ഗൾഫിൽ നിന്നുള്ള പണമയക്കൽ 25% കുറഞ്ഞാൽ കേരളത്തിലേക്കുള്ള റെമിറ്റൻസ് ഏകദേശം 50,000 കോടി രൂപ കുറയും
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതത്തിൽ ലോകം മുഴുവൻ അശാന്തിയും അസ്ഥിരതയും നിറഞ്ഞാടുമ്പോൾ അവിടെ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയുള്ള നമ്മുടെ ചെറിയ കേരളവും ഒഴിവാക്കാനാവാത്ത യുദ്ധക്കെടുതികൾ ഉറ്റുനോക്കുകയാണ്.
“കോവിഡ് സമയത്താണ് നമുക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നത്. അന്ന് 16 ലക്ഷം മലയാളികൾ ഗൾഫ് നാടുകളിൽ നിന്നും തിരിച്ചു വന്നു; അതിൽ 12 ലക്ഷം പേരും തിരിച്ചു പോയി,” അന്താരാഷ്ട്രതലത്തിൽ കുടിയേറ്റത്തെയും ജനസംഖ്യാശാസ്‌ത്രത്തെയും പഠനവിധേയമാക്കുന്ന ഐഐഎംഡി (IIMD) യുടെ ചെയർമാൻ ഡോ. ഇരുദയ രാജൻ പറഞ്ഞു. “ഇപ്പോൾ ഏകദേശം 20 ലക്ഷം മലയാളികൾ ഗൾഫ് മേഖലയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പ്രവാസികളിൽ നിന്നുള്ള മൊത്തം പണമയയ്ക്കൽ 2023 ൽ 2,16,893 കോടി രൂപയായിരുന്നു. ഗൾഫിൽ നിന്നുള്ള പണമയക്കൽ 25% കുറഞ്ഞാൽ ഏകദേശം 50,000 കോടി രൂപ കുറയും. അത് കേരളത്തിന്റെ സമ്പദ്ഘടനക്ക് വലിയൊരു ആഘാതമായിരിക്കും,” അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ യുദ്ധക്കൊതി
പോപ്പിന്റെ നിലപാടുകളെ പോലും അവഗണിച്ച് ട്രംപ് പശ്ചിമേഷ്യയിലേക്ക് പട നയിക്കുന്നതിന്റെ ആഘാതത്തിലാണ് ലോക സമ്പദ്ഘടന. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് ഗതാഗതം മുതൽ ഉത്പാദനം വരെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ പ്രാദേശിക സ്വഭാവം പുലർത്തിയിരുന്ന കുവൈറ്റ്-ഇറാഖ് യുദ്ധത്തിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോഴത്തെ പ്രതിസന്ധി മുഴുവൻ ഗൾഫ് മേഖലയെയും ബാധിക്കുന്നു. അതിനാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വ്യാപാരത്തെയും ഊർജ്ജ വിപണിയെയും ഏറെ ആഴത്തിൽ ബാധിക്കുന്നുവെന്നതാണ് യാഥാർഥ്യം.
കേരളത്തെ സംബന്ധിച്ചാണെങ്കിൽ വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ടൂറിസം, ഹോട്ടൽ, വെൽനെസ് മേഖലകൾ പ്രതിസന്ധിയിലായി. ചെറുകിട വ്യവസായങ്ങൾ, മത്സ്യബന്ധനം, സുഗന്ധവ്യഞ്ജന-കാർഷിക കയറ്റുമതി, ലഘുഭക്ഷണശാലകൾ, തട്ടുകടകൾ തുടങ്ങി നിരവധി ഉപജീവനമേഖലകളും കടുത്ത സമ്മർദ്ദത്തിലാണ്. ഇതിനൊപ്പം പണപ്പെരുപ്പവും സാധനങ്ങളുടെ കുത്തനെ ഉയരുന്ന വിലയും ജനജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുന്നു. ആകെക്കൂടി, മലയാളിയുടെ നട്ടെല്ല് ഒടിയുന്ന ഒരു കാലമാണ് വരാനിരിക്കുന്നതെന്നതാണ് യാഥാർഥ്യം.
വിനോദ സഞ്ചാരംകേരളത്തിലെ ടൂറിസം മേഖലയെയാണ് യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്നതാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ. കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ടൂറിസം മേഖല വളർച്ചയുടെ പാതയിലായിരുന്നു. 2025 ൽ 2.58 കോടി വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചതിൽ 8,21,999 വിദേശീയരായിരുന്നു എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, വിമാന സർവീസ് റദ്ദാക്കൽ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, സർവീസുകളുടെ വഴിതിരിച്ചുവിടൽ എന്നിവ മൂലം ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് ട്രാഫിക് 15-20 ശതമാനം കുറഞ്ഞതായി ട്രാവൽ മാർട്ടിൻ്റെ ഒരു റിപ്പോർട്ട് പറയുന്നു. ടൂറിസം സീസണിന്റെ അവസാനഘട്ടമായ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ കേരളത്തിലെ ബീച്ചുകൾ പതിവായി വിദേശ വിനോദ സഞ്ചാരികളുടെ സാന്നിധ്യത്താൽ നിറയാറുണ്ട്. പതിറ്റാണ്ടുകളായി യൂറോപ്യൻ വിനോദസഞ്ചാരികളെ ആകർഷിച്ചു പോരുന്ന കോവളം ബീച്ച് ഇപ്പോൾ വിജനമാണ്. വൻകിട ഹോട്ടലുകൾ മുതൽ ചെറുകിട കച്ചവടക്കാരെയും തട്ട് കടക്കാരെയും വരെ ഇത് തളർത്തിയിട്ടുണ്ട്. യുദ്ധം കേരളത്തിന്റെ ടൂറിസം മേഖലയിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും കരിനിഴൽ വീഴ്ത്തി എന്നതിന്റെ തെളിവാണിത്.
വെൽനസ് ടൂറിസം
ഇന്ത്യയിലെ വെൽനസ് ടൂറിസത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്ന കേരളത്തിലെ മെഡിക്കൽ ടൂറിസം മേഖലയിലും സ്ഥിതി സുഖകരമല്ല. ഏകദേശം നാലിലൊന്ന് വിദേശ വിനോദസഞ്ചാരികൾ ആയുർവേദ കേന്ദ്രങ്ങളിലും റിസോർട്ടുകളിലും ചെയ്ത ബുക്കിംഗുകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് ജനറൽ സെക്രട്ടറിയും ഫിക്കി (FICCI) യുടെ ദേശീയ ടൂറിസം കമ്മിറ്റിക്ക് കീഴിലുള്ള ആയുർവേദ ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനുമായ സജീവ് കുറുപ്പ് പറയുന്നത്. മാത്രമല്ല, അടുത്ത സീസണിലേക്കുള്ള ബുക്കിംഗുകൾ ഇതുവരെ തുടങ്ങിയിട്ടുമില്ല.മാർച്ച് അവസാനം നടക്കാനിരുന്ന സൗദി അറേബ്യൻ ട്രാവൽ മാർട്ടും ഏപ്രിലിലെ കുവൈറ്റ് ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനും മാറ്റിവച്ചു.
മത്സ്യബന്ധനം
കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ധനക്ഷാമവും മണ്ണെണ്ണ വില വർധനവും പാചക വാതകത്തിന്റെ ദാരിദ്ര്യവും മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനക്ഷാമം മൂലം കൊച്ചിയിലെ തോപ്പുംപടി തുറമുഖത്ത് 600 ഓളം ഗിൽനെറ്റ്, ലോങ്-ലൈൻ, ട്രൗൾ ബോട്ടുകൾ പ്രവർത്തിക്കാത്തത് 2,000 ത്തോളം ആളുകളെ പട്ടിണിയിലാക്കുമെന്ന് മത്സുത്തൊഴിലാളി സംഘടനയുടെ ഒരു റിപ്പോർട്ട് പറയുന്നു. സാധാരണ 15-20 ദിവസം ആഴക്കടലിൽ തന്നെ തുടരുന്ന മൽസ്യബന്ധന തൊഴിലാളികൾക്ക് പാചകത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതൽ മണ്ണെണ്ണ വില ഒറ്റയടിക്ക് ലിറ്ററിന് 52.37 രൂപ വർദ്ധിപ്പിച്ചത് വരെ (103 രൂപയിൽ നിന്ന് 155.37 രൂപ) പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളെ പട്ടിണിയിലേക്ക് ഉന്തി വിടുന്നു. സംസ്ഥാന സർക്കാർ മത്സ്യഫെഡ് വഴി 50 രൂപ സബ്‌സിഡി നൽകുന്നെങ്കിലും അത് ഒട്ടും പര്യാപ്തമല്ല എന്നാണ് തൊഴിലാളികൾ പറയുന്നത്.
വിലക്കയറ്റം
ടെലിവിഷൻ, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ എന്നിവയുടെ വില ഇനിയും ഉയരുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ചെലവുകൾ വർദ്ധിച്ചതും, രൂപയുടെ മൂല്യത്തകർച്ചയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഇവയുടെ വില വർദ്ധിക്കാനിടയാക്കിയിരുന്നു. “മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും 8-10% ആണ് വർധന പ്രതീക്ഷിക്കുന്നത്,” ഒരു പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.
കൂടാതെ, പാം ഓയിൽ, പോളിപ്രൊഫൈലിൻ, ലൈൻ ആർക്കൈൽ ബെൻസീൻ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനാൽ സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. വളം, ടയറുകൾ, പെയിന്റുകൾ, രാസവസ്തുക്കൾ തുടങ്ങിയ ഇറക്കുമതികളെ ആശ്രയിക്കുന്ന വ്യവസായങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.
ഭക്ഷണം ദുർലഭം
ഗ്യാസിന്റെ വില വർദ്ധന ഹോട്ടൽ ബിസിനസിനൽ കാര്യമായ നഷ്‌ടം വരുത്തുന്നതായി ഇന്ത്യ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രധാന നഗരങ്ങളിലെ റെസ്റ്റാറന്റുകളും തട്ടുകടകളും പലതും അടഞ്ഞു കിടക്കുകയാണ്. എൽപിജി ക്ഷാമം രൂക്ഷമായതോടെ ദൈനംദിന വരുമാനത്തിന്റെ നാലിലൊന്ന് മാത്രമേ കച്ചവടക്കാർക്ക് ഇപ്പോൾ ലഭിക്കുന്നുള്ളൂ. രണ്ട് സപ്പോർട്ട് സ്റ്റാഫുകളുടെ വേതനം ഉൾപ്പെടെ ഭക്ഷണശാലയുടെ ചെലവുകൾ നിറവേറ്റാൻ തികയില്ല എന്നതാണ് കട തുറക്കാത്തതിന് കാരണമായി അവർ പറയുന്നത്.
എസ്എംഇ
ഹോർമുസിന്റെ ഉപരോധം സുഗന്ധവ്യഞ്ജന കേന്ദ്രമായ കേരളത്തെ ബാധിച്ചിട്ടുണ്ട്. യുഎഇ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രമാണ്. കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് (എസ്എംഇ) ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖല. വെറും 5% മുതൽ 8% വരെ മാത്രം ലാഭത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഇൻഷുറൻസ്, കാലതാമസം എന്നിവ മൂലമുള്ള വിലയുടെ കുതിച്ചുചാട്ടങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല. ചില സന്ദർഭങ്ങളിൽ, ആഫ്രിക്കയുടെ തെക്കേ അറ്റമായ ഗുഡ് ഹോപ്പ് മുനമ്പിന് ചുറ്റും കപ്പലുകൾ വഴിതിരിച്ചുവിടുന്നു. ചെലവ് നേരിടാൻ പലരും അനൗപചാരിക വായ്പയെ ആശ്രയിക്കുന്നു. നിലവിലെ പ്രതിസന്ധി ഡിമാൻഡ് മന്ദഗതിയിലാക്കാനും ഓർഡറുകൾ വൈകിപ്പിക്കാനും പേയ്‌മെന്റ് അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക കണക്കുകൾ ഒന്നും ലഭ്യമായിട്ടില്ല. പക്ഷേ, കേരളത്തിലെ നൂറുകണക്കിന് കയറ്റുമതിക്കാരെ, പ്രത്യേകിച്ച് കൊച്ചി നഗരത്തിലും പരിസരത്തും ഉള്ളവരെ ഇവയെല്ലാം ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
യാത്ര മതിയാക്കി പ്രവാസികൾ
ഈ അവധിക്കാലത്ത് കേരളത്തിലേക്ക് പ്രവാസികളുടെ ഗണ്യമായ ഒഴുക്ക് ഉണ്ടാകാൻ സാധ്യതയില്ല. പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളായാൽ വിമാനങ്ങൾ മുടങ്ങുമ്പോൾ ആളുകൾക്ക് കൃത്യസമയത്ത് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതാണ് കാരണം. അതിനാൽ, മിക്ക പ്രവാസികളും അവിടെ തന്നെ തുടരുകയാണ്. അനിശ്ചിതത്വവും ടിക്കറ്റ് വിലയിലെ വർധനവും പല പ്രവാസി കുടുംബങ്ങളെയും അങ്ങോട്ടുള്ള യാത്രാ പദ്ധതികൾ ഉപേക്ഷിക്കാനും നിർബന്ധിതരാക്കി. സാഹചര്യം മോശമായാൽ 20% ശമ്പളം വെട്ടിക്കുറയ്ക്കുന്നത് മുതൽ പിരിച്ചുവിടാൻ വരെ സാധ്യതയുണ്ടെന്ന് പലരോടും സൂചിപ്പിച്ചിട്ടുണ്ട്.
ഇത് മൂലം ക്യാബ് ഡ്രൈവറായ അഫ്‌സൽ റഷീദിൻ്റെ വരുമാനം 30% മാത്രമായി കുറഞ്ഞു. “കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പ്രതിമാസം 30 മുതൽ 40 വരെ യാത്രകൾ എനിക്ക് ലഭിച്ചിരുന്നു. എന്റെ ക്ലയന്റുകളിൽ ഭൂരിഭാഗവും സ്ഥിരം യാത്രക്കാരായിരുന്നു, ഈ മാസം ഇതുവരെ എനിക്ക് നാല് യാത്രകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ,” അഫ്‌സൽ പറയുന്നു.
“ഗൾഫ് ഇനി ഒരിക്കലും പഴയതുപോലെയാകില്ല. യുദ്ധം തകർത്ത മേഖല വീണ്ടെടുക്കാൻ വലിയ തോതിലുള്ള മനുഷ്യശേഷി ആവശ്യമായി വരും. അത് വിദഗ്ധ തൊഴിലാളികൾക്കും സാങ്കേതിക വിദഗ്ധർക്കും വലിയൊരു അവസരമാണ് തുറന്നു തരിക. എങ്കിലും ഇപ്പോൾ നാട്ടിൽ മടങ്ങിയെത്തുന്നവരെ സഹായിക്കുന്ന നയങ്ങൾ തയ്യാറാക്കാൻ രാഷ്ട്രീയ നേതൃത്വം അവസരത്തിനൊത്ത് ഉയരണമെന്ന് ഡോ. ഇരുദയ രാജൻ അഭിപ്രായപ്പെട്ടു.




