എനിക്ക് ഇവിടെ നിന്ന് കാണാം, പാതി തുറന്നു കിടക്കുന്ന ഈ ജനലിലൂടെ…
ആർഭാടരഹിതമായ മുറി. അതിനുള്ളിൽ അരണ്ട വെളിച്ചത്തിൽ ഒരാൾ. മേശപ്പുറത്ത് വച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ വെളിച്ചം അയാളുടെ മുഖം പ്രകാശമയമാക്കുന്നു.

വട്ടകഷണ്ടി കേറിയ തല. വിടർന്ന നെറ്റി. വലത്തെ മേൽനെറ്റിയിൽ, തെറ്റിത്തൊട്ട വലിയ വട്ടപൊട്ടുപോലെ കറുത്ത മറുക്. കൂർത്ത വലിയ മൂക്കിനെ തൊട്ട്കൊണ്ട് പരന്ന മീശ. എന്തോ എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചടുലമായ കണ്ണുകൾ. വാക്കുകൾ പുറത്തേക്കു വരാൻ വിമ്മിഷ്ടം കാണിക്കുന്ന കറുത്ത തടിച്ച ചുണ്ടുകൾ. നേർത്ത വീചികളേതോ കേൾക്കാൻ തിടുക്കം കൂട്ടുന്ന വിടർന്ന് വട്ടം പിടിക്കുന്ന കാതുകളെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന നീണ്ട നരച്ച കൃതാവുകൾ.
ചുണ്ട് കടിച്ചുപിടിച്ച് ഇടതു കൈ താടിക്ക് താങ്ങാക്കി മറുകൈ കൊണ്ട് ബാക്കി നിൽക്കുന്ന മുടിയിഴകളിൽ കൂടി വിരലോടിച്ച്, ഇടയ്ക്കിടയ്ക്ക് കണ്ണുകൾ അടച്ചു അയാൾ ഗഹനമായ ഏതോ കണക്കുകൂട്ടലുകളിൽ മുഴുകിയിരിപ്പാണ്. അടുത്ത നിമിഷം തന്നെ ലൈറ്റ് അണച്ച് കണ്ണടച്ചു കൊണ്ട് അയാൾ കൈകൾ തലയ്ക്കു പിന്നിൽ താങ്ങാക്കി ചാരി ഇരുന്നു.
സ്വല്പം നീങ്ങി ആ ജനലിന് അടുത്തേക്ക് നിന്നാൽ കുറേക്കൂടി വ്യക്തമായി എല്ലാം കാണാം. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ഒളിഞ്ഞു നോക്കി രസിക്കുന്നതിൽ എനിക്ക് തെറ്റൊന്നും തോന്നാറില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങൾ നിങ്ങൾ മാന്യർ വായിച്ചു രസിക്കാറില്ലേ? അതിൽ തെറ്റൊന്നും നിങ്ങൾ കാണുന്നില്ലല്ലോ! തെറ്റ് ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ! ആ ഒളിച്ചുനോട്ടത്തെ നാടകീയമായി സമർത്ഥിച്ചുകൊണ്ട് ഞാൻ കാലു മുന്നോട്ടുവെച്ചു.

പെട്ടെന്ന് അയാൾ ടേബിൾ ലാബ് ഓണാക്കി ഒരു കെട്ട് കടലാസെടുത്ത് എടുത്ത് മുന്നോട്ടു നോക്കി വിരൽ ചൂണ്ടി കാണാൻ വയ്യാത്ത ആരോടോ സംസാരിക്കുന്നുണ്ട്. മുഖം വലിഞ്ഞു മുറുകി ഉൽക്കടമായ ആവേശത്തോടെയാണ് ഇത് ചെയ്യുന്നത്.
അടുത്ത നൊടിയിൽ തന്നെ സംസാരം നിർത്തി എന്തോ കേൾക്കുന്ന മട്ടിൽ തലകുലുക്കുന്നുണ്ട് . തന്റെ വാദങ്ങളിൽ പാളിച്ച ഉണ്ടെന്ന മട്ടിൽ കടലാസുകളിൽ നോക്കി സമ്മതിച്ചുകൊണ്ട് തീ പിടിച്ച വേഗത്തിൽ എന്തൊക്കെയോ തിരുത്തുകയോ, മാറ്റങ്ങൾ വരുത്തുകയോ, എഴുതി കൂട്ടുകയോ ചെയ്യുന്നു. ഏതോ ഭൂതാവേശം കൂടിയ മട്ടിലാണ് എഴുത്ത്! എത്ര വേഗത്തിലാണ് കടലാസുകൾ നിറയുന്നത് !
തൊട്ടടുത്ത നിമിഷം അയാൾ കടലാസുകളും പേനയും താഴെ വീഴ്ത്തി കുഴഞ്ഞു കസേരയിൽ കിടന്നു. കൈകാലുകൾ ആലംബമില്ലാതെ താഴേക്ക് കുഴഞ്ഞു കിടക്കുന്നു. ശരീരവുമായി ബന്ധമുള്ളത് കൊണ്ട് അവ അറ്റു വീണില്ല എന്ന് മാത്രം !
വർദ്ധിച്ച ഔത്സുക്യം എന്നെ ജനലിന്റെ അടുത്തേക്ക് നയിക്കും മുമ്പ് ആരോ എന്നെ പുറകിൽ നിന്ന് തോണ്ടിയോ? സംശയത്തിന്റെ മുന കൊണ്ട്, തിരിഞ്ഞു നോക്കുന്ന ഞാൻ ഞെട്ടി മാറി. അത്ഭുത കഥകളിൽ നിന്ന് ഇറങ്ങിവന്നതോ ഈ വിചിത്ര കഥാപാത്രം ? ഇതെന്തൊരു രൂപം? ഇതേതൊരു ജീവി?
ഉദരത്തിനുള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന ഗംഭീരസ്വരത്തിൽ അത് എന്നോട് ആവശ്യപ്പെട്ടു. “തിരിച്ചുപോകൂ. അദ്ദേഹത്തെ ശല്യപ്പെടുത്താതെ തിരിച്ചുപോകൂ. അദ്ദേഹം സ്വപ്നങ്ങൾ കാണുകയാണ്. സ്വപ്നങ്ങൾ ആണ് അദ്ദേഹത്തിന്റെ പ്രാണവായു. അത് കവർച്ച ചെയ്യാൻ നിങ്ങൾ മുതിരരുത്.”
ഭയത്തിന്റെ നിഴലിൽ നിന്നുകൊണ്ട് തന്നെ ഞാൻ ചോദിച്ചു. “നീ ആരാണ്? അത് നാണപ്പൻ, അല്ല, എം പി നാരായണപിള്ള ആണോ?”
ജീവി പറയുന്നു, “രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം, അതെ എന്നാണ്. ഒന്നാമത്തെ ചോദ്യം, നിന്റെ മുന്നിലേക്കാണ് ഞാനിടാൻ ഉദ്ദേശിക്കുന്നത്. ആദ്യം നീ ആരെന്ന് പറ!”
“നേര് പറയാം, ഞാൻ ഒരു കള്ളൻ. നിവൃത്തിയില്ലാതെ, മോഷണം ജീവിതമാർഗ്ഗമാക്കിയവൻ. അതിന് തന്നെയാണിവിടേക്ക് വന്നത്. പക്ഷെ, കണ്ടശേഷമാണ് മനസ്സിലായത്, ഇദ്ദേഹത്തെ എനിക്കറിയാം. മറക്കാനാവില്ല. പണ്ടൊരിക്കൽ, കരിമ്പട്ടിണിയിലായിരുന്ന എന്നോട്, ഒരിത്തിരി ചോറിൻ വറ്റിന്റെ ദയവ് കാണിച്ച ആളെ എങ്ങിനെയെനിക്ക് മറക്കാനാവും? പക്ഷെ, എന്റെ ജോലിയിതല്ലെ? ആദ്യം കാണുന്ന വീട്ടിൽ കേറുക എന്നല്ലാതെ, ആരാണുടമ, ആരുടേതാണ് വീടെന്നെല്ലാം നോക്കി കക്കാനാകുമോ? കക്കാൻ കേറുന്നതിന്ന് മുന്നെ, എളുപ്പത്തിൽ കൈക്കലാക്കാനെന്തെങ്കിലും പറ്റുമോ എന്നത് മാത്രമായിരുന്നു എന്റെ നോട്ടം. പക്ഷെ, വീട്ടിന്നുളളിലെ ആളുടെ അസാധാരണ ചെയ്തികൾ ശ്രദ്ധിച്ച ഞാൻ, ആകാംക്ഷ കൊണ്ട് മാത്രം ഒരു ഒളിനോട്ടത്തിനു മുതിർന്നു എന്നേയുള്ളൂ. അതിരിക്കട്ടെ അതിനിടയിൽ നിങ്ങൾ ആരാണെന്ന് പറഞ്ഞില്ലല്ലോ. വിചിത്രമായ ഒരു രൂപമാണല്ലോ നിങ്ങളുടെത്?”
മുഖത്തേക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ട് രൂപം പറയുന്നു, “സഹോദരാ, ഒരു ഒളിഞ്ഞുനോട്ടത്തിൽ കൂടെയും സത്യം വെളിവാവുന്നില്ല. നടന്നുകൊണ്ടിരിക്കുന്നത് ഏതോ, അത് മാത്രമാണ് നിജസ്ഥിതി. അതിലേറെ ഒരു വാസ്തവവും ഇല്ല. നിങ്ങൾ സാക്ഷിയായി മാറുന്ന ഓരോ കാഴ്ചയിലും നിങ്ങളുടെ സാന്നിദ്ധ്യം, നിങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രഭാവം എന്നിവ സത്യത്തെ മാറ്റുന്നുണ്ട്. ഓരോ പ്രാവശ്യവും ഓരോരുത്തനും കാണുന്നത്, അവനവൻ കാണുന്നു എന്ന് വിശ്വസിക്കുന്നത്, നിജസ്ഥിതി അല്ല. അത് അവനവൻ കാണാൻ ആഗ്രഹിക്കുന്ന സത്യമായി മാറുന്നു എന്നതാണ് കുഴക്കുന്ന വസ്തുത!”

സംഭ്രമിപ്പിക്കുന്ന ദർശനം വിളമ്പുന്ന രൂപത്തെ ഞാനത്ഭുതത്തോടെ നോക്കി. രൂപം തുടർന്നു, “എന്നെക്കുറിച്ച് ഇത്രമാത്രം…, നിന്റെ മനസ്സിന് അന്യമായ ഒരു ആകാരം മാത്രമാണ് ഞാൻ. ഈ വീട്ടിലെ പൊറുതിക്കാരന്റെ സഹചാരി എന്നോ കൂട്ട് എന്നോ ഒക്കെ പറയാം. കുട്ടിച്ചാത്തൻ എന്നോ മായികൻ എന്നോ വിളിച്ചോ. ഞാൻ ഇദ്ദേഹത്തെ ചുറ്റിപ്പറ്റി, ഇദ്ദേഹത്തിൻറെ ആവാസം ചുറ്റിപ്പറ്റി, ഇവിടെയൊക്കെ കാണും.”
ഭയം കുറേശ്ശെ വിട്ടു മാറി തുടങ്ങിയിരുന്നു. ഞാൻ ആരാഞ്ഞു, “എന്താണിത്, നിങ്ങളുടെ രൂപം വിചിത്രമായ, അഭൗമമായ ഒരു സങ്കല്പം പോലെ? ആരും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു രൂപത്തിൽ! നിങ്ങളാരാണ്? ശരിക്കും കുട്ടിച്ചാത്തൻ തന്നെയോ?” വലിയൊരു തമാശ പറഞ്ഞ രീതിയിൽ ഞാൻ ഒന്ന് പൊട്ടിച്ചിരിച്ചു.
വിരൂപി പ്രത്യേക രീതിയിൽ ചുണ്ടുകോട്ടി. മന്ദഹാസമോ പരിഹാസമോ എന്നറിയാൻ വയ്യാത്ത ഒരു ഭാവം!
“ഇതാണ് ഞാൻ പറഞ്ഞത്. കൂടുതൽ വിശദീകരിക്കാനാവില്ല എന്ന്! ഓരോ മനുഷ്യനെയും നിർണയിക്കുന്നത് അവന്റെ അറിവിന്റെ പരിമിതികളാണ്! നീ കണ്ടിട്ടുള്ള ജീവികളിൽ ഒന്നിന്റെയും രൂപം എനിക്കില്ല. മാത്രമല്ല കുട്ടിച്ചാത്തന്റെ രൂപം നീ കണ്ടിട്ടുമില്ല. പിന്നെ ഞാനെന്ത് പറയാൻ?”
മനസ്സിലിപ്പോൾ ഒരിത്തിരി ഭീതിയും, അതിലേറെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമാണ്! എന്നാൽ, ‘പോട്ടെ, അത് വിടാം’ എന്ന് മനസ്സനുവദിക്കുന്നുമില്ല.
സംശയിച്ച് സംശയിച്ച്, ഞാൻ ചോദിച്ചു.
“മാനസിക വിഹ്വലതകൾ ഉള്ള ആളാണെന്ന് ഇദ്ദേഹത്തിനെക്കുറിച്ച് പലരും പറയാറുണ്ട്. ശരിയാണോ? അദ്ദേഹത്തെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഹൃദയങ്ങളിലൊന്നാണ് എന്റെത്! ഇടയ്ക്ക് അത്തരം മാനസികാസ്വാസ്ഥ്യം കൂടുന്ന നേരം അദ്ദേഹം മൗനത്തിന്റെ പുററുകളിൽ ചെന്നൊളിച്ചിരിക്കാറുണ്ട് എന്നത് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ?”
അസാധാരണമായ ഒരു ശബ്ദത്തിൽ, കുളക്കോഴികൾ കുളതയിടുന്ന രീതിയിൽ ചിരിച്ചുകൊണ്ട്, രൂപം മൊഴിഞ്ഞു, “മാനസിക-സ്വാസ്ഥ്യവും അസ്വാസ്ഥ്യവും! ആരുടെ മാനദണ്ഡമാണ് നാം കണക്കിലെടുക്കേണ്ടത്? മനുഷ്യാ, നിങ്ങൾ ചോദിച്ചല്ലോ നാണപ്പന്റെ ഉന്മാദ ചിത്തത്തെപ്പറ്റി! നാണപ്പന്റെ സവിശേഷ മാനസികാവസ്ഥ എന്നാണ് ഞാൻ അതിനെ വിളിക്കുക. ജന്മനാ ഉള്ളതാണത് അദ്ദേഹത്തിന്. അതില്ലെങ്കിൽ നാണപ്പൻ നാണപ്പനല്ല. അദ്ദേഹത്തിൻറെ എഴുത്തും ആ സവിശേഷ മാനസികാവസ്ഥയും ഒരു ലയചേർച്ചയാണത്. അതില്ലെങ്കിൽ നാണപ്പൻ എന്ന എഴുത്തുകാരനുമില്ല, ആ എഴുത്തുമില്ല.”
മൗനത്തിന്റെ ഒരർദ്ധവിരാമത്തിന് ശേഷം, രൂപം തുടർന്നു, “ഉന്മത്തത കൊണ്ട് മനസ്സിന്റെ അതിർവരമ്പുകളെ താണ്ടിയവരെക്കുറിച്ച് നീ കേട്ടിട്ടേയില്ലെന്ന് തോന്നുന്നു. ശാസ്ത്ര-കലാരംഗത്ത് എത്രയോ പ്രതിഭാധനർ ഇക്കൂട്ടത്തിൽപ്പെട്ടവരാണ് എന്നറിയാമോ നിനക്ക്? മൈക്കലേഞ്ചലോ, ന്യൂട്ടൺ, ഡാർവിൻ, വോൾഫ്ഗാങ് പോളി, ബീത്ഥോവൻ, ടോൾസ്റ്റോയ്, ചാൾസ് ഡികൻസ്, സാൽവഡോർ ഡാലി, കാഫ്ക, സിൽവിയ പ്ളാത്, കീറ്റ്സ്, ജോൺ നാഷ് എന്ന് തുടങ്ങി മാനസിക അതിർവരമ്പുകളെ താണ്ടുന്നത് വെറുമൊരപഭ്രംശമായി കാണാത്തവരുടെ അവസാനിക്കാത്ത ഒരു നിര തന്നെയുണ്ട്, ഈ ലോകത്ത്. ചട്ടക്കൂടുകളെ മാനിച്ച് നിൽക്കുന്നത് മാത്രം ഉചിതവും ശരിയും ആണ് എന്ന് കരുതിയിരുന്നെങ്കിൽ അവരുടെയെല്ലാം മനസ്സുകൾ തകർന്നു തരിപ്പണമായേനെ! അവർ തോൽവി സമ്മതിച്ചിരുന്നെങ്കിലോ? തീർച്ചയായും, നികത്താനാവാത്ത നഷ്ടം നമുക്ക് നൽകി, അവർ അപ്രത്യക്ഷമായേനെ!”
ഇല്ല, എനിക്കൊന്നും മനസ്സിലാവുന്നില്ല. എങ്ങനെയാണ് ഇത് യുക്തിപരമായി യോജിക്കുന്നത്? ഒരു ഉന്മത്ത ചിത്തത്തിന് പടവുകൾ ഇല്ലാതെ കയറാൻ പറ്റുന്ന ഒന്നാണോ കലാചാതുര്യത്തിന്റെ ഉയരങ്ങൾ? ഒരു ഭ്രാന്തൻ ചിന്തയുടെ നാമ്പായി മാത്രമേ എനിക്ക് രൂപം പറഞ്ഞതിനെ കാണാനാവൂ.
ഏതു കലയിലാണ് ഘടനയില്ലാതെ മുന്നോട്ട് പോകാൻ ആവുന്നത്? ശില്പകല, ചിത്രരചന, എഴുത്ത്… ഏതെടുത്താലും അതിലൊരു ഘടന ഒളിഞ്ഞിരിപ്പില്ലെ? ഉന്മാദാവസ്ഥക്ക് ഘടനയെവിടെ?
ഞാൻ വിട്ടില്ല, “അദ്ദേഹത്തിന് ചികിത്സയിലൂടെ ഈ അവസ്ഥയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ആരും സഹായിക്കാത്തതെന്തു്?” എന്റെ മനസ്സിലെ സംശയങ്ങൾ കൊണ്ട് ഞാൻ രൂപത്തിനെ വെല്ലുവിളിച്ചു.
രൂപം എന്നെ ഒന്നമർത്തി നോക്കി. ഒരു നിമിഷം കണ്ണടച്ചു തുറന്നതേയുള്ളു. പെട്ടെന്നാണ് ആ ഭാവപ്പകർച്ച ഞാൻ ശ്രദ്ധിച്ചത്. കാണെക്കാണെ വിരലുകളിൽ നഖങ്ങൾ നീണ്ടു വരുന്നു; വായിൽ നിന്ന് പല്ലുകൾ കൂർത്ത് പുറത്തേക്ക് ചാടുന്നു; കണ്ണുകളിൽ ജ്വാലകൾ ആടുന്നു; ഇപ്പോൾ അതൊരു ഹിംസ്രജന്തുവാണ്.
ഞാൻ വിരണ്ടു. എന്റെ തൊണ്ട വരണ്ടു. “അയ്യോ……..!”

ആ നിലവിളി ഒരു വിളർത്ത ശബ്ദമായി എൻറെ തൊണ്ടയിൽ എവിടെയോ കുരുങ്ങി നിന്നു. എന്റെ കണ്ണുകളിൽ ഇരുട്ടു കയറി.
കണ്ണുതുറന്നപ്പോൾ, എല്ലാം ശാന്തം! പഴയതുപോലെ, ഞങ്ങൾ രണ്ടുപേരും അതുപോലെ തന്നെ നിൽപ്പുണ്ട്. ഞാൻ ഇപ്പുറത്തും, രൂപം അപ്പുറത്തും! വിരലിൽ കൂർത്ത നഖങ്ങൾ ഇല്ല! പുറത്തേക്ക് ചാടിയ ദ്രംഷ്ടകൾ ഇല്ല! കണ്ണുകളിൽ തീയില്ല!സ്വപ്നത്തിന്റെ നിഴലാട്ടം മാത്രം.
സംഭ്രമിച്ചു നിൽക്കുന്ന എന്നോട് ആ രൂപം പറഞ്ഞു, “യുക്തിയുടെ തടവുകാരാണ് നിങ്ങളെല്ലാവരും. ചെയ്യുന്നതെല്ലാം യുക്തിഭദ്രമാണെന്ന് സ്വയം കരുതുന്ന നീ ചെയ്യുന്നത് എന്താണ് ഇവിടെ? തീരെ അപരിചിതൻ എന്ന് മാത്രമല്ല, മനുഷ്യ ജാതിക്ക് തന്നെ അന്യമായ രൂപവും! എന്നിട്ടും ആത്മരക്ഷയെക്കുറിച്ച് ഒരു ചെറു ചിന്ത പോലുമില്ലാതെ, ഭയപ്പാടില്ലാതെ നീ എന്നോട് സ്വതന്ത്രമായി സംസാരിക്കുന്നു, പെരുമാറുന്നു. ഇത് യുക്തിക്ക് നിരക്കുന്നതോ? അതോ നിന്നിലും മലമുകളിലേക്ക് കല്ലുരുട്ടിയവൻറെ മനസ്സുണ്ടോ?”
എനിക്ക് തലയാട്ടാൻ മാത്രമേ ആയുള്ളൂ. പുച്ഛം കലർത്തിയ ചോദ്യങ്ങളായിരുന്നു പിന്നീട്. “യുക്തിഭദ്രമായതേ ചെയ്യാവൂ, അതാണ് ശരി എന്ന രീതിയിലല്ലേ നീ സംസാരിക്കുന്നത്? ജീവിതത്തിൽ എന്താണ് യുക്തിഭദ്രമായി നടക്കുന്നത്? നിന്റെ അടുത്ത പ്രതികരണം യുക്തിസഹമാവുമെന്ന് നിനക്കുറപ്പുണ്ടോ? നിൻറെ അടുത്ത നിമിഷം നിനക്ക് യുക്തിഭദ്രമായി മെനഞ്ഞെടുക്കുവാനാവുമോ?”
രൂപത്തിന് ആവേശം മുറുകി, “ഓരോരുത്തരുടെ മനസ്സിലും ഭ്രാന്തിന്റെ അംശങ്ങളുണ്ട്, ഒളിഞ്ഞുനോട്ടക്കാരാ! സാഗരത്തിലെ തിരമാലയാണ്, മനസ്സിലെ ഉന്മാദം. തിരമാലയില്ലാത്ത ആഴി ആഴിയല്ല. തിരമാലകൾ ഒട്ടുമിക്കനേരവും ഒതുങ്ങി, മെരുങ്ങി നിൽക്കുമെങ്കിലും, ചില നേരങ്ങളിൽ അവ കലിതുള്ളി ആഞ്ഞടിക്കും. ഏതു കടലും എപ്പോൾ ശാന്തമാവും, എപ്പോൾ ക്ഷുഭിതമാവും എന്നാർക്കെങ്കിലും യുക്തിസഹമായി പറയാനാവുമോ? അതോ നിനക്കാവുമോ അത്?”
വാക്കുകൾ അണമുറിയാതെ വന്നുകൊണ്ടിരുന്നു! “പ്രകൃതിയോടും, പ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ ചർച്ചകളുടെ സമവാക്യങ്ങൾ സാമാന്യയുക്തിയുടെ മതിൽക്കെട്ടുകൾക്കെത്രയോ അപ്പുറത്താണ്. ഇത്തരം കല്പനകളിൽ സാമാന്യയുക്തി ഒരു പാട് പരിമിതികൾ കൊണ്ടുവരുന്നുമുണ്ട്. ആലോചിച്ചു നോക്ക്, ഒരു സാരതുഷ്ട്രയോ, ബുദ്ധനോ, യേശുവോ അന്ന് നിലവിലുള്ള സാമാന്യയുക്തിയുടെ മാനത്തെ താണ്ടിയ ദർശനത്തെ കാണാനായ വിഭ്രാന്തമനസ്സുകളായിരുന്നില്ലെ? അവരെ സാമാന്യതയിൽ നിന്ന് വേർപെടുത്തിയത് യുക്തിക്കന്യമായ ചിന്തകളും ആശയങ്ങളുമായിരുന്നില്ലെ? വിലക്ഷണമായ ചിന്തകളായി കണക്കാക്കി അവയെ തള്ളിനീക്കിയിരുന്നെങ്കിൽ, ആരോരുമറിയാതെ ജീവിച്ചുമരിച്ചുപോയ ജനക്കൂട്ടത്തിൽനിന്ന് നാമവരെ തിരിച്ചറിയുമോ?”
രൂപം സംസാരിക്കുന്നത് നിർത്തി, ജനലിന് നേരെ കൈ ചൂണ്ടി. എന്റെ ദൃഷ്ടി വിരലിനെ പിൻതുടർന്നു. ജനലിനപ്പുറത്ത് ക്ഷീണിതനായി അനക്കമില്ലാതെ താഴെ വീണുറങ്ങിക്കൊണ്ടിരിക്കുന്ന ആ മുഖം നേരിയ വെളിച്ചത്തിലെനിക്ക് കാണാം. ആ നേരിയ വെളിച്ചത്തിലും നെറ്റിയിൽ വലത് ഭാഗത്തായി തിളങ്ങുന്ന കറുത്ത വട്ടിൻ-പൊട്ടായ, ആ കുഞ്ഞു-മറുക് ഞാൻ കണ്ടുവോ?
“ആ മനസ്സിൽ ഇപ്പോളെന്തായിരിക്കും ഓടുന്നുണ്ടാവുക? പാമ്പാട്ടിയുടെ മകുടിനാദത്തിൽ കുടുങ്ങിയമരുന്ന പാമ്പുകളുടെ സീൽക്കാരശബ്ദങ്ങളോ, എന്റെ വയറ്റിൽ പണ്ടെന്നോ കുടുങ്ങിനിന്ന കരിംപട്ടിണിയുടെ ആക്രന്ദനമോ, കാടിറങ്ങി കോടതിയിൽ വന്ന നരിയുടെ സത്യവാചകമോ, പരിണാമ-സിദ്ധാന്തത്തിന്റെ ആന്തരീകതത്വമോ, കുട്ടിച്ചാത്തന്മാരുടെ ഉൾവിളികളോ……….?”
അപരിചിതജീവിയുടെ ചീറ്റൽ എന്റെ അപഥസഞ്ചാരത്തിൽനിന്നെന്നെ തിരിച്ചുകൊണ്ടുവന്നു. “അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നവർ, ആസ്വദിക്കുന്നവർ ധാരാളമുണ്ടാവാം, പക്ഷെ, അദ്ദേഹത്തെ ശരിക്കറിയുവാൻ ശ്രമിക്കുന്നവരുണ്ടോ? നാരായണന്റെ വിഭ്രാന്തചിത്തം ചികയുന്നവരുണ്ട്, അതിനെ തുണ്ടം തുണ്ടമാക്കി പരിശോധിക്കുന്നവരുണ്ട്. ഞാൻ മനസ്സിലാക്കുന്നു, നിങ്ങൾക്കെല്ലാവർക്കും ഒരൊളിനോട്ടത്തിലാണ് താല്പര്യം. പാത്തും പതുങ്ങിയും വന്നൊരൊളിനോട്ടം! അത്രയേ വേണ്ടൂ. ഒരു ഒറ്റദിവസ-സ്കെച്ച്! ഒറ്റ ഷോട്ട് കാമറാ ദൃശ്യം! ഒറ്റ-മണിക്കൂർ-ദീർഘ വിശ്ളേഷണം! ഇത്രയൊക്കെയല്ലേ നിങ്ങൾക്ക് വേണ്ടൂ? നേരെന്നത് അതിനപ്പുറത്തുള്ള മറ്റെന്തോ ആണെന്ന് അറിയാൻ താൽപര്യമോ സമയമോ ആർക്കുണ്ട്?”
ശബ്ദത്തിൽ രോഷത്തിന്റെ മുള്ളുകൾ! രൂപത്തിന്റെ കൈകൾ എന്റെ നേരെ നീണ്ടു.
ഞാൻ വിയർക്കുകയായിരുന്നു. മോഷണത്തിന്നിറങ്ങുമ്പോൾ, ഇത്തരം കാല്പനികരൂപവുമായൊരു കൂടിക്കാഴ്ചയോ സംഘർഷമോ ഞാൻ പ്രതീക്ഷിച്ചതേയില്ല! മനസ്സിലാകെ സംശയത്തിന്റെ കടന്നൽക്കൂടാണ്. കക്കാനിറങ്ങുക എന്ന ആയാസകരമായ ഉദ്യമം ഉണ്ടാക്കിയെടുക്കുന്ന മനസ്സിന്റെ വിഭ്രമമാണോ ഇത്?
ഇനിയിന്നൊന്നും വയ്യ. ഇവിടെനിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടാം.
ഞാൻ രൂപത്തിനെ നോക്കി. അതിന്റെ കണ്ണുകളിൽ ജ്വാല പടരുന്നുണ്ടോ? കൈയിലെ നഖങ്ങൾ വളർന്നു കൂർക്കുന്നുണ്ടോ?
രൂപം നീട്ടിയ കൈകൾ കൊണ്ട് എന്നെ തടഞ്ഞുനിർത്തി പറഞ്ഞു, “പോ, തിരിച്ചു പോ. അരുത്, ആ കിനാക്കുമിള പൊട്ടിക്കരുത്. ഉറങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹം സ്വപ്നങ്ങളുടെ പൂക്കാലത്തേക്കുള്ള യാത്രയിലാണ്. സ്വപ്നങ്ങളുടെ ലോകത്തേക്കുള്ള ആ യാത്രക്ക് വിഘാതം വരുത്തരുത്.”
ബലിഷ്ഠങ്ങളായ ആ കയ്യുകൾ എന്നെ പിൻതിരിച്ചയക്കുമ്പോഴും, ആ വാചകങ്ങൾ എന്റെ കാതുകളിലേക്ക് വീണുകൊണ്ടിരുന്നു, “കുട്ടിച്ചാത്തന്റെ ഇഷ്ടതോഴൻ ഒരു നീണ്ട സ്വപ്നത്തിലാണ്. ആ സ്വപ്നത്തിൽ നിന്നയാളെ ഉണർത്താൻ നീ മുതിരരുത്. അതിന് നിന്നെ ഞാനനുവദിക്കില്ല. തിരിച്ചു പോ, ശല്യം ചെയ്യാതെ!”
മൊബൈൽ: 9003159225