മലയാള ഹാസ്യസാഹിത്യത്തിലെ ‘പിതാമഹന്‍’ ആയ വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വികെഎന്നിന്റെ ജന്മദിനം ഏപ്രില്‍ 7-ന് കടന്ന് പോയല്ലോ.

മലയാള സാഹിത്യത്തിലെ പദപ്രയോഗങ്ങളെ തന്റേതായ ശൈലിയില്‍ ഉടച്ചുവാര്‍ത്ത ഒരു ‘ഭാഷാ മാന്ത്രികന്‍’ ആയിരുന്നു വി.കെ.എന്‍. ചിരിപ്പിക്കാന്‍ മാത്രമല്ല, ചിരിയിലൂടെ ചിന്തിപ്പിക്കാനും മൂര്‍ച്ചയേറിയ സാമൂഹിക വിമര്‍ശനം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
അധികാരത്തെയും രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകളെയും പരിഹസിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത ശൈലി മലയാളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷം പശ്ചാത്തലമാക്കി അദ്ദേഹം രചിച്ച കൃതികള്‍ ഇന്നും പ്രസക്തമാണ്.
മനുഷ്യനിലെ കപടതകള്‍ക്ക് നേരെ നോക്കി വെടി പൊട്ടുന്ന അതേ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറായ ഒരു മനുഷ്യനാണ് 2004 ജനുവരി 25-ന് നമ്മെ വിട്ട് പോയത്.
അമിത-ഗൗരവങ്ങളേയും,കപടനാട്യങ്ങളേയും അക്ഷരങ്ങള്‍ കൊണ്ട് ഉടച്ചുവാര്‍ത്ത വികെഎന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ അനശ്വരമാണ്.
വിഗ്രഹഭഞ്ജകനായിരുന്നു വികെഎന്‍. വാക്കുകളെ അമ്മാനമാടുകയും വരികള്‍ക്കിടയില്‍ മൂര്‍ച്ചയേറിയ പരിഹാസം ഒളിപ്പിക്കുകയും ചെയ്തു. മലയാളിയുടെ വായനാലോകത്ത് സമാനതകളില്ലാത്ത ശൈലീവല്ലഭനായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ഇടനാഴികളിലെ അഴിമതിയെയും പൊങ്ങച്ചങ്ങളെയും ഇത്രമേല്‍ സര്‍ഗ്ഗാത്മകമായി പരിഹസിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലില്ല.

വികെഎന്നിന്റെ കൃതികള്‍ കേവലം തമാശകളല്ല, മറിച്ച് അവ അഗാധമായ രാഷ്ട്രീയ ബോധത്തിന്റെയും ചരിത്രവിജ്ഞാനത്തിന്റെയും കലവറകളാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ പശ്ചാത്തലമാക്കി അദ്ദേഹം രചിച്ച ‘പിതാമഹന്‍’, ‘അധികാരം’ തുടങ്ങിയ കൃതികള്‍ അധികാരവര്‍ഗ്ഗത്തിന്റെ പൊയ്‌മുഖങ്ങൾ വലിച്ചുകീറുന്നവയായിരുന്നു. ആഗോള രാഷ്ട്രീയത്തെയും പ്രാദേശിക ജീവിതത്തെയും ഒരേ ചരടില്‍ കോര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച ഏറ്റവും വലിയ ഹാസ്യസാമ്രാട്ടായി വികെഎന്‍ വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ‘പയ്യന്‍’ എന്ന അനശ്വര കഥാപാത്രമാണ്. പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരനായ പി.ജി. വുഡ്ഹൗസ് (P.G Woodhouse) -ന്റെ വിഖ്യാതമായ ജീവ്‌സ് എന്ന സ്ഥിരം പരിചാരകനാണ്, വികെഎന്നിന് പയ്യനെ സൃഷ്ടിക്കാന്‍ പ്രചോദനമായത് എന്ന് അദ്ദേഹം തന്നെ പലപ്പോഴും സമ്മതിച്ചിട്ടുണ്ട്.

ജീവ്‌സ് തന്റെ യജമാനനായ ബെര്‍ട്ടി വൂസ്റ്ററുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന അതിബുദ്ധിമാനായ ഒരു പരിചാരകനാണെങ്കില്‍, പയ്യനാകട്ടെ, ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ ജോലി ചെയ്യുന്ന, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രഭുക്കളും ഒരുപോലെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകനാണ്.
ജീവ്‌സ് ബ്രിട്ടീഷ് ഉപരിവര്‍ഗ്ഗത്തിന്റെ തമാശകളിലും കുഴപ്പങ്ങളിലും മുഴുകുമ്പോള്‍, സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ ജീര്‍ണ്ണതകളെയും ബ്യൂറോക്രസിയുടെ പൊള്ളത്തരങ്ങളെയും പരിഹസിക്കുന്ന വികെഎന്നിന്റെ ശബ്ദമാണ് പയ്യന്‍. ഒരു ഗ്ലാസ് മദ്യവും കയ്യിലേന്തി ലോകകാര്യങ്ങളെ നിസ്സാരമായി നോക്കിക്കാണുന്ന ഒരു വിരക്തന്റെ ഭാവവും പയ്യനുണ്ട്.
വുഡ്ഹൗസ് ഇംഗ്ലീഷ് ഭാഷയില്‍ നടത്തിയ പരീക്ഷണങ്ങള്‍ പോലെയാണ് വികെഎന്‍ മലയാളത്തില്‍ നടത്തിയത്. വുഡ്ഹൗസിന്റെ ‘ശൈലീപരമായ അഭ്യാസങ്ങള്‍’ പയ്യന്‍ കഥകളിലും നമുക്ക് കാണാം.
ലോകത്തെ മുഴുവന്‍ നിസ്സാരതയോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന പയ്യന്‍സ്, വായനക്കാരന് ഒരു പുതിയ കാഴ്ചപ്പാട് സമ്മാനിച്ചു. വാക്കുകളെ സന്ദര്‍ഭത്തിനനുസരിച്ച് ഉടച്ചുവാര്‍ക്കാനും, ഇംഗ്ലീഷ് പദങ്ങളെപ്പോലും മലയാളിത്തം ചാര്‍ത്തി അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ വികെഎന്‍ ഭാഷ (VKN-speak) ഒരു പ്രത്യേക പഠനവിഷയം തന്നെയായി മാറി.

മലയാള ഭാഷയ്ക്ക് നവീനമായൊരു ചൈതന്യവും വേഗതയും നല്‍കിയ വികെഎന്‍ ഭൗതികമായി വിടവാങ്ങിയെങ്കിലും, ആ അക്ഷരങ്ങളിലെ ചിരിക്ക് ഇന്നും മൂര്‍ച്ച കുറഞ്ഞിട്ടില്ല. മലയാളം നിലനില്‍ക്കുന്നിടത്തോളം കാലം, വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടിയ ആ വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ തന്റെ കൃതികളിലൂടെ വായനക്കാരുടെ മനസില്‍ ചിരിയും ചിന്തയും നിറച്ചു കൊണ്ട് ജീവിക്കും.
അദ്ദേഹത്തെ നേരിട്ടറിയാനും, തിരുവില്വാമലയിലെ കുന്നിന്‍ ചെരിവിലെ വീട്ടില്‍ ഉമ്മറപ്പടിയിലിരുന്ന് മുന്നിലെ ചെല്ലത്തിലുള്ള വെറ്റിലയും മുറുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും എന്റെ അമ്മാമനുമായിരുന്ന സി.പി. രാമചന്ദ്രനോടും എന്റെ അച്ഛനമ്മമാരോടും സംവദിക്കുന്നതിന് സാക്ഷിയാകാനും എത്രയോ തവണ കഴിഞ്ഞിരിക്കുന്നു; ഇതെല്ലാം എന്റെ മനസ്സിലിപ്പോള്‍ ഒരു ഫ്‌ളാഷ് ബാക് ആയി ഓടി വരുന്നു. പറളിയിലെ ഞങ്ങളുടെ വീട്ടിലേക്കും ഇടക്കെങ്കിലും അദ്ദേഹം വന്നിരുന്നത് ഒരാഘോഷമാക്കി എടുത്തിരുന്നു ഞങ്ങള്‍.
എങ്കിലും, ഏറെ ഹൃദയഭേദകമായ വസ്തുത, ലോകത്തെ ചിരിപ്പിച്ച ചാര്‍ളി ചാപ്ലിനെപ്പോലെ, സ്വന്തം ജീവിതത്തിന്റെ സായന്തനത്തില്‍ ഒട്ടേറെ ക്ലേശങ്ങളും വിരഹദുഃഖങ്ങളും ആ വലിയ മനുഷ്യന് പേറേണ്ടി വന്നു എന്നതാണ്.

പ്രിയപുത്രന്റെ തിരോധാനം, ഒടുവില്‍ ആ മകന്‍ ട്രെയിനിനു മുന്നില്‍ ജീവനൊടുക്കി എന്ന കയ്‌പ്പേറിയ സത്യം-ഇതൊക്കെയും വികെഎന്നിനെ ആകെ തളര്‍ത്തിക്കളഞ്ഞു. അതോടെ അദ്ദേഹം മൗനത്തിന്റെ വാത്മീകങ്ങളിലേക്ക് പിന്‍വലിഞ്ഞു. ആ ചുണ്ടിലെ പരിഹാസച്ചിരിയും കടലാസില്‍ അഗ്‌നി പടര്‍ത്തിയിരുന്ന ആ പേനയും എവിടെയോ അസ്തമിച്ചു. വികെഎന്നിന്റെ അവസാന നാളുകള്‍ കണ്ടുനില്‍ക്കാന്‍ കഴിയാത്തവിധം ദൈന്യത നിറഞ്ഞതായിരുന്നു. താന്‍ ചെയ്ത തെറ്റെന്തെന്നറിയാതെ ഒരാളെ കഠിനതടവിലിട്ട് ക്രൂശിക്കുന്നതുപോലെ നിസ്സഹായമായിരുന്നു ആ ഹാസ്യസാമ്രാട്ടിന്റെ അന്ത്യകാലം.
അര്‍ത്ഥശുന്യമായ വിധി വൈപരീത്യങ്ങളുടെ ആ വിരോധാഭാസത്തെ വിവരിക്കാന്‍ ഒരു നാടന്‍ പാട്ടിന്റെ അവസാന വരികള്‍ക്ക് മാത്രമേ കഴിയൂ:
“ആദിയില്ലേ അന്തവുമില്ലേ,
ആദിയില്ല അന്തവുമില്ലല്ലോ,
ആദിയുമില്ലല്ലോ അന്തവുമില്ലല്ലോ!’
മൊബൈൽ: 9003159225
ഇമെയിൽ: cp.uday@gmail.com




