മഴ പെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഒരു ഗന്ധമുണ്ട്. വീഴാനിരിക്കുന്ന മഴയുടെ മുൻസൂചനയെന്നപോലെ വായുവിൽ കലരുന്ന ഒരു ഗന്ധം. മീരയുടെ ജീവിതത്തിലെ ഓരോ വിശേഷത്തിനും മുമ്പ് അത്തരമൊരു ഗന്ധം അർജ്ജുൻ തിരിച്ചറിഞ്ഞിരുന്നു.
അവൾക്കാകട്ടെ, ജീവിതത്തിൻ്റെ സന്ദിഗ്ദ്ധ ഘട്ടങ്ങളിലൊന്നും അത്തരം സൂചനകളോ തിരിച്ചറിവുകളോ ലഭിച്ചിരുന്നില്ലതാനും.
അവൾ ചിരിക്കുന്ന ദിവസങ്ങളിലും അവളുടെ കണ്ണുകൾക്കുള്ളിൽ നനയുന്ന ഒരു ചെറിയ തളർച്ചയെപ്പോലും അയാൾ കണ്ടെത്തും. തലേന്ന് രാത്രി അവൾ കരഞ്ഞിട്ടുണ്ടാകുമെന്ന് അർജ്ജുൻ ഉറപ്പിച്ചിരുന്നു.
അവൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ, അവളുടെ പുഞ്ചിരിയുടെ കോണുകൾ അല്പം മങ്ങിയാൽ, വീട്ടിൽ എന്തോ പ്രശ്നമുണ്ടെന്ന് അയാൾ മനസ്സിലാക്കും.
അവർ പ്രണയിച്ചിരുന്ന കാലത്തുപോലും ഇത്രയും സൂക്ഷ്മമായി അവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, പ്രണയം നഷ്ടപ്പെട്ട ശേഷമാണ് അർജ്ജുൻ മീരയുടെ ജീവിതത്തിലേക്ക് പൂർണ്ണമായും പ്രവേശിച്ചത്.
അവൾ മറ്റൊരാളെ വിവാഹം കഴിച്ച ദിവസം അർജ്ജുൻ ആത്മഹത്യ ചെയ്തില്ല. വേണമെങ്കിൽ അതാവാമായിരുന്നു. മീരയുടെ ഹൃദയതാളത്തിനൊപ്പം മാത്രം ശ്വസിക്കാൻ ഇഷ്‌ടപ്പെട്ട അയാൾക്ക് മരിക്കാമായിരുന്നു. ആ ഹൃദയം നിലച്ചിട്ടില്ലല്ലോ എന്ന ആശ്വാസം ഉള്ളിൽ നിന്നും തികട്ടിവന്നതിൻ്റെ ബലത്തിൽ, കുന്നിൻചെരുവിലെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും അയാൾ ആടിയാടി നടന്നുനീങ്ങി.
അവസാന നിമിഷം ഒരു കുറ്റസമ്മതം നടത്താനോ ഓർമ്മിക്കാൻ യോഗ്യമായ ഒരു രംഗം സൃഷ്ടിക്കാനോ നിൽക്കാതെ, സന്ധ്യാസമയത്തെ നിഴൽ പോലെ അയാൾ പിൻവാങ്ങി. പക്ഷേ, നിഴലുകൾ അപ്രത്യക്ഷമാകുന്നില്ലല്ലോ; അവ ഉള്ളിലേക്ക് ഒതുങ്ങുകയാണ്.
വിവാഹമണ്ഡപത്തിന്റെ പുറത്ത്, മഴ നനഞ്ഞ ഒരു കസേരയിലിരുന്ന് അവളുടെ താലികെട്ടിൻ്റെ മേളം കേട്ടുനിന്നപ്പോൾ, ഒരാൾക്ക് ഉള്ളിൽനിന്ന് പൂർണമായി തകരാൻ നിസ്സാര നിമിഷം മതി എന്ന് അയാൾക്ക് മനസ്സിലായിരുന്നു. എങ്കിലും അയാൾ മരിച്ചില്ല.
അവളുടെ ജീവിതത്തിൽനിന്ന് പുറത്തുപോയ മനുഷ്യനായല്ല,
അവളുടെ ജീവിതത്തിന്റെ അദൃശ്യസാക്ഷിയായി ജീവിക്കാനാണ് അയാൾ തീരുമാനിച്ചത്. അതൊരു പ്രതികാരമാണ് എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ അങ്ങനെയല്ല, ഒരു കേന്ദ്രത്തിൽ നിന്നും പ്രഭവിക്കുകയും ഒരേ ദിശയിലേക്ക് മാത്രം പ്രസരിക്കുകയും ചെയ്യുന്ന പ്രണയത്തിൻ്റെ ഗന്ധത്തെ പിന്തുടരുക മാത്രമാണ് അയാൾ ചെയ്തത്. അയാൾക്ക് അതല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അവൾക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത ഒരു കഥയിലുടെ അയാൾ അവളെ പിന്തുടർന്നു.
നഗരത്തിലേക്കുള്ള പ്രവേശനമായി എന്ന് ഓർമ്മപ്പെടുത്തുന്ന ഒരിടത്തരം ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ, എന്നും രാവിലെ, ചെടികൾക്ക് വെള്ളമൊഴിക്കുന്ന മീരയെ കാണാം.
എതിർവശത്തുള്ള പഴയ കെട്ടിടത്തിന്റെ ടെറസ്സിൽ അതേ സമയം അർജ്ജുൻ നിലയുറപ്പിച്ചിട്ടുണ്ടാകും. അങ്ങ് ദൂരെയുള്ള മനുഷ്യൻ അർജ്ജുനാണെന്ന് മനസ്സിലാക്കാൻ പാകത്തിലുള്ള സൂക്ഷ്‌മദർശിനി അവൾക്കുണ്ടായിരുന്നില്ല. അറിയുന്നതിനും അറിയപ്പെടുന്നതിനും ഇടയിലുള്ള അതിർത്തി അയാൾ ഒരിക്കലും മറികടന്നുമില്ല.
ഏതാനും മാസങ്ങൾക്ക് മുമ്പ് അവളുടെ ഭർത്താവ് ട്രാൻസ്ഫറായി കോയമ്പത്തൂരിലേക്ക് പോയശേഷം, മീരയ്ക്ക് ഉറക്കം കുറഞ്ഞുവെന്ന് അയാൾ മനസ്സിലാക്കിയത് രാത്രി രണ്ടുമണിക്ക് അവളുടെ അടുക്കളയിൽ വെളിച്ചം കണ്ടപ്പോഴാണ്. അന്ന് രാത്രി അർജ്ജുനും ഉറങ്ങിയില്ല. അവൾക്ക് ഉറങ്ങാൻ കഴിയാത്ത രാത്രികളിൽ താനുറങ്ങുന്നത് ആത്മവഞ്ചനപോലെയാണ് അയാൾക്ക് തോന്നിയത്.
മീര ഗർഭിണിയായപ്പോൾ അവൾ ആദ്യം പറഞ്ഞത് ഭർത്താവിനോടല്ല. അവളുടെ തന്നെ കണ്ണുകളോടാണ്. അത് ആദ്യം വായിച്ചതും അർജ്ജുൻ തന്നെയായിരുന്നു. അന്ന് അവൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അടിക്കുറിപ്പൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഗർഭാവസ്ഥയുടെ തിളക്കം മനസ്സിലാക്കാൻ അയാൾക്ക് മാത്രമേ സാധിക്കൂ.
സാന്നിധ്യത്തേക്കാൾ സാധ്യതയായി തുടരാൻ ശ്രദ്ധിച്ചുകൊണ്ട് അയാൾ ആശുപത്രിയിലെത്തി. മടങ്ങുമ്പോൾ അവൾ ഓട്ടോയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കൈകൾ വയറിന്മേൽ മൃദുവായി ചേർന്നിരുന്നു. ഉങ്ങുമരത്തിനടുത്തായി പടർന്നുയർന്ന ലോറോപെറ്റലം എന്നു പേരുള്ള അലങ്കാരച്ചെടിക്കു പിന്നിൽ മറഞ്ഞു നിന്ന് അയാൾ അവളെ കണ്ടു.
അവിടെ നിന്നും അയാൾ നേരെ പോയത് പള്ളിയിലേക്കാണ്. ആൾത്താരയിലെത്തി മെഴുകുതിരി കത്തിച്ചു കുരിശുവരച്ചു പ്രാർത്ഥിച്ചു. പ്രണയകാലത്ത് ഒരിക്കൽപ്പോലും അയാൾ മീരയുടെ ദൈവത്തിനടുത്തേക്ക് വന്നിട്ടില്ല. കാർപാർക്കിംഗിനപ്പുറത്തേക്ക് കാലെടുത്തു വെച്ചിട്ടു പോലുമില്ല. അമ്മയെ അമ്പലമുറ്റത്ത് ഇറക്കി വിടുന്നതല്ലാതെ അയാൾക്ക് ദൈവവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.
താൻ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരു നാഗരികതയുടെ കലാസൃഷ്ടി പോലെ അയാൾ അവളുടെ സന്തോഷം സംരക്ഷിച്ചു.
“അവളുടെ ഗർഭത്തിൽ വളരുന്നത് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന ബോബിയുടെ ബീജമാണ്. അതിന് നീയുമായി കണക്ട് ചെയ്യാവുന്ന ഒരു ലിങ്കുമില്ല എന്നുമുള്ള നഗ്‌നസത്യം നിന്നെ വേദനിപ്പിക്കുന്നില്ലേ?”
സ്വന്തം മനഃസാക്ഷിയുടെ ചോദ്യത്തിനു പോലും ‘ഇല്ല’ എന്നായിരുന്നു ഉത്തരം.
മീര സന്തോഷവതിയാണെന്നതു മാത്രമാണ് അയാളുടെ സന്തോഷം. ആ വൈകുന്നേരം അയാൾ ഒരു ചെറിയ കളിപ്പാട്ടം വാങ്ങി – ഒരു മരപ്പക്ഷി – അത് തന്റെ ഷെൽഫിൽ സൂക്ഷിച്ചു. ആർക്കും കൊടുക്കാനല്ല, മറിച്ച് എവിടെയോ അവളുടെ സന്തോഷം ഒരു പുതിയ രൂപം കൈവരിച്ചിട്ടുണ്ടെന്ന് ഓർമ്മിക്കാൻ. രാത്രിയിൽ അയാൾ ആദ്യമായി തനിച്ചിരുന്ന് മദ്യപിച്ചു. ടെറസ്സിലെ വരണ്ട കാറ്റ് അയാളെ ദ്രവിപ്പിച്ചു. അങ്ങകലെ, മങ്ങിയ എൽഇഡി ബൾബിൻ്റെ വെളിച്ചത്തിലുറങ്ങുന്ന മുറിയിൽ തളർന്നു കിടക്കുന്ന മീരയെ അയാൾ സങ്കല്പിച്ചു.
സന്തോഷം സഹിക്കാനാകാതെ മനുഷ്യർ കരയാറുണ്ടെന്ന് ജീവിതത്തിലാദ്യമായി അയാൾ മനസ്സിലാക്കി.
ഭക്ഷണത്തോട് അവൾക്ക് വിരക്തിയുണ്ടെന്നും ചില പ്രത്യേക വിഭവങ്ങളോട് അഭിനിവേശമുണ്ടെന്നും മനസ്സിലാക്കുക എന്നത് അവളെ അദൃശ്യമായി പിന്തുടരുന്ന അയാൾക്ക് ഒരു നിസ്സാര കാര്യമായിരുന്നു.
അവൾക്കിഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചപ്പോഴൊക്കെ അയാൾ ഓക്കാനിച്ചു. മിൽമ ഔട്ട്ലെറ്റിലെ നെയ് പുരട്ടിയ സ്പെഷ്യൽ ദോശയും ബസ്റ്റാൻ്റിനടുത്തുള്ള രഞ്ജൻ ഭായിയുടെ പാനിപുരിയും കഴിക്കുമ്പോൾ മീര അയാൾക്കുള്ളിലിരുന്ന് ആസ്വദിച്ചു.
“അർജ്ജുൻ ഭായ്, ആപ് പ്രഗ്നൻ്റ് ലഗ് രഹേ ഹെ!” രഞ്ജൻ ഭായി ചോദിച്ചു.
അയാൾ ഭക്ഷണം കഴിക്കുന്നതു കണ്ടാൽ ആരും അങ്ങനെ ചോദിച്ചു പോകും.
ഓരോ ചെക്കപ്പും കഴിഞ്ഞ് അവൾ ആശുപത്രി വിടുമ്പോഴും സിസ്റ്ററെ കണ്ട് അവളുടെ ആരോഗ്യ വിവരങ്ങൾ അയാൾ ചോദിച്ചറിഞ്ഞു. ഒരിക്കലെപ്പോഴോ തളർച്ച തോന്നി ആശുപത്രിയിലെത്തിയ മീരയ്ക്ക് അന്നവിടെ കിടക്കേണ്ടി വന്നു. അതേ സമയം, ജനറൽ വാർഡിൽ ബിപി കുറഞ്ഞ് ഡ്രിപ്പിട്ട് കിടക്കുകയായിരുന്നു അർജ്ജുൻ. അവൾക്കുവേണ്ടി സ്വയം തളർന്ന ഒരു മനുഷ്യൻ്റെ പുഞ്ചിരിക്ക് മുന്നിൽ ജനവാതിലിൽ പറ്റി നിന്ന നിലാവിനു പോലും പിടിച്ചുനിൽക്കാനായില്ല.
കുഞ്ഞ് ജനിച്ച ദിവസം ആശുപത്രിക്കു പുറത്ത് നല്ല മഴയായിരുന്നു. ഐ.സി.യുവിന് മുന്നിൽ ഉത്ക്കണ്ഠയോടെ നടന്നുകൊണ്ടിരുന്ന മീരയുടെ ഭർത്താവിനെക്കാൾ കൂടുതൽ ആശങ്ക അർജ്ജുനായിരുന്നു.
അവൻ അവളുടെ നിലവിളി കേട്ടില്ല. പ്രസവമുറിയിൽ, ഭർത്താവിൻ്റെ സാന്നിധ്യത്തിൽ അവൾ പ്രസവിക്കുമ്പോൾ അർജ്ജുൻ വരാന്തയിലെ വീതികൂടിയ തൂണിനപ്പുറത്ത് അടിവയറിൽ പിടുത്തമിട്ട് നിലത്ത് കുനിഞ്ഞിരുന്നു. അവളുടെ വേദനയുടെ ആഴം അയാൾക്ക് അറിയാമായിരുന്നു.
മൂന്നുമണിക്കൂറിനു ശേഷം കണ്ണുനിറച്ചുകൊണ്ട് ബോബി കുഞ്ഞിനെയുമായി പുറത്തുവന്നു. പുറത്തെ മഴയിൽ നിന്നുകൊണ്ട് അർജ്ജുൻ വിങ്ങികരഞ്ഞു.
അച്ഛനാകാൻ കഴിയാതെ പോയ ജീവിതത്തിന്റെ ശവസംസ്കാരം ഉള്ളിൽ നടക്കുന്നതായി തോന്നിയിട്ടും അയാൾ സന്തോഷിച്ചു. കാരണം, മീര ജീവനോടെയിരിക്കുന്നല്ലോ.
ജോലിയാവശ്യാർത്ഥം മറ്റൊരു നഗരത്തിലേക്ക് മാറേണ്ടി വന്നെങ്കിലും എത്ര വൈകിയാലും വീട്ടിലെത്താൻ അയാൾ വഴികൾ കണ്ടെത്തി. അയാൾക്കു വേണ്ടി വീട്ടിൽ ആരും കാത്തിരിക്കാനില്ലെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും അയാൾ വീടിനോട് കാണിക്കുന്ന സ്‌നേഹം കണ്ട് പലർക്കും അൽഭുതമായിരുന്നു.
“അർജ്ജുൻ്റെ വീടൊരു ലോക്കറാണ്. കാവലിനാളില്ലെങ്കിൽ മോഷ്ടിക്കപ്പെടും.”
സുഹൃത്തിൻ്റെ പരിഹാസം അയാൾക്കിഷ്ടപ്പെട്ടു. താൻ രഹസ്യമായി പിന്തുടരുന്ന സ്വത്ത് ഈ ലോക്കറിലല്ലാതെ മറ്റെവിടെയാണുള്ളത്?
മീരയുടെ ജീവിതത്തെ ഈ ടെറസ്സിലിരുന്ന് സ്നേഹിക്കുക എന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ രഹസ്യം.
ഇടിമിന്നലുള്ള മഴക്കാല രാത്രിയിലാണ് മീരയുടെ ഭർത്താവിന് ഹൃദയാഘാതമുണ്ടായത്. ആംബുലൻസിന്റെ ശബ്ദത്തിനൊപ്പം അർജുൻ ആശുപത്രിയിലേക്ക് ഓടിയെത്തുമ്പോൾ, മീരയിരുന്ന് വിറയ്ക്കുന്നതു കണ്ടു.
അവൾ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം അർജ്ജുനെ വല്ലാതെ തളർത്തി. ആ രാത്രി ആശുപത്രിയുടെ കോറിഡോറിലെ കസേരയിലിരുന്ന് മീര തളരുംവരെ കരഞ്ഞു. അത് കേട്ടുകൊണ്ട് ആ ചുവരിന് പിന്നിലിരുന്ന് അർജ്ജുനും നിർത്താതെ കരഞ്ഞു.
മനുഷ്യർ ചിലപ്പോഴെങ്കിലും സ്വന്തം ദുഃഖം കൊണ്ടല്ല കരയുന്നത്. സ്നേഹിക്കുന്നയാളുടെ ദു:ഖം സഹിക്കാനാകാതെയാണ്.
ഒറ്റയ്ക്കിരിക്കെ, കടം വാങ്ങിയ രക്തപ്രവാഹം പോലെ അവളുടെ ദുഃഖം തന്നിലൂടെ ഒഴുകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
മീരയുടെ ഭർത്താവ് രക്ഷപ്പെട്ടതിൽ അർജ്ജുൻ ഏറെ ആഹ്ലാദിച്ചു. പക്ഷേ, ആ സന്തോഷത്തിന് ഏതാനും ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് കൈയിൽ പിടിച്ച് പാർക്കിംഗ് ഏരിയയിൽ നിൽക്കുന്ന മീരയെ കണ്ട നിമിഷം അർജ്ജുന്റെ ഉള്ളിൽ വലിയൊരു മല പൊടുന്നനെ ഇടിഞ്ഞുവീണു.
അന്ന് രാത്രി കണ്ണാടിക്കു മുന്നിലെത്തിയ അയാൾ തന്നെത്തന്നെ സൂക്ഷിച്ചു നോക്കി. പെട്ടെന്ന് വയസ്സ് കൂടിയിരിക്കുന്നു. മീരയുടെ ജീവിതം തുടർന്നുകൊണ്ടിരിക്കെ, സ്വന്തം ജീവിതം കൊണ്ട് സമാന്തരമായൊരു പാത വെട്ടുകയായിരുന്നു താൻ. ആജന്മ സുഹൃത്തുക്കളില്ല, കുടുംബമില്ല, വിവാഹമില്ല, ഭാവിയില്ല!
മീരയുടെ ഓരോ സന്തോഷവും വേദനയും തന്റേതാക്കി ജീവിച്ചുകൊണ്ടിരിക്കെ, താനെന്ന മനുഷ്യൻ ശൂന്യമായി തീർന്നിരുന്നു!
നഷ്ടബോധത്തിൻ്റെയോ പശ്ചാത്താപത്തിൻ്റെ സ്വരമല്ലിത്; ജീവിതം പൂർണ്ണതയിലെത്തിയ ഒരു മനുഷ്യൻ്റെ ആശ്വാസം!
ചില മനുഷ്യർക്കെങ്കിലും പ്രണയം സ്വന്തമാക്കലല്ല; ഒരാളുടെ നിലനിൽപ്പിനോട് ആത്മാവിനെ ചേർത്തുവയ്ക്കലാണ്.
കീമോതെറാപ്പിയുടെ ദിവസങ്ങളിൽ മീരയുടെ മുടി കൊഴിയാൻ തുടങ്ങി. ആ ദിവസം അർജ്ജുൻ തന്റെ തല മുഴുവൻ ഷേവ് ചെയ്തു. ആരും കാരണം ചോദിച്ചില്ല. ചില വേദനകൾ വിശദീകരിക്കാൻ കഴിയാത്തത്ര തീവ്രമാണല്ലോ!
ആശുപത്രിയുടെ വരാന്തയിൽ തനിച്ചിരുന്ന് കരയുന്ന മീരയുടെ അടുത്തേക്ക് അർജ്ജുൻ നടന്നടുത്തു. അവളെ സംബന്ധിച്ച്, വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ച. മീരയ്ക്ക് ആദ്യം അയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മുടിയില്ലാത്ത അർജ്ജുൻ അവളുടെ അനുഭവത്തിലേ ഇല്ലായിരുന്നു. മാത്രവുമല്ല, പെട്ടെന്ന് വയസ്സായതുപോലെയും തോന്നിച്ചു. അവളുടെ കണ്ണുകൾ പതുക്കെ വിറച്ചു.
“അർജ്ജുൻ…?”
അയാൾ ചിരിക്കാൻ ശ്രമിച്ചു.
“നീ ഭയപ്പെടണ്ട.”
അവൾ മുഖം കുനിച്ച് കരഞ്ഞു.
“എനിക്ക് മരിക്കാനിഷ്ടമില്ല അർജ്ജുൻ…”
ആ നിമിഷം അർജ്ജുന് ഒരു വിചിത്രമായ സമാധാനം അനുഭവപ്പെട്ടു. ഇത്രയും വർഷം അവളുടെ എല്ലാ ദു:ഖങ്ങളും പങ്കുവെച്ച മനുഷ്യനെന്ന നിലയിൽ, ഈ മരണഭയവും താൻ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
അവളെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ച അന്ന് രാത്രിയാണ് റോഡ് മുറിച്ചു കടക്കുമ്പോൾ അർജ്ജുനെ ഒരു ട്രക്ക് വന്നിടിച്ചത്.
സാക്ഷികൾ പറഞ്ഞു: “അയാൾക്ക് ഒട്ടും ശ്രദ്ധയില്ലായിരുന്നു. മരിക്കാനായിട്ട് ഇറങ്ങിയതാണ്.”
മൊബൈൽ: 9497343955


