• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഫാര്‍മ മാര്‍ക്കറ്റ്

ജയശീലന്‍ പി.ആര്‍. November 11, 2016 0

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ ഒരു ന്യൂനപക്ഷസമൂഹമാണ്. അവരുടെ ജീവിതശൈലിയും ആചാരവിശ്വാസങ്ങളുമാകട്ടെ അധികമെവിടെയും രേഖപ്പെടുത്താത്ത സവിശേഷചരിത്രവുമാണ്. തഞ്ചാവൂരില്‍ നിന്ന് കുടിയേറി കേരളത്തിലെ പല പ്രദേശങ്ങളില്‍ അഗ്രഹാരങ്ങളിലായി അവര്‍ നയിച്ചിരുന്നതും ഗ്രാമീണമായൊരു ജീവിതം തന്നെയായിരുന്നു. അത് കുറ്റിപ്പുറത്തെ കേശവന്‍ നായരുടെ ‘നാട്യപ്രധാനം നഗരം ദരിദ്രം/നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്ന രണ്ടുവരി കവിതയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു നാട്ടിന്‍പുറജീവിതം തന്നെയാണ്. തമിഴ്ബ്രാഹ്മണസമൂഹം എന്ന രീതിയിലുള്ള ജാതീയമായ അവസ്ഥാവിശേഷങ്ങളോ ഉച്ചനീചത്വങ്ങളോ ഒന്നുമല്ല ഇവിടെ വിഷയമാക്കുന്നത്, മറിച്ച് മനുഷ്യര്‍ എന്ന നിലയില്‍ ഓരോ കാലങ്ങളിലും അവര്‍ പുലര്‍ത്തിപ്പോന്ന വൈവിധ്യം നിറഞ്ഞ പല പല ജീവിതാനുഭവങ്ങളാണ്.
അഗ്രഹാരജീവിതത്തിന്റെ തനിമയാര്‍ന്ന ആവിഷ്‌കാരവും ഒപ്പം ആധുനികതയുടെ കാലത്തെ ഗ്രാമനഗരജീവിതസംഘര്‍ഷങ്ങളും മലയാറ്റൂരിന്റെ ‘വേരുകള്‍’ എന്ന നോവലില്‍ ഇടം തേടുന്നുണ്ട്. അഗ്രഹാരത്തിന്റെ തനതുസംസ്‌കൃതിയില്‍ ജനിച്ചു വളര്‍ന്ന ചെറിയ നഗരപരിചയം പോലുമില്ലാത്ത ഒരു പെണ്‍കുട്ടി സംഘര്‍ഷങ്ങള്‍ നിറഞ്ഞ മെഡിക്കല്‍ റെപ്പിന്റെ ജീവിതക്കുപ്പായമണിയുന്നതും പിന്നീട് നടത്തുന്ന പൊരുതലുമാണ് ‘ഫാര്‍മ മാര്‍ക്കറ്റ്’ എന്ന ടി.കെ. ശങ്കരനാരായണന്റെ നോവലിലെ പ്രമേയം. നോവലിന്റെ മുന്നുരയില്‍ നോവലിസ്റ്റ് തന്നെ വ്യക്തമാക്കുന്നതുപോലെ ഇവിടുത്തെ കഥാപാത്രമായ മഹാലക്ഷ്മി നടത്തുന്ന പൊരുതല്‍ അഥവാ യുദ്ധം നിലനില്പിനു വേണ്ടിയുള്ളതാണ്. അതില്‍ ജയപരാജയങ്ങളൊന്നുമില്ല.
വരികളിലും വരികള്‍ക്കിടയിലും മൂന്നു തരത്തിലുള്ള വായന ഈ നോവല്‍ സാദ്ധ്യമാക്കുന്നു. മഹാലക്ഷ്മിയുടെ ബാല്യകൗമാര സ്മൃതികള്‍ ആണ്ടു മുങ്ങിക്കിടക്കുന്ന അഗ്രഹാരജീവിതം. അവിടെ നിന്ന് ചെന്നൈയിലേക്ക് ജീവിതപ്രാരാബ്ധത്തിന്റെ പേരില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് എന്ന ഔദ്യോഗിക ജീവിത വഴിയിലൂടെയുള്ള യാത്ര. മറ്റൊന്ന്, എഴുപതുകളില്‍ തുടങ്ങി ഷോര്‍ട്ട് ഹാന്റും ടൈപ്പ്‌റൈറ്റിങ്ങും അഭ്യസിച്ച്, ഇംഗ്ലീഷ് പരിജ്ഞാനവും ആര്‍ജിച്ച് ബോംബെ പോലുള്ള മഹാനഗരങ്ങളിലേക്ക് ജീവിതപ്രാരാബ്ധവുമായി ചേക്കേറിയ ബ്രാഹ്മണയുവാക്കളുടെ വിശദമാക്കപ്പെടാത്ത ചരിത്രം. ചെന്നൈയിലാണ് മഹാലക്ഷ്മിയുടെ ആദ്യ നിയമനം എങ്കിലും ബോംബെ എന്ന മഹാനഗരത്തിലേക്കും മാര്‍ക്കറ്റിങ്ങ് ട്രെയിനിങ്ങിന്റെ ഭാഗമായി മഹാലക്ഷ്മി എത്തിപ്പെടുന്നുണ്ട്. അവിടെ വച്ച് അവിചാരിതമായി തന്റെ അഗ്രഹാരത്തിലെ തന്നെ മൂര്‍ത്തി പെരിയപ്പാവിന്റെ മകന്‍ ഗോപുവിനേയും കുടുംബത്തേയും മാട്ടുംഗയിലെ വെജിറ്റേറിയന്‍ ഊണു കിട്ടുന്ന സൊസൈറ്റി ഹോട്ടലില്‍ വച്ച് കാണുന്നു. ഗോപു മഹാലക്ഷ്മിയോട് പറയുന്നു. ”എല്ലാ ഞായറ്റിക്കിഴമയും നാങ്കള്‍ ഇങ്കതാന്‍ ശാപ്പാട്… ഒരു നാളക്കാവതും ഇവള്‍ ശമയല്‍ സഹിക്കണ്ടാമേ…” ബോംബെയിലേക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് മാട്ടുംഗ. മഹാനഗരത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും മാട്ടുംഗയില്‍ അവര്‍ ഒരു തനത് അഗ്രഹാര സംസ്‌കാരം തന്നെ സൃഷ്ടിച്ചിരുന്നു. ഇത്തരം ഒരു ഭാഷയുടേയും സംസ്‌കാരത്തിന്റേയും തുടര്‍ച്ച അത് എവിടെയാണെങ്കിലും ഇവര്‍ നിലനിര്‍ത്തിയിരുന്നു. ലളിതവും പരിമിതവുമായ ജീവിതാഭിലാഷങ്ങളായിരിക്കാം അവരെ ഇത്തരത്തില്‍ തുണച്ചു നിര്‍ത്തിയിരുന്നത്. ഒപ്പം കാലം കാട്ടിയിരുന്ന കൈവേലകള്‍ക്കും അന്ന് പരിമിതികള്‍ ഉണ്ടായിരുന്നിരിക്കാം.
എന്നാല്‍ രണ്ടായിരത്തിന്റെ തുടര്‍ച്ചകളില്‍ സ്വന്തം കുടുംബത്തിന്റെ ജീവിതപ്രാരാബ്ധങ്ങള്‍ക്ക് അറുതിവരുത്താന്‍ മെഡിക്കല്‍ റെപ്പിന്റെ വേഷമണിഞ്ഞ് ചെന്നൈയിലെത്തിയ മഹാലക്ഷ്മിക്ക് മേല്‍പറഞ്ഞ പരിമിതികള്‍ക്കകത്ത് ജീവിതം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, വിപണനത്തിന്റെ ആഗോളകാലം അവളെ അവള്‍പോലുമറിയാത്ത കച്ചവടക്കെണികളില്‍ അകപ്പെടുത്തി എന്നുള്ളതാണ് ഫാര്‍മ മാര്‍ക്കറ്റിന്റെ സൂക്ഷ്മതലം.
ചെന്നൈയില്‍ ചിത്തപ്പാവും ചിത്തിയുമാണ് മഹാലക്ഷ്മിക്കു വേണ്ട ആദ്യസൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിക്കൊടുത്തത്. അവര്‍ക്ക് അവരുടെ ഫ്‌ളാറ്റില്‍ തന്നെ മഹാലക്ഷ്മിയേയും താമസിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഫ്‌ളാറ്റിലെ സ്ഥലപരിമിതിയും ജലപരിമിതിയും എല്ലാം മറ്റൊരു താമസസ്ഥലം തേടാന്‍ അവളെ നിര്‍ബന്ധിതയാക്കിയിരുന്നു. അങ്ങനെയാണ് ശിങ്കാരിയക്കായുടെ ഉടമസ്ഥതയിലുള്ള തെച്ചി, മന്ദാരം, തുളസി എന്നീ പേരുകളുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള താമസസ്ഥലത്തേക്ക് മഹാലക്ഷ്മി എത്തിച്ചേരുന്നത്. അവിടുത്തെ കഥയാകട്ടെ വിചിത്രവും രസകരവുമായിരുന്നു. തെച്ചി, പഠിക്കുന്ന കുട്ടികള്‍ക്ക്. മന്ദാരം, അവിവാഹിതരായ ഉദ്യോഗസ്ഥകള്‍ക്കും, തുളസി, വിവാഹിതരായ ഉദ്യോഗസ്ഥകള്‍ക്കും എന്നുള്ളതായിരുന്നു ക്രമം. താമസസ്ഥലത്തിന്റെ ഉടമസ്ഥയായ എഴുപതുകാരിയായ ശിങ്കാരിയക്ക വലിയ ഗുരുവായൂരപ്പ ഭക്തയായിരുന്നു. ഒപ്പം കുട്ടികള്‍ക്ക് ശ്വസനക്രിയ പരിശീലിപ്പിച്ചുകൊണ്ട് ആരോഗ്യരഹസ്യങ്ങളെക്കുറിച്ചും അവര്‍ വാതോരാതെ സംസാരിച്ചു. ശിങ്കാരിയക്കായുടെ ശാസനകള്‍ക്കും നിബന്ധനകള്‍ക്കും കീഴിലാണ് അവിടുത്തെ ലോകം പുലര്‍ന്നിരുന്നത്. മഹാലക്ഷ്മിയുടെ താമസം മന്ദാരത്തിലായിരുന്നു. എങ്കിലും, ‘ഭിന്നരുചിര്‍ ലോകാ’ എന്ന ഭവഭൂതിവാക്യം അവിടുത്തെ അന്തേവാസികള്‍ അക്ഷരംപ്രതി പാലിച്ചു. നോവലിലെ ഒരുപാടു മനുഷ്യരുടെ സവിശേഷമായ ഒരു ഇടമായി മാറുന്നുണ്ട് ശിങ്കാരിയക്കായുടെ താമസസ്ഥലം. ഭിന്നരുചിക്കാരായ താമസക്കാരുടെ പല പല ജീവിതങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലൂടെ എഴുത്തുകാരന്‍ ആവിഷ്‌കരിക്കുന്നുണ്ട്. അവരിലെല്ലാം നഗരജീവിതത്തിന്റെ പല പല അംശങ്ങള്‍ കാണുന്നുണ്ടെങ്കിലും അവയ്‌ക്കെല്ലാം സ്വന്തം അഗ്രഹാരത്തില്‍ നിന്നുള്ള ചില പൂര്‍വമാതൃകകള്‍ കണ്ടെത്താനും മഹാലക്ഷ്മിക്ക് കഴിയുന്നുണ്ട്. കലയും നൃത്തവും കച്ചവടവും ശ്വസനക്രിയയും സ്വവര്‍ഗാനുരാഗവും അഗമ്യഗമനവും എല്ലാം അവിടെ അരങ്ങ് തകര്‍ക്കുന്നു. ഇതെല്ലാം മഹാലക്ഷ്മിയുടെ ബോസായ സുശീല്‍കുമാര്‍ നല്‍കുന്ന പാഠം പോലെ എന്തും ഈ കാലത്ത് എങ്ങിനെ വില്പനച്ചരക്കാവുന്നു എന്നും അതിനെ എങ്ങിനെ വില്പനക്കാരന്‍ വെല്ലുവിളിയായി നേരിടുന്നു എന്ന രീതിയിലും വ്യാഖ്യാനിക്കാം.
സുഗന്ധവല്ലി എന്ന മന്ദാരത്തിലെ അന്തേവാസി പെണ്‍സ്‌നേഹിയാണെന്നും ബംഗാളി കുട്ടിയായ അനുരാധ ചാറ്റര്‍ജിയുമായി അവള്‍ തീവ്രസ്‌നേഹത്തിലായിരുന്നുവെന്നും ഒടുവില്‍ അനുരാധ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിപ്പോയതു മുതല്‍ മൂന്നുദിവസം സുഗന്ധവല്ലി ഒന്നും കഴിക്കാതെ അനുരാധയുടെ ഫോട്ടോ ചുംബിച്ച് തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു എന്നും മന്ദാരത്തിലെ അന്തേവാസിയായ മീന പറഞ്ഞപ്പോള്‍ മഹാലക്ഷ്മി ഗ്രാമത്തിലെ ഒരു നവരാത്രിക്കാലത്തേക്ക് മനസ്സുകൊണ്ട് സഞ്ചരിച്ചു. ബൊമ്മക്കൊലു വയ്ക്കാന്‍ എതിര്‍വീട്ടിലെ വിധവയായ തൈലാംബാള്‍ മാമി ക്ഷണിച്ച സന്ദര്‍ഭം മഹാലക്ഷ്മി ഓര്‍ത്തെടുക്കുകയായിരുന്നു.
ബൊമ്മകള്‍ സൂക്ഷിച്ചുവച്ചിരുന്ന ഇരുട്ടു നിറഞ്ഞ മച്ചിനകത്തേക്ക് തൈലാംബാംള്‍ മാമി റാന്തല്‍ കത്തിച്ചുകൊണ്ടുവന്നു. റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ മരപ്പെട്ടി തുറന്നു. ആദ്യം കയ്യില്‍ തടഞ്ഞത് രണ്ടു പെണ്‍ബൊമ്മകളായിരുന്നു. ലക്ഷ്മിയും പാര്‍വതിയും. അതിന്റെ കവിളില്‍ അടിഞ്ഞുകിടന്ന പൊടി പതുക്കെ തട്ടുമ്പോള്‍ തന്റെ കവിളിലെ ധൂമങ്ങളും മാമി ഊതി മാറ്റി. പാര്‍വതിബൊമ്മയുടെ മുലകളിലെ കട്ട പിടിച്ച അഴുക്ക് നഖം കൊണ്ട് നീക്കുമ്പോള്‍ തന്റെ ഭാരത്തിലും ഒരു നഖക്കൈ പതുക്കെ ഞരടി. ലക്ഷ്മി ബൊമ്മയുടെ അടിവയറ്റില്‍ കറപിടിച്ചുനിന്ന ക്ലാവ് ചുണ്ടിലെ നനവുകൊണ്ട് മാറ്റുമ്പോള്‍ ഈറന്‍ അണിഞ്ഞ അധരങ്ങള്‍… നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. തൈലാംബാള്‍ മാമിയുടെ സര്‍വാധിപത്യത്തിനു ചുവട്ടില്‍ വിയര്‍ത്തൊലിച്ചു കിടക്കുമ്പോള്‍ ശരീരം വസന്തത്തെയണിഞ്ഞു. കറന്റ് വന്ന് ഫിലിപ്‌സ് കണ്ണുതുറന്നപ്പോള്‍ ശരീരത്തില്‍ ഒരുതുണ്ട് തുണി പോലുമില്ല. അങ്ങനെ ആ നവരാത്രിക്കാലം കോരിത്തരിപ്പിന്റെ ഓര്‍മക്കാലമായി. ആ തരിപ്പിന്റെ സുഖം കിട്ടാന്‍ ഇടയ്ക്കിടെ അങ്ങോട്ടുപോവുക പതിവായി. പിന്നെപ്പിന്നെ മാമിക്ക് ഒരു തുണ എന്ന വ്യാജേന രാത്രിക്കിടത്തവും അവിടെയാക്കി. മാമിക്കും തനിക്കും തമ്മില്‍ മുപ്പതുവയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ജോലി കിട്ടി ചെന്നൈയിലേക്ക് പുറപ്പെടുമ്പോള്‍ മാമിയെ പിരിയുന്നതോര്‍ത്ത് താന്‍ കരഞ്ഞില്ല. മാമിയെ കെട്ടിപ്പിടിച്ചില്ല. ഊണു കഴിക്കാതിരുന്നില്ല. ഓര്‍മ്മയ്ക്കായി ഒന്നും കരുതിയില്ല. എന്നാല്‍ എന്തുകൊണ്ടാണ് അനുരാധാചാറ്റര്‍ജിയുടെ ഓര്‍മയ്ക്കു മുമ്പില്‍ സുഗന്ധവല്ലി തകര്‍ന്നടിയുന്നത്? യഥാര്‍ത്ഥ പെണ്‍സ്‌നേഹം എന്തെന്നറിയാന്‍ കഴിയാത്ത ഒരു അവ്യക്തതയോ വൈരുദ്ധ്യമോ മഹാലക്ഷ്മിയില്‍ തങ്ങി നിന്നു.
ചില പൂര്‍വാപരബന്ധങ്ങളും അത് ഓര്‍മിക്കപ്പെടുന്ന രീതികളും നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായാണ്. നോവലിന്റെ പകുതിയിലധികം ഭാഗത്തോളം ഈ ഗ്രാമനഗരദ്വന്ദം പല രീതിയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. കച്ചവടം അഭ്യസിക്കുന്നതിനിടയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതിനിടയില്‍ മരുന്നുകളുടെ മഹാസമുദ്രത്തിനു നടുവില്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുന്ന കല്പാത്തിക്കാരി അന്നലക്ഷ്മിയെ പരിചയപ്പെടുന്നു. സമാനതയുള്ള ഊരും പേരും മുന്‍ജന്മത്തിന്റെ അറ്റുപോകാത്ത ഒരു കണ്ണിയായി അവരെ തമ്മില്‍ ബന്ധിപ്പിച്ചു. ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്റെ പേരുപോലും മനസ്സില്‍ എന്തുമാത്രം ചലനങ്ങളുണ്ടാക്കുന്നുവെന്ന് മഹാലക്ഷ്മി തിരിച്ചറിഞ്ഞു. പേര് എന്നത് വെറും പേരു മാത്രമല്ല, അതില്‍ വഴികളും വീട്ടുമുറ്റങ്ങളും തിണ്ണകളും ഉണ്ട്. നടുമുറ്റത്തുവീഴുന്ന മഴയുണ്ട്. അമ്പലങ്ങളും കൊടിമരങ്ങളുമുണ്ട്. അനേകം വിശേഷങ്ങളും ആണ്ടുത്സവങ്ങളുമുണ്ട്. ഭൂമിയുടെ ഏതൊക്കെ അപരിചിതത്ത്വങ്ങളില്‍ ചെന്നുപെട്ടാലും ഗ്രാമം മനസ്സിന്റെ ആഴങ്ങളില്‍ വേരോടിയ പൂര്‍വകാലസ്മൃതിയാണ്.
ചെന്നൈയിലെ തന്റെ സഹതാമസക്കാരിയായ പ്രവീണ ഭാരതീരാജയുടെ പുതിയ സിനിമയിലേയ്ക്ക് അഭിനേത്രിയായി കരാര്‍ ചെയ്യപ്പെടുന്നുണ്ട്. അപ്പോള്‍ മഹാലക്ഷ്മി ഓര്‍ത്തത് സ്റ്റുഡിയോയുടെ നാലുചുവരുകള്‍ക്കകത്തു നിന്ന് തമിഴ് സിനിമയെ പുറംലോകത്തേക്ക് കൊണ്ടു വന്ന ഭാരതീരാജയോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് വണ്ടികയറിയ വിച്ചുവണ്ണാവെക്കുറിച്ചാണ്. പാടങ്ങളും പുഴകളും കരിമ്പിന്‍തോട്ടങ്ങളും വയസ്സന്‍ ആലുകളും പ്രാചീനമായ നാട്ടുവഴികളും എണ്ണമറ്റ അമ്മന്‍കോവിലുകളും ചുറ്റും മലനിരകളും നിറഞ്ഞ ഇഷ്ടസംവിധായകന്റെ ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കില്‍ വിച്ചുവണ്ണാ തന്റെ പൂര്‍വികര്‍ ഇവിടേക്കു വന്ന പ്രദേശങ്ങളും വഴികളും മറ്റൊരു രീതിയില്‍ ഓര്‍ത്തെടുത്തിരിക്കാം.
നഗരത്തിലെ ചില പുന:സമാഗമങ്ങള്‍ മഹാലക്ഷ്മിക്ക് ജീവിതത്തിന്റെ സന്ദിഗ്ധമായ ഗതിവിഗതികളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അവധിക്കാലങ്ങളില്‍ വയനാട്ടില്‍ നിന്ന് അഗ്രഹാരത്തില്‍ വന്നെത്താറുള്ള രഘു നല്‍കിയ ആദ്യ പ്രണയം. പിന്നീട് അതൊരു പ്രതീക്ഷയായി മനസ്സിലെവിടേയോ ഉറങ്ങാതെ കിടന്നിരുന്നു. അതേ രഘു സുഹൃത്തായ സൂസന്നയുമായി ശരീരം പങ്കിടുമ്പോള്‍ സുരക്ഷയ്ക്കായി കാവലിരുന്നതും മഹാലക്ഷ്മി തന്നെയായിരുന്നു.
അച്ഛന്റെ സുന്ദരിയായ പെങ്ങള്‍ സുഗുണാത്ത കറവക്കാരന്‍ കുഞ്ഞപ്പുവുമായി നടത്തിയ അപഥസഞ്ചാരം ചെന്നെത്തിയത് പടിയടച്ച് പിണ്ഡം വയ്ക്കലിലേക്കായിരുന്നു. പിന്നീട് അത്തയെക്കുറിച്ച് ഗ്രാമത്തില്‍ പല കഥകളും പ്രചരിച്ചു. പിഴച്ചുപെറ്റ കുട്ടിയെ എവിടെയോ ഉപേക്ഷിച്ചുവെന്നും അല്ല ഉടുമല്‍പ്പേട്ടയിലെവിടെയോ താമസിക്കുന്നുണ്ടെന്നുമുള്ള കഥകളുടെ പട്ടിക നീണ്ടു. കുടുംബത്തിന് ദുഷ്‌പേരുണ്ടാക്കിയ സുഗുണാത്തയെ എല്ലാവരും സ്വന്തം മനസ്സില്‍ നിന്നും പടിയടച്ചു പിണ്ഡം വച്ചു. ഭര്‍ത്താവും ഭാര്യയും ഒരു മകളും മാത്രം കഴിയുന്ന ചെന്നൈയിലെ ഒരു ഫ്‌ളാറ്റില്‍ അവര്‍ക്ക് സഹായിയായി കഴിയുന്ന സുഗുണാത്തയെ ഒരു നിയോഗം പോലെ മഹാലക്ഷ്മി കണ്ടെടുക്കുന്നുണ്ട്. പൂര്‍വകാലത്തെ സൗന്ദര്യം നിറഞ്ഞ അനുഭവങ്ങള്‍ പലതും പില്‍ക്കാലത്ത് തന്നെ വഞ്ചിക്കുന്നതായും, പൂര്‍വകാലം നിഷിദ്ധമെന്ന് തോന്നിപ്പിച്ച പലതും പില്‍ക്കാലത്ത് മനസ്സിന് കുളിര്‍മയേകുന്ന അനുഭവങ്ങളായും നോവലില്‍ ഇടം തേടുന്നു.
ചെന്നൈ, ഹൈദരാബാദ്, ബോംബെ എന്നീ മൂന്നു നഗരങ്ങള്‍ മഹാലക്ഷ്മിയുടെ കര്‍മരംഗങ്ങളായി ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ഹൈദരാബാദിലും ബോംബെയിലുമാകട്ടെ മനോരാധ എന്ന നഗരസന്തതിയെ തന്നെയാണ് മഹാലക്ഷ്മിക്ക് കൂട്ടായി ലഭിക്കുന്നത്. മനോരാധയ്ക്ക് വശംവദയായി മദ്യവും മാംസവും വരെ കഴിക്കേണ്ട അവസ്ഥയും മഹാലക്ഷ്മിക്ക് വന്നുചേരുന്നു. നഗരജീവിതം കയ്യാളുന്ന ആസുരതകളും ആവേഗങ്ങളും ഒരു ഭാഗത്ത് ചിത്രീകരിക്കപ്പെടുമ്പോള്‍ അതിന് അനുബന്ധമെന്നോണം അഗ്രഹാരത്തിലെ പഴയ ജീവിതബന്ധങ്ങളുടെ ഊര്‍ജം എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ ചരിത്രവസ്തുതകളിലൂടെ നോവലിനകത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. നോവല്‍ വായിക്കുമ്പോള്‍ ഇനിയും കുറച്ചുകൂടി വ്യാഖ്യാനങ്ങള്‍ ആകാമായിരുന്നില്ലേ എന്നു നമുക്കു തോന്നാം. എല്ലാം വ്യക്തതയോടെ പറഞ്ഞുവയ്ക്കാനല്ല എഴുത്തുകാരന്‍ ശ്രമിച്ചിട്ടുള്ളത്. മറിച്ച് വരികള്‍ക്കിടയില്‍ നിന്ന് വേറെ പലതും വായിച്ചെടുക്കാനുള്ള അവസരവും കൂടി നല്‍കുന്നുണ്ട്.
മഹാലക്ഷ്മിയും മനോരാധയും തമ്മിലുള്ള ബന്ധമാണ് നോവലിലെ ട്വിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നത്. തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത പല പല ജീവിത പരീക്ഷണങ്ങളിലും മനോരാധയ്ക്കു വേണ്ടി മഹാലക്ഷ്മി ഇടപെടുന്നുണ്ട്. അവര്‍ ഒന്നിച്ചു താമസിക്കുന്ന മുറിയില്‍ നിത്യേന അവിഹിത വേഴ്ചയ്ക്കായി ഒരാള്‍ വന്നെത്തുമ്പോള്‍ കുളിമുറിയില്‍ കയറി വാതിലടച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടും മഹാലക്ഷ്മിക്ക് വന്നുചേരുന്നു. ഒരു കാലത്ത് മനോരാധയുടെ അമ്മയുടെ രഹസ്യക്കാരനായ കക്കോല്‍ക്കറുടെ ഇരയായി മാറുകയായിരുന്നു മനോരാധയും. ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യത ഒരു കെണിയായി മനോരാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ സാക്ഷിയായ മഹാലക്ഷ്മിക്കെതിരേയും ആ കെണി മറ്റൊരു രീതിയില്‍ പ്രവര്‍ത്തിച്ചു. കക്കോല്‍ക്കറുടെ നിര്‍ബന്ധത്തിന് വഴങ്ങുന്നതിനിടയില്‍ തന്റെ നഗ്നത ക്യാമറ ഒപ്പിയെടുക്കുന്ന ദുരന്തവും മഹാലക്ഷ്മിക്കുണ്ടാവുന്നു. ഇത്തരം ഒരു ദുരന്തത്തിലേക്ക് താന്‍ നടന്നടുക്കുമ്പോഴും മനോരാധയെ കുറ്റക്കാരിയായി ചിത്രീകരിക്കാന്‍ മഹാലക്ഷ്മിക്കാവുന്നില്ല. എന്നു മാത്രമല്ല ഓരോരുത്തരും ചെന്നുപെടുന്ന ജീവിതസാഹചര്യങ്ങളാണ് ഒരാളെ തെറ്റുകാരിയും കുറ്റക്കാരിയുമാക്കി മാറ്റുന്നത് എന്ന ജീവിതാവബോധത്തിലേക്ക് പ്രവേശിക്കാനും അവള്‍ സന്നദ്ധയാവുന്നു. തീരെ നഗരപരിചയമില്ലാത്ത ഒരു അഗ്രഹാര പെണ്‍കുട്ടിയിലാണ് ഈ ഒരു കാഴ്ച എന്ന് നാം മനസ്സിലാക്കണം. നോവല്‍ അപൂര്‍ണമായാണ് അവസാനിക്കുന്നതെങ്കിലും മഹാലക്ഷ്മി ആര്‍ജിച്ച കഥാപാത്രവികാസം ശ്രദ്ധേയമാണ്.
‘വിസ്മയം പോലെ ലഭിക്കും നിമിഷങ്ങള്‍ക്ക്
അര്‍ത്ഥംകൊടുത്ത് പൊലിപ്പിച്ചെടുക്ക നാം”.
നിമിഷങ്ങള്‍ക്ക് അര്‍ത്ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കുക എന്നത് ഒരു ജൈവ വ്യാപാരമാണ്. മറിച്ച് ഇന്നത്തെ സാങ്കേതികകാലം എന്തിനേയും ഒറ്റ നിമിഷത്തില്‍ ഒതുക്കുന്ന ദൃശ്യവ്യാപാരമാക്കുന്നു. കാഴ്ച വഞ്ചനാപരമാകുന്ന കാലം. അതുകൊണ്ടാണ് അഗ്രഹാരത്തിലെ മഹാലക്ഷ്മിക്ക് ഇങ്ങനെ തോന്നിക്കൊണ്ടിരുന്നത്. ”ഏതു തിരക്കിലും തിരക്കില്ലാനേരത്തും ഒരു ക്യാമറയുടെ സാന്നിദ്ധ്യം മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു”. ഇതിന്റെ പിന്നില്‍ നോവലിലൊരിടത്ത് പ്രതിപാദിക്കുന്ന വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷ പ്രവചനവുമുണ്ട്. പില്‍ക്കാലത്ത് ക്യാമറ മഹാലക്ഷ്മിക്ക് ഭീഷണിയാവുമെന്ന സൂചന ഭാവിപ്രവചനത്തിലുണ്ടായിരുന്നു. പക്ഷേ ഇത് മഹാലക്ഷ്മിയുടെ ഭാവിയെ മാത്രം നിര്‍ണയിക്കുന്ന ഒന്നല്ല എന്നിടത്താണ് നോവലിന്റെ കാണാപ്പുറവായന. മറിച്ച് ഏതു തിരക്കിലും തിരക്കില്ലാനേരത്തും ഒരു ക്യാമറക്കണ്ണ് നമ്മളെയൊക്കെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന കാലികപ്രവചനവുമാണത്.
നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്ന ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഗോപാലകൃഷ്ണറാവു എന്ന വായനക്കാരന്റെ ഒരു പ്രതികരണമുണ്ടായിരുന്നു. നോവലിലെ എഴുത്തുകാരന്റെ ‘മഹാലക്ഷ്മി തന്ന സമ്പാദ്യം’ എന്ന പിന്‍കുറിപ്പില്‍ ഈ കത്ത് പ്രാധാന്യത്തോടെ എടുത്തുചേര്‍ത്തിട്ടുണ്ട്. അതാകട്ടെ ഒരു അധിക വായന സാദ്ധ്യമാക്കുന്നുണ്ട്. ചന്ദ്രിക(പുസ്തകം-57, ലക്കം-31)യിലെ ഗോപാലകൃഷ്ണറാവുവിന്റെ കത്തിനൊടുവില്‍ മഹാലക്ഷ്മിയുടെ ഭാവിക്കു വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം കാണുന്നു. നോവലിസ്റ്റ് പറയുന്നതു പോലെ വിദൂരദിക്കിലെ അപരിചിതനായ വായനക്കാരന്‍ മഹാലക്ഷ്മി എന്ന കഥാപാത്രത്തെ തീവ്രമായി പിന്‍തുടരുകയായിരുന്നു.
ഈ നോവല്‍ കേവലം ഒരു വായനാനുഭവമാകുന്ന കാലത്തിന്റേതല്ല. മറിച്ച് ജീവിതത്തെ അതിന്റെ എല്ലാ ശരിതെറ്റുകളോടെയും നന്മതിന്മകളോടെയും ഏറ്റെടുക്കുന്ന മനോവിചാരത്തിന്റേതാണ്. ഇവിടെ ഗാന്ധിജിയുടെ ഗ്രാമവും, രാമരാജ്യം എന്ന സ്വപ്‌നവും അതിവിദൂരതയിലേക്ക് മറഞ്ഞു കഴിഞ്ഞിരിക്കുന്നു. അങ്ങിനെയുള്ള കാലത്ത് ആയിരം മഹാലക്ഷ്മിമാര്‍ പരിക്കുകളൊന്നും പറ്റാതെ ഒന്നിച്ചു നിലനിന്നു പോരേണ്ട ഒരു പുരുഷ വിചാരത്തെയാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ ബോസായ സുശീല്‍കുമാര്‍ ഊട്ടിയുറപ്പിക്കുന്ന കച്ചവടതന്ത്രങ്ങള്‍ക്കപ്പുറം ഏതു ദുര്‍ഘടജീവിതസന്ധിയിലും അവള്‍ക്ക് ജീവിക്കാനുള്ള ഉറച്ച വിശ്വാസം നല്‍കാന്‍ കഴിയുന്ന ആയിരം ഗോപാലകൃഷ്ണറാവുമാരുള്ള ഒരു സമൂഹമാണ് ഈ നോവലിന്റെ എഴുതാപ്പുറം വിഭാവനം ചെയ്യുന്നത്.

Previous Post

ഉത്തരകാലത്തിന്റെ കാഴ്ചകള്‍

Next Post

പാളം

Related Articles

വായന

ബലിയും പുനർജനിയും: പി. രാമന്റെ കവിതയിലെ കഥാർസിസ്

വായന

മുഖം വേണ്ടാത്ത പ്രണയങ്ങൾ

വായന

ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ

വായന

മാമ ആഫ്രിക്ക: അസ്തമയത്തിനും ഉദയത്തിനുമിടയിൽ

വായന

കഥയിലെ എതിര്‍ സൗന്ദര്യ സംഹിതകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ജയശീലന്‍ പി.ആര്‍.

ഫാര്‍മ മാര്‍ക്കറ്റ്

ജയശീലന്‍ പി.ആര്‍. 

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ ഒരു ന്യൂനപക്ഷസമൂഹമാണ്. അവരുടെ ജീവിതശൈലിയും ആചാരവിശ്വാസങ്ങളുമാകട്ടെ അധികമെവിടെയും രേഖപ്പെടുത്താത്ത സവിശേഷചരിത്രവുമാണ്....

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven