• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അർത്ഥത്തിന് അടുത്ത് കിടക്കുന്ന അർത്ഥം

ആർ. മനോജ് August 22, 2017 0

ഒരാളുടെ ഭാഷ
കവിതയാകുമ്പോഴാണ് അയാൾ അല്ലെങ്കിൽ അവൾ
കവിയാകുന്നത്. പ്രപഞ്ച കാലത്തിൽ
മറഞ്ഞിരിക്കുന്ന ഭാഷകൾ കവികളിൽ
കൂടി പുറത്തു വരുന്നു. കവിതയിൽ
സാഹിത്യഭാഷ അല്ല ഉള്ളത്,
കാലഭാഷയാണ്. കാലത്തിന്റെ
ഭാഷണമാണ് കവിതയിൽ കൂടി
വരുന്നത്. ഓരോ കാലത്തിന്റെയും
നിയതഭാഷണം അഥവാ ‘ഭാഷകൾ’
അതാതുകാലത്തെ കാവ്യധാരകളായി
പുറത്തുവരുന്നു. കവിത പ്രകൃതിയിൽ
എഴുതപ്പെടാതെ കിടക്കുന്നു. ചിലർ
എഴുതി വയ്ക്കുന്നു. ചിലർ അതു
പറഞ്ഞു വയ്ക്കുന്നു. തിരുകി
വയ്ക്കുന്ന കവിതയും ഓർത്തു
വയ്ക്കുന്ന കവിതയും ഉണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഭാഷയല്ല
ഇന്നുള്ളത്. രാമചരിതത്തിലെ
മലയാളവും എ. അയ്യപ്പന്റെ
മലയാളവും തമ്മിൽ വ്യത്യാസമുണ്ട്.
അതിൽ നിന്നുള്ള വ്യത്യാസമാണ്
പുതുതലമുറയിൽ പതിഞ്ഞ്
കിടക്കുന്നത്. പരസ്യവും കിടപ്പറയും
കൗതുകവാർത്തകളും ടിന്റുമക്കളും
പുതിയ ഭാഷണങ്ങളിലുണ്ട്.
അതുകൊണ്ട് പുതിയ കവിതയുടെ
മുറയിൽ അവരുമുണ്ട്.
കവിത കർണാടകസംഗീതത്തിന്റെ
രൂപത്തിലല്ല, കാർണിവൽ കാലത്ത്
കൽപണിക്കാരന്റെ രൂപത്തിലും
വന്നെന്നിരിക്കും. ഇവിടെ
തമാശയ്ക്കുള്ള സ്ഥലങ്ങൾ
തമാശയ്ക്കുള്ള സ്ഥലങ്ങൾ
മാത്രമാണ്. ധാരാളം കണ്ണീര്
വീണിടത്ത് ഇപ്പോൾ കല്ലേറ്
വീണിരിക്കുന്നു. സ്വയം താഴേണ്ടിടത്ത്
സ്വയം താറടിച്ചിരിക്കുന്നു.

2010 ന് ശേഷമുള്ള സൈബർ വേഗതയുള്ള കാവ്യഭാഷയുടെ,
ശരിയായ തുടക്കം അതിന് ഒരു പതിറ്റാണ്ട് മുമ്പെങ്കിലും
രേഖപ്പെടുത്തി. ഓർമിച്ചാൽ എഴുത്ത് നിർത്തിയവരും,
അതിനേക്കാളും തുടരുന്നവരുമായ വളരെ എഴുത്തുകാർ ഈ
പതിറ്റാണ്ടുകളിൽ ഉണ്ട്. പി.എ. നാസിമുദ്ദീൻ, ഷിറാസ് അലി,
സി.എസ്. ജയചന്ദ്രൻ, എൽ. തോമസുകുട്ടി, കെ.എസ്. അജിത്,
രജനി മന്നാടിയാർ, ബാലകൃഷ്ണൻ ഒളവെട്ടൂർ, ശ്രീകുമാർ കരിയാട്,
എൻ.ജി. ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ കവികൾ ഇപ്പറഞ്ഞ രണ്ട്
പതിറ്റാണ്ടുകളിൽ കവിതയിൽ ഈ അതിസാധാരണത കണ്ടെത്താൻ
ശ്രമപ്പെട്ടു. ക്രിസ്പിൻ ജോസഫ്, വിഷ്ണുപ്രസാദ്, വിജു
കൊന്നമൂട്, ദേവസേന, ഗയ, എസ്.ജി. മിത്ര തുടങ്ങിയ ഏറ്റവും
ഇളയ തലമുറയിൽ ഏറെപ്പേർ ഭാഷയിലെ വിഭ്രമത്വവും സൂക്ഷ്മദർ
ശനതയും അറിഞ്ഞും അറിയാതെയും കവിതയിൽ സംവദിക്കാൻ
ഇഷ്ടപ്പെടുന്നു. എം.ആർ. വിഷ്ണുപ്രസാദിന്റെയും ജി.
സിദ്ധാർത്ഥന്റെയും ലതീഷ് മോഹന്റെയും കൃതികൾ ഈ
മോഹവിപ്ലവത്തിന് ദൃഷ്ടാന്തമായി ഇവിടെ ചർച്ച ചെയ്യുന്നു.

കണ്ണില്ലാതെ, മൂക്കില്ലാതെ,
നാക്കില്ലാതെ, അഭിനയിക്കുന്നു,
ക്രിക്കറ്റ് കളിക്കുന്നു, വാള് വയ്ക്കുന്നു.
യാതൊരു തന്റേടവുമില്ലാതെയാണ്
ചിന്നം വിളിക്കുന്നത്. കവിത
അസാദ്ധ്യമെന്ന് കരുതിയിരുന്നിടത്തെല്ലാം അത് കോലം
കത്തിച്ച് നിൽക്കുന്നു. എറിയുന്നു,
പിടിക്കുന്നു, ക്ഷമിക്കുന്നു. കാണികൾ
വിസർജിക്കുന്നു, എന്നിട്ടും നാറ്റമില്ല.
കാരണം നാറ്റം മണമായിട്ടെടുത്ത ഒരേ
ഒരു മുറ പുതുമുറയാണ്.
ആദർശങ്ങളില്ല,
ആപ്തവാക്യങ്ങളില്ല, പറ്റിക്കപ്പെടുന്ന
തെങ്ങനെ എന്നു മാത്രം.

ഒന്ന്
2006-ൽ പ്രസിദ്ധീകൃതമായ
‘ഡയസ് വെഡ്‌സ് ഡീന’ എന്ന
പുസ്തകത്തിന്റെ കവർ ചിത്രം ഒരു
പരസ്യ ചിത്രമാണെന്ന് തോന്നും.
പ്രസാധകർ അറിഞ്ഞ് ചെയ്തതോ
അറിയാതെ ചെയ്തതോ എന്നറിയില്ല.
ഇതിലെ കവിതകൾ ചില നേരം
സാരോപദേശം ഓർമിപ്പിക്കും.
ചിലപ്പോൾ പഴഞ്ചൊല്ലുകൾ.
ചിലപ്പോൾ കളിവാക്കുകൾ. ചിലവ
പരസ്യ വാചകങ്ങൾ. ചിലത്
ചോദ്യോത്തരികൾ. കൂടുതലും
സംഭാഷണ ഗദ്യം. ആകെ കൂടി ഒരു
കളിയാട്ടം (performance) ഇതിലുണ്ട്.
‘തീമഴ വരുന്നു തീപ്പെട്ടീ’ എന്നൊരു
കവിത ആദ്യം. അത് തീരുന്നത്
‘തീമഴയുടെ നാട്ടിൽ തീപ്പെട്ടി വിലയും’
എന്ന് പറഞ്ഞു കൊണ്ടാണ്. ‘ആരും
വലിയവരല്ല, ആരും ചെറിയവരുമല്ല’
എന്ന് അടുത്ത കവിതയിലെ
കണ്ടെത്തൽ. ‘കൊച്ചന്മാരെല്ലാം ഒരു
കൊച്ചാനപ്പുറത്തെങ്കിലും കയറിയിരി
ക്കണം’ എന്നാണ് തന്നെപ്പോലുള്ള
കൊച്ചന്മാരോട് ജി. സിദ്ധാർത്ഥന്റെ
നിർദേശം. ഡി-മിത്തിഫിക്കേഷൻ (ഢണബസളദധതധഡടളധമഭ)
ഏകദേശം ഒരു
വിനോദം പോലെ ഈ കവിതകളിൽ
ഉടനീളമുണ്ട്. താളിയോലയും
സൈബർ സ്‌പേസും സിദ്ധാർത്ഥന്
ഒരു പോലെ. അപ്രിയസത്യങ്ങൾ
ഇടയ്ക്കിടയ്ക്ക്
വിളമ്പിക്കൊണ്ടിരിക്കും.

സിദ്ധാർത്ഥന്റെ ‘ഡാവിഞ്ചി കോഡ്’
ഇങ്ങനെ:

ഓകെ. നിങ്ങൾ പറഞ്ഞതു സംഭവിക്കും.

നാളെ മൂന്ന് മണിക്ക്
മനുഷ്യപുത്രനെ മരക്കുരിശിൽ തറയ്ക്കും.

പക്ഷെ നിങ്ങളോർക്കുക
മനുഷ്യപുത്രന്മാർ നിങ്ങളോട് പറഞ്ഞ
തിനും പറയാത്തതിനും
നിത്യാനന്ദത്തിലേക്കുള്ള നിങ്ങളുടെ
ഉയിർത്തെഴുന്നേല്പ് എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ.

മരക്കുരിശിൽ മരിക്കേണ്ടവരെയാണ്
പുരോഹിതന്മാരേ നിങ്ങൾ രക്ഷിച്ചു
കൊണ്ടിരിക്കുന്നത്. (പുറം 11)

രാഷ്ട്രീയവും ചരിത്രവും
നിമിഷാർദ്ധ നേരമ്പോക്കുകളായി
ഉന്നയിക്കപ്പെടുകയും അപ്രിയ
സത്യങ്ങൾ അവയിൽ നിന്ന്
വിളംബരപ്പെടുകയും ചെയ്യുന്നു. ഈ
‘കോഡിംഗ്’ വൈഭവം സിദ്ധാർത്ഥന്റെ
രചനകളിൽ ഉടനീളമുണ്ട്.
അർഹതയില്ലാത്തവരെ
കെട്ടിയെഴുന്നള്ളിച്ച് സ്വയം നാശം
ഏറ്റുവാങ്ങുന്ന ജനക്കൂട്ട മനസ്സിനെ
സിദ്ധാർത്ഥൻ പല കവിതകളിലും
കളിയാക്കുന്നു.

‘ഒരാശാരി യേശു’വാകാൻ പോലും
യോഗ്യതയില്ലാത്ത പലരെയും
‘ആചാര്യയേശു’ സ്ഥാനത്തേക്ക്
ആനയിക്കുന്നത് പലപ്പോഴും ജനക്കൂട്ട
ത്തിന്റെ അന്ധമനസ്സാണ.്

ജയിലിൽ കിടക്കേണ്ടവരും ഭ്രാന്തിന്
ചികിത്സയെടുക്കേണ്ടവരുമാണ് അധി
കാരസ്ഥാനങ്ങളിൽ ഇരിക്കുന്നത്.
(ആചാര്യയേശുദേവനെവിടെ
നീചനായ യൂദാസേ നീയെവിടെ ? പുറം
25)

പട്ടിണിയെ പരിഹാസ
കവിതയാക്കി മാറ്റുന്ന നിർവികാര
പരവശത ഇങ്ങനെ:
പ്രേംജി പാടുകയാണോ ഈ പാതിരയ്ക്കും ?
പിന്നെന്തു ചെയ്യും? പട്ടിണികൊണ്ട്
പൊറുതി മുട്ടിയിരിക്കുന്നു.
നിർത്തി നിർത്തിപ്പാടൂ പ്രേംജീ.
വഴിപോക്കർക്കൊന്നു നിൽക്കാൻ
തോന്നണ്ടേ?
പോടാ പട്ടീ
സരിഗമ പ്ലീസ്
പധനിസ പട്ടിണികൊണ്ട്
സനിധപ പൊറുതിയെനിക്ക്
മഗരിസ മുട്ടിപ്പോയി
(സിൻ പീപ്പിൾ സിങ്ങ് ഫോർ
ബ്രഡ്, പുറം 28)

സ്ഥാനമോഹത്തെ പരിഹാസദൃഷ്ടികൊണ്ട് കാണുന്ന
ഗംഭീരകവിതയാണ് ‘നാണം കെട്ട
നായകൻ’.

? തന്റെ ഏറ്റവും വലിയ ആഗ്രഹം
പറയെടോ
= ഉസ്താദേ എനിക്കിന്ത്യയുടെ
ഉപരാഷ്ട്രപതിയാകണം
? എന്താടോ തനിക്ക് ഇന്ത്യയുടെ
രാഷ്ട്രപതിയാകാനാഗ്രഹമില്ലേ
=ഉപരാഷ്ട്രപതിയായിക്കഴിഞ്ഞാ
ൽപ്പിന്നെ ന്യായമായി രാഷ്ട്രപതിയാകണമല്ലോ
? താനാള് കേട്ടതിലും
കേമനാണല്ലോ. പക്ഷെ തന്നെ
രാഷ്ട്രപതിക്കസേരയിലിരുത്തിയാൽ
നാട് കുട്ടിച്ചോറാകുമല്ലോ
= എങ്കിലെനിക്ക്
ഉപരാഷ്ട്രപതിയാവണ്ട, നേരിട്ട് രാഷ്ട്രപതിയായാൽ മതി.
പിന്നെയെനിക്കീനാട് കുട്ടിച്ചോറാക്കാൻ
കഴിയില്ലല്ലോ.
? താൻ രാഷ്ട്രപതിയല്ല,
രാഷ്ട്രപിതാവാകേണ്ട ആളാണ്
=താങ്ക്യൂ ഉസ്താദ്. ഒരു
ഉപരാഷ്ട്രപിതാവിന്റെ ഒഴിവ്
ഇന്ത്യയിലുണ്ടെന്ന് ഇപ്പോഴാണെനിക്ക്
മനസ്സിലായത്. (പുറം 30)

ഈ കവിതയിൽ പതിയിരിക്കുന്ന രാഷ്ട്രീയ ഉപഹാസവും
ആഖ്യാനത്തിലെ നിഷ്‌കളങ്കതയും മലയാള കവിതയിൽ തന്നെ
അപൂർവമാണ്. തീർച്ചയായും ദ്രോഹബുദ്ധിയില്ലാത്ത ഈ
പരിഹാസം സിദ്ധാർത്ഥന്റെ കണ്ടുപിടിത്തമല്ല. അത്
പുതുകവിതയ്ക്ക് വേദിയായ ലോകാവസ്ഥയുടെ പരമ ദരിദ്രമായ
തുറന്ന മഹത്വമാണ്. അത് സിദ്ധാർത്ഥ
നിലൂടെയും സംഭവിക്കുന്നു.

അല്ലെങ്കിൽ അങ്ങനെയുള്ള അപൂർവം
കവിത്വങ്ങളിൽ കൂടി അതിന്റെ
ആവിഷ്‌കാരം സംഭവിക്കുന്നു.
‘കാര്യം നിസ്സാരം കളിയാണ് കാര്യം’
(പുറം 34) എന്ന കവിത എല്ലാം
കളിയാണെന്ന് പറയുന്നു. കളിയില്ലാ
ത്തതൊന്നുമില്ല. എല്ലാ കാര്യത്തിലും
കളിയുണ്ട്. അഥവാ എല്ലാ കാര്യവും
കളിയാണ്. കാര്യം പറയുമ്പോഴും
ആളുകൾ ‘കളിപറയാതെ’ എന്ന്
പറയുന്നത് കാര്യമായാണ്. സത്യവും
മിഥ്യയുമില്ല. കളിയും കാര്യവുമില്ല. കളി
കാര്യമാണ്. കവിതയുമാണ്.
സിദ്ധാർത്ഥന്റെ കവിതകൾ മുഴുവൻ
കളിക്കവിതകളാണ്.

ലോകാവസ്ഥയുടെ കലിത്വം ഈ
കവിതയിൽ കളിവാരിയിടുന്നു. ഈ
കവിയും കവിതകളും
കളിക്കുകയാണോ, കരയുകയാണോ
എന്ന് വായനയ്ക്കിടയിൽ
തോന്നിക്കൊണ്ടേയിരിക്കും.
പുതുകാലത്തിന്റെ പലായനം കവി
പുതുക്കി പുതുക്കി പ്രഖ്യാപിക്കുന്നു.
‘എത്രയെത്ര ഭാർഗവീനിലയങ്ങളിലാ
ണൊറ്റയ്ക്ക് പാർക്കുമെന്ന്
പ്രഖ്യാപിച്ചിട്ട് ഞാനോടിപ്പോന്നിട്ടുള്ളത്
‘ (പുറം 42). മോക്ഷത്തിന്റെ പാതയിൽ
ഇരുട്ട് വീഴ്ത്തുന്നവരെക്കുറിച്ച്
പ്രവചിക്കുന്നു (പുറം 38). പുരാണ
പ്രവചനങ്ങളോട് പരിതപിക്കുന്നു
(പുറം 42). എഴുത്ത്
ദൈവത്തിന്റേതാണെന്ന്
കണ്ടെത്തുന്നു. (പുറം 70). അപ്പോഴും
തിരസ്‌കരിക്കപ്പെടുന്നവരുടെ
ചരിത്രമാണ് കവിതയെന്ന്
ഓർമിക്കുന്നു. തിരുത്തലിന്റെ വഴികൾ
എങ്ങനെയാകണമെന്നും പറയുന്നു:

ഇരന്ന് നടന്നിട്ട് ഇനിയുമിവിടെ
വരരുത്. നഷ്ടപ്പെട്ട നിങ്ങളുടെ
പുണ്യഭൂമികൾ പിടിച്ചെടുക്കുവാനുള്ള
ആരോഗ്യമിന്നു നിങ്ങൾക്കില്ല.
നിങ്ങളുടെ അവകാശമായ മിനിമം
കലോറി ഊർജം പ്രദാനം ചെയ്യുന്ന
പോഷകാഹാരസമ്പത്ത് നിങ്ങൾക്ക്
കിട്ടുന്നില്ല. നിലനില്പിനു വേണ്ടിയുള്ള
നിസ്സഹായരുടെ കുരിശു യുദ്ധം
തുടങ്ങുവിൻ. താമസിക്കരുത്. കാരണം
നിങ്ങളുടെ ചരിത്രങ്ങൾ നിഷ്‌കരുണം
തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അത് പൂർത്തിയാക്കാൻ
അവർക്കിനി ഒരു പതിറ്റാണ്ടു പോലും
വേണ്ട. ആധിപത്യം
കാൽക്കീഴിലായാൽ ആരെയും ഇരന്നു
നടക്കുന്ന ഇരകളാക്കില്ലെന്ന് പ്രതി
ജ്ഞയെടുത്തിട്ട് അവരെ ഇടിച്ചു
നിരത്തൂ. (ഇരകളേ ഇനിയും
വൈകരുത്- പുറം 60).

ഈ കവിതകളിലെ സ്ഥിതിവിശകലനം മിക്കവാറും
സമർത്ഥമാണ്. പരിഹാസവും
പ്രവചനങ്ങളും വിളംബരങ്ങളും
കാടുകയറ്റവും ഇടകലർന്ന് പോകുന്നു.
നാട്ടുമൊഴികളും പ്രതിവാക്യരചനകളും
ജി. സിദ്ധാർത്ഥൻ സദാ ഉപയോഗിക്കുന്നു. ഇംഗ്ലീഷും
മലയാളവും ഇടകലർത്തുന്നു.

സ്വയം തിരുത്താത്ത കവിതകളും ഈ
പുസ്തകത്തിലുണ്ട്. ശരിയായി
വെട്ടിയൊരുക്കപ്പെട്ടവയും ഉണ്ട്.
നിഷ്‌കളങ്കനായ ശിശുവിനെയും
കാലത്തിന്റെ സത്യാന്വേഷകനെയും
ഇതിൽ, ഈ കവിതാ സമാഹാരത്തിൽ
കാണാം. ഈ എഴുത്തുകാരനിൽ
ഒക്‌ടോബർ – ഡിസംബർ 2015 75
മമതയും നിർമമതയും ഉണ്ട്.
ഉത്തരവാദിത്വങ്ങളും ഉദാസീനതകളും
ഒരേ വേളയിൽ ഇയാൾ പുലർത്തുന്നു.
ഉന്മാദവും ഉത്സാഹവും അലസതയും
ഒരേ ചരടിൽ കൊണ്ട് പോകുന്നു. ഈ
പുസ്തകത്തിന്റെ പുറം ചട്ടയിൽ കൂടി
ഒരു കവിത കൊടുത്തിട്ടുണ്ട്.

അത്ര നല്ലവനല്ല ഞാൻ
അത്ര ചീത്തയുമല്ല ഞാൻ
അത്ര നല്ലവനല്ലാത്ത എന്നെ
അത്ര നല്ലവളല്ലാത്ത നിനക്ക്
സ്‌നേഹിക്കാൻ കഴിയാത്തത്
അത്ര നല്ലതല്ല കേട്ടോ.

ഇത് കാമിക്കാത്തവളോട്
മാത്രമാണോ കേൾവിക്കാരനോട്,
വായിക്കുന്നവരോട് കൂടെ
പറയേണ്ടതല്ലേ? പറയുന്നതല്ലേ ?
ആരും വലിയവരുമല്ല; അത്ര
ചെറിയവരുമല്ല എന്ന് സിദ്ധാർത്ഥൻ
പുസ്തകത്തിന്റെ തുടക്കക്കവിതകളി
ലൊന്നിൽ പറഞ്ഞിട്ടുള്ളത്, ആദ്യം
സൂചിപ്പിച്ചിട്ടുണ്ട്.

ഗോഡ് എലോൺ ഈസ് ഗ്രേറ്റ്.
ആരും വലിയവരല്ല
ആരും ചെറിയവരല്ല (പുറം 9)

രണ്ട്

അങ്ങോട്ടും ഇങ്ങോട്ടും കളിക്കുന്ന
കളിയാണ് പ്രകൃതി.
വൈരുദ്ധ്യാധിഷ്ഠിതം എന്ന് പ്രകൃതി
വിശേഷിപ്പിക്കപ്പെട്ടത് അതുകൊണ്ടാണ്.
വിരുദ്ധകോടികളല്ലാതെ പ്രകൃതിയിന്മേൽ ഒന്നും തന്നെ ഇല്ല.
എന്നിട്ടും അത് ഒന്നായിട്ടിരിക്കുകയും
ചെയ്യുന്നു.

എം.ആർ. വിഷ്ണുപ്രസാദിന്റെ ‘കളി’യിൽ
അവൻ-അവൾ അങ്ങോട്ടും ഇങ്ങോട്ടും
എറിയുന്നു. ബോളുകൊണ്ടും
അല്ലാതെയും. ആദ്യം
ബോളുകൊണ്ടെറിഞ്ഞാൽ പിന്നെ
അതില്ലാതെയും എറിയാം.
(നിത്യാഭ്യാസി ആനയെ എടുക്കും)
പിന്നെ ബോളുകൾ അങ്ങോട്ടും
ഇങ്ങോട്ടും സ്വയം എറിഞ്ഞു കൊള്ളും.
കളി ഉണ്ടാക്കിയാൽ പിന്നെ കളി സ്വയം
കളിച്ചു കൊള്ളും. കളിക്കാൻ
വിചാരിക്കണമെന്നില്ല. ചത്ത
സിംഹത്തെ ഉണർത്തുന്നതു
പോലെയാണ് ചില കളികൾ.
കാത്തിരുന്നു കാണുക. യുദ്ധം
ഉണ്ടാവുന്നതല്ലെങ്കിലും (അത്
ഉണ്ടാക്കുന്നതാണ്), അതുണ്ടാക്കി
കഴിഞ്ഞാൽ പിന്നെയും പിന്നെയും
ഉണ്ടായിക്കൊണ്ടേയിരിക്കും.
ജീവൻ മരണത്തോടും, മരണം
ജീവിതത്തോടും
പൊരുതികൊണ്ടിരിക്കുന്നു.

‘സംസ്‌കാരം’ എന്ന കവിത, ആർക്കു
വേണ്ടി കുഴിവെട്ടിയോ അവനോട്
എഴുന്നേറ്റ് തനിക്കും ഒരു
കുഴിവെട്ടിത്തരാൻ പറയുന്നു.
കർത്താവും കർമവും തിരിഞ്ഞ്
മറിയുന്ന കവിത. ക്രിയ മാറുന്നില്ല-
‘സംസ്‌കാരം’ ആണ് നടക്കുന്നത്,
നടത്തുന്നത്.
ഉറക്കവും ഉണർച്ചയും ഈ
കവിതകളുടെ കാലത്ത് ഒന്നാണ്.
ജനനത്തിന് മുമ്പും മരണത്തിന്
ശേഷവും ജീവിതം ഒന്നു
പോലെയാണ്. ഇടയ്ക്കും അങ്ങനെ
തന്നെ. ഈ കാര്യം ചുവരിൽ
എഴുതുകയല്ല പുതിയ കവിത
ചെയ്യുന്നത്. നാനാ ഭാവങ്ങളിലും അത്
കാണിക്കുകയാണ്.

അർദ്ധരാത്രിയിൽ
വാഹനങ്ങൾ നിലച്ചപ്പോൾ
കസേരകൾ
തെരുവിലേക്ക്
വലിച്ചിട്ട്
കളിക്കാനിരുന്നു.
ചുരുണ്ടും
നിവർന്നും
മലർന്നും
കമിഴ്ന്നും.
……………….
……………….
അമാവാസികളും
അർദ്ധരാത്രികളും
തീർന്ന് തീർന്ന്
നൂറ്റാണ്ടുകൾ
മാഞ്ഞ് മാഞ്ഞ്
തീവണ്ടികളും
കാക്കകളും
ഇരുമ്പും
കോൺക്രീറ്റും
ഇലക്‌ട്രോണും
കാന്തങ്ങളും
മരുന്നും
തുണികളും
തിരിഞ്ഞും
മറിഞ്ഞും
കമിഴ്ന്നും
മലർന്നും
(ചരിത്രം)

ചരിത്രം കമിഴ്ന്നും മലർന്നും
പോകുന്ന രാത്രികളാണ്,
കാക്കകളാണ്…. വർത്തമാനങ്ങളും
ഭാവികാലങ്ങളും അങ്ങനെ. എന്നാൽ
അങ്ങനെ വിളിച്ചു പറയാതെ ക്രിയയിൽ,
വിശേഷണങ്ങളിൽ മാറ്റൊലിയിൽ അത് കൂടിച്ചേരുന്നു.
രാസായുധങ്ങൾ പോലെ
പ്രവർത്തിക്കുന്നു. ഇല്ലായ്മയും
ഉണ്ടാകലും ഒന്നാണെന്ന്
പൂരിപ്പിക്കുന്നു. കാണുമ്പോഴുള്ള
നിശ്ചലതയും തുടങ്ങുന്നേടത്ത്
എത്തിച്ചേരലുമാണ് ലോകം. ജനനം,
ജീവനം, മരണം- ബാല്യം, യൗവനം,
വാർദ്ധക്യം – ഇവയിലെല്ലാമുള്ള
ചാക്രികത ഓരോ ശ്രദ്ധയുള്ള
കാഴ്ചകളിലുമുണ്ട്:

അപ്പോഴാണ് ഒരെട്ടുകാലി
മേശപ്പുറത്തേക്ക് കടന്നു വന്നത്.
ഞാനതിനെ നോക്കിയിരുന്നു.
അത് ഒരു ചീവിടിനെ
ചെള്ള് ഒരു കടന്നലിനെ
കടന്നൽ പാറ്റയെ
പാറ്റ ഗൗളിയെ
ഗൗളി കസേരയെ
കസേര എന്നെ
ഞാൻ എട്ടുകാലിയെ
(പല്ലുതേപ്പ്)

പാരസ്പര്യം വൈരുദ്ധ്യം
നിറഞ്ഞതാണ്. വിരുദ്ധതയാണ്
ഇണക്കത്തെ പ്രസക്തമാക്കുന്നത്.
ഇണങ്ങുമ്പോഴും അഴിവ് മാറുന്നുണ്ടോ
എന്നറിയില്ല. നേരത്തെ സൂചിപ്പിച്ച
വിരുദ്ധ കോടികൾ ഓരോ അണുവിലും
നേരത്തിലും സഹവർത്തിത്വത്തിലും
പ്രസക്തമാകുന്നു. അടുപ്പവും
അകലവും കൂടുന്നതാണ് പുതിയ
കാലത്തിന്റെ തനിനിറം.
(അറിയാത്തോർ
തമ്മിലയൽപക്കക്കാർ അറിയുന്നോരെല്ലാരുമന്യനാട്ടാർ
എന്ന് ഇടശ്ശേരി
ഗോവിന്ദൻ നായർ പ്രവചനം നടത്തി)
പുതു കവിത ഈ തനി നിറത്തെ
ഹോളി ആഘോഷമാക്കുന്നു:

പാർക്കിൽ പോയത്
കരിമ്പുതോട്ടത്തിൽ വിശ്രമിച്ചത്
ഭൂഗർഭ ലൈബ്രറിയിലിരുന്ന്
പാമ്പും കോണിയും കളിച്ചത്
കഴുവേറീനീയാരാണെന്നറിയാതാ
ണല്ലോടാ
ഞാനിതുവരെ
ഇതൊക്കെ ചെയ്തത്.
മറ്റൊന്നും
ആലോചിക്കേണ്ട
എടുക്കെടാ പിസ്റ്റൾ
ബെർത്ത് ഡേയ്ക്ക്
സമ്മാനം കിട്ടിയ
ഒരെണ്ണം
എന്റെ കൈയിലുമുണ്ട്.
പരസ്പരമിങ്ങനെ
തോക്കുചൂണ്ടി
മുഖാമുഖം നിന്നിട്ടും
ഓർത്തെടുക്കാൻ
പറ്റുന്നില്ലല്ലോ
ഒന്നും.
(എവിടെ വച്ചാ കണ്ടത്)

ആൺ – പെൺ വൈരുദ്ധ്യമാണ്
എം.ആർ. വിഷ്ണുപ്രസാദിന്റെ
‘ആണിറച്ചി’യുടെ വിഷയം. പെൺ
സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം
പുതുകാലം പ്രസംഗിക്കുന്നുണ്ടെങ്കിലും
ആൺനഷ്ടങ്ങളെ, മാനഹാനികളെ
അധികമാരും പറയുന്നില്ല;
എഴുതുന്നുമില്ല. എന്നാൽ വിഷ്ണു
‘ആണിറച്ചി’യിൽ എഴുതുന്നു.

പുരുഷമാംസത്തെ
തുണിസഞ്ചീലിട്ട്
തിരിച്ചു പോകുന്നു കറിവച്ചീടുവാൻ
ഇറച്ചിയും കൊണ്ട്
പാഞ്ഞുപോകുമ്പോൾ
കുടുംബവീടിന്റെ അടുക്കളത്തട്ടിൽ
കറിമസാലക്കൂട്ടുണർന്നിരിക്കുന്നു.
ആണിനെ വേവിച്ചു തിന്നുന്ന
സ്ഥാപനമാണ് കുടുംബവീട് എന്നത്
പുതു പ്രവചനമോ യാഥാർത്ഥ്യമോ
എന്നത് സ്ര്തീവാദികൾക്കും ചിന്തിക്കാൻ
വിഷയമാവുന്നു. അതിലെ ‘വ്യവസ്ഥ’
രസകരവും.

‘ഉപ്പൂറ്റി’ എന്ന രചനയിലും
ഈ കൗതുകം ഉണർന്നിരിക്കുന്നു.
കൂട്ടുകാരി വിളിച്ചതു കൊണ്ട് ചെന്നു.
കടൽത്തീരത്ത് ഓടി നടന്നു. ഉപ്പൂറ്റി
വേവുന്നത് പെണ്ണറിഞ്ഞില്ല. തന്റെ
മടിയാണ് വേഗത കുറയ്ക്കുന്നതെന്ന്
പെണ്ണ് വിചാരിക്കുന്നു.

‘എടാ കഴുതേ നിനക്കെന്നെ
മടുത്തോ?
ഏതാ നിന്റെ പുതിയ
സംബന്ധിക്കാരി?
നീറിക്കൊണ്ടിരിക്കുന്ന
വലതുകാലുയർത്തി
ഞാൻ പറഞ്ഞു.
ഉപ്പൂറ്റി
ഉപ്പൂറ്റി.

‘സ്‌പൈഡർവുമണം’ പെണ്ണിലെ
അവിചാരിതകൾ കാണിക്കുന്നു.’ഓരി’,
‘ഡിക്കിയിലെന്താണ്’ തുടങ്ങിയ
കവിതകൾ ദൃശ്യമേൽക്കോയ്മയുടെ
ഭൂതദൃശ്യങ്ങൾ ചിത്രീകരിക്കുന്നു.
മനുഷ്യനെ കൊല്ലാൻ നടക്കുന്നവൻ
മനുഷ്യന്റെ ഓരിയായി മാറുന്നു (ഓരി).
ഡിക്കിയിലെ തേങ്ങാക്കൊലകൾ
തലകൾ തന്നെയാണ്, കൊലകൾ
തന്നെയാണ് (ഡിക്കിയിലെന്താണ്
ഡിക്കിയിലെന്താണ്).

വർത്തമാനത്തിന്റെ ദൃശ്യപരത ഇത്
വാർത്തയാക്കുന്നു. ഭൂതത്തിൽ ഇവ
വാർത്തകളായില്ലെന്നേയുള്ളൂ. അന്ന്
പരസ്യം, വാർത്ത കുറവായതു കൊണ്ട്.
ഇന്ന് ചിഹ്നവാർത്ത, അക്ഷരവാർത്ത,
ശബ്ദവാർത്ത, ദൃശ്യവാർത്ത എല്ലാം
കൂടുതൽ. പരസ്യം കൂടുതൽ.
അറിവിന്റെ പരപ്പ് കൂടുന്നു. ആഴം
കുറയുന്നു. പേടി വർദ്ധിക്കുന്നു.

ഡിക്കിയിലെന്താണ്?
ഡിക്കിയിലെന്താണ്?
തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന ആവേഗത്തിൽ
സഡൻ ബ്രേക്കിട്ട്
ഡോർ തുറന്ന്
എന്നെ വലിച്ചു പുറത്താക്കി
…………………………..
………………………….
ഞെട്ടിത്തരിച്ചുപോയ് ഞാൻ
തലകൾ തലകൾ
ഞങ്ങളുടെ തലകൾ
തേങ്ങ തേങ്ങ
തേങ്ങാക്കൊല.

‘മൃത്യുഞ്ജയം എന്ന ഭൂഗർഭ
ലൈബ്രറി, ഫാഷൻഷോ തുടങ്ങി
വിഷ്ണുവിന്റെ മിക്കവാറും രചനകളിൽ
ദൃശ്യഭീകരതയുടെ മുഴക്കങ്ങൾ
നിലനിൽക്കുന്നു.
സാങ്കേതിക ദൃശ്യവിതാനം
ജൈവപ്രകൃതിക്കെതിരായ
ഭീഷണികൂടിയാണ്. ‘ഋതുക്കളും
ബുദ്ധനും’ എന്ന സമാഹാരത്തിൽ ഈ
ഏറ്റുമുട്ടൽ ഉണ്ട്. അടുത്ത
പുസ്തകത്തിൽ, ‘ആണിറച്ചി’യിൽ
എത്തുമ്പോൾ, ദൃശ്യപ്പെടുത്തി രക്ഷപ്പെ
ടുത്തുകയും രക്ഷനേടുകയും ചെയ്യുന്ന
ലോകത്തിന്റെ അരക്ഷിതത്വം അതിന്റെ
സങ്കീർണത സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന്

വാക്കുകൾ കൊണ്ട് കൃത്യമായി
ചിത്രം വരയ്ക്കുക അല്ലെങ്കിൽ
വർണിക്കുക എന്ന പതിവ് പുതിയ
കവിതയ്ക്കില്ല. പുതിയ
ദൃശ്യലോകത്തിന്റെ പതിവുകൾ
പുതുകവിതയിലും വരുന്നു. കാഴ്ചകളെ
കവിത പകർത്താൻ ഇന്ന് ആഗ്രഹിക്കു
ന്നില്ല. പകരം അവയെ
ഭാവപ്പെടുത്തുകയാണ് ചെയ്യുന്നത്.
വാക്കുകളും വാക്യങ്ങളും കവിതയുടെ
തനത് നിർമിതികളായി മാറുന്നു. അവ
ചരിത്രം ഓർമിപ്പിക്കുന്നു. വർത്തമാനം
പ്രകടിപ്പിക്കുന്നു. ഭാവിയെ
നിലനിർത്തുന്നു. ഭൂത വർത്തമാന
ഭവിഷ്യൽ കാലങ്ങളിൽ,
ഭൂഖണ്ഡാന്തര വ്യത്യാസമില്ലാതെ
ഓടിക്കളിക്കുന്ന ഒരു ഭാഷയാണ്
ഇന്നത്തെ പുതുകവിതയുടെ ഭാഷ.
അത് ഓടുന്നു, പാടുന്നു, ആടുന്നു,
നീന്തി കളിക്കുന്നു, പറക്കുന്നു, പലതരം
വേലകൾ ചെയ്യുന്നു. ഇടയ്ക്ക്
കമ്പ്യൂട്ടറിന്റെ മുന്നിലും ഇരിക്കുന്നു.
വല്ലപ്പോഴുമുള്ള നിശബ്ദതയും
ഭാഷയാകുന്നു. താൻ താനെന്നുള്ള ഒരു
ഓക്കാവും പുതുകവിതയ്ക്കില്ല.
(ആധുനികതയ്ക്ക് അതുണ്ടായിരുന്നു,
അതിന് മുമ്പ് കാല്പനികതയ്ക്കും)
അപ്പോഴും ചില കൊത്തു വേലകൾ,
ചിത്രപ്പണികൾ, ചെറു സംഗീത
മാധുരി… എല്ലാം പുതു
കവിതപ്പറമ്പിലുണ്ട്.

ദൃശ്യങ്ങളുമായി ഓടുന്ന ഭാഷയാണ്
ലതീഷ് മോഹന്റേത്. ദൃശ്യങ്ങൾ
ദൃശ്യങ്ങൾക്ക് പിറകേ ഓടുന്നു.
വാക്കിന്റെ അർത്ഥം പകിട്ട്
ആഗ്രഹിക്കുന്നില്ല, വിശേഷം
ആഗ്രഹിക്കുന്നു. മാറ്റിയുടുപ്പുകൾ
നേടിയെടുക്കുന്നു. അർത്ഥത്തിന്റെ
അടുത്ത് വീണ് കിടക്കുന്ന
അർത്ഥമാണ് ലതീഷ് മോഹനെയും
സിദ്ധാർത്ഥനെയും വിഷ്ണുവിനെയും
പോലുള്ള കവികൾക്ക് വേണ്ടതെന്ന്
തോന്നുന്നു.

‘കാട്ടുതീയ്ക്ക് മുന്നിലോടുന്ന
എലികളും മുയലുകളും പോലെ
ഇരച്ചിരച്ച്
എല്ലാജനലുകളിലൂടെയും വെളിച്ചം’
(പരിഭ്രമണം – പുറം 84)

ഇത്തരം ഉപമ പഴയ
കാവ്യബോധത്തിലില്ല. ആകാശമല്ല,
ആളാണ് പോകുന്നത്. എന്നാൽ
പുതിയ കവിതയിൽ ആളിന്റെ കൂടെ ആ
ആളിന്റെ ആകാശവും പോകുന്നു.
(നടന്നു പോകുന്നു, പുറം 80)

‘ആവർത്തനം കൊണ്ട്, സൂചിപ്പിക്കാനുള്ള
കഴിവ് നഷ്ടപ്പെട്ട’
പ്രയോഗങ്ങളിൽ നിന്നുള്ള മോചനം
പുതിയ കാവ്യം നേടിയെടുക്കുന്നത്
ഭാഷാർത്ഥങ്ങൾക്ക് പുതിയ
വ്യവസ്ഥകൾ നൽകിക്കൊണ്ടാണ്.
ശരിയായ കൃതിയെ (ളണഷള)
ആഗ്രഹിക്കുന്ന ഏതു പുതുമലയാള
കവിയും ഇതു ചെയ്യുന്നു.
നീന്തി നീന്തി പ്പോകുന്നു
എത്ര കടലുകളൊരാളിലേക്കെന്ന്
നീന്തി നീന്തിപ്പോകുമ്പോൾ
നീങ്ങി നീങ്ങിപ്പോകുന്ന
എത്രകടലുകളൊരാളിലെക്കെന്ന്
നീന്തി നീന്തിപ്പോകുന്നു.
(പച്ചപ്പ്…. പടരുന്നടിവേരുകളിൽ,
പുറം 75)

ആഞ്ഞിലിച്ചക്കയ്ക്കായി പ്ലാവിൽ
വലിഞ്ഞു കയറിയവനെ നീറു
കടിച്ചതിന്റെ പാടുകൾ മുമ്പോട്ട്
സഞ്ചരിച്ച ശരീരം സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഒരു സംഭവത്തിന് ശേഷം അതിനെ
കുറിച്ച് ചിന്തിച്ചിരിക്കുന്നവന്
സത്യത്തിൽ നഷ്ടമാകുന്നത്
ദിശാബോധമാണ്. മുന്നോട്ട് സഞ്ചരിച്ച
ശരീരം എന്നെഴുതി
മഷിയുണങ്ങുന്നതിന് മുമ്പ്
സഞ്ചരിച്ചതെങ്ങോട്ട് എന്ന ചോദ്യം
ഉയർന്നു വരുന്നതങ്ങിനെയാണ്.
(കൈത്തോടിനു മീതെ
കടലൊഴുകുന്നു… പുറം 62).

എതിർസീറ്റിലിരുന്ന്
കൈവെള്ളയിലെ രേഖകളെക്കാൾ
വിചിത്രമായി എന്തുണ്ട് ?
അത്രയടുത്ത് അറിയാമായിരുന്നിട്ടും
മറ്റുള്ളവരിൽ
വിശദീകരിക്കപ്പെടേണ്ട
ഇന്നലെയും നാളെയുമാണ്
അതെന്നു വരുമ്പോൾ
കൈവെള്ളയിലെ രേഖകളേക്കാൾ
വിചിത്രമായി എന്തുണ്ട്?
എന്ന് ബിയറിരമ്പും കണ്ണിറുക്കുന്നു
അതിശയോക്തി ഒട്ടുമില്ലാതെ ഒരു
കാക്ക
(പ്രളയത്തിനു മീതേ പൊങ്ങു
തടികൾ, കാക്കകൾ – പുറം 53)

അഭിധ, ലക്ഷണ, വ്യഞ്ജന
ആദിയായ അർത്ഥപ്പടവുകൾക്ക്
യാതൊരു സാദ്ധ്യതയും തുറന്നു
കൊടുക്കാത്ത കൗതുകഭാഷയാണ്
ലതീഷ് മോഹൻ ഉപയോഗിക്കുന്നത്.
മേൽസൂചിപ്പിച്ചപോലുള്ള
ഉദാഹരിതങ്ങൾ ലതീഷിന്റെ
കവിതകളിൽ എല്ലാത്തിലുമുണ്ട്.
ഇങ്ങനെയൊരു ഭാഷയിലല്ലാതെ
ലതീഷ് മോഹനെ പോലുള്ള കവികൾ ഇല്ല.
അവർക്ക് പരിഹാസം വേദിയിലെ
നാട്യമല്ല. കവിത പ്രവചന വസ്തുവല്ല.
അവർ വിജനത മുറിച്ചെഴുതുന്നു:
വി/ജനത (പുറം 13). ഒരു ജനതയിൽ
ഓരോരുത്തർക്കും ഓരോ വിജനത. ഒരു
ജനതയുടെ വിജനതയും അതിലെ
ഒരാളുടെ, ഓരോരുത്തരുടെയും
വിജനതയും ഓരോന്ന്. ഓരോ നേരത്ത്
ഓരോ വിജനത, ഓരോരുത്തരിൽ.
ഓരോ കാലത്ത്, ഓരോ വിജനത
ഓരോരുത്തരിലും. അതുകൊണ്ടാണ്
ലതീഷിന്റെ മഷിയിൽ വിജനത
വി/ജനതയായിരിക്കുന്നത്.

തീവണ്ടിയിൽ ദൃശ്യപ്പെരുക്കൾ ഓടി
മറയുന്നു. കാറ്റിൽ അവ വീഴുന്നു.
തോട്ടിൽ അവ വീഴുന്നു. കാനനങ്ങളിൽ
അവ മൃഗിക്കുന്നു, ചീത്ത ജലം
കുടിക്കുന്നു, നല്ല മൂത്രം ഒഴിക്കുന്നു.
വഴിയിലെല്ലാം ലതീഷിന്റെ
വീടുകളാണ്, സിദ്ധാർത്ഥന്റെ
പാതകളാണ്, വിഷ്ണുവിന്റെ
ദേഹങ്ങളാണ്.

നാല്

പരാതികൾക്ക് പ്രസക്തിയില്ലാത്ത
നൂറ്റാണ്ടിലാണ് പുതു കവിത
ഉണ്ടായിരിക്കുന്നത്.
പരാതിപറയുന്നവരുടെ കാലം
കഴിഞ്ഞത് അത് കേൾക്കുന്നവരുടെ
കാലം ഒഴിഞ്ഞതിനാലാണ്. പുതിയ
കവിത ഭൂസ്ഥിരത നേടുന്നില്ല.
കവിതത്തഴക്കം (ഇരുത്തം)
ഉറപ്പിക്കുന്നുമില്ല. മേഘത്തിലോ
വനത്തിലോ ഓടിപ്പറക്കുന്നു.
അത്രമാത്രം. ചില വിഭൂതികൾ ശിവലിംഗത്തിൽ
നിന്ന് അവർക്ക് കിട്ടിയിട്ടുണ്ട്.
ഓം മൂലപ്രകൃതൈ്യ നമഃ
ഓം കാമകലാരൂപായൈ നമഃ
ഓം മഹാഭോഗായൈ നമഃ
എന്നും
ഓം രാഗേന്ദുവദനായൈ നമഃ
ഓം രതിപ്രിയായൈ നമഃ
ഓം ഭഗമാലിനൈ്യ നമഃ
എന്നും
വിഷ്ണുപ്രസാദിന്റെ ഒരു കവിത
(ചുമടുതാങ്ങിയിൽ കിടക്കുമ്പോൾ –
ഋതുക്കളും ശ്രീബുദ്ധനും പുറം 14-15)
ഓർമിക്കുന്നുണ്ട്.

പുതുകവിതയ്ക്ക്
ഓർമകളില്ലെന്നാരും പറയില്ല.
ഓർമകളേ ഉള്ളു, വർത്തമാനത്തിലും
ഭാവി (ഉണ്ടെങ്കിൽ)യിലും കൂടി അതേ
ഉള്ളൂ.
ചിലർ മാരുതനിൽ കളിക്കുന്നു.
ചിലർ തോട്ടിൽ കളിക്കുന്നു. ചിലർ
റോഡിൽ, സൂര്യനിൽ, സംശയങ്ങളിൽ,
ഒത്തു പോകുന്നില്ല, ഒന്നിച്ചു പോകുന്നു.

അഞ്ച്

നേരിട്ടുള്ള ഭാഷണത്തിന്റെ
അകനാടകം രണ്ടു പതിറ്റാണ്ടിലേറെയായി
മലയാളത്തിൽ സ്വയം
അരങ്ങേറിയിട്ട്. നവീനത
(ബമഢണറഭധലബ)യുടെ പരോക്ഷ
സ്വാധീനതയിൽ എഴുതിത്തുടങ്ങിയ
90കളിലെ പുതുക്കക്കാരിൽ പോലും
ഈ അകഭാഷണം കണ്ടിരുന്നു. പിന്നീട്
ഇതിന്റെ ഒലി വർദ്ധിച്ചു. ദൃശ്യഭാഷയ്ക്ക്
പ്രസരം കൂടി. അതിൽ നൃത്തവും
ചിത്രവും സൂക്ഷ്മ സംഗീത ധ്വനികളും
ഗണിത സൂത്രങ്ങളും പോലും തനതു
സ്ഥാനം നേടി. രണ്ടായിരത്തോടെ
ഭാഷയ്ക്കുള്ളിൽ മറ്റൊരു ചലനഭാഷ
സൃഷ്ടിച്ചു കൊണ്ട് പുതുകവിത
അതിന്റെ ഗതി വെളിപ്പെടുത്തി.
2010 ന് ശേഷമുള്ള സൈബർ
വേഗതയുള്ള കാവ്യഭാഷയുടെ,
ശരിയായ തുടക്കം അതിന് ഒരു
പതിറ്റാണ്ട് മുമ്പെങ്കിലും രേഖപ്പെടുത്തി.
ഓർമിച്ചാൽ എഴുത്ത് നിർത്തിയവരും,
അതിനേക്കാളും തുടരുന്നവരുമായ
വളരെ എഴുത്തുകാർ ഈ
പതിറ്റാണ്ടുകളിൽ ഉണ്ട്. പി.എ.
നാസിമുദ്ദീൻ, ഷിറാസ് അലി, സി.എസ്.
ജയചന്ദ്രൻ, എൽ. തോമസുകുട്ടി,
കെ.എസ്. അജിത്, രജനി മന്നാടിയാർ,
ബാലകൃഷ്ണൻ ഒളവെട്ടൂർ, ശ്രീകുമാർ
കരിയാട്, എൻ.ജി. ഉണ്ണികൃഷ്ണൻ
തുടങ്ങി ഒട്ടേറെ കവികൾ ഇപ്പറഞ്ഞ
രണ്ട് പതിറ്റാണ്ടുകളിൽ കവിതയിൽ ഈ
അതിസാധാരണത കണ്ടെത്താൻ
ശ്രമപ്പെട്ടു. ക്രിസ്പിൻ ജോസഫ്,
വിഷ്ണുപ്രസാദ്, വിജു കൊന്നമൂട്,
ദേവസേന, ഗയ, എസ്.ജി. മിത്ര
തുടങ്ങിയ ഏറ്റവും ഇളയ തലമുറയിൽ
ഏറെപ്പേർ ഭാഷയിലെ വിഭ്രമത്വവും
സൂക്ഷ്മദർശനതയും അറിഞ്ഞും
അറിയാതെയും കവിതയിൽ സംവദി
ക്കാൻ ഇഷ്ടപ്പെടുന്നു. എം.ആർ.
വിഷ്ണുപ്രസാദിന്റെയും ജി.
സിദ്ധാർത്ഥന്റെയും ലതീഷ്
മോഹന്റെയും കൃതികൾ ഈ
മോഹവിപ്ലവത്തിന് ദൃഷ്ടാന്തമായാണ്
ഇവിടെ ഉപയോഗിച്ചത്.

ഗ്രന്ഥസൂചി:
1. ഡയസ് വെഡ്‌സ് ഡീന –
ജി.സിദ്ധാർത്ഥൻ. ഡേൽഗേറ്റ് കാര്യവട്ടം
2006
2. ചെവികൾ, ചെമ്പരത്തികൾ- ലതീഷ്
മോഹൻ. ഡി.സി. ബുക്‌സ്
കോട്ടയം-2012
3. ആണിറച്ചി – എം.ആർ.
വിഷ്ണുപ്രസാദ്. കൃതി പബ്ലിക്കേഷൻ,
എറണാകുളം 2014.

Previous Post

പെൺഭാഷയിലെ അഗ്നിനാളം

Next Post

അവസാനത്തെ അത്താഴം

Related Articles

വായന

ബംഗാളി കലാപം: ഭയം ഭക്ഷിക്കുന്നവർ!

കവർ സ്റ്റോറി3വായന

അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ ഇതിഹാസം

വായന

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

വായന

പെൺകാക്ക: കറുപ്പിന് പറയാനുള്ളത്

വായന

പായലേ വിട, പൂപ്പലേ വിട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ആർ. മനോജ്

അർത്ഥത്തിന് അടുത്ത് കിടക്കുന്ന...

ആർ. മനോജ്  

ഒരാളുടെ ഭാഷ കവിതയാകുമ്പോഴാണ് അയാൾ അല്ലെങ്കിൽ അവൾ കവിയാകുന്നത്. പ്രപഞ്ച കാലത്തിൽ മറഞ്ഞിരിക്കുന്ന ഭാഷകൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven