• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കാലത്തിന്റെ വിധിവാക്യങ്ങള്‍

വി.കെ. ഷറഫുദ്ദീന്‍ November 10, 2016 0

ദേശചരിത്രങ്ങളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ അപൂര്‍വമായെങ്കിലും മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ചരിത്രബോധം ഒട്ടുമില്ലാത്ത വേരുകള്‍ നഷ്ടപ്പെടുത്തിയ ഒരു ജനതതിക്ക് സ്വയം കണ്ടെത്താന്‍ എപ്പോളെങ്കിലും അതാവശ്യവുമാണ്. ആവേഗം പൂണ്ട സാമ്പത്തിക വളര്‍ച്ചയും പൊയ്ക്കാലുകളില്‍ നില്‍ക്കുന്ന വികസന വേഷങ്ങളും തലമുറഭേദമില്ലാതെ മനുഷ്യരെയെല്ലാം വാരിക്കുഴിയില്‍ അപകടപ്പെടുത്തിയിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍ ‘തക്ഷന്‍കുന്ന് സ്വരൂപം’ ഒരുക്കുന്നത് ഓരോ മലയാളിക്കും ആത്മപരിശോധനയ്ക്കുള്ള അവസരമാണ്.
കൃതഹസ്തനായ കഥാകൃത്ത് യു.കെ. കുമാരന്‍ ‘പഠിച്ചെഴുതിയ’ തന്റേതു കൂടിയാകാവുന്ന ദേശചരിത്രം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിലിറങ്ങിയ മികച്ച രചനകളിലൊന്നായി ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ഫ്യൂഡല്‍ മരുമക്കത്തായ സമ്പ്രദായങ്ങളുടെ പതനവും പുതിയ സാമൂഹിക രൂപങ്ങളുടെ ഉദയവും നിരീക്ഷിക്കുന്ന കേശവദേവിന്റെ ‘അയല്‍ക്കാറിനും’ മലബാറിലെ നേര്‍ത്ത സാമൂഹിക – സാമുദായിക ഘടനയെയും സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഇഴുകി ചേര്‍ന്ന നവോത്ഥാന ചിന്തകളുടെ ഫലശ്രുതിയെയും അനുഭവവേദ്യമാക്കുന്ന ഉറൂബിന്റെ ‘സുന്ദരന്മാരും സുന്ദരിമാരു’ടെയും, പുതിയ പ്രതീക്ഷകളുടെയും ദര്‍ശനങ്ങളുടെയും പിറകില്‍ ഒരു ദേശം മുളപൊട്ടി വിടരുന്നതിന്റെ വാങ്മയ ചിത്രങ്ങള്‍ വരച്ച എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യുടെയും അരികെ തന്നെയാണ് യു.കെ.യുടെ ‘തക്ഷന്‍കുന്ന്’ ഇടം കണ്ടെത്തുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം മുതല്‍ പുതിയ സഹസ്രാബ്ദത്തിലെ ആദ്യ ദശകം വരെയുള്ള വടക്കേ മലബാറിലെ ഏതു ഗ്രാമത്തിന്റേയും ഇതിഹാസമായി ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തെ പരിഗണിക്കാവുന്നതേയുള്ളൂ. പക്ഷേ അത് അതിര്‍ത്തികള്‍ നിര്‍വീര്യമാക്കി മനുഷ്യ കുലത്തിന്റെ മുഴുവന്‍ ആകുലതകളുടെയും വ്യാധികളുടേയും സ്വരൂപമായി മാറുന്നു.
ഗ്രാമാതിര്‍ത്തിയില്‍ ആഴമേറിയ ഒരു ഇടവഴിക്ക് കുറുകെയിട്ട മുളങ്കമ്പുകളുടെ ഒറ്റയടിപ്പാലത്തില്‍ മലര്‍ന്നു കിടന്ന് ആകാശം നോക്കുന്ന രാമറില്‍ നിന്നാണ് ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന 415 താളുകളുള്ള ആഖ്യായിക സമാരംഭിക്കുന്നത്. വേണമെങ്കില്‍ നോവലിസ്റ്റിന് രാമര്‍ എന്ന ‘അധ:കൃത’ വിഭാഗത്തില്‍പ്പെട്ട കേന്ദ്ര കഥാപാത്രത്തിന്റെ ഈ കിടത്തം ബോധധാരയിലേക്കുള്ള മിഴിയടയ്ക്കല്‍ ആക്കാമായിരുന്നു. ഭീഷ്മപിതാമഹന്റെ ശരശയ്യ പോലെ, കുഞ്ഞേനാച്ചന്റെ ഒഴുകിപ്പരക്കുന്ന ഓര്‍മകള്‍ പോലെ. അങ്ങനെയൊരു രചനാ സങ്കേതം വേണ്ടെന്നു വച്ച് ബാലനായ രാമറെ ഈ ‘നൂല്‍പ്പാല’ത്തില്‍ കിടത്തി, അന്നത്തെ സംഭവം മാത്രം ഓര്‍മിപ്പിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. കറുകറുത്തവനും ‘ഹീനജാതി’യില്‍ പെട്ടവനുമായ തന്നെ, ഒപ്പം പഠിക്കുന്ന ലീലത്തമ്പുരാട്ടി ‘കരിങ്കുരങ്ങ്’ എന്നു പരിഹസിക്കുന്നതിന്റെ പക, ബഞ്ചില്‍ പശ തേച്ച് വസ്ത്രം കീറി അവളുടെ പിന്‍ഭാഗം മറ്റു കുട്ടികള്‍ക്ക് മുന്നില്‍ കാണിച്ച ഒരു കുസൃതിയിലേക്ക് അവനെ നയിക്കുകയും തുടര്‍ന്ന് അദ്ധ്യാപകനും അച്ഛനും അവനെ തല്ലിച്ചതക്കുകയും ചെയ്ത സംഭവം. പിന്നെ അനവധി സംഭവങ്ങളും വ്യക്തികളും അരങ്ങിലെത്തുകയും ഒഴിയുകയും ചെയ്യുമ്പോള്‍ എഴുത്തുകാരന് അനുയാത്ര ചെയ്യുകയാണ് വായനക്കാരന്‍.
പട്ടിണിയും വേദനയും പീഡനങ്ങളും മാത്രം സഹിച്ച്, അച്ഛനുണ്ടെങ്കിലും അനാഥനായി വളരുന്ന രാമര്‍ ഒരു കാലഘട്ടത്തിലെ പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധിയാണ്. ഏതൊക്കെയോ ശക്തിയും നിയോഗങ്ങളും അവനെ സമശീര്‍ഷരില്‍ നിന്നും വ്യത്യസ്തനാക്കി വിജയമെന്ന് സമൂഹം എഴുതിവച്ച ചട്ടക്കൂട്ടില്‍ ഉള്‍പ്പെടുത്തിയെന്നു മാത്രം. ആ യാത്രയില്‍ സമൂഹം കുടഞ്ഞുകളയുകയോ, കുഴിച്ചു മൂടുകയോ ചെയ്ത അസംഖ്യം അസമത്വങ്ങളിലൂടെയും അനീതികളിലൂടെയും അവന്‍ കടന്നു പോകുന്നു. ചൂഷക, വരേണ്യവര്‍ഗം ബഹുഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്പിച്ച നൃശംസതകളായിരുന്നു അവയെല്ലാം. അയിത്തം, അടിമ സമ്പ്രദായം, സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനും ആണുങ്ങള്‍ക്ക് മീശ വയ്ക്കാനുമുള്ള അവകാശമില്ലായ്മ, പെണ്‍കുട്ടികളെ ‘അടയാളപ്പെടുത്തി’ അവകാശം സ്ഥാപിക്കുന്ന മേല്‍ജാതിക്കോയ്മ, കുടിയിറക്കല്‍, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ നവോത്ഥാനമൂല്യങ്ങള്‍ കടപുഴക്കിയെറിഞ്ഞ സാമൂഹ്യ ദുരാചാരങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ചരിത്രങ്ങളും അവയ്‌ക്കെതിരെയുയര്‍ന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ സംഘഗാഥകളാകുന്നതിന്റെയും നാള്‍വഴികള്‍ മാനവികത ഉദ്‌ഘോഷിക്കുന്ന ചരിത്രകാരന്റെ ആര്‍ജവത്തോടെയും പ്രതിബദ്ധതയോടെയുമാണ് നോവലിസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളും ശക്തമായ അന്തര്‍ധാരയായി തക്ഷന്‍കുന്നിനെ പൊതിയുന്നു. സ്വാഭാവികമായും കേളപ്പനും, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബും, ഇ.എം.എസും കഥാപാത്രങ്ങളുടെ മിഴിവുകള്‍ക്കപ്പുറം പൂര്‍ണത കൈവരിക്കുന്നു. കേളപ്പന്റെ ഒരു മൂകാനുരാഗവും നോവലിസ്റ്റ് കണ്ടെടുത്തിരിക്കുന്നു. മെറ്റില്‍ഡ എന്ന അദ്ധ്യാപികയാണ് ഇതിലെ നായിക. കേളപ്പജിയിലൂടെ മഹാത്മാഗാന്ധിയും തക്ഷന്‍കുന്നില്‍ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.
കലാപകാരിയുടെ മനസ്സും ചിന്തയുമുള്ള തയ്യല്‍ക്കാരന്‍ കുഞ്ഞിക്കേളു, സഹപാഠിയായ ചേക്കു എന്നിവരിലൂടെയാണ് കോഴിക്കോട് സിരാകേന്ദ്രമായി ആരംഭിക്കുന്ന ദേശീയ പ്രസ്ഥാനം രാമറില്‍ സ്വാധീനമുറപ്പിക്കുന്നത്. ഐഎന്‍എയും സുഭാഷ്ചന്ദ്രബോസും തക്ഷന്‍കുന്നിലെ യുവാക്കളില്‍ ആവേശം വിതയ്ക്കുന്നതും ഒരു കാലഘട്ടത്തിലെ മലയാളിമുദ്രകള്‍ തന്നെ.
നന്മകള്‍ നിറഞ്ഞ കണ്ണപ്പന്‍ എന്ന മുതലാളിയാണ് വിജയത്തിന്റെയും ഒപ്പം മനുഷ്യത്വത്തിന്റെയും പടവുകള്‍ രാമര്‍ക്കു കാണിച്ചു കൊടുക്കുന്നത്. കണ്ണപ്പന്‍ മാത്രമല്ല, നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍പുറത്തും നല്ലവര്‍ ഏറെയാണ്. ജനകീയ ഡോക്ടറായ (ദര്‍സര്‍) ശ്രീധരന്‍ അവരില്‍ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്നു. ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീധരന്‍ ഡോക്ടറെ പക്ഷേ ഭാര്യയും കമ്പൗണ്ടറും കൂടി ചതിക്കുമ്പോളും, ഗ്രാമത്തില്‍ പിട്ടും കടലക്കറിയും വിറ്റ് പിന്നെ ഒരു കമ്പത്തിന് ബസ്സുവാങ്ങിയ മാതാമ്മയുടെ സമ്പാദ്യം മുഴുവന്‍ പട്ടാളത്തില്‍ നിന്നും തിരിച്ചു വന്ന മകന്‍ കവര്‍ച്ച ചെയ്യുമ്പോഴും നന്മകളുടെ പറുദീസയിലെ കട്ടുറുമ്പുകളെ വായനക്കാരന്‍ കാണുന്നു. തെളിച്ചമുള്ള ഭാഷയിലൂടെയും കുറ്റമറ്റ പാത്രസൃഷ്ടിയിലൂടെയുമാണ് നോവലിസ്റ്റ് ഗ്രാമവും അങ്ങാടിയും വരച്ചുവച്ചിട്ടുള്ളത്.
രാമറിലെ യഥാര്‍ത്ഥ മനുഷ്യനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുകയും ഒരു നിയോഗം പോലെ അയാളിലേക്കു തന്നെ എത്തിച്ചേരുകയും ചെയ്ത കല്യാണി ഈ നോവലിലെ ഏറ്റവും തിളക്കമാര്‍ന്ന കഥാപാത്രങ്ങളിലൊന്നാണ്. കല്യാണി രാമര്‍ക്ക് ഭാര്യ മാത്രമായിരുന്നില്ല, സുഹൃത്തും വഴിക്കാട്ടിയുമായിരുന്നു.
സാര്‍വത്രിക വിദ്യാഭ്യാസവും ഭൂപരിഷ്‌കരണവും നടപ്പാക്കിയ ഐക്യകേരളത്തിലെ ജനപദങ്ങളുടെ പ്രയാണങ്ങള്‍ക്കു സാക്ഷിയായ രാമര്‍, സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ സായംസന്ധ്യയില്‍, ആറാട്ടുദിവസം നൂറുകണക്കിനാളുകളെ തീപിടിത്തത്തില്‍ നിന്നും രക്ഷിച്ചതിന്റെ ധന്യതയിലൂടെയും കടന്നു പോകുന്നുണ്ട്. ആ സാഹസികത അയാളുടെ ഒരു കണ്ണിന്റെ കാഴ്ച കളയുന്നുണ്ടെങ്കിലും തന്റെ കാഴ്ചയും കാഴ്ചപ്പാടും ഒറ്റക്കണ്ണിലൂടെ പൂര്‍ണത നേടുന്നത് രാമര്‍ അറിയുന്നു.
ആദ്യംപോലെത്തന്നെ അവസാനവും. ആഴമേറിയ ഇടവഴിക്കു കുറുകെയിട്ട മുളങ്കമ്പുകളുടെ ഒറ്റയടിപ്പാലത്തില്‍ കിടന്ന ബാലനായ രാമര്‍, ഇപ്പോള്‍, ദുരൂഹമായ ജന്മത്തിന്റെ അവസാന വിനാഴികയില്‍, തന്റെ വേരുകള്‍ ആണ്ടിറങ്ങിയ, അച്ഛനും അമ്മയും ഉണരാതുറങ്ങുന്ന മണ്ണില്‍, ”കാലത്തിന്റെ ദയാരഹിതമായ വിധിവാക്യങ്ങള്‍ ഏറ്റുവാങ്ങാന്‍ വേണ്ടി” കാത്തു കിടക്കുകയാണ്. ഏഴു ചുവടുകളില്‍ ഒതുങ്ങുന്ന ജീവിതയാത്ര. അതിനിടയില്‍ പരമമായ ജീവിതസത്യം അയാള്‍ മനസ്സിലാക്കിയിരിക്കണം. ആടയാഭരണങ്ങള്‍ എത്രതന്നെ വാരിയണിഞ്ഞാലും കാലം ഒട്ടും മാറിയിട്ടില്ല. അതല്ലെങ്കില്‍ എല്ലാം തിരിച്ചു വന്നുകൊണ്ടിരിക്കയാണ്. ദേശം രാഷ്ട്രീയ നാഗരിതയിലേക്ക് വളരുന്നു. എന്നാല്‍ എല്ലാ വളര്‍ച്ചയേയും കാലം ഒരു പുരാവൃത്തത്തില്‍ ഒതുക്കുന്നു. ജീവിതമെന്ന മഹാപ്രഹേളികയ്ക്ക് എന്നും ഉത്തരമില്ല. ഈ ദ്വന്ദ്വങ്ങളുടെ യോജിച്ചും വിയോജിച്ചുമുള്ള പാരസ്പര്യമാണ് നോവലിസ്റ്റിനോടൊപ്പം വായനക്കാരനെയും വിസ്മയിപ്പിക്കുന്നത്.

തക്ഷന്‍കുന്ന് സ്വരൂപം
(നോവല്‍)
യു.കെ. കുമാരന്‍
എന്‍.ബി.എസ്.
വില: 300 രൂപ

Previous Post

സമാധാനം ആവശ്യപ്പെടുന്നത്

Next Post

പോള്‍ വിറിലിയോ: വേഗതയുടെ തത്ത്വശാസ്ത്രം

Related Articles

കവർ സ്റ്റോറി3വായന

അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ ഇതിഹാസം

വായന

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി: ചോരയും വീഞ്ഞും

വായന

കത്തുന്ന മുൾക്കാടുകൾക്കു മധ്യേ നിന്നു മൊഴിയുന്നവർ

വായന

പനിക്കോലിന്റെ വായന

വായന

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വി.കെ. ഷറഫുദ്ദീന്‍

ടി. ടി. പ്രഭാകരൻ:...

വി.കെ. ഷറഫുദ്ദീൻ 

റേഡിയോ നാടകപ്രസ്ഥാനം എഡിറ്റർ ടി.ടി. പ്രഭാകരൻ കേരള സംഗീത നാടക അക്കാദമി - വില...

മതമൗലികവാദികൾ ബ്യൂട്ടി പാർലറിൽ

വി.കെ. ഷറഫുദ്ദീൻ 

മതമൗലികവാദവും ഭീകരവാദവും ഉറഞ്ഞുതുള്ളിയ അഫ്ഗാനിസ്ഥാനിൽ, ആ പ്രതിലോമ ശക്തികളുടെ ക്രൂരതകൾക്കിരയായ സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പ് ഉദ്‌ഘോഷിക്കുന്ന...

കാലത്തിന്റെ വിധിവാക്യങ്ങള്‍

വി.കെ. ഷറഫുദ്ദീന്‍ 

ദേശചരിത്രങ്ങളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ അപൂര്‍വമായെങ്കിലും മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ചരിത്രബോധം ഒട്ടുമില്ലാത്ത വേരുകള്‍ നഷ്ടപ്പെടുത്തിയ ഒരു ജനതതിക്ക്...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven