• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

9. സുകൃതം

ബാലകൃഷ്ണൻ July 26, 2016 0

”ഇനി അച്ഛന്റേയും അമ്മയുടേയും കല്യാണം എങ്ങനെ നടന്നു എന്ന് പറയൂ”.
സംഗീത പറഞ്ഞു.
”നാല്‍പ്പത്തേഴ് കൊല്ലം മുമ്പ്, വീട്ടുമുറ്റത്തെ പന്തലില്‍ വച്ച് വീട്ടുകാരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായ ഒരു ചടങ്ങ്. ആകെ അഞ്ച് മിനിട്ടിനുള്ളില്‍ ജീവിതാവസാനം വരെ നീണ്ടുനില്‍ക്കേണ്ട ബന്ധത്തിനുള്ള ഉടമ്പടി , മഞ്ഞ ചരടില്‍ കോര്‍ത്ത, ഹൃദയാകൃതിയിലുള്ള തിളങ്ങുന്ന ഒരു താലി മാത്രം…”
”സദ്യ നന്നായിരുന്നോ?”
”അത് പറയാനുണ്ടോ! തൃശ്ശൂരിലെ പേരു കേട്ട അമ്പിസ്സാമിയുടെ വകയായിരുന്നു, സദ്യ”.
”ഡോണ്ട് ബീറ്റ് എറൗണ്ട് ദ ബുഷ്… ഡീട്ടെയില്‍സ് പറയൂ”
അക്ഷമയോടെ പൂജ നിര്‍ബന്ധിച്ചു.
”എങ്ങനെയാണ് നിങ്ങള്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും?”
കണ്ടുമുട്ടിയതല്ല. പരിചയപ്പെട്ടതല്ല. അന്വേഷിച്ച് കണ്ടുപിടിച്ചതാണ്. എനിക്ക് കെമിസ്ട്രിയിലോ ഫിസിക്‌സിലോ ബിരുദമുള്ള ഒരു പെണ്‍കുട്ടിയെയാണ് വേണ്ടതെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ബി.ഏ.ആര്‍.സി യില്‍ തന്നെ ഒരു ജോലിക്ക് ശ്രമിക്കാമെന്ന വ്യാമോഹം. അച്ഛന്റെ മരണശേഷം ഞാന്‍ എന്തും തുറന്ന് സംസാരിച്ചിരുന്നത് എന്റെ സഹോദരീഭര്‍ത്താവായ പരമേശ്വരമേനോനോടായിരുന്നു. എന്നേക്കാള്‍ ഏകദേശം പതിനെട്ട് വയസ്സ് പ്രായം കൂടുതലുള്ള അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു. കവിതയിലും സാഹിത്യത്തിലും സംഗീതത്തിലും താല്‍പര്യമുണ്ടായിരുന്ന ഞങ്ങളുടെ ചിന്തകള്‍ക്ക് ഏതാണ്ട് ഒരേ തരംഗദൈര്‍ഘ്യമായിരുന്നു. അദ്ദേഹത്തിന് പരിചയമുള്ള ഒരെളേതിനെയാണ് എനിക്ക് വേണ്ടിയുള്ള പെണ്ണന്വേഷണം ഏല്‍പ്പിച്ചത് . ഒരുമാസത്തെ ലീവേ ഉണ്ടായിരുന്നുള്ളു. വയസ്സാണെങ്കില്‍ മുപ്പത് കഴിഞ്ഞു. ഇനിയും ദീര്‍ഘിപ്പിക്കുന്നത് ശരിയല്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അതുകൊണ്ട് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
എളേത് രണ്ടാലോചനകള്‍ കൊണ്ട് വന്നു. ഒന്ന് കേച്ചേരിയില്‍ നിന്ന്. രണ്ടാമത്തേത് കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ നിന്ന്.
പെണ്ണുകാണാന്‍ പോയത് ഞാനും, പരമേശ്വരമേനോനും, പരമുവും. തൃശ്ശൂരില്‍ നിന്ന് ബസ്സ് കേച്ചേരിയിലെത്തിയപ്പോള്‍ എളേത് പറഞ്ഞു, ”നമുക്ക് ഇവിടെ എറങ്ങീട്ട് പിന്നീട് കുന്നംകുളത്തേക്ക് പോയാലോ? കേച്ചേരിയിലുള്ള കുട്ടി പുരാതനവും പ്രസിദ്ധവുമായ ഒരു തറവാട്ടിലെയാണ്. അവിടെ പ്രായം ചെന്ന കാരണവന്മാരേയുള്ളു, ഇപ്പോള്‍. കുട്ടിയുടെ സഹോദരന്‍ ബോംബെയിലാണ്. അത് ഇഷ്ടല്ല്യാന്ന്ച്ചാല് ആദ്യം ചൊവ്വന്നൂര്തന്നെ പോകാം”.

ചൊവ്വന്നൂര് പോകാമെന്ന് ഞാന്‍. അകലെയുള്ളത് ആദ്യം എന്നായിരുന്നോ എന്റെ ചിന്ത? വ്യക്തമായി പറയാനാവില്ല.
പണ്ടെന്നോ ഗുരുവായൂര്‍ പോകുമ്പോള്‍, ബസ് കണ്ടക്ടര്‍മാര്‍ കുന്നംകുളം… കുന്നംകുളം എന്ന് വിളിച്ച് പറയുന്നത് കേട്ട ഓര്‍മയുണ്ടായിരുന്നു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന കവി ഞാന്‍ പഠിക്കുമ്പോള്‍ കേരളവര്‍മ കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് ആ സ്ഥലപ്പേരും പരിചിതമായിരുന്നു. എന്നാല്‍ ചൊവ്വന്നൂര്‍ തികച്ചും അപരിചിതം.
പകല്‍ സമയത്തും വെളിച്ചം കടക്കാത്തവിധം വൃക്ഷനിബിഡമായ ഒരു തൊടിയിലേക്കാണ് റോഡില്‍ നിന്നുള്ള ഇരുമ്പ് ഗെയ്റ്റ് തുറന്നത്. ഗെയ്റ്റിനോട് തൊട്ട് ഒരു ചെറിയ അമ്പലം. അത് കുടുംബ ക്ഷേത്രമാവാം. താഴേക്ക് ഇറങ്ങിപ്പോകുന്ന ചെറിയ വഴിയിലൂടെ നടക്കുമ്പോള്‍ എളേത് പറഞ്ഞു, ”അംഗസംഖ്യ വളരെ കുറവാണ്. രണ്ടോ മൂന്നോ പേരേ ഇപ്പോള്‍ താമസമുള്ളു. അമ്മയും മകളും ബി.ഡി.ഒ. ആയ സഹോദരന്‍ ഹരിദാസും. വക്കീലായിരുന്ന അച്ഛന്‍ മുമ്പേ മരിച്ചിരുന്നു. മൂത്ത സഹോദരന്‍ പൊതുമരാമത്ത് വകുപ്പില്‍ (ൂകഉ) അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍. മൂത്ത ചേച്ചിമാര്‍ രണ്ടു പേരും കല്യാണം കഴിഞ്ഞ് ബോംബെയിലാണ്. താഴെയുള്ള അനിയന്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്നു. പെണ്‍കുട്ടി ബി.എസ്.സി. പാസ്സായിട്ടുണ്ട്”.
ഞങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ പൂമുഖത്തുതന്നെ കിടന്നിരുന്ന, ടോമിയെന്ന കറുത്ത് തടിച്ച നായയെ കണ്ട് ചെറുതായൊന്ന് വിരണ്ടു. അത് മനസ്സിലാക്കിയ ഹരിദാസ് ”പേടിക്കണ്ട, അവന്‍ നിരുപദ്രവിയാണ്” എന്ന് ഞങ്ങള്‍ക്ക് ധൈര്യം തന്നു.

വെളുത്ത്, ഉയരമുള്ള സുമുഖനായ ഹരിദാസ് ഞങ്ങളെ പ്രതീക്ഷിച്ച് ഇരിക്കയായിരുന്നു. അദ്ദേഹം ഞാനെവിടെയാണ് ജോലിചെയ്യുന്നതെന്ന് ചോദിച്ചതല്ലാതെ തസ്തികയെന്തെന്നോ, ശമ്പളമെത്രയുണ്ടെന്നോ, ഉദ്യാഗക്കയറ്റം കിട്ടുമോയെന്നോ തുടങ്ങിയ അലവലാതി ചോദ്യങ്ങളൊന്നും ചോദിച്ചില്ല. കല്യാണമാലോചിച്ച് വരുന്നവന്‍ ഭാര്യയെ സംരക്ഷിക്കാന്‍ കഴിവുള്ളവനാകും എന്ന് അദ്ദേഹം ആലോചിച്ചു കാണും. ആ വകതിരിവ് എനിക്കിഷ്ടമായി.

”മുത്തച്ഛന്‍ അമ്മൊമ്മയോട് എന്തെല്ലാമാണ് ചോദിച്ചത്?” പൂജ ഉത്സാഹത്തോടെ ചോദിച്ചു.
”പേരെന്താണെന്നും എവിടെയാണ് പഠിച്ചതെന്നും മാത്രം”.
”ദാറ്റ്‌സോള്‍.. ? പുവര്‍ മോത്‌സ്… വാസ് അമ്മൊമ്മ ഡ്രെസ്സ്ഡ് അപ് ഫോര്‍ ദ ഒക്കേഷന്‍?”
”ഇല്ല്യ. ഷി വാസ് സിംപ്ള്‍.. അതാണ് ഞാനിഷ്ടപ്പെട്ടതും”.

”മുത്തച്ഛന്‍ എഴുതുന്ന വിവരം അമ്മൊമ്മയ്ക്ക് അറിയുമായിരുന്നോ?” എന്ന് പൂജ രുഗ്മിണിയോട് ചോദിച്ചു.
അതൊന്നും അറിയുമായിരുന്നില്ല. എന്നാല്‍ ജനയുഗത്തില്‍ ബോംബെയെക്കുറിച്ച് ഒരു നോവല്‍ വരുന്നുണ്ടെന്ന് മോഹനന്‍ പറഞ്ഞപ്പോള്‍ അത് വായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കാരണം, ചേച്ചിമാര്‍ ബോംബെയിലായിരുന്നല്ലോ. മാത്രമല്ല, ഞാനും ബോംബെയില്‍ അവരോടൊപ്പം രണ്ടുമൂന്നു മാസം പോയി താമസിച്ചിരുന്നു. കല്യാണാലോചനയുമായി വന്നപ്പോഴാണ് നഗരത്തിന്റെ മുഖം എഴുതിയ ആളാണെന്ന് അറിയുന്നത്”.

”അപ്പോള്‍ അമ്മൊമ്മയ്ക്ക് എന്താ തോന്ന്യേ?”
”വിശേഷിച്ച് ഒന്നും തോന്നീല്ല്യ”.
”അത് നുണ” എന്ന് പറഞ്ഞ് പൂജ വിട്ടു കളഞ്ഞു. ”പിന്നെ എന്തുണ്ടായി?”
മറുപടി ഞാന്‍ പറഞ്ഞു.
”പിന്നെ അമ്മൊമ്മയുടെ അമ്മയും മൂത്ത ചേട്ടനും വേറെ രണ്ടു കാരണവന്മാരും കൂടി വീട്ടില്‍ വന്നു. അന്ന് ഫോണും മൊബൈലുമൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ വരുന്ന വിവരം അറിയുമായിരുന്നില്ല. അവര്‍ വരുമ്പോള്‍ ഞാന്‍ മുഷിഞ്ഞ വേഷത്തിലായിരുന്നു. കുളിച്ചിട്ടില്ല. ഷെയ്‌വ് ചെയ്തിട്ടില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നഷ്ടപ്പെട്ടിരുന്ന ഞാന്‍ അതിഥികള്‍ വന്ന് കയറിയപ്പോള്‍ വല്ലാതെ ചമ്മിപ്പോയി. എന്നാല്‍ വന്നവര്‍ അത് കാര്യമാക്കിയില്ല. അവര്‍ക്ക് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളു. കല്യാണം ഗുരുവായൂര്‍ വച്ച് നടത്തണമെന്ന് ആവശ്യപ്പെടരുത്. നാടായ നാട്ടിലെ എല്ലാവരും കല്യാണം ഗുരുവായൂര്‍ വച്ച് നടത്തുന്നതുകൊണ്ട് അത് ഒരു തരം കര്‍മം കഴിയ്ക്കലായി മാറിയിരിക്കുന്നു. മംഗളകര്‍മത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വീട്ടില്‍ വച്ച് നടത്താം എന്ന നിര്‍ദേശം. ചൊവ്വന്നൂരിനടുത്താണ് ഗുരുവായൂര്‍ ക്ഷേത്രം എന്നതാവാം അവര്‍ക്ക് അതിന് പ്രാധാന്യമില്ലാത്തത്. ഞാന്‍ കടുത്ത ഈശ്വരവിശ്വാസിയോ നിരീശ്വരവാദിയോ അല്ലാത്തതു കൊണ്ട് എനിക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. 1969 ഏപ്രില്‍ 17-ന് വിവാഹം നടത്താമെന്ന് ഏതാണ്ട് തീരുമാനിച്ച് അവര്‍ പോയി.
ഉടനെ വന്നു, പൂജയുടെ ചോദ്യം.
”എന്‍ഗേജ്‌മെന്റ് ഒന്നും ഉണ്ടായില്ലേ?”
”എന്‍ഗേജ്‌മെന്റ് ഉണ്ടായി. പക്ഷേ ഞാന്‍ പോയില്ല. അന്നത്തെ കാലത്ത് കല്യാണച്ചെക്കന്‍ എന്‍ഗേജ്‌മെന്റിന് പോകാറില്ല”.
പൂജയുടെ മുഖം നിരാശാഭരിതമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു.
”പോയാലെന്താ കുഴപ്പം?”
”കുഴപ്പമൊന്നും ഉണ്ടായിട്ടല്ല മോളേ. അന്നൊക്കെ വിവാഹത്തിന് മുമ്പ് ചെക്കനും പെണ്ണും നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ പാര്‍ക്കിലും ബീച്ചിലും പോയിരുന്ന് സൊള്ളുകയോ പതിവില്ലായിരുന്നു. ഞാന്‍ പതിവ് തെറ്റിച്ചില്ലെന്ന് മാത്രം”.
”വാട്ട് റബ്ബിഷ്! പിന്നെ ആരാ പോയത്?”
”എന്റെ അമ്മ, ഗോയിന്ദമ്മാന്‍, അമ്മായി… അങ്ങനെ ചിലര്‍. അവര്‍ പോയി കല്യാണത്തിയ്യതി നിശ്ചയിക്കുകയും കല്യാണത്തിന് എത്ര പേര്‍ പങ്കെടുക്കുമെന്നും മറ്റും തീരുമാനിക്കുകയും ചെയ്തു”.
”കല്യാണം ഗംഭീരമായോ?” എന്ന കുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഞാന്‍ തെല്ലിട നിശ്ശബ്ദനായി.
എന്റെ കല്യാണത്തെക്കുറിച്ച് വെളിച്ചമുള്ളതും വെളിച്ചമില്ലാത്തതുമായ ഓര്‍മകളുണ്ട്. കല്യാണത്തിന്റെ തലേ ദിവസമാണ് വീട്ടില്‍ ആദ്യമായി ഇലക്ട്രിസിറ്റി എത്തുന്നത്. അതുവരെ നിലവിളക്കിന്റേയും മാടമ്പി വിളക്കിന്റേയും കമ്പിവിളക്കിന്റേയും പുകപിടിച്ച വെളിച്ചമേ ഞങ്ങള്‍ കണ്ടിരുന്നുള്ളു. അന്ന് ആദ്യമായി ബള്‍ബുകള്‍ തെളിഞ്ഞപ്പോള്‍, വീടാകെ പ്രകാശത്തില്‍ കുളിച്ചപ്പോള്‍ കുട്ടികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയതും ആര്‍ത്തുവിളിച്ചതും തെളിച്ചമുള്ള ഓര്‍മ. തെളിച്ചമില്ലാത്ത ഓര്‍മ, ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തം നിഴലും വെളിച്ചവുമായി രേഖപ്പെടുത്തിയില്ല എന്നത്.
ഞങ്ങളുടെ കല്യാണത്തിന് ഒരു ഫോട്ടോ പോലും എടുത്തില്ല എന്ന് പറഞ്ഞപ്പോള്‍ പൂജ വല്ലാതെ സങ്കടപ്പെട്ടു. അന്ന് വീഡിയോയും മറ്റും ഉണ്ടായിരുന്നില്ല എന്ന കാര്യം അംഗീകരിച്ചാലും ഒരു ഫോട്ടോ പോലും എടുത്തില്ല എന്നത് കഷ്ടം തന്നെ. തൃശ്ശൂര്‍ കൃഷ്ണന്‍ നായര്‍ ഫോട്ടോ സ്റ്റുഡിയോയില്‍ എനിക്ക് ഒരു പരിചയക്കാരനുണ്ടായിരുന്നു. അയോളോട് കല്യാണത്തിന് വരണമെന്നും ഫോട്ടോ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്തോ അവിചാരിതമായ കാരണങ്ങളാല്‍ അയാള്‍ക്ക് വരാന്‍ കഴിഞ്ഞില്ല. ഞാന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പെടുത്തിയിരുന്നതു കൊണ്ട് പെണ്‍ വീട്ടുകാര്‍ ആരേയും വിളിച്ചില്ല. ഇന്നാണെങ്കില്‍ ഫോട്ടോ മാത്രം മതിയോ? കയ്യില്‍ കാശുണ്ടെങ്കിലും ഇല്ലെങ്കിലും വീഡിയോ നിര്‍ബന്ധം. അതില്‍ പെണ്ണും ചെക്കനും കൂടി വഞ്ചി തുഴയുകയോ മരം ചുറ്റി ഓടുകയോ ഒക്കെയാവാം. ഇതിലും ഒരു പടി കൂടി കടന്ന് റിമോട്ട് കണ്‍ട്രോള്‍ വീഡിയോ, അണ്ടര്‍വാട്ടര്‍ വെഡ്ഡിങ്ങ്, ഹെലികോപ്റ്റര്‍ വെഡ്ഡിങ്ങ്, അങ്ങനെ എന്തെല്ലാം എന്തെല്ലാം!
ബോംബെയിലെ (ചെമ്പൂര്‍) രൂപ്കലാ സ്റ്റുഡിയോവിലെടുത്തതാണ് ഞങ്ങളുടെ കല്യാണ ഫോട്ടോ. ആ ഫോട്ടോ കാണുമ്പോള്‍ , പിന്നീട് എന്നോ കണ്ട ‘വടക്കുനോക്കിയന്ത്ര’ത്തില്‍ ശ്രീനിവാസനും പാര്‍വതിയും ഫോട്ടോ എടുക്കാന്‍ പോയ രംഗം ഞാനോര്‍ക്കാറുണ്ട്.
”ഡിഡ് യു ഗെറ്റ് എനി കള്‍ച്ചറല്‍ ഷോക്ക് അമ്മൊമ്മ?” പൂജ രുഗ്മിണിയെ തോണ്ടി.
”ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത് കല്യാണം കഴിഞ്ഞ് മുത്തച്ഛന്റെ വീട്ടില്‍ പോകുമ്പോഴാണ്. ഞങ്ങളെ എല്ലാവരേയും തൃശ്ശൂരിലെ കാസിനോ ഹോട്ടലില്‍ കൊണ്ടു പോയി ഫ്രൂട്ട് സലാഡും ഐസ്‌ക്രീമും വാങ്ങി തന്നപ്പോള്‍. ആഭരണവിഭൂഷിതരായി തലയില്‍ പൂ ചൂടിയ പെണ്ണുങ്ങളേയും കൊണ്ട് തിരക്കു പിടിച്ച മുനിസിപ്പാലിറ്റി റോഡിലെ ഹോട്ടലില്‍ കയറുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതീട്ടില്ല..”
”മമ്മൊമ്മയ്ക്ക് പരിഭ്രാന്തി തോന്നിയോ?”
”ചമ്മലുണ്ടായെങ്കിലും അത്യാവശ്യം ഹോട്ടലിലൊക്കെ കൊണ്ട് പോയി ഐസ്‌ക്രീം വാങ്ങിത്തരുമല്ലോ എന്ന ആശ്വാസവും തോന്നി”.
കല്യാണത്തിനു ശേഷം രുഗ്മിണി എന്റെ വീട്ടില്‍ താമസത്തിനെത്തിയപ്പോള്‍, ഒരു കുടുംബ ഫോട്ടോ എടുക്കുകയുണ്ടായി. അന്ന് എന്റെ വീട്ടില്‍ സഹോദരിമാരും അവരുടെ കുട്ടികളും അടക്കം നാല്പതോളം അംഗങ്ങളുണ്ടായിരുന്നു. അംഗസംഖ്യ കുറഞ്ഞ വീട്ടില്‍ നിന്നും വന്ന രുഗ്മിണിക്ക് കിട്ടിയ രണ്ടാമത്തെ ഷോക്ക്. എങ്കിലും മത്സ്യം വെള്ളത്തിലെന്നപോലെ ഞങ്ങളുടെ കുടുംബാന്തരീക്ഷത്തില്‍ ഒഴുകി നടന്നു. പല പ്രായത്തിലുള്ളവരുമായി ഇടപഴകാന്‍ വലിയ പ്രയാസമൊന്നും ഉണ്ടായില്ല.

കുട്ടികളുമായി ചങ്ങാത്തം കൂടുന്നത് രസകരമായിരുന്നുവത്രെ. കുടുംബ ഫോട്ടോ എടുത്ത ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്ത് ഇപ്പോഴും ഞങ്ങള്‍ ചിരിക്കാറുണ്ട്. കുട്ടികള്‍ കാലത്ത് മുതലേ ഫോട്ടോ എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കണ്ണും ചിമ്മി ഉറങ്ങിയെണീറ്റ കുട്ടികള്‍ ആദ്യം അന്വേഷിച്ചത് പുതിയ ഉടുപ്പുകളായിരുന്നു. എല്ലാവര്‍ക്കും പുതിയ ഉടുപ്പുകളുണ്ടായിരുന്നില്ല. ഇല്ലാത്തവര്‍ കരയുകയും അവരവരുടെ അമ്മമാരെ ശല്യപ്പെടുത്തുകയും ചെയ്തു. ചില നീക്കുപോക്കുകള്‍ നടത്തി അവരെ സന്തോഷിപ്പിച്ചു. കുട്ടികളെല്ലാവരും ഒരു മഹാസംഭവത്തില്‍ പങ്കാളികളാവാന്‍ ഉത്സുകരായി. അതിനൊക്കെ നേതൃത്വം കൊടുത്തത് സത്യനായിരുന്നു. എന്റെ മൂത്ത മരുമകന്‍. അവന്‍ കാലത്ത് തൊട്ടേ പുതിയ ഉടുപ്പുകള്‍ ധരിച്ച് മുഖം മിനുക്കാനും മുടി ചീകാനും തുടങ്ങി. മറ്റുള്ള കുട്ടികളും അവനെ അനുകരിച്ചു. ഫോട്ടോയില്‍ എല്ലാവര്‍ക്കും ‘പ്രേംനസീറിനെ’പ്പോലെയാവണം എന്നായിരുന്നു, ആഗ്രഹം. ഫോട്ടോഗ്രാഫര്‍ കാലത്തുതന്നെ വരുമെന്നോര്‍ത്ത് കുട്ടികള്‍ അതിരാവിലെ ഉടുത്തൊരുങ്ങി, പൗഡറിട്ട,് മുടിയില്‍ എണ്ണത്തിളക്കവുമായി അക്ഷമയോടെ കാത്ത് നിന്നു. എന്നാല്‍ വെളിച്ചത്തിന്റെ സാദ്ധ്യതകള്‍ കണക്കാക്കി അയാള്‍ വന്നത് നാല് മണിക്കാണ്. അപ്പോഴേക്കും കുട്ടികളുടെ ഉടുപ്പുകളും മുഖവും മുഷിഞ്ഞിരുന്നു. സത്യന്‍ മാത്രം ഇടയ്ക്കിടെ മിനുക്കുപണികള്‍ ചെയ്ത് കുട്ടപ്പനായി നിന്നു. ഇപ്പോള്‍ സിംഗപ്പൂരില്‍ ഒരു വിദേശകമ്പനിയില്‍ മെയിന്റനന്‍സ് എന്‍ജിനീയറായി ജോലി നോക്കുന്ന അവന്‍ ഫോട്ടോകള്‍ എടുക്കുന്നതിലും സൂക്ഷിക്കുന്നതിലും അത്യധികം ഉത്സാഹിയാണ്. കാത്തിരിപ്പിന്റെ അവസാനം ഫോട്ടോഗ്രാഫര്‍ വരികയും ഫോട്ടോ എടുക്കുകയും ചെയ്തു. ഫോട്ടോവിന്റെ പ്രൂഫ് കണ്ടപ്പോള്‍ കുട്ടികളുടെ മുഖം മങ്ങി. അവരുടെ സ്വപ്‌നങ്ങള്‍ക്കൊത്ത് രൂപങ്ങള്‍ തെളിഞ്ഞില്ല.

കല്യാണം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ ഞങ്ങള്‍ ചില ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു സന്ദര്‍ശനം പിന്നീട് വളരെ പ്രശസ്തയായ ഒരു വ്യക്തിയുടെ വീട്ടിലേക്കായിരുന്നു. ഇന്ന് മലയാളസാഹിത്യത്തിലെ നിറസാന്നിദ്ധ്യമായ ശ്രീമതി ലീലാസര്‍ക്കാറിന്റെ വീട്ടിലേക്ക്. അവര്‍ ഞങ്ങളുടെ ബന്ധുവായതുകൊണ്ടാണ് അങ്ങനെയൊരു സന്ദര്‍ശനമുണ്ടായത്. അന്ന് ലീല, സര്‍ക്കാറിന്റെ പത്‌നി ആയിട്ടുണ്ടായിരുന്നില്ല. ബംഗാളി പഠിച്ചിട്ടുണ്ടായിരുന്നില്ല. എനിക്ക്, പക്ഷേ, അവരുടെ അച്ഛന്‍ കിഴക്കേ കുറിച്ചിയത്തെ കൃഷ്ണമേനോനെ അറിയാമായിരുന്നു. ഞങ്ങളൊക്കെ അദ്ദേഹത്തെ കിട്ടന്‍ മേനോന്‍ എന്നാണ് വിളിച്ചിരുന്നത്. വളരെ നര്‍മബോധമുള്ള മനുഷ്യനായിരുന്നു. ശ്രീമതി ലീലാ സര്‍ക്കാര്‍ ബോംബെയിലെത്തി വിവാഹമൊക്കെ കഴിഞ്ഞതിനു ശേഷമാണ് ബംഗാളി പഠിക്കാന്‍ തുടങ്ങിയത്. വളരെ ഹ്രസ്വമായ കാലം കൊണ്ട് ബംഗാളി ഭാഷ പഠിക്കുക മാത്രമല്ല, ബംഗാളിയില്‍ നിന്ന് പ്രസിദ്ധമായ പല കൃതികളും മലയാളത്തിലേക്ക് തര്‍ജമ ചെയ്യാനുള്ള പ്രാവീണ്യം നേടിയെന്നുള്ളതും പ്രശംസാര്‍ഹമാണ്. ബംഗാളിയിലുള്ള പാണ്ഡിത്യത്തിന് ഉദാഹരണമായി അവര്‍ തയ്യാറാക്കിയ ബംഗാളി-മലയാളം നിഘണ്ടു എടുത്തുപറയാവുന്നതാണ്. ബൃഹത്തായ നിഘണ്ഡു നിര്‍മാണത്തില്‍ ലീലാസര്‍ക്കാര്‍ പ്രകടിപ്പിച്ച ക്ഷമയും പാടവവും അവരുടെ പ്രതിഭയ്ക്കും കഠിനാദ്ധ്വാനത്തിനും മികവുറ്റ ഉദാഹരണം തന്നെ. കേരള-കേന്ദ്ര സാഹിത്യ അക്കാഡമികളുടെ പുരസ്‌കാരത്തിന് പുറമെ മറ്റ് നിരവധി പുരസ്‌കാരങ്ങളും ശ്രീമതി ലീലാ സര്‍ക്കാറിനെ തേടിയെത്തിയിട്ടുണ്ടെങ്കിലും, അഹങ്കാരം ഒരലങ്കാരമായി അവര്‍ എടുത്തണിയാറില്ല. സൗമ്യയും വിനയാന്വിതയുമായിട്ടല്ലാതെ ഞാനവരെ കണ്ടിട്ടില്ല. ശ്രീമതി ലീലാ സര്‍ക്കാറിന്റെ മകന്‍ ഡോക്ടര്‍ അനൂപ് കാനഡയില്‍ ഭാര്യയോടും മകളോടുമൊപ്പം ജീവിക്കുന്നു. ശ്രീമതി ലീലാസര്‍ക്കാറുമായുള്ള ഞങ്ങളുടെ സ്‌നേഹബന്ധം ഇപ്പോഴും തുടരുന്നു.

ഇതോടൊപ്പം വേദനിപ്പിക്കുന്ന ഒരോര്‍മ കൂടി ഖേദപൂര്‍വ്വം തുന്നിച്ചേര്‍ക്കട്ടെ.

ശ്രീമതി ലീലാസര്‍ക്കാറിന്റെ ഭര്‍ത്താവും എന്റെ സുഹൃത്തുമായിരുന്ന ശ്രീ ദീപേഷ്‌കുമാര്‍ സര്‍ക്കാര്‍ മൂന്നുമാസം മുമ്പുണ്ടായ ഒരു വീഴ്ചയെത്തുടര്‍ന്ന് 2015 സെപ്റ്റംബര്‍ അഞ്ചാംതിയ്യതി നിര്യാതനായി എന്നതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.

മറ്റൊരവിസ്മരണീയമായ കൂടിക്കാഴ്ച മലയാളസാഹിത്യത്തിലെ ശക്തനും വ്യത്യസ്തനുമായ കോവിലനുമായിട്ടുള്ളതാണ്. അദ്ദേഹത്തെ എന്നെങ്കിലും നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. ഹരിദാസേട്ടന്റെ ഭാര്യ, ബേബി ഹരിദാസ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സുവോളജി പ്രൊഫസറായിരുന്നു. കോളേജില്‍ പോകാനുള്ള സൗകര്യത്തിനുവേണ്ടി അവര്‍ അരിയന്നൂരിലായിരുന്നു, താമസം. കോവിലനും അരിയന്നൂരാണ് താമസമെന്ന് ഞാന്‍ കേട്ടിരുന്നു. ഹരിദാസേട്ടനോട് അക്കാര്യം സൂചിപ്പിച്ചപ്പോള്‍ അവര്‍ തമ്മില്‍ പരിചയമുണ്ടെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തെ കാണാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ ഉടനെ പോകാമെന്നായി, ഹരിദാസേട്ടന്‍. അന്ന് വൈകുന്നേരം തന്നെ അരിയന്നൂരിലെ, പ്രസിദ്ധമായ കുടക്കല്ലുകള്‍ക്ക് സമീപമുള്ള, കുന്നിന്‍ മുകളിലെ ‘ഗിരി’എന്ന കോവിലന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. സ്വന്തം പണിശാലയായ ചായ്പില്‍ ഇരുന്ന്, കൂടെക്കൂടെ ബീഡി വലിച്ചുകൊണ്ട് പട്ടാളജീവിതത്തെക്കുറിച്ചും, എഴുത്തിനെക്കുറിച്ചും, സാഹിത്യത്തെക്കുറിച്ചും സംസാരിച്ചു. ശാരദ ടീച്ചര്‍ ചായ കൊണ്ടുവന്നു. അദ്ദേഹം എന്റെ ചില കഥകളും കുതിര എന്ന നോവലും വായിച്ചിരുന്നതുകൊണ്ട് കാര്യമായി പരിചയപ്പെടുത്തേണ്ടി വന്നില്ല. പിന്നീട് പലതവണ ഞാന്‍ അദ്ദേഹത്തെ കാണുകയുണ്ടായി. ഞങ്ങള്‍ തമ്മില്‍ വല്ലപ്പോഴും കത്തുകള്‍ വഴിയും ബന്ധപ്പെട്ടിരുന്നു. 26-8-73ല്‍ എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:

”ഇന്ന് ഒരു കഥയുടെ ആദ്യത്തെ വാചകം വാര്‍ന്നു കിട്ടി എന്ന് തോന്നുന്നു. ഒരു പനമ്പട്ട ചീന്തുന്ന ലാഘവത്തോടെ വേലുമ്മാന്റെ മുന്നില്‍ കാറ് നിന്നു. പനയില്‍ നിന്ന് വീണ് കരിന്തുട ഒടിഞ്ഞ പനചെത്തുകാരന്‍. അയാളുടെ കഥ എഴുതട്ടെ, എഴുതാതിരിക്കട്ടെ, ഈ വേലുമ്മാന്‍ ജീവിച്ചിരുന്നാല്‍ ബാലകൃഷ്ണന്‍ അടുത്ത തവണ വരുമ്പോള്‍ ഞാന്‍ പരിചയപ്പെടുത്താം”.
ഈ കഥയാണ് പ്രസിദ്ധ നോവലായ തട്ടകം ആയി വികസിച്ചതെന്ന് ഞാന്‍ കരുതുന്നു.

***

അങ്ങനെ, അനാഡംബരമായി, അനാര്‍ഭാടമായി, അമ്പലവും പൂജാരിയുമില്ലാതെ, വാദ്യഘോഷങ്ങളും പടമെടുപ്പും കൂടാതെ ബന്ധുക്കളേയും നാട്ടുകാരേയും മാത്രം സാക്ഷി നിര്‍ത്തി നടന്ന ഒരു വിവാഹം നാല്പത്താറ് കൊല്ലം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നത് ഞങ്ങളുടെ സൗഭാഗ്യം.
(തുടരും)

Previous Post

ഇന്ന് മാസിക: അക്ഷര നിറവിന്റെ സ്‌നേഹപ്പൊരുള്‍

Next Post

വിവാന്‍ ലാ ആന്റിപൊഡാസ്

Related Articles

Lekhanam-3നേര്‍രേഖകള്‍മുഖാമുഖം

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

Lekhanam-3

4. ജലസ്പർശങ്ങൾ

Lekhanam-3

15. അക്ഷരലോകം

Lekhanam-3

7. എഴുത്തിന്റെ കളരി

Lekhanam-3

5. കലാലയവർണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ബാലകൃഷ്ണൻ

ജനയുഗം യാത്രയും കാമ്പിശ്ശേരി...

ബാലകൃഷ്ണൻ 

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന...

അസ്തമയത്തിനു നേരെ നടക്കുന്നവർ

ബാലകൃഷ്ണൻ 

(നോവൽ) ബാലകൃഷ്ണൻ ചിന്ത പബ്ലിഷേഴ്സ് വില 140 രൂപ. മുംബൈ പോലുള്ള മഹാനഗരത്തിൽ ജീവിക്കുമ്പോഴും...

ദീവാളി സ്വീറ്റ്‌സ്

ബാലകൃഷ്ണൻ 

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്....

15. അക്ഷരലോകം

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ,...

14. സ്‌മൃതിപഥങ്ങൾ: പഴയ...

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ,...

13. അംഗീകാരം എന്ന...

ബാലകൃഷ്ണൻ 

എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?'' കുഴക്കുന്ന ചോദ്യമാണിത്....

12. കഥകളുടെ രാജ്ഞി

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗര ത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം,...

11. യുദ്ധവും സമാധാനവും

ബാലകൃഷ്ണൻ 

1971 ഡിസംബർ 3ന് ഇ ന്ത്യയുടെ പതിനൊന്ന് എയർ ഫീൽഡുകളിൽ പാകി സ്ഥാൻ നടത്തിയ...

10. പുതുമണം മാറാത്ത...

ബാലകൃഷ്ണൻ 

കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിസ്വനായിരുന്നു. അതിന് മുമ്പ് പണം ഉണ്ടായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. എന്റെ...

9. സുകൃതം

ബാലകൃഷ്ണൻ 

''ഇനി അച്ഛന്റേയും അമ്മയുടേയും കല്യാണം എങ്ങനെ നടന്നു എന്ന് പറയൂ''. സംഗീത പറഞ്ഞു. ''നാല്‍പ്പത്തേഴ്...

8. എഴുത്തുകാരന്റെ മേല്‍വിലാസം

ബാലകൃഷ്ണൻ 

ജനയുഗത്തില്‍ നോവല്‍ വന്നതിനുശേഷം പല പ്രസിദ്ധീകരണങ്ങളും നോവലോ കഥയോ ആവശ്യപ്പെട്ടുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. എനിക്ക്...

7. എഴുത്തിന്റെ കളരി

ബാലകൃഷ്ണൻ 

ഏഴ് എഴുത്തിന്റെ കളരി നന്നായി ചിത്രം വരയ്ക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു, എനിക്ക്. വി.കെ. ശങ്കരൻ....

6. അകാലത്തിൽ പൊലിഞ്ഞ...

ബാലകൃഷ്ണൻ 

ആറ് ചൊവ്വന്നൂര് പോയി കല്യാണം കഴി ക്കാനുള്ള കാരണം കുട്ടികൾക്ക് അറിയണം. പ്രത്യേകിച്ച് കാരണമൊന്നുമില്ല....

5. കലാലയവർണങ്ങൾ

ബാലകൃഷ്ണൻ 

എന്റെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു. മാത്രമല്ല, സൗകര്യപ്പെടു മെങ്കിൽ കോളേജ്...

4. ജലസ്പർശങ്ങൾ

ബാലകൃഷ്ണൻ 

വീട്ടിലേക്ക് പോകുമ്പോൾ കൊച്ചുമകൾ ചോദിച്ചു: ''മുത്തച്ഛന്റെ ഗ്രാമം എത്രത്തോളം മാറിയിട്ടുണ്ട്?'' ഞാൻ കാറിലിരുന്ന് ചുറ്റും...

3. വെളിച്ചപ്പാട്

ബാലകൃഷ്ണൻ 

അമ്പലത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോൾ പൂജയ്ക്ക് ഒന്നിറങ്ങി കാണണമെന്ന് മോഹം. മുൻവശത്തുണ്ടായിരുന്ന ദീപസ്തംഭം അവൾക്ക് നന്നേ പിടിച്ചു....

Balakrishnan

ബാലകൃഷ്ണൻ 

2. മദിരാശി യാത്ര

ബാലകൃഷ്ണൻ 

നാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും ഹൈസ്‌കൂളിൽ ചേരണം. ഇരിങ്ങാലക്കുടെ ഹൈസ്‌കൂളുകളുണ്ട്. എന്നാൽ ദിവസവും നടന്നുപോകുന്നത്...

1. നടന്ന് പോന്ന...

ബാലകൃഷ്ണൻ 

ഈ വഴിയേ ഞാൻ നടന്നുപോയിട്ട് എഴുപതിലേറെ കൊല്ല ങ്ങളായി എന്നു പറഞ്ഞപ്പോൾ എന്റെ കൊച്ചുമകൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven