അടുത്തിരുന്ന യാത്രക്കാരൻ
ഉടനടി മരിച്ചു വീഴുമെന്ന-
റിഞ്ഞിരുന്നെങ്കിൽ
അങ്ങനെയായിരുന്നില്ല
ഞാൻ പെരുമാറുക.
തെറ്റൊന്നും
ചെയ്തിട്ടില്ല.
എങ്കിലും,
അല്പം കൂടി സ്നേഹവും
കാരുണ്യവും
സഹാനുഭൂതിയും
കാട്ടാമായിരുന്നു.
പതിവ് യാത്രയായിരുന്നു.
തിക്കിത്തിരക്കി
കയറിപ്പറ്റിയ സീറ്റിൽ
അടുത്തിരിക്കുന്നവനെ
ശ്രദ്ധിക്കേണ്ട കാര്യമില്ല.
സ്വന്തം ചൂടിൽ
പൊരുന്നിരിക്കുമ്പോൾ
ആർക്കാണതിന് നേരം!
എങ്കിലും
പൊടുന്നനെയുള്ള
അയാളുടെ
വീഴ്ചയിൽ
എല്ലാവരും ദത്ത ശ്രദ്ധരായി.
താങ്ങി ഉയർത്തുമ്പോഴേക്കും
ആകെ വിയർപ്പിൽ മുങ്ങിയിരുന്നു.
കരുവാളിച്ച കൺകുഴികൾ
വിളറിയിരുന്നു
ഇടംകയ്യിൽ നിന്നും
തെറിച്ചു പോയ ഗുളികകൾ
ചിതറിയിരുന്നു.
നേരിട്ടു പരിചയമുള്ള ആരും
ബസ്സിൽ ഉണ്ടായിരുന്നില്ല.
ആശുപത്രിയിൽ
മരണം സ്ഥിരീകരിച്ചപ്പോഴും
കൂട്ടിനാളില്ല
എല്ലാവരും മടങ്ങി.
എങ്കിലും
അവസാന നിമിഷത്തിൽ
നോക്കി ഒന്ന് ചിരിക്കാനോ
ആശ്വസിപ്പിക്കുവാനോ പോലും
കഴിയാതെ പോയല്ലോ?
അറിഞ്ഞില്ലല്ലോ
അയാളങ്ങനെ….
അറിഞ്ഞില്ലല്ലോ
സ്റ്റോപ്പെത്തിയത്!
Mobile: 9495865774