• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ശരീരങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ!

ഡോ: മോത്തി വർക്കി April 10, 2018 0

പിതൃ ആധിപത്യനീതികളുടെ എല്ലാ ജ്ഞാന-ശാസന പ്രയോഗ രൂപങ്ങളെയും സാധൂകരിക്കാനുള്ള എളുപ്പവഴി അവയെ സ്വാഭാവികവത്കരിക്കുകയാണ്. കാലങ്ങളെയും ദേശങ്ങളെയും അതിജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചില സാംസ്‌കാരിക-സദാചാര മുദ്രാവാക്യങ്ങളുടെ യുക്തിസഹമായ പ്രയോഗത്തിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്. സാംസ്‌കാരിക-സദാചാര നിർബന്ധങ്ങളും നിബന്ധനകളും ഇത്തരം മുദ്രാവാക്യങ്ങളിലൂടെ ശീലങ്ങളാക്കപ്പെടുന്നു. ശരീരങ്ങളെ സാംസ്‌കാരിക-സദാചാര ശീലങ്ങളുടെ ഉല്പന്നങ്ങളാക്കി പരുവപ്പെടുത്തുകയാണ് ശീലനിർമിതിയുടെ ലക്ഷ്യം; ശീലങ്ങളാണ് കർത്തൃത്വങ്ങളെ നിർമിക്കുന്നത്. ശരീരങ്ങളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ ആർജിക്കുന്ന ജ്ഞാന ഉല്പാദനാധികാരത്തിന്റെയും സാംസ്‌കാരിക മൂലധനാധികാരത്തിന്റെയും ഗുണഭോക്താക്കൾ സാമൂഹിക ബന്ധങ്ങളെയും വ്യവഹാരങ്ങളെയും ജനാധിപത്യവിരുദ്ധവും ലിംഗാധിഷ്ഠിതവുമായി അടയാളപ്പെടുത്തുന്നു.

‘സാമൂഹികശീലങ്ങൾ’ യഥാർത്ഥത്തിൽ സാംസ്‌കാരിക മൂലധനാധികാരത്തിന്റെ പിന്തുണയോടെ വിധേയത്വ സ്വത്വങ്ങളെയും ശരീരങ്ങളെയും രൂപപ്പെടുത്തുന്ന അച്ചടക്കത്തിന്റെ രാഷ്ട്രീയ രൂപമാണ്. സ്ഥാപനവത്കരിക്കപ്പെടുന്ന സാംസ്‌കാരിക ശീലങ്ങൾ മനുഷ്യശരീരങ്ങളെ എങ്ങനെയാണ് മെരുക്കിയെടുക്കുന്നത് എന്ന് ഫ്രഞ്ച് തത്ത്വചിന്തകനായ മിഷേൽ ഫൂക്കോ തന്റെ ‘ഉന്മാദവും നാഗരികതയും’, ‘ക്ലിനിക്കിന്റെ ജനനം’ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുട്. ഫൂക്കോയുടെ ജ്ഞാനവും ശരീരവും അധികാരവും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന സിദ്ധാന്ത
ങ്ങൾ സ്ര്തീ-പുരുഷ ബന്ധങ്ങളിൽ ജനാധിപത്യവും നിയമ പരിരക്ഷയും ലക്ഷ്യമിടുന്ന സ്ര്തീവാദ ചിന്തകൾക്ക് കരുത്തു പകർന്നു. ഈ തിരിച്ചറിവിന്റെ പിൻബലത്തിലാണ് കുടുംബം എന്ന പിതൃ ആധിപത്യ സ്ഥാപനയിലെ അധികാര വ്യവഹാരങ്ങളുടെ സൂക്ഷ്മതലങ്ങളെ മാനസിയുടെ കഥകൾ വിചാരണ ചെയ്യുന്നത്.

മനുഷ്യശരീരങ്ങളെയും സാമൂഹിക ബന്ധങ്ങളെയും ലിംഗാധിഷ്ഠിതമായി പരുവപ്പെടുത്തുന്ന സാംസ്‌കാരിക ശീലങ്ങളുടെയും നിർവചനങ്ങളുടെയും രാഷ്ട്രീയ പരിസരമാണ് മാനസിയുടെ കഥാസമാഹാരത്തിന്റെ – ‘നിർവചനങ്ങളുടെ നിറഭേദങ്ങൾ’ – ഭൂമിക. സാംസ്‌കാരിക ശീലങ്ങളുടെ സാർവജനീയതയ്ക്കും
ശരിതെറ്റുകൾക്കും അപ്പുറം അവയുടെ ഉല്പാദന-പുനരുല്പാദന പ്രക്രിയയുടെ ജനാധിപത്യ സ്വഭാവം അന്വേഷിക്കാനാണ് മാനസി ശ്രമിക്കുന്നത്. കേന്ദ്രീകൃത ജ്ഞാന ഉല്പാദന അധികാരത്തെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക-സാംസ്‌കാരിക പ്രക്രിയകൾ മനുഷ്യത്വവിരുദ്ധമാണ് എന്ന്
കഥാകൃത്ത് ഉറക്കെ പറയുന്നു. സ്ഥാപനവത്കരിക്കപ്പെട്ടതുംു ജനാധിപത്യവിരുദ്ധവും ആയ ലിംഗാധിഷ്ഠിത സാംസ്‌കാരിക ശീലങ്ങളുടെ നീരാളിപ്പിടിത്തത്തിൽ നിന്നും ഉള്ള കുതറിമാറലിന്റെ സമരവിളംബരം ആണ് ‘നിർവചനങ്ങളുടെ നിറഭേദങ്ങളു’ടെ തനിമയും സൗന്ദര്യവും. സാമൂഹികബന്ധങ്ങളുടെ ഭൗമോന്മുഖ ജനാധിപത്യവത്കരണവും സാംസ്‌കാരിക മൂലധനാധികാരത്തിന്റെ നീതിപൂർവകമായ വികേന്ദ്രീകരണവും പങ്കിടലും ആണ് മാനസിയുടെ രചനകൾ ആഘോഷിക്കുന്ന ബദൽ രാഷ്ട്രീയം.

കുടുംബവും ലിംഗാധിഷ്ഠിത നിർവചനങ്ങളും കുടുംബങ്ങളിൽ സംഭവിക്കുന്ന സ്വത്വത്തിന്റെ ലിംഗപരമായ
നിർമിതിയെ പ്രശ്‌നവത്കരിക്കുന്നതിൽ മാനസി അസാധാരണമായ യാഥാർത്ഥ്യബോധവും ജാഗ്രതയുള്ള നിരീക്ഷണപാടവവും അതിസൂക്ഷ്മമായ ലാളിത്യവും പ്രകടിപ്പിക്കുന്നു. സാമ്പ്രദായിക കുടുംബ നിർവചനങ്ങളിലെ ‘ദേവി മാഹാത്മ്യ’ സ്തുതികൾ കേവലം ടൂറിസാഖ്യാനവും സങ്കല്പലോക നിർമാണ സൗന്ദര്യശാസ്ര്തവുമാണ്. പൂക്കളമൊരുക്കിയും മോഹിയാട്ടമാടിയും പ്രത്യക്ഷപ്പെടുന്ന സ്ര്തീകൾ പ്രാദേശികതയുടെ ഒഴിവാക്കാനാവാത്ത സാക്ഷ്യങ്ങളായ പ്രാതിനിധ്യബിംബങ്ങളാണ്. ഉട്ടോപ്യയ്ക്ക് അഥവാ
ആദർശലോകത്തിന് ലാവണ്യമേറ്റാൻ വേണ്ടി ഒരുക്കിയ ഇത്തരം സ്ര്തീരൂപങ്ങൾ യാഥാർത്ഥ്യമല്ല. അവ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഏതോ കാല്പനിക കാലത്തിന്റെ ഉടലാർന്ന രൂപങ്ങളാണ്. ഈ തുറന്നുപറച്ചിലാണ് ‘ദേവി മാഹാത്മ്യം’ എന്ന കഥയുടെ ഇതിവൃത്തം. ‘ദേവി’ എന്നു വിളിക്കുമ്പൊഴും ”ദൈവങ്ങൾ എന്തിന് പെണ്ണുങ്ങളെ ഉണ്ടാക്കി” എന്ന് നെഞ്ചു പൊട്ടി സ്ര്തീകൾക്ക് ചോദിക്കേണ്ടിവരുന്നത് അവർക്ക് ‘വിശപ്പും ദാഹവും ഉണ്ടെന്ന്’ എല്ലാവരും മറന്നതുകൊണ്ടാണ്. ‘കരി പിടിച്ച റാന്തലുപോലുള്ള ചിരിയുമായി’ ജീവിക്കുന്നവരെ ‘ദേവി’ എന്ന് നിർവചിക്കുന്നതിന്റെ പൊള്ളുന്ന പൊള്ളത്തരത്തെ കഥ വന്യമായി പരിഹസിക്കുന്നു.

ടൈംപീസിന്റെ സൂചികളുടെ ചലനങ്ങൾക്ക് അനുസരിച്ച് ഉടലും മനസ്സും ക്രമീകരിക്കാൻ തത്രപ്പെടുന്ന ഭാനുമതി (ഭാനുമതിയുടെ പ്രഭാതം) ഒരു വിനാശചിത്രമാണ് (ഢസലളമയധട). വീട്ടിലെ പണികൾ ചെയ്താൽ ‘വള ഊരിപ്പോകുമോ’ എന്നു ചോദിക്കുന്ന ഭർത്താവ് രഘുനാഥനും, ‘ഭർത്താവായാൽ മതിയായിരുന്നു’ എന്ന് കലമ്പുന്ന ഭാര്യ ഭാനുമതിയും കുടുംബങ്ങൾ എത്രത്തോളം ജനാധിപത്യവിരുദ്ധങ്ങളാണ് എന്ന് അടയാളപ്പെടുത്തുന്നു. സദാസദാചാരത്തിന്റെ വരകളും ചതുരങ്ങളും വരച്ച് കാമുകിയുടെ ഉടലിനെയും മനസ്സിനെയും മെരുക്കാൻ ശ്രമിക്കുന്ന ദിനേശനും (അക്ഷരത്തെറ്റുകൾ), വീണ വായിച്ചതിന്റെ പേരിൽ സുമയെ ഉപേക്ഷിച്ച മാധവനും (പാലമില്ലാത്ത പുഴ), അമ്മയെ നിലയ്ക്കു നിർത്താൻ ശ്രമിക്കുന്ന മകൻ ജോണിയും (യുഗത്തിന്റെ കറകൾ), സ്വന്തം ദിനചര്യകളെക്കുറിച്ച് മാത്രം എപ്പോഴും കാർക്കശ്യത്തോടെ ചിന്തിക്കുന്ന മുത്തശ്ശനും (വേര്), സ്ര്തീകളുടെ ശബ്ദമുയരുന്നത് സഹിക്കാത്ത അമ്മാവനും (പാലമില്ലാത്ത പുഴ), ആൺകുട്ടികൾക്കായി പലതവണ വിവാഹം കഴിച്ച ലാലാജിയും, ആണധികാരത്തിന്റെ മൂർത്ത രൂപങ്ങളാണ്. ഈ ഗാർഹിക ആഭാസത്തരത്തിന് പഴക്കം ഏറെ ഉണ്ടെന്ന് ‘മുത്തുമാല ചോദിച്ചപ്പോൾ കാർക്കിച്ചുതുപ്പുന്ന’, പാൽക്കഞ്ഞി വൈകുമ്പോൾ ഭൂമി കുലുക്കുന്ന
മുത്തശ്ശനും (നിർവചനങ്ങളുടെ നിറഭേദങ്ങൾ), കൊച്ചുമകളുടെ ആത്മാഭിമാനത്തേക്കാൾ അവളുടെ ഭർത്താവായ മാധവന്റെ ഔദാര്യം പ്രിയപ്പെടുന്ന മുത്തശ്ശിയും (പാലമില്ലാത്ത പുഴ) ചൂണ്ടിക്കാണിക്കുന്നു.

മാടമ്പി ശരീരഭാഷകൾ

പിതൃ ആധിപത്യ കുടുംബബന്ധങ്ങളിൽ ആണധികാരത്തിന്റെ ശരീരഭാഷ മാടമ്പിത്തരത്തിന്റെയും സ്ര്തീവിരുദ്ധതയുടെയുമാണ്. ഫ്യൂഡൽ ആൺകോയ്മയുടെ ഉച്ചഭാഷിണികളാണ് മിക്ക മലയാള
സിനിമകളും. ‘നരസിംഹം’ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഇന്ദുചൂഡൻ എന്ന കഥാപാത്രം പറയുന്നുണ്ട്:
”വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരാക്ക് വീട്ടീ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലു മടക്കി തൊഴിക്കാൻ… എനിക്ക് ഒരു പെണ്ണു വേണം”. ഇന്ദുചൂഡൻ ഇങ്ങനെ മൊഴിയുമ്പോൾ തിയേറ്ററിൽ ഉയർന്ന ഹർഷാരവം ഭയപ്പെടുത്തുന്ന പുരുഷാധികാരത്തിന്റെ തെളിവാണ്. ഇതേ സിദ്ധാന്തം, ‘ഫിലിപ്‌സ് ആന്റ് ദ മങ്കി പെൻ’ എന്ന ചിത്രത്തിൽ പത്തുവയസ്സുകാരൻ റിയാൻ ഫിലിപ് തന്റെ കാമുകിയോട് ഈ സംഭാഷണം ആവർത്തിക്കുന്നുണ്ട്. അഭ്രപാളിയിലെ മാടമ്പി ശരീരഭാഷകളും പുരുഷ ആഭാസങ്ങളും നിത്യജീവിത യാഥാർത്ഥ്യമാണ്. അതിരാവിലെ ഉണർന്ന് വീട്ടുകാര്യങ്ങൾ ക്രമീകരിക്കുന്നതിനിടയിൽ കരയുന്ന മകനെ
ശ്രദ്ധിക്കാൻ പറയുന്ന ഭാനുമതിയോട് ‘നിന്റെ വള ഊരിപ്പോകുമോ’ എന്ന് തിരികെ ആക്രോശിക്കുന്ന ഭർത്താവ് രഘുനാഥൻ ഭർത്തൃസുഖലോലുപതയുടെ ജന്മിത്ത ഭാഷ്യമാണ് (ഭാനുമതിയുടെ പ്രഭാതം). അവധി ദിവസങ്ങളിൽ ടി.വി. കണ്ടും ചീട്ടു കളിച്ചും ജീവിതം ആസ്വദിക്കുന്ന ഭർത്താവിന്റെ ഭാഗ്യമോർത്ത് ‘ഭർത്താവായാൽ മതിയായിരുന്നു’ എന്ന് ഭാനുമതി പറയുന്നത് ‘മതിയാവോളം ഉറങ്ങാനുള്ള’ കൊതികൊണ്ടു മാത്രമല്ല, അസഹനീയമായ ലിംഗാധിഷ്ഠിത കുടുംബബന്ധങ്ങളോടുള്ള പ്രതിഷേധം
കൊണ്ടു കൂടിയാണ്. സ്വന്തം അമ്മയോട് പൂവാലന്മാർ കാട്ടിയ ‘താന്തോന്നിത്തരത്തിന്’ ‘അമ്മയുടെ വേഷംകെട്ടലാണ്’ കാരണം എന്നു പറയുന്ന മകൻ പുരുഷാധിപത്യ മാടമ്പിത്തരത്തിന്റെ
കൗമാരഭാവമാണ് (യുഗത്തിന്റെ കറകൾ). മകനെ ഭയന്ന് വീട്ടിലെത്തും മുമ്പ് ‘ഫാഷനബ്ൾ ഡ്രെസ്സിംഗ്’ ഉപേക്ഷിച്ച് ‘സാരിയിലേക്ക് മാറുന്ന’ അമ്മയും (യുഗത്തിന്റെ കറകൾ), ‘കാക്കരിച്ചിട്ട കഫക്കട്ടകളും ഉണങ്ങാത്ത തുപ്പൽപാടുകളും ചിതറിക്കിടക്കുന്ന വാഷ്‌ബേസിൻ’ കഴുകേണ്ടിവന്നപ്പോൾ ഛർദിച്ച ഭാര്യയോട് ‘ഇതൊക്കെ ചെയ്‌തേ പറ്റൂ… പറ്റില്ല്യാച്ചാ മദാമ്മയ്ക്ക് എവിടെ വേണമെങ്കിലും പൂവ്വാം’ എന്നു പറയുന്ന ഭർത്താവ് മാധവനും (നിർവചനങ്ങളുടെ നിറഭേദങ്ങൾ) ലിംഗാധിഷ്ഠിത ഫ്യൂഡൽ കുടുംബബന്ധങ്ങളിലെ സ്ര്തീകളുടെ ദൈന്യതയും നിസ്സഹായതയും അടയാളപ്പെടുത്തുന്നു.
ആണധികാരം പലപ്പോഴും പീഡനത്തിന്റെ സ്വഭാവം കൈവരിക്കാറുണ്ട്. കാല് തലോടുമ്പോൾ വേദനിച്ചതിന് കിടന്നിടത്തു കിടന്ന് മുത്തശ്ശിയെ ചവിട്ടിയ, അമ്മാവനു വേണ്ടി ‘മാരിയമ്മൻ
കോവിലിൽ വഴിപാടിന് അമ്മമ്മ പ്രാർത്ഥിച്ച പട്ടുമായി പോയി രുന്ന നീലിപ്പെണ്ണിനെ’ തടഞ്ഞുനിർത്തി പട്ട് തുണ്ടംതുണ്ടമായി കീറിയ, ‘മുത്തുമാലയ്ക്കുവേണ്ടി ആഗ്രഹം പറഞ്ഞപ്പോൾ മുത്തശ്ശിയെ കാർക്കിച്ചുതുപ്പിയ’, ‘പാൽക്കഞ്ഞിയുടെ നേരം തെറ്റിയതിന് ഭൂമി കുലുക്കിയ’ മുത്തശ്ശൻ ആൺകോയ്മയുടെ സകലധിക്കാരവും നിറഞ്ഞ ആൾരൂപമാണ് (വേര്). 15 ദിവസം മാത്രം
പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് വീട്ടുജോലിക്ക് പോകേണ്ടിവരുന്ന വീണ പുരുഷാധിപത്യത്തിന്റെ അശ്ലീലതയുടെ ആഴം വ്യക്തമാക്കുന്നു (നിർവചനങ്ങളുടെ നിറഭേദങ്ങൾ). യുഗങ്ങളുടെ പഴക്ക
മുള്ള ആൺമാടമ്പിത്തരത്തിന് മുൻപിൽ സ്ര്തീകൾ വെറും ജീവകോശങ്ങൾ; ‘തർക്കവും ന്യായവും അവകാശങ്ങളും വിലപ്പോകാത്ത വെറും ജീവകോശങ്ങൾ’. ‘പാലമില്ലാത്ത പുഴ’ രണ്ടു കരകൾ പോലെ സ്ര്തീയുടെയും പുരുഷന്റെയും ജൈവലോകങ്ങൾ!

കുടുംബവ്യവഹാരങ്ങളുടെ ജനാധിപത്യവിരുദ്ധ മുഖങ്ങൾ!

കുടുംബബന്ധങ്ങളിലെ സംസാരഭാഷ നിഷ്പക്ഷമോ നിഷ്‌കളങ്കമോ അല്ല; അവ ആണധികാരത്തിന്റെ സൂക്ഷ്മ വ്യവഹാരങ്ങളാണ്. ഈ തിരിച്ചറിവാണ് പെണ്ണെഴുത്തിന്റെ ഭൂമിക. ഉത്തരഘടനാവാദചിന്തകരായ ലക്കാൻ, ഫൂക്കോ, ദെറീദ തുടങ്ങിയവരുെടെ സിദ്ധാന്തങ്ങളിൽ നിന്ന് ഉൾക്കാഴ്ചകൾ സ്വീകരിച്ചാണ് ഫ്രഞ്ച് ഫെമിനിസത്തിലെ ത്രിമൂർത്തികളായ ജൂലിയ ക്രിസ്‌നേവ, ഹെലൻ സിക്‌സു, ലൂസ് ഇറിഹാരി
എന്നിവർ ഭാഷയിലെ സ്ര്തീവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചത്. വിർജീനിയ വൂൾഫ് ആയിരുന്നു ഭാഷയിലെ ജനാധിപത്യത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. ‘മെഡൂസയുടെ ചിരി’എന്ന ലേഖനത്തിൽ സിക്‌സു പെണ്ണെഴുത്തിന്റെ നിർവചനം നൽകുന്നുണ്ട്: ”സ്വന്തം കൃതികളിൽ സ്ര്തീകൾ ആഘോഷിക്കുന്ന സ്ര്തീശരീരത്തിന്റെ ഉല്പന്നമാണ് പെണ്ണെഴുത്ത്”. സ്ര്തീ അവളുടെ ശരീരത്തെ എഴുത്തിലേക്ക് പ്രവേശിപ്പിക്കണം എന്നതായിരുന്നു സിക്‌സുവിന്റെ ആഹ്വാനം. മാനസിയുടെ രചനകളും ശരീരത്തെ
എഴുത്തിലേക്ക് പ്രവേശിപ്പിക്കുന്ന ശ്രമമാണ്. ശരീരത്തെ എഴുതുന്നതിലൂടെയും അതിനെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെയും സ്ര്തീശരീരത്തെ മെരുക്കുന്ന പിതൃആധിപത്യത്തിന്റെ അബോധസ്രോതസ്സുകളെ അപനിർമിക്കാമെന്ന് മാനസി കരുതുന്നു.

സ്ര്തീയെ ‘അന്യ’മായും ‘നെഗറ്റീവാ’യും കാണുന്ന സാമൂഹിക ശ്രേണി വ്യവസ്ഥയെയും പുരുഷാധിപത്യ ഭാഷാഘടനയെയും ധ്വംസിക്കാൻ പെണ്ണെഴുത്തിന് കഴിയുമെന്നാണ് സിക്‌സു വാദിച്ചത്. ഇത് സ്ര്തീക്ക് പുതിയൊരു കർത്തൃത്വം നൽകും. സമാനമായ ആശയങ്ങൾ ക്രിസ്റ്റേവയും അവതരിപ്പിച്ചു. ഭാഷയ്ക്ക് പ്രതീകാത്മകം, ചിഹ്നാത്മകം എന്നീ വശങ്ങളുണ്ടെന്ന് (രണ്ടു തരം ഭാഷകളല്ല) ക്രിസ്റ്റേവ വാദിച്ചു. പ്രതീകാത്മക തലം അടിച്ചമർത്തലിന്റേതും നിയന്ത്രണത്തിന്റേതുമാണ്. ചിഹ്നാത്മക തലം സാദ്ധ്യതയുടെ മേഖലയാണ്. അവിടെ ക്രമവും യുക്തിയും ആധികാരികതയും ഇല്ല. സിദ്ധാന്തങ്ങളുടെ കാർക്കശ്യപ്രയോഗമില്ലാതെ മാനസിയുടെ കഥാപാത്രങ്ങൾ ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ലിംഗാധിഷ്ഠിതമല്ല, ജനാധിപത്യപരവും പങ്കാളിത്തപരവുമാണ് എന്ന് ഭാനുമതി പറയുന്നതിനെ ‘തർക്കുത്തരമായും’ (ഭാനുമതിയുടെ പ്രഭാതം), ‘കൂരിത്തണ്ടായും’ (രഘുവിന്റെ ഭാര്യ) വിശേഷിപ്പിക്കുന്നത് ആൺകോയ്മയുടെ അരക്ഷിതബോധമാണ്. ‘നിവർന്നു നടക്കുന്ന’ അയ
ൽക്കാരി മാധവിക്കുട്ടിയെ രഘുനാഥൻ ‘പെൺവാദി’ എന്ന് പരിഹസിക്കുന്നത് ആത്മാഭിമാനമുള്ള സ്ര്തീസമൂഹത്തിനോടുള്ള അവജ്ഞയുടെ പ്രതീകമാണ് (ഭാനുമതിയുടെ പ്രഭാതം). കാമുകി സുമയുടെ മകന്റെ പിതൃത്വം ദിനേശൻ അന്വേഷിക്കുന്നത് കേവലം കൗതുകമല്ല, സുമയുടെ ശരീരത്തിന്മേലുള്ള ഉടമസ്ഥാവകാശം പ്രഖ്യാപിക്കലാണ്. പുരുഷന്റെ കൈവശമായിരിക്കണം സ്ര്തീയുടെ മനസ്സിന്റെ രഹസ്യപേടകത്തിന്റെ താക്കോൽ (അക്ഷരത്തെറ്റ്).

ആധിപത്യ വ്യവഹാരങ്ങൾ സദാചാര ‘വരകളായും’ സാംസ്‌കാരിക ‘ചതുരങ്ങളായും’ കുടുംബ ബന്ധങ്ങളിൽ പ്രയോഗിക്കപ്പെടുന്നു. സ്ര്തീശരീരങ്ങളെ വരകൾക്കും വളയങ്ങൾക്കുമുള്ളിൽ തളച്ചിടുകയാണ് ഇതിന്റെ ലക്ഷ്യം. ‘പതിവുകൾ തെറ്റിക്കാനുള്ള’ ഭാനുമതിയുടെ ധൈര്യക്കേട് ആണധികാര വ്യവഹാരങ്ങൾ സ്ര്തീകളെ എത്രത്തോളം വിധേയസ്വത്വങ്ങളാക്കുന്നു എന്നതിന്റെ തെളിവാണ് (ഭാനുമതിയുടെ പ്രഭാതം). ഭർത്തൃഗൃഹത്തിലേക്ക് പോകുമ്പോൾ ‘വീണ കൊണ്ടുപോകണോ’ എന്ന ചോദ്യവും, ഭർത്താവുമായി പിണങ്ങിവരുമ്പോൾ ‘ജീവിതമാണോ വീണയാണോ വലുത്’ എന്ന ചോദ്യവും കൊച്ചുമകളോട് മുത്തശ്ശി ചോദിക്കുമ്പോൾ, സ്ര്തീ ‘അടങ്ങി ഒതുങ്ങി കഴിയേണ്ടവളാണെന്ന’ പുരുഷാധിപത്യ വ്യവഹാരമാണ് ആഘോഷിക്കപ്പെടുന്നത്. ‘ആണുങ്ങൾ വളർന്നുവന്നില്ലെങ്കിൽ സ്ര്തീകൾക്ക് ആരുമില്ലെന്ന’ പ്രസ്താവവും, ഭർത്താവ് സ്ര്തീയുടെ ശരീരത്തിന്റെ കാവൽക്കാരനും (ദേവി മാഹാത്മ്യം), ഉടമയുമാണെന്ന (രഘുവിന്റെ ഭാര്യ) സിദ്ധാന്തവും, പ്രസവം പോലും ഭർത്താവിന്റെ ഇച്ഛയ്ക്കനുസരിച്ചാവണമെന്ന പ്രമാണവും (ഭാനുമതിയുടെ പ്രഭാതം) കുടുംബങ്ങളിൽ നിലനിൽക്കുന്ന വ്യവഹാരങ്ങൾ എത്രത്തോളം ഭയാനകവും ഹിംസാത്മകവുമാണെന്ന് വെളിപ്പെടുത്തുന്നു. വീണ വായിക്കുന്നത് ‘താന്തോന്നിത്തരമാണെന്നും’ (പാലമില്ലാത്ത പുഴ), സ്ര്തീകൾക്ക് ‘ആശകൾ പാടില്ലെന്നുമുള്ള’ സാംസ്‌കാരിക ചൊല്ലുകൾ മനുഷ്യത്വ വിരുദ്ധമാണ്. ഇത്തരം നിഷേധാത്മക സദാചാര ശ്ലോകങ്ങളുടെ ‘ജനപ്രിയ’ ആഭാസ ഭാഷ്യമാണ് ‘ഗോഡ് ഫാദർ’ സിനിമയിലെ ‘പെണ്ണില്ലാത്തതാ അവരുടെ ശക്തി’, ‘ദ കിംഗ്’ സിനിമയിലെ ‘നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്’ തുടങ്ങിയ പുച്ഛം കലർന്ന സംഭാഷണങ്ങൾ.

കുതറി മാറുന്ന ‘രാക്ഷസരൂപികൾ’

ആണധികാരത്തിൽ അടിസ്ഥാനപ്പെട്ടതും സ്ഥാപനവത്കരിക്കപ്പെട്ടതുമായ സാമൂഹിക/സദാചാര ‘ചതുരങ്ങൾക്കും’ ‘വളയങ്ങൾക്കും’ മെരുങ്ങാത്ത ആർജവ കർത്തൃത്വങ്ങളാണ് മാനസിയുടെ രചനകളിലെ സ്ര്തീകഥാപാത്രങ്ങൾ. ജനാധിപത്യ വിരുദ്ധ പിതൃ ആധിപത്യ നീതികളുടെ അവസരോചിത ഔദാര്യത്തെ
ഗൃഹാതുരത്വത്തോടും ഭയത്തോടും വൈകാരികതയോടും ഉൾക്കൊള്ളാൻ നിർബന്ധിക്കുന്ന സ്ഥാപനകളെ നിർദയം പരിഹസിക്കുന്ന കഥയാണ് ‘ദേവി മാഹാത്മ്യം’. പുരുഷനോ ഭർത്താവോ മകനോ ഒക്കെ നിർമിച്ചു നൽകുന്ന സ്വത്വബോധത്തിന്റെ ദ്വന്ദ്വാത്മക നിർവചനങ്ങളിൽ കുടുങ്ങാതെ പുറത്തുകടക്കാൻ വെമ്പുന്ന സ്ര്തീകളെ തന്മയത്വത്തോടെ മാനസി അവതരിപ്പിക്കുന്നു. വിമോചനം ബദൽ ജ്ഞാന പരിസരങ്ങളുടെ രൂപീകരണത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. സ്വത്വപരിസരങ്ങളുടെ സർഗാത്മക വ്യാപനത്തിന് ഈ ജ്ഞാന നാടോടിത്തം ആവശ്യമാണ്. വരകൾക്കും ചതുരങ്ങൾക്കും ഇടയിലുള്ള ഇടങ്ങളാണ് സ്വതന്ത്രകർത്തൃത്വങ്ങളുടെ ഗർഭപാത്രം എന്ന തിരിച്ചറിവാണ് ഇത് (ധഭ ഠണളശണണഭ ലയടഡണല). അത് ഇതര ഇടങ്ങളുടെ നിഷേധമല്ല, ഇടങ്ങളുടെ പങ്കുചേരലും ജനാധിപത്യവത്കരണവുമാണ്. ഇടങ്ങളുടെ ഇണചേരൽ ബഹുസ്വര കർത്തൃത്വങ്ങളെ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

അനുവദിക്കപ്പെട്ട ഇടങ്ങൾക്കുള്ളിൽ ‘അടങ്ങി ഒതുങ്ങി’, ‘അനുസരണയോടെ’ ‘ഭർത്തൃ ഇഷ്ടം സ്വന്ത ഇഷ്ടമായി’ കരുതി ജീവിക്കുമ്പോൾ സ്ര്തീകൾ ദേവികളാണ് (ദേവി മാഹാത്മ്യം). എന്നാൽ
പുരുഷൻ വരയ്ക്കുന്ന സാംസ്‌കാരിക-സദാചാര വരകളിൽ തട്ടി വീഴാനുള്ളതല്ല സ്വന്തം ജീവിതമെന്ന് തിരിച്ചറിയുന്ന സ്ര്തീകൾ ‘ഭയക്കേണ്ടവരും’ ‘താന്തോന്നികളും’ (പാലമില്ലാത്ത പുഴ), ‘തർക്കു
ത്തരം’ (ഭാനുമതിയുടെ പ്രഭാതം) പറയുന്നവരുമാണ്. സ്ര്തീകൾ അനുസരിക്കുമ്പോൾ ‘ദേവി’യും, ധിക്കരിക്കുമ്പോൾ ‘രാക്ഷസരൂപികളു’മായി അടയാളപ്പെടുത്തപ്പെടുന്നു. യന്ത്രങ്ങളാകാൻ വിസമ്മതിക്കുന്നവരാണ് ‘രാക്ഷസരൂപികൾ’ (monsters). സ്വന്തമായ ഇടം കണ്ടെടുത്ത ‘തന്റേടി’കളെ സർഗാത്മകതയുടെ പര്യായമായി ‘monsters’ അഥവാ ‘രാക്ഷസരൂപികൾ’ എന്നാണ് Rosi Braidotti വിശേഷിപ്പിക്കുന്നത്. രാക്ഷസരൂപികൾ മെരുക്കാനാവാത്ത സ്വതന്ത്ര കർത്തൃത്വങ്ങളാണ്. ‘രാക്ഷസരൂപി’ എന്നതിന് ഗ്രീക്ക് ഭാഷയിൽ (teras) ‘ഇടങ്ങൾക്കിടയിൽ ഉള്ളവർ’ അഥവാ ‘സാധാരണ’യിൽ നിന്ന് വ്യത്യസ്തരായവർ എന്നാണ് അർത്ഥം.

മാനസി കാക്ക ഗെയ്റ്റിവയ്‌ ലിറ്റഫെസ്റ്റിൽ സംസാരിക്കുന്നു. കൽപ്പറ്റ നാരായണൻ, വി. ആർ. സുധീഷ്, മണർകാട് മാത്യു എന്നിവർ സമീപം.

മുലക്കരത്തിനെതിരെ സ്വന്തം മുലകൾ മുറിച്ച് എറിഞ്ഞ് പ്രതിഷേധിച്ച നങ്ങേലി ‘രാക്ഷസരൂപി’യാണ്. സാംസ്‌കാരിക തിട്ടൂരങ്ങൾക്ക് ഉടലുകളെ വിട്ടുകൊടുക്കാതെ, ഇടങ്ങൾക്ക് ഇടയിൽ സ്വന്തം ഉടലുകളെ നിർവചിക്കുന്നവരെ ‘രാക്ഷസരൂപികൾ’ എനന്ന് വിളിക്കാമെങ്കിൽ, മാനസിയുടെ സ്ര്തീകഥാപാത്രങ്ങൾ ‘രാക്ഷസരൂപികളാണ്’.

ലിംഗാധിഷ്ഠിത നിർവചനങ്ങളിൽ നിന്ന് കുതറി മാറാൻ കെല്പുള്ളവരാണ് മാനസിയുടെ സ്ര്തീകൾ. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ലിംഗാധിഷ്ഠിതമല്ലെനന്നു പറയുന്ന, രഹസ്യമായി ടെന്നീസ് കാണുന്ന ഭാനുമതിയും (ഭാനുമതിയുടെ പ്രഭാതം), തന്റെ മകന്റെ പിതൃത്വം അന്വേഷിക്കുമ്പോൾ ‘അത് അപ്രസക്ത
മായ ഒരു കഷണം വിവരം’ എന്നു പറയുന്ന സുമയും (അക്ഷരത്തെറ്റ്), വിവാഹബന്ധം വേർപെടുത്തിയപ്പോൾ ലഭിക്കുമായിരുന്ന നഷ്ടപരിഹാരത്തെ ‘തേഞ്ഞ മനസ്സിനും സമയത്തിനുമുള്ള
ഡിപ്രിസിയേഷൻ’ എന്നു പരിഹസിക്കുന്ന സുമയും (പാലമില്ലാത്ത പുഴ) ‘ഗർഭധാരണവും പ്രസവവും ബലഹീനതയല്ലേ’ എന്നു പറയുന്ന ശാലിനിയും (നിർവചനങ്ങളുടെ നിറഭേദങ്ങൾ), വിധവയുടെ ജീവിതം കുപ്പത്തൊട്ടിയിൽ കളയാനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന മിസസ് ഡിസൂസയും (യുഗത്തിന്റെ കറകൾ), സ്ര്തീ സംരക്ഷിക്കപ്പെടേണ്ടവളാണെന്ന പ്രാകൃത വ്യവഹാരത്തെ തള്ളിപ്പറയുന്ന സുമയും (പാലമില്ലാത്ത പുഴ), സ്ര്തീയുടെ ജീവിതം പുരുഷനോടുള്ള നന്ദിപ്രകടനമാണോ എന്ന് പരിഹാസരൂപേണ ചോദിക്കുന്ന ശാലിനിയും (നിർവചനങ്ങളുടെ നിറഭേദങ്ങൾ), ഉറക്കെ ചിരിക്കുന്ന സുമിതയും (ചില നക്ഷത്രങ്ങൾ മാത്രം) കുതറിമാറുന്ന സ്ര്തീത്വങ്ങളാണ്. ‘യുഗങ്ങളുടെ കറ’ പുരണ്ട പുരുഷാധിപത്യ നിർമിതികളിൽ നിന്ന് കുതറിമാറുന്ന സ്ര്തീകൾ സ്വന്തം ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. സ്വന്തം ജീവിതത്തിന്റെ അധികാരി താൻ മാത്രമാണെന്ന് പ്രഖ്യാപിക്കുന്നു (നിർവചനങ്ങളുടെ നിറഭേദങ്ങൾ).

കഥകൾ മാനസിക്ക് സാംസ്‌കാരിക താരാട്ടോ, സാരോപദേശസംവേദനമോ, ഒഴിവുസമയങ്ങളിലെ കുസൃതിയോ അല്ല, കലഹവും കലാപവുമാണ്. തങ്ങളുടെ ഇടത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ആർജവത്തോടെ സംസാരിക്കുന്ന, അഗ്നിനാവുള്ള ആളത്തങ്ങളാണ് മാനസിയുടെ സ്ര്തീകൾ. ആണത്തങ്ങളുടെ ദേവാസുര നിർമിതികളെ അവർ പരിഹസിക്കുന്നു. അവർ ഉടലുകളെ പടവാളുകളാക്കുന്നു. മാനസിക്ക് കഥയെഴുത്ത് പുരുഷന്റെ മേൽ ആധിപത്യം സ്ഥാപിക്കലല്ല, തന്റെ ഇടം തിരികെ പിടിക്കലാണ്, അത് കാൽക്കീഴിൽ ഉറപ്പിച്ചുനിറുത്തലാണ്.

Related tags : BookManasiMothy Varky

Previous Post

തടയണ കെട്ടുന്ന കാലത്തെ മാധ്യമ വിചാരം

Next Post

ദേവദാസി സമ്പ്രദായം – ചരിത്രപരവും പ്രാചീനവുമായ തുടർ വായന

Related Articles

വായന

ലോകകവിതയിലേക്കു തുറക്കുന്ന വാതിൽ

വായന

ഒരു സൗന്ദര്യയുദ്ധം

വായന

സേതുവിൻറെ കഥാലോകം പേടിസ്വപ്‌നത്തിന്റെ അറ്റം കാണാത്ത ദ്വീപുകള്‍

വായന

ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

വായന

പശ്ചിമഘട്ടത്തിന്റെ രാഷ്ട്രീയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ: മോത്തി വർക്കി

പരിസ്ഥിതി ദർശനം മതങ്ങളിൽ

ഡോ. മോത്തി വർക്കി 

(ലേഖനങ്ങൾ) ഡോ. മോത്തി വർക്കി മാതൃഭ്യൂമി ബുക്സ് വില: 320 രൂപ. ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വര...

മുയലുകൾ ഉറങ്ങാത്ത നാട്ടിൽ

ഡോ. മോത്തി വർക്കി 

കാലവും അകലവും മനുഷ്യന്റെ സാധ്യതകളെ മോഹിപ്പിക്കുകയും പരിമിതികളെ പരിഹസിക്കുകയും ചെയ്യുന്നു. മനുഷ്യപുരോഗതിയുടെ ഒരു പ്രധാന...

ട്വിങ്കിൾ റോസയും പന്ത്രണ്ട്...

ഡോ. മോത്തി വർക്കി 

മനുഷ്യന്റെ ഭാവനകളും സ്വപ്‌നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള...

സാറായിയുടെ മരുദേശങ്ങൾ: നീരാവിയാകുന്ന...

ഡോ. മോത്തി വർക്കി 

ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്....

ഇതിഹാസങ്ങൾ പൂരിപ്പിക്കപ്പെടുമ്പോൾ!

ഡോ. മോത്തി വർക്കി 

ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ...

ബംഗാളി കലാപം: ഭയം...

ഡോ. മോത്തി വർക്കി 

ആമുഖം പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ 'ബംഗാളി കലാപം'...

എന്റെ പച്ചക്കരിമ്പേ: അതിജീവനത്തിന്റെ...

ഡോ: മോത്തി വർക്കി 

മാനുഷികവും മാനുഷികേതരവുമായ ബന്ധങ്ങളുടെ സമ്യക്കായ കൂടിച്ചേരലും ഇടപഴകലും പരസ്പര വിനിമയവുമാണ് വാഴ്‌വിെന്റ ജൈവികത. ഈ...

പെൺകാക്ക: കറുപ്പിന് പറയാനുള്ളത്

ഡോ: മോത്തി വർക്കി 

ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത പ്രത്യാശയുടെ ചില സങ്കേതങ്ങളെ (ഉട്ടോപ്യകളെ) മുറുകെ പിടിക്കാനോ തിരികെ പിടിക്കാനോ...

സക്കറിയയും അക്രൈസ്തവനായ യേശുവും

ഡോ: മോത്തി വർക്കി 

സക്കറിയ ഒരു വിഗ്രഹഭഞ്ജകനാണ് (iconoclast). ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ചുവളർന്ന സക്കറിയയുടെ യേശുവിനെക്കുറിച്ചുള്ള കഥകളെല്ലാം ദൈവശാസ്ര്ത...

ശരീരങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ!

ഡോ: മോത്തി വർക്കി 

പിതൃ ആധിപത്യനീതികളുടെ എല്ലാ ജ്ഞാന-ശാസന പ്രയോഗ രൂപങ്ങളെയും സാധൂകരിക്കാനുള്ള എളുപ്പവഴി അവയെ സ്വാഭാവികവത്കരിക്കുകയാണ്. കാലങ്ങളെയും...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven