• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രണയത്തിന്റെ പുതുഭാഷയുമായി സൈറത്

എന്‍. ശ്രീജിത്ത് August 2, 2016 0

നഗ്രാജ് മഞ്ജുളെ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരന്വേഷണം

കവിയും അഭിനേതാവും പ്രശസ്ത സംവിധായകനുമായ നഗ്രാജ് മഞ്ജുളെയുടെ പുതിയ ചിത്രമാണ് സൈറത്. നഗ്രാജിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ മറാഠി ദളിത് സാമൂഹ്യജീവിതത്തിന്റെ പച്ചയായ മുഖമാണ് സൈറത്. പ്രണയവും ജാതിയും നോവും സാമുഹ്യമായ ഉച്ചനീചത്വങ്ങളും എല്ലാം ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.
നഗ്രാജ് മഞ്ജുളെയുടെ 2011-ല്‍ പുറത്തെത്തിയ ആദ്യ ചിത്രം പത്തുമിനിട്ടു ദൈര്‍ഘ്യമുള്ള പിസ്തുല്യ എന്ന ഹ്രസ്വചിത്രമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടുകയുണ്ടായി. എല്ലാ എതിര്‍പ്പുകളെയും മറികടന്ന ഗ്രാമീണനായ ബാലന്‍ വിദ്യാഭ്യാസം നേടാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം, തന്റെ ജീവിത സാഹചര്യത്തെയാണ് വരച്ചിട്ടത്. സോലാപ്പൂര്‍ ജില്ലയിലെ കര്‍മാലയില്‍ നിന്ന്, പുണെ സര്‍വകലാശാലയുടെ മറാഠി ബിരുദാനന്തര ബിരുദവും പിന്നീട് അഹമ്മദ്നഗറില്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും നേടാന്‍ വേണ്ടി നടത്തിയ സമരത്തെയും ആ ജീവിതത്തെയുമാണ്, മറ്റൊരു കഥാസന്ദര്‍ഭത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് തന്റെ ആദ്യ ഹ്രസ്വചിത്രത്തില്‍ നഗ്രാജ് കാണിച്ചുതന്നത്.
ആ ചിത്രം നേടിയ ശ്രദ്ധേയ പുരസ്‌കാരങ്ങള്‍ക്ക് ശേഷം നഗ്‌രാജിന് നല്‍കിയ സ്വീകരണത്തില്‍, താന്‍ ഇനിയും ചിത്രങ്ങള്‍ നിര്‍മിക്കുമെന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തിയാവും തന്റെ ചിത്രങ്ങളെന്നും തന്റെ ചുറ്റുപാടുകളെയാണ് താന്‍ സിനിമയില്‍ ആവിഷ്‌കരിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.

ആദ്യ ഫീച്ചര്‍ ചിത്രമായ ഫാന്‍ഡ്രി, ജാംബവന്ത് അഥവാ ജാബ്യ കറുത്തവനായ ദളിതന്റെ കഥ പറയുകയാണ്. സിനിമകളില്‍ അധികം കണ്ടു പരിചയമില്ലാത്ത ഒരു ജനവിഭാഗത്തിന്റെ കഥ. പ്രതിഷേധത്തിന്റെ സ്വരം ഉറക്കെ കേള്‍പ്പിക്കുന്ന ഈ കഥ നാം ജീവിക്കുന്ന സമൂഹത്തിന്റെ പരിഛേദമാണ് സിനിമയെന്നു കാണിച്ചു തരുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെതന്നെ ജീവിതമാകുന്നു ഈ ചിത്രം. ഏതു ദേശത്ത് ചെന്നാലും, എന്തിന്, ചത്തു കിടന്നാല്‍ പോലും നമ്മള്‍ മുറുകെപ്പിടിക്കുന്ന ജാതിബോധത്തിനും ഉച്ചനീചത്വത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെയുള്ള ഉന്നം പിഴയ്ക്കാത്ത ശക്തമായ കല്ലേറാണ് ഈ ചിത്രം. ദളിതരെ, ഇവരെ നാറുന്നു എന്ന് പറഞ്ഞുകൊണ്ട് കളിയാക്കി വരുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിക്കുകയല്ല മറിച്ച് ചങ്കൂറ്റത്തോടെ പ്രതികരിക്കുകയാണ് ജാബ്യ. ജാതിവ്യവസ്ഥ ആരുടെയോ കൃത്രിമസൃഷ്ടിയാണ് എന്ന് പറയുകയും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് സംവിധായകന്‍. ഇത് ഒരു സിനിമ ആയി തോന്നിയില്ല. ഒരു ഗ്രാമത്തില്‍ ആരുമറിയാതെ ഒരു ക്യാമറ വച്ചിരിക്കുന്നു. അവിടുള്ളവര്‍ എന്നത്തേയും പോലെ ജീവിക്കുന്നു. ഓരോരുത്തരും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു.


മറാത്തിയില്‍ ഫാന്‍ഡ്രി എന്ന വാക്കിന് പന്നി എന്നാണര്‍ത്ഥം. കഥ നടക്കുന്നത് അക്കോല്‍നെ എന്ന ഒരു ഗ്രാമത്തില്‍ ആണ്. അവിടുള്ള സവര്‍ണ ജാതിക്കാരുടെ കണ്ണില്‍ പന്നികള്‍ വെറും നികൃഷ്ടജീവികള്‍ ആണ്. താഴ്ന്ന ജാതിയിലുള്ളവരെ കളിയാക്കാന്‍ പന്നികള്‍ എന്ന വാക്കാണ് എല്ലാവരും ഉപയോഗിക്കുന്നത്. ദളിതുകളെ കണ്ടാല്‍തന്നെ അശുദ്ധമായി എന്ന് വിശ്വസിക്കുന്നവര്‍. ചരിത്രത്തിന്റെ ചേറ്റിലും ചതുപ്പിലും മലത്തിലും ആണ്ടുകിടക്കുന്ന കോടിക്കണക്കായ അവര്‍ണ ജനതയെ ഹിന്ദു ബ്രാഹ്മണമതം തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരുമായി ആട്ടിയകറ്റിയ അടിസ്ഥാന ജനതയെ കുറിക്കുന്ന മൃഗരൂപകവുമാണ് പന്നി.
കച്ച്റു മാനെ എന്ന ദളിതന്റെ കുടുംബം കേന്ദ്രീകരിച്ചാണ് ഫാന്‍ഡ്രി. ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനും അമ്മൂമ്മയും അടങ്ങുന്നതാണീ കുടുംബം. മൂത്തമകള്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു വീട്ടില്‍തന്നെയാണ്. പഠിത്തം ഒഴിവാക്കി മകനെ ജോലിക്ക് കൊണ്ടുപോകുന്നതില്‍ കുടുംബത്തിനു യാതൊരു മടിയും ഉണ്ടായിരുന്നില്ല. മകന്‍ ജബ്യക്കാണെങ്കില്‍ പഠിത്തത്തില്‍ ആയിരുന്നു താല്‍പര്യം. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി പഠിക്കാന്‍ പോകാതെ പന്നിയെ പിടിക്കാന്‍ പോകേണ്ട ഗതികേടുണ്ടാകുന്നു ആ കുട്ടിക്ക്. അവരുടെ ഗ്രാമത്തിന്റെ തൊട്ടടുത്തുതന്നെയാണ് അവന്‍ പഠിക്കുന്ന സ്‌കൂള്‍. സ്‌കൂളുള്ള ഒരു ദിവസമാണ് തന്റെ കുടുംബത്തോടൊപ്പം അവന്‍ പന്നിയെ പിടിക്കാന്‍ പോകുന്നത്. ഇവര്‍ പന്നിയുടെ പിന്നാലെ ഓടുന്നത് ആസ്വദിക്കുകയാണ് മേല്‍ജാതിക്കാരും ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളും. ജാതിയുടെ പേരിലും തൊഴിലിന്റെ പേരിലും അവനെ ക്രൂരമായി ആക്ഷേപിച്ച് ചിരിച്ച് അവര്‍ ആനന്ദംകൊള്ളുന്നു. അവന്റെ ഉള്ളില്‍ അപമാനബോധത്തോടൊപ്പം കടുത്ത പ്രതിഷേധവും ഇരമ്പുന്നുണ്ട്.

തന്റെ സഹപാഠിയും സവര്‍ണജാതിക്കാരിയും ആയ ഷാലുവിനോട് ഇഷ്ടമായിരുന്നു ജബ്യക്ക്. ജബ്യക്ക് മാത്രമുള്ള അത് പ്രകടിപ്പിക്കാന്‍ കഴിയാതെ അവളുടെ മുന്നിലൂടെ നടക്കും അവന്‍. തന്റെ കൂട്ടുകാരനും സൈക്കിള്‍ഷോപ്പുടമയുമായ ചാങ്ക്യയുടെ കടയുടെ മുന്നില്‍ ആണ് അവളുടെ വീട്. അവളെ കാണാന്‍ അവന്‍ ആ കടയില്‍ പോയി ഇരിക്കുമായിരുന്നു. പട്ടം പോലെ വാലുള്ള കുരുവിയെ പിടിച്ചു ചുട്ട് അതിന്റെ ചാരം എടുത്ത് ദേഹത്ത് എറിഞ്ഞാല്‍ ഏതു പെണ്ണിനേയും വീഴ്ത്താം എന്ന് ചാങ്ക്യ അവനോടു പറയുന്നു. അതിനു വേണ്ടി അവന്‍ പല ശ്രമങ്ങളും നടത്തുന്നു. പക്ഷേ അടുത്തെത്തുമ്പോള്‍ പറന്നുപോകുന്ന പക്ഷി അവരെ എപ്പോഴും കബളിപ്പിക്കുന്നു. എങ്ങനെയും ഷാലുവിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഗ്രാമത്തിലെ ഉത്സവത്തിന് ജബ്യക്ക് അച്ഛന്‍ ഒരു പുതിയ ഷര്‍ട്ട് വാങ്ങിക്കൊടുക്കുന്നു. അതിട്ടുകൊണ്ട് ഷാലുവിന്റെ മുന്നില്‍ ഡാന്‍സ് ചെയ്ത് അവളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ അവന്‍ തീരുമാനിക്കുന്നു. പക്ഷേ ആ ദിവസം ഡാന്‍സ് ചെയ്യുമ്പോള്‍ അച്ഛന്‍ വന്ന് ഘോഷയാത്രയ്ക്ക് വിളിക്കേണ്ട ചുമതല അവനെ ഏല്പിക്കുന്നു. വളരെ വിഷമത്തോടെ ആ ജോലി അവന് ഏറ്റെടുക്കേണ്ടി വരുന്നു. അതോടെ ആ ഉദ്ദേശ്യവും നടക്കുന്നില്ല. ഇതിനിടയില്‍ ഘോഷയാത്രയ്ക്ക് കുറുകെ ഓടിയ പന്നി പരിപാടി അലങ്കോലമാക്കുന്നു. അത് ജബ്യയുടെ അച്ഛന്റെ പന്നികള്‍ ആയിരുന്നു.ഇത് കണ്ട ഗ്രാമത്തലവന്‍ ജബ്യയുടെ അച്ഛനെ വല്ലാതെ വഴക്കുപറയുന്നു.പിറ്റേന്ന് ഗുസ്തിമത്സരം നടക്കുകയാണ്. അവിടെയും പന്നികള്‍ വരുന്നതിനാല്‍, കൊന്നുകളയാന്‍ ഉത്തരവിടുന്നു. ഗത്യന്തരമില്ലാതെ ആ കുടുംബം പന്നി വേട്ടയ്ക്കിറങ്ങുകയാണ്. ജബ്യക്ക് ഇതില്‍ അമര്‍ഷമായിരുന്നു. എങ്ങനെ ഇതിനെ എതിര്‍ക്കും എന്നായിരുന്നു അവന്റെ ചിന്ത. മറ്റുള്ളവരുടെ മുന്നില്‍, സഹപാഠികളുടെ മുന്നില്‍ പന്നിവേട്ട കൊണ്ട് അപമാനിതനാകുന്നത് അവനു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതിനോട് അവന്‍ പ്രതികരിക്കുന്നു, നേരിടുന്നു. അതാണ് ഈ ചിത്രത്തിന്റെ സൗന്ദര്യവും ഈ ചിത്രം ഉയര്‍ത്തുന്ന പ്രതിരോധവും.

പന്നിയെ പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോഴും മേല്‍ജാതിക്കാരുടെയും ചില സഹപാഠികളുടെയും പരിഹാസം തുടര്‍ന്നുകൊണ്ടിരുന്നു. ജബ്യക്ക് സങ്കടവും പ്രതിഷേധവും നിയന്ത്രിക്കാനായില്ല. പ്രതികാരം അവനില്‍ നുരഞ്ഞുപൊങ്ങി. അവന്‍ അവര്‍ക്കുനേരെ ഉരുളന്‍കല്ലുകളെറിഞ്ഞു. ഏറുകൊണ്ട അവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ഇതറിഞ്ഞ അവരിലൊരാള്‍ ജബ്യയെ നേരിടാനായി വന്നു. സഹോദരി താക്കീതു ചെയ്തിട്ടും അവനെ പിടിച്ചുവലിച്ചിട്ടും അവന്‍ നിന്നില്ല. അവനൊരു ഉരുളന്‍കല്ലെടുത്ത് അയാള്‍ക്കുനേരെ ശക്തിയോടെ എറിഞ്ഞു. കാതടപ്പിക്കുന്ന കനത്ത ശബ്ദം.. ആ ശബ്ദത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ജബ്യ എന്ന ദലിത് ബാലന്‍ എറിഞ്ഞ ആ കല്ല് ഇന്ത്യയിലിപ്പോഴും സജീവമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ വക്താക്കള്‍ക്കെതിരെയുള്ള കല്ലായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കു നേരെയാണ് ശക്തമായി ഈ കല്ല് എറിയുന്നത്.

ഒരു തുടക്കക്കാരന്റെ വ്യക്തമായ രാഷ്ട്രീയമുള്ള ശക്തമായ ഒരു സിനിമയാണ് ഫാന്‍ഡ്രി. അസാമാന്യമായ ഒരുപാട് രംഗങ്ങളിലൂടെ കൊണ്ടുപോയി അവസാനത്തെ ഒരു ഷോട്ടിലൂടെ നമ്മെ നിശ്ശബ്ദരാക്കുന്ന സിനിമ.
ഫാന്‍ഡ്രിയുടെ വികാസമാണ് സൈറത് എന്ന ചിത്രം. റിങ്കു രാജ്ഗുരുവും ആകാശ് തുസാരുമാണ് ചിത്രത്തില്‍ നായികാനായകന്മാരായി എത്തിയത്. താഴ്ന്ന ജാതിയില്‍ പെട്ട യുവാവും, ഉയര്‍ന്ന ജാതിയില്‍ പെട്ട യുവതിയും തമ്മിലുള്ള പ്രേമ ബന്ധവും അവരുടെ ജീവിതത്തിന്റെ ഗതിമാറ്റവുമാണ് ചിത്രം. യാഥാര്‍ത്ഥ്യത്തോട് കുടുതല്‍ അടുത്ത് നില്‍ക്കുന്ന സിനിമ. പ്രണയത്തേക്കാള്‍ ജാതി മനസ്സില്‍ എത്രമാത്രം ഇടം നേടി എന്ന് ഈ ചിത്രം വ്യക്തമാക്കുന്നുണ്ട്.


ബര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മറാഠി സിനിമയുടെ ചരിത്രത്തില്‍ വലിയ സ്ഥാനമാണ് നേടിയത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്. മഹാരാഷ്ട്രീയന്‍ ഗ്രാമീണാന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചിത്രം അവിടുത്തെ സാമൂഹ്യാവസ്ഥയെ വരച്ചു കാട്ടുന്നുണ്ട്.
ഗ്രാമമുഖ്യന്റെ മകളായ അര്‍ച്ചന (ആര്‍ച്ചി), മത്സ്യത്തൊഴിലാളിയുടെ മകന്‍ പ്രശാന്ത് (പര്‍ശ്യ) എന്നിവര്‍ തമ്മിലുള്ള പ്രണയം, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജാതിക്കാരന്റെ മകനും തമ്മിലുള്ള പ്രണയം.

പ്രണയത്തിന് ജാതികളെ, ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാനും എല്ലാ അതിര്‍ത്തികളും മറന്ന് ഒന്നിക്കാനും കഴിയുമ്പോള്‍, പൊറുക്കാനാവാത്ത ജാതിഭ്രാന്തിന്, സാമ്പത്തിക പൊരുത്തക്കേടുകള്‍ക്ക് അവമതിയെ എളുപ്പത്തില്‍ തുടച്ചുകളയാനാവില്ല, ആ അയഥാര്‍ത്ഥമായ വസ്തുതകളാണ് അവരുടെ ജീവിതത്തെ മറ്റൊരര്‍ത്ഥത്തിലേക്ക് മാറ്റിത്തീര്‍ക്കുന്നത്. നിഗ്രഹോല്‍സുഖം സനേഹമെന്ന് ഈ ചിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

നഗ്രാജ് താന്‍ ജീവിച്ച സാഹചര്യത്തില്‍ നിന്നാണ് സിനിമ രൂപപ്പെടുത്തുന്നത്. അവിടെയുള്ള യാഥാര്‍ത്ഥ്യങ്ങളെയാണ് തന്റെ ചിത്രങ്ങളിലൂടെ പുനര്‍വായിക്കുന്നത്. ഓരോ സിനിമയും പുതിയ വികാസം പ്രാപിക്കുന്നുണ്ട്. മറാഠി സിനിമയിലെ ശക്തവും തീക്ഷ്ണവുമായ പുതിയ ധാര വരുംകാലത്തിന്റെ വലിയ മുന്നേറ്റങ്ങള്‍ നല്‍കുമെന്ന് ഉറപ്പിക്കാം.

Previous Post

കുടത്തിലെ ഭൂതം പുറത്തെടുക്കപ്പെടുമ്പോള്‍

Next Post

പ്രകാശം പരത്തുന്ന ഇടവഴികള്‍

Related Articles

Cinemaകവർ സ്റ്റോറി

ബ്രഹ്മാണ്ഡസിനിമകളുടെ രഥചക്രങ്ങൾ

Cinema

മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പുനർവായിക്കുന്നു

Cinema

കർഷക ആത്മഹത്യ സിനിമയിൽ പിറവിയെടുക്കുമ്പോൾ…

Cinema

പകിസ: പ്രണയദുരന്തത്തിന്റെ അഭ്രകാവ്യം

Cinema

ഗോഡെ കൊ ജലേബി ഖിലാനെ ലെ ജാ രിയാ ഹൂം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എന്‍. ശ്രീജിത്ത്

പരേഷ് മൊകാഷി ഹാസ്യത്തെ...

എൻ ശ്രീജിത്ത്  

 മറാഠി സിനിമയിൽ പുതുഭാവുകത്വം നൽകിയതിൽ പ്രമുഖനാണ് പരേഷ് മൊകാഷി. നടൻ, നാടകസംവിധായകൻ എന്നീനിലകളി ലൂടെ...

കർഷക ആത്മഹത്യ സിനിമയിൽ...

എൻ. ശ്രീജിത്ത്  

വിദർഭയിൽ കടക്കെണി മൂലം കർ ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക്...

കോർട്ട്: മറാഠി സിനിമയുടെ...

എൻ. ശ്രീജിത്ത്  

മറാഠി സിനിമയുടെ ശക്തമായ പുതിയ മുഖത്തെയാണ് ചൈതന്യ തമാനെയുടെ കോർട്ട് എന്ന ചിത്രം വരച്ചുകാട്ടുന്നത്....

പ്രണയത്തിന്റെ പുതുഭാഷയുമായി സൈറത്

എന്‍. ശ്രീജിത്ത് 

നഗ്രാജ് മഞ്ജുളെ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരന്വേഷണം കവിയും അഭിനേതാവും പ്രശസ്ത സംവിധായകനുമായ നഗ്രാജ് മഞ്ജുളെയുടെ...

നാട്യസാമ്രാട്ട്: ബെല്‍വാര്‍ക്കറിന്റെ ജീവിതം...

എന്‍. ശ്രീജിത്ത് 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അരനുറ്റാണ്ട് എത്തുന്ന കുസുമാഗ്രാജ് എന്ന വി.വി. ഷിര്‍വാഡ്കറുടെ നാട്യസാമ്രാട്ട് എന്ന വിഖ്യാത...

നാടകം, ചരിത്രത്തെ ബോദ്ധ്യപ്പെടുത്തുമ്പോൾ

എൻ. ശ്രീജിത്ത് 

(ശിവജി അണ്ടർഗ്രൗണ്ട് ഇൻ ഭീംനഗർ മൊഹല്ല എന്ന മറാഠി നാടകത്തെപ്പറ്റി) എല്ലാ വിഴുപ്പുകളും പുറത്തെത്തുന്ന...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven