ആ കുഞ്ഞുമനസ്സിൽ ഭയത്തിന്റെ കുതിരകൾ ഓടുകയായിരുന്നു അപ്പോൾ.
വിറച്ചു കൊണ്ടിരിക്കുന്ന അവൾ ഇടക്കിടക്ക് തേങ്ങുന്നുണ്ടായിരുന്നു. അച്ഛൻ ഇവിടിരിക്കൂ എന്ന് പറഞ്ഞവളെ ഒളിപ്പിച്ചതായിരുന്നു, കർട്ടനും ജനലിനും ഇടക്കുള്ള ഒരു നുറുക്ക് ഇരുട്ടിന്റെ തുണയിൽ!
വാളും കത്തിയുമായാണവർ വീട്ടിലേക്കു കുതിച്ചെത്തിയത്.
അമ്മയെ പിടിച്ചുകൊണ്ടു പോവുന്നത് കണ്ടാണ് അച്ഛൻ തന്നെ ഈ മുറിയിൽ ഒളിച്ചിരുത്തിയത്. അമ്മയെ രക്ഷിച്ച് കൊണ്ടുവരാനാണ് അവരുടെ പിന്നാലെ അച്ഛൻ ഓടിയത് എന്നവൾക്കു മനസ്സിലായി.
പക്ഷെ, എന്തിനാണ് അവർ ഇത്ര പേർ വീട്ടിലേക്കു ഓടി വന്നത്? എന്തിന്നാണവർ അമ്മയെ ഇഴച്ചു വലിച്ചു കൊണ്ടുപോയത്? അച്ഛൻ ഇത്രയധികം പേരെ എങ്ങിനെയാണ് തോൽപ്പിച്ചു അമ്മയെ തിരിച്ചു കൊണ്ട് വരാൻ പോവുന്നത്? അവൾക്ക് ഒന്നും മനസ്സിലായില്ല.
അവൾ മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു, “ദൈവങ്ങളെ, പടച്ചോനെ, ഒടേമ്പ്‌രാനെ, നീ ഇത് കാണ് ണില്ല്യേ? എന്തോണ്ടാ നീ കണ്ണടച്ചിരിക്കണത്… ഇങ്ങനെള്ള അതിക്രമോം അനാചാരോം ക്രൂരകർമ്മോം ഒക്കെ നടക്കുമ്പോ നെണക്ക് തടയാനാവാത്ത കാര്യങ്ങളേതെങ്കിലുണ്ടോ? എന്നിട്ടും മിണ്ടാതെ, നിഷ്ക്രിയനായി, ന്റെ അമ്മേം അച്ഛനേം രക്ഷപ്പെടുത്താൻ ശ്രമിക്കാതെ, എന്താ നീ ഒളിച്ചിരിക്കണത്?”
“മോളെ, ഞാൻ താ നിന്റടുത്തന്നെ ണ്ടല്ലോ, കണ്ണ് തൊറന്നു നോക്ക്.”
അവൾക്കാശ്ചര്യമായി!

ഉതിരുന്ന കണ്ണീർ തുടച്ചുകൊണ്ട് അവൾ കണ്ണ് തുറന്നപ്പോൾ, തൊട്ടപ്പുറത്തു അവളുടെ പ്രതിബിംബം പോലെ, ഏതാണ്ടതേ പ്രായത്തിലൊരു പെൺകുട്ടിയിരുപ്പുണ്ടായിരുന്നു.
കണ്ണുകളിൽ അത്രതന്നെ ഭയത്തിന്റെ കണികകൾ ഉരുണ്ടുകൂടി, അത്രതന്നെ വിഷമം മുഖത്ത് പ്രതിഫലിക്കുന്ന ഒരു ചെറുപെൺകുട്ടി!
“ന്നെ കള്യാക്കാണാല്ലേ… കഷ്ടം ണ്ട്! എപ്പോ വിളിച്ചാലും നീ വിളിപ്പുറത്തുണ്ടാവും ന്നാണല്ലോ എനിക്കമ്മേം അച്ഛനും പറഞ്ഞു തന്നിട്ടുള്ളത്. ന്നട്ടിപ്പോ, ഒടേമ്പുരാനേ, നീയന്ന്യാണ് വന്നിരിക്കണത് ന്നു വിചാരിച്ചാക്കൂടെ, ഇന്റെ അതേ പ്രായത്തിലൊരു കുട്ട്യായി വന്നിട്ട് നീ എന്ത് സഹായം ചെയ്യാനാ?” അവൾ തേങ്ങിക്കൊണ്ട് ചോദിച്ചു.
“അതിനവര് പറഞ്ഞതൊക്കെ സത്യാവണം ന്നുണ്ടോ, കുട്ട്യേ? അതൊക്കെ ഓരോരുത്തര് വിശ്വസിക്കണതല്ലേ? വിശ്വാസം ന്നത് വെറും വിശ്വാസം മാത്രല്ലേ? അതൊക്കെ ശരീം സത്യോം ആവണന്നുണ്ടോ?” തൊട്ടപ്പുറത്തെ അവളുടെ പ്രതിരൂപം, വേദനിക്കുന്ന ദുർബലമായ ശബ്ദത്തിൽ, പറഞ്ഞു,
“എനിക്കിഷ്ടള്ളോരടടുത്ത് വിളിക്കാതന്നെത്തില്ലെ ഞാൻ?എത്താറുണ്ട്… എത്തും… പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ കഴിയാറില്ലന്നതാണ് സത്യം, മോളെ. പലപ്പോഴും ഞാനാ സത്യം വീണ്ടും വീണ്ടും വേദനയോടെ മനസ്സിലാക്കണൂ. ”
പതിഞ്ഞ പതറിയ ശബ്ദത്തിൽ രൂപം തുടർന്നു.
“നിങ്ങളുടെ മനസ്സിലല്ലേ ഞാൻ? നിങ്ങളുടെ മനസ്സല്ലേ ഞാൻ? എനിക്കെങ്ങനെ നിങ്ങളെ വിട്ടു പോവാനാവും? നിങ്ങളിലെ ഉള്ളത്തെ, ഉള്ളിലുള്ളതിനെ മാറ്റാനല്ലാതെ, അതിനപ്പുറത്തു നടക്കുന്നതൊന്നിനെയും മാറ്റാനോ മറിക്കാനോ എനിക്ക് കഴിവില്ലന്ന സത്യം പറഞ്ഞു മനസ്സിലാക്കി നിന്നെ വിഷമിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല കുട്ട്യേ?” കുറെ ആത്മഗതമായും കുറെ സ്വയം സമാധാനിപ്പിക്കാനും പറഞ്ഞ ആ വാക്കുകൾ അവസാനിക്കുമ്പോഴേക്ക്, ആ വീട് ശബ്ദമുഖരിതമായി.
“നോക്കടാ, എവിടെങ്കിലും ഒളിച്ചിരിക്കിണിണ്ടാവും!” അവൾ കർട്ടന്റെ വിടവിൽക്കൂടെ കണ്ടു, ഒരു നോട്ടം.
രൗദ്രമായ മുഖങ്ങൾ. പന്തമായ് കത്തുന്ന കണ്ണുകൾ; ചാട്ടുളിപോലുള്ള ദംഷ്ട്രകൾ. കത്തികളും വടിവാളുകളും ഏന്തിയ വന്യമായ കരങ്ങൾ!!
ചിലർ കൊടികളുമേറ്റ് പിടിച്ചിട്ടുണ്ട്.
പലവക വർണങ്ങളിലുമുള്ളവയാണ് കൊടികൾ! ചിലതിന് നിറം കടുംപച്ചയാണെങ്കിൽ, ചിലവ ചോരചോപ്പാണ്. കുങ്കുമക്കൊടികളുമുണ്ട് കൂട്ടത്തിൽ.
അവൾ ആലിലപോലെ ഞെട്ടിവിറച്ചുകൊണ്ട് ശ്വാസം അടക്കിപിടിച്ചിരുന്നു. തൊട്ടടുത്തിരുന്ന പെൺകുട്ടിയും അവളെപ്പോലെ തരിച്ചിരിക്കുന്നുണ്ടായിരുന്നു.അവളുടെ കൈ അമർത്തിപ്പിടിച്ചുകൊണ്ട്.
പെട്ടെന്നാണ് കർട്ടൻ തള്ളിമാറ്റി ഒരു വന്യമുഖം അട്ടഹസിച്ചത്,
“ഇബിടിണ്ടടാ ആ പൂ………മോന്റെ പുന്നാര”.

തലമുടിയിൽപിടിച്ച് അവളെ പുറത്തേക്കു വലിച്ചെടുക്കുമ്പോൾ രൂപം ഉറഞ്ഞു മരവിച്ച നോട്ടവുമായി നടക്കുന്നതെല്ലാം നിസ്സഹായയായി നോക്കിക്കൊണ്ടിരുന്നു.
“അയ്യോ… അമ്മേ… ന്റെ ഒടേമ്പുരാനെ… അയ്യോ… അമ്മേ…അയ്യോ…” അവൾ അലമുറയിട്ടു കരഞ്ഞുകൊണ്ടിരുന്നു.
ഉടയാടകൾ കീറിയെറിഞ്ഞു, അവളെ അവർ കൊത്തിക്കീറിപ്പറിക്കുമ്പോൾ, വീട്ടിനുള്ളിലേക്ക് ആക്രമിച്ചുകേറി വന്നവരുടെ സ്വന്തം ഉടയോന്മാരെല്ലാം, കൊടികളുടെ വാൾത്തലപ്പത്ത് നിന്നുകൊണ്ട് കോലാട്ടവും, കോൽക്കളിയും ആടിത്തിമിർക്കുകയായിരുന്നു.
മൊബൈൽ: 9003159225



