ഫൈനലിൽ ഒരേയൊരു ജേതാവുണ്ടാകും; എന്നാൽ ലോകകപ്പ് ചരിത്രം എഴുതുന്നത് വിജയികളുടെ മാത്രമല്ല, പൊരുതി വീണ 47 രാജ്യങ്ങളുടെയും കഥകളിലൂടെയാണ് എന്നാണ് എൻ.ഇ. ഹരികുമാർ പറയുന്നത്.

ഫുട്ബോൾ ലോകകപ്പ് 2026 അവസാനിക്കുകയാണ്. കായികവും സർഗ്ഗാത്മകവുമായി അതിരറ്റ ആവേശമുയർത്തിയ മഹാമേളയായി മാറി ഈ ലോകകപ്പും. ഭൂമിയിലെ മഹാസാഗരങ്ങളിൽ പൊന്തിക്കിടക്കുന്ന 6 വൻകരകൾ, അവയിലെ 48 രാജ്യങ്ങൾ, ആ രാജ്യങ്ങളിലെ 100 കണക്കിന് വംശങ്ങളും സംസ്ക്കാരങ്ങളും ഭാഷകളും ആകാശവും പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരും; അവരുടെ സങ്കടങ്ങളും പ്രതീക്ഷകളുമെല്ലാം സമ്മേളിക്കുകയും പാടുകയും കളിയാടുകയും ചെയ്യുന്ന വിസ്മയാനുഭവമായിരുന്നു ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആദ്യ റൗണ്ട്. കളിക്കാനെത്തിയ ഓരോ രാജ്യത്തിൻ്റെയും ആട്ടവും പാട്ടും കലയും പൈതൃക ചിഹ്നങ്ങളും രാഷ്ട്രീയവും വരെ ഗ്യാലറികളിൽ ദൃശ്യമായി.
ആ ഉത്സവക്കൊഴുപ്പും കളിയാവേശവും സ്റ്റേഡിയങ്ങളിൽ മാത്രമല്ല, ടെലിവിഷനിലും മൊബൈൽ സ്ക്രീനിലും മത്സരങ്ങൾ കണ്ട മനുഷ്യരുടെ വീടുകളിലും തെരുവുകളിലും പടർന്നു. ഫിഫ റാങ്കിംഗിൽ മുൻനിരയിലുള്ള അർജൻ്റീന, സ്പെയ്ൻ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ വമ്പൻമാർ മുൻനിരയിൽ തിളങ്ങി സെമി ഫൈനലിലെത്തി. ആദ്യത്തെ 20 റാങ്കിലുള്ള പ്രബല ഫുട്ബോൾ രാജ്യങ്ങൾ പ്രതീക്ഷിച്ചതുപോലെ ആദ്യ ഘട്ടത്തിൽ മുന്നേറി നോക്കൗട്ട് റൗണ്ടുകളിൽ പൊരുതി വീണു.
ആഫ്രിക്കയിൽ നിന്നുള്ള ടീമുകളായിരുന്നു ഈ ലോകകപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. മൊറോക്കോ, സൗത്ത് ആഫ്രിക്ക, അൾജീരിയ, ഡി ആർ കോംഗോ, കേപ് വെർദേ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, സെനഗൽ എന്നീ രാജ്യങ്ങൾ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.

ആറ് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള കേപ് വെർദേ അത്ഭുതകരമായി മുന്നേറി ഗ്യാലറികളെ ത്രസിപ്പിച്ചു. ഫൈനലിലേക്ക് മാർച്ച് ചെയ്ത സ്പെയ്ൻ, ഉറുഗ്വേ, സൗദി അറേബ്യ എന്നിവരെ ഈ കൊച്ചു രാജ്യം സമനിലയിൽ തളച്ചു. അവസാന മത്സരത്തിൽ സാക്ഷാൽ അർജൻ്റിനയെ വളഞ്ഞു പിടിച്ച്, വിറപ്പിച്ചു. എക്സ്ട്രാസ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ത്രില്ലടിപ്പിച്ചു കൊണ്ട് 2 ഗോളുകൾ അവർ നേടി. അതിൽ സിഡ്നി ലോപ്പസ് കബ്രാൽ അർജൻ്റീന ഗോളി എമിലിയാനോ മാർട്ടിനസിനെ നിസ്സഹായനാക്കി അടിച്ച ഗോൾ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി മാറി – ഒരത്ഭുത ഗോൾ. 10 അഗ്നപർവ്വത ദ്വീപുകൾ ചേർന്ന, ഹൃദ്യമായ കാലാവസ്ഥയും സംഗീതവും കലയും ടൂറിസ്റ്റുകളുടെ ഇഷ്ടയിടമാക്കിയ കേപ് വെർദേ അതോടെ ലോക ഫുട്ബോളിലെ തിളങ്ങുന്ന ദ്വീപായി മാറി.ഭാഗ്യം കൊണ്ടാണ് ആ മത്സരത്തിൽ അർജൻ്റീന 3 ഗോളടിച്ച് ജയിച്ചു കയറിയത്.
ആദ്യ റൗണ്ട് ഗംഭീരമായ വർണ്ണ, സംസ്ക്കാരവൈവിധ്യങ്ങളുടെ ഉത്സവമായിരുന്നു. രണ്ടാം റൗണ്ടിൽ കളിരാജ്യങ്ങൾ കുറഞ്ഞു.പ്രീ ക്വാർട്ടറിൽ പിന്നെയും കുറഞ്ഞു. ക്വാർട്ടർ ഫൈനൽ കഴിഞ്ഞ് സെമിയിൽ 4 രാജ്യങ്ങൾ പെരുതി… നാളെ, ജൂലായ് 20 ന് ഫൈനലിൽ 2 രാജ്യങ്ങൾ – സ്പെയിനും അർജൻ്റീനയും. അത് കഴിയുമ്പോൾ 1 രാജ്യം മാത്രം.! അതിൻ്റെ വിജയാരവം, വർണ്ണ വെടിക്കെട്ട്, ഷാംപെയിൻ ചീറ്റൽ ഉൻമാദോത്സവം,കോടികണക്കിന് ഡോളർ സമ്മാനം, റെക്കോർഡ് പുസ്തകത്തിലെ തിളക്കം….
പക്ഷെ പിന്തള്ളപ്പെടുന്ന 47 രാജ്യങ്ങളുടെ കളിയോർമ്മകൾ ടൂർണമെൻ്റിൽ കളിച്ച ഗ്രൗണ്ടുകളിൽ നോവായി നിഴലിക്കും. ഗോൾ വീഴ്ചയിൽ തകർന്നു ചിതറിയ ഹൃദയങ്ങളും വീണ കണ്ണീരും ഗ്യാലറികളിൽ മരവിച്ചു കിടക്കും. അതേ സമയം കിരീടത്തിലേക്കെത്താൻ ആ ടീം കാഴ്ചവെച്ച മികവ്,നടത്തിയ അതിജീവനശേഷി ലോകമെങ്ങുമുള്ള ഫുട്ബാൾ കളിക്കാരുടെ ആദരവ് നേടും. ആ ടീമിൽ പുതിയ താരോദയമുണ്ടാകും. ലോകമെങ്ങുമുള്ള ആരാധകർ ആവേശത്തിലാവും. ചാംപ്യൻമാരുടെ പേരിൽ ബെറ്റിംഗിന് ഇറങ്ങിയവർ പണം വാരും.

കേരളത്തിലാണെങ്കിൽ, നമ്മുടെ തെരുവുകളിൽ അതിരുകളും ദേശീയതയും മായ്ച്ച്, ഇഷ്ട രാജ്യങ്ങളുടെ പതാകകൾ
കെട്ടിയുയർത്തിയ ആരാധകർ, തങ്ങളുടെ ടീമിൻ്റെ പരാജയത്തോടെ ബോർഡുകളും കൈവിടുന്നു. ഉപേക്ഷിക്കപ്പെട്ട താരങ്ങളുടെ കട്ടൗട്ടുകൾ ഒറ്റപ്പെട്ട്, ഇരുട്ടിൽ മഴ നനഞ്ഞ് നിൽക്കുന്നു. പതാകകൾ താഴ്ന്ന്, നനഞ്ഞ് ചെളിപറ്റി ഓടകളിൽ അടിയുന്നു. സാർവ്വദേശീയതയുടെ ബാനറുകൾ ഉയാൻ ഇനി 4 വർഷം കഴിയണം.
48 രാജ്യങ്ങൾ കളിച്ചുമിന്നിച്ച പ്രാഥമിക റൗണ്ടാണ് ഫുട്ബോൾ ലോകകപ്പിൻ്റെ ഉത്സവകാലം. ക്വാർട്ടർ ഫൈനലോടെ ഒരു വിഷാദം പടർന്നു… ഫൈനലോടെ ഒരു ശൂന്യത നിറയും.
കപ്പടിക്കുന്ന ടീമിന് അഭിനന്ദനം. കളം വിടേണ്ടി വന്ന 47 ടീമുകൾക്കും ബിഗ് സെല്യൂട്ട്. ഫുട്ബോൾ ജേതാക്കളുടേത് മാത്രമല്ല, എത്രയോ കൂടുതലായി, അത് പരാജിതരുടെ കളിയും സ്വപ്നവും തന്നെ.
മൊബൈൽ: 9846898458



