• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഉത്തരകാലത്തിന്റെ കാഴ്ചകള്‍

വി.യു. സുരേന്ദ്രന്‍ November 11, 2016 0

ആധുനികതയുടെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മലയാള കവിതയില്‍ വ്യതിരിക്തമായൊരു ഭാവുകത്വാന്തരീക്ഷം പണിതുയര്‍ത്തിയ കവികൡ ശ്രദ്ധേയനാണ് പി.പി. രാമചന്ദ്രന്‍. ആഗോളവത്കരണവും ഉദാരവത്കരണ നയങ്ങളും മനുഷ്യജീവിതത്തിന്റെ അടിത്തറ ഇളക്കി മറിക്കാന്‍ തുടങ്ങിയ 1990കളില്‍ മാറിയ ഉത്തരകാലത്തിന്റെ പ്രതിസന്ധികളെ ഒരു ചെറുകൂവല്‍കൊണ്ടു തന്നെ അദ്ദേഹം കവിതയില്‍ അടയാളപ്പെടുത്തി.
ബൃഹത് ആഖ്യാനങ്ങളെ സംബന്ധിച്ച സങ്കല്പങ്ങളെയും ആധുനിക ചിന്താപദ്ധതികളെയും മങ്ങലേല്പിച്ചുകൊണ്ട് വളര്‍ന്നുവന്ന ഉത്തരാധുനിക കാലഘട്ടത്തിന്റെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ രാമചന്ദ്രനെ പോലെ അതിസൂക്ഷ്മമായി ആവിഷ്‌കരിച്ച കവികള്‍ ഏറെയില്ല.
ആധുനികോത്തര കേരളീയ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. ജൈവ വൈവിധ്യംകൊണ്ടും പ്രകൃതി വിഭവങ്ങള്‍കൊണ്ടും സമ്പന്നമായ കേരളത്തിന്റെ നിലനില്പുതന്നെ അപകടപ്പെടുത്തുന്ന രീതിയില്‍ ഭൂമാഫിയകള്‍ കുന്നുകള്‍ ഇടിച്ചുനിരത്തി തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും മണ്ണിട്ടുനികത്തി ഭൂമിയെ കച്ചവടവത്കരിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനിന്നുപോന്നിരുന്ന ജൈവബന്ധം ഇതോടെ ശിഥിലമാകുകയാണ്. ആര്‍ത്തിപൂണ്ട മനുഷ്യന്‍ ഭൂമിയെ കേവലം ഒരു കച്ചവട വസ്തുവാക്കി മാറ്റിയതോടെ കേരളീയ ജീവിതം തികച്ചും അപകടകരമായ അവസ്ഥയിലേക്കെത്തിച്ചേര്‍ന്നു.
സമൂഹത്തിന്റെയും കാലത്തിന്റെയും സൂക്ഷ്മചലനങ്ങളെയും ഭാവമാറ്റങ്ങളെയും കണ്ടെത്തുവാന്‍ കഴിയുന്ന എഴുത്തുകാരന് ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഉമ്മറക്കോലായില്‍ നിന്ന്
രാത്രി എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്
പുലര്‍ച്ചയ്ക്കു കാണാതായി…..
(കാറ്റേ കടലേ)
പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇന്നത്തെ കവികള്‍ അവതരിപ്പിക്കുന്നത് വൈകാരികമായൊരു പ്രകൃതി സ്‌നേഹം കൊണ്ടു മാത്രമല്ല, അതിശക്തമായൊരു സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നമായി അവര്‍ ഇന്നതിനെ ഉയര്‍ത്തിപ്പിടിക്കുന്നു. കരയുന്ന വീടുകളെ ഉറക്കികിടത്തികൊണ്ട് കുന്നുകളായ കുന്നുകളൊക്കെ ഇന്നു റോഡുപണിക്കും പാടം നികത്തി ഫഌറ്റുകളും വില്ലകളും നിര്‍മിക്കാനും പോകുന്ന വര്‍ത്തമാനകാഴ്ചയാണ് രാമചന്ദ്രന്റെ ‘കാറ്റേ കടലേ’ എന്ന കവിത.
പന്തലംകുന്ന്, പൂത്രക്കുന്ന്
പുളിയാറക്കുന്ന്, പറക്കുന്ന്
ചോലക്കുന്ന്, ചന്തക്കുന്ന്
കരിമ്പനക്കുന്ന്….
പേര് വിളിക്കുമ്പോള്‍
വരിവരിയായി വന്ന്
ലോറിയില്‍ കയറണം
പറഞ്ഞ സ്ഥലത്ത് ഇറങ്ങണം
നിരപ്പാക്കിയ തലയില്‍
എട്ടുവരിപ്പാത ചുമന്നുനിന്നുകൊള്ളണം
തലയ്ക്കുമീതെ കാലം
‘ശൂം’ന്നുപായും, അനങ്ങരുത്
(കാറ്റേ കടലേ)
കേരളീയരുടെ മനസ്സിനെയും ജീവിതത്തെയും വെട്ടിമുറിച്ചുകൊണ്ട് രാക്ഷസപ്പാതകള്‍ എട്ടുവരിയും പതിനാറുവരിയുമായി വികസിക്കുമ്പോള്‍ ഇല്ലാതാകുന്നത് കേരളീയന്റെ പച്ചപ്പും പുഴകളും തോടുകളും മലനിരകളുമാണ്. ഒരു ഭാഗം കടലും ഒരു ഭാഗം പശ്ചിമഘട്ടവുമായി മനുഷ്യവാസമില്ലാത്ത, വീടുകളില്ലാത്ത, റോഡുകളുടെയും വാഹനങ്ങളുടെയും മാത്രം സ്വന്തം നാടായി കേരളം വികസിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഈ ലോകം അതിവേഗതയുടേതാണ്. നാളെ ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും കാലത്തു പോയി വൈകീട്ട് തിരിച്ചെത്താന്‍ പറ്റുമെന്ന മെട്രോ അവസ്ഥയിലേക്ക് നാം എത്തിക്കഴിഞ്ഞു.
നിമിഷനേരം കൊണ്ട് നമുക്കു ചുറ്റും മാറ്റങ്ങള്‍ സംഭവിക്കുന്നു. നാഷണല്‍ ഹൈവേ 47ലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം മുമ്പ് കണ്ട അടയാളങ്ങളും, ബസ്‌സ്റ്റോപ്പുകളും, ഷോറൂമുകളും, വീടുകളും സ്ഥലങ്ങളും അല്ല ഇന്നു നാം അവിടെ കാണുന്നത്. അടയാളങ്ങളും കാഴ്ചകളും എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു.
ഒരു സിഗററ്റ് പുകച്ച്
തിരിച്ചുനടക്കുമ്പോള്‍
റോഡരികില്‍ എന്റെ വീടിനെതിര്‍വശം
തകൃതിയായി പണിനടക്കുന്നു
ഇമവെട്ടിത്തുറക്കും മുമ്പ്
അവിടെയൊരു ഇരുനിലക്കട്ടിടം ഉയര്‍ന്നു
മുറ്റത്ത് ഒരു കുട്ടി ക്രിക്കറ്റ് പന്ത് എറിയുന്നു
(എടുപ്പ്)
കാണെ കാണെ വീടുകളും തലമുറകളും മാറിവരുന്നു. പുതിയ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ ആദ്യം കണ്ട കുട്ടിയുടെ ഛായയിലുള്ള മറ്റൊരു കുട്ടി അവിടെ ക്രിക്കറ്റ് പന്തെറിയുന്നു. അച്ഛന്‍ കോലായിലിരുന്ന് പത്രം വായിക്കുന്നു. എതിര്‍ വശത്തെ വീട്ടിലെ താമസക്കാരനാണെന്ന് കവി സ്വയം പരിചയപ്പെടുത്തി.
എതിര്‍വശത്തെ വീടോ
അയാള്‍ അത്ഭുപ്പെടുന്നു
അതെ ആ വീട്
എന്നാല്‍ ഞാന്‍ വിരല്‍ ചൂണ്ടിയ
എതിര്‍ഭാഗത്ത്
എന്റെ വീടുണ്ടായിരുന്നില്ല.
പകരം അനേകം കാറുകള്‍ പാര്‍ക്കുകള്‍ ചെയ്ത
വിശാലമായ മുറ്റത്തോടുകൂടിയ
ഒരു കൂറ്റന്‍ എടുപ്പ്
(എടുപ്പ്)
നാമറിയാതെ തന്നെ നമ്മുടെ വീടും പറമ്പും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന തികച്ചും കലുഷിതവും വ്യതിരിക്തവുമായ ഉത്തരാധുനിക കാലത്തിന്റെ തീക്ഷ്ണതകളോട് അഭിസംബോധന ചെയ്യുന്ന കവിതയാണ് ‘എടുപ്പ്’.
മാറിയ കാലത്തിന്റെ സാക്ഷിപത്രമാണ് ‘മണ്ണ്’ എന്ന കവിത. പണ്ട് നാടുവിട്ട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുമ്പോള്‍ ബന്ധുമിത്രാദികളും കുടുംബക്കാരും കണ്ണീരോടെ യാത്രയാക്കുക പതിവായിരുന്നു. പിറന്ന മണ്ണിനെയും പ്രിയപ്പെട്ടവരെയും മറക്കാതിരിക്കാന്‍ യാത്ര പോകുന്നവര്‍ എപ്പോഴും ചില വസ്തുക്കള്‍ പെട്ടിക്കടിയില്‍ സൂക്ഷിക്കുമായിരുന്നു.
ഓര്‍മ്മ വന്നൂ
കന്നിയാത്രയ്ക്കിറങ്ങുമ്പോള്‍
കണ്ണില്‍ വെള്ളം നിറഞ്ഞത്
തറവാട്ടുതൊടിയില്‍ നിന്ന്
മണ്ണുമാന്തിയെടുത്തത്,
പൊതിഞ്ഞു ഭദ്രമായ് പെട്ടി,
യ്ക്കടിയില്‍ വെച്ചുനടന്നത്
(മണ്ണ്)
എന്നാല്‍ കാലവും വഴികളും മൊഴികളും മാറി. വേഷവും വിചാരവും മാറി. പുതുകാലത്തിനനുസരിച്ച് അകവും പുറവും അഴിച്ചുകൂട്ടി പുതുക്കുമ്പോള്‍ കടന്നുപോന്ന വഴികള്‍, ജന്മനാട്ടിലെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷകള്‍, കണ്ണീര്‍ച്ചാലുകള്‍, ഉള്‍ത്തേങ്ങലുകള്‍, പിറന്ന നാടിന്റെ മണ്ണിന്റെ മണം എല്ലാം ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോകുന്നു. പുതുകാലത്തിന്റെ തിരക്കുകളില്‍, സംഘര്‍ഷങ്ങളില്‍, കാപട്യങ്ങളില്‍ ഇരിക്കാനിടയില്ലാതെ നാം ഓടിക്കൊണ്ടിരിക്കുന്നു.
ഇരിക്കാനിടയില്ലാതായ്
നാടുവിട്ടതില്‍ പിന്നെ
ഓടിയുമൊഴുകിയും പറന്നും
ചുറ്റിക്കൊണ്ടിരിക്കലായ്
(മണ്ണ്)
ഓര്‍മകളും ഗൃഹാതുരതകളുമില്ലാതെ യന്ത്രം പോലെ ചലിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്തിന്റെ പുത്രന്മാര്‍ ഗ്രാമീണതയുടെ നന്മ നിറഞ്ഞ എല്ലാ ഓര്‍മകളെയും ബന്ധങ്ങളെയും (പെട്ടിക്കടിയില്‍ സൂക്ഷിച്ചുപോന്നിരുന്ന തറവാട്ടുതൊടിയില്‍ നിന്നു മാന്തിയെടുത്ത മണ്ണിനെയും) കടലിലേക്ക് വലിച്ചെറിഞ്ഞ് പുതുകാലത്തിന്റെ ഒഴുക്കിനൊത്ത് പറക്കുകയാണ്.
അറിഞ്ഞിട്ടുണ്ടാകുമോ, പക്ഷേ
അറ്റ്‌ലാന്റിക് സമുദ്രമിപ്പോള്‍
അങ്ങനെയൊന്നു
തന്നില്‍ വീണലിഞ്ഞത്
(മണ്ണ്)
ഗ്രാമീണതയെ വലിച്ചെറിഞ്ഞ് ജീവിതത്തിനുമേല്‍ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കുന്ന ആഗോള വ്യവസ്ഥയുടെ, പുതിയ കാവലാളന്മാരുടെ, കടന്നുവരവിനെ അടയാളപ്പെടുത്തുന്നു ‘മണ്ണ്’. പഴയ കാലത്തിന്റെ ഗ്രാമീണ ഭാവങ്ങളും നാട്ടുനന്മകളുടെ ചിഹ്നങ്ങളും ബിംബങ്ങളുമെല്ലാം അസ്തമിച്ചുപോകുന്നതിന്റെ മറ്റൊരു നേര്‍ചിത്രമാണ് ‘തൂക്ക്’ എന്ന കവിത.
നെല്ലായിരുന്നു
തന്‍ നല്ലകാലം
ഇല്ലംനിറ, വല്ലംനിറ
പത്തായംനിറ, പെട്ടിനിറ
നിറപുത്തരിക്ക്
ഉമ്മറത്തുകെട്ടിത്തൂക്കി
കതിര്‍ക്കൂല
(തൂക്ക്)
ഓണക്കാലത്ത് കണിവെള്ളരിയും നേന്ത്രക്കായകുലകളും കുമ്പളവും മത്തങ്ങയും മറ്റു കായ്കനികളുമെല്ലാം മച്ചിലെ വളയത്തിന്മേല്‍ കെട്ടിത്തൂക്കിയിടുമായിരുന്നു. മക്കളും പേരക്കുട്ടികളുമെല്ലാം ഓടിയെത്തുമ്പോള്‍ അവര്‍ക്ക് ഓണക്കാലം ആഘോഷിക്കാന്‍ പുഴയോരക്കണ്ടത്തില്‍ നിന്ന് പറിച്ചെടുത്ത ഈ കായ്കനികളും നേന്ത്രക്കുലകളും ധാരാളമായിരുന്നു. പക്ഷേ ഇന്നത്തെ അവസ്ഥ കാര്‍ഷിക സംസ്‌കാരത്തിന്റെ നട്ടെല്ലു തകര്‍ക്കുന്നതാണ്. ഇന്ന് നെല്‍പാടം, പുഴ, പത്തായം എല്ലാം പൊലിഞ്ഞു, കുടുംബവ്യവസ്ഥ തകര്‍ന്ന് അനാഥമായി. ഇന്ന് അവധിക്കാലമാഘോഷിക്കാന്‍ തറവാടുകളിലേക്ക് മക്കളും പേരമക്കളും എത്തുമ്പോള്‍ അവര്‍ക്ക് മച്ചിന്‍മുകളില്‍ കെട്ടിത്തൂക്കാന്‍ ഒന്നുമില്ല. പഴയ ഓണപ്പാട്ടിന്റെ തിളങ്ങുന്ന ഓര്‍മയില്‍ വീട്ടുകാരണവര്‍ കയറെടുത്തു. അവര്‍ക്ക് കാണാന്‍ പേരിനെന്തെങ്കിലും കെട്ടിത്തൂക്കാതെ വയ്യ എന്നോര്‍ത്തു. അവസാനം സ്വയം കെട്ടിത്തൂക്കി.
കറ്റക്കറ്റക്കയറിട്ടേ
കയറാലഞ്ചുമടക്കിട്ടേ
അറിയാതെയുറക്കെ പാടി
അതില്‍ത്താന്‍ തൂങ്ങിയാടി
(തൂക്ക്)
കേരളീയ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മകള്‍ക്കുമേല്‍ നഗര സംസ്‌കാരത്തിന്റെ പൊള്ളയായ ആഡംബരങ്ങളും അലങ്കാരങ്ങളും ആഴ്ന്നിറങ്ങുന്നതിന്റെ അനുഭവാവിഷ്‌കാരങ്ങളാണ് രാമചന്ദ്രന്റെ കവിതകള്‍.
പരിസ്ഥിതി ദുരന്തത്തിന്റെ ആഘാതങ്ങളെ ആഴത്തില്‍ ഈ കവി തിരിച്ചറിഞ്ഞതിന്റെ ആഖ്യാനരൂപമാണ് 1988ല്‍ എഴുതിയ ‘ഇടശ്ശേരിപ്പാലം’ എന്ന കവിത. ഇടശ്ശേരിയുടെ പ്രശസ്തമായ ‘കുറ്റിപ്പുറം പാലം’ എന്ന കവിതയുടെ വര്‍ത്തമാനകാല വായനയാണ് രാമചന്ദ്രന്റെ ഈ കവിത. ആധുനികകാലത്തെ മനുഷ്യര്‍ കൈവരിച്ച പുരോഗതിയുടെ അടയാളമാണ് പാലങ്ങളുടെ നിര്‍മാണം. കുറ്റിപ്പുറം പാലത്തിന്മേല്‍ അഭിമാനപൂര്‍വം കയറി നില്‍ക്കുന്ന ആധുനിക മനുഷ്യനെ വരച്ചിടുന്നതോടൊപ്പം ഇടശ്ശേരി ശോഷിച്ചുപോകുന്ന പേരാറിനെയും അഴുക്കുചാലായ് രൂപാന്തരപ്പെടുന്ന പേരാറിനെയും ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി.
കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍
അംബപേരാറേ, നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്?
(കുറ്റിപ്പുറം പാലം)
പുഴയുടെയും പ്രകൃതിയുടെയും ഗ്രാമീണതയുടെയും മേലുള്ള നാഗരികതയുടെ അധിനിവേശം മൂലം ഇപ്പോഴിതാ പേരാറില്‍ ഒഴുക്കു നിലച്ചിരിക്കുന്നു. മണല്‍ക്കാടും പച്ചിലക്കാടുമായി പേരാര്‍ ദയാവധത്തിനായി കാത്തുകിടക്കുന്നു. മൂന്നുപതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും കേരളീയ ജീവിതത്തിന്റെ സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിലുണ്ടായ അടിയൊഴുക്കുകളുടെ ആഴങ്ങള്‍ ഇടശ്ശേരിപ്പാലത്തില്‍ കാണാം.
അവന്റെയുത്കണ്ഠ: അത്യാ-
സന്നയായ് മണല്‍ശയ്യയില്‍
നീരുമൈശ്വര്യവും വറ്റി-
ക്കിടപ്പൊരു നിളാനദി.
(ഇടശ്ശേരിപ്പാലം)
രാമചന്ദ്രന്റെ കവിതയിലെ മരണശയ്യയില്‍ കിടക്കുന്ന നിളാനദി ഇടശ്ശേരിയുടെ ശോഷിച്ച പേരാറിന്റെ തുടര്‍ച്ചയും വര്‍ത്തമാനകാല അവസ്ഥയുമാണ്.
ഇടശ്ശേരിപ്പാലം എഴുതി പത്തുവര്‍ഷം കഴിഞ്ഞാണ് ‘പട്ടാമ്പിപ്പുഴ മണലില്‍’ എന്ന കവിത പുറത്തുവരുന്നത്. 1990കള്‍ക്കുശേഷം നമ്മുടെ പ്രകൃതിവിഭങ്ങള്‍ ആഗോള കുത്തക മുതലാളിത്തത്തിന്റെ അധിനിവേശത്തിനു കീഴിലായി. സമസ്ത ജീവിതമേഖലകളും വന്‍കിട മാഫിയകള്‍ നിയന്ത്രിക്കുവാന്‍ തുടങ്ങി. മരണശയ്യയില്‍ കിടന്ന് ജഡമായിത്തീര്‍ന്ന പുഴയുടെ പെണ്‍രൂപം മാഫിയകള്‍ കവര്‍ന്നെടുത്തുകൊണ്ടുപോകുന്ന ക്രൂരമായ വര്‍ത്തമാന അവസ്ഥയെ അടയാളപ്പെടുത്തുന്നു ‘പട്ടാമ്പിപ്പുഴമണലില്‍’ എന്ന കവിത. പട്ടാമ്പിപ്പുഴ മണലില്‍ ഇളം വെയിലേറ്റ് ഇരിക്കുന്ന കവി വെറുതെ ഓരോന്നെഴുതാനായി വിരലോടിക്കുമ്പോള്‍ മലയാള അക്ഷരങ്ങള്‍ തെളിയുകയാണ്. പിന്നെ ഒരു സുന്ദരിയുടെ നഗ്നശരീരവും മണല്‍പരപ്പില്‍ കിടക്കുന്നതു കവി ദിവാസ്വപ്‌നത്തിലെന്നപോലെ കാണുന്നു. അവളുണരുന്നതും കാത്ത് ആ പെണ്ണിന്റെ മണല്‍രൂപത്തിനരികില്‍ കവി അറിയാതെ കിടന്നുറങ്ങിപ്പോയി. നേരം വെളുത്തപ്പോള്‍ അവളെ കാണാനില്ല.
അവളരികത്തില്ലവിടെ
മണല്‍ നീങ്ങിയ കുഴിയുണ്ട്
കുഴിയില്‍ച്ചെളിവെള്ളത്തില്‍
മുഴുതിങ്കള്‍ത്തെളിയുന്നു.
(പട്ടാമ്പിപ്പുഴ മണലില്‍)
ഒടുവില്‍ അവള്‍ പുഴയോളത്തില്‍ നിലയില്ലാതാഴത്തില്‍ താണുപോകുന്ന കാഴ്ച കവി കാണുന്നു
പൊളിയല്ലിത് പിറ്റേന്നാ-
പ്പുഴയില്‍ നിന്നൊരു പെണ്ണിന്‍
ജഡവും കൊണ്ടൊരു ലോറി
കയറിപ്പോയതുകണ്ടു.
(പട്ടാമ്പിപ്പുഴ മണലില്‍)
ആഗോള ഫിനാന്‍സ് മൂലധനത്തിന്റെയും നവലിബറലിസത്തിന്റെയും കടന്നുവരവോടെ കേരളീയ ജീവിതത്തിന്റെ ചട്ടക്കൂടുകള്‍ തകര്‍ന്നു വീഴാന്‍ തുടങ്ങി. ക്രമരഹിതവും വ്യവസ്ഥാവിരുദ്ധവുമായൊരു പുതിയൊരു ജീവിതക്രമത്തിന്റെ ആഘോഷങ്ങളാണ് ഉത്തരകാലത്ത് അരങ്ങേറുന്നതെന്ന് ‘ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ’ എന്ന കവിതയിലൂടെ കവി ചൂണ്ടികാണിക്കുന്നു. ഇക്കാലംവരെ തുടര്‍ന്നുപോന്നിരുന്ന ജീവിതത്തില്‍ ആകെ താളപ്പിഴ സംഭവിക്കുന്നു. തികച്ചും നവീനമായൊരു പ്രമേയത്തിന്റെ അവതരണത്തിലൂടെ ഉത്തരകാലത്തിന്റെ ഭാവുകത്വമാറ്റത്തെ കവി അടയാളപ്പെടുത്തുന്നു. കുത്തഴിഞ്ഞ പുസ്തകങ്ങളുടെ എടുകളില്‍ കയറി കഥാപാത്രങ്ങള്‍ സ്വച്ഛന്ദസഞ്ചാരം തുടങ്ങുകയാണ്. രണ്ടാമൂഴത്തിലെ ഭീമന്‍ കരമസോവ് സഹോദരന്മാരെ പരിചയപ്പെടുന്നു. പ്രഥമപ്രതിശ്രുതിയിലെ ബംഗാളിയായ സത്യ കോവിലന്റെ തട്ടകത്തിലേക്കും എത്തുന്നു.
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു
ഇന്ന് നമ്മുടെ വായനശാലകളില്‍ നിന്നുപോലും മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നമ്മെ പ്രബുദ്ധരാക്കിയിരുന്ന, സമരോത്സുകതയിലേക്ക് നയിച്ച എല്ലാ പൊതുവിടങ്ങളും ചിന്താപദ്ധതികളും ഇപ്പോള്‍ ജീവിതത്തില്‍ നിന്ന് പിന്‍വലിയുകയാണ്,
ചെങ്കൊടികളേ,
കോരിത്തരിപ്പിക്കുമെളിനാളോര്‍മ്മകളെ
നാട്ടുവഴികളില്‍ കൗതുകമുണര്‍ത്തി
അടിവെച്ചടിവെച്ചുനീങ്ങിയ
ജാഥത്തീവണ്ടികളേ…
…………………
നെല്‍പ്പാടങ്ങളേ
വായനശാലകളേ
റേഷന്‍കടകളേ
മനുഷ്യരും പുഴുക്കളും ഒരുമിച്ചുവാണ
പൊതുഇടങ്ങളേ വിട…
(വിട)
നവോത്ഥാന പ്രസ്ഥാനത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വഴിയൊരുക്കിയ പൊതുവിടങ്ങളില്‍ നിന്നും മൂല്യസങ്കല്പങ്ങളില്‍ നിന്നുമെല്ലാം സമരോത്സുക സമൂഹം വിടചൊല്ലിക്കൊണ്ടിരിക്കയാണെന്ന അപകടകരമായ സത്യം ‘വിട’ ഓര്‍മിക്കുന്നു.
കേരളീയ ജീവിതത്തിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇടതുപക്ഷചിന്താഗതികളെയും സമരോത്സുകതയെയും വേരോടെ പിഴുതെറിഞ്ഞെങ്കില്‍ മാത്രമേ നവകൊളോണിയല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞ വസ്തുതയാണ്. നമ്മുടെ അബോധമണ്ഡലത്തില്‍ നിന്ന് സ്വപ്‌നം/സമരം/പ്രതിഷേധം/ഭാവന എന്നിവയെയെല്ലാം ഇല്ലാതാക്കി നമ്മെ കേവലം മരപ്പാവകളാക്കി മാറ്റുവാനുള്ള കൂടില തന്ത്രങ്ങള്‍ നവകൊളോണിയല്‍ പ്രത്യയശാസ്ത്രങ്ങള്‍ നിറവേറ്റികൊണ്ടിരിക്കുന്നു. ബഹുരാഷ്ട്ര കുത്തകമുതലാളിത്തത്തിന്റെ വാമനന്മാര്‍ നവകൊളോണിയല്‍ പ്രത്യയശാസ്ത്രങ്ങള്‍ കൃഷിചെയ്യാന്‍ മൂന്നടി മണ്ണുചോദിച്ചുകൊണ്ടാണ് ഇന്ന് ബലിയെ സമീപിക്കുന്നത്.
വിശേഷപ്പെട്ട ഒരു വിത്തുമായാണ്
ഞാനിവിടെ വന്നിട്ടുള്ളത്
ഭാവന, സ്വപ്‌നം, പ്രതിഷേധം
തുടങ്ങിയ കീടങ്ങള്‍ക്കെതിരെ
അസാധാരണ പ്രതിരോധശേഷിയുള്ള
ഒരിനം മനുഷ്യവിത്ത്
(ബലി)
വെള്ളമോ വെളിച്ചമോ ഇല്ലാതെ, ഏതു പ്രതികൂലകാലാവസ്ഥയിലും മുളയ്ക്കുന്ന, ഭൂമുഖത്തെങ്ങും പടരുന്ന ലബോറട്ടറികളില്‍ ഉല്പാദിപ്പിക്കാവുന്ന ഇത്തരം നവകൊളോണിയല്‍ മനുഷ്യവിത്തുകളെ വിതച്ച് ഭൂലോകം അധീനതയിലാക്കാന്‍ ശ്രമിക്കുന്ന ആഗോള ബഹുരാഷ്ട്ര കുത്തക മുതലാളിത്തത്തിന്റെ ഇടതുപക്ഷ ഉന്മൂലനമെന്ന ഹിഡന്‍ അജണ്ടയെ വെളിപ്പെടുത്തുന്ന കവിതയാണ് ‘ബലി’, ‘വിട’ തുടങ്ങിയവ. ഈ കവിതകളുടെ ആഴങ്ങളില്‍ അമര്‍ന്നുകിടക്കുന്ന പ്രതിരോധരാഷ്ട്രീയത്തിന്റെ സൂക്ഷ്മവേരുകളെ നാം തിരിച്ചറിയേണ്ടിരിക്കുന്നു.
പുതിയകാലം നമ്മുടെ അനുഭവങ്ങളെയും ഓര്‍മകളെയും മധുരങ്ങളെയും ജീവിതങ്ങളെയും മൂല്യങ്ങളെയുമെല്ലാം വേഗത്തില്‍ നിരാകരിക്കുന്നതിന്റെ സൂചനകള്‍ കൂടിയാണ് ഈ കാവ്യാക്ഷരങ്ങള്‍. നാം ജീവിക്കുന്ന കാലത്തിന്റെ ഭാവമാറ്റങ്ങളെ സൂക്ഷ്മതയോടെ കവിതയില്‍ ആവിഷ്‌കരിക്കുന്നു രാമചന്ദ്രന്‍. കാലത്തിന്റെ അവസ്ഥകള്‍ക്കും ഭാവങ്ങള്‍ക്കും രസങ്ങള്‍ക്കും വന്നുചേര്‍ന്ന മാറ്റങ്ങള്‍, പുതുരുചികളുടെ ആക്രണോത്സുകതകള്‍, ഗ്രാമീണ മൂല്യബോധങ്ങളുടെയും ഓര്‍മകളുടെയും അസ്തമയങ്ങള്‍ എല്ലാം രാമചന്ദ്രന്റെ കവിതകളിലെ പ്രമേയങ്ങളാണ്. ‘സഹ്യനും അസഹ്യനും’, ‘ഗജഗോവിന്ദം’, ‘തെങ്ങുമൊഴി’, ‘കുഴലുകള്‍’,’വാലുയര്‍ത്തി നില്‍ക്കുന്നയോരോര്‍മ’, ‘ബത്തേരിക്കടുത്ത് മലങ്കരയില്‍’, ‘വനഹൃദയം’, ‘രണ്ടു ജലഗീതങ്ങള്‍’ തുടങ്ങിയ കവിതകള്‍ മാമ്പഴക്കാലത്തിന്റെയും ഗ്രാമീണ ജീവിതാവബോധത്തിന്റെയും മണവും രൂചിബോധവും മാത്രമല്ല നമ്മുടെ കേരളീയതതന്നെയാണ് ഇവിടെ നഷ്ടപ്പെടുന്നതെന്ന് ഓര്‍മപ്പെടുത്തുന്നു. കണ്ണില്‍ കനലായി പണ്ടെരിഞ്ഞ നക്ഷത്രങ്ങളെല്ലാം കെട്ടുപോകുന്ന ഉത്തരകാലത്തിന്റെ കാഴ്ചകളാണ് രാമചന്ദ്രന്റെ കവിതകള്‍.

Previous Post

കാര്‍ട്ടൂണ്‍ കവിതകള്‍

Next Post

ഫാര്‍മ മാര്‍ക്കറ്റ്

Related Articles

വായന

ചാവുതുള്ളൽ – പ്രാദേശിക ചരിത്രത്തിന്റെ ഉൽഖനനങ്ങൾ

വായന

അവനവനെ മാത്രം കേൾക്കുന്ന കാലത്തിന്റെ കഥകൾ

വായന

കവിയുടെ അനശ്വരത; കവിതയുടേതും

വായന

മേതിൽ കുറിപ്പുകൾ – ഉദ്ധരണികൾക്കിടയിൽ

വായന

ദൈവത്തിന്റെ മകൾ വെറും മനുഷ്യരോട് പറയുന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വി.യു. സുരേന്ദ്രന്‍

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ...

വി.യു. സുരേന്ദ്രൻ 

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ്...

മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന...

വി.യു. സുരേന്ദ്രൻ 

ബഹുസ്വരമായിത്തീർന്ന പുതുകവിത ഇന്ന് ജീവിതത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ കണ്ടെടുത്ത് ആഖ്യാനം ചെയ്യാനുള്ള ശ്രമത്തിലാണ്. പരമ്പരാഗത...

ഇക്കിറു: പ്രതിസന്ധികളിൽ തളരാത്ത...

പി.കെ. സുരേന്ദ്രൻ 

വിശ്വവിഖ്യാത ജാപ്പാനീസ് ചലച്ചിത്രകാരനായ അകിര കുറസോവ നമ്മുടെ മനസ്സിൽ കൊണ്ടുവരിക ജപ്പാനിലെ പരമ്പരാഗത യുദ്ധ...

വാക്കിന്റെ ജലസ്പർശങ്ങൾ

വി. യു. സുരേന്ദ്രൻ 

കേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ റഫീ ക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു. നാട്ടുപൂക്കളും നാട്ടുചെ ടികളും കണ്ട്...

പെൺഭാഷയിലെ അഗ്നിനാളം

വി. യു. സുരേന്ദ്രൻ 

പുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ...

ഉത്തരകാലത്തിന്റെ കാഴ്ചകള്‍

വി.യു. സുരേന്ദ്രന്‍ 

ആധുനികതയുടെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മലയാള കവിതയില്‍ വ്യതിരിക്തമായൊരു ഭാവുകത്വാന്തരീക്ഷം പണിതുയര്‍ത്തിയ കവികൡ ശ്രദ്ധേയനാണ് പി.പി....

ദളിതാവബോധത്തിന്റെ പ്രതിരോധ പാഠങ്ങൾ

വി.യു. സുരേന്ദ്രൻ 

1990-കളോടെ മലയാള കവിതയിൽ അനുഭവപ്പെടുവാൻ തുട ങ്ങിയ പുതിയ കാവ്യഭാവുകത്വത്തെയാണ് പുതുകവിതാപ്രസ്ഥാനമെന്ന് വ്യവഹരിക്കപ്പെടുന്നത്. സാമൂഹ്യ...

വിവാന്‍ ലാ ആന്റിപൊഡാസ്

പി.കെ. സുരേന്ദ്രന്‍ 

നമുക്ക് സങ്കല്‍പ്പിക്കാം. നാം നമ്മുടെ വീട്ടുമുറ്റത്തുനിന്ന് നേരെ എതിര്‍ ദിശയിലേക്ക് ഒരു തുരങ്കം കുഴിക്കാന്‍...

ടെന്‍: ഇറാനിയന്‍ സ്ര്തീപര്‍വം

പി.കെ. സുരേന്ദ്രന്‍  

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കിയറോസ്തമി ഒരു ബഹുമുഖ പ്രതിഭയാണ്. സിനിമാ സംവിധായകനും എഡിറ്ററും...

സിനിമയിലും ഒരു ജീവിതമുണ്ട്;...

പി.കെ. സുരേന്ദ്രൻ 

ഒരു എഴുത്തുകാരി എന്ന നിലയിലാണ് മാനസി പൊതുവെ അറിയപ്പെടുന്നത്. മുംബയിൽ അക്കാലത്ത് നിലനിന്നിരുന്ന നാടകങ്ങളിൽ...

V U Surendran

വി.യു. സുരേന്ദ്രൻ 

സി.വി. ബാലകൃഷ്ണൻ: ഓർമയിലെ...

പി.കെ. സുരേന്ദ്രൻ 

സി.വി. ബാലകൃഷ്ണന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സിനിമാ നിരൂപകൻ എന്നീ നിലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven