ചില യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യുന്നതാണെങ്കിൽ ചിലത് നമ്മളെ തേടിയെത്തുന്നതാണ്. നമ്മുടെ ജീവിതത്തിലെ ചില വഴികൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല. കാലം നിശ്ശബ്ദമായി നമ്മുടെ മുന്നിൽ തുറന്നിടുന്നതാണ്. പരിചയമില്ലാത്തവരുടെ ഇടയിൽ സ്വയം തുറന്നു വെക്കുന്നതിലും ഒരു കൂട്ടത്തിൻ്റെ ഭാഗമാകുന്നതിലും സ്വാഭാവികമായ ഒരു പിന്മാറ്റമുണ്ടെനിക്ക്. ആൾക്കൂട്ടത്തിനിടയിലും സ്വന്തം നിശ്ശബ്ദതയുടെ ഒരു കോണിൽ ഒതുങ്ങിയിരിക്കാനിഷ്ടപ്പെടുന്ന ഒരൽപ്പം അന്തർമുഖിയാണ് ഞാൻ. പക്ഷേ പ്രഭയുടേയും സുഭാഷിണിയുടേയും സ്നേഹപൂർണ്ണമായ നിർബ്ബന്ധം കൊണ്ട് ഞാനറിയാതെ തന്നെ ഈ യാത്രയിലേക്കു തിരിയുകയായിരുന്നു. പരിചിതമായ ഇടങ്ങളിൽ , പരിചിതമായ ആളുകൾക്കിടയിൽ, പരിചിതമായ നിശ്ശബ്ദതയിൽ കഴിയുമ്പോൾ നമ്മൾ സുരക്ഷിതരാണെന്നു തോന്നും. പക്ഷേ, ജീവിതം ചിലപ്പോൾ ആ സുരക്ഷിതമായ വലയത്തിനു പുറത്തേക്കു നമ്മളെ പതുക്കെയൊന്നു തള്ളിവിടും. അങ്ങനെയൊരു ചുവടുവെപ്പായിരുന്നു ഇല്ലിക്കൽ കല്ലിലേക്കുള്ള ഈ യാത്ര!

യാത്ര തുടങ്ങി അധികം വൈകാതെ തന്നെ അതിൻ്റെ സ്വഭാവം മാറി. അപരിചിതരായിരുന്ന മുഖങ്ങൾക്കിടയിൽ ചിരികൾ വിരിഞ്ഞു. ആട്ടവും പാട്ടും കൈകൊട്ടലുകളും തമാശകളുമായി ബസ്സിനുള്ളിൽ ഉത്സവത്തിൻ്റെ ഒരന്തരീക്ഷം…. ഞാനറിയാതെ തന്നെ എൻ്റെ മടിയുടെ വാതിലുകൾ ഓരോന്നായി തുറന്നുകൊണ്ടിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു – നമ്മൾ ജീവിതത്തിൽ ചില ആളുകളെ കണ്ടുമുട്ടുന്നത് വെറുതെയല്ലെന്ന്. ചിലർ നമ്മോടൊപ്പം നടക്കാൻ വരുന്നു. ചിലർ നമ്മുടെ കണ്ണുകളിലേക്ക് പുതിയ കാഴ്ചകൾ കൊണ്ടുവരുന്നു. ചിലർ നമ്മൾ മറന്നുപോയ നമ്മളെത്തന്നെ തിരികെ കാണിച്ചുതരുന്നു. പ്രഭയും സുഭാഷിണിയും അത്തരത്തിലുള്ള രണ്ടു പേരായിരുന്നു ഈ യാത്രയിൽ.
രാവിലെ 6 മണിക്കാരംഭിച്ച ഞങ്ങളുടെ യാത്ര, കുറച്ചുനേരം കഴിഞ്ഞപ്പോൾ പാലക്കാടിൻ്റെ പരിചിതമായ ഭൂപ്രകൃതിയിൽ നിന്ന് ഇടുക്കിയുടെ മലനിരകളിലേക്ക് കടന്നുചെല്ലുകയായിരുന്നു. ലക്ഷ്യം ഇല്ലിക്കൽ കല്ലാണെങ്കിലും ചില യാത്രകൾക്ക് ലക്ഷ്യത്തിലേക്കുള്ള വഴിക്കും അതിൻ്റേതായ കഥയുണ്ടാവും.
മലങ്കര ഡാം
അങ്ങനെ ഞങ്ങളുടെ യാത്രാവഴിയിൽ വന്നൊരു മനോഹരമായ ഇടവേളയായിരുന്നു മലങ്കര ഡാം… കുന്നുകൾക്കിടയിൽ വിശാലമായി പരന്നുകിടക്കുന്ന ജലാശയം ദൂരത്തുനിന്നുതന്നെ കണ്ണുകളെ ആകർഷിച്ചു. ചുറ്റും പച്ചപ്പണിഞ്ഞ കുന്നുകൾ; അവയ്ക്കിടയിൽ ആകാശത്തിന്റെ നീലിമ ഏറ്റുവാങ്ങി നിശ്ശബ്ദമായി കിടക്കുന്ന വെള്ളം.
മലങ്കരയുടെ ജലാശയം കുന്നുകൾക്കിടയിൽ ഒരു വലിയ കണ്ണാടിപോലെ തോന്നി. ആകാശവും മേഘങ്ങളും ചുറ്റുമുള്ള പച്ചപ്പുമെല്ലാം അതിന്റെ നീലനിറമുള്ള പ്രതലത്തിൽ സ്വന്തം പ്രതിബിംബം തേടുന്നതുപോലെ. കാറ്റ് വെള്ളത്തെ തഴുകിപ്പോകുമ്പോൾ ഉയരുന്ന ചെറുതിരകൾ ആ നിശ്ശബ്ദതയ്ക്ക് നേർത്തൊരു സംഗീതം നൽകി.

മൂവാറ്റുപുഴ ജലസേചനപദ്ധതിയുടെ ഭാഗമായി പെരിയാർ നദിയിൽ സ്ഥാപിച്ചിരിക്കുന്ന മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞുനിർത്തി ജലസേചനത്തിനും കാർഷികാവശ്യങ്ങൾക്കും വൈദ്യുതി നിർമ്മാണത്തിനും ഒരുപോലെ പ്രയോജനപ്പെടുത്തുന്നൊരു ജലാശയമാണിത്. തൊടുപുഴ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് 11 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നൊരു തടാകമാണ്.
മലങ്കരയുടെ ജലാശയം കുന്നുകൾക്കിടയിൽ ഒരു വലിയ കണ്ണാടിപോലെ തോന്നി. ആകാശവും മേഘങ്ങളും ചുറ്റുമുള്ള പച്ചപ്പുമെല്ലാം അതിന്റെ നീലനിറമുള്ള പ്രതലത്തിൽ സ്വന്തം പ്രതിബിംബം തേടുന്നതുപോലെ.
മനുഷ്യൻ നിർമ്മിച്ച ഒരു ഡാം എങ്ങനെ പ്രകൃതിയുടെ ഭാഗമായിത്തീരുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമാണ് മലങ്കര.
മലങ്കരയിൽ കുറച്ചുനേരം നിന്ന ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു— ഇനി മുന്നിൽ ഇല്ലിക്കൽ മല.
മലങ്കരയുടെ ശാന്തമായ ജലാശയം പിന്നിലാകുമ്പോൾ, മുന്നിൽ കാത്തിരുന്നത് ഉയരങ്ങളിലേക്കുള്ള മറ്റൊരു യാത്രയായിരുന്നു. താഴ്‌വരകളുടെ പച്ചപ്പിൽ നിന്ന് മലമുകളിലെ മേഘങ്ങളിലേക്കുള്ള ആ യാത്രയുടെ അടുത്ത അധ്യായം അവിടെ തുടങ്ങുകയായിരുന്നു.
ഇല്ലിക്കൽ മലയിലേക്കുള്ള യാത്രയിൽ ഒരുപാട് ഹെയർപിൻ വളവുകൾ. ഓരോ വളവും പിന്നിടുമ്പോഴും വഴി കൂടുതൽ ഉയരങ്ങളിലേക്ക് കയറിക്കൊണ്ടിരുന്നു. താഴേക്ക് നോക്കുമ്പോൾ പിന്നിട്ട വഴികൾ വളഞ്ഞുപുളഞ്ഞ് കിടക്കുന്നു; മുന്നിലേക്ക് നോക്കുമ്പോൾ മഞ്ഞും മലകളും ചേർന്ന് പുതിയൊരു കാഴ്ച തുറക്കുന്നു. ഒരു വളവ് പിന്നിടുമ്പോൾ മറ്റൊരു വളവ് കാത്തിരിക്കുന്നു…അങ്ങനെ വളവുകൾ പിന്നിട്ട്, പതുക്കെ പതുക്കെ ഇല്ലിക്കൽ മലയുടെ മുകളിലേക്ക്.
ഇനി കാൽനടയായി കൊടുമുടിയിലേക്കു കയറണം. കുത്തനെയുള്ള വളവുകളും ചരിവുകളും വഴിയുടെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന പുല്ലുകളും ഇവിടേക്കുള്ള യാത്ര ദുർഘടമാക്കുന്നുണ്ട്. പക്ഷേ അവിടെയെത്തിച്ചേർന്നാൽ ആ മലയുടെ സൗന്ദര്യം നിങ്ങളെ മത്തുപിടിപ്പിച്ചേക്കും. ഉയർന്ന കൊടുമുടികൾ ഇഴ ചേർന്ന വിശാലമായ പച്ചപ്പരവതാനി നിങ്ങളെ ഒരു സ്വപ്നലോകത്താണെന്ന് തോന്നിപ്പിച്ചേക്കും.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണത്രെ ഇല്ലിക്കൽ കല്ല് എന്നറിയപ്പെടുന്ന ഈ മല. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ ഇത് ഏകദേശം 4000 അടി ഉയരത്തിൽ മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നതാണ്. മൂന്നിനും അതിൻ്റേതായ പ്രത്യേക രൂപമുണ്ട്.
മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനം
ഇല്ലിക്കൽ മലയുടെ പ്രധാന പാറയുടെ പകുതി ഭാഗം അടർന്നു വീണതിനാൽ നേരത്തെയുണ്ടായിരുന്ന പാറയുടെ ഒരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഇവിടെ നിന്നൊഴുകുന്ന നിരവധി നീർച്ചാലുകൾ കൂടിച്ചേർന്നാണ് മീനച്ചിലാറായി മാറുന്നത്.
ഇവിടത്തെ കാലാവസ്ഥ ആരുമിഷ്ടപ്പെടുന്നതാണ്. ഞൊടിയിടയിലാണ് മൂടൽ മഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകൾ മൂടുന്നത്. തണുത്ത കാറ്റ് ഇടക്കിടെ വന്ന് ഇരുകരങ്ങൾ കൊണ്ട് ഇറുകെ പുണർന്ന് കടന്നുപോകും. കൂടെ പ്രകൃതിമനോഹരമായ കാഴ്ചകളും ഇല്ലിക്കൽ കല്ലിലേയ്ക്കുള്ള യാത്ര ഹൃദ്യമാക്കി മാറ്റും.
ഇല്ലിക്കൽ മലയുടെ ഉയരങ്ങളിൽ നിന്നു താഴേക്കു നോക്കുമ്പോൾ , മനുഷ്യൻ എത്ര ചെറുതാണെന്നു തോന്നിപ്പോകും.. നമ്മൾ ജീവിതത്തിൽ വലുതാക്കി വെക്കുന്ന പല ആശങ്കകളും , പരിഭവങ്ങളും , മുറിവുകളും – ഈ വിശാലമായ പ്രകൃതിയുടെ മുന്നിൽ എത്ര നിസ്സാരമാണ്!
മലകൾക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അവ സംസാരിക്കില്ല. പക്ഷേ അവയുടെ നിശ്ശബ്‌ദതയിൽ ഒരുപാട് കാര്യങ്ങൾ കേൾക്കാം.
ഇലവീഴാപൂഞ്ചിറ
പക്ഷേ യാത്ര അവിടെ അവസാനിച്ചില്ല..ഒരു കാഴ്ചയുടെ വിസ്മയം മനസ്സിൽ പതിയുന്നതിന് മുമ്പേ മറ്റൊരു കാഴ്ച ഞങ്ങളെ വിളിച്ചു. അങ്ങനെ ഇല്ലിക്കൽ മലയുടെ ഓർമ്മകളെ കൂടെ കൂട്ടി ഞങ്ങൾ ഇലവീഴാപൂഞ്ചിറയിലേക്ക് തിരിച്ചു.

പേരിൽ തന്നെ ഒരു കവിത ഒളിപ്പിച്ചിരിക്കുന്ന ഇടം—ഇലവീഴാപൂഞ്ചിറ! ഇലകൾ വീഴാത്ത തടാകം !!
കുന്നിൻമുകളിൽ വലിയ മരങ്ങൾ ഇല്ലാത്തതിനാൽ ശക്തമായ കാറ്റിൽ ഇലകൾ ഈ ചിറയിൽ വീഴാറില്ലത്രെ. മഹാഭാരത കഥയുമായി ബന്ധപ്പെട്ട് ഇതിനൊരു ഐതിഹ്യവും കൂടിയുണ്ട്. പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിക്കു കുളിക്കാനായി ഭീമസേനൻ നിർമ്മിച്ചതാണീ കുളം എന്നാണ് പറയപ്പെടുന്നത്.
പക്ഷേ ഇവിടേക്കെത്തുന്നതിനുള്ള അവസാനത്തെ ഏതാനും കിലോമീറ്ററുകൾ പ്രധാന പാതയിൽ നിന്ന് വിട്ട് വളരെ ദുർഘടം പിടിച്ചതും പാറക്കല്ലുകൾ നിറഞ്ഞതുമായൊരു വഴിയാണ്. ജീപ്പുകളെ ആശ്രയിച്ചുവേണം ഇതിലൂടെ സഞ്ചരിക്കാൻ. വഴി ദുർഘടം പിടിച്ചതാണെങ്കിലും മുകളിലെത്തിക്കഴിഞ്ഞാൽ കാണാൻ സാധിക്കുന്ന മൂന്നു മലകളാൽ (മാൻകുന്ന് , കൊടിയത്തൂർ മല , തോണിപ്പാറ) ചുറ്റപ്പെട്ട താഴ്‌വരയുടെ കാഴ്ചകൾ നമ്മുടെയീ ബുദ്ധിമുട്ടുകളെല്ലാം മറക്കാൻ പോന്നതാണ്.
ആ ചിറയുടെ വിശാലതയിൽ നിൽക്കുമ്പോൾ മനസ്സിൽ വന്ന ചിന്തയിതായിരുന്നു – നമ്മുടെ ജീവിതവും ഒരു മലനിര പോലെയാണ്. ചില ഉയരങ്ങൾ നമ്മൾ കയറണം. ചിലപ്പോൾ താഴ്‌വരകളിലൂടെ കടന്നുപോകണം. ചിലപ്പോൾ മൂടൽമഞ്ഞ് വഴി മറയ്ക്കുമെങ്കിലും ഓരോ വളവിനുമപ്പുറം ഒരു പുതിയ കാഴ്ച കാത്തിരിക്കുന്നുണ്ടാവും.
മുനിയറ ഗുഹ
ഇലവീഴാപൂഞ്ചിറയുടെ മലഞ്ചെരിവുകളിൽ കാലത്തിന്റെ മൗനം സൂക്ഷിച്ചുനിൽക്കുന്ന വിചിത്രമായ ഒരു ഗുഹയുണ്ട്. മുനിയറ ഗുഹ എന്നാണവിടെ എഴുതി വെച്ചിരിക്കുന്നത്.
ഇലവീഴാപൂഞ്ചിറയിലെ ആ മുനിയറയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. മലഞ്ചെരിവിലൂടെ ദുർഘടമായ വഴിയായിരുന്നു. ഓരോ ചുവടും ശ്രദ്ധിച്ചുവെച്ചാണ് മുന്നോട്ട് പോയത്. ലക്ഷ്യസ്ഥാനത്തെത്തുംതോറും ചുറ്റുമുള്ള പ്രകൃതിയുടെ ശാന്തതയ്ക്കൊപ്പം ഒരു ചെറിയ ഭയവും മനസ്സിൽ നിറഞ്ഞു.
ഒടുവിൽ ഗുഹയ്ക്കരികിലെത്തി. പുറത്തുനിന്ന് നോക്കുമ്പോൾ തന്നെ അതിന്റെ ചെറുപ്പം മനസ്സിലാകും. നാലോ അഞ്ചോ പേർക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രം കഴിയുന്നത്ര ചെറിയ ഇടം. അതിനുള്ളിൽ വെള്ളവും നിറഞ്ഞുകിടക്കുന്നു.

ഗുഹയ്ക്കുള്ളിൽ കനത്ത ഇരുട്ട്. വെളിച്ചമൊന്നും കടന്നെത്താത്ത ആ ചെറിയ അറയിലേക്ക് മൊബൈൽ ഫോണിന്റെ വെളിച്ചം മാത്രം ആശ്രയിച്ചാണ് ഞങ്ങൾ ഇറങ്ങിയത്. ഓരോ ചുവടു വയ്ക്കുമ്പോഴും അറിയാത്തതിനെക്കുറിച്ചുള്ള ഒരു പേടി മനസ്സിലുണ്ടായിരുന്നു. അതിനുപുറമേ, അവിടെ പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നതിനാൽ കൂടുതൽ ശ്രദ്ധിച്ചുവേണം മുന്നോട്ട് പോകാൻ.
അത്രയും ദുർഘടമായ വഴി താണ്ടി, ഇരുട്ടും വെള്ളവും നിറഞ്ഞ ആ ചെറിയ ഗുഹയ്ക്കുള്ളിൽ നിൽക്കുമ്പോൾ, അത് വെറുമൊരു കാഴ്ചയായിരുന്നില്ല—പ്രകൃതിയുടെ നിശ്ശബ്ദതയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചെറിയ സാഹസികത തന്നെയായിരുന്നു.
പുറത്തേക്ക് തിരിച്ചിറങ്ങിയപ്പോൾ മാത്രമാണ് മനസ്സിലായത്—
ചില കാഴ്ചകൾ കണ്ണുകൊണ്ട് കാണുന്നതിലുപരി, പേടിച്ചും സൂക്ഷിച്ചും അനുഭവിച്ചുമാണ് ഓർമ്മയിൽ പതിയുന്നതെന്നത് .
അന്നു ഞാൻ മനസ്സിലാക്കിയൊരു കാര്യമുണ്ട്… യാത്രകൾ ദൂരങ്ങളെയാണു മാറ്റുന്നതെന്നു നമ്മൾ കരുതുന്നു. പക്ഷേ യഥാർത്ഥത്തിൽ അവ മാറ്റുന്നത് നമ്മളെത്തന്നെയല്ലേ ?
ഇല്ലിക്കൽമലയുടെ ഉയരങ്ങളിൽ നിന്ന് ഇലവീഴാപ്പൂഞ്ചിറയുടെ വിശാലതയിലേക്കു നീണ്ട ഈ യാത്ര എൻ്റെ ഓർമ്മയിൽ ഒരു യാത്ര മാത്രമായി നിൽക്കില്ല. പുറത്തു കണ്ട പ്രകൃതിയേക്കാൾ വലിയൊരു കാഴ്ച അന്നെൻ്റെയുള്ളിൽത്തന്നെയാണ് തെളിഞ്ഞത്.
മലകളുടെ നിശ്ശബ്ദതയും, ദുർഘടമായ വഴികളും, ഇരുണ്ട ഗുഹയ്ക്കുള്ളിലെ ചെറിയൊരു പേടിയും പിന്നിലാക്കി ഞങ്ങൾ മടങ്ങുകയായിരുന്നു. അപ്പോഴാണ് ബസ് ഒരു ഒഴിഞ്ഞ സ്ഥലത്ത് പെട്ടെന്ന് നിർത്തിയത്.
അടുത്ത നിമിഷം അന്തരീക്ഷം തന്നെ മാറി. ബസ്സിനുള്ളിൽ നിന്നുയർന്ന സംഗീതത്തിന്റെ താളം പുറത്തേക്കും പടർന്നു. ഇത്രയും നേരം മലകളുടെ നിശ്ശബ്ദതയിൽ സഞ്ചരിച്ച ഞങ്ങൾ, പെട്ടെന്ന് ഒരു ചെറിയ ഡിജെ പാർട്ടിയുടെ ഭാഗമായതുപോലെ! പാട്ടിനൊപ്പം ചുവടുകളും ചിരികളും കൈയടികളും. യാത്രയുടെ ക്ഷീണം എവിടെയോ മറഞ്ഞുപോയി. രാവിലെ തുടങ്ങിയ യാത്ര, മലകളും മേഘങ്ങളും കാഴ്ചകളും പിന്നിട്ട്, ഒടുവിൽ ഒരു ഒഴിഞ്ഞ സ്ഥലത്തെ താൽക്കാലിക നൃത്തവേദിയിൽ എത്തിനിൽക്കുകയായിരുന്നു.
ചില യാത്രകൾ ലക്ഷ്യസ്ഥാനത്തിന്റെ പേരിൽ ഓർമ്മിക്കപ്പെടും;
ചിലത് വഴിയിൽ കണ്ട കാഴ്ചകളുടെ പേരിൽ. പക്ഷേ ചില യാത്രകൾ—
ഒരു പാട്ടിന്റെ താളം കേൾക്കുമ്പോൾ വീണ്ടും മനസ്സിൽ തെളിയുന്നവയാണ്. മറ്റു ചിലതാകട്ടെ നമ്മൾ എത്ര തന്നെ വേണ്ടെന്നു വെച്ചാലും നമ്മളെ തേടിയെത്തും. ഒരുപക്ഷേ ജീവിതത്തിൻ്റെ ദാർശനികത ഇതായിരിക്കാം — നമ്മൾ കരുതുന്നത് നമ്മൾ യാത്ര ചെയ്യുകയാണെന്നാണ്, സത്യത്തിൽ കാലമാണ് നമ്മിലൂടെ യാത്ര ചെയ്യുന്നത്… അങ്ങനെ, പോകാൻ മടിച്ച ഒരു യാത്ര എന്റെ ഓർമ്മകളിൽ
പോകേണ്ടിയിരുന്ന ഒരു യാത്രയായി മാറി.
ചില യാത്രകൾ അവസാനിക്കുന്നില്ല… അവ നമ്മളിൽ തന്നെ ഒരു മൃദുവായ ഓർമ്മയായി തുടർന്നുകൊണ്ടേയിരിക്കും…



