വാർഡിലൂടെ രാവിലെ എണീറ്റ്
രണ്ട് റൗണ്ട് നടക്കുമ്പോൾ
എല്ലാവരുടേയും മുഖം കാണാം.
നിരാശയല്ല,
പ്രത്യാശയുമില്ല.
ഒരു ശ്മശാനത്തിൻ്റെ അച്ചടക്കം.
ഒരു തരം acceptance…
ജീവിതം ഇങ്ങനെയാണ്,
ഈ ദിവസങ്ങൾ ഇങ്ങനെയാണ്,
രോഗം ഇങ്ങനെയാണ്,
വേദന ഇങ്ങനെയാണ്,
ചുറ്റുപാടുകൾ ഇങ്ങനെയാണ്.
വലിയ ഞെട്ടലൊന്നുമില്ല.
ദൈവവുമില്ല,
ഒരു വേദപുസ്തകവുമില്ല,
ഇനി ഉണ്ടെങ്കിൽ തന്നെ
മനുഷ്യരുടെ ഇത്തരം
ദുരിതങ്ങളിൽ പുള്ളിയ്ക്ക്
ഒരു താത്പര്യവുമില്ല – കൂസലുമില്ല.
ബിജെപി വന്നാലും
എൽഡിഎഫ് വന്നാലും
കനുലയിൽ സൂചി കുത്തുമ്പോഴുള്ള
വേദനയ്‌ക്കോ
മൂത്രമൊഴിക്കാൻ ട്യൂബ് കുത്തി
കയറ്റുമ്പോഴുള്ള വേദനയ്‌ക്കോ
ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല
എന്ന് മനസ്സിലായവർ.
തൂറാൻ പോവുന്ന കക്കൂസിൽ
എത്ര ഒച്ച വച്ചാലും
ഒരു ഹാൻഡ് ഷവറും
വരാൻ പോണില്ല.
സ്റ്റിച്ചിട്ട ഇടത്തേ കൈ കൊണ്ട്
ചന്തി കഴുകുന്ന
പാടാണ് ജീവിതം.
ജീവിതം ഇങ്ങനെയാണ് –
സാവധാനമാണ് –
അറുബോറാണ് –
വൈകിയൂർന്നതാണ്.
സൂചി കുത്തുന്ന പോയിൻ്റിൻ്റെ
അപ്പുറത്തേക്ക്
ഒരു പ്രത്യയശാസ്ത്രവും കഥയും
നിങ്ങൾക്ക് കൂട്ടിരിക്കില്ല.
വേദന തീർത്തും
ഒറ്റപ്പെട്ട ഒരു സ്ഥലമാണ്.
ആ വിസ്‌ഡത്തിൽ
അപ്പാപ്പന്മാർ മുതൽ താത്തകൾ വരെ
കണ്ണും നട്ട് ഇങ്ങനെ ഇരിക്കുന്നുണ്ടാവും.
ചുരുളിയിലെ സത്യം മനസ്സിലാക്കിയ
അന്തേവാസികളെ പോലെ
ഞങ്ങൾ അന്യോന്യം ഒന്ന്
കണ്ണടച്ച് ചിരിച്ച് കാണിക്കും.
അത്ര തന്നെ.
ലോകം മുഴുവൻ
ഒരു മെഡിക്കൽ വാർഡ്
പോലെയാണെന്നെ,
ഒരു സമയം ഒരു ഡ്യൂട്ടീ നേഴ്സേ കാണൂ
അവരെ കാത്തിരിക്കണം –
അതാണ് ജീവിതം.
മൊബൈൽ: 9497135433



