ജനാലകൾക്ക് പുറത്തു
രാത്രി പെയ്തു നിൽക്കുമ്പോൾ
നിൻ്റെ ചിരി
അകലെയൊരു വീട്ടിൽ
വിളക്ക് തെളിയുന്നതുപോലെ
ഞാൻ കാണുന്നു.
നിൻ്റെ ശബ്ദം
വെള്ളം കുടിക്കാൻ മറന്നുപോയ
പൂച്ചെടിയിലേക്ക്
ആരെങ്കിലും ഒഴിക്കുന്ന
ആദ്യമഴ.
ഞാനോ
വഴിയറിയാത്ത കാറ്റ്,
ഒരേ തെരുവിലൂടെ
വീണ്ടും വീണ്ടും നടന്ന്
അതേ ജനാലയിലേക്കെത്തുന്നു.
ചില രാത്രികളിൽ
നിൻ്റെ കണ്ണുകൾ
ഇരുളിനുള്ളിൽ നീന്തുന്ന
ഉറക്കമില്ലാത്ത രണ്ടു മീനുകൾ
തീരത്തിരുന്ന് അവയുടെ
വെള്ളച്ചലനം ഞാൻ കേൾക്കുന്നു.
രാത്രി നിഴലുകൾ
നിന്നെ തൊടാതെ
ജനാലക്കരികിൽ നീ നിൽക്കൂ,
ഞാനിവിടെ
തെരുവുവിളക്കുകൾക്കിടയിൽ
മുറിയിൽ നിന്ന് വീഴുന്ന
ചെറിയ വെളിച്ചക്കഷ്ണങ്ങൾ
പെറുക്കി ജീവിക്കാം.
ഒരു ദിവസം
ആ മുറിയിലെ വെളിച്ചം
പെട്ടെന്ന് അണഞ്ഞുപോയാൽ
ഞാൻ എന്ത് ചെയ്യണം?
വാതിലിൽ മുട്ടണോ
വെളിച്ചം തിരിച്ചുവരും വരെ
മഴ നനഞ്ഞ തെരുവിൽ
നിൽക്കണോ
ചോദിക്കുന്നത്
പ്രണയം കൊണ്ട് മാത്രമല്ല,
എൻ്റെ ഏകാന്തതയ്ക്ക്
ഒരു വിലാസം വേണം.
ഇനിയും എത്ര രാത്രികൾ
നിന്നിലേക്കുള്ള വഴിയായി
എന്നെ നീട്ടിവെയ്ക്കും.
മൊബൈൽ: 83018 37473



