• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

തുള്ളൽപ്പനിക്കാലത്തെ നീതിന്യായം

വിജു വി. നായര്‍ January 8, 2014 0

സഖാക്കളുടെ സൂചിക പൊതുവെ ഇടിഞ്ഞുനില്പാണെങ്കിലും അവരുടെ ജ്ഞാനപ്പാനയ്ക്ക് അഭൂതപൂർവ മാർക്കറ്റായിരുന്നു, പോയ കൊല്ലം – വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്. 2013 കലണ്ടർ പൊക്കിയതുതന്നെ തലേമാസം നടന്ന ദില്ലി
ബലാത്സംഗത്തിന്റെ ദേശീയ പുകിലുമായാണ്. പിള്ളേര് തെരുവിൽ, പോലീസിന് കല്ലേറ്, മാധ്യമങ്ങൾക്ക് തുള്ളൽപ്പനി. ഫാസ്റ്റ് ട്രാക്ക് വിധിക്കും മുമ്പേതന്നെ പ്രതികളെ വകവരുത്താനുള്ള ആക്രാന്തത്തിലായിരുന്നു പുകഴ്‌പെറ്റ ജനാധിപത്യം. ഈ സന്നിപാതജ്വരം ശമിപ്പിക്കാൻ കേന്ദ്രഭരണകൂടം ജ. വർമയെ പരിഹാരകർമിയാക്കുന്നു. വെറും 28 ദിവസംകൊണ്ട് ടിയാൻ ആരതിയുഴിഞ്ഞ് ഏലസുണ്ടാക്കുന്നു. കമാന്നു മിണ്ടാതെ പാർലമെന്റ് അതെടുത്ത് ദേശീയ നിയമമാക്കുന്നു. ഇനിമേൽ, പെണ്ണുങ്ങളെ അവരുടെ സമ്മതമില്ലാതൊന്നു സൂക്ഷിച്ചുനോക്കിയാൽ, ഏതവനും അകത്താകും. ടി നോട്ടത്തിൽ തന്റെ ശരീരത്തിന്റെ ‘ഇന്റഗ്രിറ്റി’ പോയെന്ന് പെണ്ണ് പറഞ്ഞാൽ മാത്രം മതി. ഏതെങ്കിലും മജിസ്‌ട്രേറ്റിന് 164-ാം വകുപ്പു പ്രകാരം ശ്രീമതി എഴുതിക്കൊടുക്കയേ വേണ്ടൂ. അതാണ് പിന്നെ കുറ്റകൃത്യത്തിനുള്ള സംശയാതീതമായ തെളിവ്!

രാജ്യത്തെ ബഹുമാന്യ ‘നോട്ട’ക്കാരെല്ലാം കൂടി ഈ നിയമത്തിന് കയ്യടിച്ചപ്പോൾ, മാധ്യമ സൊറകളിൽ വിരാജിച്ചുവന്ന പെൺപുലികൾ രോമാഞ്ചപ്പെട്ടു. പൊളിറ്റിക്കലി കറക്ടാവാൻ മത്സരിക്കുന്ന ആണെലികൾ ഹുറേ വിളിച്ചു. എന്തൊരു നീതിമത്തായ ജനായത്തമെന്ന് മാധ്യമകോമരങ്ങൾ പക്കമേളമിട്ടു. അങ്ങനെ തുള്ളൽപ്പനിക്കാരെല്ലാം കൂടി ജപിച്ചുകെട്ടിയ ഏലസിന്റെ ലിറ്റ്മസ് ടെസ്റ്റാണ് തരുൺ തേജ്പാലിന്റെയും എ.കെ. ഗാംഗുലിയുടെയുമൊക്കെ രൂപത്തിൽ ഇറങ്ങിയിരിക്കുന്നത്.

ആറേഴു ഡസൻ തൊലിപ്പുറപദങ്ങളിട്ട് കാലക്ഷേപം ചെയ്യുന്ന ഇന്ത്യനിംഗ്ലീഷ് സൗണ്ട്‌ബൈറ്റിലേക്ക് ലാസറേഷൻ, റെക്യൂസ് ഇത്യാദി കാതലുള്ള ചില പ്രയോഗങ്ങൾ സംഭാവന ചെയ്തു എന്നല്ലാതെ തേജ്പാലിന് സാധാരണ വ്യവഹാര പ്രതികൾക്കുള്ള
സംശയത്തിന്റെ ആനുകൂല്യം പോലും കിട്ടിയില്ല. കാരണം, പുതിയ ‘വേദപുസ്തക’പ്രകാരം പ്രതിക്ക് പറയാനുള്ളത് കേൾക്കേണ്ട കാര്യമേയില്ല. പെണ്ണ് പറയും, പോലീസ് പിടിക്കും, മാധ്യമങ്ങൾ വിസ്തരിക്കും, ജഡ്ജി ശിക്ഷിക്കും. അഴിയെണ്ണുക എന്ന
നിയുക്ത കർമം മാത്രം പ്രതി അനുഷ്ഠിച്ചാൽ മതി. മറുത്തു വല്ലതും പറഞ്ഞാൽ, അഖിലലോക ഫെമിനിസ്റ്റുകളും അവരുടെ വാലുമാക്രികളായ ചാനൽജന്തുക്കളും കലിതുള്ളും. ജനം വാപൊത്തും – പൊളിറ്റിക്കലി കറക്ടാവണ്ടേ?

അതുതന്നെയാണ് നീതിന്യായ വ്യവസ്ഥിതി നേരിടുന്ന ചോദ്യവും. നാടിന്റെ ‘രാഷ്ട്രീയ ശരി’കൾക്ക് ഒപ്പിച്ചു തുള്ളാനുള്ളതാണോ ആധുനിക ജൂറിസ്പ്രുഡൻസ്?. എങ്കിൽ സ്വവർഗരതിക്കാരുടെ കേസുകെട്ടിൽ സുപ്രീംകോടതിവിധിക്കെതിരെ ന്യായം പറയാൻ ആർക്കുണ്ടവകാശം? കാരണം, ടി വിധി നാട്ടിലെ ഭൂരിപക്ഷമനോഭാവത്തിന് ചേരുംപടി ചേരുന്നതാണ്. അതേസമയം, നീതിന്യായയുക്തിക്ക് കടകവിരുദ്ധവും.

പ്രശ്‌നം, നിയമത്തെക്കുറിച്ചുള്ള സങ്കല്പമാണ്. നിയമം ഒരിക്കലും നീതിയല്ല. നീതിയിലേക്ക് വ്യവഹാരത്തെ നയിക്കാനുള്ള ഉപകരണം മാത്രമാണ്. നീതിന്യായ വ്യവഹാരം ഒരു ദോശയുണ്ടാക്കലാണെങ്കിൽ, നിയമത്തിന്റെ റോൾ ചട്ടുകം എന്ന നിലയിലാണ്. ദോശ ചുട്ടെടുക്കാൻ പര്യാപ്തമല്ലെങ്കിൽ ചട്ടുകം മാറും/മാറ്റും. അതാണല്ലോ നിയമഭേദഗതി. നിയമമല്ലാതെ നീതി ആരും അമൻഡ് ചെയ്യാറില്ല. കേവലമായ ഉപകരണപ്രസക്തി മാത്രമുള്ള നിയമം, നീതിയുടെ വഴിക്കല്ല വ്യവഹാരത്തെ നയിക്കുന്നതെങ്കിൽ അത് ലംഘിക്കപ്പെടാനുള്ളതാണ്. നിയമലംഘനം എന്നു കേട്ടാൽ കാതുപൊത്തുന്ന പൊതുജനം ഊളന്മാരാകുന്നത് ഈ പോയിന്റിലാണ്. ഭരണകൂടം തൊട്ട് കോടതിയും മാധ്യമങ്ങളും വരെ പൗരാവലിയെ വിരട്ടിപ്പിരട്ടി ഊള്മാരാക്കി നിർത്തുന്നതും ഇവിടെത്തന്നെ. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഉപ്പുവാറ്റുനിയമം
ലംഘിക്കാൻ ഇന്ത്യക്കാരോട് ഗാന്ധി ആവശ്യപ്പെട്ടത് ടി നിയമം നീതിവിരുദ്ധമായിരുന്നതുകൊണ്ടാണ്. ഉപ്പുസത്യഗ്രഹം എന്ന പച്ചയായ നിയമലംഘനമില്ലായിരുന്നെങ്കിൽ അടിസ്ഥാനപരമായ ഒരവശ്യവസ്തുവിന്മേൽ രാജ്യത്ത് നീതിയുണ്ടാകുമായിരുന്നില്ല. ഇത്തരത്തിൽ മാത്രമാണ് ഏത് നിയമത്തിന്റെയും പ്രസക്തിയും ദൂഷ്യവും. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവി പമ്പര വിഡ്ഢിത്തമാകുന്നത് ഇവിടെയാണ്.

വിഡ്ഢിത്തം അപായകരമായ നടപടിയാവുക, ഈ വഴിക്ക് നിയമം കയറി മനുഷ്യജീവിതങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുമ്പോഴാണ്. മികച്ച ഉദാഹരണം അബ്ദുന്നാസിർ മഅദനി. ടിയാനെ കുടുക്കിയിടാൻ രഹസ്യപ്പോലീസും ഭരണകൂടവും ‘നിയമം നിയമത്തിന്റെ വഴിയേ’ എന്ന അടവിറക്കിയപ്പോൾ നീതി കാശിക്കുപോയി, മഅദനി സ്ഥിരം അഴിക്കുള്ളിലുമായി.

ഏതു നിയമവും നിർമിക്കപ്പെടുന്ന സന്ദർഭ പരിസരമാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ഘടകം. നീതിയിലേക്കു നയിക്കാനുള്ള ഉപകരണമാണ് നിർമിക്കുന്നതെങ്കിൽ, നീതിയെക്കുറിച്ച് വിപുല ചിന്തയാവണം അതിന്റെ കാൻവാസ്. വികാരം, ആവേശം, സ്പർധ, ക്ഷോഭതാപം, ഫോട്ടോസ്റ്റാറ്റെടുപ്പ് ഇത്യാദി ഞരമ്പുദീനങ്ങളാവരുത് അടിസ്ഥാന ചേതോവികാരം. ദോശ ചുടാനുള്ള ചട്ടുകം, പിക്-ആക്‌സോ പീരങ്കിയോ ആയാൽ ദോശ ഏത് പരുവത്തിലാവുമെന്ന് പറയേണ്ടല്ലോ. മൂശയാണ് മർമം.

ദില്ലിയിൽ ഒരു പെൺകുട്ടി പട്ടാപ്പകൽ ബലാത്സംഗത്തിനിരയായപ്പോൾ രാജ്യം നടുങ്ങി.
നടുക്കം പിന്നെ കൊലവിളിയായി. ഇത്തരമൊരു പൊതുവികാരത്തിൽനിന്നാണ് ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള പുതിയ നിയമം ഉണ്ടാവുന്നത്. എന്നുവച്ചാൽ, നാട്ടുകാരുടെ വികാരാവേശമാണ് ഈ നിയമത്തിന്റെ മൂശ. വികാരം മൂത്താൽ വിവേകമാണ് പ്രഥമ കാഷ്വാലിറ്റി. ബലാത്സംഗം ചെയ്ത കഥാപാത്രങ്ങൾക്ക് വികാരഭ്രാന്ത് പിടിച്ച മാതിരി നാട്ടുകാർക്കും കൊലവെറിയിളകി. ഇത്തരമൊരു ഉന്മത്തതയിൽ നിന്നുണ്ടാകുന്ന നിയമം സ്വാഭാവികമായും നീതിയുക്തികളെ കടലിലെറിയും. ചട്ടുകം കയറി പീരങ്കിയായി. കാലാകാലങ്ങളായി പെണ്ണുങ്ങൾക്കെതിരെ ഇവിടെ അക്രമം നടക്കുന്നു, അതുകൊണ്ട് പെൺപക്ഷ നിയമം അനിവാര്യമാണ് എന്നൊക്കെയാണ് ഈ പീരങ്കിനിർമാണത്തിന്റെ യുക്തി.

എങ്കിൽ രണ്ടു ചെറിയ കണക്കുകൾ. ഒന്ന്, ടി നിയമം ഉണ്ടാവുന്നതിനു തൊട്ടുമുൻപ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബലാത്സംഗകേസുകൾ 894. നിയമം വന്നശേഷമുള്ള 9 മാസത്തിൽ സംഗതി 1682. ആണുങ്ങളുടെ പത്രപാരായണക്കുറവു കൊണ്ട് പുതിയ ഇണ്ടാസിനെപ്പറ്റി അറിഞ്ഞുവരുന്നതേയുള്ളൂ എന്നു കരുതാം. രണ്ടാമത്തെ വൃത്താന്തം മതനിയമങ്ങൾ കിരീടം വയ്ക്കുന്ന ദേശങ്ങളിൽനിന്നാണ്. കട്ടാൽ കൈ വെട്ടുക, കൊന്നാൽ തല വെട്ടുക ഇത്യാദി മേജർ സെറ്റ് കലാപരിപാടികളുള്ള രാജ്യങ്ങൾ. ഗൾഫിലും ചൈനയിലും തലവെട്ടു കല എത്രയോ കൊല്ലമായി അഭംഗുരം നടന്നുവരുന്നു. കഴിഞ്ഞ പത്തു കൊല്ലത്തിൽ സൗദി അറേബ്യയിൽ സംഗതി അതിനു മുമ്പുള്ള കാൽ നൂറ്റാണ്ടിലെ മൊത്തം വെട്ടിന്റെ മൂന്നിരട്ടിയായി. ചൈനയിൽ ഇതേ കാലയളവിൽ ഇരട്ടിയും. കൊടിവച്ച കരിനിയമങ്ങൾ ഒരു കുറ്റകൃത്യത്തിനും ഫലപ്രദമായ പ്രതിരോധം ആകുന്നില്ലെന്നു മാത്രമല്ല ഇവിടെ വ്യക്തമാകുന്നത്. ജുഡീഷ്യൽ വ്യവസ്ഥിതിക്ക് കാതലായി വേണ്ട നിരപേക്ഷ നീതിന്യായത്തിന് കത്തിവയ്ക്കുന്ന കോമാളിത്തമായി പരിണമിക്കുന്നു എന്നുകൂടിയാണ്.

ഇന്ത്യയിൽതന്നെ സമീപകാലത്തുണ്ടായ മറ്റു രണ്ടു കരിനിയമങ്ങളെടുക്കുക. അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (യുഎപിഎ), ഇൻഫർമേഷൻ ടെക്‌നോളജി (അമൻഡ്‌മെന്റ്) ആക്ട് – 2008. മുംബയ് 22/7 ഭീകരാക്രമണത്തിൽ ദേശീയ ക്ഷോഭം മുറ്റിനിൽക്കെയാണ് മൻമോഹൻസിംഗ് സർക്കാർ യുഎപിഎ കൊണ്ടുവരുന്നത്. പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് മുരടനക്കിയ ഇടതുപക്ഷത്തെ ‘രാജ്യദ്രോഹ’ത്തിന്റെ മയക്കുവെടി വച്ചാണ് തൽക്ഷണം നിശബ്ദരാക്കിയത്. വെറും 10 മിനിറ്റിൽ പാർലമെന്റിൽ നിയമം പാസാക്കിയെടുക്കുകയും ചെയ്തു. ഐ.ടി. ചട്ടഭേദഗതിയും ഇതേ രാജ്യരക്ഷാ വെടി വച്ചാണ് ചർച്ച കൂടാതെ പാസാക്കിയെടുത്തത്. ഫലമോ? എസ്.ഐ. റാങ്കിലുള്ള ഒരു പോലീസുകാരന് തോന്നിയാൽ മതി, ആരെയും ഭീകരനാക്കാം. ഒരു കോടതിയുടെയും അനുമതിയോ അറിവോ കൂടാതെ 120 ദിവസം കസ്റ്റഡിയിൽ വയ്ക്കാം. വലിയ സംഭവങ്ങളൊന്നും വേണ്ട. നിങ്ങൾ ഒരു ചങ്ങാതിക്ക് ഏതെങ്കിലുമൊരു പ്രശസ്ത പുംഗവനെപ്പറ്റി ഒരു എസ്എംഎസ് ഫലിതമയച്ചാൽ മതി – സംഗതി ടി പുംഗവന് അപകീർത്തികരമെന്ന് ഏതെങ്കിലും പോലീസുകാരന് തോന്നിയാൽ മാത്രം പോതും, അറസ്റ്റിന്. ഇത് ഇപ്പറഞ്ഞ കരാളനിയമങ്ങളുടെ തൊലിപ്പുറം മാത്രം. ഇന്ന് എത്രയോ പൗരന്മാർ ഈ ‘നിയമ’ങ്ങളുടെ
നിശബ്ദ ഇരകളായി അഴിയെണ്ണിക്കിടക്കുന്നു.

പൗരരക്ഷയ്ക്ക് ഒരു നിയമമുണ്ടാക്കുമ്പോൾ, അതിന്റെ പരിണതഫലം ഏതൊക്കെ വിപത്തിലാകാം എന്ന മുൻകൂർ പര്യാലോചനയാണ് നിയമനിർമാണത്തിന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്ന്. അത്തരമൊരു ആലോചനയുടെ അടിസ്ഥാനംതന്നെ
നൈതിക സമചിത്തതയാണ്. വൈകാരിക പ്രമത്തതയുടെ നേരത്ത് തട്ടിക്കൂട്ടു ഉരുപ്പടിക്ക് നിയമം എന്ന ലേബലൊട്ടിച്ചതുകൊണ്ട് സംഗതി നീതിയിലേക്ക് സമൂഹത്തെ നയിക്കില്ലെന്നറിയാൻ സാമാന്യബോധം മതി. പ്രശ്‌നം, വികാരവിശ്വംഭരന്മാർക്കിടയിൽ സാമാന്യബോധം അത്രകണ്ട് സാമാന്യമല്ലെന്നതാണ്. അതുകൊണ്ടുതന്നെ, ഇന്ത്യൻ നീതിന്യായ വിചിന്തനം കലശലായ വിരോധാഭാസ ഘട്ടത്തിലൂടെ കടന്നുപോവുന്നു.

മികച്ച ഉദാഹരണം സ്വവർഗരതി കേസുകെട്ടിലെ സുപ്രീംകോടതിവിധി. ഇന്ത്യൻ ശിക്ഷാനിയമം 377-ാം വകുപ്പിൽ നിന്ന് സ്വവർഗരതിക്കാർക്ക് പരിരക്ഷ നൽകിക്കൊണ്ട് ഈ ന്യൂനപക്ഷ രതിക്കാരുടെ ഭരണഘടനാപരമായ അവകാശം അനുവദിക്കുകയാണ് 2009-ൽ ദില്ലി ഹൈക്കോടതി ചെയ്തത്. ഭൂരിപക്ഷത്തിന്റെ രതിരീതികൾക്ക് വ്യത്യസ്തമായ ഒന്ന് കയ്യാളുന്നു എന്നതിന്റെ പേരിൽ പൗരാവലിയിലെ ഒരു വിഭാഗത്തിന് മൗലികാവകാശങ്ങൾ നിഷേധിക്കാമോ എന്നതാണ് ഈ കേസിലെ അടിസ്ഥാന ചോദ്യം. ഒന്നര നൂറ്റാണ്ടു മുമ്പ് മക്കാളെ പ്രഭു ഈ ചോദ്യത്തിനു നൽകിയ ഉത്തരമാണ് ഐപിസി 377. ഭൂരിപക്ഷ രതിജീവിതത്തിന് നിരക്കാത്തതൊക്കെ നിയമവിരുദ്ധം എന്ന് ടിയാൻ കല്പിച്ചത് രണ്ടു കാരണങ്ങളാലാണ്. ഒന്ന്, അങ്ങോരീ നിയമവ്യവസ്ഥയുണ്ടാക്കിയത് അക്കാലത്തെ ബ്രിട്ടീഷ് നിയമവ്യവസ്ഥയിൽ നിന്ന് വായ്പയെടുത്താണ്. ഈ സ്രോതസാകട്ടെ, ക്രിസ്തീയസഭാനിയമങ്ങളുടെ ആധിപത്യത്തിലുള്ള ഉരുപ്പടി. ദൈവം സോദോമിൽ കല്ലുമഴ പെയ്യിച്ചു എന്നു തുടങ്ങി സ്വവർഗരതിക്കെതിരെ പീരങ്കിയുതിർക്കുന്ന ചരിത്രമാണ് സെമിറ്റിക് മതങ്ങൾക്ക്. ഭൂരിപക്ഷം പോറ്റുന്ന ഭിന്നവർഗരതിയല്ലാത്ത എന്തും ‘പ്രകൃതിവിരുദ്ധം’ എന്ന ലേബലൊട്ടിച്ചാണ് ഈ മതങ്ങൾ ആക്രമിക്കുന്നത്. കാമസൂത്രം തൊട്ട് താന്ത്രിക് കൾട്ട് വരെ സ്വവർഗരതിയെ സാധാരണ രതിരീതികളിലൊന്നായി മാത്രം കണ്ടുപോന്ന ഇന്ത്യൻ സംസ്‌കാരത്തിന് ഇത് തികച്ചും അന്യമായ ഒരു ഇറക്കുമതിയായിരുന്നു – കോളനിവാഴ്ചയിലുണ്ടായ മറ്റു പല ഇറക്കുമതിയും പോലെ. രണ്ട്, പ്രകൃതി വിരുദ്ധമേത് പ്രകൃതിസഹജമേത് എന്നതിന്മേൽ വ്യക്തമായ ഒരു യുക്തിവിചാരം മക്കാളെയ്ക്കുണ്ടായിരുന്നില്ല. അതിന് ടിയാനെ പര്യാപ്തനാക്കാൻ പോന്ന ശാസ്ര്തവികാസം അക്കാലത്തുണ്ടായിരുന്നുമില്ല. അങ്ങനെ, പ്രകൃതിവിരുദ്ധം എന്ന് മതങ്ങൾ കല്പിച്ച പോയിന്റ് വച്ച് നാട്ടിലെ നിയമവ്യവസ്ഥയിൽ 377 എന്ന ശിക്ഷാവിധി തിരുകി. ഉഭയസമ്മതപ്രകാരം രണ്ടു മുതിർന്ന വ്യക്തികൾ ഏർപ്പെടുന്ന ബന്ധമേതും തീർത്തും സ്വകാര്യമാണെന്നും അതിന്മേൽ കയറി അഭിപ്രായം പറയാനുള്ള അവകാശം മറ്റുള്ളവർക്കില്ലെന്നുമുള്ള കേവലമര്യാദപോലും ഇന്ത്യൻ ജുഡീഷ്യറി അവലംബിച്ചില്ല. കോളനിയുടെ ഒസ്യത്ത് വായ്പയെടുത്തതിന്റെ ചേതം.

പച്ചയായ ഈ നീതിന്യായ വിരുദ്ധതയെ സ്വവർഗരതിക്കാർ ചോദ്യം ചെയ്തത് 2001-ലാണ്. നാസ് ഫൗണ്ടേഷൻ കൊടുത്ത കേസിനോട് ദില്ലി ഹൈക്കോടതി വാസ്തവത്തിൽ ആദ്യം തന്നെ മുഖം തിരിച്ചതാണ്. തള്ളിയ ഹർജി വീണ്ടുമെടുപ്പിച്ചത് സുപ്രീം കോടതി മുഖേന. അപ്പോഴും കേന്ദ്രസർക്കാർ ഇരട്ടത്താപ്പെടുത്തു. ആഭ്യന്തരവകുപ്പും ആരോഗ്യവകുപ്പും പരസ്പരവിരുദ്ധമായ മൊഴികൾ കൊടുത്തു. സഹികെട്ട കോടതി, മതാനുസാരിയായ സദാചാരസങ്കല്പങ്ങളല്ല, ശാസ്ര്തീയ റിപ്പോർട്ടാണ് വേണ്ടതെന്ന് പറഞ്ഞതോടെ സർക്കാരിന്റെ ഒളിച്ചുകളി നിലച്ചു. സ്വവർഗരതിയെ എതിർക്കാൻ ശാസ്ര്തീയമായി നിവൃത്തിയില്ല. അങ്ങനെയാണ് 377ന്റെ സാംഗത്യം ഹൈക്കോടതി റദ്ദാക്കിയത്.

ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോയ വിദ്വാന്മാർ ആരെന്നു നോക്കുക – ദില്ലിയിലെ ഒരു ജ്യോത്സ്യനും ഒരുപറ്റം മതസംഘടനകളും. എന്നുവച്ചാൽ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികൾ, അഥവാ പാരമ്പര്യവാദികൾ.

പരമോന്നത കോടതി കാണിച്ച ഊളത്തരങ്ങൾ മുഖ്യമായും രണ്ടാണ്. ഒന്ന്, വിഷയം ഭരണഘടനാപരമായ നിലയ്ക്ക് കേസ് കേൾക്കേണ്ടത് ഭരണഘടനാബഞ്ചാണ്. അവിടേക്ക് വിട്ടില്ല. രണ്ട്, ‘പ്രകൃതിവിരുദ്ധം’ എന്ന മർമം പഠിക്കാൻ തുനിഞ്ഞില്ല. പകരം പാടിപ്പാടി തഴമ്പിച്ച പ്രകൃതിവിരുദ്ധ ഘടകത്തെ അപ്പാടെയങ്ങ് സ്വീകരിച്ചു. മക്കാളെയുടെ കാലത്തല്ല സുപ്രീംകോടതി നിൽക്കുന്നത്. പ്രകൃതിവിരുദ്ധം എന്തെന്നു നിശ്ചയിക്കാൻ ശാസ്ര്തത്തിന്റെ സഹായഹസ്തം മുന്നിലുണ്ട്.

ജീവശാസ്ര്തത്തിന്റെ എഞ്ചുവടി മറിച്ചുനോ ക്കണമെന്നു മാത്രം. മനുഷ്യന്റെ അടിസ്ഥാന ജനിതക വസ്തുക്കൾ 45 ക്രോമസോമുകളാണ്. ഇതിൽ 23 എണ്ണം അച്ഛനിൽനിന്നും 23 അമ്മയിൽനിന്നും വരുന്നു. അമ്മയിൽ നിന്നുള്ള 23-ാം ക്രോമസോമാണ് ‘എക്‌സ്’. അച്ഛനിൽനിന്നുള്ള 23-ാമത്തേത് ‘വൈ’. അച്ഛനിൽനിന്നുള്ള 23-ാം ക്രോമസോമിനെ ആശ്രയിച്ചാണ് ജനിക്കുന്ന കുട്ടിയുടെ ലിംഗനിർണയം. അതായത് അച്ഛനിൽനിന്നുള്ള 23-ാം ക്രോമസോം ‘എക്‌സ്’ ആയാൽ അതിൽനിന്നുള്ള ‘എക്‌സ്’ അടക്കം സംഗതി ‘എക്‌സ് എക്‌സ്’ ആകുന്നു – പെൺകുട്ടി. അച്ഛനിൽനിന്നുള്ളത് ‘വൈ’ എങ്കിൽ ‘എക്‌സ് വൈ’, സന്താനം – ആൺകുട്ടി. ശ്രദ്ധേയമായ വസ്തുത, മനുഷ്യശരീരവും തലച്ചോറും പരുവപ്പെടുന്ന അടിസ്ഥാന മൂശ സ്രൈ്തണമാണെന്നതാണ്. ഗർഭമുണ്ടായി ആറാഴ്ച വരെ ഏത് മനുഷ്യജീവിയും പെണ്ണുതന്നെ. പിന്നീട് ലഭിക്കുന്ന ഹോർമോണുകളുടെ തോതനുസരിച്ചാണ് ലിംഗവ്യതിയാനം സംഭവിക്കുക. ആറാഴ്ച കഴിയുമ്പോൾ ഗർഭം ‘എക്‌സ് വൈ’ മിശ്രിതമാണെങ്കിൽ, പുരുഷഹോർമോണുകളുടെ ഒരു വൻഗഡു കിട്ടുന്നു. ഇവ വൃഷണങ്ങളുണ്ടാക്കുന്നു. രണ്ടാംഗഡു വന്ന് ഗർഭമസ്തിഷ്‌കത്തെ പുരുഷപ്പരുവത്തിലേക്ക് മാറ്റുന്നു. ഇപ്പറഞ്ഞ പുരുഷഹോർമോൺ ഇത്തരത്തിൽ മാറ്റമുണ്ടാക്കാൻ വേണ്ടത്ര കിട്ടുന്നില്ലെങ്കിലോ? രണ്ടുതരത്തിൽ കാര്യങ്ങൾ നീങ്ങാം. ഒന്നുകിൽ സ്രൈ്തണഭാവം കൂടുതലുള്ള ഒരാൺകുട്ടി പിറക്കാം. കൗമാരത്തോടെ അവൻ ഗേയാകുന്നു. അല്ലെങ്കിൽ, പുരുഷലൈംഗികാവയവങ്ങളും പെൺമസ്തിഷ്‌കവുമുള്ളൊരു കുട്ടി. ഇതാണ് ട്രാൻസ്ജൻഡറാവുക. ഇനി, ഗർഭം ജനിതകമായി പെണ്ണിന്റേതും (എക്‌സ് എക്‌സ്) തലച്ചോറ് പുരുഷഹോർമോണുകളാൽ
പരുവപ്പെട്ടതുമെങ്കിൽ ആൺമസ്തിഷ്‌കമുള്ളൊരു പെൺ ശരീരമാവും ഫലം. ഇതാണ് ലെസ്ബിയൻ. ചുരുക്കത്തിൽ സ്വവർഗരതി പാടേ ജനിതകവും പ്രകൃതിദത്തവുമാണെന്നു മാത്രമല്ല, അത് സാമൂഹികശീലങ്ങളോ സമ്മർദമോ ഒന്നും വഴി മാറ്റാവുന്നതല്ല. യോഗാഭ്യാസം കൊണ്ട് സ്വവർഗരതിക്കാരെ മാറ്റിത്തരാമെന്നു
പറയുന്ന ബാബാ രാംദേവിനെ പോലുള്ള ശ്വാസക്കച്ചോടക്കാരുടെ സൂക്കേടും പ്രകൃതിസഹജമായ രതിയും തമ്മിൽ ബന്ധമൊന്നുമില്ല. വാസ്തവത്തിൽ മനുഷ്യൻ പൊതുവെ പറയുമ്പോലെ രണ്ടു ജാതിയല്ല. ആൺ, പെൺ, ഗേ, ലെസ്ബിയൻ, ട്രാൻസ്ജൻ
ഡർ എന്നിങ്ങനെ പല ജാതികളാണ്.

ഇവിടെ അടിസ്ഥാന പ്രശ്‌നം മതങ്ങളോ സംസ്‌കാരമോ സദാചാരമോ അല്ല. സ്റ്റേറ്റും പൗരന്റെ മൗലികാവകാശങ്ങളുമാണ്. ഭൂരിപക്ഷജനതയുടെ ലൈംഗികാഭിമുഖ്യമല്ല ഒരാൾ പുലർത്തുന്നത് എന്നതുകൊണ്ടുമാത്രം അയാളുടെ മൗലികാവകാശങ്ങൾ നിഷേധിക്കാമോ? ഭൂരിപക്ഷമാണോ പ്രകൃതിവിരുദ്ധത തീരുമാനിക്കേണ്ടത്? എങ്കിൽപ്പിന്നെ ശാസ്ര്തവും ശാസ്ര്തീയതയുമൊക്കെ എന്തിനുള്ളതാണ്? ഭൂരിപക്ഷ കല്പനയാണ് സമൂഹത്തിന്റെ അംഗീകൃത വ്യവസ്ഥയെങ്കിൽ ന്യൂനപക്ഷങ്ങൾക്കും തുല്യാവകാശം നൽകുന്ന ഭരണഘടന ചുമക്കുന്നതെന്തിന്? അടിസ്ഥാനപരമായ ഈ ചോദ്യങ്ങളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. അത് അങ്ങനെ തിരിച്ചറിയാനുള്ള വിവേകമാണ് നീതിപീഠത്തിൽ ഇരിക്കുന്നവർക്കു വേണ്ടത്. അല്ലാതെ നാട്ടുനടപ്പും പൊതുതാൽപര്യവും അനുസരിച്ച് ചായക്കട സൊറ നടത്താനാണെങ്കിൽ ആധുനിക ജൂറിസ്പ്രുഡൻസ് ആവശ്യമില്ല. സ്വവർഗരതിക്കേസ് കൈകാര്യം ചെയ്ത സുപ്രീംകോടതി ബഞ്ചിന് ഇല്ലാതെ പോയത് കാതലായ ഈ നീതിന്യായ വിവേകമാണ്. ഇതാണ് വികാര വിശ്വംഭരന്മാരുടെ കേസിൽ പെട്ടുപോയാലുള്ള ആപത്ത്. ഇതേ അപായകരമായ ഊളത്തരമാണ് ബലാത്സംഗക്കേസിലെ പുതിയ നിയമക്രമം നമ്മുടെ ജുഡീഷ്യറിക്കും പൊതു നീതിന്യായ വിവേകത്തിനും സമ്മാനിച്ചിരിക്കുന്നത്.

ഒരു വഴിക്ക് സാമ്പ്രദായിക മൂശകൾ മാറ്റി പുരോഗമനപരമാകാനുള്ള ചരിത്രസന്ദർഭങ്ങൾ വരുന്നു. അവയേറ്റുവാങ്ങി വിവേകത്തോടെ മുന്നേറും എന്നു കരുതുമ്പോൾതന്നെ നേരവിപരീതനടപടിക്രമം അവലംബിക്കും. സ്ര്തീകൾക്കെതിരായ അക്രമങ്ങൾ പൊതുമന:സാക്ഷിയുടെ ഫോക്കസിലാക്കാൻ ദില്ലി ബലാത്സംഗം ഉതകി. തുടർന്ന് പക്ഷേ അരങ്ങേറിയത് നീതിന്യായ വിവേകത്തിന്മേലുള്ള കൂട്ടബലാത്സംഗം. രതിവ്യത്യസ്തതയെ മൗലികാവകാശമാക്കുന്ന ഹൈക്കോടതിവിധി വിവേകഛായ പരത്തി. പിന്നാലെ ദാ വരുന്നു സംഗതി ക്രിമിനൽക്കുറ്റമാക്കുന്ന മേൽക്കോടതിവിധി.

ഒരു സമൂഹമെന്ന നിലയിൽ ഇന്ത്യ വൈരുദ്ധ്യാത്മകതയുടെ ലാക്ഷണിക പ്രത്യക്ഷമായി മാറിയ കാഴ്ച തന്ന് 2013 പോയി. ഇനി തെരഞ്ഞെടുപ്പു വർഷം. സ്വാഭാവികമായും പ്രതീക്ഷിക്കാം, വിരോധാഭാസങ്ങളുടെ അയ്യരുകളി – വികാരവിശ്വംഭരന്മാരും സൈബർ തുള്ളൽക്കാരും ചാനലുകളിലെ ചിലയ്ക്കുംതലകളും പൊളിറ്റിക്കലി കറക്ടാവാൻ മത്സരിക്കുന്ന സുന്ദരവിഡ്ഢി
കളും അവധിയെടുക്കുന്ന പ്രശ്‌നമില്ലല്ലോ.

Related tags : Viju V Nair

Previous Post

പിടച്ചിലിനു തൊട്ടുമുമ്പ്

Next Post

കായ്ച്ച പടി

Related Articles

ലേഖനം

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ് പോര്

ലേഖനം

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

ലേഖനം

പുനത്തിലുമൊത്തൊരു പാതിരാക്കാലം

ലേഖനം

ഓഖികാലത്തെ വർഗശത്രു

ലേഖനം

മല്ലു വിലാസം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വിജു വി. നായര്‍

മഷിമുനയിലെ ബ്ളാക്ക് ഹോൾ

വിജു വി നായർ 

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്,...

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട...

വിജു വി. നായര്‍ 

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും...

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിജു വി. നായര്‍ 

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു...

നഗ്നൻ മാത്രമല്ല രാജാവ്...

വിജു വി. നായര്‍ 

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം?...

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ...

വിജു വി. നായര്‍ 

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും,...

ഭരണകൂട തരവഴിക്ക് കാവൽ...

വിജു വി. നായര്‍ 

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ്...

നവോത്ഥാനം 2.0

വിജു വി. നായര്‍ 

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ...

എക്കോ-ചേംബർ ജേണലിസം

വിജു വി. നായര്‍ 

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള...

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

വിജു വി. നായര്‍ 

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട - ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം...

ചെങ്ങന്നൂർ വിധി

വിജു വി. നായര്‍ 

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു...

ഓഖികാലത്തെ വർഗശത്രു

വിജു വി. നായര്‍ 

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്....

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ്...

വിജു വി. നായര്‍ 

ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും....

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായര്‍ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

കോമാളികൾ ഹൈജാക്ക് ചെയ്ത...

വിജു വി. നായര്‍ 

ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ്...

നുണയുടെ സ്വർഗരാജ്യത്ത്

വിജു വി. നായര്‍ 

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ...

കാക്കയ്ക്ക്, പശു എഴുതുന്നത്..

വിജു വി. നായര്‍ 

പ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ...

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായർ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

രാഷ്ട്രീയ പരിണാമത്തിന് ഒരു...

വിജു വി. നായര്‍ 

അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക്...

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

വിജു വി. നായര്‍ 

ഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ ഉഷാറായി. കുറേക്കാലമായി അഫ്‌സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ...

മല്ലു വിലാസം ആര്‍ട്‌സ്...

വിജു വി. നായര്‍ 

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം...

ഒരു കൊച്ചു വാക്കിന്റെ...

വിജു വി. നായര്‍ 

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍,...

ബാറും കാശും പിന്നെ...

വിജു വി. നായര്‍ 

ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്‌സിസ്റ്റു പാർട്ടി യുടെ ആൾബലത്തോട്...

പിന്നിൽ മുളച്ച പേരാലിന്റെ...

വിജു വി. നായര്‍ 

അമാവാസിക്ക് ഞാഞ്ഞൂലിനും സട വിരിയും, വിഷം വയ്ക്കും എന്നു കേട്ടിട്ടുണ്ട്. ആയതിന് ജനറ്റിക് സയൻസിന്റെ...

Viju V. Nair

വിജു വി. നായര്‍ 

കാക്ക മലന്നും പറക്കും

വിജു വി. നായര്‍ 

മുഖമറിയാൻ കണ്ണാടി നോക്കണമെന്നു പറയാറുണ്ട്. നോക്കു ന്നത് മുഖത്തിന്റെ ഉടമയായതിനാൽ പക്ഷപാതപരമായിരിക്കും കാഴ്ചയെന്നുറപ്പല്ലേ? അതുകൊണ്ടാണ്...

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

വിജു വി. നായർ 

ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ 'ദൈവ ത്തിന്റെ സ്വന്തം നാട്ടി'ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ ടിയാനുമില്ലേ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven