മഞ്ഞുതുള്ളികൾ പച്ചപ്പിൻ നെഞ്ചിൽ
വെള്ളി മുത്തായി തിളങ്ങുന്ന പുലരിയിൽ
പൈൻ വനങ്ങൾ തലോടിയ കാറ്റിൽ
മൈതാനത്ത് നിൽക്കുന്നു ഗൊല്ലഭാമ
പാൽക്കുടം തലയിലേന്തി
പാട വരമ്പിൻ്റെ പച്ചനാഡിയിൽ
ഭൂമി നെഞ്ചകത്തെ
അനാദി സ്പന്ദനമറിഞ്ഞു
മുന്നിലായൊരു ബ്രാഹ്മണ രൂപം
വേദമന്ത്രങ്ങൾ ചൊല്ലി നടന്നു…
യജ്ഞോപവേദം ചാർത്തിയവൻ
മോക്ഷമാർഗ്ഗം കയ്യിലേറ്റിയ പോലെ!
അവളെ നോക്കി ചിരിച്ചപ്പോൾ
വർണ്ണാശ്രമത്തിൻ കല്ലറ ഗന്ധം
ഗൊല്ലഭാമ ചിരിച്ചപ്പോളൊ
നൂറ്റാണ്ടിൻ്റെ മൗന പ്രതിഷേധം
ചോദിക്കയാണവൾ
ബ്രാഹ്മണനോടായി
ഓർമ്മയുണ്ടോ ആദിമസത്യം?
ഗർഭപാത്രത്തിന്നാഴിത്തളിരിൽ
ഒരേ തുള്ളികളായിരുന്നില്ലേ നമ്മൾ
അന്ന് ഞാൻ ഗൊല്ലയുമല്ല,
നീ ബ്രാഹ്മണനുമല്ല…
നാഭി നാളത്തിൽ നീയന്ന്
മന്ത്രധ്വനികൾ ശ്രമിച്ചുവോ?
ഭ്രൂണത്തിൻ്റെ നിശ്ശബ്ദതാളത്തിൽ
വേദോഛാരണ മന്ത്രധ്വനി മുഴങ്ങിയോ?
ബ്രാഹ്മണ നയനങ്ങൾ തുളുമ്പി
അധരങ്ങൾ വിറച്ചു
ഗർഭഗുഹയിലേക്കവൻ
ആഴ്ന്നിറങ്ങുന്നുവോ?
തുടരുകയാണവൾ
ഒരു “വൈ” യുടെ യാദൃശ്ചികത നീ,
പ്രകൃതിയുടെ വികൃതിയിൽ
തകിടം മറിഞ്ഞെന്നാൽ
എന്താകുമായിരുന്നു?
ഒരെക്സിനോടൊപ്പം
വൈചേർന്നു നീയൊരു
പുരുഷനായി!
എന്നാൽ ഞാൻ
രണ്ടെക്സിനാൽ പെണ്ണായി തീർന്നവൾ
വൈ വഴിതെറ്റിപ്പോയാൽ
നീയുമൊരു പെണ്ണായേനെ
വേദങ്ങൾ വിറകൊണ്ടു കാറ്റിൽ
വേദനിക്കുന്നു ബ്രാഹ്മണ ഹൃത്തും
ഗൊല്ലഭാമ നടന്നുനീങ്ങുന്നു
അവളുടെ കാലടിക്കുളിൽ
ഗൊല്ല കലാപത്തിന്നഗ്നിക്കനൽ
വേദങ്ങളെക്കാൾ പഴക്കമുണ്ടെന്ന്
വിശപ്പിൻ നിശ്ശബ്‌ദം
സ്വന്തം നിഴലിനെ പോലും
ഉയർച്ചയായി ധരിക്കുന്ന
അഹങ്കാരികൾ…
മനുഷ്യനാവുക തന്നെയാണ്
വെളിച്ചം തേടുന്നവൻ്റെയാത്മതീർത്ഥം…
മൊബൈൽ: 9048271056



