• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവും

ഡോ. റഷീദ് പാനൂര്‍ October 29, 2023 0

വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്‌കാര രൂപവത്ക്കരണം, നാട്ടുപാരമ്പര്യങ്ങളുടെ തകര്‍ച്ച, അപമാനവീകരണം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ നവ മലയാള കഥാകൃത്തുക്കള്‍ പങ്കിടുന്ന വിഷയങ്ങള്‍. വിപണിയുടെ അസാധാരണമായ കടന്നാക്രമണം കശക്കിയെറിഞ്ഞ ജീവിതങ്ങള്‍ പലപ്പോഴും ഇന്നത്തെ മലയാള കഥാകാരന്മാരുടെ വിഷയമായി മാറുന്നു. അതിവേഗം പോയി മാറുന്ന നാട്ടുസംസ്‌കൃതിയുടെ നിഴല്‍പോലും ഇന്ന് അവശേഷിക്കുന്നില്ല.

ഡോ. റഷീദ് പാനൂർ

ഒ.വി. വിജയനും, ആനന്ദും, കാക്കനാടനും, എം. മുകുന്ദനും, ആധുനികത കത്തിനില്‍ക്കുമ്പോള്‍ മലയാള ചെറുകഥയുടെ ജാതകം തിരുത്തി എഴുതിയവരാണ്. ഒ.വി. വിജയന്റെ ‘പാറകള്‍’, ‘അരിമ്പാറ’. ആനന്ദിന്റെ ‘ഗംഗയിലെ പാലം’, ‘പ്രതിഷ്ഠയില്ലാത്ത മഹാക്ഷേത്രം’, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘കുന്തി’, എം. മുകുന്ദന്റെ ‘മുണ്ഡനം ചെയ്യപ്പെട്ടവരുടെ ജീവിതം’, കാക്കനാടന്റെ ‘പുറത്തേക്കുള്ള വഴി’, പി. പത്മരാജന്റെ ‘ലോല’, സേതുവിന്റെ ‘ദൂത്’, ടി.ആറിന്റെ ‘ഉല്പത്തിവിചാരം’, എം.പി. നാരായണപിള്ളയുടെ ‘ജോര്‍ജ് ആറാമന്റെ കോടതി’ തുടങ്ങിയ കഥകളെ മാറ്റിനിര്‍ത്തി ആധുനിക കഥകളെ കുറിച്ച് ഒരു ചര്‍ച്ച സാധ്യമല്ല. നിഷ്ഠൂരമായ അനാസക്തി പാലിച്ചുകൊണ്ടാണ് ആധുനിക എഴുത്തുകാരന്‍ സൃഷ്ടിയിലേര്‍പ്പെടുന്നത്. പലപ്പോഴും കാല്‍പനിക വിരുദ്ധ മനോഭാവത്തിന്റെ നേര്‍ക്കാഴ്ചകളാണ് ആധുനിക സാഹിത്യത്തിലുള്ളത്. മനുഷ്യന്റെ ഉന്നതമായ ജീവിതാവബോധമെന്നത് സ്വന്തം അസ്തിത്വത്തെ കുറിച്ചുള്ള തിരിച്ചറിവാണ് എന്ന സത്യമാണ് ആധുനിക എഴുത്തുകാരെ നയിച്ചത്.

കാക്കനാടനും ഒ.വി. വിജയനും

ജീവിതത്തോടുള്ള സമീപനത്തിന്റെ കാര്യത്തിലും ദാര്‍ശനിക തലത്തിലും ആധുനിക കഥാകാരന്മാര്‍ പ്രകടമാക്കിയ കലാപവാസന ശ്രദ്ധിക്കാന്‍ എം. കൃഷ്ണന്‍ നായരെപ്പോലുള്ള നിരൂപകര്‍ക്ക് കഴിഞ്ഞില്ല. ഭാഷയുടെ പഴയ ചമത്ക്കാരങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് പുതിയക്രമം സൃഷ്ടിക്കുന്നതില്‍ വിജയിച്ചവരാണ് ആധുനിക എഴുത്തുകാര്‍.

എസ്.കെ. പൊറ്റക്കാടിനും, തകഴിക്കും, ദേവിനും മറ്റും ശേഷം ചെറുകഥകളിലും നോവലുകളിലും ഏറ്റവും മാറ്റം വരുത്തിയത് ഒ.വി. വിജയനും, ആനന്ദും, കാക്കനാടനും, സേതുവും ഉള്‍ക്കൊള്ളുന്ന ആധുനിക എഴുത്തുകാരാണ്. പക്ഷെ എഴുപതുകളിലും എൺപതുകളിലും കത്തിപ്പടര്‍ന്ന ആധുനികത തൊണ്ണൂറുകൾ ആയപ്പോള്‍ ഉത്തരാധുനികതയ്ക്ക് വഴിമാറിക്കൊടുത്തു. ആധുനികതയുടെ കാലത്ത് ഒളിഞ്ഞ് വരാതെ അവ്യക്ത തലങ്ങളില്‍ നിന്ന ചില കാര്യങ്ങള്‍ ഉത്തരാധുനിക കഥകളില്‍ വ്യക്തമായി പ്രകാശിക്കപ്പെട്ടു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ചരിത്രദര്‍ശനം. ചരിത്രപരമായ ചില കാര്യങ്ങള്‍ ഒ. വി. വിജയന്റെയും ആനന്ദിന്റെയും കഥകളില്‍ സ്ഥാനം പിടിച്ചിരുന്നു. പക്ഷേ ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുന്ന രീതി മലയാള ചെറുകഥയില്‍ പരീക്ഷിച്ചത് ഉത്തരാധുനികതയുടെ കാലത്താണ്. ആധുനികതയുടെ വക്താക്കളായി രംഗത്ത് വന്നവര്‍ തന്നെയാണ് മലയാളത്തില്‍ ഉത്തരാധുനിക തരംഗം സൃഷ്ടിച്ചത്. ആനന്ദിന്റെ അഭയാര്‍ത്ഥികള്‍, വ്യാസനും വിഘ്‌നേശ്വരനും, ആള്‍ക്കൂട്ടം തുടങ്ങിയ വ്യഖ്യാത നോവലുകളില്‍ ചരിത്രം മുഖ്യധാരയാണ്. എന്നാല്‍ 1990 കള്‍ക്ക് ശേഷം ആനന്ദ് എഴുതിയ കഥകളില്‍ പലതും ചരിത്രത്തെ പുനര്‍വായന നടത്തി പുതിയ വ്യാഖ്യാനത്തിന്റെ തലത്തിലേക്ക് നീങ്ങി.

ആനന്ദ്

‘ആറാമത്തെ വിരല്‍’ എന്ന ആനന്ദിന്റെ കഥയില്‍ ഹുമയൂണിന്റെയും അനുജൻ കാമറാന്റെയും കഥ പുതിയ ഒരു ഡയമന്‍ഷനിലേക്ക് കൊണ്ടുപോകുന്നു. ആനന്ദിന്റെ കഥയില്‍ സൈക്കോളജിക്കലായ ഒരു ഇന്‍സൈറ്റും ഉണ്ട്. ഹുമയൂണ്‍ കാമറാന്റെ ജീവന്‍ എടുക്കുന്നില്ല. പകരം മറ്റൊരു ശിക്ഷയാണ് നടപ്പാക്കിയത്. അലിദോസ്ത് എന്ന ഹുമയൂണിന്റെ സൈന്യാധിപന്‍ നടപ്പാക്കിയ ശിക്ഷ നമ്മള്‍ പഠിച്ച ചരിത്രത്തില്‍ ഉള്ളതല്ല. സൈന്യാധിപന്‍ ഓരോ സൂചികൊണ്ട് കാമറാന്റെ ഇടത് കണ്ണിലും വലത് കണ്ണിലും കുത്തി മുറിവുണ്ടാക്കുന്നു. തന്റെ ശരീരത്തില്‍ തെറിച്ചുവീണ ചോരപ്പാടുകള്‍ളുമായി അലിദോസ്ത് എന്ന സൈന്യാധിപന്‍ കുതിരപ്പുറത്ത് കയറി ഓടിപ്പോകുന്നു. യഥാര്‍ത്ഥത്തില്‍ അലിദോസ്ത് മാനസികമായി തളര്‍ന്നുപോയിരുന്നു. അദ്ദേഹം കുതിരപ്പുറത്ത് നിന്ന് താഴെയിറങ്ങിയത് ഒരു ഗ്രാമപ്രദേശത്ത് എത്തിയപ്പോഴാണ്. അവിടെ കണ്ടുമുട്ടിയ ഒരു സ്ത്രീയോട് തന്റെ സമനില തെറ്റിയ മനസ്‌സിന്റെ അവസ്ഥയെകുറിച്ച് പറയുന്നു. ആ ഗ്രാമപ്രദേശത്ത് ജീവിതം തന്നെ മടുത്ത അലിദോസ്ത് കഴിയുമ്പോള്‍ ഒരു ദിവസം തന്റെ രാജാവിന്റെ സൈന്യം നീങ്ങുന്നത് കാണുന്നു. ആദ്യമായാണ് ഒരു സൈന്യം നീങ്ങുമ്പോള്‍ അദ്ദേഹം മാറിനില്‍ക്കുന്നത്. അദ്ദേഹം ആകാശം നോക്കി മലര്‍ന്ന് കിടക്കുമ്പോള്‍ ഒരു വൃദ്ധ ചോദിച്ചു ‘പാപം നീ ചെയ്തു എന്ന് തോന്നലാണ് നിന്നെ വിഷാദചിത്തനാക്കുന്നത്’. പക്ഷേ പാപം ചെയ്ത നിന്റെ ഭാരം രാജാവിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇല്ലേ? പക്ഷേ പൊട്ടിച്ചിരിച്ചുകൊണ്ട് വീണ്ടും വൃദ്ധ അലിദോസ്തിന്റെ കവിളില്‍ നിന്ന് ഇറ്റുവീഴുന്ന നീര്‍ക്കണങ്ങള്‍ തുടച്ചു. അലിദോസ്ത് പതുക്കെ പറഞ്ഞു ‘ഞാനിപ്പോള്‍ അന്ധനാണ്.’ ഇവിടെ ചരിത്രത്തിന്റെ ഇരുള്‍ വീണ ഇടനാഴികളിലേക്കാണ് ആനന്ദ് സഞ്ചരിച്ചത്.

സക്കറിയ

ഡി-മിസ്റ്റിഫിക്കേഷന്‍
ഉത്തരാധുനികതയുടെ കാലത്ത് ഡി-മിസ്റ്റിഫിക്കേഷന്‍ സര്‍വ്വസാധാരമായിരുന്നു. സക്കറിയയാണ് ‘ഡി-മിസ്റ്റിഫിക്കേഷന്‍’ മലയാളത്തില്‍ പരീക്ഷിച്ചത്. വിശ്വസാഹിത്യത്തില്‍ കസാന്‍ദ് സാക്കിസും ലിയോ ടോള്‍സ്‌റ്റോയിയും ഖലീല്‍ ജിബ്രാനും കഥകളിലും നോവലുകളിലും ഡി- മിസ്റ്റിഫിക്കേഷന്‍ പരീക്ഷിച്ചിട്ടുണ്ട്. ബൈബിള്‍ തീമുകളെ പുനര്‍വ്യാഖ്യാനം ചെയ്ത സക്കറിയാ കഥകള്‍ അത്യന്തം മനോഹരമാണ്. മലയാളത്തിലെ ആധുനികത അതിന്റെ ഉയരങ്ങളില്‍ വിലസുമ്പോള്‍ അന്യതാബോധവും (alienation) അപമാനവീകരണവും (dehumanisation) വിട്ട് തന്റെ സ്വന്തം വഴി തേടിയ സക്കറിയ യേശുവിനെ വിമര്‍ശനാത്മകമായി കാണുന്ന മികച്ച കഥകള്‍ എഴുതിയിട്ടുണ്ട്. ദൈവീക പരിവേഷം മാറ്റി ജീസസിനെ മനുഷ്യനാക്കി മാറ്റുന്ന അനേകം ഉത്തരാധുനിക കഥകള്‍ സക്കറിയ എഴുതിയിട്ടുണ്ട്. ‘കണ്ണാടി കാണ്‍മോളവും’ എന്ന കഥ സക്കറിയായുടെ ഒരു മികച്ച ഉത്തരാധുനിക കഥയാണ്.

ഏതാണ്ട് പതിമൂന്ന് വയസ്‌സിന് ശേഷം അനേകം വര്‍ഷം അന്യനാടുകളില്‍ കഴിഞ്ഞ യേശു നസ്രേത്ത് ഗ്രാമത്തില്‍ തിരിച്ചുവന്നപ്പോള്‍ അദ്ദേഹം ഒരു സാധാരണ മനുഷ്യനെപ്പോലെ കുളിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ വെള്ളം കിട്ടാന്‍ ബുദ്ധിമുണ്ടായിരുന്നു. തന്റെ ശരീരത്തില്‍ നിന്ന് പുറപ്പെടുന്ന ദുര്‍ഗ്ഗന്ധം അദ്ദേഹത്തെ അലോസരപ്പെടുത്തി. അദ്ദേഹത്തിന്റെ ദൈവീകസ്തിത്വത്തെ മാറ്റി അല്ലെങ്കില്‍ ‘ഡി-മിസ്റ്റിഫൈ’ ചെയ്താണ് സക്കറിയ അവതരിപ്പിക്കുന്നത്. ആധുനികാനന്തര എഴുത്തുകാര്‍, പ്രത്യേകിച്ച് എന്‍. എസ്. മാധവനും, സി. വി. ബാലകൃഷ്ണനും, എന്‍. പ്രഭാകരനും, അശോകന്‍ ചരുവിലും, രഘുനാഥ് പലേരിയും, വി. ആര്‍. സുധീഷും, വി. എസ്. അനില്‍കുമാറും, അംബികാസുതന്‍ മാങ്ങാടും, എം. സുധാകരനും, വി. പി. ശിവകുമാറും, യു. കെ. കുമാരനും, വിക്ടര്‍ ലീനസും ഉത്തരാധുനിക കഥകളെ ചെറിയ വൃത്തങ്ങളില്‍നിന്ന് വിശാലമായ രാജവീഥിയിലേക്ക് കൊണ്ടുപോയി.

ആധുനികതയുടെ കാലത്ത് ദര്‍ശനങ്ങളാണ് എഴുത്തുകാരെ സ്വാധീനിച്ചത്. പക്ഷേ ഉത്തരാധുനികതയുടെ കാലത്ത് ശാസ്ത്രവും പുതിയ ടെക്‌നോളജിയുമാണ് എഴുത്തുകാരെ സ്വാധീനിക്കുന്നത്. ആധുനികയുടെ പ്രഹേളിക സ്വഭാവം വിട്ട് ശക്തമായി ജീവിത ചിത്രങ്ങളുമായി റിയലിസത്തെ പുതിയ ഭാവത്തില്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചവരില്‍ സന്തോഷ് ഏച്ചിക്കാനവും, സതീഷ് ബാബു പയ്യന്നൂരും, എന്‍. പി. ഹാഫീസ് മുഹമ്മദും, അംബികാസുതന്‍ മാങ്ങാടും, ഹരിദാസ് കരിവള്ളൂരും വഹിച്ച പങ്ക് ചെറുതല്ല. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും, പി. സുരേന്ദ്രനും, സിതാരയും, ഗ്രേസിയും, പ്രിയ എ എസും, ആഗോളവത്ക്കരണ കാലത്തെ പലതരം ജീവിത സങ്കീണ്ണതകളെ കലയാക്കി മാറ്റി.

കെ ആർ മീര, ഇ സന്തോഷ്‌കുമാർ, സുഭാഷ്‌ചന്ദ്രൻ

നവകാഥികന്മാരുടെ പൊളിച്ചെഴുത്ത്
ഇ. സന്തോഷ്‌കുമാര്‍, വി. ദിലീപ്. കെ. ആര്‍. മീര, കെ. പി. സുധീര, ഇന്ദുഗോപന്‍, സോക്രട്ടീസ് വാലത്ത്, പ്രമോദ് രാമന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ കഥാകൃത്തുക്കള്‍ മലയാള ചെറുകഥയുടെ പുതിയ മുഖങ്ങളാണ്. ഇവരാണ് ഇന്നത്തെ മലയാള കഥയെ മുന്‍പോട്ട് കൊണ്ടുപോകുന്നത്. ഇവര്‍ കഥയുടെ ഭാവുകത്വലോകത്തെ അടിമുടി പുതിക്കി പണിതു.

കഥയെ ആധുനികതയുടെ കാലത്തെ രൂപപരമായ പരീക്ഷണങ്ങളിലേക്കും ഉത്തരാധുനികതയില്‍ മുന്നിലേക്കും നയിച്ച എസ്. ഹരീഷും, ലാസര്‍ ഷൈനും, ഷാഹിന ഇ.കെ.യും, യമയും, സുരേഷ് കീഴില്ലവും പ്രത്യേക പഠനങ്ങള്‍ അര്‍ഹിക്കുന്ന കഥാകൃത്തുക്കളാണ്. ലളിതവും സുതാര്യവുമായ കഥ പറയുന്ന ഇന്നത്തെ കഥാകൃത്തുക്കളില്‍ എടുത്തുപറയേണ്ട പേരുകള്‍, പി. വി. ഷാജികുമാറിന്റെതും അബിന്‍ ജോസഫിന്റെതുമാണ്.

ആധുനീകരണത്തിലൂടെ കടന്ന് മുതലാളിത്തത്തിന്റെ ഏറ്റവും പുതിയ പ്രയോഗങ്ങളില്‍ ഒന്നായ ആഗോളവല്‍ക്കരണകാലത്ത് എത്തുമ്പോള്‍ പ്രകൃതി, മനുഷ്യൻ, പരിസ്ഥിതി തുടങ്ങിയവ പുനര്‍നിര്‍വ്വചനങ്ങള്‍ക്ക് വിധേയമാക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നു. പ്രകൃതിയേയും സര്‍വ്വജീവജാലങ്ങളേയും തകര്‍ത്തുകൊണ്ട് മുന്നേറുന്ന പുതിയ ശാസ്ത്ര സാങ്കേതികത സൃഷ്ടിക്കുന്ന ഭീകരത ഇന്നത്തെ കഥാകാരന്മാരെ വിഷമവൃത്തിയിലാക്കുന്നു.

ഷാഹിന ഇ. കെ, , പി വി ഷാജികുമാർ

വിനോയ് തോമസ് ഇന്നത്തെ മലയാള കഥാകൃത്തുക്കളില്‍ ഏറെ മുന്‍പിലാണ്. അപരമായിത്തീരുന്ന പ്രകൃതിയും ജൈവ സമ്പത്തും മനുഷ്യന്റെ ആത്മഭാവങ്ങളുടെ പ്രതിരൂപങ്ങളാണ്. ആത്മ/അപരങ്ങളുടെ സംഘര്‍ഷ ഭൂമിയാണ് ‘രാമച്ചി’ എന്ന കഥ. ആറളം ഫാമിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പ്രമുഖന്‍ എന്ന ചെറു ആന വരുന്നതോടെയാണ് കഥയുടെ തുടക്കം. പരിശീലനം സിദ്ധിച്ച കുങ്കിയാനയെന്ന ആശയം മനുഷ്യന്റെ സംഹാര ചിന്തയുടേയും എല്ലാം നിയന്ത്രിക്കാനുള്ള കരുത്തിന്റേയും പ്രതീകമാണ്. പ്രാദേശിക വിചാരവും, സ്വത്വബോധവും മറ്റൊരു പ്രദേശത്ത് അപരവത്ക്കരിക്കപ്പെടുകയും അതിനോട് പെട്ടെന്ന് പൊരുത്തപ്പെടുകയും ചെയ്യുന്ന നിസ്‌സാരതയാണ് ‘ഇടവേലികള്‍’ എന്ന കഥയുടെ തീം.

ഇന്നത്തെ കഥാകാരന്മാരില്‍ ശ്രദ്ധേയനായ ഫ്രാൻസിസ് നൊറോണയുടെ കഥകളെകുറച്ച് ആര്‍. രാജേഷ്‌കുമാര്‍ പറയുന്നതിങ്ങനെയാണ് ‘ഇരുട്ടാണ് നൊറോണക്കഥകളുടെ പശ്ചാത്തലം, കടല്‍ത്തീരത്ത് കഴിയുന്ന മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറയുന്നത്.’ നൊറോണക്കഥകളുടെ ഭാഷ അനിതര സാധാരണമാണ്. നീളന്‍ കത്തിയുടെ മൂര്‍ച്ചയുള്ള നൊറോണയുടെ ഭാഷയെക്കുറിച്ച് പ്രത്യേക പഠനം ആവശ്യമാണ്.

സുരേഷ് കീഴില്ലം

ഷാഹിന ഇ. കെ-യുടെ കഥകള്‍ സ്വയം സംസാരിക്കുവയാണ്. ഏക കേന്ദ്രിത ഭാവാനാരീതികളെ തള്ളിക്കളഞ്ഞ് ബഹുസ്വരതയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുന്ന ഷാഹിനാക്കഥകള്‍ വേറിട്ടുനില്‍ക്കുന്നു. പെണ്ണും വിണ്ണും മണ്ണും വെറും ഉപഭോഗവസ്തുവാണെന്ന ഇന്നത്തെ കോര്‍പ്പറേറ്റ് നിലപാടും അതിനനുസരിച്ച് നൃത്തം ചെയ്യുന്ന മതസംഘടനകളും വായിച്ചിരിക്കേണ്ട കഥയാണ് ‘അഡ്ജസ്റ്റ്‌മെന്റ്’. ആണത്തം നഷ്ടപ്പെട്ട് ഒടുവില്‍ ഹോമോയുടെ വഴി തേടിപ്പോയ ഒരാളുടെ ജീവിതം മറനീക്കി കാണിക്കുന്ന് ‘കുണ്ടന്‍’ അതിന്റെ നറേറ്റീവ് സ്‌റ്റൈല്‍ കൊണ്ട് അത്യന്തം മനോഹരമാണ്.

പുതിയ ടെക്ടനോളജി പ്രകൃതിയേയും മനുഷ്യമനസ്‌സുകളേയും ഉഴുതുമറിക്കുന്നതിന്റെ നഗ്‌നമായ ചിത്രങ്ങളാണ് ഇന്നത്തെ കഥാകൃത്തുക്കളില്‍ പ്രധാനിയായ സുരേഷ് കീഴില്ലം വരച്ചുകാണിക്കുന്നത്. ‘പുഴ’ എന്ന ഒരൊറ്റ കഥ തന്നെ മതി ഈ കഥാകൃത്തിന്റെ ജീനിയസ്‌സിനെ തിരിച്ചറിയാന്‍. ഹരിദാസ് നീലഞ്ചേരി, അബു ഇരിങ്ങാട്ടിരി, പ്രകാശന്‍ ചുനങ്ങാട് തുടങ്ങിയ എഴുത്തുകാരും ഇന്നത്തെ മലയാള ചെറുകഥയെ ധീരമായി മുന്‍പോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Related tags : BooksDr. Rashid PanoorReading

Previous Post

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

Next Post

(ഹൃദയ) ആകാശത്തിലൊരു പട്ടം

Related Articles

വായന

പ്രണയം ദുശ്ശീലമാക്കിയ ഒരു കാമുകന്റെ കവിതകൾ

വായന

ചാവുതുള്ളൽ – പ്രാദേശിക ചരിത്രത്തിന്റെ ഉൽഖനനങ്ങൾ

വായന

ഇന്ന് മാസിക: അക്ഷര നിറവിന്റെ സ്‌നേഹപ്പൊരുള്‍

വായന

നരഭോജികളും കോമാളികളും – അധികാരത്തിന്റെ മുതല ജന്മങ്ങൾ

വായന

മാമ ആഫ്രിക്ക: അസ്തമയത്തിനും ഉദയത്തിനുമിടയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. റഷീദ് പാനൂര്‍

അറബ് ഏകീകരണവും ഖലീല്‍...

ഡോ. റഷീദ് പാനൂര്‍ 

ആത്മീയാനുഭവത്തിന്റെ ദാഹജലവും തീക്ഷ്ണവിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്നു ഖലീല്‍ ജിബ്രാന്‍. മനുഷ്യാത്മാവിന്റെ ഉള്‍തൃഷ്ണക്ക് വേണ്ടിയുള്ള...

പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവും

ഡോ. റഷീദ് പാനൂര്‍ 

വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്‌കാര...

സേതുവിൻറെ കഥാലോകം പേടിസ്വപ്‌നത്തിന്റെ...

ഡോ. റഷീദ് പാനൂര്‍ 

ഭാവദൗര്‍ബല്യത്തിന്റെ പൂര്‍ണമായ നിരാസം ആധുനിക മലയാള എഴുത്തുകാരായ ആനന്ദിന്റെയും, കാക്കനാടന്റെയും, ഒ.വി. വിജയന്റെയും, സേതുവിന്റെയും,...

അരനൂറ്റാണ്ട് പിന്നിട്ട ‘കാലം’

ഡോ. റഷീദ് പാനൂർ 

മലയാളത്തിലെ ക്ലാസിക്കൽ നോവൽ പാരമ്പര്യം സി.വിയിൽ തുടങ്ങുന്നു. സി.വിയുടെ നോവലുകൾ ഇന്നും പുനർവ്യാഖ്യാനത്തിനുള്ള സാധ്യതകൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven