിരമിത്രന്റെ കൈകളില്‍ പിടിക്കുന്ന കൃഷ്ണയെപ്പറ്റിയുള്ള പരാമര്‍ശം ഒരേ സമയം രാജ്ഞിയോടും അര്‍ദ്ധ സഹോദരനോടും തോന്നിയ ഗാഢമായ ബന്ധത്തെ സൂചിപ്പിക്കുന്നു.

അവളുടെ സഹോദരന്‍ ധൃഷ്ടന് കൃഷ്ണയുടെ സ്വയംവരത്തെപ്പറ്റി ധാരാളം കണക്കുക്കൂട്ടലുകളുണ്ടായിരുന്നു. രാജവംശങ്ങളില്‍ വിവാഹം വ്യകതികള്‍ തമ്മിലല്ല എന്ന് അയാള്‍ ആവര്‍ത്തിക്കുന്നത് അത്തരം കണക്കുകൂട്ടലുകള്‍ വെളിപ്പെടുത്തുന്നു. ആരാണ് വരന്‍ എന്നത് വെളിപ്പെടുത്തുന്നതേയില്ല. അവര്‍ ഇപ്പോൾ അല്പം പ്രയാസത്തിലാണ് എന്നല്ലാതെ അധികമൊന്നും പറയുന്നുമില്ല. വലിയ നിര്‍ബന്ധങ്ങള്‍ക്കവസാനമാണ് അര്‍ജുനന്‍ എന്ന പേരു പോലും പറയുന്നത്. മത്സരപ്പരീക്ഷ അതിന്റെ വിജയം ഒക്കെ ധൃഷ്ടന്റെ സ്വന്തം തീരുമാനമാണ്. അര്‍ജുനനാണ് വിവാഹം കഴിക്കുന്നതെങ്കിലും കൃഷ്ണ പട്ടമഹിഷിയായിരിക്കും എന്ന വാക്കുകള്‍ കൃത്യമായ ഗൂഢാലോചനയെ കുറിക്കുന്നു. നാം പറഞ്ഞു പഴകിയ ഭിക്ഷ പങ്കുവെയ്പുകഥകള്‍ വെറും പാഴ്‌വാക്കായിരുന്നു എന്ന് കൂടി ഇത് വെളിപ്പെടുത്തുന്നു. സ്വയംവര പരീക്ഷയില്‍ കര്‍ണ്ണന്‍ വില്ല് വിജയകരമായി തൊടുക്കുമോ എന്ന സന്ദേഹത്തില്‍ കൃഷ്ണയെക്കൊണ്ട് സൂതനെ വേള്‍ക്കില്ല എന്ന് പറയിപ്പിക്കുന്നതും ധൃഷ്ടനാണ്. കൃഷ്ണക്ക് അതാരാണ് എന്നു തന്നെ അറിയില്ലായിരുന്നു. അവസാനം അര്‍ജുനന്‍ തന്നെ മത്സര പരീക്ഷ ജയിക്കുന്നു. താന്‍ പങ്കുവെയ്ക്കപ്പെടുകയാണ് എന്നറിയുമ്പോഴത്തെ കൃഷ്ണയുടെ നിസ്സഹായത അവര്‍ണ്ണനീയമാണ്. അഞ്ചു ഭര്‍ത്താക്കന്മാരോ എന്ന് അത്ഭുതം കുറിയവരോടും അതിലെ അനീതിക്ക് എതിരെ അലോസരപ്പെട്ടവരോടും നളായണിയുടെ തപസ്‌സിന്റെ കഥയും പുനര്‍ജന്മമാണ് കൃഷ്ണ എന്ന സാകഷ്യവും പറയാന്‍ സാക്ഷാൽ ശ്രീകൃഷ്ണന്‍ മുതല്‍ പലരും ഉണ്ടാവുന്നു. വ്യാജ കഥകളാണ് രാജ്യങ്ങളെ നിലനിര്‍ത്തുന്നത് എന്ന പൊതു പറച്ചിലിനെ ദൃഢമാക്കുകയാണ് ഈ കഥകള്‍. അര്‍ജുനനാണ് തന്നെ വരിച്ചതെന്നതിനാല്‍ കൃഷ്ണയുടെ മനസ്‌സില്‍ അയാളാണ് ഭര്‍ത്താവ്. പകേഷ ക്രമേണ കൃഷ്ണക്ക് വ്യകതമാവുന്നത് അയാള്‍ക്ക് ആ മത്സരപ്പരീക്ഷയുടെ വിജയമായിരുന്നു പ്രധാനമെന്നും താന്‍ അവിടെയൊരപ്രധാന വസ്തുവാണെന്നുമുള്ള നടുക്കുന്ന സത്യമാണ്. അവളുടെ ജീവിതത്തിന്റെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുന്ന സ്വയം ബോദ്ധ്യമായിരുന്നു അത്.

അവസാനം അവള്‍ എത്തിച്ചേരുന്ന സ്വയം സമാധാനം തനിക്ക് ഒരു ഭര്‍ത്താവേയുള്ളൂ. പക്ഷെ, അയാള്‍ക്ക് അഞ്ചു ശരീരങ്ങളുണ്ട് എന്നതായിരുന്നു. അപ്പോഴും സന്ദേഹം ബാക്കിയായി; ഈ അഞ്ചില്‍ ആര്‍ക്കാണ് താന്‍ സ്വയം സമര്‍പ്പിക്കേണ്ടത് എന്ന ചോദ്യം ഉള്ളില്‍ മുട്ടിത്തിരിഞ്ഞു. ഒരിക്കലും ആരും ഉത്തരം നല്‍കിയതുമില്ല. അഞ്ചു ഭര്‍ത്താക്കന്മാരും കൃഷ്ണ കന്യകയാണെന്ന തോന്നലുണ്ടാവാനുള്ള ചികിത്സക്കായി ആത്രേയകത്തില്‍ നിന്ന് ഇള കൊട്ടാരത്തിലെത്തുന്നു. കുന്തിയുടെ കര്‍ശന നിര്‍ദേശങ്ങളിലും രാജകീയ നിയമങ്ങളിലും ഗതികിട്ടാതെ നിന്ന കൃഷ്ണക്ക് ചികിത്സ എന്നതിനേക്കാള്‍ ഇള നല്ല കൂട്ടുകാരിയായി മാറുന്നു. കൃഷ്ണയുടെ ഏകാന്ത വിധുരമായ നൊമ്പരങ്ങ ളും നെഞ്ചുപൊട്ടുന്ന നിലവിളികളും ഏറ്റെടുക്കാന്‍ മറ്റാരും ഇല്ലായിരുന്നു. ദുര്യോധനത്തിന്റെ ക്ഷണമനുസരിച്ച് ഹസ്തിനപുരത്തേക്ക് പോവാനൊരുങ്ങുമ്പോള്‍ കൃഷ്ണ ആ ക്ഷണത്തെ സംബന്ധിച്ച് സംശയാലുവാകുന്നു. ഉത്തരം കിട്ടാതെ വരുമ്പോള്‍ കൃഷ്ണ പ്രതീക്ഷയോടെ അര്‍ജുനനെ നോക്കുന്നുണ്ട്. അയാളാവട്ടെ ദൂരെ എവിടേക്കോ നോക്കി തന്റെ വില്ലിനെ താലോലിച്ച് നില്‍ക്കുകയായിരുന്നു. വില്ലാളി വീരന്റെ ഈ അവഗണയാണ് അവളെ ഏറ്റവും വേദനിപ്പിക്കുന്നത്. താന്‍ അനാഥയാണെന്ന് ഒരോ നിമിഷവും തോന്നിപ്പിക്കുന്ന അവഗണയായിരുന്നു അത്.

ഹസ്തിനപുരത്തേക്കുള്ള യാത്രക്കു മുന്‍പ് അഹിതമായ എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞുങ്ങളെ പാഞ്ചാലത്ത് എത്തിക്കുവാന്‍ ഇളയെ ഏല്‍പിച്ചിട്ടാണ് കൃഷ്ണ പോവുന്നത്. ചൂത്, അപമാനം, രാജ്യനഷ്ടം അജ്ഞാതവാസം കാനനവാസം ഒക്കെ കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ദീര്‍ഘകാലം പിരിഞ്ഞു നിന്ന മക്കളും തന്നില്‍ നിന്ന് എത്രയോ അകലെയാണെന്നവള്‍ മനസിലാക്കുന്നു. ആയുധങ്ങള്‍ തന്റെ മക്കളെ കൊതിപ്പിക്കുന്നത് ഭീതിയോടെ അവള്‍ തിരിച്ചറിയുന്നു. യുദ്ധ ചര്‍ച്ചകളും തന്ത്രങ്ങളുമായി തിരക്കലായ പാണ്ഡവരും അവളെ ശ്രദ്ധിക്കുന്നതേയില്ല. പാഞ്ചാലത്തിന്റെ രാജകുമാരി അപമാനിക്കപ്പെട്ടതിനു വേണ്ടിയാണ് യുദ്ധമെങ്കില്‍ അര്‍ജുനന്‍ മറ്റ് വിവാഹങ്ങള്‍ കഴിഞ്ഞ് കൊട്ടാരത്തിലേക്ക് പത്‌നിമാരൊന്നിച്ച് എത്തിയ ദിവസങ്ങളിലാണ് അവള്‍ക്ക് താന്‍ ഏറ്റവും അപമാനിക്കപ്പെട്ടവളായി തോന്നിയത്. ചിത്രാംഗദയുടെയും സുഭദ്രയുടെയും അറയുടെ മുന്നില്‍ ഭ്രാന്തിയെപ്പോലെ പുലമ്പിക്കൊണ്ടു നിന്ന കൃഷ്ണ അന്നനുഭവിച്ച അപമാനവും നൊമ്പരങ്ങളും ചേര്‍ത്താണ് “പാഞ്ചാലത്തിന്റെ രാജകുമാരി ഊര്‍ന്നുവീഴുന്ന ജീവിതം താങ്ങിപ്പിടിച്ചുകൊണ്ട് അന്തപുരത്തില്‍ നിരാലംബയായി ചുറ്റി നടന്നു” എന്ന് രാജശ്രീ എഴുതിയത്. കൃഷ്ണയുടെ ഏകാന്തതയും അവളനുഭവിച്ച അവഗണനയും തിരിച്ചറിഞ്ഞ് അവതിപ്പിക്കാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഭാരതീയ സ്ത്രീത്വത്തിന്റെ ഉത്തമ ഉദാഹരണമായി അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഏകാന്തമായ നൊമ്പരങ്ങള്‍ അനുവാചകന്റെ ഹൃദയം മുറിവേല്‍പിക്കാന്‍ തക്കവണ്ണം അവതരിപ്പിക്കാനാണ് രാജശ്രീ ശ്രമിക്കുന്നത്. രാജ്യ താല്പര്യങ്ങളുടെ സംരക്ഷണത്തിന്റെ ഇരകളാണ് സ്ത്രീകള്‍ എന്നതിനെ ദൃഢമാക്കാന്‍ കൃഷ്ണയുടെ ജീവിതവും അനുഭവവും മതിയാവും.

‘ആത്രേയകം’ എന്ന നോവലില്‍ പ്രാധാന്യത്തോടെ നാം കാണേണ്ട കഥാപാത്രമാണ് ഹരിണി എന്ന മാദ്രദേശത്തുകാരിയായ ശുദ്രസ്ത്രീ. രാജാവിന്റെ വെപ്പാട്ടിയായിരുന്നവള്‍ തന്നെയും മക്കളെയും കൊട്ടാരത്തിലേക്ക് കൂട്ടണം എന്ന് പലപ്രാവശ്യം രാജാവിനോടാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ സ്വപ്നം യാഥാര്‍ത്ഥ്യമായി കൊട്ടാരത്തില്‍ എത്തുന്നതോടെ അവര്‍ വല്ലാതെ പരുങ്ങുന്നു. മഹാറാണിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെ ചടുലയായ ഒരു സ്ത്രീ എന്ന് മഹാറാണിക്ക് അവരെപ്പറ്റി തോന്നുന്നതെങ്കിലും എന്താ ഒരു പതിഞ്ഞമട്ട് എന്ന് പിന്നീട് മകന്‍ തന്നെ ചോദിക്കാന്‍ തക്കവണ്ണം അവര്‍ മാറിപ്പോവുന്നു. കൊട്ടാരത്തില്‍ എത്തുന്നതിനു മുന്‍പായിരുന്നു താന്‍ രാജ്ഞി എന്നും ഇപ്പോൾ അന്തപുര വാസികളില്‍ ഒരുവള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ് അവരുടെ ചടുലതകള്‍ കെടുത്തിക്കളയുന്നു. മഹാറാണിയുടെ ദയനീയ സ്ഥിതി കാണുമ്പോഴൊക്കെ ആ കിടപ്പിന് താനും കാരണക്കാരിയാണോ എന്ന തോന്നല്‍ അവരെ അലട്ടുന്നുണ്ട. ധൃഷ്ടന്‍ പാഞ്ചാലത്തിന്റെ മഹാറാണി തന്റെ അമ്മയാണ് എന്ന് പലതവണ പറയുന്നുണ്ടെങ്കിലും അവരത് സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. മഹാറാണിയെ കൂടുതല്‍ ശുശ്രൂഷിക്കാനും കൃഷ്ണയെ അതിനായി നിയോഗിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. മകന്‍ യുവരാജാവായതോടെ അവന്‍ എത്രമാത്രം തന്നിഷ്ടക്കാരനായിക്കഴിഞ്ഞു എന്ന് മനസ്‌സിലാക്കുമ്പോള്‍ ഹരിണി ഭയക്കുന്നുണ്ട്. കൃഷ്ണയുടെ വിവാഹത്തെപ്പറ്റി ചോദിക്കുമ്പോള്‍ ധൃഷ്ടന്‍ ഒഴിഞ്ഞു മാറുന്നത് അവരുടെ ആധി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നീ എന്റെ മകളെ വെച്ച് പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലല്ലൊ എന്ന് ചോദിച്ചു പോവുന്നത്. മകന് എല്ലാവരും ഉപകരണങ്ങള്‍ മാത്രമാണ് എന്ന് നന്നായി മനസിലാക്കിയതും അവര്‍ തന്നെയാണ്. കൃഷ്ണയുടെ സ്വയംവരത്തെപ്പറ്റി സംസാരിക്കാന്‍ അനേക നാളുകള്‍ക്കു ശേഷം ഏര്‍പ്പെട്ട രതിക്കു ശേഷം രാജാവ് പറയുന്ന ആധി പിടിച്ച സ്ത്രീകളുടെ ശരീരത്തിനുണ്ടാകുന്ന പഴകിയ പുകമണത്തെപ്പറ്റി ആവലാതിപ്പെടുമ്പോള്‍ ശാരിരീകമായും അവര്‍ എത്രയോ അകന്നു കഴിഞ്ഞു എന്ന് വ്യകതമാവുന്നു. മഹാറാണിയുടെ ശവമഞ്ചത്തിനു മുന്നിൽ ചെന്നുനിന്ന് ഒന്ന് കൈകൂപ്പിയാത്ര പറയാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് ധൈര്യമില്ലാതെ നില്‍ക്കുന്ന ഹരിണി എത്രമാത്രം മാറിപ്പോയി എന്നതിന്റെ വ്യകതമായ സൂചനയാണ് കാണുന്നത്. മകളുടെ വിവാഹം രാജ്യത്തിന് ബന്ധുബലം വര്‍ദ്ധിപ്പിച്ചു എന്നൊക്കെ വാദിക്കുമ്പോഴും അവള്‍ പങ്കുവെയ്ക്കപ്പെടുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. പക്ഷെ, ഒന്നും പ്രതികരിക്കാനാവാത്ത വിധം അവര്‍ നിശ്ശബ്ദയായിപ്പോവുന്നു.

കൊട്ടാരത്തിലെത്തുന്ന സ്തീകള്‍ക്ക് അവരുടെ സന്തോഷങ്ങള്‍ നഷ്ടപ്പെടും എന്ന ഹരിണിയുടെ വാക്കുകള്‍ രാജകൊട്ടാരം അവര്‍ക്ക് സമ്മാനിച്ച കയ്‌പേറിയ അനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

മഹാഭാരതം വായിച്ച ഏതൊരാളുടെയും മനസ്‌സില്‍ സജീവ സാന്നിധ്യമായി നില്‍ക്കുന്ന വ്യകതിയാണ് രാജമാതാവായ കുന്തി. തന്റെ മക്കള്‍ക്ക് അവര്‍ക്കവകാശപ്പെട്ട രാജ്യം ലഭിക്കാനായി അനേകം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന ആ അമ്മയോട് അനുകമ്പ കലര്‍ന്ന ബഹുമാനം എല്ലാവര്‍ക്കും തോന്നിയിട്ടുമുണ്ട്. രാജശ്രീ പരിചയപ്പെടുത്തുന്ന കുന്തി കര്‍ക്കശക്കാരിയും സ്വന്തം തീരുമാനങ്ങളിലൂടെ എല്ലാവരെയും അനുസരിപ്പിക്കാന്‍ ശീലിപ്പിക്കുന്നവളുമാണ്. അഞ്ചു മക്കള്‍ക്കായി ഒരു ഭാര്യ എന്ന തീരുമാനാം അവരുടേതായിരുന്നു. ഒരു ചരടില്‍ മുത്തുമണികള്‍ പോലെ അവര്‍ അഞ്ചു പേരും ചേര്‍ന്നു നില്‍ക്കാനായി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അത്. പിന്നെ ആവശ്യം അവരോരുത്തര്‍ക്കും മടുപ്പുതോന്നാത്ത വിധം കൃഷ്ണയെ പാകപ്പെടുത്തുകയായിരുന്നു. അതിനാണ് ആത്രേയകത്തില്‍ നിന്ന് ഇളയെ രാജകൊട്ടാരത്തില്‍ എത്തിക്കുന്നത്. ഇളയുടെ പരിഭ്രമമവും കരച്ചിലും കുന്തിയെ അരിശം പിടിപ്പിക്കുന്നു. കൃഷ്ണയോട് പുരുഷന്മാരെപ്പറ്റിയും അവര്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടാവാം എന്നതിനെപ്പറ്റിയും സവിസ്തരം പറയുമ്പോള്‍ അത് ഇള കേള്‍ക്കാനും കൂടിയാണ് പറയുന്നത്. കൊട്ടാരത്തില്‍ അവള്‍ തന്റെ അടിമയാണെന്നും കൃഷ്ണയെ ശാരീരികമായും മാനസികമായും പാകപ്പെടുത്തേണ്ടത് അവളുടെ കര്‍ത്തവ്യമാണെന്നുമുള്ള ധ്വനി ഈ വരികളിലുണ്ട്. വനവാസി എന്ന വിശേഷണം ഇടയ്ക്കിടെ ചേര്‍ത്തുകൊണ്ട് അവളുടെ ആത്മാഭിമാനത്തെ ഇടിച്ചു താഴ്ത്താനും അവര്‍ മറക്കുന്നില്ല. ഇളയെ ഒറ്റയ്ക്ക് തന്റെ അറയിലേക്ക് വിളിക്കുമ്പോഴാവട്ടെ പാണ്ഡു മഹാരാജാവിനെ സപത്‌നി മാദ്രി അദ്ദേഹത്തെ കൂടുതല്‍ വശീകരിച്ചിരുന്നോ എന്ന സംശയത്തിന്റെ സാധൂകരണം തേടുന്നു. എത്രയോ കാലമായി ഉള്ളില്‍ പുകഞ്ഞുനിന്നതത്രയും അറിയാതെ പുറത്തു വരുന്നു. അര്‍ജുനന്റെ പുതിയ വധുക്കള്‍ എത്തുമ്പോള്‍ കൃഷ്ണക്കുണ്ടാവുന്ന പാരവശ്യത്തെ കുന്തി നേരിടുന്നത് അതിക്രൂരമായിട്ടാണ്. രൂക്ഷമായ നോട്ടവും തണുത്തതെങ്കിലും മൂര്‍ച്ചയുള്ള സ്വരവും സപത്‌നിമാരെ അംഗീകരിക്കുന്നത് എങ്ങനെയെന്ന് ഇനിയും ഞാന്‍ പഠിപ്പിക്കണോ എന്ന ചോദ്യവും കൃഷ്ണയെ നിശ്ശബ്ദയാക്കുന്നു. ഇളയെ കൂടുതല്‍ കര്‍ത്തവ്യനിരതയാക്കുന്നതോടൊപ്പം കൃഷ്ണയുടെ ഏകാന്തത ഉള്‍ക്കൊളളാനും സഹായിക്കുന്നു. മക്കളെ ജീവിതത്തിന്റെ യാതനകളറിയിച്ച് പരുക്കന്മാരാക്കി വളര്‍ത്തി എന്ന ബഹുമതി ആ അമ്മക്ക്. ലഭിച്ചേക്കാം; പക്ഷെ, പുത്ര വധുവിനോട് അവര്‍ക്കുണ്ടായിരുന്ന മനോഭാവം ക്രൂരം തന്നെയായിരുന്നു.

ആത്രേയകം ആചാര ഭാഷ വഴങ്ങാത്ത ഇടമാണെന്ന് നോവലില്‍ ഒരിടത്ത് പരിചയപ്പെടുത്തുന്നുണ്ട്. രക്ഷപെട്ടോടാനോ വിനോദത്തിനോ ആയിക്കൊള്ളട്ടെ കാട് മനുഷ്യരുടെ താത്ക്കാലിക താവളം മാത്രമായിരിക്കണം എന്ന രാജകീയ ഭാഷ്യവും വരുന്നുണ്ട്. രാജമാതാവായ കുന്തിയുടെ ഈ വാക്കുകള്‍ക്ക് സവിശേഷമായ പ്രാധാന്യം കൈ വരുന്നത് അവരുടെ മക്കള്‍ ചില കാട്ടുവാസികളെ വധുക്കളായി ചിലകാലങ്ങളില്‍ സ്വീകരിച്ചതിലെ കണക്കു കൂട്ടലുകള്‍ തിരിച്ചറിയുമ്പോഴാണ്. ഓരോ കാലങ്ങളില്‍ ചില ലാഭങ്ങളാണ് ഇത്തരം ബന്ധുതകളിലൂടെ ആഗ്രഹിച്ചിരുന്നതെങ്കിലും അവരിലുണ്ടായ മക്കള്‍ ഘടോല്‍ക്കചനോ ഇരാവാനോ ബഭ്രുവാഹനോ ആ പിതൃത്വത്തെ ഒരു തരത്തിലും അഭിമാനമായി കരുതുന്നില്ല. അതുകൊണ്ടു തന്നെ തങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടവരാണ് എന്ന തിരിച്ചറിവിലൂടെ വരാനിരിക്കുന്ന മഹായുദ്ധത്തല്‍ പാണ്ഡവര്‍ക്കൊപ്പമല്ല എന്ന് അവര്‍ തീരുമാനിക്കുന്നു. തങ്ങളുടെ അമ്മമാര്‍ അപമാനം ഏറ്റവരാണ് എന്ന അറിവ് ഈ മക്കള്‍ക്കും തങ്ങള്‍ വഞ്ചിക്കപ്പെട്ടവരാണ് എന്ന ബോദ്ധ്യം ഈ സ്ത്രീകള്‍ക്കുമുണ്ട്. ചിത്രാംഗദ ബഭ്രുവാഹനനെ ഇരാവാന്റെയൊപ്പം ഉലൂപിയുടെ അടുത്ത് വളര്‍ത്താന്‍ ഏല്‍പിക്കുമ്പോള്‍ അവര്‍ സമാനനൊമ്പരങ്ങളാല്‍ ഐക്യപ്പെട്ടവരാകുന്നു. നാഗന്മാരോടും കാടിനോടും ശത്രുത പുലര്‍ത്തുന്ന പാണ്ഡവരോട് സഖ്യമില്ല എന്ന തീരുമാനത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. നിശ്വാസം പോലും പുറത്ത് കേള്‍പ്പിക്കാതെ ജീവിക്കുന്ന മനുഷ്യരെ കണ്ടെത്തി യുദ്ധമുറകള്‍ അഭ്യസിപ്പിച്ച് ഒരു യുദ്ധമുന്നണി അവര്‍ ഉണ്ടാക്കിയെടുക്കുന്നു. ഇത്തരം ഒരു പടയൊരുക്കവും അതിന്റെ ശകതിയും തിരിച്ചറിയുമ്പോള്‍ പിതാക്കന്മാരുടെ അവകാശവുമായി പാണ്ഡവരെത്തുന്നു. ഇരാവാനെ യാഗത്തിന്റെ ബലിമൃഗമായി വധിക്കുന്നു. മറ്റുള്ളവരെ യുദ്ധത്തിന് പ്രതിരോധം തീര്‍ത്ത് അവസാനിപ്പിക്കുന്നു. രാജതന്ത്രങ്ങള്‍ വിജയിക്കുന്നു. പാര്‍ശ്വവത്ക്കൃതര്‍ കൂടുതല്‍ നിശ്ശബ്ദരാവുന്നു. അത് ഇളയായാലും ഘടോല്‍ക്കചനായാലും പ്രജകള്‍ക്ക് അനുസരണയാണ് അഭികാമ്യം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നു.

‘ആത്രേയക’ത്തില്‍ രാജശ്രീ നടത്തുന്ന ചില ഔചിത്യങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ചൂത്, വനവാസം, അജ്ഞാതവാസം, യുദ്ധം ഇവയൊക്കെ പരാമര്‍ശങ്ങളിലൊതുക്കി കൃഷ്ണന്റെ സാന്നിധ്യം നാമമാത്രമാക്കി. പാണ്ഡവര്‍ പോലും വളരെ കുറച്ചേ പ്രത്യക്ഷപ്പെടുന്നുള്ളൂ. പകരം രാജകീയ നിതികളാല്‍ തങ്ങളുടേതല്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്നവരെ മുന്നോട്ട് കയറ്റി സൂര്യ വെളിച്ചത്തില്‍ നിര്‍ത്തി. ഇരകളുടെ കഥയാണിത്. കൊട്ടാരക്കെട്ടുകളിലെ സങ്കടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും അതേ കൊട്ടാരം ദ്രോഹിക്കുന്നവരുടെയും കഥ.

മഹാഭാരതം എന്ന ഇതിഹാസത്തെ പൊളിച്ചെഴുതിയ രാജശ്രീ കെട്ടിച്ചമച്ച കഥകള്‍ കൊണ്ട് നിലനിര്‍ത്തിയതും നാം കേട്ടു പഴകിയതുമായ എല്ലാ കെട്ടുകഥകളെയും തികഞ്ഞ യാഥാര്‍ഥ്യ ബോധത്തോടെ അവതരിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നു.

മൊബൈൽ: 9061546046

Related tags : AthreyakamBook ReviewMini PrasadNovelRajasree

Previous Post

സഫലമീ യാത്ര!

Next Post

ഗേൾസ് വിൽ ബി ഗേൾസ്: ചില ആധുനിക കൗമാരചിന്തകൾ

Related Articles

വായന

‘ശവുണ്ഡി’; ഒരു പുനർവായന

വായന

എന്റെ വായന: ആത്മാവിനു തീപിടിപ്പി ക്കുന്ന സിംഹാസനങ്ങൾ

Artistകവർ സ്റ്റോറി3

ചുട്ട മണ്ണിന്റെ മണം പകരുന്ന ചിത്രങ്ങൾ

വായന

പായലേ വിട, പൂപ്പലേ വിട

വായന

വഴി മാറി നടക്കുന്ന കവിതകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. മിനി പ്രസാദ്‌

അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ...

ഡോ. മിനി പ്രസാദ്‌ 

ഇതിഹാസങ്ങള്‍ കാലദേശഭേദമന്യേ പുനര്‍വായനയ്ക്കും പുനരവതരണത്തിനും വിധേയമായിക്കൊണ്ടിരിക്കും. കാലോചിതമായ മാറ്റങ്ങളോടെ പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ പലപ്രധാനകഥാപാത്രങ്ങളും അപ്രധാനരാവുകയും പ്രാധാന്യം...

പ്രതിരോധം അതിജീവനം: സച്ചിദാനന്ദൻ...

ഡോ. മിനിപ്രസാദ് 

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ...

ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന...

ഡോ. മിനിപ്രസാദ് 

ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത...

യു.കെ. കുമാരൻ: മനുഷ്യരുടെ...

ഡോ. മിനിപ്രസാദ് 

പ്രപഞ്ചത്തിൽ മനുഷ്യന് പ്രമുഖമായ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന ഒരു വാചകമാണ് 'മനുഷ്യൻ ഹാ! എത്ര...

ചന്ദ്രമതിയുടെ കഥകൾ: ആകാശം...

ഡോ: മിനി പ്രസാദ് 

പുരുഷാധിപത്യപരമായൊരു മൂല്യവ്യവസ്ഥ സ്വന്തം സൗകര്യങ്ങൾക്കനുസൃതമായി നിർമ്മിച്ച ഒരു മൂല്യ വ്യവസ്ഥിതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്....

ഇ. ഹരികുമാർ: ആരവങ്ങളില്ലാത്ത...

ഡോ. മിനി പ്രസാദ് 

മലയാള ചെറുകഥാ സാഹിത്യത്തിൽ എന്നും വേറിട്ടു നിന്ന കഥാകാരനാണ് ഇ. ഹരികുമാർ. ഏതെങ്കിലും ഒരു...

പനയാൽ കഥകൾ: മൺവിളക്കുകൾ...

ഡോ: മിനി പ്രസാദ് 

കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം...

നിലയില്ലാത്ത കടലുപോലെ മനസ്സുള്ളവർ

ഡോ. മിനി പ്രസാദ് 

താൻ അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങൾ തന്നെയാണ് എഴുത്തുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടകങ്ങളും. അങ്ങനെയൊരു പശ്ചാത്തലത്തിൽ...

അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ...

ഡോ. മിനി പ്രസാദ് 

പൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച്...

ദൈവത്തിന്റെ മകൾ വെറും...

ഡോ: മിനി പ്രസാദ് 

വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ...

ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

മിനി പ്രസാദ് 

പുതിയത് എന്ന അർത്ഥമുള്ള നോവൽ എന്ന വാക്കിൽ നിന്ന് ഉരുവം കൊണ്ട ഒരു സാഹിത്യരൂപം...

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

ഡോ: മിനി പ്രസാദ്‌  

പ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ,...

പെൺകഥകളിലെ സഹഭാവങ്ങൾ

ഡോ: മിനി പ്രസാദ്‌ 

(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം,...

നാളെയുടെ നിരൂപണ വഴികള്‍

ഡോ: മിനി പ്രസാദ്‌ 

പാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും...

തല കീഴായി കെട്ടി...

ഡോ: മിനി പ്രസാദ്‌ 

മഞ്ഞമോരും ചുവന്ന മീനും നിർമല കറന്റ് ബുക്‌സ്, തൃശൂർ 2014 വില: 110 നാമോരോരുത്തരും...

കവിയുടെ അനശ്വരത; കവിതയുടേതും

ഡോ: മിനി പ്രസാദ്‌ 

സൂര്യന്റെ മരണം ഒ.എൻ.വി. ഡി.സി. ബുക്‌സ് 2015 വില: 150 പ്രജാപതി എന്ന വിശേഷണം...

അവനവനെ മാത്രം കേൾക്കുന്ന...

ഡോ: മിനി പ്രസാദ്‌ 

വിശുദ്ധ വേദപുസ്തകത്തിലെ പുതിയ നിയമഭാഗത്ത് ലേഖനങ്ങളുടെ കൂട്ടത്തിൽ യാക്കോബിന്റെ ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് നാവിനെക്കുറിച്ചുള്ള...

മാനസിയുടെ കഥകൾ: സത്യം...

ഡോ: മിനി പ്രസാദ്‌ 

എഴുത്ത്, സാഹിത്യം, രചന ഏറ്റവും സ്വതന്ത്രമായിരിക്ക ണം. സ്ര്തീകൾ എഴുതുവാനാരംഭിച്ച കാലം മുതൽ സമൂഹം...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven