• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നവനോവൽ പ്രസ്ഥാനവുമായി എം.കെ. ഹരികുമാർ

എം.സി.രാജനാരായണൻ April 10, 2018 0

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാള സാഹിത്യ ലോകത്തു
തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു എഴുത്തുകാരനാണ്
എം.കെ. ഹരികുമാർ. നോവലിന്റെ രൂപഘടനയിൽ പരീക്ഷണങ്ങൾ
നടത്തുന്നതിൽ ഹരികുമാർ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു.
അദ്ദേഹത്തിന്റെ ജലഛായ (2014 ), ശ്രീനാരായണായ (2015 ),
വാൻഗോഗിന് (2017) എന്നീ നോവലുകൾ തികച്ചും വ്യത്യസ്തമായ
വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

എം.സി. രാജനാരായണൻ: സുദീർഘമായ ഒരു കാലയളവ് –
കൃത്യമായി പറഞ്ഞാൽ മുപ്പത്തഞ്ച് വർഷമായി താങ്കൾ എഴുത്തു
തുടങ്ങിയിട്ട്. 1982-ൽ ‘അംഹബോധത്തിന്റെ സർഗാത്മകത’ എന്ന
ലേഖനം ‘സംക്രമണം’ മാസികയിൽ വന്നതുമുതലുള്ള കാര്യ
മാണ് ഞാൻ പറയുന്നത്. ഇതിനിടയിൽ, അതായത് 2014-ൽ ‘ജ
ലഛായ’, 2015-ൽ ‘ശ്രീനാരായണായ’, 2017-ൽ ‘വാൻഗോഗിന്’
പ്രസിദ്ധീകരിച്ചു, താങ്കൾ മൂന്നു വളരെ വ്യത്യസ്തമായ നോവലുകൾ
എഴുതി സ്വയം നവീകരിക്കുകയോ കൂടുതൽ സ്വയം കണ്ടെ
ത്തുകയോ ചെയ്തിരിക്കുന്നു. സർഗാത്മകമായ ഒരു കലാപമാണ്
ഈ കൃതികളിലൂടെ താങ്കൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കാണാൻ
വിഷമമില്ല. ഈ കലാപത്തെ താങ്കൾ ആദ്യകാല നിരൂപണ
ലേഖനങ്ങൾ മുതൽ വിഭാവന ചെയ്തിരുന്നതാണോ?

എം.കെ. ഹരികുമാർ: നിരൂപണമെഴുതി തുടങ്ങുന്ന കാലത്തും
എനിക്ക് അജ്ഞാതമായതിനു നേർക്ക് വളരെ കൗതുകത്തോടെ
ഞാൻ നോക്കുമായിരുന്നു. തോറോ പറഞ്ഞതുപോലെ വായിക്കുമ്പോൾ
എന്തുകൊണ്ട് ഏറ്റവും നല്ലതു വായിച്ചൂകൂടാ എന്ന് ഞാനും
ചിന്തിച്ചിരുന്നു. ലോകത്തിൽ നിലവിലുള്ളതിൽ വച്ചേറ്റവും
മികച്ച രീതിയിൽ തന്നെ തുടങ്ങണം. പിന്നീട് അതിനപ്പുറത്തേക്ക്
പോകണം. ‘ആത്മായനങ്ങളുടെ ഖസാക്ക്’ (1984) ഒരു നോവലി
നെക്കുറിച്ച് മാത്രമായി എഴുതിയ ലേഖനമല്ല; പുസ്തകമാണ്. അന്ന്
വിജയന് ഇത്രയും സ്വീകാര്യതയും ഇല്ലായിരുന്നു. എനിക്കി
ഷ്ടമുള്ള ഭാഷയിൽ എഴുതി. അക്കാദമിക്കുകളെയോ ബ്യൂറോക്രാറ്റുകളെയോ
പ്രസാധകരെയോ വകവയ്ക്കാതെ നിരൂപണം എഴുതാമെന്നും
അതിൽ ആത്മപ്രകാശനം സാധ്യമാകുമെന്നും ഞാൻ
തെളിയിച്ചു. സമ്പൂർണമായും ആത്മനിഷ്ഠമായി, ഏകാകിതയോടെ,
ആന്തരികമൗനത്തോടെ, അങ്ങേയറ്റം അന്തർമുഖതയിൽ ഉണ്ടായ
ഒരേയൊരു നിരൂപണകൃതിയേ നമ്മുടെ ഭാഷയിൽ ഉള്ളൂ;
അത് ‘ആത്മായനങ്ങളുടെ ഖസാക്ക്’ആണ്. അത് മനസിലാകുന്നി
ല്ലെന്ന് പറയുന്നവർ അക്കാദമിക് പാരമ്പര്യത്തിൽ വന്ന അനുസരണയുള്ള
കുട്ടികളാണ്. എന്തിനാണ് മനസിലാകന്നത്? അതുപയോഗിച്ച്
ഭാവന ചെയ്യാനാണ് ശീലിക്കേണ്ടത്. ഒരു കറി ഉണ്ടാക്കി
യത് എങ്ങനെയാണെന്ന് മനസിലാക്കുന്നതും ആത്മായനങ്ങളുടെ
ഖസാക്ക് മനസിലാക്കുന്നതും വ്യത്യസ്തമാണ്.

എം.സി. രാജനാരായണൻ: താങ്കളുടെ മൂന്നു നോവലുകൾ മലയാളത്തിൽ
ഒരു പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നതിലേക്കാണ്
നീങ്ങുന്നത്. ഒരു ഓൺലൈൻ മാസികയിൽ എഴുതിയ ലേഖനത്തിൽ
താങ്കൾ ഇത് സൂചിപ്പിക്കുകയും ചെയ്തു. താങ്കൾ ആദിമധ്യാന്തമില്ലാത്ത
വിവരണരീതി അവലംബിക്കുകയും ഒരു പ്രമേയത്തിന്റെ
ആധിപത്യത്തെ ചെറുക്കുകയും ചെയ്തിരിക്കുകയാണ്.
താങ്കളുടെ നോവലുകൾ എങ്ങനെയാണ് പിറന്നത്?

എം.കെ. ഹരികുമാർ: വളരെ ദീർഘിച്ച ഒരു കാലയളവിലെ മനനത്തിൽനിന്നും
വായനയിൽ നിന്നുമാണ് ഞാൻ നവീകരണം
എന്താണെന്ന് ഉൾക്കൊണ്ടത്. ഒരു സാമ്പ്രദായിക നോവൽ രചി
ച്ചാൽ പെട്ടെന്ന് ധാരാളം പേർ വായിച്ച് തലകുലുക്കുകയും അവാർ
ഡുകൾ കിട്ടുകയും ചെയ്യുമായിരിക്കും. എനിക്ക് സ്വന്തമായി എന്തെങ്കിലും
സംഭാവന ചെയ്യേണ്ടതുണ്ട്. നോവൽ മറ്റെന്തെങ്കിലും
വിവരിക്കാനുള്ള ഒരു മാധ്യമമല്ല, നോവലിൽ ഒരു കലയുണ്ട്. കലാകാരനല്ലാത്തവൻ
നോവലെഴുതിയാൽ ചരിത്രമോ ഫീച്ചറോ
ആയി മാറും. സൗന്ദര്യാത്മകമായ അന്വേഷണങ്ങളും തൃഷ്ണകളുമാണ്
എന്നെ നോവലെഴുതാൻ പ്രേരിപ്പിക്കുന്നത്. നാടിന്റെ ച
രിത്രമോ, സാമൂഹ്യജീവിതമോ അതിൽ തലകാണിച്ചു പോകുന്നുണ്ടാകും.
പക്ഷേ, സൗന്ദര്യാത്മകമായ പരീക്ഷണം ഒരു പ്രചോദനമാണ്.
ഇത് ബോധപൂർവം സംഭവിക്കുന്നതുമല്ല. സവിശേഷമായ
ഒരു മനസിൽ നിന്നേ നോവൽ ഉണ്ടാകുന്നുള്ളൂ. ആ മനസി
ന്റെ ഘടനയ്‌ക്കൊത്താണ് രൂപം നിശ്ചയിക്കപ്പെടുന്നത്. പുതിയ
രൂപം എന്താണോ, അത് പറയാനുള്ള കാര്യങ്ങളെ ആശ്രയിച്ചിരി
ക്കുന്നു. വായിക്കുന്നവന്റെ മനസിൽ കഥയും സംഭാഷണങ്ങളും
പ്രകൃതിയും ചേർന്ന് നോവൽ രൂപം കൊള്ളുകയാണ്. നോവൽ
ഒരു സാങ്കല്പിക ലോകമാണ്. ഫിക്ഷൻ എന്നാൽ യഥാർത്ഥമല്ലാത്തത്
എന്നാണല്ലോ അർത്ഥം. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ
നോവലിസ്റ്റ് എഴുതേണ്ട. അത് വാർത്തയോ ലേഖനമോ
ആയി വന്നുകൊള്ളും.

എം.സി. രാജനാരായണൻ: എന്തുകൊണ്ടാണ് താങ്കൾ നോവലെഴുതുന്നത്?
സൗന്ദര്യാത്മകത മാത്രമായാൽ നോവൽ ഉണ്ടാകുമോ?
മനുഷ്യൻ ഒരു മിത്താണെന്ന് താങ്കൾ ‘ജലഛായ’യുടെ
ആമുഖത്തിൽ എഴുതിയിട്ടുണ്ട്. ‘ജലഛായ’ വളരെ അപകടകരമായ
ഒരു വായനയിലേക്കാണ് കൊണ്ടുപോകുന്നത്. ആഴക്കിണറി
ലേക്ക് ഒരാളെ വലിച്ചെറിയുന്നപോലെയുള്ള അവസ്ഥ.
എം.കെ. ഹരികുമാർ: സൗന്ദര്യം സൃഷ്ടിക്കാൻ കഴിയുമ്പോഴേ
നോവൽ ആത്യന്തികമായ കലയാകുന്നുള്ളൂ. അത് വായനയ്ക്കുള്ള
ഒരു പൊതുവിഭവമല്ല. പൊതുവിഭവമായി കൊണ്ടാടപ്പെ
ടുന്ന വേറെ കൃതികൾ നമുക്കുണ്ടല്ലോ. അതുപോലെ ഞാനും എഴുതേണ്ടതില്ല.
എന്നെ ത്വരിപ്പിക്കുന്ന, പിടിതരാതെ കുഴയ്ക്കുന്ന,
വ്യാമോഹിപ്പിക്കുന്ന, കണ്ടെത്താൻ കൊതിപ്പിക്കുന്ന ഉഗ്രസൗന്ദ
ര്യത്തിന്റെ ഒരുപാട് മുഹൂർത്തങ്ങളുണ്ട്. നേരിയ പ്രകാശകണംപോലെ
അത് ദൂരേക്ക് മാറുകയാണ്. അതിനു പിന്നാലെ പോയി
മോഹാലസ്യപ്പെടുന്നത് പതിവാണ്. പ്രകൃതിയുടെ സൗന്ദര്യത്തി
ന് മനുഷ്യനുമായി ഒരു ബന്ധവുമില്ല. സുന്ദരമായ ഒരു പൂമരത്തി
നു ചുവട്ടിൽ നിന്നാലും കൊടുങ്കാറ്റടിക്കും. അതുകൊണ്ട് മനുഷ്യൻ
അവന്റെ സൗന്ദര്യവും നിയോഗവും കണ്ടെത്താൻ വിധിക്കപ്പെടുന്നു.
എം.സി. രാജനാരായണൻ: ജലഛായ വിഭ്രാമകമായ ഒരു നോവലാണെന്ന്
പറയാം. രണ്ടു ലക്ഷത്തോളം ദളിത് യുവാക്കളെ പത്തൊൻപതാം
നൂറ്റാണ്ടിൽ കൊന്നതിന്റെ വിവരണം ഞെട്ടലുണ്ടാക്കും.
താഴ്ന്ന ജാതിക്കാരായ പെണ്ണുങ്ങളുടെ മുല കാണാൻ സന്ധ്യകളിൽ
നടത്താറുണ്ടായിരുന്ന മുലയുത്സവം താങ്കൾ എങ്ങ
നെ സ്വരൂപിക്കുന്നു? സർപ്പങ്ങളുടെ കഥകളി എന്ന പുതിയൊരു
കലാരൂപം നോവലിലുണ്ട്. കാഫ്കയുടെ അപ്രകാശിത കഥ എന്ന
പേരിൽ ഒരു കഥ അവതരിപ്പിക്കുന്നുണ്ട്. കാഫ്കയുടേതിനു
സമാനമായ അനുഭവ ലോകമാണതിലുള്ളത്. മലയാള സാഹി
ത്യത്തിലാദ്യമായി രണ്ടുതരം ഉറുമ്പുകളുടെ പകയും യുദ്ധവും അവതരിപ്പിക്കുന്നു.
നോവൽ എന്ന രൂപത്തെ താങ്കൾ പുനർനിർമി
ക്കുകയാണോ ചെയ്യുന്നത്?

എം.കെ. ഹരികുമാർ: നോവൽ എനിക്ക് പുതിയതാണ്. ആ
മാധ്യമം എന്നിലൂടെ വരുമ്പോൾ പുതിയ ഒരു രൂപമാണ്. അതിനു
നിലവിലുള്ള ഒരു രൂപവുമായും ബന്ധമില്ല. നോവൽ എന്ന രൂപത്തിൽ
ഞാൻ എന്റെ കലാസങ്കല്പവും ജീവിതാനുഭവവുമാണ് ആവിഷ്‌കരിക്കുന്നത്.
ഞാൻ നേരിട്ട യഥാർത്ഥ ജീവിതത്തിൽനിന്ന്
പ്രതീതിതലത്തിലേക്ക് ഉയിർകൊള്ളുന്നതാണ് നോവലിൽ പ്രത്യ
ക്ഷമാകുന്നത്. എന്റെ സൗന്ദര്യനിർമാണമാണത്. ഇത് ഒരു പുതി
യ കലാനുഭവമാണ്. അതുകൊണ്ടാണ് ജലഛായ ഒരു നവനോവൽ
പ്രസ്ഥാനത്തിനു കാരണമാകുന്നത്. അതിലെ ആഖ്യാനത്തി
നു, ഉള്ളടക്കത്തിനു സമാനമായി വേറൊന്നില്ല.
‘ജലഛായ’യിൽ ചരിത്രത്തിലെയും കലയിലെയും സിനിമയി
ലെയും ധാരാളം വ്യാജബിംബങ്ങൾ വന്ന് ജീവിതത്തെക്കുറിച്ചുള്ള
പ്രതീതിചിന്ത സൃഷ്ടിക്കുന്നു. യഥാർത്ഥത്തിൽ ഉണ്ടായിരുന്ന
വർ മറ്റൊരാളായി വരുന്നു. ഉദാഹരണത്തിനു സംവിധായകൻ
ജോൺ എബ്രഹാം നോവലിൽ വരുന്നത് സർപ്പങ്ങളുടെ കഥകളിയുടെ
ഉപജ്ഞാതാവായാണ്. സംവിധായകൻ ഡിസീക്ക വരുന്നത്
സഭാപ്രവർത്തനത്തിലും യേശുചരിത്രത്തിലും താത്പര്യ
മുള്ള ഒരു പുനർവായനക്കാരനായാണ്. പഴയ ജോൺ എബ്രഹാം
തന്നെയോ പുതിയ ജോൺ എബ്രഹാം എന്ന സംശയം ഉയരാം.
അത് ഒരു മതിഭ്രമമാണ്. ഇന്ന് കേവലയുക്തികൊണ്ടോ, സമ്പൂർ
ണമായ കാല്പനികതകൊണ്ടോ യാഥാർത്ഥ്യം സൃഷ്ടിക്കാനാവി
ല്ല. കലയുടെ ആവശ്യത്തിനാണ് ഈ പിറവി.

എം.സി. രാജനാരായണൻ: താങ്കളുടെ നോവലുകളിലെ പല
ഭാഗങ്ങളെയും മെറ്റാ ലിറ്ററേച്ചർ എന്ന് വിളിക്കാമെന്ന് തോന്നുന്നു.
എന്താണ് താങ്കൾ സ്യൂഡോ റിയലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
യാഥാർത്ഥ്യത്തിനു പകരം വ്യാജടെക്സ്റ്റുകൾ എന്ന
ആശയമാണോ?

എം.കെ. ഹരികുമാർ: എം.സി. നേരത്തേ പറഞ്ഞില്ലേ, എന്റെ
നോവലുകൾ ഒരു പ്രസ്ഥാനത്തിലേക്ക് ചലിക്കുകയാണെന്ന്. അതിന്റെ
വിശദീകരണമാണ് പുതിയ ടെക്സ്റ്റിന്റെ നിർമാണവും സ്യൂഡോ
റിയലിസവും സ്വപ്നങ്ങൾക്കുള്ളിലെ സ്വപ്‌നം എന്ന സമീപനവും.
പുതിയ ടെക്സ്റ്റ് നിർമിക്കുക ഏറ്റവും പ്രയാസമേറിയ കാര്യമാണ്.
‘ജലഛായ’യിലെ ഉറുമ്പുകളുടെ യുദ്ധം, പ്രാണികളുടെ
ക്ഷേത്രം, മുലയുത്സവം തുടങ്ങിയവ പുതിയ ടെക്സ്റ്റാണ്. അതായത്,
ഇതുപോലുള്ള വിവരണം എവിടെയുമില്ല. ആദ്യമായാണ്
ഈ ടെക്സ്റ്റ് ഉണ്ടാകുന്നത്. ‘ശ്രീനാരായണായ’യിൽ താമരപ്പൂവി
നെക്കുറിച്ച്, ശലഭങ്ങളുടെ മരണസിദ്ധാന്തത്തെക്കുറിച്ച്, സൂര്യോദയത്തെക്കുറിച്ച്,
മനുഷ്യാവയവങ്ങളെക്കുറിച്ച് എല്ലാം വിവരിക്കുന്ന
ഭാഗങ്ങൾ പ്രത്യേകിച്ച് പുതിയ ടെക്സ്റ്റാണ്. താമരയ്ക്ക് എന്തുകൊണ്ട്
ഇന്ത്യയുടെ സാഹിത്യത്തിൽ ഇത്ര പ്രാധാന്യം കിട്ടി
യെന്ന് ആരും എഴുതിയിട്ടില്ല. ഇതാദ്യമായാണ് ഒരു ടെക്സ്റ്റ് ഉണ്ടാകുന്നത്.
എന്റെ നോവലുകളിലെ മുഴുവൻ വിവരണവും പുതുതായി
ഉണ്ടായ ടെക്സ്റ്റാണ്. ഒരു പുതിയ നിർമാണ രീതിയാണ്. സ്യൂഡോ
റിയലിസം അഥവാ വ്യാജയാഥാർത്ഥ്യം എന്നത് എന്റെ നോവലുകളിലെ
ആഖ്യാനത്തിനു ഞാൻ നൽകിയ പേരാണ്. ഏത്
യാഥാർത്ഥ്യവും അതിന്റെ ഫിക്ഷനാകാൻ വിധിക്കപ്പെട്ടിരിക്കുന്നു.
യാഥാർത്ഥ്യത്തിനുള്ളിലെ അവ്യക്തവും വികസ്വരവുമായ അടരുകളാണ്
ഞാൻ തിരക്കുന്നത്. ഭ്രമകല്പനകളിലൂടെ നാം ചെന്നുചേരുന്നത്
ഒരു യാഥാർത്ഥ്യത്തിലായിരിക്കും. ഇല്ലാത്ത പുസ്തകങ്ങൾ,
ഇല്ലാത്ത ഉദ്ധരണികൾ, സാങ്കല്പിക എഴുത്തുകാരുടെ സാങ്കല്പിക
ചരിത്രം എന്നിവയെല്ലാം സ്യൂഡോ റിയലിസത്തിന്റെ പ്രത്യേകതകളാണ്.
നിർവചിക്കപ്പെട്ട യാഥാർത്ഥ്യം ഭാവനയെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ്
ഭാവനാധിഷ്ഠിതമായ യാഥാർത്ഥ്യം വേണ്ടിവരുന്നത്.

എം.സി. രാജനാരായണൻ: ആധുനിക കേരളത്തിന്റെ നിർമാണത്തിൽ
മുഖ്യ പങ്കു വഹിച്ച ശ്രീനാരായണഗുരുവിനെ കേന്ദ്രസ്ഥാനത്ത്
നിറുത്തി താങ്കൾ എഴുതിയ ‘ശ്രീനാരായണായ’ ഗുരുവിനെക്കുറിച്ചുള്ള
കൃതിയല്ല എന്ന് താങ്കൾ ഒരു ലേഖനത്തിൽ എഴുതി
യത് ആശയക്കുഴപ്പം ഉണ്ടാക്കില്ലേ?

എം.കെ. ഹരികുമാർ: ആ പ്രസ്താവന എന്റെ ഒരു സൗന്ദര്യാത്മക
വിചിന്തനത്തിന്റെ ഭാഗമാണ്. ഗുരു നോവലിലുണ്ട്. പക്ഷേ,
ഗുരുവിന്റെ ജീവിതത്തിലെ സംഭവങ്ങളോ, ഗുരുവിന്റെ അനുയായികളോ,
കാലമോ ഒന്നും ആ നോവലിൽ പ്രാധാന്യം നേടുന്നി
ല്ല. ഗുരു പ്രത്യക്ഷതയിലുണ്ട്. എന്നാൽ ടെക്സ്റ്റ് വേറെയാണ്. അതിൽ
ഗുരുവുമായി സമ്പർക്കമുണ്ടായിരുന്ന ഏതാനും പേർ മാത്രം
വന്നുമറയുന്നു. പക്ഷേ, ടെക്സ്റ്റ് എന്റേതാണ്. ഗുരുവിന്റെ രചനാശകലങ്ങൾ
ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ടെക്സ്റ്റ് ഞാൻ കണ്ടെത്തി
യതാണ്. അതായത്, വിവരണം എന്റെ ദാർശനികാന്വേഷണത്തിൽ
നിന്നുണ്ടായതാണ്. ഞാൻ പുതുതായി ചിലത് കണ്ടെത്തുന്നു.
എന്റെ നവാദ്വൈതമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാഷയി
ലെ സൗന്ദര്യാത്മകത മറ്റൊരു ആവിഷ്‌കാരമായി ഉരുത്തിരിയുന്നു.
ഗുരുവിന്റെ ജീവിതവും ദർശനവും എന്റെ നോവലിൽ മറ്റൊരു തലത്തിലേക്ക്
പ്രവേശിക്കുകയാണ്. ഏറ്റവും നവീനമായി വീക്ഷ
ണവും സൗന്ദര്യബോധവും നോവലിൽ പ്രധാനമായിത്തീരുന്നു.
ഗുരുവിനെ ഈ രീതിയിൽ അവതരിപ്പിക്കുന്നത് ചരിത്രത്തിലാദ്യ
മാണ്. ആധുനികതയും ഉത്തരാധുനികതയുമെല്ലാം എന്റെ ശൈലീപരമായ
നവീനതയുടെ ഭാഗമായി ചിലയിടങ്ങളിൽ അനുഭവപ്പെടാം.
ശ്രീനാരായണായ സാഹിത്യകലയുടെ പാരമ്യമാണ്. സാഹിത്യകലയ്ക്ക്
എത്രത്തോളം പോകാമോ അവിടെവരെ ഈ നോവൽ
പോകുന്നു. ഇത് അൾട്ടിമേറ്റ് സാഹിത്യമാണ്. അതുകൊണ്ടാണ്
പ്രശസ്ത സാഹിത്യകാരി പി. വത്സല ഇത് വായിച്ച്, സാഹി
ത്യാനുഭവത്തിന്റെ പാരമ്യത്തിലേക്ക് കൊണ്ടുപോയി എന്ന് എനി
ക്ക് എഴുതിത്തന്നത്.
ഭോപ്പാലിൽ നിന്ന് വലിയ വായനക്കാരനും ജ്ഞാനദാഹിയുമായ
തുളസീധരൻ പറഞ്ഞത്, ഈ നോവൽ ഉപനിഷത് കാലഘട്ടത്തിലെ
മഹാരചനകളെ ഓർമിപ്പിച്ചുവെന്നാണ്. പവിത്രമായ
വാക്കുകളിൽ അദ്ദേഹം പറഞ്ഞത്, ഈ നോവൽ ദൈവനിയോഗത്താൽ
എഴുതപ്പെട്ടു എന്നാണ്.

എം.സി. രാജനാരായണൻ: ‘ശ്രീനാരായണായ’ ഒരു ഋജുവായ
കഥപറയുന്നില്ല. പതിനഞ്ച് എഴുത്തുകാരുടെ രചനകളുടെ സമാഹാരം
എന്ന നിലയിലാണ് നോവൽ സങ്കല്പിച്ചിരിക്കുന്നത്. ഋതു
പോലുള്ള പരീക്ഷണങ്ങൾ മലയാളത്തിൽ സ്വീകരിക്കപ്പെടുമെന്ന്
കരുതാൻ കാരണം?

എം.കെ. ഹരികുമാർ: ഒന്ന് ദർശനം ലഭിക്കാൻവേണ്ടി നെട്ടോട്ടമായിരുന്നു.
മുപ്പത്തിയഞ്ച് വർഷത്തെ പരിശ്രമമുണ്ട്. 2010-ലാണ്
യഥാർത്ഥ നവാദ്വൈത ദർശനം എനിക്ക് ലഭിച്ചത്. ‘എന്റെ
മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിലാണ് ആ ദർശനം ആദ്യമായി
തത്വചിന്താപരമായി അവതരിപ്പിച്ചത്. പിന്നീട് ‘സാഹിത്യത്തി
ന്റെ നവാദ്വൈതം’, ‘മറവിയുടെ നിർമാണം’ തുടങ്ങിയ കൃതികൾ
എഴുതി. ഇപ്പോൾ എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ എന്ന
പേരിൽ എന്റെ ദർശനങ്ങളുടെ ഒരു സമഗ്രരൂപവും ഇറങ്ങി.
മലയാളത്തിന് അന്യമായ രചനാരീതിയാണ് മൂന്നു നോവലുകളിലും
ഞാൻ പരീക്ഷിച്ചത്. പക്ഷേ അത് വായിച്ച് ആവേശം കൊണ്ട്
എന്നെ വിളിച്ചവരുണ്ട്. അവരെ ഞാൻ ആദരിക്കുന്നു. ആരുടെയും
പ്രേരണയില്ലാതെ വായിക്കുകയും ഉൾക്കൊള്ളുകയും ചെ
യ്ത അവരിലാണ് ഞാൻ മലയാളത്തിന്റെ മഹത്വം കാണുന്നത്.
ഏതിന്റെയെങ്കിലും വാലായി നിന്നാൽ പിന്നെ ഒരു രക്ഷയുമില്ല.
സ്വതന്ത്രമായി ചിന്തിക്കാനാവില്ലല്ലോ.

എം.സി. രാജനാരായണൻ: മഹത്തായ ഈ നോവൽ മാതൃകകളും
സിദ്ധാന്തങ്ങളും മുൻനിര പ്രസിദ്ധീകരണങ്ങളിൽ കുറച്ചൊക്കെയാണ്
വന്നിട്ടുള്ളത്. എന്തുകൊണ്ടാണ് താങ്കൾ ഇതെല്ലാം
ഒരു വലിയ സമൂഹത്തിന്റെ മുന്നിലേക്കെത്തുന്നതിൽ താത്പ
ര്യം കാട്ടാത്തതെന്ന് ചിന്തിച്ചുപോവുകയാണ്.

എം.കെ.ഹരികുമാർ: എനിക്ക് നല്ലപോലെ പിന്തുണ കിട്ടുന്നുണ്ട്.
എത്രയോ വായനക്കാർ എന്നെ സ്‌നേഹിക്കുന്നുണ്ട്! ഞാനുമായി
സൗഹൃദമുള്ള ധാരാളം പേരുണ്ട്. ഞാൻ നിരന്തരമായ രച
നകളിലാണ്. ഇത് സാധ്യമാകുന്നത് എനിക്ക് നല്ല പിന്തുണ കിട്ടുന്നതുകൊണ്ടാണ്.
എന്നാൽ ചില മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ
എന്നെ തൊട്ടുകൂടാത്തവനാക്കി നിർത്തിയിരിക്കുകയാണ്. അത്
അവരുടെ ആവശ്യമായിരിക്കും. വളരെ മൗലികമായി ചിന്തിക്കുകയും
സിദ്ധാന്തങ്ങളുടെ നിർമാണത്തിൽ ഇടപെടുകയും അതിനു
തക്കതായ നോവലുകളിലൂടെ ഒരു പ്രസ്ഥാനംതന്നെ ഉണ്ടാവുകയും
ചെയ്യുമ്പോൾ അസഹിഷ്ണുതയും കുശുമ്പും ഉണ്ടാവുക
സ്വാഭാവികമാണ്. എന്റെ കാര്യത്തിൽ, തൊട്ടുകൂടായ്മയെ അതി
ജീവിച്ചാണ് ഞാൻ എഴുതിയത്. എനിക്ക് അവർ മഹാപിന്തുണ
തരാത്തത് നല്ലതിനായിത്തീർന്നു. അതുകൊണ്ടുകൂടിയാണ് മികച്ചതെന്തെങ്കിലും,
സമാനതകളില്ലാത്തത്, സൃഷ്ടിക്കണമെന്നുള്ള
വാശി എനിക്കുണ്ടാക്കിത്തന്നത്. നവാദ്വൈതമൊക്കെ ഉണ്ടായതി
ന്റെ പിന്നിൽ ഈയൊരു സവിശേഷമായ ഏകാന്തതയുണ്ട്. ശ്രദ്ധാപൂർവം
വായിക്കുക എന്നതാണ് യഥാർത്ഥ വായന. മറ്റാരുടെയും
സഹായമില്ലാതെ സാഹിത്യമാസ്വദിക്കാൻ കഴിയുന്ന ഒരു
സംസ്‌കാരം വന്നാലേ ഇതുപോലുള്ള നൂതന സംരംഭങ്ങൾ പെട്ടെന്ന്
തിരിച്ചറിയപ്പെടൂ.

എം.സി. രാജനാരായണൻ: താങ്കളുടെ പ്രസിദ്ധമായ ‘അക്ഷ
രജാലക’ത്തെക്കുറിച്ച് ഞാൻ ഒരു ലേഖനമെഴുതിയത് ഓർക്കുമല്ലോ.
അതിനു ലഭിച്ച വലിയ അംഗീകാരം മാത്രമായിരുന്നില്ല കാരണം.
അതൊരു തിരുത്തൽ ശക്തിയായി മാറി എന്നതാണ്. നമ്മുടെ
ലേഖനങ്ങളിൽ നിന്ന് സ്വത്വം എന്ന വാക്ക് ഇപ്പോൾ ഏതാണ്ട്
ഒഴിവാക്കപ്പെട്ടു എന്ന് കാണാം. താങ്കളുടെ ശക്തമായ വിമർശനം
ഇതിനു കാരണമായിട്ടുണ്ട്. ഇപ്പോൾ നോവലിലേക്ക് താങ്കൾ വന്നതോടെ
അവിടെ ഒരു പുതിയ ക്രമം ഉണ്ടാവുകയാണ്. പ്രമേയം,
അതിന്റെ വികാസം, ഘടന, ഭാഷ എന്നീ കാര്യങ്ങളിൽ സമ്പൂർ
ണമായ വ്യതിയാനമാണ് താങ്കളുടെ നോവലുകൾ കൊണ്ടുവന്നി
രിക്കുന്നത്. ഈ നിലപാട് ഇനി മലയാള നോവലുകളെ നിരൂപണം
ചെയ്യുന്ന ഘട്ടത്തിൽ താങ്കൾക്കുതന്നെ പരിമിതി സൃഷ്ടിക്കി
ല്ലേ?

എം.കെ. ഹരികുമാർ: ഞാനെഴുതിയ നോവലുകൾ അടിസ്ഥാനമാക്കി
എനിക്ക് മറ്റുള്ളവരുടെ നോവലുകൾ വിലയിരുത്താനാകില്ലല്ലോ.
മറ്റ് നോവലുകൾ വായിക്കുമ്പോൾ, ഞാൻ അതിനു പറ്റിയ
സൗന്ദര്യബോധം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഒരേ
കാഴ്ചപ്പാടു വച്ച് എല്ലാ കൃതികളെയും കാണാനാവില്ല. പുരോഗമന
സാഹിത്യകാരന്മാരൊക്കെ അങ്ങനെയാണ്. എന്നാൽ എനി
ക്ക് ഓരോ കൃതിയുടെയും പാരായണവേളയിൽ അതിനനുസരി
ച്ചുള്ള സ്വകീയദർശനങ്ങൾ രൂപപ്പെട്ടുവരികയാണ് ചെയ്യുക. ഇത്
എന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവനയുടെ
വിപുലീകരണമാണ്. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ വായിക്കുമ്പോൾ,
അതിനെക്കുറിച്ച് ഇതുവരെ പറയപ്പെട്ട എല്ലാ വർ
ത്തമാനങ്ങളും നിരാകരിക്കാനാവും ഞാൻ ശ്രമിക്കുക. എന്റെ ചി
ന്താരീതിയാണിത്.

എം.സി. രാജനാരായണൻ: താങ്കളുടെ നോവലിസ്റ്റുകൾ ആരെല്ലാമാണ്.
കാഫ്ക, കാമു തുടങ്ങിയവരാണോ?

എം.കെ. ഹരികുമാർ: കാഫ്കയെ ഒഴിവാക്കിക്കൊണ്ട് ഒരു ഗൗരവപൂർണമായ
സാഹിത്യ ചർച്ച സാധ്യമല്ല. കാഫ്ക പുതിയ സൗന്ദര്യം
സൃഷ്ടിക്കുകയായിരുന്നു. എന്നാൽ നോവൽ രൂപത്തിൽ എനിക്ക്
കാഫ്ക ഒരു പ്രചോദനമല്ല. കാമുവും നോവൽ രൂപത്തെ
നബോക്കോവിനെപ്പോലെ പരിഷ്‌കരിച്ചിട്ടില്ല. ഒരു നിയമവും ബാധകമല്ലാതെ
എഴുതുന്നവരെ ഞാൻ എപ്പോഴും കൗതുകത്തോടെ
നോക്കും. ജന്നിഫർ ഇഗാൻ പറഞ്ഞു, അർത്ഥത്തിനുള്ളിലെ അർ
ത്ഥത്തെ അന്വേഷിക്കണമെന്ന്. എഴുതുമ്പോൾ നിലവിലുള്ള അഭിരുചിയെ
ചോദ്യം ചെയ്യണം. ജൂലിയോ കോർട്ടസാർ, റോബ്ബേ
ഗ്രിയേ, യോസ, ഡോൺ ഡെലിലോ, കുർട്ട് വോണിഗട്ട് തുടങ്ങി
യവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

എം.സി. രാജനാരായണൻ: ‘വാൻഗോഗിന്’ എന്ന നോവലിൽ
വളരെ ഉറച്ച ഒരു ധാരണയെയാണ് തിരുത്തുന്നത്. വാൻഗോഗ്
തന്റെ ചെവി സ്വയം മുറിച്ചിട്ടില്ല എന്നാണ് വാദിക്കുന്നത്. ഈ വി
ഷയം ഒരു നോവലിൽ വരുന്നത് ഇതാദ്യമാണല്ലോ.

എം.കെ. ഹരികുമാർ: ലോകമഹാചിത്രകാരനായ വാൻഗോഗിന്റെ
ജീവചരിത്ര നോവൽ എഴുതുന്നതിൽ എനിക്ക് ഒരു ത്രില്ലി
ല്ല. പുതിയൊരു വാൻഗോഗിനെ എനിക്കു വേണമായിരുന്നു. ലഹരിക്കടിപ്പെട്ട
ഒരു ഞരമ്പുരോഗിയായ വാൻഗോഗിനെയല്ല ഞാൻ
കണ്ടത്. ഒരു നല്ല എഴുത്തുകാരനായിരുന്നു വാൻഗോഗ് എന്നതി
നു തെളിവാണ് അദ്ദേഹത്തിന്റെ കത്തുകൾ. ഷേക്‌സ്പിയർ, ഡാന്റേ
തുടങ്ങിയവരെയൊക്കെ നന്നായി പഠിച്ച ആളായിരുന്നു വാൻ
ഗോഗ്. നല്ലൊരു വായനക്കാരനായിരുന്നു. ചിന്തകനായ ഒരു ചി
ത്രകാരനായിരുന്നു. അദ്ദേഹം സ്വന്തം ചെവി മുറിക്കില്ല. അതിനാധാരമായ
ചില വസ്തുതകൾ ഉണ്ട്. അത് ഫിക്ഷനായപ്പോൾ ഒരു
യഥാർത്ഥ കലാകാരന്റെ ആന്തരിക പ്രക്ഷുബ്ധത പുറത്തേ
ക്ക് വന്നു. ഇതിന്റെ രൂപം എനിക്കിണങ്ങുന്ന വിധമാണ് നിശ്ചയി
ച്ചത്.

എം.സി. രാജനാരായണൻ: വാൻഗോഗിന്റെ മരണത്തിനുശേഷമുള്ള
മൂന്നു ദിനങ്ങളിൽ ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളെ
ഭാവനയിൽ കണ്ടാണ് താങ്കൾ നോവൽ എഴുതിയിട്ടുള്ളത്.
എം.കെ. ഹരികുമാർ: അതെ. ആ റിപ്പോർട്ടുകൾ സാങ്കല്പികമാണ്.
അതിലെ ചില പേരുകൾ മാത്രമേ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നുള്ളൂ.
ബാക്കിയെല്ലാം അയഥാർത്ഥമായതിന്റെ സൗന്ദര്യശാസ്ത്രമാണ്.
എം.സി. രാജനാരായണൻ: താങ്കളുടെ നോവലുകൾ നവീനമായ
ഒരു സൗന്ദര്യപാതയിൽ നിന്നുകൊണ്ട് ഒരു സാധാരണ വായനക്കാരനോട്
ആഹ്വാനം ചെയ്യുന്നതെന്താണ്?

എം.കെ. ഹരികുമാർ: മറ്റുള്ളവർ ഏതാണ് നല്ല കൃതി എന്ന്
ചൂണ്ടിക്കാണിച്ചുതരുന്നതു വരെ കാത്തിരിക്കരുത്. വായനക്കാരൻ
എസ്റ്റാബ്ലിഷ്‌മെന്റിനെ അവിശ്വസിച്ചുകൊണ്ട്, സ്വന്തം ശക്തിയിൽ
അടിയുറച്ച് മുന്നേറണം. ഒരു നോവൽ വായിക്കുമ്പോഴാണ് രൂപം
വയ്ക്കുന്നത്. വളരെ ചിട്ടയായി, ഒന്നിനുപിറകെ ഒന്നായി അടുക്കിവയ്ക്കുന്ന
കഥ പുതുതായൊന്നും ആരായുന്നില്ല. അതുപോലെ
ഒരു കഥ വായിച്ചാൽ, അതിന്റെ ആവർത്തനംപോലെയായി
രിക്കും മറ്റു കഥകളുമെന്നും മനസിലാക്കാം. വായനക്കാരന് പ്രവചിക്കാൻ
കഴിയുന്ന തരത്തിൽ എഴുതുന്നത് ചീത്ത സാഹിത്യമാണ്.
അസ്തിത്വത്തിന്റെ ദുർഗ്രഹതയ്‌ക്കെതിരെയാണ് എഴുതേണ്ട
ത്. അറിഞ്ഞത് പിന്നെയും വിസ്തരിക്കേണ്ടതുണ്ടോ?

എം.സി.രാജനാരായണൻ
അന്താരാഷ്ട്ര ചലച്ചിത്ര നിരൂപക സംഘടനയായ ഫിപ്രസി അംഗമായ
ലേഖകൻ പലതവണ ദേശീയ ചലച്ചിത്ര ജൂറി അംഗമായി
ട്ടുണ്ട്. ഫോൺ: 9494291486

Previous Post

സർക്കസ്‌കലയിലെ കളിയും കാര്യവും

Next Post

തടയണ കെട്ടുന്ന കാലത്തെ മാധ്യമ വിചാരം

Related Articles

Lekhanam-4

പോള്‍ വിറിലിയോ: വേഗതയുടെ തത്ത്വശാസ്ത്രം

Lekhanam-4

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

Lekhanam-4

പൊതുകൂട്ടായ്മ: ചില നിരീക്ഷണങ്ങൾ

Lekhanam-4

സ്വാതന്ത്ര്യം വെറുമൊരു പതിവ്രതയല്ല

Lekhanam-4

ഒറികുച്ചി: യാഥാർഥ്യത്തെ സംഗീതമാക്കുമ്പോൾ…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം.സി.രാജനാരായണൻ

നവനോവൽ പ്രസ്ഥാനവുമായി എം.കെ....

എം.സി.രാജനാരായണൻ 

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാള സാഹിത്യ ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു എഴുത്തുകാരനാണ്...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven