• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പെൻസിൽവാനിയയിലെ അത്ഭുത ജനത

സി പി മനോരമ February 28, 2025 0

നിങ്ങൾക്കെപ്പോഴെങ്കിലും നിങ്ങളുടെ സമയം പിന്നോട്ടാക്കണമെന്നു തോന്നിയിട്ടുണ്ടോ?

മനോരമ

എങ്കിൽ അമേരിക്കയിൽ പെൻസിൽവാനിയയിലുള്ള ആമിഷ് വില്ലേജിലൊക്കൊരു യാത്ര പോയാൽ മതി. അവിടത്തെ മനോഹരമായ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, ആ പ്രദേശവാസികളെ കാണുമ്പോൾ, അവരുടെ ജീവിതശൈലികളെക്കുറിച്ചറിയുമ്പോൾ, വേഷവിധാനങ്ങൾ കാണുമ്പോൾ ഉറപ്പായും നിങ്ങൾക്കു തോന്നും ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്നിരുന്നൊരു ലോകത്തിലാണ് നിങ്ങൾ നിൽക്കുന്നതെന്ന്. തിരക്കില്ലാത്ത വൃത്തിയായ റോഡിനിരുവശവും പരന്നു കിടക്കുന്ന ചോള വയലുകൾ. വേലിക്കെട്ടിന്നുള്ളിൽ മേഞ്ഞു നടക്കുന്ന പശുക്കളും കുതിരകളും. നിരത്തിലൂടെ പാഞ്ഞുപോവുന്നത് കാറുകളും ബസ്സുകളുമല്ല – കുതിരവണ്ടികളാണ്. പഴയകാലത്തെ ഇംഗ്ലീഷുസിനിമകളെ ഓർമ്മിപ്പിക്കുന്നപോലത്തെ! നൂറ്റാണ്ടുകൾക്കു മുമ്പു നിശ്ചലമായൊരു ഘടികാരത്തിന്റെ സൂചി പെട്ടെന്നുണർന്ന് ആ പഴയ കാലങ്ങളിലേക്കെത്തപ്പെട്ട ഒരു പ്രതീതി… കടന്നുപോയകാലത്തിന്റെ സമയം ഇനിയും മരിച്ചിട്ടില്ലെന്നപോലെ.

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോൾ യൂറോപ്പിലാകമാനമൊരു നവീകരണമുന്നേറ്റം വ്യാപിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് ആമിഷ് കമ്യൂണിറ്റിയുടെ കഥ തുടങ്ങുന്നത്. ക്രിസ്ത്യൻ സമൂഹത്തിലെ അനബാപ്റ്റിസ്റ്റ് എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ് ആമിഷ് ജനത. വ്യത്യസ്തമായ ക്രിസ്ത്യൻ മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരാണിവർ; മാത്രമല്ല, ഒരു ഭരണകൂടത്തിന്റെ പിന്തുണയും പ്രീതിയും ഇല്ലാത്ത സ്വതന്ത്രമായൊരു സഭ വേണമെന്നുമവരാവശ്യപ്പെട്ടു. കാരണം മതവും ഭരണവും തമ്മിൽ കൂടിച്ചേരുമ്പോൾ അത് കലാപങ്ങൾക്കും നാശത്തിനും വഴിതെളിക്കുമെന്നവർ വിശ്വസിച്ചു. യേശുവിനാൽ മാത്രം ഭരിക്കപ്പെടുന്നവരാണവർ. അതുകൊണ്ടു തന്നെ ആ ദിവ്യാധിപത്യത്തിന് ഒരു ഭരണകൂsത്തിന്റെ അംഗീകാരം ആവശ്യമില്ലെന്ന അവരുടെ അഭിപ്രായത്തോട് യോജിക്കാൻ മറ്റു മതവിശ്വാസികൾക്കായില്ല. കൂടാതെ ഇത്തരം വിശ്വാസങ്ങൾ യൂറോപ്പിലെ കത്തോലിക്കരേയും മറ്റു പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളേയും വല്ലാതെ പ്രകോപിതരാക്കി. അതിനെത്തുടർന്ന് ഇവർ യൂറോപ്പിലെ സൈനികോദ്യഗസ്ഥന്മാരാൽ പീഡിക്കപ്പെടുകയും തടവിലാക്കപ്പെടുകയുംചെയ്തു. പൊറുതിമുട്ടിയ ആമിഷ് ജനതക്ക് യൂറോപ്പിൽ നിന്ന് രക്ഷപ്പെടേണ്ടിവന്നു. അങ്ങനെ വടക്കേ അമേരിക്കയിലെ ഇംഗ്ലീഷ് കോളനിയായ പെൻസിൽവാനിയയുടെ സ്ഥാപകനും, ഒരു ഇംഗ്ളീഷ് എഴുത്തുകാരനും മതചിന്തകനുമായിരുന്നു വില്യം പെൻ എന്ന മനുഷ്യന്റെ സഹായത്താൽ ആമിഷ് ജനത പെൻസിൽവാനിയയിൽ കുടിയേറിപ്പാർത്തു. പെൻസിൽവാനിയ മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുമെന്ന വില്യം പെന്നിന്റെ ഉറപ്പിൽ അവർ പെൻസിൽവാനിയയിൽ താമസമാക്കി.

പരിമിതമായ സാങ്കേതിക വിദ്യ

ആധുനികജീവിതത്തിലെ സാങ്കേതികവിദ്യകളോടെല്ലാം മുഖം തിരിച്ചുനില്ക്കുവാൻ ഇഷ്ടപ്പെടുന്ന ഇവർ സൗരോർജ്ജത്തിൽ നിന്നും (solar energy ), കാറ്റിൽ നിന്നും (wind power) കൂടാതെ അവരുടെ വീടുകളിലുണ്ടാക്കുന്ന ജനറേറ്ററുകളിൽ നിന്നും സ്വയം വൈദ്യുതിയുൽപ്പാദിപ്പിച്ച് ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ എന്നിവ ഉപയോഗിക്കുന്നു. മെക്കാനിക്കൽ ഡ്രയർ ഉപയോഗിക്കാത്തതിനാൽ വീട്ടിനുപുറത്ത് അയ കെട്ടി തുണികൾ ഉണക്കുന്നു. അമേരിക്കയിൽ വളരെ അപൂർവ്വമായി മാത്രമെ നിങ്ങൾക്കിങ്ങനെ തുണികൾ പുറത്തു വിരിച്ചുണക്കുന്നത് കാണാനാവൂ. കംപ്യൂട്ടർ ടെലിവിഷൻ എന്നിവക്കൊക്കെ അയിത്തം കൽപ്പിച്ചിക്കുകയാണിവർ. മൊബൈൽഫോണുകളും ടെലിഫോണുകളും ഉപയോഗിക്കുന്നില്ല എന്നുപറയാനാവില്ല. അവരുടെ ജോലിസ്ഥലത്തും ബിസിനസ്സ് ആവശ്യങ്ങൾക്കും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നുണ്ട്. പക്ഷേ അവരുടെ ജോലിയും ഗാർഹികജീവിതവും തമ്മിൽ ശക്തമായ വേർതിരിവുണ്ട്. ഈ വേർതിരിവാണ് സാങ്കേതികവിദ്യയെ അവരുടെ വീടുകളിൽ നിന്ന് അകറ്റി നിർത്തുന്നത്. മാത്രവുമല്ല, ഇത്തരം സാങ്കേതിക വിദ്യകൾ കുടുംബത്തിലുണ്ടാക്കുന്ന സ്വാധീനവും അവരെ ഭയപ്പെടുത്തുന്നു. പ്രത്യേകിച്ച് മൊബൈൽ ഫോണിന്റെ ഉപയോഗം – ഇത് പരസ്പരബന്ധത്തിൽ വിള്ളൽ വരുത്തുമെന്നും മുഖാമുഖ ആശയവിനിമയവും സാമൂഹിക ഇടപെടലുകളും ഇല്ലാതാക്കുകയുംചെയ്യുമെന്ന ആശങ്ക. ഇത്തരം ആശങ്കൾ കാരണം.
ഫോണുകളൊന്നും വീടുകളിൽ കൊണ്ടുപോകാതെ ഒരു കേന്ദ്രസ്ഥലത്തുണ്ടാക്കിയ ടെലിഫോൺ ബൂത്തുപോലെയുള്ള ചെറിയ മുറിയിൽ (phone shack) സൂക്ഷിക്കുവാനവരെ പ്രേരിപ്പിക്കുന്നതിൽ തെറ്റു പറയാനാവില്ല. കാറോ, സ്കൂട്ടറോ ഒന്നുംതന്നെ സ്വന്തമാക്കാനോ ഉപയോഗിക്കാനോ അവരാഗ്രഹിക്കുന്നില്ല. ഇതെല്ലാം അവരുടെ സമൂഹത്തെ ഇല്ലായ്മ ചെയ്യുമെന്നും മാനുഷികമൂല്യങ്ങളിൽനിന്നു അകറ്റി നിർത്തുമെന്നുമുള്ള വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാണ് ഇവയെല്ലാം ഒഴിവാക്കിയിരിക്കുന്നത്.

ബൈബിൾ വചനപ്രകാരം, വിശ്വാസം എന്നത് യുക്തിഹീനമായ ഒന്നല്ല; മറിച്ച് തെളിവിലധിഷ്ഠിതമായ ഉറച്ച ബോധ്യമാണ് . “വിശ്വാസം എന്നതോ, പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ച ബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്ഠിതമായ നിശ്ചയവുമാകുന്നു” എന്നാണ് ബൈബിൾ പറയുന്നത്. ഇത്തരം വിശ്വാസങ്ങൾ യുക്തിഹീനമാണോ ,യുക്തിസഹജമാണോ എന്നതിനൊന്നും ഇവിടെ പ്രസക്തിയില്ല.

പള്ളികളില്ലാത്ത നാട്
പള്ളികൾപണിയുന്നതിനെതിരാണവർ. മനുഷ്യനേക്കാൾ മതത്തിനാണ് പള്ളികൾ പ്രാധാന്യം കൊടുക്കുന്നത്. അങ്ങനെയാവുമ്പോൾ സഭക്ക് മനുഷ്യനെ മറന്ന് പള്ളിച്ചടങ്ങുകൾക്കും ആചാരാനുഷ്ഠാനവിധികൾക്കും വേണ്ടി ബന്ധപ്പെടേണ്ടിവരും. നിയമത്തേക്കാളും പാരമ്പര്യത്തേക്കാളും സ്നേഹവും കാരുണ്യവുമാണ് വലുതെന്നു മനസ്സിലാക്കാതെ സഭക്ക് ദൈവരാജ്യത്തിന്റെ പ്രതീകമായി നിലകൊള്ളാൻ കഴിയില്ല എന്ന വിശ്വാസമാണവരെ പള്ളികൾ പണിയുന്നതിൽ നിന്ന് മുഖം തിരിപ്പിക്കുന്നത്. എന്നാൽ എല്ലാ ഞായറാഴ്ചകളിലും ഓരോരോ വീടുകളിൽ ഒത്തുചേർന്നവർ പ്രാർത്ഥിക്കുന്നു. ഇത്തരം കൂട്ടായ്മകൾ അവരുടെ ഇടയിൽ സ്നേഹവും ഐക്യവും ദൃഢമാക്കുന്നു. മാമ്മോദീസ എന്ന സഭയുടെ പതിവുപാരമ്പര്യത്തോടും അവർ വിയോജിക്കുന്നു. കുട്ടികളായിരിക്കുമ്പോൾ മാമ്മോദീസ ചെയ്യുന്നത് അവരുടെ അറിവോടും സമ്മതത്തോടുമല്ലാത്തതിനാൽ അത് അംഗീകരിക്കാനാവില്ല എന്നാണവരുടെ നിലപാട്. അതുകൊണ്ടവർ മാമ്മോദീസ ചെയ്യുന്നത് 20-24 വയസ്സിന്നുള്ളിലാണ്.

ഓരോ സഭയും അവരുടേതായ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നപോലെ ആമിഷ് ജനങ്ങൾക്കും ചിട്ടവട്ടങ്ങൾ ഉണ്ട് – അതായത് അംഗങ്ങൾ പാലിക്കേണ്ടതായ അലിഖിത പെരുമാറ്റച്ചട്ടങ്ങൾ! ഈ ചട്ടങ്ങൾ സാങ്കേതികവിദ്യകളെ പരിമിതിപ്പെടുത്തുകയും നിരോധിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ പുറംലോകവുമായുള്ള ആശയവിനിമയവും നിയന്ത്രിക്കുന്നു.

സ്വന്തം ചിത്രങ്ങളെടുക്കുന്നതിനോടും ആമിഷ്തീ ജനത തൽപ്പരരല്ല. മുകളിൽ ആകാശത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കടിയിൽ ജലത്തിലോ ഉള്ള ഒന്നിന്റെയോ പ്രതിമയോ രൂപമോ നീ നിർമ്മിക്കരുത്. അവക്കു മുന്നിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് എന്നകർത്താവിന്റെ തിരുവചനമാണ് ഇതിന്നാധാരം. ഇത്തരം വിശ്വാസങ്ങൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾത്തന്നെ അവർക്കു പകർന്നുകൊടുക്കും . വളരെ നിഷ്ക്കർഷയോടെയാണവർ കുട്ടികളെ വളർത്തുന്നത്. മുഖമില്ലാത്ത പാവക്കുട്ടികളാണ് കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്നത്..ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാവരും ഒരുപോലെയാണ് .എല്ലാവരും സ്നേഹിക്കപ്പെടുന്നവരും പ്രധാനപ്പെട്ടവരുമാണ്. യേശുവിന്റെ സൗന്ദര്യവും അവിടത്തെ അംഗീകാരവുമാണ് സൃഷ്ടിക്കപ്പെട്ട മറ്റെന്തിനേക്കാളുമേറെ വിലയേറിയത് എന്ന വിശ്വാസം വളരെ ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ പകർന്നുകൊടുക്കുന്നു. Judge ye not lest ye be judged (മറ്റുള്ളവരെ വിധിക്കരുത്, കാരണം നിങ്ങളെയും അതേ മാനദണ്ഡം കൊണ്ടാണ് വിലയിരുത്തുക; മത്തായിയുടെ സുവിശേഷം 7:1).

ഒരു അമിഷ് പെൺകുട്ടി.

ആരോഗ്യം നിലനിർത്തുന്നതിൽ ഇക്കൂട്ടർ വളരെ ശുഷ്കാന്തി പുലർത്തുന്നു. പോഷകസമൃദ്ധമായ ഭക്ഷണം, കുറഞ്ഞ മാനസികസമ്മർദ്ദം- ഇവയൊക്കെ അവരുടെ ജീവിതനിലവാരത്തെ ഉയർത്തുന്നു. സാധാരണയായി പ്രാദേശികമായി ജോലി ചെയ്യുന്ന ഡോക്ടർമാരുണ്ടെങ്കിലും സങ്കീർണ്ണമായ രോഗശാന്തിക്ക് വേണ്ടി ശസ്ത്രക്രിയ ചെയ്യുന്നതിനെയോ, ഹൈടെക് ആശുപത്രികളിൽ പോവുന്നതിനെയോ ഈ കമ്യൂണിറ്റി എതിർക്കാറില്ല. സ്ത്രീകൾ വീട്ടിലാണ് പ്രസവം നടത്തുന്നത്. കുടുംബവും, മിഡ് വൈഫുമാരും പ്രസവത്തിനു സഹായിക്കുന്നു. എങ്കിലും സങ്കീർണ്ണതകളോ, പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവരെ ആശുപത്രികളിൽ കൊണ്ടു പോവാൻ അവർ മടികാണിക്കാറില്ല.

ഒറ്റമുറി വിദ്യാലയം
ഒരു ഒറ്റമുറി സ്കൂൾകെട്ടിടം എന്നു കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. എന്നാൽ ഇരുപതാംനൂറ്റാണ്ടിനു മുമ്പുവരെ അങ്ങനെയായിരുന്നുവത്രെ. പിന്നീട് കൂടുതൽ വലിയ കെട്ടിടങ്ങളിലേക്ക് സ്ക്കൂൾ ഏകീകരിച്ചപ്പോഴും ആമിഷ് ജനത ഒരു മുറിയിൽത്തന്നെ മാറ്റമില്ലാതെ തുടർന്നു. 6 വയസ്സു മുതൽ (ഒന്നാം ഗ്രേഡ് ) 14,15വയസ്സുവരെ (ഏട്ടാം ഗ്രേഡ് ) കുട്ടികൾ സ്ക്കൂളിൽ തുടരും. പഠിപ്പിക്കുന്നത് സാധാരണയായി അവിവാഹിതയായ ആമിഷ് സ്ത്രീകളായിരിക്കും..അവർക്കും എട്ടാം ക്ലാസ്സു വരെ മാത്രമേ വിദ്യാഭ്യാസമുണ്ടായിരിക്കുകയുള്ളു.ചെറിയ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് മുതിർന്ന വിദ്യാർത്ഥികളുടെ സഹായം ആവശ്യപ്പെടാം. വിവാഹത്തിനു മുൻപുവരെ മാത്രമേ സ്ത്രീകൾ അദ്ധ്യാപികയാവുകയുള്ളു. സാധാരണ സ്ക്കൂൾ വിദ്യാഭ്യാസരീതിയിൽ നിന്നും വ്യത്യസ്തമായൊരു അദ്ധ്യാപനരീതിയാണിവരുടേത്. കൃഷി, ഗൃഹനിർമ്മാണം, കരകൗശലം തുടങ്ങിയ പ്രായോഗികകഴിവുകൾക്കാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. കൃഷി,അല്ലെങ്കിൽ വീടുപണി തുടങ്ങിയ അനുഭവങ്ങളിലൂടെയാണ് ശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്നത്.ബൈബിൾ, സ്തുതിഗീതങ്ങൾ തുടങ്ങിയ മതഗ്രന്ഥങ്ങളിൽനിന്ന് കുട്ടികൾ വായിക്കാൻ പഠിക്കുന്നു. സങ്കലനം, കുറയ്ക്കൽ , ഗുണനം , ഹരിക്കൽ തുടങ്ങിയ അടിസ്ഥാനഗണിതങ്ങളും അവിടെ പഠിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനഗണിത കഴിവുകളിൽ പ്രാവീണ്യം നേടുന്നത് ജോലിസ്ഥലത്തും മറ്റു ദൈനംദിനജീവിതത്തിലും ഇടപഴകാൻ അവരെ സഹായിക്കുന്നു.

സ്ത്രീകൾ കണങ്കാൽവരെ ഇറക്കമുള്ളതും നീളമുള്ള കൈകളുള്ളതുമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. വിവാഹിതരായ സ്‌ത്രീകൾ തലയിൽ കറുത്തതൊപ്പി ധരിക്കുമ്പോൾ അവിവാഹിതകൾ വെള്ളനിറത്തിലുള്ള തൊപ്പിയിടുന്നു. ആഭരണങ്ങൾ ആഡംബരത്തിന്റെ പ്രതീകമായതുകൊണ്ട് വിവാഹമോതിരവും ഇവർക്കില്ല. പുരുഷന്മാർ വിവാഹത്തിനുശേഷം താടി വളർത്തുന്നു.പക്ഷേ ആരും തന്നെ മീശ വളർത്താറില്ല. സൈനികോദ്യഗസ്ഥരോടുള്ള മാനസികമായ അകൽച്ചയാണ് മീശവെക്കുന്നതിൽ അവരെ തടഞ്ഞു നിർത്തുന്നത്.
പുരുഷന്മാർ അവരുടെ കോട്ടുകളിലും ഷർട്ടുകളിലുമൊന്നുംതന്നെ ബട്ടണുകൾ ഉപയോഗിക്കാറില്ല. ബെൽറ്റും ഉപയോഗിക്കാറില്ല. കാരണം സൈനികയൂണിഫോമുകളിൽ ബട്ടണുകളും ബെൽറ്റുകളും ഉപയോഗിച്ചിരുന്നതിനാലാണ്. അവരോടുള്ള വെറുപ്പും നീരസവുമാണ് ഇതിനുപിന്നിൽ. ബട്ടണു പകരം പിന്നുകൾ ഉപയോഗിക്കുന്നു.

പുരുഷന്മാർ കൃഷി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. സ്ത്രീകൾ അവർക്കു ഭക്ഷണമുണ്ടാക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്നു. ഭർത്താവിനെ ആശ്രയിച്ചുജീവിക്കുന്നവരാണ് ആമിഷ് സ്ത്രീകൾ. പ്രധാനപ്പെട്ടതോ സ്വാധീനമുള്ളതോ ആയ കാര്യങ്ങളിലൊന്നും സ്ത്രീകൾ ഇടപെടാറില്ല. വീട്ടമ്മമാരായി മാത്രം ജീവിക്കാനിഷ്ടപ്പെടുന്നവരാണിവർ .

ഫാമുകളിൽ കോഴികൾ, ആടുകൾ, പശുക്കൾ, പന്നികൾ, കുതിരകൾ,എന്നിവ നിറഞ്ഞുനിൽക്കുന്നതു കണ്ടു. അതിന്റെ കൂട്ടത്തിൽ മയിലുകളുമുണ്ടായിരുന്നു. മയിലിനെ ഒരു വളർത്തുമൃഗമായി വളർത്തുന്നതിൽ എനിക്കാശ്ചര്യം തോന്നി. അവയ്ക്ക് വളരെ സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയുമുള്ളതിനാൽ ശത്രുക്കളുടെ ആഗമനം വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുമെന്നുള്ളതു കൊണ്ടാണ് അവയെ വളർത്തുന്നതെന്ന് എഴുതിവെച്ചിരിക്കുന്നത് കണ്ടു.

നൂതന സാങ്കേതികസാമഗ്രികളൊന്നും ഉപയോഗിക്കാതെ വിളവെടുക്കുന്ന അവരുടെ പച്ചക്കറികളും പഴങ്ങളും അമേരിക്കക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏറ്റവും നിലവാരമേറിയ അവരുടെ ഫർണ്ണിച്ചറിനും ആരാധകർ ഏറെയുണ്ട്.

ആഡംബരത്തിന്റെ ഉച്ചകോടിയിൽ നിൽക്കുന്ന അമേരിക്കൻ ജനതയോടു ചേർന്നുജീവിക്കുമ്പോഴും അതിലൊന്നും ആസക്തി
യില്ലാതെ തങ്ങളുടെ ഭ്രമണപഥത്തിൽ നിന്നൊട്ടും വ്യതിചലിക്കാതെ ആമിഷ് ജനത ജീവിക്കുന്നു – ചെറിയ ജീവിതത്തിലും വലിയ സന്തോഷം ആസ്വദിച്ചു കൊണ്ട്. ആയിരക്കണക്കിനു പ്രലോഭനങ്ങളുടെ നടുവിലും നിനക്ക് ആകാശം പോലെ നിത്യശുദ്ധനായിക്കഴിയാം എന്ന തിരിച്ചറിവിലൂടെ.

അവിടെനിന്നു പടിയിറങ്ങുമ്പോൾ മനസ്സിൽ വന്നത് സദ്ഗുരുവിന്റെ ഈ വാചകങ്ങളാണ് – “അച്ചടക്കമെന്നാൽ നിയന്ത്രണമെന്നല്ല അർത്ഥമാക്കുന്നത്. എന്താണോ ആവശ്യമായത് , അതു ശരിക്കും ചെയ്യാനുള്ള വിവേകമുണ്ടായിരിക്കുക എന്നതാണ്.”

Related tags : AmericaAmish VillageManoramaPennsylvaniaTravelogue

Previous Post

ചിന്തയുടെ നിഴലുകൾ

Next Post

ചുട്ട മണ്ണിന്റെ മണം പകരുന്ന ചിത്രങ്ങൾ

Related Articles

Artistകവർ സ്റ്റോറി3

മനസ്സിൽ നിറയെ കഥകളുമായി ഒരു ചിത്രകാരൻ

Travlogue

മസ്‌റൂർ ക്ഷേത്രവും കാംഗ്ഡാ കോട്ടയും

കവർ സ്റ്റോറി3സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2

Travlogue

തീസ്ത ഒഴുകുന്ന നാട്ടിൽ

Travlogue

അതിർത്തിയുദ്ധത്തിന്റെ സുഖജ്വരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സി പി മനോരമ

പെൻസിൽവാനിയയിലെ അത്ഭുത ജനത

സി പി മനോരമ 

നിങ്ങൾക്കെപ്പോഴെങ്കിലും നിങ്ങളുടെ സമയം പിന്നോട്ടാക്കണമെന്നു തോന്നിയിട്ടുണ്ടോ? മനോരമ എങ്കിൽ അമേരിക്കയിൽ പെൻസിൽവാനിയയിലുള്ള ആമിഷ് വില്ലേജിലൊക്കൊരു...

ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ...

സി പി മനോരമ 

നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven