• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

എ. അയ്യപ്പൻ മലയാളകവിതയ്ക്ക് നൽകിയ പുതിയ സഞ്ചാരപഥങ്ങൾ

എം കെ ഹരികുമാർ September 29, 2023 0

(കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം).

തുടർച്ചയുടെ ഭംഗം

അമൂർത്തവും അപൂർണവുമെന്ന് തോന്നുന്ന ചില കവിതകൾ ഒരു ആഭ്യന്തര പദ്ധതിയാണ് .അത് ഭാഷയുടെ ശക്തിയെയും സൗന്ദര്യത്തെയും ചൂണ്ടിക്കാണിക്കുന്നു. അയ്യപ്പൻ രണ്ടു ഭാഷകളിൽ അറിവ് നേടിയിരുന്നു. അതിലൊന്ന് ഗദ്യവും മറ്റേത് പദ്യവുമായിരുന്നു.ഗദ്യത്തിൽ എഴുതണമെങ്കിൽ പദ്യത്തിൻ്റെ ദൗർബല്യം കൂടി അറിയണം. വെറുതെ ഈണമുണ്ടാക്കിക്കൊണ്ടിരിക്കയാണല്ലോ മിക്കപ്പോഴും പദ്യത്തിൻ്റെ ജോലി. ഏത് തല പോയ അനുഭവത്തിന്റെയും ശരീരഭാഗങ്ങളെടുത്ത് ഈണമുണ്ടാക്കിയാൽ മതിയെന്നു പദ്യം വിചാരിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ ആലപിക്കപ്പെടുന്ന ചില വരികളുടെ ഈണങ്ങളെയാണ് അത് പിന്തുടരുന്നത്. അതിനു ഉള്ള് പൊള്ളി നിൽക്കുന്ന കവിയെ ആവശ്യമില്ല; അയാളുടെ ജീവിതത്തെയും .പദ്യം ഉള്ള് പൊള്ളയായ വെറും ഈണമാണെന്നു മനസ്സിലാക്കി അതിൽ നിന്നു ജീവൻ രക്ഷിക്കാനായി ഓടുന്നവനാണ് ഗദ്യത്തിൽ അഭയം തേടുന്നത്. ഗദ്യമാകട്ടെ മറ്റൊരു ഈണം നൽകി അവനെ അനുഗ്രഹിക്കുന്നു. വൈകാരികതയുടെ കുറേക്കൂടി സത്യസന്ധമായ ഒരു ഉച്ചാരണം സാധ്യമാകുകയാണ് . അയ്യപ്പനു ഈ രണ്ടു ഭാഷകളിലും സ്വാധീനമുണ്ടായിരുന്നതുകൊണ്ട്, രണ്ടിന്റെയും ഓജസ്സ് ഊറ്റിക്കുടിച്ച് അദ്ദേഹം വളർന്നു .

എ അയ്യപ്പൻ

നാട്ടുവഴക്കങ്ങളല്ല , തൻ്റെ വന്യവും അനാഥവുമായ യാത്രകളുടെ കാടും പടലുമാണ് അതിൽ നിറഞ്ഞത്. ആരെയും പ്രീതിപ്പെടുത്താൻ അദ്ദേഹം ഒന്നുമെഴുതിയില്ല. എന്നാൽ തന്റെ ഉൾക്കണ്ണിൽ കണ്ടതെല്ലാം വലിച്ചു പുറത്തിടുകയും ചെയ്തു. ഭാഷ പേ പിടിച്ച ഒരു നായയെപ്പോലെ ഓടിക്കിതച്ച് ചെന്ന് കവിതയിലെ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ മണ്ണ് മാന്തി ശവം വലിച്ചെടുക്കുന്നു. അപ്പോൾ ആ നായ എങ്ങോട്ടൊക്കെയോ നോക്കി കുരയ്ക്കും. പക്ഷേ, ആ കുര ഒരാക്രമണവും തകർക്കലുമാണ്. അതിൽ പ്രാചീനമായ ചില ത്വരകൾ സംഭരിച്ചിരിക്കുന്നു.

“മണ്ണു പിളർന്നു പോയ
പ്രേമമേ
മണക്കുന്ന ഒരു കരിമ്പനയാകുക .”
(പ്രേമം നിശ്ശബ്ദമായതുകൊണ്ട്)

”ബധിരനായതുകൊണ്ട്
അവനത് കേൾക്കാനാവില്ല
മനുഷ്യനുമായുള്ള അഭിമുഖം.”
(മനുഷ്യനും മൃഗവുമായുള്ള അഭിമുഖം)

നമ്മുടെ കോളജ് മലയാളം ക്ലാസുകളിലെ മലയാളത്തെ അടക്കം ചെയ്ത ശേഷം അതിനു മുകളിലാണ് അയ്യപ്പൻ തൻ്റെ അനാവൃതമായ ഭാഷയുടെ ചെടികൾ നട്ടത്.

“കിണറിനെ സ്നേഹിക്കണം
മരിച്ച പ്രണയം
ഈ ആഴത്തിലാണ് .”
(ഇടവേളകൾ)

“വസന്തം കാണാൻ
വാതിൽ തുറക്കുമ്പോൾ
വെറ്റിലയ്ക്ക് ചുണ്ണാമ്പ് കിട്ടാതെ
മുത്തശ്ശി മരിച്ച
മുറിയുടെ ഗന്ധം.”
(ശ്രാദ്ധം)

ഒരു അക്കാദമിക് എലിപ്പെട്ടിക്കുള്ളിൽ ഭാഷയെ ഞെരുക്കാൻ സമ്മതിക്കാത്ത ഈ കവി വാക്കുകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടു.പഠിപ്പിക്കുന്ന ഭാഷയിൽ തൻ്റെ കവിത ഒരുങ്ങില്ലെന്നു അദ്ദേഹം എന്നേ അറിഞ്ഞതാണ്. എവിടെയും വിലക്കില്ലാത്തവനു മാത്രമേ ഇതുപോലെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞവൻ്റെ കവിത സൃഷ്ടിക്കാനാവൂ .അയ്യപ്പനു വേണ്ടിയാണ് ആ കവിത ചുറ്റിത്തിരിഞ്ഞത്. കാരണം, അയ്യപ്പനിലൂടെ മാത്രം പുറത്തു വരേണ്ട കവിതയാണല്ലോ അത്. നിക്കാനോർ പാർറ പറഞ്ഞതുപോലെ അത് ശൂന്യമായ പേജാണ്. “A poem should improve on the blank page .”

എല്ലാ പ്രേമങ്ങളും തകരുമെന്നു മുൻകൂട്ടി കണ്ടു പ്രേമിക്കുന്നവന്റെ മുകളിൽ ഒരു വാളുണ്ട്. പ്രേമിക്കുമ്പോൾ അവൻ ആ വാളിനെയും നോക്കും. ചുംബിക്കുമ്പോൾ അവൻ്റെ ചുണ്ടുകൾ പാതി ആ വാളിൻ്റെ വായ്ത്തലയിലും ഉരുമ്മും. അയ്യപ്പൻ്റെ കവിതകൾ വായിച്ചപ്പോൾ, ആ രചനാരീതിയിൽ അപൂർവമായ ചില പദ്ധതികൾ കാണാനിടയായി. അതിലൊന്നാണ് തുടർച്ചയുടെ ഭംഗം. പിന്തുടർച്ച ഇല്ലാതിരിക്കുക എന്ന ഗുണമാണിത്(Discontinuity). അതായത്, എഴുതിവരുന്ന മുറയ്ക്ക് കവിക്ക് തന്റെ വരികളുടെ തുടർച്ച നഷ്ടമാവുകയാണ്;താൻ എന്താണ് എഴുതുന്നതെന്നു കവി മറന്നു പോകുന്ന പോലെ. ഒരു വരി എഴുതിക്കഴിയുമ്പോൾ അതിനു പിന്നെ തുടർച്ച ലഭിക്കാതെ വരുന്നു. അടുത്ത വരി മറ്റൊരു കവിതയിലെ ഏതോ വരിയുടെ തുടർച്ചയായി തോന്നാം. ഈ പ്രവണതയെ സൈദ്ധാന്തികമായി കാണാവുന്നതാണ് .കവിത തന്റെ മനസ്സിന്റെ ഒരു ക്രമമാണെന്ന് കവിക്ക് വാദിക്കാവുന്നതാണ്. അത് വായനക്കാരൻ്റെ തുടർച്ചയല്ല. കവിയുടെ മനസ്സിൽ പല കവിതകളുമുണ്ട് .അതിൽ നിന്നാണ് ഒരു കവിത നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഒരു ഫലമോ സ്ഥലമോ രൂപമോ ഒന്നുമല്ല കവിതയിലൂടെ കവി ആവിഷ്കരിക്കുന്നത്. വളരെ വ്യക്തിനിഷ്ടവും തനിക്ക് മാത്രം ബോധ്യപ്പെട്ടതുമായ ചില വികാരങ്ങളാണ്.അത് പ്രമേയത്തിൻ്റെ ആന്തരികമായ സംഗീതമാണ് .അത് യഥാർത്ഥമായ വസ്തുവിനെക്കുറിച്ചാണെന്നു പറയാൻ പോലും കവി അശക്തനാണ്. ഭൗതികലോകത്തിൻ്റെ നിർദ്ദയമായ നോട്ടത്താൽ പലവഴിക്ക് തെറിച്ചുപോയ തൻ്റെ ഏകാന്തമായ സത്യങ്ങളെ പെറുക്കിക്കൂട്ടാനാണ് കവി ശ്രമിക്കുന്നത്. അതിൻ്റെ അന്തർമുഖതയും അപ്രത്യക്ഷതയുമാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്. ‘പുര’ എന്ന കവിതയിൽ തുടർച്ചയുടെ ഭംഗം കാണാം .

“തീ പിടിച്ചത്
പുരയ്ക്കോ തലയ്ക്കോ

ഋതുഭംഗത്താൽ
ക്ഷയിച്ചു പോയ് സൂര്യൻ
രശ്മിയെ പൊട്ടിച്ചു തിന്നുന്നു
പച്ചില

വേണ്ടാത്ത പുസ്തകം
വലിച്ചെറിയുന്നു കടലിൽ
കടൽ കൊണ്ടുപോയ്
കവിതയെ പാടുമിന്നു കടൽ
പാതിരാക്കവിത

പഥികനില്ല
നിഴലില്ലാതെ
പൊള്ളുന്നു ഭൂമി

ഇതിൽ ഓരോ ഖണ്ഡത്തിലും വേറിട്ട ധ്വനികളും ആശയങ്ങളുമുണ്ട്. ഒന്ന് മറ്റൊന്നിൻ്റെ തുടർച്ചയല്ല .അത് പല കവിതകളുടെ ഭാഗമായി നിരീക്ഷിക്കാവുന്നതാണ്. എന്നാൽ പരസ്പരം ചേരാത്ത ഈ ഖണ്ഡങ്ങൾ അയ്യപ്പനു ഒരു ചേർച്ചയാണ്. തന്റെ കവിത ഒരു യാഥാർത്ഥ്യമല്ലെന്നും അത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിതറിയ സന്ദേശങ്ങളാണെന്നും കവി കരുതുന്നുണ്ടാവണം. നവകവിതയുടെ ഒരു പൊതുഘടനയാണിത്.

എന്താണ് എഴുതുന്നതെന്ന് ചോദിച്ചാൽ ആശാനും വള്ളത്തോളിനുമൊക്കെ ഒരു പ്രമേയം ഉത്തരമായി തരാനുണ്ടായിരുന്നു. അവർ ആ പ്രമേയത്തെ വികസിപ്പിക്കുകയാണ്. അതാണ് അവരുടെ ധൈഷണികമായ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വത്തിൽ ഒതുങ്ങി നിന്നുകൊണ്ടാണ് അവർ തങ്ങളുടെ ഛന്ദസ് അവതരിപ്പിക്കുന്നത്. അയ്യപ്പൻ്റെയോ പിന്നിടു വന്ന നവകവികളുടെയോ കാര്യത്തിൽ മറ്റൊരു താളക്രമമാണുള്ളത്. അവർ ഒരു പ്രമേയത്തെ തന്നെ സംശയിക്കുന്നു. ഏതു വസ്തുവും പ്രമേയവും വഞ്ചിക്കുമെന്ന് അവർ ചിന്തിക്കുന്നു; അല്ലെങ്കിൽ തങ്ങൾ ഒരു പ്രമേയമായി പരിഗണിക്കുമ്പോൾ തന്നെ അത് ശിഥിലമായി തുടങ്ങുന്നു. യാഥാർത്ഥ്യം തന്നെ മായികമായി തീരുന്നു. അത് അവിശ്വസനീയമാണ്. അതുകൊണ്ട് അതിൻ്റെ പിടിതരാത്ത സ്വഭാവത്തെയാണ് കവി എന്ന നിലയിൽ ഒരാൾ പിന്തുടരുന്നത്.

അതുകൊണ്ട് അയ്യപ്പൻ്റെ ‘ചുവന്ന വട്ടം’ എന്ന കവിത വായിക്കുന്നതിന് മുൻപ് അത് ഒരു കുട്ടി പറത്തിയ പട്ടമാണെന്നോ, അതിനു ചുവന്ന നിറമാണെന്നോ അനുമാനിക്കരുത്. ആ പട്ടത്തിനു പിന്നാലെ പോയതിന് കുട്ടിയുടെ അമ്മ ശാസിച്ചതോ പട്ടം ഇനി പറത്തി വിടരുതെന്ന് ആജ്ഞാപിച്ചതോ പ്രതീക്ഷിക്കരുത്.

ഇങ്ങനെയുള്ള പ്രതീക്ഷകളെയും അനുമാനങ്ങളെയും നിരാകരിക്കുന്നതു കൊണ്ടാണ് ഈ കവിതയ്ക്ക് നവീന മനുഷ്യൻ്റെ അനുഭവസങ്കീർണതകൾക്കിടയിലേക്ക് കയറി പേടിസ്വപ്നം പോലെ ഒരു ഇടപെടൽ നടത്താനാകുന്നത്. ചുവന്ന പട്ടം എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കൂ:

”ഇന്ന് സന്ധ്യയ്ക്ക്
നൂല് പൊട്ടിയ ഒരു ചുവന്ന പട്ടം
നിൻ്റെ മുന്നിൽ പറന്നുവീണു .
വൈദ്യുതിയേറ്റു വീണ
കാക്കയുടെ ചാക്കാലയ്ക്ക്
ഗ്രാമത്തിലെ എല്ലാ കാക്കുകളുമെത്തിയിരുന്നു
പുലർച്ചെ കേട്ടത് ഇവരുടെ കൂട്ടക്കരച്ചിലായിരുന്നു.
കൂട്ടിലെ പക്ഷിയുടെ നേത്രം
രണ്ടായി പിളരുന്നു.
ഒറ്റക്കണ്ണുകൊണ്ട്
എന്റെ സ്വാതന്ത്ര്യത്തെ തുറിച്ച്
നോക്കുന്നു
ത്രിവർണ്ണക്കൊടി മുഷിഞ്ഞപ്പോൾ
വെളുത്തേടനു കൊടുത്തിരുന്നു.
ഇന്നത് തിരിച്ചു വന്നപ്പോൾ
വെളുത്തൊരു മുണ്ട് .
പക്ഷിക്കെതിരെ ഞാൻ
വെള്ളക്കൊടി കാട്ടി
അപ്പോൾ ഒളിപ്പോരാളിയുടെ
കാലൊച്ചകളിൽ
ഒലീവിലകൾ .”

വായനക്കാരൻ ഭ്രമിക്കേണ്ട. ഇത് അയ്യപ്പൻ എന്ന കവി മനസ്സിൽ കൊണ്ടു നടന്ന വിഭ്രാമകമായ ഒരു കുട്ടിക്കാലം തന്നെയാണ്. വ്രണിതമായി തിരിച്ചറിയപ്പെട്ട കുട്ടിക്കാലം അജ്ഞാതമായ ഒരു വൻകര പോലെയാണ്. അവിടെയെത്താൻ ഇപ്പോൾ ഒരു വഴിയുമില്ല .പട്ടം പറന്നുവീണ കാര്യം സൂചിപ്പിച്ച കവി പിന്നീട് എഴുതുന്നത് കാക്കകളെക്കുറിച്ചും കൂട്ടിലെ പക്ഷിയെക്കുറിച്ചും ഒലീവിലകളെക്കുറിച്ചുമാണ്. തുടർച്ച നഷ്ടപ്പെട്ടത് ബാഹ്യമായാണെങ്കിലും , ഒരു കൊളാഷിനെ ഓർമ്മിപ്പിച്ചുകൊണ്ട് പല കാലങ്ങളെയും പല യാഥാർത്ഥ്യങ്ങളെയും ചേർത്ത് വയ്ക്കാൻ നോക്കുന്നത് കാണാം .കവി സമീപിക്കുന്ന വിഷയം അദ്ദേഹത്തെ കബളിപ്പിച്ചുകൊണ്ട് അങ്ങേയറ്റം കുഴഞ്ഞുമറിയുകയും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളായി പിരിയുകയുമാണ്.

പലതരം കവികൾ

ഒരു കവിതയിൽ തന്നെ പല കവികൾ, പല കർത്താക്കൾ പ്രത്യക്ഷമാകുകയാണ് .കവിതയുടെ ഏക കേന്ദ്രീകൃതമായ അസ്തിത്വം ഇന്നു ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പല കേന്ദ്രങ്ങൾ ഉണ്ടാവുകയാണ്. ഒക്ടാവിയോ പാസ് പറഞ്ഞത് ഇതാണ്: A simultaneous plurality of time and presence .ഒരു മൂർത്തമായ ,യുക്തിപൂർണമായ അനുഭവമല്ല കവിത .അത് നാം സ്വയം ചോദിക്കുന്നതുപോലെ ഓരോ ആത്മാന്വേഷണമാണ്. അത് ചിലപ്പോൾ അസംബന്ധങ്ങൾ കൊണ്ട് യുക്തിയുണ്ടാക്കാൻ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മതിഭ്രമങ്ങളിലൂടെ ഒഴുകിയൊഴുകി ഒരു കരയിലെത്താമോ എന്നാലോചിക്കുന്നു. ജീവിതം ഒരു മൂർത്തവസ്തുവല്ല; അത് വ്യക്തിപരമായ ഒരു നിർമ്മിതിയുമല്ല. അത് സമസ്യയാണ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അതിനെ സജീവമാക്കി നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.

‘വാക്കും പ്രയോഗം’ എന്ന കവിതയിൽ പല കവികൾ ഒരുമിച്ചു വന്ന് സമ്മേളിക്കുന്നത് കാണാം.

“ഈ കഠാരം
കൊലയ്ക്ക് കൊണ്ടുപോകേണ്ട
ഒരു കോമ്പൻ പല്ല്
ഇപ്പോൾ എന്ത് പ്രകാശം
ഇരുട്ടിൽ ചിരിക്കില്ല
ചുവക്കും.
അവൻ വെളിച്ചത്തോട്
നീതി പുലർത്തിയില്ല
ഭൂതം ചുരത്തിലോടിച്ചവനു
ഭാവിയുടെ കയം അഭയം നൽകി
ജലപ്പിശാച്
വർത്തമാനത്തിന്റെ
കെട്ടുപോയ വഴിവിളക്കിൻ്റെ ചുവട്ടിൽ
പ്രത്യക്ഷനാക്കുന്നു .”

ഭ്രഷ്ടരാക്കപ്പെട്ടവരുടെ മനസുകളിൽ രൂപപ്പെട്ട ദു:സ്വപ്നങ്ങൾ ഇങ്ങനെയൊക്കെയാണ്.ഈ കവിതയിൽ പല കവികളാണ് സംസാരിക്കുന്നത്. വേറെ വേറെ ജീവചരിത്രമുള്ളവരെ പോലെ ആ കവികൾ സംസാരിക്കുന്നു. അവരെയെല്ലാം തന്നിൽ ജീവിപ്പിക്കുക എന്ന വലിയ ഭാരമാണ് ഇവിടെ കവി ഏറ്റെടുക്കുന്നത്. എങ്ങനെയാണ് വ്യത്യസ്ത മാനങ്ങളുള്ള അപരകവികൾ ഒരാളിൽ തന്നെ കൂടുകൂട്ടി സ്വരവ്യതിയാനങ്ങൾ തീർക്കുന്നത്. അത് ഈ കാലത്തിൻ്റെ പ്രത്യേകതയാണ്. യാതൊരു വ്യക്തിക്കും ഒരു നിശ്ചിതമായ ഐഡന്റിറ്റിയിൽ ജീവിക്കാനാവില്ല. പുറംലോകത്തിന്റെ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഓരോ വ്യക്തിയേയും മാറ്റുന്നു. അയാൾ എങ്ങനെ പുറമേനിന്നു വരുന്ന ആവേഗങ്ങളെ മെരുക്കാമെന്നാണ് ചിന്തിക്കുന്നത്. അതിൻ്റെ തള്ളലിൽ അയാൾ വീണു പോകുകയേയുള്ളൂ. തൻ്റെ യുക്തി കൈമോശം വന്നുവെന്ന തിരിച്ചറിവ് അയാളെ കോപാകുലനും സംശയാലുവുമാക്കുന്നു. കവിയിൽ ഇത് നേരത്തെ സംഭവിക്കുന്നത്, കാലത്തിന്റെ സൂക്ഷ്മ ചലനങ്ങൾ അയാൾക്ക് നേരത്തെ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ് .

‘നദി കരയുന്നതെന്തിനു?’ എന്ന കവിതയിലും ഇതുപോലെ പല കവികൾ കടന്നുവരുന്നു.

“അഞ്ചുവയസ്സുകാരൻ
വള്ളമുണ്ടാക്കി
നദിയിലൊഴുക്കി”
എന്ന ആദ്യ ഖണ്ഡത്തിനു ശേഷം വരുന്ന ചില ഖണ്ഡങ്ങൾ ഇവിടെ കുറിക്കുകയാണ് .

“പ്രത്യയശാസ്ത്രങ്ങളെയും പ്രതീക്ഷകളെയും തകർത്ത
കൊടിയുമായ്
നദിയൊഴുകി. “

“ഒഴുകിത്തുടങ്ങിയതു മുതൽ
ഒടുവിലെത്തിച്ചേരും വരെ
ഓരോ ദുരന്തങ്ങളുമാർത്തോർത്ത്
നദി കരയുന്നു
കരഞ്ഞുകൊണ്ടേയൊഴുകുന്നു.”

നദി എന്ന പ്രമേയത്തെക്കുറിച്ച് ആലോചിച്ച് പല രീതിയിൽ ദുഃഖിതരായ കവികളെ ഇവിടെ കാണാം. അവർക്ക് നദികളെക്കുറിച്ച് ഓർക്കാൻ പല കാരണങ്ങളുണ്ട്. അവർ നദികളെക്കുറിച്ചുള്ള വിഷാദാർദ്രമായ സ്മൃതികൾ തങ്ങളാലാവും വിധം ഇവിടെ പങ്കുവയ്ക്കുന്നു. എല്ലായിടത്തു നിന്നും ആട്ടിയോടിക്കപ്പെട്ടവരുടെ അവസാനിക്കാത്ത പലായനം നിസ്സഹായമായി ആ നദി നോക്കി കാണുകയായിരുന്നു. ആ കർത്തൃത്വങ്ങളെല്ലാം അയ്യപ്പനിൽ പല കാലങ്ങളിലായി രൂപം പ്രാപിച്ചതുമാണ്.

ശ്രദ്ധയുടെ വിച്ഛേദം

സ്വസ്ഥമായ ഒരു ചിന്തനം അസാധ്യമാകും വിധം വാർത്തകളും സംഭവങ്ങളും ദുരന്തങ്ങളും വരികയാണല്ലോ. മനുഷ്യൻ ഒരു ആഗോള ജീവിയായെങ്കിലും അവൻ്റെ സ്വകാര്യ ഇടം തീരെ ചുരുങ്ങിയിരിക്കുന്നു .അവനു സ്വയം ബോധ്യപ്പെടാനാവാത്ത വിധം ലൗകിക പുകമറ രൂപപ്പെട്ടിരിക്കുന്നു.അതുകൊണ്ട് അവൻ്റെ കവിത തന്നെ നഷ്ടപ്പെടുന്നു. എന്തുതന്നെയാണെങ്കിലും ഒന്നേ കവിക്ക് നോക്കാനുള്ളു; പോൾ വലേറി പറഞ്ഞതുപോലെ ഒന്നിനെ കാണണമെങ്കിൽ അതിൻ്റെ പേര് മറന്നേക്കണം. അതിനുള്ളിലെ ലോകവുമായാണ് കവി സംവദിക്കുന്നത്.

‘അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ’ എന്ന കവിതയിൽ ഇങ്ങനെ കുറിക്കുന്നു:
“സമയം തെറ്റിയ വണ്ടിയിലാണ്
ഞാനും സഞ്ചരിച്ചത്
എനിക്കെല്ലാം നഷ്ടപ്പെട്ടു.”

ഈ കവിതയിൽ തന്നെ മറ്റൊരിടത്ത് , ഇതെല്ലാം മറന്ന് കവി ഇങ്ങനെ വിവരിക്കുന്നു:
“നിലാവിനെ തിന്നുതീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന്
കശാപ്പുകാരന്റെ അശരീരി .”

അയ്യപ്പൻ എങ്ങനെ ജീവിച്ചാലും അതിനേക്കാൾ വലിയ യാഥാർത്ഥ്യമാണ് ആ കവിതകൾ .ഡെറക് വാൽക്കോട്ട് എഴുതി: “Ted Hughes is dead .That’s a fact , OK .Then there’s something called the poetry of Ted Hughes.The poetry of Ted Hughes is more real ,very soon ,than the myth that Ted Hughes existed – because that can’t be proven .” ഒരു കവിതയുടെ ആകെ ശരീരം തന്നെ പലരുടെ ജീവിതങ്ങൾ കൊണ്ട് നിറയുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ഒരു കവി തന്നെ പല ജീവിതങ്ങൾ ജീവിക്കുന്നു. ജീവിതത്തിൻ്റെ ഗതിഭ്രംശങ്ങളും മറവികളും ഭ്രാന്തൻ ഓട്ടങ്ങളും കവിതയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു. മനുഷ്യനെ പോലെ കവിതയ്ക്കും മറവിരോഗം ബാധിക്കുന്നു. നിലം പതിഞ്ഞവരുടെ ഉള്ളിൽ അമർത്തി വച്ച സ്വപ്നവും പ്രതിഷേധവും പോരാട്ടവുമാണ് അയ്യപ്പൻ ഏറ്റെടുത്തത്. ഇതാണ് എ.അയ്യപ്പൻ മലയാളകവിതയ്ക്ക് നൽകിയ പുതിയ സഞ്ചാരപഥങ്ങൾ.

ഒന്നാം ഭാഗം: http://www.mumbaikaakka.com/study-on-a-ayyappan/

Related tags : AyyappanMK HarikumarRevieew

Previous Post

ബാലാമണിയമ്മയും വി.എം. നായരും

Next Post

ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷം

Related Articles

Lekhanam-4

എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ അധികാര സൗന്ദര്യവ്യവസ്ഥയോട് കലഹിക്കുന്നു 

Lekhanam-4

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

Lekhanam-4

കാതറൈന്‍ ബെല്‍സി: വിമര്‍ശനത്തിന്റെ ഏകാന്തത

Lekhanam-4

സിമോങ് ദ ബുവ്വേ: ശരീരം സാംസ്‌കാരി കമായ കെട്ടുകഥയല്ല

Lekhanam-4

ലൈംഗികശരീരവും ലിംഗമെന്ന ശരീരവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം കെ ഹരികുമാർ

യാമിനി

എൻ ഇ ഹരികുമാർ 

പറവകളുണരുമ്പോൾ അവളുമുണരും.അവർ പറന്നുതുടങ്ങുമ്പോൾഅവൾ നടന്നുതുടങ്ങും.കിടപ്പുമുറി, ഇരിപ്പുമുറിയിലൂടെ കുളിമുറി, അടുക്കള, തീൻമുറി,ഇരിപ്പുമുറി, കോലായ, മുറ്റം,കോലായ, ഇരിപ്പുമുറി,...

എ. അയ്യപ്പൻ മലയാളകവിതയ്ക്ക്...

എം കെ ഹരികുമാർ 

(കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം). തുടർച്ചയുടെ ഭംഗം അമൂർത്തവും അപൂർണവുമെന്ന്...

എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ...

എം.കെ. ഹരികുമാർ 

വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു...

ഫംഗസ്

എം.കെ. ഹരികുമാര്‍ 

അവന്റെ സമീപത്ത് ഒരു ഫംഗസ് വളർന്നിരുന്നു. അവനെ നിരീക്ഷിക്കാനായി മുളച്ചുപൊന്തിയതാണത്. ഇത് വർഷങ്ങൾക്കു മുമ്പ്...

സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ...

എം.കെ. ഹരികുമാര്‍ 

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല...

സിമോങ് ദ ബുവ്വേ:...

എം.കെ. ഹരികുമാര്‍ 

വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ...

ലൈംഗികശരീരവും ലിംഗമെന്ന ശരീരവും

എം.കെ. ഹരികുമാര്‍ 

ലൈംഗികത ഇന്ന്, സാഹിത്യത്തിലെ വിലക്കപ്പെട്ട കനിയായിരിക്കുകയാണ്. സാഹിത്യകാരന്മാരൊക്കെ ആദർശവാദികളാണ്. മാധ്യമങ്ങളും സർക്കാരും പറയുന്നതിനപ്പുറം ഒരു...

ഒറികുച്ചി: യാഥാർഥ്യത്തെ സംഗീതമാക്കുമ്പോൾ…

എം.കെ. ഹരികുമാര്‍  

ജാപ്പനീസ് സാഹിത്യത്തിലെ ബഹുസ്വരതയുടെ നല്ലൊരു പ്രതീകമാണ് ഷിനോബു ഒറികുച്ചി (Shinobu Orikuchi). കാരണം ഒറികു...

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

എം.കെ. ഹരികുമാര്‍  

എത്രയും പ്രഗത്ഭനായ കവിയാണോ ഒക്ടാവിയോ പാസ് അത്രതന്നെ മികവുറ്റ നിരൂപകനും ചിന്തകനുമാണ് അദ്ദേഹം. മൗലികമായ...

പോള്‍ വിറിലിയോ: വേഗതയുടെ...

എം.കെ. ഹരികുമാര്‍ 

ഉത്തരാധുനികതയാണ് ശേഷമുള്ള ചിന്താലോകത്ത് വ്യക്തമായ സാന്നിദ്ധ്യമാണ് ഫ്രാന്‍സിലെ പോള്‍ വിറിലിയോ. നവകാലഘട്ടത്തിലെ വേഗത, സൈനിക...

കാതറൈന്‍ ബെല്‍സി: വിമര്‍ശനത്തിന്റെ...

എം.കെ. ഹരികുമാര്‍  

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിപാദത്തില്‍ സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തെ വിവിധ സിദ്ധാന്തങ്ങളിലൂടെ വിപുലീകരിക്കാന്‍ ശ്രമം നടന്നു. വായന,...

വാക്കിന്റെ ദാര്‍ശനികത: നഗ്നത...

എം.കെ. ഹരികുമാര്‍  

നഗ്നതയെ ഏത് വസ്ത്രം അന്തര്‍വഹിക്കുകയാണല്ലോ ചെയ്യുന്നത്. വസ്ത്രം ധരിച്ചതുകൊണ്ട് നഗ്നതയെ മറയ്ക്കാമെന്നേയുള്ളൂ. ഇല്ലാതാക്കാനാവില്ല. കാരണം...

സ്വാതന്ത്ര്യം വെറുമൊരു പതിവ്രതയല്ല

എം.കെ. ഹരികുമാര്‍ 

ഒരു കഥാകൃത്തിന് അഭിപ്രായ സ്വാതന്ത്ര്യം വേണോ? ജീവിതകാലമത്രയും അഭിപ്രായമേയില്ലെന്ന് ശഠിച്ചുകഴിയുന്ന വരുണ്ടാകാം. റഷ്യൻ എഴുത്തുകാരനായ...

M.K.Harikumar

എം.കെ. ഹരികുമാര്‍ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven