• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രതിരോധം അതിജീവനം: സച്ചിദാനന്ദൻ കവിതകൾ

ഡോ. മിനിപ്രസാദ് January 14, 2024 0

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും അത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരുവിധ പക്ഷാഭേദത്തോടും കൂടി പ്രവർത്തിക്കുകയില്ലെന്നും ഭരണഘടനയെ പിടിച്ച് സത്യം ചെയ്തുകൊണ്ടാണ് എല്ലാ ഭരണകൂടങ്ങളും കടന്നുവരുന്നത്.

ഡോ. മിനി പ്രസാദ്

നിലവിലുള്ള നിയമസംവിധാനങ്ങളെയും ജനക്ഷേമകരമായ എല്ലാ അവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് ചില അജണ്ടകൾക്കായി ഭരണ സംവിധാനങ്ങൾ മുഴുവൻ മാറ്റപ്പെടുമ്പോഴാണ് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയരുന്നത്. ലോക ചരിത്രത്തിൽ ഇത്തരം ജനദ്രോഹപരമായ പ്രവർത്തികൾ ഉണ്ടായപ്പോഴൊക്കെ അവയ്ക്കെല്ലാം തന്നെ വംശീയതയുടെ പരിവേഷമുണ്ടായിരുന്നു. എല്ലാ ഏകാധിപതികളും ഭൂരിപക്ഷ വർഗീയതകളെ പിന്തുണച്ചുകൊണ്ട് ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിലും കാലത്തും പ്രതിരോധത്തിന്റെ ഏറ്റവും നല്ല വഴിയാവുന്നത്, അതിനു സഹായകരമാവുന്നത്, സാഹിത്യം ആയിരിക്കുമെന്നും ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

മനുഷ്യചരിത്രം അനീതിക്കും അസ്വാതന്ത്ര്യത്തിനും അസമത്വത്തിന്റെ ഭിന്നരൂപങ്ങൾക്കും എതിരായ ചെറുത്തു നിൽപ്പുകൾ കൊണ്ടും സമ്പന്നമാണ്. ഇത്തരം പ്രതിഷേധങ്ങൾ പലപ്പോഴും ആദ്യം വിപ്ലവങ്ങളെയാണ് സൃഷ്ടിച്ചത്. വിപ്ലവങ്ങൾ ഒരു പൊട്ടിത്തെറിയായി പുറമേ അനുഭവപ്പെടുമെങ്കിലും ദീർഘകാലത്തെ മുന്നൊരുക്കം അതിനാവശ്യമുണ്ട്. എല്ലാ വിപ്ലവങ്ങളും ക്രമേണ ജനവിരുദ്ധമായി മാറി സമഗ്രാധിപത്യത്തിലേക്ക് എത്തിച്ചേർന്നു. ലേബർ ക്യാമ്പുകളും ഭ്രാന്താശുപത്രികളും സെൻസർഷിപ്പും ഉയർന്നുവന്നതും ഇതേ സമഗ്രാധിപത്യത്തെ സംരക്ഷിക്കാനായിരുന്നു. പക്ഷേ വിപ്ലവം ദുഷിച്ചു പോകുമ്പോഴും അത് വിപ്ലവം എന്ന ആശയത്തെ അപ്രസക്തമാക്കുന്നില്ല. കാരണം, ഓരോ വിപ്ലവത്തിനും പിന്നിൽ ഒരു കൂട്ടായ്മയുടെ സ്നേഹം ഉണ്ടായിരുന്നു. അവരെല്ലാവരും വലിയ സ്വപ്നങ്ങൾ കണ്ടവരായിരുന്നു. അതേ സ്വപ്നങ്ങൾ മറ്റൊരു രീതിയിൽ തുടരും എന്നതിന് വിപ്ലവനന്തര രാജ്യങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ നിരത്താനാവും. മുല്ലപ്പൂ വിപ്ലവം മുതൽ കർഷക സമരങ്ങളും ആദിവാസഭൂസമരങ്ങളും വരെ ഇത്തരം ചേർന്ന് നിൽപ്പുകളുടെ ബാക്കിപത്രമാണ്. ഇത് പ്രതിഷേധത്തിൽ നിന്ന് പ്രതിരോധമായി മാറുന്നു. പ്രതിരോധം ജനങ്ങളുടെ ഇച്ഛയിൽ നിന്ന് ഉയർന്നു വരേണ്ടതാണ്. പ്രതിരോധം ആവശ്യമാകുന്ന കാലത്ത് മനുഷ്യരാശിയുടെ മനസ്സാക്ഷിയോട് നിൽക്കുന്നവയാണ് സച്ചിദാനന്ദന്റെ കവിതകൾ.

കവിതയുടെ പ്രതിരോധം

ഇന്ത്യ മഹാരാജ്യത്ത് ഇന്ന് നിലനിൽക്കുന്ന മതാധിപത്യ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ശക്തമായി വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും സച്ചിദാനന്ദൻ ഒപ്പം ചേരുന്നുണ്ട്. 1965 മുതലാരംഭിച്ച ആ കവിതയുടെ പ്രതിരോധ സ്വഭാവവും പ്രതിഷേധവും ഏകദേശം അന്ന് മുതലേ തുടങ്ങുന്നുണ്ട്. ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ വിധ്വoസകങ്ങൾക്കെതിരെ എഴുതപ്പെട്ട ആ കവിതകൾ ഇന്ത്യയുടെ ഇരുണ്ട ജീവിതത്തിൻറെ ചരിത്ര രേഖകൾ കൂടിയാണ്. പ്രതിരോധം ഒരു ജനസമൂഹത്തിന്റെ നിലനിൽപ്പിനെകൂടി നിശ്ചയിക്കുന്നതാകയാൽ ഈ കവിതകളും എന്നും നിലനിൽക്കും എന്നുറപ്പാണ്. എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിൽ മനുഷ്യവംശത്തിന്റെ സാക്ഷിയാവുമ്പോഴാണ് കവികൾ അവരുടെ ധർമ്മം നിർവഹിക്കുന്നത് എന്ന് സച്ചിദാനന്ദൻ പറയുന്നുണ്ട്. പഴയ നിയമങ്ങൾ ലംഘിക്കുകയും പുതിയ നിയമങ്ങൾ ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക എന്നതും കാവ്യധർമ്മമാണെന്ന തൻറെ വിശ്വാസം പങ്കുവെക്കുന്നതോടൊപ്പം പേരില്ലാത്തവന് പേരിടുകയും വാക്കില്ലാത്തവനായി വാക്കു കണ്ടെത്തുകയും ശബ്ദമില്ലാത്തവന് ശബ്ദമാവുകയും അദൃശ്യമായതിനെ ദൃശ്യമാക്കുകയും ആശ്രാവ്യമായതിനെ ശ്രവ്യമാക്കുകയും ചെയ്യുക എന്നതും കവിയുടെ കടമയാണെന്ന സ്വന്തം രചനാ വിശ്വാസത്തെ പങ്കുവയ്ക്കുന്നതിലൂടെ പ്രതിരോധത്തിന്റെ ശqബ്ദമായി കവിത മാറുന്നത് എങ്ങനെ എന്നതിന് സാധൂകരണമാവുന്നു.

സച്ചിദാനന്ദൻറെ കാവ്യലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ‘വിശപ്പ്’ ‘സത്യവാങ്മൂലം’ ‘ ഇന്ത്യൻ സ്കെച്ചുകൾ’ എന്നിവയിലൊക്കെ ഈ പ്രതിരോധ സ്വഭാവം കടന്നു വരുന്നുണ്ട്. എങ്കിലും അതിനൊരു രൂക്ഷമായ ഭാവവും പൂർണ്ണതയുടെ രൂപവും കൈവരുന്നത് അടിയന്തരാവസ്ഥക്കാലത്തോടെയാണ്. ‘ ‘കാവൽ’ ‘നാവു മരം’ ‘അവനവങ്കോലം’ എന്നീ കവിതകളിലൂടെയാണ് ഈ പ്രതികരണങ്ങള്‍ ഉണ്ടായത്.

‘നമ്മുടെ ജീവിതവും സ്വപ്നവും ആവിയാക്കുന്ന ഈ വേനല്‍ വസാനിക്കുകയില്ലെന്ന് ഇന്ദ്രപ്രസ്ഥത്തിലെ കാലാവസ്ഥ നിരീക്ഷകർ വിശ്വസിക്കുന്നു’ (കാവൽ)

എന്ന് ഏറ്റവും ധ്വന്യാത്കമായി അടിയന്തരാവസ്ഥയെ സൂചിപ്പിക്കുമ്പോഴും ഭരണകൂടത്തിന്റെ ചില മിഥ്യാധാരണകള്‍ വെറും ധാരണകള്‍ മാത്രമാണെന്ന് കവിക്ക് ഉറപ്പുണ്ട്.

ഇതേ കാലത്ത് എഴുതിയ ‘1976 മാര്‍ച്ച് 30’ എന്ന കവിതയില്‍

“ആനറാഞ്ചിപ്പക്ഷികളുടെ കൊക്കുകളില്‍ നിന്ന്
ഭൂമിയിലെങ്ങുമുള്ള ഞങ്ങളുടെ ആടുകളെ
ഞങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നതെന്നാണ്”?

എന്ന സന്ദേഹവും പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം

അമാവാസി കണ്ട് നിലാവുദിക്കില്ലെന്ന് കരുതരുത്.
ശിശിരത്തിലെ മരം കണ്ട്
ഇലകളുടെ കാലം കഴിഞ്ഞെന്ന്
നിലവിളികൂട്ടുകയുമരുത്.
ഇതൊരിടവേള മാത്രമാണെന്നു നമുക്കറിയാം.
പൂവുകളെക്കുറിച്ച് പാടാവുന്ന സമയം വരും
അപ്പോള്‍ എല്ലാ മനുഷ്യരും കവികളാവും”
(ഒരു മറുപടി)

എന്ന് എഴുതിക്കൊണ്ട് ഒരു ശുഭാപ്തി വിശ്വാസം കവി പങ്കുവെച്ചു.
കവിതകൊണ്ട് എന്തുകാര്യം എന്ന് സന്ദേഹിച്ചവരോടാവട്ടെ

“കവിത ഒന്നും സംഭവിപ്പിക്കുന്നില്ലായിരിക്കാം
എങ്കിലും നിയമങ്ങള്‍ക്ക് അടച്ചുമൂടാനാവാത്ത
ഒരു വായയാണത്.
എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന കണ്ണാണത്”.

എന്ന് എഴുതികൊണ്ട് കവിതയുടെ അപാരമായ ശക്തി ഓര്‍മ്മപ്പെടുത്തി. ആര് ഉറക്കം നടിച്ചാലും മറ്റുള്ളവരെ ഉറങ്ങാന്‍ നിര്‍ബന്ധിച്ചാലും കവിത അതീവ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുകതന്നെ ചെയ്യുമെന്നും അതേ ജാഗ്രതയോടെ അത് ലോകത്തിന്റെ നെറികേടുകളെ തുറന്നുകാണിക്കുമെന്നും കവി വിശ്വസിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കാണാതായ രാജനെ വകവരുത്തിയവരെ നിരുപാധികം കുറ്റവിമുക്തരാക്കിയ ഭരണകൂട അഴിമതിക്കെതിരെ നെഞ്ചുപൊട്ടി എഴുതിയ കവിതയാണ് ‘നീതിയുടെ വൃക്ഷം’.

“ഇവിടെ ഒരു കാഞ്ഞിരം നടുക
ഞങ്ങളിന്നോളമറിഞ്ഞ നീതിയുടെ
മധുരം നിറഞ്ഞ ഓര്‍മ്മയ്ക്ക്”

എന്ന് എഴുതിക്കൊണ്ടാണ് ആ കറുത്ത നീതിയോട് കവി പ്രതികരിച്ചത്. തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സിംഹാസനങ്ങളിലും കവചിത വാഹനങ്ങളിലും ആ കൊലയാളികള്‍ സ്വസ്ഥരായിരിക്കില്ലെന്നും കവി ഓര്‍മ്മപ്പെടുത്തുന്നു. നീതിയുടെ വൃക്ഷം വെട്ടേറ്റ് നിലം പതിച്ചിരിക്കാം. പക്ഷേ അതിന്റെ ഒരിലയില്‍ ഒരു വരിയെങ്കിലും എഴുതി കാറ്റില്‍ പറത്തിയാല്‍ ഈ ഭീരുക്കളുടെ ആകാശത്തെ പെരുമഴയുടെ ശീല്‍ക്കാരം കൊണ്ട് ഭേദിക്കാനാവും എന്ന ദൃഢമായ വിശ്വാസവും കവിക്ക് സ്വന്തമാണ്.

നിഷ്പക്ഷത “പറക്കാനറയ്ക്കുന്ന പക്ഷിയാണെങ്കില്‍ താന്‍ അതിനെ തീറ്റിപ്പോറ്റിയിട്ടില്ല” എന്ന് സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് കവി നേരത്തെ പറഞ്ഞിട്ടുണ്ട്. അത്തരം ഒരു പ്രഖ്യാപനത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഈ പ്രതികരണങ്ങളെയും സ്വീകരിക്കേണ്ടത്.

ഗാന്ധിയെ കാണാനായി ആശ്രമത്തില്‍ എത്തുന്ന ഒരു മെലിഞ്ഞ കവിതയും ഗാന്ധിയും തമ്മില്‍ കണ്ടുമുട്ടുന്നതു വിവരിക്കുന്ന ‘ഗന്ധിയും കവിതയും’ എന്ന കവിതയില്‍ ഗാന്ധിജി കവിതയെ വയലിലേക്ക് ചെല്ലാനും കര്‍ഷകരുടെ വര്‍ത്തമാനങ്ങള്‍ കേട്ടുപഠിക്കാനും ഉപദേശിക്കുന്നുണ്ട്. ഇവിടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവനൊപ്പവും വയലിലെ തൊഴിലാളിക്കൊപ്പവും നില്‍ക്കേണ്ടതാണ് കവിത എന്ന ബോദ്ധ്യമാണ് എഴുന്നുവരുന്നത്. കാലത്തിന്റെ കൊമ്പുകളില്‍ തലകീഴായിക്കിടന്ന് വേതാളത്തെപ്പോടെ ചോദ്യങ്ങള്‍ ചോദിക്കുന്നവനായി ‘ഇന്ത്യന്‍ കവി’യെ അവതരിപ്പിക്കപ്പെടുമ്പോഴും എന്തിനാണ് എഴുതേണ്ടതെന്നും എങ്ങനെയാണ് എഴുതേണ്ടതെന്നുമുള്ള സ്വയം തീരുമാനവും പ്രഖ്യപനവുമാണത്. ഇതിനുശേഷമുള്ള കാവ്യകാലം നിരന്തരമായ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും കാലമായിരുന്നു.

1994 ഏപ്രില്‍ 15 ഇന്ത്യാചരിത്രത്തിലെ അത്യന്തം അപമാനകരമായൊരു ദിവസമായിരുന്നു. ഗാട്ട് കരാറില്‍ ഇന്ത്യ ഒപ്പിട്ടത് അന്നായിരുന്നു. അതിനോട് പ്രതികരിച്ചുകൊണ്ട് ‘ഇക്കുറി വസന്തം വന്നതെങ്ങനെ’ എന്ന് കവി ചോദിക്കുന്നു. കാരണം

“ഇനി നമ്മുടെ വിചാരങ്ങള്‍ക്ക്
നികുതി ചുമത്തപ്പെടും
നമ്മുടെ ഓരോ ശ്വാസവും അക്രമിക്കുള്ള സേ്താത്രമാവും
നമ്മുടെ കിടപ്പുമുറികളില്‍
അന്യഭാഷകള്‍ മുഴങ്ങും”

എന്നിങ്ങനെ കാര്യങ്ങള്‍ മാറിമറിയും. വാനരരുടെ നഗരത്തില്‍ നാവരിയപ്പെട്ട കുയിലുകളോടൊപ്പം നാം ജീവിക്കും എന്നും കവി പറയുന്നു. കാരണം നമുക്ക് ലജ്ജയും കൈമോശം വന്നിട്ടുണ്ടല്ലോ. ഇതേപോലെ സ്വയം ലജ്ജിതനായിപ്പോയ ഒരനുഭവം 2002 ജൂണ്‍ 6–ാം തീയതി അഹമ്മദാബാദിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിനുശേഷം കവി പങ്കുവെയ്ക്കുന്നുണ്ട്. അന്ന് ശരീരത്തിലെ ഓരോ കോശവും കൊലയാളിയും കൊള്ളിവെപ്പുകാരനും ബലാല്‍സംഗിയും നരഭോജിയുമെന്ന് സ്വയം കുറ്റപ്പെടുത്തേണ്ടിവന്നു. കാരണം താനൊരു ഹിന്ദുവാണെന്നും സ്വന്തം പേരുതന്നെ അതിന് തെളിവാണെന്നും അങ്ങനെ ഒരു കാര്യം വ്യക്തമാക്കുന്നു.

“ഇന്ന് ഞാനറിഞ്ഞു
മരണത്തിന്റെ നിറം
കറുപ്പല്ല, കാവിയാണെന്ന്”

അതുകൊണ്ട് കൃത്യമായ ഒരു തീരുമാനത്തിലേക്ക് കവി എത്തുന്നു.

“എനിക്ക് വേണ്ടാ
മനുഷ്യനെ ഭസ്മമാക്കുന്ന
അഗ്നിയെ തടുക്കാനാവാത്ത വേദങ്ങള്‍
വേണ്ട കൊല്ലാന്‍ പഠിപ്പിക്കുന്ന ഗീത
വേണ്ട പോര്‍വിളി മുഴ ക്കുന്ന ശംഖ്
നിരായുധരുടെ തുടയെല്ലൊടിക്കുന്ന ഗദ
കുട്ടികളുടെ വിരലറക്കുന്ന ചക്രം
വേണ്ട വേണ്ട മൃതി ചിഹ്‌നമായ പത്മം”
(ലജ്ജ)

അമൂല്യം എന്ന തരത്തിലും സംസ്‌കാരത്തിന്റെ ഏറ്റവും കനത്ത ഈടുവെയ്പ്പ് എന്ന തരത്തിലും വാഴ്ചപ്പാടിയവ. ഓരോ ഭാരതീയനും ഇവയില്‍ നിറഞ്ഞാടി ഊറ്റം കൊള്ളാന്‍ നമ്മുടെ ഭരണാധികാരികള്‍ നിരന്തരം ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നവയിലേക്ക് ചില എതിര്‍ അവസ്ഥകള്‍ സന്നിവേശിപ്പിച്ചകൊണ്ട്. അത്തരം ഈടുവെയ്പ്പുകളെ കവി പരിഹസിക്കുന്നു.

‘പ്രതീകം’ എന്നൊരു ചെറിയ കവിതയിലും ഇതേ പ്രതികരണം കവി നടത്തുന്നുണ്ട്. ‘താമര’ ഒരു വാക്കായിരുന്നോള്‍ വളരെ നിഷ്‌കളങ്കമായിരുന്നു. ഇപ്പോള്‍ അത് ഒരു ജനതയുടെ മുഴുവന്‍ മരണത്തെയും സൂചിപ്പിക്കുന്നു. ഒരു വെറും പ്രതീകമായി മാറി എഴുതുമ്പോൾ ആ ‘വെറും’ എന്ന വാക്ക് അതിലെ തുച്ഛീകരണം ശ്രദ്ധാര്‍ഹമാണ്. ആ ഒരു പൂവിനെക്കൊണ്ട് ഒരു ജനസമൂഹത്തിന്റെ ഇച്ഛകളെ മുഴുവനും വിലയ്‌ക്കെടുക്കാന്‍ തീരുമാനിച്ചവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പ്രഹരമായ വെറും വാക്ക് മാറുന്നുണ്ട്. ഇന്ത്യയിലെ അമ്മമാരോട് നിങ്ങള്‍ ഇനി പ്രസവിക്കുകയേ വേണ്ട എന്ന് ‘സാക്ഷ്യങ്ങളില്‍’ പറയുന്നു. കാരണം അമ്മ തന്റെ മകന്റെ വരവും കാത്ത് അവന്‍ ഉദരത്തില്‍ വളരുന്നതിന്റെ ചലനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച് ഇരുന്നവളുടെ വയറുകീറിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അത്തരം ഒരു സാഹചര്യത്തില്‍ മറ്റ് സ്ത്രീകള്‍ക്ക് കൊടുക്കുവാന്‍ ഒരമ്മക്ക് വേറെ എന്ത് ഉപദേശമാണ് ഉള്ളത്? അങ്ങനെയാണ്

“പ്രജ്ഞതന്നെ ശാപമാകുന്ന കാലത്ത്
എനിക്ക് സ്ഥിതപ്രജ്ഞനാകേണ്ട” (ഡയറിക്കുറിപ്പ്) എന്ന് കവി വിളിച്ചുപറഞ്ഞു പോവുന്നത്.

ചുറ്റുമുള്ള ഒരുപറ്റം മനുഷ്യര്‍ക്ക് വളരെ സാവാധാനം വരുന്ന മാറ്റം കവി തിരിച്ചറിയുന്നുണ്ട്. അവര്‍ വളരെ നിശ്ശബ്ദമായി ചെയ്യുന്നവയും നിര്‍ദ്ദോഷമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്നവയുമായ കാര്യങ്ങള്‍ വളരെ അപകടകരമായ ചില പ്രവണതകളിലേക്ക് കടന്നുപോവുന്നതിന്റെ തിരിച്ചറിവുകളാണ് ‘കൃഷ്ണം കുളങ്ങരയിലെ ദേശസ്‌നേഹികള്‍’ എന്ന കവിതയിലൂടെ വെളിപ്പെടുത്തുന്നത്.

            ഇത്തരമൊരു സാഹചര്യം ഒരു ദിവസം കൊണ്ടോ ഒരു തിരഞ്ഞെടുപ്പുകൊണ്ടോ ഉണ്ടായതല്ല. കൃഷ്ണം കുളങ്ങരയിലെ ദേശസ്‌നേഹികള്‍ക്ക് സംഭവിച്ചതുപോലെ നമ്മളിലേക്ക് ആചാരങ്ങള്‍ എന്ന പേരില്‍ അനുഷ്ഠാനങ്ങള്‍ എന്ന് പഠിപ്പിച്ചുകൊണ്ട് വളരെ സാവധാനത്തില്‍ കയറി വന്നു. ആ വരവ് 'മൂട്ഠാളന്മാര്‍’ എന്ന കവിതയില്‍ വ്യക്തമാക്കുന്നുണ്ട്.

“പക്ഷെ അവര്‍ വന്നത് നാം
അറിഞ്ഞതുപോലുമില്ല
നമ്മുടെ തന്നെ വിഗ്രഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്
നമ്മുടെ പതാകയെ വന്ദിച്ച്
നമ്മുടെ വസ്ത്രങ്ങളിഞ്ഞ്
നമ്മുടെ നിയമപുസ്തകം കയ്യിലേന്തി
നമ്മുടെ തന്നെ മന്ത്രങ്ങള്‍ ഉരുക്കഴിച്ച്
നമ്മുടെ ഭാഷ സംസാരിച്ച്
രാജ്യസഭയുടെ കല്‍പ്പടവുകള്‍ തൊട്ടുവന്ദിച്ചാണ്
അവര്‍ കയറിവന്നത്” എന്ന് എഴുതുമ്പോള്‍ അധിനിവേശം എത്രമാത്രം നിശ്ശബ്ദമായിരുന്നു എന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.

ആ വരവിന്റെ പൂര്‍ണ്ണതയിലാണ് ഇക്കുറി കൗരവര്‍ തന്നെ ജയിക്കുമെന്ന് ശകുനിക്ക് ഉറപ്പിക്കാന്‍ കഴിയുന്നത്. ‘മഹാഭാരതം’ എന്ന കവിതയില്‍

“മുനത്തേക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതയ്ക്കാവുമെന്ന്
ഇക്കുറി വ്യക്തമായി
‘ധര്‍മ്മം’ കൂട്ടിനുണ്ടെങ്കിലും
അത് ഇന്ദ്രജാലം ചെയ്യും.”

എന്ന് എഴുതിക്കൊണ്ട് പുതിയ ഭരണകൂടത്തിന്റെ വരവിനോട് അദ്ദേഹം പ്രതികരിച്ചു. ഇനി സംഭവിക്കാന്‍ പോവുന്നതിനെപ്പറ്റിയും ഒരു (ദു:)സ്വപ്നം കവിക്കുണ്ട്.

“പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളു
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല.

എന്ന വരികളിലൂടെ പത്തുവര്‍ഷം മുന്‍പേ ഫാസിസ്റ്റുകാലം എങ്ങനെയാവും എന്ന് കവി പ്രവചിച്ചിരുന്നു. അങ്ങനെയാണ് പ്രജ്ഞതന്നെ ശാപമാവുന്ന കാലത്ത് എനിക്ക് സ്ഥിതപ്രജ്ഞനാവേണ്ട എന്ന വാക്കുകള്‍ കടന്നുവരുന്നത്. നാം എന്നു പറയാന്‍ മടിക്കുന്ന കാലമാണ് എന്ന് കൂടി തിരിച്ചറിഞ്ഞിട്ടാണ്. നിഘണ്ടുവില്‍ നിന്ന് സ്വാസ്ഥ്യം എന്ന വാക്ക് അപ്രത്യക്ഷമാവുകയും അവിടെ അസ്വാസ്ഥ്യം എന്ന വാക്ക് പകരമെത്തുകയും ചെയ്യുന്നു എന്നെഴുതിയ കാലത്തോടെ ഫാസിസം എഴുത്തിനെയും സ്വസ്ഥതകളെയും നിയന്ത്രിക്കുന്നവിധം എവിടെയെല്ലാമോ പതുങ്ങിനില്‍ക്കുന്നതായി കവിക്ക് സ്വയം വെളിപ്പെട്ട് തുടങ്ങുന്നു. പിന്നീട് എഴുതിയ കവിതകളിലെല്ലാം ഈ വിങ്ങല്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

അപരവത്കരണം

ആ തിരിച്ചറിവില്‍ ഏറ്റവും പ്രധാനം അപരവത്ക്കരണമാണ്. മതേതരത്വം എന്ന ഇന്ത്യയുടെ അടിസ്ഥാനഭാവത്തെ ഇല്ലാതെയാക്കിക്കൊണ്ട് ഞങ്ങള്‍ നമ്മള്‍ എന്നീ പദങ്ങള്‍ സാമൂഹ്യബോധത്തില്‍ നിന്ന് അപ്രത്യക്ഷമായ ഒരു ലോകത്തെയും കാലത്തെയും കവിക്ക് തിരിച്ചറിയാനാവുന്നുണ്ട്. ‘രണ്ടും നാലും’ എന്ന കവിതയിലാണ് ഈ സൂചന ആദ്യം കടന്നുവരുന്നത്. ഞങ്ങളും നിങ്ങളും എന്ന് മനുഷ്യര്‍ രണ്ടുതരമുണ്ട് എന്ന് പറയുകയും നിങ്ങളെ ഞങ്ങളല്ലാത്തവര്‍ എന്ന് നിര്‍വചിക്കാനാവും എന്നും പറയുന്നതോടൊപ്പം

“ഞങ്ങള്‍ കൊല്ലുമ്പോള്‍
ദേശസ്‌നേഹികള്‍
നിങ്ങള്‍ കൊല്ലുമ്പോള്‍
ദേശദ്രോഹികള്‍” എന്ന പുതിത നിയമസംഹിത ഉണ്ടായിരിക്കുന്നു എന്നത് അതീവ നൊമ്പരത്തോടെ ഏറ്റുവാങ്ങുന്നു. ഒപ്പം പുതിയ നിഘണ്ടുവിൽ അനേകം വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ കടന്നുവരുന്നു എന്നും അറിയുന്നു. അതില്‍ ഏറ്റവും മാറ്റപ്പെട്ടുപോയ വാക്കായി അറിയുന്നത് ജനാധിപത്യം തന്നെയാണ്.

“ഞങ്ങളുടെ
ഞങ്ങളാല്‍
ഞങ്ങള്‍ക്കുവേണ്ടി
അതാകുന്നു ജനാധിപത്യം”

ഒരു രാജ്യത്തിന്റെ ഭരണഘടനയെ മാത്രമല്ല അവിടെ ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചുനിര്‍ത്തിയ പരസ്പര സ്‌നേഹം, വിശ്വാസം, ധാരണ ഇങ്ങനെ സകലതും മാറ്റിമറിക്കപ്പെടുന്ന ഒരു കാലമാണ്, ഒരു കെട്ടകാലമാണെന്ന് കവിക്ക് പറയേണ്ടിവരുന്നു.

“എന്റെ പേര് അന്യന്‍
എന്റെ പതാക വെള്ള
എന്റെ വീട് ശ്മശാനം… (അന്യന്‍)

എന്ന് എഴുതിപ്പോവുന്നതും ഇതേ അപരവത്ക്കരണത്തിന്റെ ഓര്‍മ്മയിലാണ്. ഞാങ്ങളെ വേണ്ടാത്ത ഈ മണ്ണില്‍ത്തന്നെ അന്യന്‍ കരിഞ്ഞുവീഴാനാഗ്രഹിക്കുന്നത് വേട്ടക്കാരനോ വിരുന്നുകാരനോ അല്ലാത്തതിനാലും ഇവിടെ മുളച്ച് ഇവിടെ പൂവിട്ടവനാണ് താന്നെന്നും ഇവിടെത്തന്നെ വാടി വീഴേണ്ടവനാണെന്നുമുള്ള ഉറപ്പിനാലാണ്.

കാശ്മീര്‍ ഇന്ത്യുടെ പൂങ്കാവനവും സ്വര്‍ഗ്ഗവുമായിരുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു പേരുകേട്ട അവിടേക്ക് എത്തിപ്പെടുവാന്‍ ഓരോരുത്തരും കൊതിച്ചിരുന്നു. കാശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ഒരു ന്യൂനപക്ഷ സമൂഹത്തെ മുഴുവനും സംശയദൃഷ്ടിയോടെ നോക്കിക്കൊണ്ടും അവരെല്ലാം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ടും ആ സംസ്ഥാനത്തെ ജനങ്ങളെ മുഴുവനും പട്ടാളഭരണത്തില്‍ കീഴില്‍ എത്തിക്കുകയാണ് ഭരണകൂടം ചെയ്തത്. എത്രയോ വ്യാജമായ ഏറ്റുമുട്ടലുകളിലൂടെ അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എത്രയോ പേരെ കാണാതായി. അനേകം സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. അതില്‍ ചെറിയ പെണ്‍കുട്ടികള്‍പോലും ഉള്‍പ്പെട്ടിരുന്നു. ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കാന്‍ ഒരു കവിക്കൊരിക്കലും കഴിയില്ല. ആ പ്രതികരണങ്ങളാണ് ‘ഇരുട്ട്’, ‘ഒരു ചീനാര്‍ മരത്തിന്റെ ആത്മകഥ’, ‘ബാബയ്‌ക്കൊരു കത്ത്’ എന്നിവ കാശ്മീരില്‍ അക്രമിക്കപ്പെട്ട പെണ്‍കുട്ടികളെ ഓര്‍ത്തുകൊണ്ട് എഴുതിയ ‘ഇരുട്ട്’ എന്ന കവിയിലെ

“കൊച്ചുടലില്‍ എമ്പാടും ആരോ
ആണികളടിച്ചു കയറ്റും പോലെ,
അവള്‍ക്കറിയില്ലായിരുന്നു അവ
അവളുടെ രാഷ്ട്രത്തിന്റെ ദംഷ്ട്രകളാണെന്ന്”

ഈ വരികള്‍ കൊണ്ട് ഒന്നുമറിയാതെ ഒന്നുമോര്‍ക്കാതെ ലോകത്തെ നോക്കി പുഞ്ചിരിക്കുന്ന പാവം കുട്ടികള്‍ ആക്രമണത്തിന് വിധേയരാവുന്നത് എത്ര വേഗമാണെന്ന് വ്യക്തമാക്കുന്നു. ഒപ്പം മാതൃരാജ്യം അവരെ ആക്രമിക്കാന്‍ കൂട്ട് നിന്ന് അപരവത്ക്കരിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നതും എത്ര വേഗമാണെന്ന് വ്യക്തമാക്കുന്നു.

മഹാകവി മുഹമ്മദ് ഇഖ്ബാലിന്റെ വരികള്‍ ആമുഖമായി ചേര്‍ത്തുകൊണ്ടാണ് ‘ഒരു ചീനാര്‍ മരത്തിന്റെ ആത്മകഥ’ എന്ന കവിത ആരംഭിക്കുന്നത്. കാശ്മീരിന്റെ പൈതൃക വൃക്ഷം എന്ന നിലയില്‍ ചീനാറിന് അതിന്റേതായ പ്രസക്തിയുണ്ട്. മുന്നൂറും നാന്നൂറും വര്‍ഷം പഴക്കമുള്ള വലിയ ചീനാര്‍ മരങ്ങൾ ഇപ്പോടും കാശ്മീരില്‍ ഉള്ളതിനാല്‍ അവിടെ നടക്കുന്ന എല്ലാ പരിണാമങ്ങള്‍ക്കും രക്തച്ചൊരിച്ചലുകള്‍ക്കും ഒരു ജനതയുടെ കണ്ണീരിനും അവ സാക്ഷികളുമാണ്. തണുപ്പുകാലത്തിന് തൊട്ടുമുന്‍പ് ചീനാര്‍ മരങ്ങളുടെ ഇലകള്‍ മഞ്ഞ നിറവും പിന്നെ ചുവപ്പ് നിറവുമായി മാറുന്നതാണ് അവിടുത്തെ ഒരു പ്രധാന കാഴ്ച. തന്റെ നാടനെപ്പറ്റി ചീനാര്‍ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നത്

“ഒരേ പാത്രത്തില്‍ നിന്നുണ്ട്
ഒരേ നീര്‍ കുടിച്ച് ഒരേ കരുണയുടെ
ഭാഷ സംസാരിച്ചവര്‍
അവരുടെ മതം സ്വാതന്ത്ര്യമായിരുന്നു
അവരുടെ കൊടി സ്‌നേഹം”

അതേ നാട്ടില്‍ ഇന്നിപ്പോള്‍ വെട്ടിമുറിക്കപ്പെട്ട ഒരു നാടിന്റെ രക്തവും ചോരപ്പാടുകളും മാത്രമായത് മൂകസാക്ഷിയായി ചീനാര്‍ തിരിച്ചറിയുന്നു. ഒപ്പം തന്റെ ഇലകള്‍ സ്വാഭാവികമായി ചുവക്കുകയല്ലെന്നും രക്തം വീണ് ചുവന്നുപോവുകയാണെന്നും ആ വൃക്ഷം പറയുന്നു. മാധ്യമങ്ങള്‍ പുറത്തുവിടാത്ത കണക്കുകളാണ് ഈ വൃക്ഷത്തിന്റെ വിലാപമായി കവി രേഖപ്പെടുത്തുന്നത്.

കത്വവയിലെ കുഞ്ഞുമകള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചെഴുതിയ ‘ബാബായ്‌ക്കൊരു കത്ത്’ എന്ന കവിതയില്‍ ആ കുഞ്ഞ് ഈ നാട് നമ്മുടേതല്ല എന്ന് പറയുന്നുണ്ട്. കാരണം തന്നെ ഹറാം പിറന്നവള്‍ എന്ന് വിളിച്ച് ഉപദ്രവിക്കുന്നവരുടെ നാട് തന്റെ നാടാണ് എന്ന് അവള്‍ക്ക് തോന്നുന്നില്ല. ഒരൊറ്റ സംബോധനയിലൂടെ അപരവത്ക്കരണം എങ്ങനെയാണ് സാധ്യമാക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് കഴിയുന്നതെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ മൂന്ന് കവിതകളിലും ആ ജനസമൂഹം നേരിടുന്ന വേദനാജനകമായ അനുഭവങ്ങള്‍ ആവിഷ്‌ക്കാരം തേടുന്നുണ്ട്.

പ്രതിരോധങ്ങളോടുള്ള ചേര്‍ന്നുനിൽപ്പ് മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തോട് ചേര്‍ന്നുനിന്നുകൊണ്ട് എഴുതിയ ‘കാലുകള്‍’ എന്ന കവിതയില്‍ കര്‍ഷകര്‍ ഉറച്ച കാലടികളാല്‍ ആരെയും കൂസാതെ നടന്നുപോവുമ്പോള്‍ സൂര്യന്‍ പോലും പേടിയാല്‍ മങ്ങിപ്പോവുന്നതായി പറയുന്നുണ്ട്. ഈ സമരത്തിന്റെ ചൂളയിലേക്ക് അവരെ എത്തിച്ചതിന് കാരണം വേര്, താരാട്ട്, കിണര്‍, വയല്‍ എന്നിവ മറന്ന താനുള്‍പ്പെടുന്ന പുതിയ തലമുറയെ കുറ്റപ്പെടുത്തുന്ന കവി ആ കുഴിനഖം കുത്തിയ കാലുകളില്‍ വീണ് മാപ്പിരക്കാനും പറയുന്നുണ്ട്.

ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് എഴുതിയ ‘കൃഷകന്റെ പാട്ട്’, ‘ചിത്തരഞ്ജന്‍ പാര്‍ക്ക്’ ‘ഡല്‍ഹി ഹേമന്തം’ എന്നീ കവിതകളിലും ആത്മരോഷമുണ്ട്. പക്ഷേ ഇത്തരം ബഹുജന പ്രതിഷേധങ്ങളോട് ഭരണകൂടം പുലര്‍ത്തുന്ന നിഷേധാത്മകമായ സമീപനത്തോടുള്ള പ്രതിഷേധമായിട്ടാണ് ഇന്ദ്രപ്രസ്ഥത്തില്‍ പുല്ലുകള്‍ക്ക് പകരം ആണികള്‍ മുളയ്ക്കുന്നു എന്ന് എഴുതുന്നത്. റോഡില്‍ ആണികള്‍ വിതറിക്കൊണ്ടും മറ്റ് ക്രൂരമായ സമീപനങ്ങളിലൂടെയും സമരങ്ങളെ തോല്പിക്കുവാന്‍ ശ്രമിച്ചവരോട് വേറെ എന്താണ് പറയാനുള്ളത്?

രാമന്‍ എന്ന അവതാരപുരുഷന് കൂടുതല്‍ കൂടുതല്‍ ദൈവീകമായ പരിവേഷം നല്‍കുകയും ഒരു രാജ്യത്തെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കാനുള്ള ബിംബമായി അദ്ദേഹത്തെ, ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ഏത് രാമനാണ് തങ്ങള്‍ സ്തുതി പാടേണ്ടത് എന്ന സ്വാഭാവികമായൊരു സന്ദേശം കവിയില്‍ ഉണരുന്നു. (കവിത 'ഏതു രാമന്‍’). ഇന്ന് വാഴ്ത്തിപാടുന്നവനും അനേകം പരിവേഷങ്ങളാല്‍ അലംകൃതനായ രാമന്റെ എതിര്‍മുഖങ്ങളെ ഒന്നോന്നായി അവതരിപ്പിക്കുന്ന ഒരു കവിതയാണിത്. ജാതക കഥയിലെ ആയുധം വെടിഞ്ഞ രാമനെയും കബീറിന്റെ രാമനെയും ആണ് തങ്ങള്‍ക്കാവശ്യം എന്നു പറയുന്നുണ്ട്. 'പാടുന്നു കബീര്‍' എന്ന കവിതയില്‍ 'വിമോചന രാമന്‍’ എന്നൊരു വിശേഷണം സച്ചിദാനന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. പൊലിപ്പിച്ച് മുന്നോട്ടുവെയ്ക്കുന്ന ബിംബങ്ങള്‍ അവയുടെ ഏകവശം മാത്രം അവതരിപ്പിക്കപ്പെടുകയും വ്യാജ സ്തുതികളാല്‍ പ്രീര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം മറന്നുപോയ പല മുഖങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് പ്രതിരോധത്തിന്റെ ഒരു വലിയ തലം സൃഷ്ടിക്കുകയാണ് കവി.

ഇത്തരം ഭയാനകമായ അവസ്ഥയില്‍ ഇരുട്ടിനെക്കുറിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുക മാത്രമല്ല കവി ധര്‍മ്മം; ഒരു പ്രത്യാശ ഏപ്പോഴും പകര്‍ന്നുതരേണ്ട വലിയ കടമയും കവിയുടേതാണ്. അതും സച്ചിദാനന്ദന്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. കെട്ടകാലത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് നമ്മുടെ ഉള്ളില്‍നിന്നും ഉണര്‍ന്നുവരേണ്ട ഒരു ബോധത്തെക്കുറിച്ച് കവി നമ്മെ ബോധവാന്മാരാക്കുന്നത്.

‘ആരാണ് ശത്രു?’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്
ആട്ടും ചവിട്ടും ഏറ്റുവാങ്ങി
വാലാട്ടുന്ന വളര്‍ത്തുനായയുടെ വിനയമുണ്ടല്ലോ
അതാണ് നിന്റെ ശത്രു
എല്ലാം സൃഷ്ടിച്ച് ഒന്നുമില്ലാത്തവനായിക്കഴിയുന്ന
നിന്റെ സഹനമുണ്ടല്ലോ
അതാണ് നിന്റെ ശത്രു
ഇത്രയായിട്ടും എന്തു ചെയ്യണമെന്നറിയാതെ
മിഴിച്ചുനില്‍ക്കുന്ന നീയുണ്ടല്ലോ
നീ തന്നെയാണ് നിന്റെ ശത്രു”

എന്ന് എഴുതിയതിലൂടെ നമ്മുടെ തന്നെ ഉള്ളില്‍ നിന്നും ഉണര്‍ന്നുവരേണ്ടതാണ് അതിജീവനത്തിന്റെ കരുത്തെന്ന ഓർമ്മപ്പെടുത്തലുണ്ട്. നിഷ്‌ക്രിയത ഒന്നിനും പരിഹാരമാവില്ലാത്തതിനാല്‍ ‘നടക്കു നടക്കു’ എന്ന കവിതയില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കൊപ്പവും വെട്ടിവീഴ്ത്തിയ മരത്തിന്റെ ഒടുവിലത്തെ ഇലയ്‌ക്കൊപ്പം നടക്കു എന്നും, പറയുന്നതോടൊപ്പം നിന്നാല്‍ മറിഞ്ഞുവീഴുന്നതിനാല്‍ നില്‍ക്കാതെ നടക്കു എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ സമകാല ഇന്ത്യന്‍ അവസ്ഥകളെപ്പറ്റി സച്ചിദാനന്ദന്‍ നടത്തുന്ന പ്രഭാഷണങ്ങളിലെല്ലാം നിതാന്തജാഗ്രയതയുടെ ആവശ്യകത എടുത്തപറയുന്നുണ്ട്. നടക്കു നടക്കു എന്ന ഉദ്‌ബോധനത്തെ ഈ ജാഗ്രതയോട് ചേര്‍ത്തുവെയ്ക്കാവുന്നതാണ്. പ്രളയാവസാനം എന്ന കവിത ഒരു പ്രകൃതി ദുരന്തത്തെയാണ് പരാമര്‍ശിക്കുന്നതെങ്കിലും പ്രാചീനമായ അക്ഷരങ്ങളെപ്പോലെയും പര്‍വ്വതങ്ങളെപ്പോലെയും തങ്ങള്‍ അതിജീവിക്കുകതന്നെ ചെയ്യും എന്ന് പറയുന്നതോടൊപ്പം അതിലൂടെ ഉണരുന്ന പുതിയ ലോകത്തെപ്പറ്റിയും പറയുന്നുണ്ട്. ‘ഭ്രഷ്ടന്റെ പാട്ട്’ അധിനിവേശത്തിലൂടെ കടന്നുവന്ന പരിഷ്‌കൃത മനുഷ്യരുടെ ബുദ്ധിയിലൂടെ നിഷ്‌കാസിതരായ മനുഷ്യരുടെ പിന്‍തലമുറയില്‍പ്പെട്ട ഒരുവന്‍ വരുന്ന കാലത്തെ അവതരിപ്പിക്കുന്നുണ്ട്.

“കാട്ടില്‍ അതിജീവിച്ച ഞങ്ങളില്‍ നിന്ന്
ജനിച്ചുയരും ഓരോ അക്ഷരത്തിലും
ഞങ്ങളുടെ കാട്ടുമന്നവും കുലമുദ്രയും പതിഞ്ഞ
പുതിയ ഭാഷ നിറഞ്ഞൊഴുകുന്ന പുഴകളുടെ
ചടുതലയുള്ള പുതിയ പാട്ട്
പക്ഷിച്ചിറകുകളില്‍ പറക്കുന്ന പുതിയകവിത
എല്ലാ അതിര്‍ത്തികളെയും കരിച്ചുകളയുന്ന
സ്‌നേഹത്താല്‍ തിളങ്ങുന്ന പുതിയ മനുഷ്യന്‍
കുഞ്ഞുങ്ങളുടെയും പെണ്ണുങ്ങളുടെയും
കുരുതി ആവശ്യപ്പെടാത്ത പുതിയ ദൈവം”

ഇതിലെ ഓരോ വരിയും പ്രാധാന്യമര്‍ഹിക്കുന്നു. ഏക ഭാഷയും ഏക ദൈവവും ഏക ഭക്ഷണവും എന്നിങ്ങനെ ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യുകയും അങ്ങനെ ഫാസിസത്തിന്റെ ആശയങ്ങളെ ദൃഢീകരിക്കുകായും ചെയ്യുന്നവർക്കുള്ള മറുപടിയാണിത്. പാര്‍ശ്വവത്ക്കരി വത്ക്കരിക്കപ്പെട്ടവരിലൂടെയും തള്ളക്കളഞ്ഞവരിലൂടെയും ഒരു വിമോചന ഗാഥ ഉയര്‍ന്നുവരും എന്ന പ്രത്യാശ. ആ പ്രത്യാശയ്ക്കവസാനമാണ്

“വാഴുകില്ലൊരു സ്വര്‍ണ്ണ
ദണ്ഡുമെന്‍ ജനങ്ങള്‍തന്‍
നീറുമിച്ഛതന്‍ തിയിന്‍
ചൂടിതു പെരുകുമ്പോള്‍”
(വളയുന്ന ചെങ്കോല്‍)

എന്ന കവിതയിലൂടെ പങ്കുവെച്ചത്. അതുകൊണ്ട് നിതാന്തജാഗ്രതയോടെ തന്റെ ഉള്ളിലാണ് ആകാശം എന്ന് തിരിച്ചറിഞ്ഞ പക്ഷിയെപ്പോലെ ജാഗരൂകരാവാം. അതാണ് അധിനിവേശത്തിന്റെയും ഫാസിസത്തിന്റെ കരാളതകള്‍ക്കെതിരെയുള്ള അതിജീവന തന്ത്രം.

Related tags : BooksMini PrasadReadingSatchidanandan

Previous Post

അറബ് ഏകീകരണവും ഖലീല്‍ ജിബ്രാനും

Next Post

വിലാപം

Related Articles

കവർ സ്റ്റോറി

മാവോയിസ്റ്റ് പ്രസ്ഥാനം എങ്ങോട്ട്?

കവർ സ്റ്റോറി

ജലസുരക്ഷയുടെ രാഷ്ട്രീയം

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

എം. മുകുന്ദൻ: എഴുത്തിലെ നിത്യയൗവനംm mukundan

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

മറാത്ത്വാഡയിലെ ഗായകകവികൾ

കവർ സ്റ്റോറി

ദേവദാസി സമ്പ്രദായം – ചരിത്രപരവും പ്രാചീനവുമായ തുടർ വായന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. മിനിപ്രസാദ്

അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ...

ഡോ. മിനി പ്രസാദ്‌ 

ഇതിഹാസങ്ങള്‍ കാലദേശഭേദമന്യേ പുനര്‍വായനയ്ക്കും പുനരവതരണത്തിനും വിധേയമായിക്കൊണ്ടിരിക്കും. കാലോചിതമായ മാറ്റങ്ങളോടെ പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ പലപ്രധാനകഥാപാത്രങ്ങളും അപ്രധാനരാവുകയും പ്രാധാന്യം...

പ്രതിരോധം അതിജീവനം: സച്ചിദാനന്ദൻ...

ഡോ. മിനിപ്രസാദ് 

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ...

ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന...

ഡോ. മിനിപ്രസാദ് 

ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത...

യു.കെ. കുമാരൻ: മനുഷ്യരുടെ...

ഡോ. മിനിപ്രസാദ് 

പ്രപഞ്ചത്തിൽ മനുഷ്യന് പ്രമുഖമായ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന ഒരു വാചകമാണ് 'മനുഷ്യൻ ഹാ! എത്ര...

ചന്ദ്രമതിയുടെ കഥകൾ: ആകാശം...

ഡോ: മിനി പ്രസാദ് 

പുരുഷാധിപത്യപരമായൊരു മൂല്യവ്യവസ്ഥ സ്വന്തം സൗകര്യങ്ങൾക്കനുസൃതമായി നിർമ്മിച്ച ഒരു മൂല്യ വ്യവസ്ഥിതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്....

ഇ. ഹരികുമാർ: ആരവങ്ങളില്ലാത്ത...

ഡോ. മിനി പ്രസാദ് 

മലയാള ചെറുകഥാ സാഹിത്യത്തിൽ എന്നും വേറിട്ടു നിന്ന കഥാകാരനാണ് ഇ. ഹരികുമാർ. ഏതെങ്കിലും ഒരു...

പനയാൽ കഥകൾ: മൺവിളക്കുകൾ...

ഡോ: മിനി പ്രസാദ് 

കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം...

നിലയില്ലാത്ത കടലുപോലെ മനസ്സുള്ളവർ

ഡോ. മിനി പ്രസാദ് 

താൻ അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങൾ തന്നെയാണ് എഴുത്തുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടകങ്ങളും. അങ്ങനെയൊരു പശ്ചാത്തലത്തിൽ...

അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ...

ഡോ. മിനി പ്രസാദ് 

പൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച്...

ദൈവത്തിന്റെ മകൾ വെറും...

ഡോ: മിനി പ്രസാദ് 

വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ...

ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

മിനി പ്രസാദ് 

പുതിയത് എന്ന അർത്ഥമുള്ള നോവൽ എന്ന വാക്കിൽ നിന്ന് ഉരുവം കൊണ്ട ഒരു സാഹിത്യരൂപം...

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

ഡോ: മിനി പ്രസാദ്‌  

പ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ,...

പെൺകഥകളിലെ സഹഭാവങ്ങൾ

ഡോ: മിനി പ്രസാദ്‌ 

(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം,...

നാളെയുടെ നിരൂപണ വഴികള്‍

ഡോ: മിനി പ്രസാദ്‌ 

പാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും...

തല കീഴായി കെട്ടി...

ഡോ: മിനി പ്രസാദ്‌ 

മഞ്ഞമോരും ചുവന്ന മീനും നിർമല കറന്റ് ബുക്‌സ്, തൃശൂർ 2014 വില: 110 നാമോരോരുത്തരും...

കവിയുടെ അനശ്വരത; കവിതയുടേതും

ഡോ: മിനി പ്രസാദ്‌ 

സൂര്യന്റെ മരണം ഒ.എൻ.വി. ഡി.സി. ബുക്‌സ് 2015 വില: 150 പ്രജാപതി എന്ന വിശേഷണം...

അവനവനെ മാത്രം കേൾക്കുന്ന...

ഡോ: മിനി പ്രസാദ്‌ 

വിശുദ്ധ വേദപുസ്തകത്തിലെ പുതിയ നിയമഭാഗത്ത് ലേഖനങ്ങളുടെ കൂട്ടത്തിൽ യാക്കോബിന്റെ ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് നാവിനെക്കുറിച്ചുള്ള...

മാനസിയുടെ കഥകൾ: സത്യം...

ഡോ: മിനി പ്രസാദ്‌ 

എഴുത്ത്, സാഹിത്യം, രചന ഏറ്റവും സ്വതന്ത്രമായിരിക്ക ണം. സ്ര്തീകൾ എഴുതുവാനാരംഭിച്ച കാലം മുതൽ സമൂഹം...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven