നിശബ്ദതയിലേക്ക് പെയ്തു വീഴുന്ന മഴയുടെ ഒച്ചയായിരുന്നു രാത്രിയ്ക്ക്..മുറിഞ്ഞു പോയ ഉറക്കത്തുണ്ടുകളെ ചേർത്തുവയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ മഴയുടെ പശ്ചാത്തലശ്രുതിയുള്ള രാത്രി എന്നെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു. മഴയോടുള്ള പ്രണയം തീർന്നുപോയ ഓർമകളുടെ ഭീതി ഇപ്പോഴും ബാക്കിയാണ്. പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന ഹിംസയുടെ പാഠങ്ങളിൽ നിന്ന് ഇനിയും തിരിച്ചറിവ് നേടാതെ പോകുന്ന അസ്വസ്ഥതയിൽ മനസ് പിടയും. എങ്കിലും മഴ സമ്മാനിക്കുന്ന സുഖവും ആഹ്‌ളാദവും ഒന്ന് വേറെ തന്നെ.
മഴയോട് ചേർന്ന ജീവിതവും ഉർവരമായ മണ്ണിൻ്റെ സമൃദ്ധിയും ചേർന്ന അനാർഭാട സുന്ദരമായ കേരളീയ ജീവിതത്തിന് ഇന്ന് മാറ്റം വന്നിരിക്കുന്നു .വേനൽ കഴിഞ്ഞ് മഴയ്ക്കായി കാത്തിരുന്നവർ മഴയുടെ ഭൂതകാല സ്മൃതിചിത്രങ്ങളെ ഉള്ളിൽ പേറുന്നവരായിരിക്കും..
പ്രകൃതിയുടെ വിലാസ ഭാവങ്ങൾ മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളെ തൊടും. ഉള്ളിൽ നിറയുന്ന സ്വപ്നാത്മകതയോടൊപ്പം മഴക്കാല ജീവിതങ്ങളുടെ സ്മൃതികൾക്ക് കൂട്ട് വന്നിരുന്നവയാണ് പണ്ട് കേട്ട സിനിമ പാട്ടുകൾ
“ആതിര പൂവണിയാൻ
ആത്മ സഖി എന്തേ വൈകി
തുഷാരവൈഡൂര്യമായി
പൂവുകൾ തൻ രോമാഞ്ചം
മലർ ദീപമാല മനസാകെ…”

സലിൽ ചൗധരിയുടെ ഈണങ്ങളോട് എനിക്ക് വല്ലാത്ത ഭ്രമമാണ്. കേരളത്തിൻ്റെ തനത് ഈണത്തോട് അത്രയൊന്നും ഇണക്കമില്ലാത്തതെങ്കിലും സലിൽദായുടെ ഓരോ ഈണങ്ങളും എന്നെ മോഹിപ്പിക്കുന്നു. ഒരു നിത്യവിരഹിണിയുടെ ചിരസ്ഥായിയായ ഭാവങ്ങളോട് ചേർന്ന് നിൽക്കാൻ കഴിയുന്ന തരത്തിലുള്ള മനോഹാരിത സലിൽ ദാ യുടെ പല പാട്ടുകൾക്കും ഉണ്ട്.
ഒ.എൻ.വിയുടെ വരികളെ ഭാവസാന്ദ്രമായി ആലപിക്കുകയാണ് കെ.ജെ. യേശുദാസ്.
മിഴിത്തുമ്പിൽ മഴ നിറവുള്ള പകലുകളിൽ വെറുതെ കേട്ടിരിക്കാൻ പ്രിയം തോന്നുന്നതാണ് ഈ ബംഗാളിയുടെ ഈണങ്ങളിൽ പലതുമെനിക്ക്…
“പണ്ടെപ്പോഴോ നമ്മളറിയാതെ മൂളിയ
പാട്ടിന്റെ പിൻവിളി കേട്ടിറങ്ങി
ആരോരുമില്ലാതിരുട്ടത്ത് വച്ച് ഞാൻ
വേറെ എന്തെങ്കിലും കാട്ടിയാലോ “
എന്ന മോഹനകൃഷ്ണൻ കാലടിയുടെ കവിത പകരുന്ന അനുഭവം എന്നെ സംബന്ധിച്ച് ഒട്ടും നിസ്സാരമല്ല.
മഴയും മഞ്ഞും തരുന്ന പ്രകോപനങ്ങളെ അതിജീവിക്കാൻ പാട്ടുകൾ എന്നും സഹായിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .എന്റെ കോളേജ് കാലത്ത് താമസിച്ചിരുന്ന കോഴിക്കോട്ടെ വാടക വീടിൻ്റെ ജാലകപരിസരത്ത് നിറയെ മഴയോടൊപ്പം വിരിയുന്ന വെളുത്ത ലില്ലിപ്പൂക്കൾ ഉണ്ടായിരുന്നു. സായാഹ്നങ്ങളിൽ അവ പരത്തുന്ന ഹൃദയഹാരിയായ സുഗന്ധവും കൈകളിൽ വായനക്കായി എടുത്തു വച്ച പുസ്തകവും എൻ്റെ തീവ്രമായ പാട്ടോർമ്മകളുടെ ഭാഗമാണ്.
പാട്ടും പറച്ചിലും വായനയും, സാമൂഹിക ഉത്ക്കണ്ഠകളും ചേർന്ന് കുഴഞ്ഞു മറിഞ്ഞ ഭൂതകാലത്തെ ത്രസിപ്പിച്ചത് നെരൂദയുടെ വരികളിൽ കൂടിയുള്ള സഞ്ചാരം കൂടിയായിരുന്നു.
I want to do with you
What spring does
With cherry trees…”

പ്രണയത്തിനും ജീവിതത്തിനുമിടയിൽ കേൾക്കാനിടവന്ന പാട്ടുകളും വായിച്ച് കടന്നു പോയ കവിതകളും നോവലുകളും, നേർക്കുനേർ കണ്ട് മിണ്ടിപ്പോയ മനുഷ്യരും ചേർന്നു പലതായി എന്നെ പകുത്തെടുത്തു…
ആരൊക്കെയോ ചൊല്ലി കേൾപ്പിച്ച മുറിഞ്ഞ പാട്ടുകളും കവിതകളും എന്നിലെ വിഷാദിയെ പരിഭ്രമിപ്പിച്ചു ,രാഷ്ട്രീയാദർശങ്ങളുടെ സഹയാത്രികയാക്കി…
വായനയുടെ ഇടതടവില്ലാത്ത നേരങ്ങളുടെ ഒഴിവുകളിലേക്ക് പാട്ടുകൾ കടന്നുവന്നു. പാട്ട് കേൾക്കൽ അല്ലാതെ കാണലൊന്നും അത്ര സാർവ്വത്രികമല്ലാതെ പോയ കാലത്ത് അവ സമ്മാനിച്ച അഭയവും സമാധാനവും ഒട്ടും ചെറുതല്ല. ഗുലാം അലിയും മെഹ്ദി ഹാസനും രവീന്ദ്രജയിനും റഫി സാഹിബും ഒക്കെ ചേർന്നു പകുത്ത് കൊണ്ട് പോയ ഒരു കാലത്തിന്റെ തുണ്ടമാണ് ഇന്ന് ബാക്കിയാകുന്ന എന്റെ ജീവിതം.
ദൂരദർശനതരംഗം ആരംഭിച്ചിട്ടും സ്വകാര്യ ചാനൽ പ്രളയങ്ങൾ ആരംഭിക്കുന്നതിന് ഒക്കെ മുമ്പുള്ള സാന്ദ്രമായ ഒരു കാലത്തിൻ്റെ ഓർമ്മത്താക്കോൽ തുറക്കുമ്പോൾ വീണ്ടും ഞാൻ കേൾക്കുന്നുണ്ട് ആ പഴയ ഈരടികളെ വീണ്ടും വീണ്ടും.
“മനോഹരിയാം ഉഷാദേവി വരവായ്
പൂവേ ഉണരൂ…
മനസിൻ നിവേദ്യമാം സുഗന്ധവുമായ്
ന്നറുതേൻ കണം നിൻ മൗനങ്ങളിൽ ഹായ്…
കുളിർ കാറ്റിൻ കൈതൊട്ടാൽ വളകിലുക്കം”
മഴയുടെ തൊട്ട് മുമ്പ് ചക്രവാളത്തിൽ ബാക്കിയായ അന്തിമേഘത്തിരികളിലെ ചുവപ്പു രാശികൾ മണ്ണിൽ വീണ് അലിയുകയാണ്. ഹൃദയത്തിൻ്റെ വിഷാദതന്ത്രികളിൽ ഇപ്പോഴും ആരോ വിരൽ ചേർത്ത് പാടുകയാണ്…
‘ആവണി പൂവണിയാൻ ആത്മസഖീ എന്തേ വൈകി…’



