• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പി.വി.കെ. പനയാൽ: എഴുത്തിന്റെ രസതന്ത്രം

രവീന്ദ്രൻ കൊടക്കാട് August 8, 2019 0

പനയാൽ എന്ന ദേശം ‘പനയാൽ’ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലേ?
ദേശവും കാലവും എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഞാൻ ജനിച്ചുവളർന്ന കാലത്തെ പനയാൽ അല്ല ഇന്നത്തെ പനയാൽ. പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം വലിയ മാറ്റങ്ങൾ അവിടെയുണ്ടാക്കി. വിശപ്പായിരുന്നു അന്നത്തെ സത്യം. ചത്തു പോയ കന്നുകാലികളെ തണ്ടിലേറ്റി കൊണ്ടുപോകാൻ തോടു കടന്ന് വയൽവരമ്പിലൂടെ മനുഷ്യക്കോലങ്ങൾ നടന്നുവരുന്നത് കണ്ടിട്ടുണ്ട്. തൊണ്ണൂറു കഴിഞ്ഞ വൃദ്ധന്മാർ മുതൽ അഞ്ചുവയസ്സു തികഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങൾ വരെ കൂട്ടത്തിലുണ്ടാവും. കരിമഷിക്കോലങ്ങൾ. നട്ടെല്ലുവളഞ്ഞു
പോയവർ. തലയുയർത്തിപ്പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്തവർ. ആകാശം കണ്ടിട്ടില്ലാത്തവർ. ജഡം തണ്ടിലേറ്റി കാടിനുള്ളിലേക്കാണവർ കടന്നുചെല്ലുന്നത്. മരത്തിന്റെ ശാഖയിൽ കാലിയെ തലകീഴായി കെട്ടിത്തൂക്കി തൊലി പൊളിച്ചെടുക്കുന്നതും ഇറച്ചി വാർത്തെടുക്കുന്നതും കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. മഴക്കാലത്ത് കരിമ്പഴം പറിക്കാൻ പോകുമ്പോൾ കാലികളുടെ അസ്ഥികൂടങ്ങളിൽ പാമ്പുകൾ ചുറയിട്ടു കിടക്കുന്നതു കണ്ട് നിലവിളിച്ചോടിയിട്ടുണ്ട്. ഈയിടെ തോട്ടിനക്കരെ ‘മാദിഗ’ കോളനിയിൽ പോയപ്പോൾ ഒരു വീടിന്റെ മുമ്പിൽ വലിയൊരു കൽതൊട്ടി കണ്ടു. കാലികൾക്കുള്ള കുടിവെള്ളം നിറച്ചുവയ്ക്കുന്ന തൊട്ടിയായിരുന്നു അതെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. പക്ഷെ അത് കാലികളുടെ തോൽ കുതിർത്തുവയ്ക്കാനുള്ള കൽതൊട്ടിയായിരുന്നു. കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുന്ന തോൽ കൊണ്ട് അവർ അസുരവാദ്യങ്ങളുണ്ടാക്കും. ചെണ്ടയുടെയും തുടിയുടെയും താളമായിരുന്നു ഒരു കാലത്ത് നാടിന്റെ താളം. ഇന്നതുമാറി. നാടിനൊരു സംഗീതമില്ല. ഈണമില്ല. താളമില്ല. ചെറിയ ചെറിയ ഗ്രൂപ്പുകൾക്ക് അവരുടെ താളം. അവരുടെ വിചാരം. അവരുടെ വികാരം. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന സൗഹൃദങ്ങൾ. ഗ്രൂപ്പുകൾക്കു പുറത്തുള്ളവരുടെ നിലനില്പുതന്നെ അപകടത്തിലാണ്. ഫ്യൂഡലിസത്തിന്റെ ജീർണതകളിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള സമരതാളമായിരുന്നു എന്റെ കുട്ടിക്കാലത്തെ നാടിന്റെ താളം. തുടിയും ചെണ്ടയും പോരാളികളുടെ ഹൃദയമിടിപ്പും ഇഴുകിച്ചേർന്നു നിന്ന കാലം. എ.കെ.ജി മിച്ചഭൂമി സമരം നയിക്കുന്നു. മരക്കൊമ്പുകളിലിരുന്ന് മതിലിനകത്തെ ദൈവങ്ങളെ കണ്ടിരുന്ന അധ:കൃതരെ സ്വാമി ആനന്ദതീർത്ഥൻ അമ്പലക്കുളത്തിൽ കുളിപ്പിച്ച് ശ്രീകോവിലിനു മുമ്പിലെത്തിക്കുന്നു. ഹരിയുടെ മക്കളാണ് എല്ലാ മനുഷ്യരുമെന്ന വിശ്വാസവും ദൈവം സവർണന് സ്വന്തമെന്ന വിശ്വാസവും തമ്മിൽ ഏറ്റുമുട്ടുന്നു. ദൈവം സർവചരാചരങ്ങൾക്കും സ്വ
ന്തമെന്ന വിശ്വാസം വിജയിക്കുന്നു. (ഇന്ന് തോൽക്കുന്നു!).

ദേശത്തെ പോലെത്തന്നെ ഈ കാലവും എന്റെ രചനകളുടെ ആത്മാവായി നിലകൊള്ളുന്നു. ഡോൺ നദീതീരത്ത് ജനിച്ചതുകൊണ്ടു മാത്രമല്ല ലോകമഹായുദ്ധകാലത്തെ ഗന്ധകപ്പുക ശ്വസിച്ചു വളർന്നതുകൊണ്ടു കൂടിയാണ് ഷൊളോഖോവിന് ‘ഡോൺ ശാന്തമായൊഴുകുന്നു’ എന്ന നോവൽ എഴുതാൻ കഴിഞ്ഞത്.

പ്രത്യയശാസ്ത്ര ബോധത്തിലൂന്നി നിന്ന രചനകളാണ് മാഷിന്റേത്. രാഷ്ട്രീയ നിലപാടുകൾ എഴുത്തിന്റെ സാധ്യതകളെ പരിമി
തപ്പെടുത്തിയതായി തോന്നുന്നുണ്ടോ
?

രാഷ്ട്രീയ നിലപാടുകൾ എഴുത്തിന്റെ സാധ്യതകളെ ഒരിക്കലും പരിമിതപ്പെടുത്തുകയില്ല. അതിജീവനത്തിന്റെ വഴികൾ അന്വേഷിക്കുന്ന എഴുത്തിന് ഇത്തരം നിലപാടുകളിൽ ഉറച്ചുനിൽക്കാതിരിക്കാൻ കഴിയില്ല. പക്ഷെ രാഷ്ട്രീയ നിലപാടുകൾ എഴുത്തിന്റെയല്ല, എഴുത്തുകാരന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നുണ്ട്. നിരൂപകരാൽ ശ്രദ്ധിക്കപ്പെടാതെ, മാധ്യമങ്ങളുടെ പരിലാളനമേൽക്കാതെ, ഓരം പറ്റി നിൽക്കേണ്ടിവരുന്നുണ്ട്. ഈ അവസ്ഥയെ പ്രതിഭയുടെ കരുത്തുകൊണ്ട് മറി കടക്കാൻ കഴിയണം. കഴിഞ്ഞാൽ തന്നെ ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ശ്രദ്ധിക്ക
പ്പെടുന്നവർ ചുരുക്കമാണ്. മാക്‌സിം ഗോർക്കിയുടെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ റെഡ് സ്‌ക്വയറിൽ 8 ലക്ഷം ജനങ്ങളാണ് ഒഴുകിയെത്തിയത്. സ്റ്റാലിൻ അക്കൂട്ടത്തിലുണ്ടായിരുന്നു. ‘മുത്തശ്ശി’ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ഉത്കൃഷ്ടമായ നോവലുകളിൽ ഒന്നാണ്. ആത്മകഥയിൽ ‘ജീവിതപ്പാത’യും. എത്രപേർ ഇതിനെക്കുറിച്ച് എഴുതുന്നുണ്ട്? ഖസാക്കിന്റെ ഇതിഹാസത്തിനുവേണ്ടി ചെലവഴിക്കുന്ന കടലാസിന്റെ നൂറിലൊന്നുപോലും നിരൂപകർ ഈ കൃതികൾക്കുവേണ്ടി ഉപയോഗിക്കുന്നില്ല.

ശ്രദ്ധേയമായ ബാലസാഹിത്യകൃതികൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ സമാഹരിക്കപ്പെട്ടുകാണുന്നില്ല, എന്തുകൊണ്ടാണ്?

ബാലസാഹിത്യ രചനയിൽ കൂടുതൽ ശ്രദ്ധിച്ചത് ഏതാണ്ട് നാല് പതിറ്റാണ്ടു മുമ്പാണ്. കുട്ടികൾക്കുവേണ്ടി ധാരാളം നാടകങ്ങൾ എഴുതി. നോവൽ എഴുതി. ‘കുട്ടിരാമൻ’ ദേശാഭിമാനി വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ച ഒരു നോവലാണ്. എം.എൻ. കുറുപ്പാണ് ആ നോവലിന് പേരിട്ടത്. എന്റെ അനുവാദത്തോടെ. അന്നൊന്നും പുസ്തകമിറക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. വളരെ ചുരുക്കം പ്രസിദ്ധീകരണശാലക്കാരെ ഉണ്ടായിരുന്നുള്ളൂ. കാസർകോടു നിന്നും ‘നിലവിളിച്ചാൽ’ പോലും കേൾക്കാത്ത അകലത്തിൽ കേൾപ്പിക്കാൻ വേണ്ടിയാണ് പി. കുഞ്ഞിരാമൻ നായർ നാടുവിട്ടത്. മറ്റു സാഹിത്യരൂപങ്ങൾ പോലെയല്ല നാടകം. വളരെ പെട്ടെന്നാണ് രചനാരീതികൾ
മാറിമാറി വരുന്നതും കാലഹരണപ്പെട്ടുപോകുന്നതും. ഒരു നിശ്ചിതകാലം കഴിഞ്ഞാൽ ഉത്തമമെന്ന് കരുതിയിരുന്ന രചനകൾ ആർക്കും വേണ്ടാതാവും. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം പോലും ഇന്നു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഗൃഹാതുരത്വത്തിന്റെ പ്രേരണയിലാണ്. എഴുതിത്തുടങ്ങിയ കാലത്തെ കൃതികളെല്ലാം ചിതലിനു ഭക്ഷണമായി. കണ്ടുകിട്ടിയിട്ടും കാര്യമില്ല. അതിന്റെ കാലം കഴിഞ്ഞു. അടുത്ത കാലത്ത് കുട്ടികൾക്കു വേണ്ടി ‘കിനാവള്ളിയൂഞ്ഞാൽ’ എന്ന നോവലെഴുതി.ദേശാഭിമാനി വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചു. ‘ചിന്ത’ പുസ്തകമാക്കി. നാലാമത്തെ എഡിഷൻ എസ്.പി.സി.എസ് ഇറക്കിയിരിക്കുന്നു. വളരെ പെട്ടെന്ന് വിറ്റുപോകുന്നു. എന്റെ സ്വ
തസിദ്ധമായ അശ്രദ്ധയും നാടകങ്ങൾ സമാഹരിക്കാതെ പോയതിനുള്ള ഒരു കാരണമാണ്.

സാഹിത്യത്തിന്റെ ഭിന്നശാഖകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നോവൽ മേഖലയിലാണല്ലോ. ആദ്യകാലത്തെ കവിതാരചനയ്ക്ക് തുടർച്ചയില്ലാതെ പോയത് എന്തുകൊണ്ട്?

മറ്റെല്ലാ ശാഖകളേക്കാളും കൂടുതൽ സ്വാതന്ത്ര്യം നോവൽ രചനാവേളയിൽ അനുഭവപ്പെടുന്നുണ്ട്. കഥയ്ക്ക് തുടക്കമിടുമ്പോൾ പിന്നാലെ ധാരാളം ഉപകഥകൾ വരും. അറിയാതെ തന്നെ നോവലിന്റെ ഫ്രെയ്മിലേക്ക് കഥകളും കഥാപാത്രങ്ങളും നടന്നുതുടങ്ങും. ഒരു നാടകമെഴുതി അവതരിപ്പിക്കുക ദുഷ്‌കരമായ ജോലിയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടുള്ള ദുഷ്‌കരമായ ജോലി. പ്രതിഫലമായി നേരിട്ടുകിട്ടുന്നത് ചിലപ്പോൾ പ്രേക്ഷകന്റെ കൂവലായിരിക്കും. തെറി വിളിയായിരിക്കും. അധ്വാനത്തെ മാനിക്കാനുള്ള ശീലം നമ്മുടെ പ്രേക്ഷകർക്ക് കുറവാണ്.
പോക്കറ്റടിക്കാരനെ കൈയിൽ കിട്ടിയതുപോലെയായിരിക്കും നാടകപ്രവർത്തകരോട് പെരുമാറുക. നല്ല നാടകാവതരണമാണെങ്കിൽ നിശ്ശബ്ദരായി എഴുന്നേറ്റങ്ങുപോകും. ഭയങ്കര പിശുക്കാണ് പ്രോത്സാഹന വാക്കുകൾക്ക്. ‘കൊള്ളാം’, ‘തരക്കേടില്ല’, ‘നന്നാവും’ തുടങ്ങിയ തണുപ്പൻ വാക്കുകൾക്കപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ട. നാടകം ബാഹ്യമായ ഘടകങ്ങൾ കൊണ്ട് അരങ്ങുപൊലിപ്പിച്ചാൽ ചിലപ്പോൾ നിരൂപകന്മാർ ഉണർന്നെഴുന്നേറ്റെന്നു വരും. പ്രേക്ഷകന്റെ നാടകസാക്ഷരത ആശാവഹമല്ല. അതുകൊണ്ട് സാഹിത്യത്തിന്റെ മറ്റു ശാഖകളിൽ വ്യാപരിക്കുന്നതാണ് അഭികാമ്യമെന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്. അതിനു പറ്റാത്തവർ വിസ്മൃതിയിൽ മറയുന്നു. ആധുനിക കവിത മുന്നോട്ടുകൊണ്ടുവന്ന അന്തമില്ലായ്മയിൽ പരിഭ്രമിച്ച് പിൻവാങ്ങിയതാണ്.

നാടകജീവിതത്തെക്കുറിച്ച്?

ഇരുപതു വയസ്സു തികയുന്നതിനു മുമ്പുതന്നെ സംസ്ഥാനമത്സരത്തിലേക്ക് ഞാനെഴുതിയ നാടകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘അവസാനരംഗം’ എന്ന നാടകം എഴുതിയത് അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ചാണ്. അന്ന് പതിനെട്ടു വയസ്സേ ആയിരുന്നുള്ളൂ. പിന്നീട് ഇത് കേരള സംഗീതനാടക അക്കാദമിയുടെ മേഖലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംവിധാനം ചെയ്തു. ഗാനങ്ങളെഴുതി. പ്രധാന റോളിൽ അഭിനയിക്കുകയും ചെയ്തു. അന്ന് വിധികർത്താക്കളിലൊരാളായ കെ.എ. കൊടുങ്ങല്ലൂരുമായി പരിചയപ്പെട്ടു. കോഴിക്കോട് ആകാശവാണിയി
ലായിരുന്നു അദ്ദേഹത്തിന് ജോലി. ധാരാളം റേഡിയോ നാടകങ്ങളിൽ അഭിനയിക്കാൻ ഈ ബന്ധം സഹായകരമായി. അക്കാലത്ത് എൻ.എൻ. കക്കാട്, ഉറൂബ്, ഖാൻകാവിൽ, ജഗതി എൻ.കെ. ആചാരി തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെ കോഴിക്കോട് നിലയത്തിലുണ്ടായിരുന്നു. അവരുമായി പരിചയപ്പെടാനും അടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടങ്ങളായിരുന്നു. നാടകവ്യാകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് തൃശൂരിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു ലഭിച്ച ഹ്രസ്വകാല പരിശീലനവേളയിലാണ്. ന്യൂഡൽഹിയിൽ നാഷണൽ
സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും കിട്ടി നാടകസംബന്ധിയായ കുറെ ക്ലാസ്സുകൾ. നാടകക്കളരി പ്രസ്ഥാനം സജീവമായിരുന്ന കാലം. ജി. ശങ്കരപിള്ള, രാമാനുജം, വേണുജി, കൃഷ്ണൻ നമ്പൂതിരി, ഗോപിനാഥ് കോഴിക്കോട് തുടങ്ങിയവരുമായി അടുത്തിടപഴകാൻ കഴിഞ്ഞു. അന്നുവരെ ഉണ്ടായിരുന്ന നാടക സങ്കല്പങ്ങളെല്ലാം മാറി മാറി വന്നു. ഹബീബ് തൻവീർ, പ്രസന്ന, വിജയ് ടെണ്ടുൽകർ തുടങ്ങിയവരുടെ നാടകങ്ങൾ കാണാനുള്ള അവസരമുണ്ടായി. അരങ്ങു നിറയെ ജംഗമവസ്തുക്കളും വർണവിസ്മയങ്ങളും തീർത്തുകൊണ്ട് മൂലധനശക്തികൾ നാടകം കൈയടക്കിക്കൊണ്ടിരിക്കുന്ന കാലത്ത് നാടകകൃത്തിലും നടനിലും വിശ്വസിച്ചുകൊണ്ട് നാടകം ചെയ്തിരുന്നവർ പതുക്കെ അരങ്ങുവിടുന്ന കാഴ്ചയാണ് ഇന്ത്യൻ നാടകവേദിയിൽ കാണുന്നത്. നാടകരംഗത്ത് സജീവമായിരുന്ന കാലത്തെ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. അത് പുസ്തകമാക്കുന്നതിനോ പുനരവതരണങ്ങൾ നടത്തുന്നതിനോ അന്നത്തെ സാഹചര്യത്തിൽ എനിക്കു കഴിഞ്ഞിരുന്നില്ല. തള്ളിക്കയറാൻ ശ്രമിക്കാത്തവന് അവസാനത്തെ ബസ്സും കടന്നുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരും. ഇരുട്ടിന്റെ ചുമലിൽ കൈപിടിച്ചുനിൽക്കുക മാത്രമേ പിന്നെ വഴിയുള്ളൂ.

സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതെന്തുകൊണ്ട്?

എഴുത്തിന്റെ പ്രത്യേകതകൾ കൊണ്ടു മാത്രമായില്ല. മാധ്യമങ്ങളാണ് അതിന്റെ ആഴവും പരപ്പും വായനാസമൂഹത്തിന് കാണിച്ചുകൊടുക്കുന്നത്. മാധ്യമ ശിക്ഷണങ്ങളുടെ പിൻബലത്തിലാണ് നാം കൃതിയെ സമീപിക്കുന്നത്. വായനയ്ക്കു മുമ്പു തന്നെ അഭിപ്രായരൂപീകരണമുണ്ടാവുന്നു. വായന പാതിവഴിയിൽ നിന്നു പോകുന്ന കൃതികൾ മാധ്യമങ്ങളിൽ തളിർത്തു നിൽക്കുന്നതു കണ്ട് വീണ്ടും വായിക്കുന്നു. എഴുത്തുകാർ തമ്മിലുള്ള സൗഹൃദങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ ഇതെല്ലാം പ്രധാന ധാരയിൽ ഇടം പിടിക്കാനുള്ള അനിവാര്യ ഘടകങ്ങളാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇന്ന് എഴുത്തുകാർ വിപുലമായ സൗഹൃദങ്ങളുണ്ടാക്കുന്നത്. സാംസ്‌കാരിക പ്രവർത്തകനായ ഞാൻ എന്റെ കൃതിക്ക് എന്തു സംഭവിക്കുന്നു എന്ന് ആലോചിക്കാറില്ല. ഈ ‘പോരായ്മ’ മറികടക്കാൻ ഏതായാലും ഇനി കഴിയില്ല.

കൃതികളിൽ ആത്മാംശം എത്രത്തോളം?

എന്റെ ജീവിതം വളരെ കുറച്ചേ ഞാൻ എഴുതിയിട്ടുള്ളൂ. തിളച്ചുമറിയുന്ന സമൂഹത്തിന്റെ വിയർപ്പിലും ചുടുചോരയിലും മുക്കിയായിരുന്നു ഇതുവരെയുള്ള എഴുത്ത്. വൈകുന്നേരമായിരിക്കുന്നു. നീണ്ടുപോകുന്ന നിഴലുകളെ ഇരുട്ടു വിഴുങ്ങിക്കളയുമെന്ന പേടിയിൽ ഇപ്പോൾ ഞാൻ എന്നിലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു.

പ്രമേയത്തിന്റെ സാധ്യത കൊണ്ട് ‘സൂര്യാപേട്ട്’ ഒരു ബൃഹദ്
നോവലാക്കാമായിരുന്നില്ലേ?

ദേശാഭിമാനി വാരികയിൽ ‘സൂര്യാപേട്ട്’ നോവൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ച ഞാൻ നോവലിന് ഒരു ആമുഖമെഴുതിയിരുന്നു. ‘യാഥാർത്ഥ്യങ്ങളുടെ മഹാഭാരതം’ എന്ന പേരിൽ ഒരു ബൃഹദ് നോവലിനുള്ള സാധ്യതകളിലേക്കുള്ള സ്‌പോട്‌ലൈറ്റാണ് ആ ആമുഖലേഖനം. പക്ഷെ ഒരു തുടക്കക്കാരന്റെ പേടിയായിരിക്കണം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. ഇന്നാണ് ഞാൻ ആ നോവൽ എഴുതുന്നതെങ്കിൽ അത് വലിയൊരു നോവലായി മാറുമായിരുന്നു.

‘ഖനിജം’, ‘ഇളകിയാടുന്ന മൗനം’ എന്നീ നോവലുകൾ കാസർകോടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്ര വസ്തുതകൾ ഫി
ക്ഷനുള്ള വിഷയമാക്കുമ്പോൾ എന്തു സംഭവിക്കുന്നു?

സങ്കുചിത രാഷ്ട്രീയ വീക്ഷണം ഒരിക്കലും എന്റെ നോവലിൽ പ്രകടമായിട്ടില്ല. ചരിത്രകാരന്മാർ എഴുതിയതിനപ്പുറം ഒരു രാഷ്ട്രീയമാനം ജനതയുടെ പോരാട്ടത്തിനു പിന്നിൽ ഉെണ്ടന്നു തോന്നിയാൽ മാത്രമേ ഞാനത് എന്റെ എഴുത്തിനുള്ള വിഷയമാക്കാറുള്ളൂ. ഉദാഹരണത്തിന് ‘ഖനിജം’ തന്നെ. വി.വി. കുഞ്ഞമ്പു ‘കയ്യൂർ സമരചരിത്രം’ കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. നിരഞ്ജനയും പി. വത്സലയും കയ്യൂർ പ്രമേയമാക്കി നോവലെഴുതിയിട്ടുണ്ട്. ‘ചിരസ്മരണ’യും ‘ചാവേറും’. ലെനിൻ രാജേന്ദ്രൻ ‘മീനമാസത്തിലെ സൂര്യൻ’ എന്ന പേരിൽ സിനിമ ചെയ്തിട്ടുണ്ട്. പുതുതായി എന്തെങ്കിലും സാധ്യതകൾ തുറന്നു കിട്ടാത്തതുകൊണ്ടായിരിക്കണം മൃണാൾസെൻ തന്റെ സിനിമ നിർമാണശ്രമം ഉപേക്ഷിച്ചുപോയി. പ്രൊഫഷണൽ നാടകങ്ങളും അമേച്ചർ നാടകങ്ങളും ‘കയ്യൂർ’ പ്രമേയമാക്കി ധാരാളം ഉണ്ടായിട്ടുണ്ട്. കഥാപ്രസംഗങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും കയ്യൂർ സമരത്തിലെ വില്ലൻ സുബ്രായൻ പോലീസിനെക്കുറിച്ച് ആഴത്തിലുള്ള പഠനം ഉണ്ടായിട്ടില്ല. കോട്ടേയാർമാർ എന്ന ഒരു ജനവിഭാഗ
ത്തിൽ നിന്നുയർന്നുവന്ന വ്യക്തിയാണ് സുബ്രായൻ. കർണാടക രാജാക്കന്മാരുടെ കൂടെ വന്ന് അത്യുത്തര കേരളത്തിലെ മണ്ണിൽ തങ്ങാൻ വിധിക്കപ്പെട്ടവർ. കമ്മ്യൂണിസ്റ്റുകാരെയും ബ്രിട്ടീഷുകാരെയും തുല്യ അകലത്തിൽ നിർത്തി തങ്ങളുടെ വംശമഹിമയെക്കുറിച്ച് ഊറ്റം കൊണ്ടവർ. വംശീയഭ്രാന്തു പിടിച്ച ഒരു മനുഷ്യന്റെ മനോവൈകൃതങ്ങളാണ് സുബ്രായൻ എന്ന പോലീസുകാരനെ ഭരിച്ചതെന്ന വിശ്വസനീയമായ അറിവുകളാണ് ‘ഖനിജം’എഴുതാൻ പ്രേരണയായത്. അതുകൊണ്ടുതന്നെ കോട്ടേയാർമാരുടെ ജീവിതം വരഞ്ഞുവയ്ക്കാൻ നോവലിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കേണ്ടി വന്നു.

രാഷ്ട്രീയം ഒരിക്കലും എഴുത്തുകാരനൊരു പരിമിതിയല്ല. രാഷ്ട്രീയ ദർശനങ്ങൾ തന്നെയാണ് എഴുത്തിന്റെ
അസ്ഥികൂടം. വാക്കുകളാണ് അതിന്റെ മജ്ജയും മാംസവും. ഇമേജറികളാണ് അതിന്റെ ‘നാഡിഞരമ്പുകൾ’. പ്രതിഭയാണ് ജീവൻ.പുരാവൃത്തങ്ങൾ, നാട്ടറിവുകൾ, തെയ്യം, കമ്പളം, കോഴിക്കെട്ട്, പുകയിലകൃഷി, തെയ്യം ഇതെല്ലാം കൃതികളിൽ സമൃദ്ധം. എന്തു തോന്നുന്നു?

ഒരു ജനതയുടെ സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ് പുരാവൃത്തങ്ങൾ. തെയ്യമായാലും കമ്പളമായാലും കോഴിയങ്കമായാലും എല്ലാം സംസ്‌കാരവൃക്ഷത്തിന്റെ ശാഖകളാണ്. നാട്ടിൻപുറത്തെ മനുഷ്യരുടെ ജീവിതത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ഈ സംസ്‌കാരത്തിന്റെ വളക്കൂറുള്ള മണ്ണിലാണ്. സ്വാഭാവികമായും എഴുത്തിൽ ഈ മണ്ണിലെ വെള്ളവും വളവും പ്രാണവായുവും കലർന്നിരിക്കും. അർദ്ധപ്രാണനായി കിടക്കുമ്പോഴും സാന്തിയാഗോ അറിയാൻ ആഗ്രഹിക്കുന്നത് ബെയ്‌സ്‌ബോൾ മത്സരങ്ങളുടെ ഫലമാണ്. ‘ഇളകിയാടുന്ന മൗനം’ എന്ന നോവലിൽ കോഴിയങ്കത്തിന്റെയും പോത്തോട്ടമത്സരത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ‘പൈവെളിഗെ’യിലെ മനുഷ്യരുടെ പ്രാണന്റെ ഭാഗമാണ് ഇവ രണ്ടും. പുകയിലപ്പാടങ്ങളുടെ ഗന്ധത്തിൽ കുതിർന്നതായിരുന്നു എന്റെ കുട്ടിക്കാലം.

‘സൂര്യാപേട്ടി’ലെ മാരുതമ്മ, ‘ഖനിജ’ത്തിലെ കമല മൺവിളക്കുകളിലെ ‘അംഗാറെ’ ഈ സ്ത്രീകഥാപാത്രങ്ങളൊക്കെ ചെറുകാടി
ന്റെ ‘മുത്തശ്ശി’യുടെ പിന്മുറക്കാരാണെന്നു തോന്നുന്നു. അല്ലേ?

ഏത് നാട്ടിൻപുറത്തും ഇത്തരം കഥാപാത്രങ്ങളുണ്ടാവും. ജനജീവിതവുമായി ഇഴുകിച്ചേരുമ്പോൾ മാത്രമേ അവരെ കണ്ടെത്താൻ കഴിയുകയുള്ളൂ. തെലുങ്കാന സമരകാലഘട്ടത്തിൽ എത്രയോ മാരുതമ്മമാർ ഉണ്ടായിരുന്നു. അവർ പല പേരുകളിൽ അറിയപ്പെട്ടു. സക്കാമ, റാജക്ക എന്നിങ്ങനെ. മല്ലു സ്വരാജ്യം ഒളിവിൽ കഴിയുമ്പോൾ സക്കമ്മ, റാജക്ക എന്നീ പേരുകൾ സ്വീകരിച്ചിരുന്നു. മല്ലുവാണെന്ന് തെറ്റിദ്ധരിച്ച് ഒരു റാജക്കയെ അറസ്റ്റു
ചെയ്തതായും കേട്ടിട്ടുണ്ട്. അവർ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. താൻ മല്ലു തന്നെയാണെന്ന് അവർ പോലീസിനോട് പറഞ്ഞു. യഥാർത്ഥ മല്ലുവിനെ വേട്ടയാടുന്നത് നിർത്താനാണ് അവർ കള്ളം പറഞ്ഞത്. പോലീസ് തടങ്കലിൽ നിന്ന് മോചിതയായി വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും അവരുടെ കുഞ്ഞ് മരിച്ചുപോയിരുന്നു. ഖനിജത്തിലെ 2കമല’ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിയായിരുന്നു. ആടു വളർത്തലായിരുന്നു അവരുടെ ജോലി. ആട്ടിൻകൂട്ടവുമായി അവർ മേച്ചിൽ പുറങ്ങളിലെത്തും. അവർക്ക് ആടിന്റെ ഭാഷ നന്നായി അറിയാമായിരുന്നു. ആടുകൾക്ക് അവരുടെ ഭാഷയും. ‘അടുക്കള’യിലെ രാധമ്മ ധീരയായ സ്ത്രീ കഥാപാത്രമാണ്.

എഴുത്തിൽ സംതൃപ്തനാണോ?

സംതൃപ്തി തോന്നിയാൽ പിന്നെ എഴുത്തില്ല. അസംതൃപ്തിയിൽ നിന്നാണ് എഴുത്ത് പിന്നെയും പിന്നെയും തുടരുന്നത്.

സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിൽ പുതിയകാലത്തെ എങ്ങനെ നോക്കിക്കാണുന്നു?

സാംസ്‌കാരിക പ്രവർത്തനം പ്രയാസകരമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇലക്ട്രോണിക് മാധ്യമങ്ങൾ വ്യക്തികളുടെ സ്വതന്ത്രചിന്തയെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കണ്ണിൽ നിരന്തരം പതിച്ചുകൊസ്‌റിരിക്കുന്ന വർണചിത്രങ്ങളിൽ അഭിരമിച്ചുകൊസ്‌റിരിക്കുന്ന മനസ്സ് ഒരുതരം ഉന്മാദാവസ്ഥയിലാണ്. മനുഷ്യന്റെ പച്ചയായ ജീവിതാവസ്ഥകളിലല്ല സ്വീകരണമുറികളിലെ നിറം പിടിപ്പിച്ച നുണകളിലാണ് സത്യം ചികയുന്നത്. സംഘടിതശക്തിയെ എളുപ്പം തകർക്കുന്നതിൽ ഗവേഷണം നടത്തുന്ന ഗ്രൂപ്പുകൾ ഇന്ന് എവിടെയും സജീവമാണ്. മൂലധനശക്തികൾ
മതങ്ങളെയും വിശ്വാസങ്ങളെയും ഉപയോഗിച്ചുകൊണ്ട് പുരോഗമനശക്തികളെ തകർക്കുന്നു. ആഗോളീകരണ കാലത്തെ കോടതികൾ പോലും മൂലധനശക്തികളുടെ കാവൽക്കാരായി മാറിക്കൊണ്ടിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശ സംബന്ധിയായ കോടതി വിധിയുടെ പിന്നിലും ഈ ശക്തികളുടെ ചരടുവലി ഉണ്ടായിരുന്നോ എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. അതെ, സാംസ്‌കാരിക പ്രവർത്തനം അതീവ ദുഷ്‌കരമായി ക്കൊണ്ടിരിക്കുന്നു.

Previous Post

അപ്പുറം ഇപ്പുറം: ഭക്തിയും യുക്തിയും

Next Post

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

Related Articles

മുഖാമുഖം

എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി

മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

life-sketchesമുഖാമുഖം

ഉണ്ണികൃഷ്ണൻ തിരുവാഴിയോട്: ആത്മാവിഷ്കാരത്തിന്റ ആവാഹനങ്ങൾ

നേര്‍രേഖകള്‍മുഖാമുഖം

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക ഷെയ്ഖ്

കവർ സ്റ്റോറി3മുഖാമുഖം

പാപബോധം മതത്തിന്റെ നിർമിതി: സാറാ ജോസഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രവീന്ദ്രൻ കൊടക്കാട്

പി.വി.കെ. പനയാൽ: എഴുത്തിന്റെ...

രവീന്ദ്രൻ കൊടക്കാട് 

പനയാൽ എന്ന ദേശം 'പനയാൽ' എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലേ? ദേശവും...

Raveendran Kodakkad

രവീന്ദ്രൻ കൊടക്കാട് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven