സർക്കസ് തമ്പിലെ കലാകാരന്മാരുടെ ആത്മ നൊമ്പരങ്ങളെ
അക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കും
വിധം കഥകളിൽ അവതരിപ്പിച്ച കഥാകാരനാണ് ശ്രീധരൻ ചമ്പാട്.
സർക്കസ് കൂടാരത്തിലെ മനുഷ്യരുടെ പച്ചയായ ജീവിതമാണ് അദ്ദേഹത്തിന്റെ കഥകളുടെ ആധാരം. 23 വർഷക്കാലം ആ കലാകാരന്മാർക്കൊപ്പം തമ്പിൽതന്നെ ഉണ്ടും ഉറങ്ങിയും അവരെ ആഴത്തിലറിഞ്ഞും അനുഭവിച്ചും എഴുതിയ കഥകളാണ് അവയെല്ലാം. ആറു നോവലുകൾ, മൂന്ന് നോവലെറ്റുകൾ, നൂറിലേറെ കഥകൾ, ഇരുപത്തിയഞ്ചിലധികം ഫീച്ചറുകൾ, സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ ജീവചരിത്രം, സർക്കസിന്റെ ചരിത്രം പറയുന്ന സർക്കസ് ലോകം, ഇന്ത്യൻ സർക്കസിന്റെ ഉത്ഭവവും വളർച്ചയും ഇംഗ്ലീഷിലെഴുതിയ ഒരു പുസ്തകം എന്നിങ്ങനെ സർക്കസിനെ മാത്രം അധികരിച്ച് ശ്രീധരൻ ചമ്പാട് എഴുതിയതിന് കൈയും കണക്കുമില്ല. ഒരുപക്ഷെ, സർക്കസിനെ കേന്ദ്രീകരിച്ച് ഇന്ത്യൻ ഭാഷകളിൽതന്നെ ഏറ്റവും കൂടുതൽ എഴുതിയ എഴുത്തുകാരനും അദ്ദേഹംതന്നെ ആയിരിക്കും. ജനകീയനായ ആ സാഹിത്യകാരന്റെ ഒന്നാം ചരമ വാർഷികമാണ് ജൂൺ 14. ഇവിടെ ഡോ. റഷീദ് പാനൂർ അദ്ദേഹത്തെ ഓർമ്മിക്കുന്നു.
ആഴം കുറഞ്ഞ സാമൂഹ്യ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം പിടിച്ചു നില്‍ക്കാല്‍ കഴിയില്ല. കമ്മിറ്റ്‌മെന്റ് സാഹിത്യം എന്ന പേരില്‍ കമ്യൂണിസ്റ്റുകള്‍ കൊണ്ടാടുന്ന പ്രതിബദ്ധ സാഹിത്യം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മെഗാ ഫോണുകളായി കലാകാരന്മാകെ കണ്ടു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്റ്റേറ്റിന്റെ അഭിവൃദ്ധിക്ക് വേണ്ടി കലയെ ഒരു ഉപകരണമായി കാണുന്നു. സ്റ്റാലിനിസ്റ്റിന്റെ രഥയാത്ര കലയേയും , സാഹിത്യത്തേയും കമ്യൂണിസ്റ്റ് പ്രത്യയ ശാസത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കണ്ടു. ഇന്നത്തെ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളാന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദിനെ പോലുള്ളവര്‍ പാടുപെടുന്നു. ”ഏകാന്തതയുടെ ഒരു നൂറ് വര്‍ഷങ്ങള്‍’ എഴുതിയ മാര്‍ക്കേസിനെ കേരളത്തിലെ കമ്മിറ്റ്‌മെന്റ് എഴുത്തുകാര്‍ വാഴ്ത്തുന്നു. പക്ഷേ മാര്‍ക്കേസിന്റേയും, യോസയുടേയും രചനകള്‍ തീര്‍ത്തും ആന്റി കമ്യൂണിസ്റ്റ് ആയ ഒരാള്‍ക്കും ആസ്വദിക്കാം.
എണ്‍പതുകളുടെ തുടക്കത്തില്‍ അസ്തിത്വ ദുഃഖവും ”കാഫ്കാസ്‌ക്” (kafkaesque) സാഹിത്യവും മലയാള നേവല്‍, ചെറുകഥാ സാഹിത്യത്തെ തഴുകിയപ്പോള്‍ ഓ. വി. വിജയനും ആനന്ദും, കാക്കനാടനും, എം മുകുന്ദനും, പുനത്തിലും, സേതുവും, ടി. ആറും, എം പി നാരായണപിള്ളയും, സക്കറിയയും മറ്റും ആധുനികതയുടെ വക്താക്കളായി മാറി. മാധവിക്കുട്ടിയാണ് ആധുനികയുടെ കാല്‍പ്പെരുമാറ്റം ആദ്യം കേള്‍പ്പിച്ചത് എന്ന് പറയേണ്ടി വരും. മലയാളത്തിലെ ഏറ്റവും ധീരമായ സത്യകഥനങ്ങള്‍ നടത്തിയത് മാധവിക്കുട്ടിയാണ്. കഥാശില്‍പ്പത്തെ ആവുന്നത്ര പരുഷമാക്കി മാറ്റിയ ഈ എഴുത്തുകാരിയുടെ കഥകള്‍ മലയാളത്തിന്റെ അപൂര്‍വ്വമായ സൗഭാഗ്യമാണ്.
സമാന്തര യാത്രകള്‍
ആധുനികതയുടെ രാജവീഥികള്‍ വിട്ട് സമാന്തര യാത്രകള്‍ നടത്തിയ കഥാകൃത്തുക്കളില്‍ വി പി ശിവകുമാറും, ശ്രീധരന്‍ ചമ്പാടും , എന്‍. എസ്. മാധവനും, വി. ബി. ജ്യോതിരാജും എന്‍. പ്രഭാകരനും, എം. സുധാകരനും മറ്റുമുണ്ട്. മലയാളത്തില്‍ സര്‍ക്കസ് കഥകളുടെ തമ്പുരാനായി വാഴ്ത്തപ്പെടുന്ന ശ്രീധരന്‍ ചമ്പാട് 20 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ കൂടുതലും, സര്‍ക്കസ് കൂടാരത്തിനകത്തെ നൊമ്പരങ്ങളാണ്. മലയാളത്തില്‍ സര്‍ക്കസ് ജീവിതം ഇത്രയും ആഴത്തിലും പരപ്പിലും പകര്‍ത്തിയ മറ്റൊരു എഴുത്തുകാരനില്ല. മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ അരവിന്ദന്‍ സംവിധാനം ചെയ്ത ”തമ്പ്” ശ്രീധരന്‍ ചമ്പാടിന്റെ കഥയാണ്.
ശ്രീധരന്റെ രക്തത്തില്‍ സര്‍ക്കസ് ജീവിതം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍ നാട്ടുകാരും വീട്ടുകാരുമറിയാതെ കല്‍ക്കത്തയിലേക്ക് വണ്ടി കയറിയ ശ്രീധരന്‍ ചമ്പാട് തികച്ചും ആക്‌സ്മികമായിട്ടാണ് കല്‍ക്കത്തയില്‍ വച്ച് ഒരു സര്‍ക്കസ് കലാകാരനായി മാറുന്നത്. തലശ്ശേരിയുടെ പാരമ്പര്യത്തില്‍ സര്‍ക്കസുമുണ്ട്. കീലേരി അച്ചു എന്ന തലശ്ശേരിക്കാരന്‍ സര്‍ക്കസ് കലയെ ആകാശത്തോളം ഉയര്‍ത്തി.
ചമ്പാടിന്റെ കഥകളില്‍ ഫെമിനിസവും, മാജിക്കല്‍ റിയലിസവും അസ്തിത്വത്തിന്റെ ഉദ്വിഗ്നതയും നിറഞ്ഞു നില്‍ക്കുന്നു. ‘ട്രാവലിംഗ് സര്‍ക്കസ്’, ” ഭാഗ്യം പറയുന്ന പന്നി”, ”റിംഗ്” തുടങ്ങിയ ചമ്പാടന്‍ കഥകള്‍ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന ഒരു മജീഷ്യന്റെ കരവിരുതോടെ ജീവിതവും മരണവും ചിത്രീകരിച്ച ഈ എഴുത്തുകാരന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് പോയി.
ഒരേസമയം ട്രിപ്പിസുകാരൻ, സർക്കസ് മാനേജർ, പത്രപ്രവർത്തകൻ, നോവലിസ്റ്റ്, നടൻ, എഡിറ്റർ തുടങ്ങിയ വേഷങ്ങളിൽ ചമ്പാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തലശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന” ജഗന്നാഥം” എന്ന മാസികയിൽ എഡിറ്ററായി ശ്രീധരൻ പ്രവർത്തിച്ചിട്ടുണ്ട്.
കെ ജി ജോർജിന്റെ “മേള” എന്ന കഥയും തിരക്കഥയും ചമ്പാടിന്റെതായിരുന്നു.. ഈ ചിത്രത്തിൽ ചമ്പാട് ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജംബോ, ജെമിനി, റൈമൺ തുടങ്ങിയ സർക്കസ് കമ്പനികളുമായി ശ്രീധരൻ അടുത്ത് ഇടപഴകിയിട്ടുണ്ട്. മേളപ്പാട് ഷൂട്ടിംഗ് സമയത്ത് വിഖ്യാത നടൻ മമ്മൂട്ടിയുമായി ‘ബന്ധമുണ്ടായി. ശ്രീധരൻ ചമ്പാടുമായി നല്ല ബന്ധം ഉണ്ടായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ വി കെ സുരേഷ് എഴുതിയത് ഇങ്ങനെയാണ്, “ശ്രീധരേട്ടൻ യാത്രയായി മുഴുമിപ്പിക്കാത്ത ഒരു നോവൽ എൻറെ കയ്യിൽ തരുമ്പോൾ സ്മൃതിനാശത്തിന്റെ വക്കിലായിരുന്നു. എന്നാലും എന്നെ മറന്നതേയില്ല പത്തായക്കുന്നിലെ വീട്ടിൽ ഏകാന്ത ധ്യാനത്തിൽ ആയിരുന്നു അവസാന നാളുകൾ. രണ്ടുതവണ ഞാൻ ശ്രീധരനെ നേരിൽകണ്ട് അഭിമുഖം നടത്തിയിട്ടുണ്ട്. സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്
Read more:
https://mumbaikaakka.com/blog/2018/04/15/ninish-muzhippilangad-interview-with-sreedharan-chambad/: തമ്പിലെ ഇരുട്ട് തിങ്ങിയ ജീവിതങ്ങള്‍