• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത് സാഹിത്യം: യു.കെ. കുമാരൻ

ഡോ. ഷീബ ദിവാകരൻ November 24, 2020 0

സമകാലമലയാളസാഹിത്യത്തിലെ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ് യു.കെ കുമാരൻ. വയലാർ അവാർഡ് ജേതാവായ അദ്ദേഹം ഇരുപതിലധികം കഥാസമാഹാരങ്ങളും പതിനാല് നോവെല്ലകളും ഒൻപത് നോവലുകളും മലയാളസാഹിത്യത്തിന് സംഭാവനചെയ്തിട്ടുണ്ട്. ഈയിടെ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയനോവലായ ‘കണ്ടുകൊണ്ടിരിക്കെ’യിൽ ഇക്കാലത്ത് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന മാരകവിപത്തായ കൊറോണരോഗഭീതി ആവിഷ്‌കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ രചനകൾ സാമൂഹ്യതിന്മകൾക്കെതിരെയുള്ള ശക്തമായ വിമർശനങ്ങളാണ്. സങ്കീർണമായ മനുഷ്യജീവിതാവസ്ഥകളെ സാഹിത്യത്തിലേക്ക്‌കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ കൃതികൾ അക്കാരണംകൊണ്ടുതന്നെ വായനക്കാരെ ആകർഷിക്കുന്നു. യുകെയുടെ സാഹിത്യജീവിതത്തെ അടുത്തു പരിചയപ്പെടുകയാണ് കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രോഫെസ്സറായ ഡോ. ഷീബ ദിവാകരൻ ഈ സംഭാഷണത്തിലൂടെ.

ഡോ. ഷീബ ദിവാകരൻ

സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയായ, പത്രപ്രവർത്തകനായിരുന്ന താങ്കൾ സാഹിത്യമെഴുത്തിലേക്കുവന്ന സാഹചര്യം വിശദീകരിക്കാമോ?
സാമ്പത്തികശാസ്ത്രത്തിലുള്ള അറിവും പത്രപ്രവർത്തനത്തിലുള്ള പരിചയവുമൊന്നും നമ്മെ സാഹിത്യത്തിലേക്ക് നയിക്കുന്ന വഴികളല്ല. സാമ്പത്തികശാസ്ത്രമെടുത്തത് വിദ്യാഭ്യാസമെന്ന നിലയിലും പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടത് തൊഴിലെന്ന നിലയിലുമാണ്. ഇതൊന്നുമില്ലെങ്കിലും ഒരാൾക്ക് എഴുത്തുകാരനാവാം. ആദ്യത്തെ രണ്ടുമേഖലയും പ്രത്യേകപരിശീലനം ആവശ്യമുള്ളവയാണ്. എന്നാൽ സാഹിത്യം പരീശീലനംകൊണ്ടുണ്ടാക്കാൻ കഴിയുന്ന ഒന്നല്ല. തികച്ചും സ്വാഭാവികമായി മുളപൊട്ടേണ്ട ഒന്നാണ് അത്. നിരന്തരമായ പരിശീലനം കൊണ്ട് ഒരു വ്യക്തിക്ക് ഒരു പരിധിവരെ എഴുത്തിന്റെ മേഖലയിൽ എത്തിച്ചേരുവാൻ കഴിഞ്ഞേക്കും. എന്നാൽ ജൈവികമായി സ്വയം ഉണ്ടാകുന്ന ഒരു പരിസരം സാഹിത്യത്തിൽ കൊണ്ടുവരാൻ സാധിക്കില്ല. വളരെ സ്വാഭാവികമായി പിറവിയെടുക്കുന്ന ഒന്നാണ് ‌നല്ല സാഹിത്യമെന്ന് ഞാൻ വിശ്വസിക്കുന്നു. സാമ്പത്തികശാസ്ത്രത്തിലെനിക്കുള്ള അറിവും പത്രപ്രവർത്തനത്തിലുള്ള പരിചയവും എന്റെ എഴുത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.

‘ജേണലിസം ഈസ് ലിറ്ററേച്ചർ ഇൻ എ ഹറി’ എന്നു പറയാറുണ്ട്. ധൃതിപിടിച്ചെഴുതുന്ന സാഹിത്യമാണോ പത്രമെഴുത്ത്? രണ്ട് എഴുത്തുരീതികളെയും താരതമ്യം ചെയ്യാമോ?
പത്രപ്രവർത്തനത്തിലും സാഹിത്യത്തിലും ഇടപെടുന്ന മാധ്യമം ഭാഷ എന്ന നിലയിൽ ഒന്നാണെങ്കിലും രണ്ടിന്റെയും വിനിയോഗം രണ്ടുരീതിയിലാണ്. പത്രപ്രവർത്തനം കേവലം വസ്തുനിഷ്ഠമാണ്. ഭാവനയ്ക്ക് അവിടെ സ്ഥാനമേയില്ല. എന്നാൽ സാഹിത്യത്തിൽ ഭാവനയ്ക്കാണ് മേധാവിത്വം. പത്രമെഴുത്തിൽ സാഹിത്യം ആധിക്യം പുലർത്തിയാൽ അത് പത്രഭാഷയല്ലാതാകും. അതുപോലെ സാഹിത്യത്തിൽ പത്രഭാഷയുടെ സ്വാധീനം കടന്നുവന്നാൽ അതിൽനിന്നും സാഹിത്യം ചോർന്നുപോവുകയും ചെയ്യും. പത്രപ്രവർത്തനത്തെ നമ്മൾ തൊഴിലുമായാണ് ബന്ധപ്പെടുത്താറുള്ളത്. എന്നാൽ എഴുത്തിനെ ഒരു തൊഴിലായല്ല പൊതുവേ നമ്മൾ കാണുന്നത്. എഴുത്തിൽനിന്ന് എത്ര വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സാഹിത്യത്തെ വരുമാനമാർഗം മാത്രമായി കാണാൻ ഇന്നും പലർക്കും കഴിയില്ല. പത്രപ്രവർത്തനത്തെ ഒരു ജീവനോപാധിയും സാഹിത്യത്തെ സ്വത്വസ്ഥാപനമായും കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
വയലാർ അവാർഡ് നേടിയ തക്ഷൻകുന്ന് സ്വരൂപം താങ്കളുടെ മാസ്റ്റർപീസാണ്. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഒരു മിനിയേച്ചർരൂപമായി എഴുത്തുവേളയിൽ ഇതിനെ സങ്കൽപിച്ചിരുന്നോ?
തക്ഷൻകുന്ന് സ്വരൂപം ഒരു ദേശത്തിന്റെ നൂറുവർഷത്തെ ചരിത്രംകൂടിയാണ്. ഇതിനിടയിൽ ഒരു ദേശത്ത് അരങ്ങേറുന്ന രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യമാറ്റങ്ങളുടെ ഒരപഗ്രഥനം കൂടിയാണ് ഇത്. രാഷ്ട്രീയം പരാമർശിക്കപ്പെടുമ്പോൾ ആ ദേശത്ത് അരങ്ങേറിയ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾ കടന്നുവരിക സ്വാഭാവികമാണ്. മാത്രവുമല്ല, കേളപ്പനെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികൾ നേതൃത്വംകൊടുക്കുന്ന ഒരിടംകൂടിയായതുകൊണ്ട് സ്വാതന്ത്ര്യസമരചരിത്രം നോവലിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അക്കാലത്തെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളുടെ എല്ലാ പ്രതിധ്വനിയും തക്ഷൻകുന്നിലും അനുഭവപ്പെട്ടിരുന്നു. ഗാന്ധിജികൂടി ആ മണ്ഡലത്തിലേക്ക് വരുന്നതോടെ ദേശീയസമരപ്രവർത്തനം വലിയതോതിൽ തക്ഷൻകുന്നിലും രൂപപ്പെടുകയാണ്. അങ്ങനെയാണ് തക്ഷൻകുന്ന് സ്വരൂപം അക്കാലത്തെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങ
ളുടെ ഒരു മിനിയേച്ചർവേദിയാവുന്നത്.

ഈ നോവലിൽ തക്ഷൻകുന്നിലെ നവോത്ഥാനപ്രവർത്തനങ്ങളുടെ അമരക്കാരനായി കെ.കേളപ്പനെ ചിത്രീകരിക്കുന്നുണ്ടല്ലോ. മെറ്റിൽഡ എന്നൊരു കാമുകിയുള്ള കെ കേളപ്പനെ സങ്കൽപ്പിച്ചതിനു പിന്നിൽ?
ഈ നോവലിൽ നൂറോളം കഥാപാത്രങ്ങളുണ്ട്. ഇതിൽ പകുതിപ്പേരും യഥാർഥത്തിൽ ആ ദേശത്ത് ജീവിച്ചവരാണ്. യഥാർഥ കഥാപാത്രങ്ങളെ അതേപേരിലും അതേ മണ്ഡലത്തിലുമാണ് ഞാൻ അടയാളപ്പെടുത്തിയിട്ടുള്ളത്. എന്റേതായ ഒരു നിറച്ചാർത്തും അവർക്ക് നൽകിയിട്ടില്ല. മെറ്റിൽഡയും അതുപോലെയുള്ള ഒരു കഥാപാത്രമാണ്. മാത്രവുമല്ല കേളപ്പനെപ്പോലെ സർവ്വാദരണീയമായ ഒരു വ്യക്തിത്വത്തിന് ഭാവനയുടെ പരിവേഷം ചാർത്തുന്നത് കുറ്റകരമായ ഒരു പ്രവൃത്തിയത്രേ. ഒരു വ്യാജപ്രണയിനിയുടെ പരിവേഷം നൽകുന്നത് അതിനെക്കാൾ കുറ്റകരവും. മെറ്റിൽഡ യഥാർത്ഥത്തിലുള്ള ഒരു കഥാപാത്രം തന്നെയാണ്.

രാമർ എന്ന കാഴ്ജാതിക്കാരന്റെ ഉയർച്ച ചിത്രീകരിച്ചതിലൂടെ ഒരു ദേശത്തിന്റെ ഉന്നമനം അവിടത്തെ അടിസ്ഥാനവർ ദത്തിന്റെ ഉന്നമനത്തിലൂടെയേ സാധ്യമാവൂ എന്ന് ഉറപ്പിക്കാനാണോ ഉദ്ദേശിച്ചത്?
ഒരു ദേശത്തിന്റെ ഉന്നമനം അടിസ്ഥാനവർഗത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നാണ് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. തക്ഷൻകുന്ന്‌സ്വരൂപം പറയാൻ ശ്രമിക്കുന്നതും അതുതന്നെയാണ്. ഈ ദേശത്ത് അടിസ്ഥാനവർഗത്തിൽ പ്രബുദ്ധതയുണ്ടാക്കാനുള്ള തീവ്രശ്രമമാണ് സ്വാതന്ത്ര്യസമരസേനാനികൾ നടത്തുന്നത്. അത്തരമൊരു ചുറ്റുപാടിൽനിന്നാണ് രാമർ എന്ന അടിസ്ഥാനവർഗത്തിന്റെ പ്രതിനിധി വളരുന്നത്. അവിടെയുള്ള അടിസ്ഥാനവർഗത്തിലുള്ളവരെ പ്രചോദിപ്പിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയത്തിലൂടെയും സാമൂഹ്യപ്രവർത്തനത്തിലൂടെയും സാംസ്‌കാരിക വിനിമയങ്ങളിലൂടെയും പലരും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. തക്ഷൻകുന്ന്‌സ്വരൂപം മുന്നോട്ടുവെക്കുന്ന നിലപാടുകളുടെ സമഗ്രതയും ഇതു തന്നെയാണ്.

മൂല്യങ്ങലെല്ലാം നഷ്ടപ്പെട്ടുപോയ മനുഷ്യരാണ് ‘കാണുന്നതല്ല, കാഴ്ചകളി’ൽ നിറയെയുള്ളത്. ചുറ്റുപാടിൽനിന്നും ഇത്തരം കാഴ്ചകൾ മാത്രം കണ്ണിൽനിറയുന്നത് എന്തുകൊണ്ടാണ്?
വർത്തമാനകാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മെ പ്രചോദിപ്പിക്കുവാൻകഴിയുന്ന ദൃഷ്ടാന്തങ്ങൾ കുറഞ്ഞുവരുന്നതായി തോന്നാറുണ്ട്. ഈ അവസ്ഥയെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് അതിനെമറികടക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് സർഗാത്മകത നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു പശ്ചാത്തലത്തിൽ അപചയങ്ങളെ മറികടക്കുക എന്നത് അപചയങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാകണമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരുപക്ഷേ എന്റെ രചനകളിൽ പലയിടത്തും ദിങ്മാത്രമായി അപചയങ്ങളെക്കുറിച്ചുള്ള ഇത്തരം ചില മുന്നറിയിപ്പുകൾ ഞാൻ രേഖപ്പെടുത്തിവെക്കാറുണ്ട്. അതൊരു ബോധ്യപ്പെടുത്തലാണെന്നുപറയുവാനാണ് ഞാനിഷ്ടപ്പെടുന്നത്.

കഥകളിൽ വീട് വലിയൊരനുഭവമായി നിറയുന്നത് എന്തുകൊണ്ടാണ്?
വീട് ഒരു സാംസ്‌കാരിക അനുഭവമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സംസ്‌കാരങ്ങളുടെയും ആദ്യപാഠം ഉരുവംകൊള്ളുന്നത് വീടുകളിൽ നിന്നാകണമെന്നാണ് എന്റെ പക്ഷം. ഒരുപക്ഷേ സമകാലീനസമൂഹം ഇന്നനുഭവിക്കുന്ന സാംസ്‌കാരിക അപചയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് അത്തരമൊരുസമൂഹത്തിന് നല്ലൊരു വീടനുഭവം ഇല്ലാത്തതാണെന്നും ഞാൻ കരുതുന്നു. ഇതെല്ലാം കൊണ്ടായിരിക്കും എന്റെ രചനകളിൽ പലയിടത്തും വീട് ഒരനുഭവമായി പരാമർശിക്കപ്പെടുന്നത്.

ഗൃഹാതുരത്വം തുളുമ്പുന്ന കഥകളാണ് താങ്കളെഴുതിയതിൽ ഏറെയും.പോയകാലം വിടാതെ പിന്തുടരുന്നത് എന്തുകൊണ്ടാണ്?
നേരത്തെപറഞ്ഞ മറുപടിയിൽത്തന്നെ അതിന്റെ വിശദീകരണമുണ്ടെന്നാണ് തോന്നുന്നത്. ഒരുസമൂഹത്തിന്റെ സാംസ്‌കാരികക്രമത്തെ ചിട്ടപ്പെടുത്തുന്നതിന് വീട് എന്ന കേന്ദ്രബിന്ദുവിന് ഏറെ പ്രാധാന്യമുണ്ട്. അത്തരമൊരുവീടിന്റെ രൂപസങ്കൽപത്തിൽനിന്നായിരിക്കും വീടിനോടുള്ള എന്റെ ആഭിമുഖ്യം ആരംഭിക്കുന്നത്. എന്റെ പലരചനകളിലും വീട് ഒരു പ്രതീകമായോ പ്രധാന കഥാപാത്രമായോ പലരീതിയിൽ കടന്നുവന്നിട്ടുണ്ട്. വീടിന്റെ ആരോഗ്യകരമായ അന്തരീക്ഷവും വീടിന്റെ സുദൃഢമായ സ്വത്വവും ആരോഗ്യകരമായ ഒരു സമൂഹനിർമിതിക്ക് അനിവാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എഴുപതുകളോടെ എഴുത്തിൽ ശ്രദ്ധേയനായ താങ്കൾ ആധുനികതയുടെ പുറകേ പോകാതെ സ്വന്തമായ ഒരു ശൈലിയുമായി തന്റെ അനുഭവങ്ങളോട് എഴുത്തിലൂടെ സത്യസന്ധമായി പ്രതികരിച്ചുകൊണ്ടാണ് സാഹിത്യജീവിതം നയിച്ചത്. എന്തുകൊണ്ടാണ് ആരും സ്വാധീനിക്കാതിരുന്നത്?
എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത് സാഹിത്യം എന്നാണെന്റെ ധാരണ. സർഗാത്മകത പൂർണമാകുന്നത് ആസ്വാദകരുടെ ക്രിയാത്മകമായ പങ്കാളിത്തത്തിലൂടെയാണ്. എഴുത്തുകാരൻ/കാരി പറഞ്ഞുവച്ചത് ഏറ്റെടുത്തുകൊണ്ട് സർഗാത്മകതയെ പല തലത്തിലേക്ക് അനുനയിപ്പിക്കാനുള്ള ഒരു വഴിതുറക്കലാണ് ധ്വനിസാന്ദ്രമായ രചനകളിലൂടെ സാധ്യമാകുന്നത്. സാഹിത്യം കൂടുതൽ ആസ്വാദ്യകരവും ആലോചനാമൃതവുമാകുന്നത് അതിലെ ധ്വനിസാന്ദ്രത കൂടി കൊണ്ടാണ്.

താങ്കളുടെ കുടുംബത്തെപ്പറ്റി?സാഹിത്യജീവിതത്തിന് കുടുംബം എങ്ങനെയൊക്കെ സപ്പോർട്ട് ചെയ്യുന്നു?
എന്റെ ഭാര്യ റിട്ട. ഹൈസ്‌കൂൾ അധ്യാപികയാണ്. മകൻ ബാംഗ്‌ളൂരിൽ ഒറാക്കിളിൽ സോഫ്‌റ്റ്വെയർ എഞ്ചിനീയർ. മകൾ തിരുവന്തപുരം മെഡിക്കൽ കോളേജിൽ എം.ഡി വിദ്യാർഥിനി. എന്റെ എഴുത്തിന്റെ ഏറ്റവും വലിയ പ്രചോദനകേന്ദ്രം കുടുംബാന്തരീക്ഷം തന്നെയാണ്. എന്റെ സർഗാത്മകജീവിതത്തിൽ ഭാര്യ വളരെ വലിയ സഹകരണമാണ് നൽകുന്നത്.

ഇരുപതിലധികം കഥാസമാഹാരങ്ങളും പതിനാല് നോവെല്ലകളും ഒൻപത് നോവലുകളുമെഴുതിയ താങ്കൾ ലഭിച്ച അംഗീകാരങ്ങളിൽ പൂർണതൃപ്തനാണോ?
സർഗാത്മകവിനിമയത്തിൽ ഒരാൾക്ക് ഒരിക്കലും പൂർണതൃപ്തി എന്നൊന്നുണ്ടാകില്ല. തൃപ്തിക്കുവേണ്ടിയുള്ള നിരന്തരഅന്വേഷണമാണ് കലാപരമായ ഓരോ ഇടപെടലും. അതേസമയം സർഗാത്മകആവിഷ്‌കാരങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആത്മസംതൃപ്തി തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്. അത്രയൊന്നും ന്യൂനതയില്ലാതെ പ്രകടനം നടത്തിയെന്ന ബോധ്യമാണത്. എന്നാൽ അത് തൃപ്തി എന്ന പൂർണാർഥത്തിൽ എത്തിച്ചേരുന്നില്ല. മുമ്പത്തേതിനേക്കാൾ കുറ്റമറ്റ ഒന്നിലേക്ക് കലാകാരനെ നയിക്കുന്ന സന്ദർഭമാണിത്. ഇത്തരമൊരു സംഘർഷം ഞാനും പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ഒന്നെഴുതിക്കഴിയുമ്പോൾ അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് എഴുതണമെന്ന അത്യുൽക്കടമായ അഭിവാഞ്ഛ. അതുകൊണ്ട് ഒരിക്കലും പൂർണതൃപ്തി എന്നൊന്ന് പലപ്പോഴും ഉണ്ടായിട്ടില്ല.

സാമൂഹ്യതിന്മകൾക്കെതിരെയുള്ള വിമർശനം താങ്കളുടെ കൃതികളിലുടനീളമുണ്ട്. ഇത് സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണ് എന്നുപറഞ്ഞാൽ അംഗീകരിക്കുമോ?
സമൂഹമധ്യത്തിൽ ജീവിക്കുന്ന ഒരാൾക്ക് ഒരു ഘട്ടത്തിലും സമൂഹത്തെ വിസ്മരിക്കാൻ സാധ്യമല്ല. മാത്രവുമല്ല, ഒരു മനുഷ്യൻ എന്ന നിലയിൽ നാം ആർജിച്ചെടുക്കുന്ന ഏതൊരു വിചാരത്തിനും സമൂഹത്തോട് നാം കടപ്പെട്ടിരിക്കുന്നു. ഒരു ശരാശരി മനുഷ്യനേക്കാൾ കവിഞ്ഞ ചിന്തയുടെ ഔന്നത്യം കലാകാരന്മാർക്കുണ്ട്. അതിന്റെ യുക്തിസഹമായ വിനിയോഗത്തിലൂടെ സമൂഹത്തെ പ്രബുദ്ധമാക്കാനുള്ള ചുമതല കലാകാരന്മാരിൽ അർപ്പിതമാക്കി അത് ബാഹ്യലോകം അടിച്ചേൽപിക്കുന്നതല്ല. മറിച്ച് കലാകാരൻ സ്വയം ഏറ്റെടുക്കുന്നതാണ്. ബാഹ്യശാസനക്ക് വിധേയമാകേണ്ട ഉത്തരവാദിത്തം കലാകാരന്മാർക്കില്ലാത്തതുപോലെതന്നെ കാലം തങ്ങളെ ഏൽപിക്കുന്ന ചുമതല തിരിച്ചറിഞ്ഞ് സമൂഹത്തെ നവീകരിക്കാനും കലാകാരന്മാർക്ക് സാധ്യതയുണ്ട്.

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ താങ്കൾ സൃഷ്ടിച്ചിട്ടുണ്ട്. കേരള സമൂഹത്തിലെ ഇപ്പോഴത്തെ സ്ത്രീയവസ്ഥ തൃപ്തികരമാണോ?
ശക്തരായ എത്രയോ സ്ത്രീകഥാപാത്രങ്ങളെ ഞാൻ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ ഒരു ഘട്ടത്തിലും ഉപഭോഗതൃഷ്ണയുടെ ഉപാധിയായി ചിത്രീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ രചനയിലെ സ്ത്രീകഥാപാത്രങ്ങളേറെയും സ്വന്തം സ്വത്വം ദൃഢതയോടെ ഉറപ്പിച്ചുനിർത്തിയവരാണ്. ‘തക്ഷൻകുന്ന് സ്വരൂപ’ത്തിലെ വെള്ളായിയും ബസ്സുടമയായ ഹോട്ടൽക്കാരി മാതാമ്മയും രാമറെ അക്ഷരം പഠിപ്പിക്കുന്ന കല്യാണിയും ‘കണ്ടുകണ്ടിരിക്കെ’യിലെ ചിത്രലേഖയിലും മറ്റും എന്റെ സ്ത്രീസങ്കല്പത്തിന്റെ പ്രതിഛായകൾ സ്ത്രീകൾക്കെതിരെയുള്ള ചൂഷണം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. സ്ത്രീകൾ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് കവചമൊരുക്കേണ്ട ഒരുകാലം കൂടിയാണ് ഇതെന്നും തോന്നുന്നു.

ക്വാറന്റൈൻകാലം ആവിഷ്‌കരിച്ച ‘കണ്ടുകണ്ടിരിക്കെ’ എന്ന നോവൽ നേരത്തെ എഴുതിത്തുടങ്ങിയിരുന്നല്ലോ. കഥയെ ഇങ്ങനെ സമകാലികമാക്കുന്നതിനെപ്പറ്റി…?
കണ്ടുകണ്ടിരിക്കെ ഒരു സമകാലീനനോവലാണ്. എന്റെ പത്രപ്രവർത്തനാനുഭവങ്ങളും സാഹിത്യപരിചയങ്ങളും സമന്വയിപ്പിച്ചുകൊണ്ട് സൃഷ്ടിച്ചെടുത്ത ഒരു ഭൂമികയാണ് നോവലിന്റേത്. പത്രപ്രവർത്തനമേഖലയായതുകൊണ്ട് ഏതു വിഷയവും അതിൽ സന്നിവേശിപ്പിക്കാൻ കഴിയും. സമകാലികതയുടെ എല്ലാ സാധ്യതകളും അതിൽ ഉൾപ്പെടുത്താൻ സാധിക്കും. നമുക്കിടയിൽ ഭീകരമായി പടർന്നുകൊണ്ടിരിക്കുന്ന മാരകമായ വൈറസ് രോഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ
പോലും നോവലിൽ കടന്നുവരാൻ ഇടയായത് അതുകൊണ്ടാണ്. ‘കണ്ടുകണ്ടിരിക്കെ’ മാത്രമല്ല, ഇതേപോലെ പല സമകാലീനമായ പല പ്രശ്‌നങ്ങളും എന്റെ കഥകളിലും നോവലുകളിലും പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

യു.കെ-യുടെ ‘കണ്ടുകണ്ടിരിക്കെ’ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്ത വേളയിൽ.

പുതിയതലമുറയിലെ എഴുത്തുകാരിൽ ആരെയാണ് കൂടുതൽ ഇഷ്ടം ? താങ്കളുടെ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുരീതികളെ താരതമ്യം ചെയ്യാമോ?
ധാരാളം പുതിയ എഴുത്തുകാർ നമ്മുടെ സാഹിത്യത്തിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. അവരിലധികവും പ്രതിഭാശാലികളുമാണ്. ജീവിതത്തോടു ചേർന്നുനിൽക്കുന്ന അനേകം രചനകൾ അവരിൽനിന്നുലഭിക്കുമെന്ന ശുഭപ്രതീക്ഷയും എനിക്കുണ്ട്.

ചെറുകഥയും നോവലും താങ്കൾ ഒരുപോലെ കൈകാര്യം ചെയ്തിട്ടുണ്ടല്ലോ. ഏതുസാഹിത്യരൂപമാണ് താങ്കൾക്ക് കൂടുതൽ തൃപ്തി തരുന്നത്? വിശദീകരിക്കാമോ?
കഥയും നോവലും എനിക്ക് ഏറെ ഇഷ്ടപ്പെട്ട മേഖലകളാണ്. ഒരു പ്രമേയം കണ്ടെത്തിക്കഴിഞ്ഞാൽ അത് ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാൻ എങ്ങനെകഴിയും എന്ന ആലോചനയാണ് കഥയിലേക്കും നോവലിലേക്കും എത്തിക്കുന്നത്. ചിലവിഷയം ഏറ്റവും സാർഥകമായി ആവിഷ്‌കരിക്കാൻ സാധ്യമാകുന്ന മാധ്യമം കഥയായിരിക്കും. മറ്റുചിലപ്പോൾ നോവലും. കഥയിൽമാത്രമൊതുക്കാവുന്ന ഒരു പ്രമേയം നോവലൈറ്റായോ നോവലായോ ഞാൻ മാറ്റാറില്ല. നോവലിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. ചില വിഷയം ഒരു കഥയിൽ മാത്രമൊതുക്കാൻ മാത്രം കെട്ടുറപ്പുള്ളതാകും. മറ്റുരീതിയിൽ അതിനെ സമീപിക്കാറില്ല.

തക്ഷൻകുന്ന് സ്വരൂപത്തിൽനിന്നും കാണെക്കാണെയിലേക്കുള്ള ദൂരം…?
തക്ഷൻകുന്ന്‌സ്വരൂപം പുറത്തുവരുന്നത് 2012 ലാണ്. അതുകഴിഞ്ഞ് എട്ടുവർഷംകഴിഞ്ഞാണ് കണ്ടുകണ്ടിരിക്കെ പ്രസിദ്ധീകരിക്കുന്നത്. രണ്ടും തമ്മിൽ പലരീതിയിൽ വിഭിന്നതലത്തിൽ വേറിട്ടുനിൽക്കുന്നുണ്ട്. ഒരു ദേശത്തിന്റെ നൂറുവർഷത്തെ കഥയാണ് തക്ഷൻകുന്ന് സ്വരൂപം. ഏകദേശം നൂറുവർഷംമുമ്പ് അരങ്ങേറിയ സംഭവങ്ങൾ. എനിക്കതിന് സാക്ഷിയാകാൻപോലും കഴിഞ്ഞിട്ടില്ല. പ്രാദേശികസ്വത്വമാണ് അതിന്റെ മുഖമുദ്ര.തികച്ചും പ്രാദേശികഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. കഥാപാത്രങ്ങൾക്കും സ്ഥലങ്ങൾക്കും കൃത്യമായ അടയാളങ്ങളുമുണ്ട്. എന്നാൽ കണ്ടുകണ്ടിരിക്കെ തികച്ചും സമകാലീനമായ ഒന്നാണ്. പത്രപ്രവർത്തകൻ എന്നനിലയിലുള്ള എന്റെ സാക്ഷ്യങ്ങളുടെ സ്വാംശീകരണം കൂടിയാണിത്. പേരുകളില്ലാത്ത കഥാപാത്രങ്ങളും സ്ഥലങ്ങളും നോവലിൽ കടന്നുവരുന്നുണ്ട്. പ്രാചീനതയിൽനിന്നും സമകാലികതയിലേക്കുള്ള ദൂരമാണ്, രണ്ടു നോവലുകൾക്കുമിടയിലുള്ളത്. ഒന്നിൽ പ്രാദേശികഭാഷയും മറ്റേതിൽ പൊതുഭാഷയുമാണുള്ളത്.

മൊബൈൽ: 9495 760 561

Related tags : InterviewSheeba DvakaranUK Kumaran

Previous Post

യു.കെ. കുമാരൻ: മനുഷ്യരുടെ മാത്രം കഥാലോകം

Next Post

പഴകിയ ഒരു പത്രം പോലെ

Related Articles

മുഖാമുഖം

എഴുത്തുകാർ സ്വയം നവീകരിക്കണം: ചന്ദ്രമതി

മുഖാമുഖം

എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി

നേര്‍രേഖകള്‍മുഖാമുഖം

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ പെരുമയിലും എളിമയോടെ

മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

മുഖാമുഖം

ശ്രീധരൻ ചമ്പാട്: സർക്കസ് കഥകളുടെ കുലപതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. ഷീബ ദിവാകരൻ

എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത്...

ഡോ. ഷീബ ദിവാകരൻ 

സമകാലമലയാളസാഹിത്യത്തിലെ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ് യു.കെ കുമാരൻ. വയലാർ അവാർഡ് ജേതാവായ അദ്ദേഹം ഇരുപതിലധികം...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven