• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സുരേഖ തായി: നിങ്ങള്‍ എലിയെ തിന്നിട്ടുണ്ടോ?

മാനസി May 23, 2016 0

”നിങ്ങള്‍ എലിയെ ചുട്ടുതിന്നിട്ടുണ്ടോ?” സുരേഖ ദല്‍വി ഒരു നേര്‍ത്ത ചിരിയോടെ സംസാരം തുടങ്ങിയത് അങ്ങനെയാണ്.

”ഇല്ല” മുഖത്തു വന്ന അമ്പരപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ പറഞ്ഞു.

”മാഡം?”

”ഇല്ല. ഇതുവരെ കഴിഞ്ഞിട്ടില്ല”,

മാനസി

അതെന്റെ മുന്നില്‍ വിശിഷ്ട ഭോജ്യം പോലെ വിളമ്പിയ ദാമു, ഇരുന്നിടത്തുനിന്ന് ഓക്കാനത്തോടെ പുറത്തേക്കോടിയ എന്റെ പിന്നില്‍ അന്തംവിട്ടുനിന്നതോര്‍മയുണ്ട്”.

ശരിയായ ഭക്ഷണമൊന്നുമില്ലാതെ കാട്ടിലൂടെ നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസമായിരുന്നു. കൂടെ എടുത്തിരുന്ന ഭക്ഷണം കഴിഞ്ഞിരുന്നു. അല്ലെങ്കിലും വെയിലത്ത് അത്രയൊന്നും കരുതാനാവില്ല. പ്രതീക്ഷിച്ചതുമല്ല ഇത്ര നീണ്ട യാത്ര. കൂടെ വന്ന മാരുതി ഇടയ്ക്കിടയ്ക്ക് സംഘടിപ്പിച്ചുകൊണ്ടിരുന്ന തിന്നാന്‍ പറ്റിയ വേരുകളും ചെറിയ കാട്ടുപഴങ്ങളും വെള്ളവും ഉപയോഗിച്ചായിരുന്നു തലേന്നത്തെ യാത്ര മുഴുവന്‍.

”വിശപ്പ്. വയറില്‍ തീപോലെ അള്ളിപ്പിടിച്ചു വലിക്കുന്ന വേദനപോലെ എന്തോ ഒന്നായിരുന്നു അത്. ഇതാണോ വിശപ്പ് എന്ന് അന്ന് ഓര്‍ത്തുപോയത് ഇന്നുമോര്‍മമയുണ്ട്” സുരേഖ പറഞ്ഞു. ”വിശപ്പുകൊണ്ട് കരച്ചില്‍ വന്ന ജീവിതത്തിലെ ആ ആദ്യദിവസമാണ് ഇന്നും കാടിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ”.
കൈയിലെ തുണിസഞ്ചിയില്‍ നിന്ന് ഒരു വിരിപ്പെടുത്ത് ആ കുടിലിന്റെ തിണ്ണയില്‍ എനിക്ക് വിശ്രമിക്കാന്‍ വിരിച്ചിടുന്നിടത്തുനിന്ന്, മുറ്റത്ത് മരച്ചുവട്ടില്‍ നിന്ന് നിര്‍ത്താതെ ഛര്‍ദിക്കുന്ന എന്റെ അടുത്തേക്ക് മാരുതി അങ്കലാപ്പോടെ ഓടിയെത്തി. കാട്ടിനുള്ളിലെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടായിരിക്കണം, ഇലച്ചീന്തില്‍ വിളമ്പിയ ചുട്ട എലിയെ കണ്ടതും മാരുതിക്ക് കാര്യം പിടികിട്ടിയത്. എലിയെ അടുക്കളയുടെ മൂലയില്‍ രണ്ടു മണ്‍ചട്ടികൊണ്ട് മൂടി. മാരുതി കനലില്‍ വെള്ളമൊഴിച്ച് കെടുത്തി. മണം പതുക്കെ പതുക്കെ അടങ്ങി. ഏതോ ഒരില പൊട്ടിച്ച് ഉള്ളംകൈയിലിട്ട് ഞെരടി മാരുതി എനിക്ക് മണക്കാന്‍ തന്നു. ക്ഷീണം. ചര്‍ദി. വിശപ്പ്. ആ തിണ്ണയില്‍ കിടന്നതേ എനിക്കോര്‍മയുള്ളൂ. ഉണരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. കുറച്ചു ചോറും പരിപ്പുകറിയും വച്ച് മഞ്ജുവും മാരുതിയും അടുത്തിരുന്നിരുന്നു. ചപ്പിലയും മരക്കമ്പുകളും കത്തിച്ചുണ്ടാക്കിയ വെളിച്ചം കുടിലിന്റെ തിണ്ണയിലെത്താനാവാതെ മാറിനിന്നു.
”അന്നു കഴിച്ച ആ ചോറും പരിപ്പുകറിയും പോലെ സ്വാദുള്ള ഭക്ഷണം ജീവിതത്തില്‍ പിന്നീടൊരിക്കലും ഞാന്‍ കഴിച്ചിട്ടില്ല. സത്യം” സുരേഖ പറഞ്ഞു. ”എലി അവരുടെയിടയിലെ സ്വാദിഷ്ഠ ഭക്ഷണമാണെന്ന് അന്നാണ് ഞാനറിഞ്ഞത്”.
‘തായി'(ചേച്ചി)ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്കാന്‍ പറഞ്ഞ മാരുതിയുടെ ആജ്ഞ അനുസരിച്ച്, ദാമു അവന്റെ ഭക്ഷണം എനിക്കു തന്നതായിരുന്നു ആ എലി! കേട്ടപ്പോള്‍ സങ്കടമാണോ സഹതാപമാണോ തോന്നിയതെന്ന് എനിക്കോര്‍മയില്ല. ഞണ്ടുകളുടെ പോടുകള്‍ക്കു മുകളില്‍ കല്ലുകള്‍ കൂട്ടിയുരച്ച് ശബ്ദമുണ്ടാക്കുമ്പോള്‍ പുറത്തുവരുന്ന ഞണ്ടുകളില്‍ നിന്നെടുക്കുന്ന ദ്രാവകരൂപത്തിലുള്ള പശ മരക്കമ്പില്‍ പുരട്ടിവച്ചാണ് മരത്തില്‍ വന്നിരിക്കുന്ന പക്ഷികളെ അവര്‍ പിടിക്കാറത്രെ. സ്വന്തം മുള്ളുകള്‍ വിതറാന്‍ അനുവദിക്കാത്തത്ര ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് ആട്ടിയോടിച്ച് പിടിക്കുന്ന മുള്ളന്‍പന്നികളാണ് അവരുടെ മറ്റൊരു ഭക്ഷണം എന്നും മാരുതി പറഞ്ഞു. കുന്നിന്‍ചെരിവുകളില്‍ മണ്ണ് തട്ടുകളായി ഒരുക്കി കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ കാലാവസ്ഥയുടെ കനിവില്‍ മാത്രം കിട്ടുന്നതാണ്. ‘ദാലി’ എന്നു പറയുന്ന ഈ കൃഷിനിലങ്ങളില്‍ വീണുകിടക്കുന്ന ധാന്യങ്ങള്‍ പെറുക്കി ശേഖരിക്കുന്നത് എലികളാണ്. എലികളുടെ പൊത്തുകള്‍ ഒരു ടണല്‍ പോലെ ഭൂമിക്കടിയില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കും. മാരുതി വിവരിച്ചു. ”ആ പൊത്തുകളുടെ മുഖത്ത് വൈക്കോലിട്ട് പുകയ്ക്കുമ്പോള്‍ പ്രാണവേദനയോടെ പുറത്തേക്ക് വരുന്ന എലികളെ തല്ലിക്കൊല്ലാന്‍ എളുപ്പമാണ്” മാരുതി പറഞ്ഞു: ”പൊത്തുകള്‍ക്കുള്ളില്‍ ചാക്കുകണക്കിന് നെല്ലുണ്ടാവും. ഒരു വെടിക്ക് രണ്ടു പക്ഷി! പറഞ്ഞാല്‍ തായി വിശ്വസിക്കില്ല. എലിയും കിട്ടും നെല്ലും കിട്ടും”.
സമൂഹശ്രേണിയുടെ ഏറ്റവും താഴത്തെ പടികളില്‍ നില്‍ക്കുന്നവരാണ് ഈ കാടുകളിലെ താമസക്കാരായ ഖത്കരി വര്‍ഗം. കാട്ടിലെ മരം വെട്ടി അവയെ കൃത്യമായ ചൂടില്‍ കത്തിച്ച് കല്‍ക്കരിയാക്കി മാറ്റുന്ന വൈദഗ്ദ്ധ്യമേറിയ ജോലി ഈ ഖത്കരികളാണ് ചെയ്യുന്നത്. കല്‍ക്കരി വിറ്റ് കാശുണ്ടാക്കുന്ന മുതലാളികള്‍ പറയുന്ന സ്ഥലത്തേക്ക് വര്‍ഷംതോറും പോയി അവിടെ മാസങ്ങളോളം താമസിച്ചാണ് ഇവര്‍ കല്‍ക്കരി ഉണ്ടാക്കിക്കൊടുക്കുന്നത്. മുതലാളി ലോറികളില്‍ കൊണ്ടുപോയി ഓരോ കുന്നിന്‍മുകളില്‍ ഓരോ കുടുംബത്തെ മാത്രം പാര്‍പ്പിച്ചാണ് പണിയെടുപ്പിക്കുന്നതത്രെ. കുന്നിന്‍മുകളില്‍ തീയും പുകയും കാണുകയും, പരിചയമില്ലാത്ത മനുഷ്യര്‍ ചെയ്യുന്നതെന്താണെന്നറിയുകയും ചെയ്യാത്തതിനാല്‍ താഴ്‌വരക്കാര്‍ക്ക് ഇവര്‍ മന്ത്രവാദികളാണ്. അപകടകാരികളാണ്. കണ്ടുമുട്ടിയാല്‍ വഴക്കുകള്‍ നിത്യസംഭവവും.
മരങ്ങള്‍ വെട്ടി അടുക്കി അതിനടിയില്‍ ചെറുതായി തീ കത്തിച്ചാണ് ചൂട് ക്രമീകരിക്കുന്നത്. ചൂട് കൂടിയാല്‍ മരം കത്തിച്ചാമ്പലാവും. ഒരൊറ്റ രൂപ കൂലി കിട്ടില്ല. കല്‍ക്കരിയുടെ മൂല്യമോ വിലയോ അറിയില്ല. കാശ് കിട്ടാനുള്ള മാര്‍ഗം ഇതുമാത്രമാകയാല്‍ കിട്ടിയത് വാങ്ങുക എന്നല്ലാതെ കൂലി ചോദിച്ചു വാങ്ങുക എന്നത് മനസില്‍ പോലും വരില്ല. ‘സീസണ്‍’ കഴിഞ്ഞ് സ്വന്തം സ്ഥലങ്ങളിലേക്ക് കിട്ടിയ കാശുമായി വന്നാല്‍ ‘ഉത്സവകാലം’, ‘കല്യാണക്കാലം’ തുടങ്ങുകയായി. രണ്ടോ മൂന്നോ ദിവസം കൊണ്ടുണ്ടാക്കുന്ന ഒരു ചാക്ക് കല്‍ക്കരിക്ക് കിട്ടുന്ന കൂലി മൂന്നു രൂപയാണ്. അതിനാല്‍ എത്ര പണിതാലും ഒന്നിനും തികയില്ല. പക്ഷെ കല്യാണത്തിന്, ഉത്സവത്തിന് പണം വേണം. മുതലാളിമാര്‍ സസന്തോഷം കടം കൊടുക്കും. അടുത്ത സീസണിലേക്കുള്ള അഡ്വാന്‍സ് കൊടുക്കും. നുകത്തിനു കീഴില്‍ നിന്ന് കാളകള്‍ ഊരിപ്പോകരുത്. എത്ര വീട്ടിയാലും തീരാത്ത കടങ്ങള്‍ മാത്രമാകും ബാക്കി. അതാണ് മുതലാളിക്ക് വേണ്ടത്. കണക്കറിയാത്തതിനാല്‍ ഒരിക്കലും കണക്ക് ചോദിക്കില്ല. ചോദിച്ചാല്‍ കടം പിന്നെയും കൂടും. ഇല്ലെന്നു കാണിക്കാന്‍ വഴിയൊന്നും ആദിവാസിക്കറിയില്ല.
”താര എന്ന ഗ്രാമത്തിലെ യൂസഫലി സെന്ററില്‍ ഒരു വേനല്‍ക്കാല ക്യാമ്പിന്റെ ഭാഗമായെത്തുമ്പോള്‍ കോളേജില്‍ പഠിക്കുകയായിരുന്നു” എവിടെനിന്നു തുടങ്ങണം എന്ന എന്റെ ചോദ്യത്തിനുത്തരമായി സുരേഖ പറഞ്ഞു: ”പനവേലില്‍ നിന്ന് വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാമമാണ് താര. സഹപാഠികള്‍ ഒപ്പമുണ്ട്. നഗരവാസത്തില്‍ നിന്ന് വിട്ട് രസകരമായ ഒരൊഴിവുകാലം (ശ്രീമതി സുരേഖയുടെ വീട് മുംബൈയിലെ ഒരു പ്രമുഖ പ്രദേശമായ ശിവ്ജി പാര്‍ക്കിലാണ്) എന്നേ കരുതിയുള്ളൂ. മുനിസിപ്പല്‍ സ്‌കൂളില്‍ അദ്ധ്യാപകരായിരുന്ന അമ്മയും അച്ഛനും സേവാദള്‍ പ്രവര്‍ത്തകരായിരുന്നു എന്നതാവണം ഇത്തരമൊരു ക്യാമ്പിലെത്താനുള്ള കാരണമെന്നു തോന്നുന്നു. പൊതുജീവിതത്തെക്കുറിച്ചും സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും നിരന്തരം സജീവ ചര്‍ച്ചകളും വാഗ്വാദങ്ങളും വീട്ടിനുള്ളില്‍ സാധാരണമായിരുന്നു. മൃണാള്‍ ഗോരെയെ പോലുള്ള പല പ്രമുഖരും വീട്ടില്‍ വന്നുംപോയുമിരുന്നു. അതിനിടയില്‍ പെട്ടെന്നാണ് അടിയന്തിരാവസ്ഥ ഇടിത്തീപോലെ തലയില്‍ വന്നുവീണത്. വീട്ടിലെ ചര്‍ച്ചകളുടെ സ്വഭാവം പെട്ടെന്നു മാറി. അമ്മയുടെയും അച്ഛന്റെയും സംസാരം താഴ്ന്നു താഴ്ന്ന് നിശബ്ദതയോളമെത്തി. രഹസ്യചര്‍ച്ചകള്‍ അര്‍ദ്ധരാത്രി വരെയും പുലര്‍ച്ചെ വരെയും നീണ്ടു. ഇന്ദിരാഗാന്ധി എന്ന പേരുതന്നെ നിഷിദ്ധ വാക്കായി. സാധാരണ വീട്ടില്‍ വരുന്നവരില്‍ പലരും അപ്രത്യക്ഷരായിത്തുടങ്ങിയിരുന്നു. പലരും ജയിലിലായി! കാര്യങ്ങള്‍ കൂടുതല്‍ അറിയുന്തോറും മനസ്സ് കൂടുതല്‍ കൂടുതല്‍ തിളച്ചു. ഒന്നും ചെയ്യാതെ വീട്ടിലടച്ചിരിക്കുക എന്നത് വയ്യതന്നെ. ആഴത്തിലുള്ള എതിര്‍പ്പുകള്‍ എത്തിച്ചേരുന്ന, പൊട്ടിത്തെറിക്കുന്ന ചില നിര്‍ണായക നിമിഷങ്ങളുണ്ട്. ഞങ്ങള്‍ സഹപാഠികള്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഭാണ്ടൂപ് റെയില്‍വെസ്റ്റേഷനിലെത്താനായിരുന്നു പരിപാടി. പക്ഷെ ഞങ്ങള്‍ മൂന്നുപേരൊഴിച്ച് വരാമെന്നുപറഞ്ഞ ആരും അവിടെ എത്തിയിരുന്നില്ല. പേടിയോടെയെങ്കിലും അവിടെയെത്തിയ സ്ഥിതിക്ക്, ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികള്‍ ഉറക്കെ ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്. പ്രതീക്ഷിച്ചപോലെ ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍, രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി എന്തോ ചെയ്തതുപോലെ അതിരറ്റ സന്തോഷമാണ് തോന്നിയത്”. സുരേഖ നിവര്‍ന്നിരുന്ന് ഉറക്കെ ചിരിച്ചു.
”ജയിലില്‍ മര്‍ദനമൊന്നുമുണ്ടായില്ലേ?”
”ഒന്നുമുണ്ടായില്ല. ദിവസവും എത്തിച്ചേരുന്നവരില്‍ പ്രമുഖര്‍ക്കു മാത്രം കുറച്ചേറെ മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ടത്രെ. ഞങ്ങള്‍ ചെറുപ്പക്കാര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കും. പാട്ടും കൂത്തും ചര്‍ച്ചകളും നടത്തും. ചെറിയ കുട്ടികളാണ് എന്നതുകൊണ്ടാവണം പോലീസ് ഒന്നും ചെയ്തില്ല. മറിച്ച് അവര്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ ചിരിയായിരുന്നു”.
”ജയിലില്‍ നിന്നു വന്നതിനുശേഷമായിരുന്നു താരയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയത്. ‘നഗരത്തിലെ യുവാക്കള്‍ പ്രവര്‍ത്തിക്കേണ്ടത് ഗ്രാമങ്ങളിലാണ്’ എന്ന ജി.ജി. പരേഖിന്റെ വാക്കുകള്‍ എന്തേ മനസിലിത്രയും സ്ഥലം പിടിക്കാന്‍ എന്ന് ഇന്നും അറിയില്ല. സഹപാഠികള്‍ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയിട്ടും ഞാനവിടെത്തന്നെ നിന്നു.
അന്ന് എന്തായിരുന്നു എന്നെ അവിടെ പിടിച്ചുനിര്‍ത്തിയത്? ഇന്നും എനിക്കുത്തരമില്ലാത്ത ഒരു ചോദ്യമാണത്. താരയിലെ ക്യാമ്പിനപ്പുറത്ത് കുറെ ഒട്ടി ഉണങ്ങിയ മനുഷ്യര്‍. ചൊറിയും ചിരങ്ങും പിടിച്ച് ചപ്രത്തലയുമായി നടക്കുന്ന നഗ്നരായ കുറെ കുട്ടികള്‍. കുന്നും മലയും ഉണക്കവും നിറഞ്ഞ കാട്. വീട് എല്ലാ അര്‍ത്ഥത്തിലും അകലെയാവും. ഒരിക്കല്‍ ഈ വഴി തെരഞ്ഞെടുത്താല്‍ പിന്നെ ഒരു തിരിഞ്ഞുനടത്തം സാദ്ധ്യമായേക്കില്ല. വയസ് ഇരുപതാണ്.
താരയിലെ, സാധനങ്ങള്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന ഒരു ചെറിയ മുറിയുടെ ജനലഴികളില്‍ പിടിച്ച് പുറത്തേക്ക് നോക്കിനിന്നത് ഓര്‍മയുണ്ട്. പുറത്ത് നല്ല ഇരുട്ടായിരുന്നു. ഒരു ചെറിയ വെളിച്ചം പോലുമില്ലാതെ നിറഞ്ഞ നിശബ്ദതയില്‍ ഗ്രാമം ഉറങ്ങിക്കിടന്നു. വീട്ടില്‍ നിന്ന് എതിരുണ്ടാവില്ല. അറിയാം. എതിര്‍പ്പ് പക്ഷെ തന്റെതന്നെ ഉള്ളില്‍ വിതുമ്പി. നീന്താനറിയാതെ, ഒരു വലിയ കടലിലേക്ക് തോണിയിറക്കുംപോലെയാണ് തോന്നിയത്. ചെയ്യുന്നത് ശരിയോ എന്നോ, വിജയിക്കുമോ എന്നോ ഒരു തീര്‍ച്ചയുമില്ല. എവിടെനിന്ന് തുടങ്ങണമെന്നോ, എന്തു ചെയ്യണമെന്നോ യാതൊരു ധാരണയുമില്ല. പക്ഷെ കല്യാണം കഴിക്കാന്‍ വേണ്ടി മുതലാളിയുടെ കയ്യില്‍ നിന്ന് കടം മേടിച്ച അശോക് ആ കടം വീട്ടാന്‍ അഞ്ചുവര്‍ഷമായി ഭാര്യയോടൊപ്പം കൂലിയില്ലാതെ അയാള്‍ക്കു വേണ്ടി ജോലി ചെയ്യുകയാണെന്ന് കേട്ടപ്പോള്‍ മനസൊന്നാകെ തിളച്ചു. തുച്ഛമായ തുക പലിശയും പലിശയുടെ പലിശയും കൂട്ടിയാലും കടം എന്നേ തീര്‍ന്നിരിക്കും.
”കടം തീര്‍ന്നിട്ടില്ല മാഡം” അശോക് കുറ്റബോധത്തോടെ പറഞ്ഞു: ”ഇനിയും വേണം ഒരു വര്‍ഷം എന്നാണ് മുതലാളി പറയുന്നത്”.
”ജീവനും വേണം രണ്ടു വര്‍ഷം” ശ്യാമ ശബ്ദം താഴ്ത്തി: ”അതിനാല്‍ അവന് ഇവിടേക്ക് വരാന്‍ പറ്റില്ല. കടം തീര്‍ന്നേ മുതലാളി വിടൂ”.
സെന്ററിലെ ജോലിക്കാര്‍ ‘യജമാനന്‍’മാരുടെ സ്ഥലമറിയാത്ത മട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. മുതലാളിയുടെ അടുത്തേക്ക് വരാന്‍ ആരും തയ്യാറായില്ല. ജീവനും കൂട്ടരും കാട്ടിലൊളിച്ചു. ശ്യാമ കണ്ടാല്‍ മുഖം താഴ്ത്തി വേഗം നടന്നുപോയി.
ദിവസങ്ങള്‍ക്കുശേഷം അടിയുടെ പാടുകളുമായി പാടത്തുനിന്നെത്തിയ ഡോളുവിനെയും കൂട്ടി മുതലാളിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ കൂലിയും കടവും കൃത്യമായി കണക്കുകൂട്ടി കാണിച്ചുകൊടുത്ത് കടം വീട്ടി എന്നു തെളിയിക്കണമെന്നേ മനസിലുണ്ടായിരുന്നുള്ളൂ. പക്ഷെ മുതലാളി കലിയിളകിയവനെ പോലെയാണ് നേരെ വന്നത്.
”കണക്ക് കാണണം” സുരേഖയോടൊപ്പം ഉണ്ടായിരുന്ന സെന്ററിലെ ക്ലാര്‍ക്ക് താഴ്മയോടെ പറഞ്ഞു: ”മാഡത്തിന് നോക്കാനാണ്”.
ആരും ഇതുവരെ അങ്ങനെ മുഖത്തുനോക്കി ചോദിക്കാത്തതുകൊണ്ടാവണം, ഡോളുവിനെ അടിച്ച മുതലാളി അമ്പരന്നുനിന്നു: ”ആരുടെ കണക്ക്? എന്തു കണക്ക്?”
”ഡോളുവിന്റെ കണക്ക്. അയാളെ അടിച്ചതിന്റെ കണക്ക്. പലരുടെയും കണക്ക്”.
”കാണിച്ചില്ലെങ്കില്‍? നിങ്ങള്‍ ആരാണ് കണക്ക് ചോദിക്കാന്‍? ഞാനാരെയും അടിച്ചിട്ടില്ല”.
”ഞങ്ങള്‍ ആരെന്ന് പിന്നെ പറയാം” സെന്ററില്‍ നിന്ന് ഒപ്പം വന്നിരുന്ന വളണ്ടിയര്‍മാര്‍ മുന്നോട്ട് കേറിനിന്നു. ”കടം മേടിച്ച പണം എന്നേ വീട്ടിക്കഴിഞ്ഞു എന്നാണ് ശ്യാമും അശോകും ദാമുവും ജീവനും ഒക്കെ പറയുന്നത്. സേഠിന് കണക്കറിയാം. മാഡത്തിനും കണക്കറിയാം. മാഡം നോക്കട്ടെ”.
”കണക്ക് കാണിച്ചില്ലെങ്കില്‍ അവരൊന്നും ഇനി ജോലിക്കു വരില്ല” ക്ലാര്‍ക്ക് പറഞ്ഞു: ”വരുന്നത് പോലീസായിരിക്കും”.
”ഒരു പോലീസും വരില്ലെന്ന് എനിക്കറിയാമായിരുന്നു” സുരേഖ കസേരയിലേക്ക് ഒന്നുകൂടി ചാരിയിരുന്ന് ഞങ്ങളോട് പറഞ്ഞു. ”വന്നാല്‍തന്നെ സേഠ് കൊടുക്കുന്ന കൈമടക്കില്‍ അവര്‍ അടങ്ങിക്കോളും എന്നറിയാഞ്ഞിട്ടുമല്ല. പക്ഷെ അതു മാത്രമായിരുന്നു പോംവഴി”.
കുറെയധികം ആള്‍ക്കാര്‍ ഒപ്പമുള്ളതുകൊണ്ടാവണം സേഠ് അപ്രതീക്ഷിതമായി കണക്കുപുസ്തകവുമായെത്തി. കണക്കുകള്‍ ഒന്നൊന്നായി നിരന്നു. പണിക്കാര്‍ പണിയെടുത്ത ദിവസങ്ങളുടെ കണക്കില്ല. കൂലി കൊടുത്തതിന്റെ കണക്കില്ല. ഉള്ളത് വാങ്ങിയതു മാത്രം. അതെഴുതിയത് ശരിയോ എന്നറിയില്ല. എന്തു കണക്കിലാണ് ഇനിയും അവര്‍ പണിയെടുക്കേണ്ടതെന്ന് അറിയില്ല.
”നാളെ മുതല്‍ ഞാനവര്‍ക്ക് ശരിക്ക് കൂലി കൊടുത്തോളം” സേഠ് പെട്ടെന്നു പറഞ്ഞു.
”ഇതുവരെയുള്ള കൂലി?”
സേഠ് തല താഴ്ത്തി നിന്നു. ”കൊടുക്കാനുണ്ട്”.
”കൊടുക്കുമോ?” ക്ലാര്‍ക്ക് സുരേഖയോട് ചേര്‍ന്നുനിന്നു. ”മാഡത്തിന് നിയമമറിയാം. ജയിലാണ് ശിക്ഷ”.
”കൊടുക്കാം” സേഠ് പറഞ്ഞു. ”മാഡത്തിന്റെ പേരെന്താണ്?”
വാര്‍ത്ത തീ പോലെയാണ് പരന്നത്. സത്യം പറഞ്ഞാല്‍ പ്രശ്‌നം ഇത്ര വേഗം തീരുമെന്ന് കരുതിയതല്ല. എന്തോ കളിയുണ്ടെന്ന് ഉള്ളില്‍ തോന്നി. കള്ളക്കുറ്റങ്ങള്‍ ഓരോരുത്തരുടെ മേലും വീണു. ആര്‍ക്കും ചെയ്ത പണിക്ക് കൂലി കിട്ടിയില്ല. പോലീസ് ജോലിക്കാരെ നിരന്തരം വിരട്ടി. അടിച്ചു. ജയിലിലിട്ടു. പലരും പതിവുപോലെ കാട്ടിനുള്ളില്‍ ഓടിയൊളിച്ചു. പെണ്ണുങ്ങളും കുട്ടികളും പേടിയോടെ സെന്ററില്‍ തങ്ങി.
”ഇപ്പോഴും ബോണ്ടഡ് ലേബര്‍ നിലനില്‍ക്കുന്നെന്നോ?” ചെറുപ്പക്കാരനായ കളക്ടര്‍ അത്ഭുതം കൂറി. അന്വേഷിക്കാമെന്നും നടപടിയെടുക്കാമെന്നും വാക്കുതന്നു. സേഠിന്റെ കളികളൊന്നും അദ്ദേഹത്തിന്റെ മുന്നില്‍ വിലപ്പോയില്ല. പോലീസ് മുതലാളിമാരെ കസ്റ്റഡിയിലെടുത്തു. അതൊരു വലിയ വിജയമായിരുന്നു. നിയമങ്ങള്‍ ഇല്ലാത്തതല്ല, നടപ്പാക്കാനുള്ളവരില്ലാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം. അധികാരം ഒരു വലിയ ആയുധമാണ്. ഇരുതലമൂര്‍ച്ചയുള്ള ആയുധം. ആ കളക്ടറെ പോലെ പത്തുപേര്‍ നമുക്കിടയിലുണ്ടെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമാകുമെന്നോ.
ഒരുപാടുണ്ട് നമുക്ക് നിയമങ്ങള്‍. നല്ല നിയമങ്ങള്‍. താഴെതട്ടിലുള്ളവരെ സഹായിക്കാനുള്ള നിയമങ്ങള്‍. ഇല്ലാത്തത് നല്ല അധികാരികളാണ്. ഏതു പാര്‍ട്ടിയെന്നത് പലപ്പോഴും ഉപകരിക്കാറില്ല. കാട്ടിലാണ് ഞാനെന്റെ പകുതിയിലധികം ജീവിതം കഴിച്ചതെങ്കിലും വ്യക്തമായ മനസിലായ കാര്യം, തലപ്പത്തിരിക്കുന്നവര്‍ ന്യായവും നീതിയും നോക്കുന്നവരല്ലെങ്കില്‍ ഒരു നിയമവും നമ്മുടെ സഹായത്തിനെത്തില്ലെന്നതാണ്. അധികാരികള്‍ക്ക് മനസുണ്ടെങ്കില്‍ തടസ്സങ്ങള്‍ പലതും മറികടക്കാം. അതാണ് പ്രശ്‌നം. നല്ല വ്യക്തികളെ നാം എങ്ങനെ അധികാരത്തിലേറ്റും? എങ്ങനെയാണ് നാം അവരെ തിരിച്ചറിയുക? മുന്‍പ്, പാര്‍ട്ടികള്‍ ഒരു ചൂണ്ടുപലകയായിരുന്നു. വിശ്വസിക്കാമായിരുന്നു. അവര്‍ പിന്തുണയ്ക്കുന്ന സാമൂഹ്യമുന്നേറ്റങ്ങള്‍ അടയാളങ്ങളായിരുന്നു. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയിലെ ഇന്ദിരാഗാന്ധിയാണ് എമര്‍ജന്‍സി കൊണ്ടുവന്നത്. എന്തിന്? ഒരു രാഷ്ട്രത്തെ മുഴുവന്‍ ഒരു ക്യാമറയ്ക്കുള്ളിലലൊതുക്കാനോ? സ്വന്തം ഇഷ്ടം മാത്രം നടപ്പാക്കാനോ? എനിക്ക് സന്തോഷം തന്നത്, ഞാനെന്റെ പ്രവര്‍ത്തനത്തില്‍ കണ്ടുമുട്ടിയ കുറെ ഉദ്യോഗസ്ഥരും അധികാരികളുമായിരുന്നു. ഇന്ന് ഞാനല്പമെങ്കിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അത് അത്തരം ഉദ്യോഗസ്ഥര്‍ മൂലമാണ്. ഈ കാണുന്ന സ്വാര്‍ത്ഥ മതികളായ നേതാക്കളല്ല, സാമൂഹ്യപരിഷ്‌കര്‍ത്താക്കളാണ് നമുക്കാവശ്യം. സാമൂഹ്യമുന്നേറ്റങ്ങളാണ് മൂല്യങ്ങളെ നിശ്ചയിക്കുന്നതും തിരുത്തുന്നതും. എന്തൊക്കെയോ ഓര്‍ത്ത് സ്വയം പറയുന്നപോലെയാണ് സുരേഖ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ ആദിവാസി ജോലിക്കാരുടെ കടം വാങ്ങല്‍ നിന്നില്ല. കുറഞ്ഞതുമില്ല. ഉത്സവങ്ങളും കല്യാണങ്ങളും അവര്‍ ആര്‍ഭാടമായിത്തന്നെ ആഘോഷിച്ചു. പിറ്റേദിവസത്തെക്കുറിച്ചാലോചിക്കാത്ത അവരുടെ മനസ് എന്നെ ആഹ്ലാദിപ്പിക്കുകയും ഒപ്പം പേടിപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് സമൂഹവിവാഹമെന്ന ആശയം ഞങ്ങള്‍ അവരുടെ മുന്നില്‍ വച്ചത്. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കല്യാണങ്ങള്‍ക്കു പകരം കൂട്ട വിവാഹമാകുമ്പോള്‍ ഓരോരുത്തര്‍ക്കും ചെലവ് കുറയും. സദ്യ, പന്തല്‍, ബാന്‍ഡ് എല്ലാം ഒന്നുമതി. ഇത് ഇവര്‍ക്കിടയില്‍ പെട്ടെന്ന് സ്വീകാര്യമായി. സംഘടനയിലെ അംഗങ്ങളുടെ പിന്തുണ ശക്തമായി.
കാട്ടിലെ ചിട്ടവട്ടങ്ങള്‍, ജീവിതരീതികള്‍, സങ്കല്പങ്ങള്‍, സദാചാരം എല്ലാം വ്യത്യസ്തമാണ്. അതിജീവനത്തിന്റെ വഴികളും. അവ എങ്ങനെ അവിടെ അനിവാര്യമായിത്തീരുന്നു എന്ന് അറിയാന്‍ അവിടെ ജീവിക്കണം. വീണാല്‍ ഉടയാത്ത ഇഗ്‌വാന മുട്ടകള്‍ കത്തി കൊണ്ട് പൊട്ടിച്ച് അവയ്ക്കുള്ളിലെ കൊഴുത്ത ദ്രാവകം തോണ്ടി കഴിക്കുന്നതു കണ്ടാല്‍ നമുക്ക് പിടിച്ചെന്നുവരില്ല. പാസുകള്‍ അകത്തേക്കിഴഞ്ഞുവരാതിരിക്കാന്‍ വാതില്‍ക്കല്‍ മരക്കഷണങ്ങള്‍ നിരത്തി ഉമ്മറപ്പടിയുണ്ടാക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കിനിന്നുപോയിട്ടുണ്ട്. മണ്ണില്‍ കുഴിയുണ്ടാക്കി മുട്ടയിട്ട് മാസങ്ങള്‍ക്കുശേഷം യാതൊരു തെറ്റുമില്ലാതെ അതേ സ്ഥാനത്ത് കൃത്യം തിരിച്ചെത്തി ആ കുഴികള്‍ ആ കുഴികള്‍ തോണ്ടി വിരിഞ്ഞ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത് അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്. പ്രകൃതിയില്‍ നിന്ന് എത്ര അകലെയാണ് നാം എന്ന് ഇതൊക്കെ എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു”. സുരേഖ പറഞ്ഞു: ”തീരെ പരിചിതമല്ലാത്ത ഒരു ലോകത്തെ നമ്മുടെ അളവുകോലുകള്‍ വച്ച് അളക്കുന്നതിലെ മൗഢ്യം അവിടെ ജീവിക്കുമ്പോഴാണ് മനസ്സിലാവുക. കുറ്റബോധം ഒരു മുളച്ചീളുപോലെ മനസില്‍ കുത്തിക്കയറും. അവരുടെ ജീവിതായോധനങ്ങളില്‍ നിന്ന് ഉരുത്തിരിച്ചെടുത്ത തികച്ചും പ്രായോഗികമായ രീതികള്‍ അപരിഷ്‌കൃതമെന്ന് വിലയിരുത്താന്‍ ആരാണ് നമ്മള്‍? നമ്മുടെ വിലയിരുത്തലുകളാണ് അവരുടെ ശരിയായ ദുരന്തം. നാം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കുള്ള ഏകന്യായം അവരേക്കാള്‍ നമുക്ക് കയ്യൂക്കുണ്ടെന്നതു മാത്രമാണ്. നമുക്കു മുന്നില്‍ പകച്ചുനില്‍ക്കയല്ലാതെ അവര്‍ക്ക് വേറെ വഴികളില്ല. കാരണം നമുക്ക് ചതിക്കാനറിയാം. കാര്യമില്ലാതെ കൊല്ലാനറിയാം. വിഭവങ്ങള്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കാനറിയാം. അവര്‍ക്കിത് മനസിലാകപോലുമില്ല. ഇഷ്ടമുള്ളവരെ ‘കല്യാണം’ കഴിക്കാന്‍ അവര്‍ക്ക് ‘സദാചാര’ത്തിന്റെ താങ്ങലാവശ്യമില്ല. എന്തുകൊണ്ടാണ് നാം അവരേക്കാള്‍ മെച്ചം? ഭൂമിക്കതിരിട്ട് ഓരോ തുണ്ടത്തിനും അവകാശികള്‍ ഉണ്ടാക്കുന്നതുകൊണ്ടോ? നമ്മുടെ ഭാഷ ‘പഠിപ്പി’ന്റെ പേരില്‍ അവര്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നതുകൊണ്ടോ? അവര്‍ ഭക്ഷിക്കുന്നതല്ല നാം ഭക്ഷിക്കുന്നതെന്നതുകൊണ്ടോ? ചതിക്കാനറിയാത്തതുകൊണ്ടോ?
മഴയും വെയിലും ഒന്നുമൊരു പ്രശ്‌നമേയല്ലാതെ സൗമ്യമായി മുന്നോട്ടൊഴുകുന്ന ഒരു പുഴ കണക്കെയുള്ള അവരുടെ ജീവിതവഴികളില്‍ കയറിനില്‍ക്കാനാണോ താന്‍ പോകുന്നത്? പഠിക്കാനായും മറ്റു ചില സംഘടനാകാര്യങ്ങള്‍ക്കായും സിറ്റിയിലെത്തുമ്പോഴെല്ലാം ഈ ചോദ്യങ്ങള്‍ സുരേഖയുടെ മനസില്‍ ഒരു ചക്കിയിലെന്നപോലെ അരഞ്ഞും പൊടിഞ്ഞും വട്ടം കറങ്ങിയത്രെ. സുരേഖ പറയുന്നു: ”ഉത്തരം ഇന്നും അറിയില്ല”.
അവര്‍ എന്തിന് നമ്മെപ്പോലെയാകണം? അതായിരുന്നു ഏറ്റവും വലിയ ചോദ്യം. സംശയങ്ങള്‍ കുന്നുകൂടി. നാം എപ്പോഴും അവരേക്കാള്‍ മെച്ചപ്പെട്ടവരാണെന്നും അതിനാല്‍ നാം അവരെ നമ്മുടെ വഴികളിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നുമുള്ള, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ബാലിശമായി തോന്നുന്ന, അടിയുറച്ച ഭൂരിപക്ഷ വിശ്വാസത്തിന്റെ ഭാഗമായാണ് പലരെയും പോലെ സുരേഖയും അവര്‍ക്കിടയില്‍ ആദ്യമായി ഒരു സ്‌കൂള്‍ തുടങ്ങിയതത്രെ. ഒരു മരച്ചുവട്ടിലായിരുന്നു സ്‌കൂള്‍.
”പക്ഷെ ഏതു ഭാഷയില്‍?” ഞാന്‍ അത്ഭുതപ്പെട്ടു.
”അതുതന്നെയായിരുന്നു എന്റെയും പ്രശ്‌നം” സുരേഖ ഒരു കയറില്‍ നടക്കുന്ന അത്രയും സൂക്ഷ്മതയോടെയാണ് പറഞ്ഞത്. ”അവരുടേതല്ലാത്ത ഏതു ഭാഷയും അവര്‍ക്കൊരുപോലെയാണ്. പക്ഷെ അവരെ ഭരിക്കുന്നവരുടെ ഭാഷ അറിയേണ്ടത് അവരുടെ അതിജീവനത്തിനാവശ്യമാണ്. അതാണ് ഉത്തമമായ ശരി എന്നതുകൊണ്ടല്ല. എഴുത്ത്, കടലാസ്, പേന തുടങ്ങിയ വാക്കുകളൊന്നും അവര്‍ക്ക് പരിചിതമല്ല. ഒന്നിനുള്ള ഒരു രേഖയും അവരുടെ കയ്യിലില്ല. അതിനാല്‍ നിയമത്തിന്റെ പേരും പറഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വലിയ ഒച്ചയില്‍ അവരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് മിഴിച്ചുനില്‍ക്കേണ്ടിവരികയാണ്. അതിനൊരു പോംവഴി, അതായിരുന്നു എനിക്ക് സ്‌കൂള്‍”.
”നമ്മുടെയിടയില്‍, നമ്മുടെ ഭരണത്തിനു കീഴില്‍, രേഖകളുടെ അധീശത്വത്തിനു കീഴില്‍ നിന്നു പിഴയ്ക്കണമെങ്കില്‍ നാം എഴുതിപ്പിടിപ്പിക്കുന്നത് അവര്‍ മനസിലാക്കിയേ പറ്റൂ” സുരേഖയുടെ ശബ്ദത്തില്‍ കുറ്റബോധം തുളുമ്പി. ”ക്ലാസ് തുടങ്ങിയത് അവിടെനിന്നാണ്. ഭൂമിയുടെ, ദാലി കൃഷിയുടെ അവകാശപത്രം വായിപ്പിക്കാന്‍, അതെടുത്തു സൂക്ഷിച്ചുവയ്ക്കണമെന്ന് അറിയിപ്പിക്കാന്‍…. വിദ്യാഭ്യാസം ഇതൊന്നുമായിരിക്കരുതെന്ന് അറിഞ്ഞാല്ല. പുറംലോകം അവരെ ചതിക്കുമെന്ന് പറയാന്‍ എനിക്ക് വേറെ വഴികളില്ലായിരുന്നു. കല്യാണത്തിനോ ഉത്സവത്തിനോ വേണ്ടി ‘നിറമുള്ള’ വസ്ര്തങ്ങള്‍ വാങ്ങാന്‍ നഗരത്തിലെത്തുന്ന അവര്‍ക്കൊപ്പം പോവുക ഞാന്‍ പതിവാക്കി. 9 വാരയുള്ള ഒരു സാരിയുടെ വില കടക്കാരന്‍ 9 ഇരട്ടിയാണ് പറഞ്ഞത്. ഞാന്‍ മന്ദയെയും കൊണ്ട് പുറത്തേക്ക് നടന്നപ്പോള്‍ കടക്കാരന്‍ വില പകുതിയാക്കി. വാങ്ങില്ല ഞാന്‍ എന്നു മനസിലായപ്പോള്‍ 800 രൂപയുടെ സാരിക്ക് 90 രൂപയായി. മറ്റു സാധനങ്ങളും ഇതുപോലെതന്നെ. എനിക്കാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. സുരേഖ നിര്‍ത്തി. ”ഒരു ദിവസത്തിന് നാല്പതു മണിക്കൂറായാലും തികയില്ല. ഒരു മനുഷ്യായുസ്സൊന്നും പോര ഇതിന്. പക്ഷെ നമുക്കൊരു ആയുസ്സല്ലേയുള്ളൂ. ഓരോ പ്രശ്‌നത്തിനു പിന്നിലും പത്ത് പ്രശ്‌നങ്ങള്‍ താനേ വരും. ചങ്ങലയുടെ ഒരു ചെറിയ അറ്റം, അത് മാത്രമാണ് നാം കാണുന്നത്. ബാക്കിയൊക്കെ പിന്നില്‍ നൂറ്റാണ്ടുകള്‍ക്കിടയിലാണ്”.
കുന്നിന്‍ചെരുവുകളിലെ തൂക്കായ ഭൂപ്രദേശങ്ങള്‍ വെട്ടിത്തെളിയിച്ച് പല തട്ടുകളിലായി ചെയ്യുന്ന കൃഷിയുടെ പേരാണ് ദാലി കൃഷി. പരിപ്പും പയറും നെല്ലുമൊക്കെ കൃഷി ചെയ്യും. കാലാവസ്ഥ അനുസരിച്ചുള്ള ഈ കൃഷി, ഒരിക്കല്‍ ചെയ്ത സ്ഥലത്ത് അടുത്തതവണ ചെയ്യാറില്ല. പരസ്പരവിശ്വാസത്തിലും തികച്ചും ന്യായാധിഷ്ഠിതമായുമാണ് ഇവര്‍ ഇതു ചെയ്യുന്നതെന്നതിനാല്‍ ഇതുവരെയും ഒരു രേഖയുടെ ആവശ്യവും വേണമെന്ന് അവര്‍ക്ക് തോന്നിയിട്ടില്ല. പതുക്കെപ്പതുക്കെ ഭൂമാഫിയയുടെ ഏജന്റുമാര്‍ വരികയും ദാലി കൃഷി നിലങ്ങള്‍ കയ്യേറുകയും ചെയ്തുതുടങ്ങുന്നിടത്തുനിന്നാണ് രേഖകള്‍ ഉടമസ്ഥാവകാശത്തിനുള്ള തെളിവുകളാകുന്നത്. അങ്ങനെയാണ് ബോണ്ടഡ് ലേബര്‍ രംഗത്തുനിന്നും ദാലി കൃഷിനിലങ്ങളുടെ രേഖകള്‍ തിരയുന്നതിലേക്ക് ഞാന്‍ എത്തിപ്പെടുന്നത്. ഇവരുടെ ഭൂമി ഇവരുടെ കയ്യിലേല്പിക്കാന്‍ അതത്യാവശ്യമായിരുന്നു.
”മണ്ണിനു വിലയില്ല” ദാമു ചിരിച്ചത്രെ. ”ഒരു കഷ്ണം കടലാസിനാണ് വില! സര്‍ക്കാര്‍ രേഖകളുടെ കൂമ്പാരങ്ങളിലേക്ക് ഞാന്‍ കൂപ്പുകുത്തി” കോളേജ് വിദ്യാഭ്യാസവും നിയമപഠനവും എപ്പോഴേ പൂര്‍ത്തിയാക്കിയിരുന്ന സുരേഖ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അറിയില്ല. ഇതിനു പിന്നാലെ മാഡമെന്തിന് തല പുണ്ണാക്കുന്നു എന്നായിരുന്നു അവരുടെ ചോദ്യം. കൃത്യമായ ഒരുത്തരം എനിക്കുമില്ല. ഈ തിരച്ചില്‍ എവിടെയെങ്കിലുമെത്തുമെന്ന് യാതൊരു തീര്‍ച്ചയുമില്ല. പക്ഷെ ദാലി കൃഷിയാണ് ഇവരുടെ ഏക ആധാരം. അവര്‍ കൃഷി ചെയ്തിരുന്ന മണ്ണ് ഒരു തുണ്ടു കടലാസിലാണ് തൂങ്ങിനില്‍ക്കുന്നതെന്നോ അതെപ്പോള്‍ വേണമെങ്കിലും ആ ഒരു കടലാസില്ലാത്തതിനാല്‍തന്നെ കൈവിട്ടുപോകാമെന്നോ അവര്‍ക്കറിയില്ല. ആ നിലങ്ങള്‍ അവരുടേതല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍? പറയുമെന്നത് ഉറപ്പായിരുന്നു. കാരണം നഗരവാസികള്‍ക്ക് ‘ഫാം’ ഹൗസ് വേണം. കാട്ടിനുള്ളില്‍ സ്ഥലം വേണം. ഒപ്പം പച്ചപ്പും സുഖസൗകര്യങ്ങളും വേണം. ആദിവാസി അവിടെ അധികപ്പറ്റാണ്.
”ഉദ്യോഗസ്ഥരുടെ അജ്ഞതയും അനാസ്ഥയും ഞങ്ങളെ സഹായിച്ചു” സുരേഖ ചിരിച്ചു: ”അവരുടെ ജോലി ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതും കളക്ടറടക്കം പല തലത്തിലുള്ള ഉദ്യോഗസ്ഥരും ഞങ്ങളെ സഹായിക്കാനെത്തി. ഞാന്‍ പ്രതീക്ഷിച്ചതല്ലായിരുന്നു അത്. അത് വലിയ സുഹൃദ് ബന്ധങ്ങളുടെ തുടക്കമായി. ഇവരൊന്നും ഞങ്ങളുടെ സംഘടനയെ സഹായിക്കുകയല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഞങ്ങളോടൊപ്പം നിന്നവരാണ് ഉദ്യോഗസ്ഥരിലധികവും.
അല്ലെങ്കില്‍ ബേലാപ്പൂരിലെ കളക്ടറാഫീസില്‍ പതിനായിരത്തിലധികം ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ച് മോര്‍ച്ചയായി എത്തിയ ദിവസത്തില്‍ എന്നെ സഹായിക്കാന്‍ അവിടത്തെ പോലീസ് തയ്യാറാകുമായിരുന്നില്ല. രണ്ടും മൂന്നും ദിവസങ്ങളായി പലയിടത്തുനിന്നും നടന്നെത്തിയതായിരുന്നു അവര്‍. സ്വന്തം ഭക്ഷണവും വെള്ളവും കയ്യിലേന്തി എത്രയോ നാഴികകള്‍ താണ്ടി അവിടെ എത്തിയത് പതിനായിരത്തിലധികം ആദിവാസികളായിരുന്നു. ഉദ്യോഗസ്ഥരും പോലീസും, എന്തിന് ഞങ്ങളടക്കം അവിടെ വന്നെത്തിയ ജനക്കൂട്ടം കണ്ട് അമ്പരന്നുപോയി. പറഞ്ഞാല്‍ പറഞ്ഞതാണവര്‍ക്ക്. ഒരു സ്വാതന്ത്ര്യദിനത്തില്‍, കുന്നിന്‍ മുകളിലെ കൊടിയേറ്റം കഴിഞ്ഞ്, ആ കൊടി ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ താഴത്തു വീഴാതെ നോക്കണമെന്ന് ഞാന്‍ പറഞ്ഞു പോയപ്പോള്‍ അന്നത്തെ കാറ്റത്തും മഴയത്തും ആ കൊടിക്കാലും പിടിച്ച് വൈകുന്നേരം വരെ എന്നെയും കാത്ത് അവര്‍ നിന്നതാണ് എനിക്കോര്‍മ വന്നത്.
അന്ന് ഓഫീസില്‍ തിരിച്ചെത്തിയ ഞാന്‍ കൊടിയുടെ കാര്യം അപ്പാടെ മറന്നിരുന്നു. പിന്നെ ഓര്‍മ വന്നപ്പോഴേക്കും സമയം വൈകി. പക്ഷെ കുട്ടികള്‍ അവിടെത്തന്നെ നിന്നു. ഞാനെന്നെത്തന്നെ ഏറ്റവും വെറുത്ത ദിവസമായിരുന്നു അത്. ഞാന്‍ എനിക്കുതന്നെ മാപ്പു കൊടുക്കാത്ത ദിവസവും.
മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരാതായപ്പോള്‍, ആ പൊരിവെയിലത്ത് അതുവരെ ശാന്തരായി നിന്നിരുന്ന ജനക്കൂട്ടം അസ്വസ്ഥരാകുന്നു എന്ന് പോലീസിന് മനസിലായി. പിരിഞ്ഞുപോകാന്‍ പറയാന്‍ പോലീസ് തയ്യാറെടുത്തു. അവര്‍ ആജ്ഞ ലംഘിച്ചാല്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തുകയേ നിവൃത്തിയുള്ളൂ. അത്രയ്ക്ക് വലിയ ജനക്കൂട്ടം കോപിച്ചാല്‍ അവരെ നിയന്ത്രിക്കുക അസാദ്ധ്യമാകും. ആ ജാഥയ്ക്ക് നേതൃത്വം കൊടുത്ത ഞങ്ങള്‍ ആകെ പകച്ചു. ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി. ഓര്‍മകള്‍ ഒരു ശാപം പോലെ നമ്മെ പിന്തുടരുന്ന ദിവസങ്ങളുണ്ട്. ഈ വന്നവരെ മുഴുവന്‍ ഞങ്ങളാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ഞങ്ങളുടെ വാക്കു മാത്രം വിശ്വസിച്ചാണ് അവര്‍ വന്നിരിക്കുന്നത്. ചുമതല ഞങ്ങളുടേതാണ്. ഞങ്ങള്‍ പറഞ്ഞാലേ അവര്‍ കേള്‍ക്കൂ.
പോലീസ് ഉച്ചഭാഷിണിയിലൂടെ അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അവര്‍ ലാത്തിയുമായി തയ്യാറായി നില്പാണ്. പത്തുപന്ത്രണ്ട് കിലോമീറ്റര്‍ നടന്ന ക്ഷീണം, അതികഠിനമായ വിശപ്പ്, പൊള്ളുന്ന ചൂട്, കാത്തിരിപ്പിന്റെ മടുപ്പ്. ഒരു തീപ്പൊരി മതി അവിടം ഒന്നാകെ ആളിക്കത്താന്‍. ജനക്കൂട്ടം കാത്തുനില്പാണ്.
ഏതു ഭൂതമാണ് എന്നെ ആവേശിച്ചതെന്നറിയില്ല. അടുത്തുനിന്ന പോലീസുകാരന്റെ സമ്മതത്തോടെ, അദ്ദേഹത്തിന്റെ കയ്യിലും തോളിലും ചവിട്ടി ഞാന്‍ അവര്‍ക്കു പിന്നിലെ ഉയരം കൂടിയ മതിലിനു മുകളില്‍ കയറി. കണ്ണെത്തുംദൂരത്തോളം മുന്നില്‍ ജനസമുദ്രം. രണ്ടും കല്പിച്ച് ഞാനവരോട് ഇരിക്കാനും സാവധാനം അവനവന്റെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാനും കൈയാഗ്യം കാട്ടി. പോലീസ് തന്ന മൈക്കില്‍ ഉറക്കെ ഉറക്കെ അപേക്ഷിച്ചു. സുരേഖയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ ഒരു ബഹളവുമില്ലാതെ അവനവന്റെ ഭക്ഷണപ്പൊതികളെടുത്ത് തിരിഞ്ഞുനടക്കാന്‍ തുടങ്ങി. ഞാനൊരിക്കലും എനിക്ക് മാപ്പു നല്‍കാത്ത ദിവസമാണ് അത്. മതിലില്‍ നിന്നിറങ്ങുമ്പോഴേക്കും ഞാന്‍ വല്ലാതെ കരയാന്‍ തുടങ്ങിയിരുന്നു. മണ്ണിലിരുന്ന് കരഞ്ഞ എന്നെ ബഹളമവസാനിച്ചപ്പോള്‍ പോലീസുകാരാണ് അവരുടെ വാഹനത്തില്‍ എന്റെ താമസസ്ഥലത്ത് കൊണ്ടാക്കിയത്. പല പ്രതിസന്ധികളിലും എന്നെ അറിയാവുന്ന പോലീസുകാരും ഉദ്യോഗസ്ഥരും എന്നെ അങ്ങേയറ്റം സഹായിച്ചിട്ടേയുള്ളൂ.
”കാരണം?”
”സംഘടനയുടെ പ്രവര്‍ത്തനമാകണം. ഞങ്ങള്‍ രൂപീകരിച്ച ‘ശ്രമിക്’ സംഘടനയ്ക്ക് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരമായി ഓഫീസില്ല. മൂലധനമില്ല. ഓരോരോ പ്രദേശത്തെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അതാത് സ്ഥലത്തെ ഏതെങ്കിലും ഒഴിഞ്ഞ വീടോ, ഒഴിഞ്ഞ സ്ഥലത്ത് താത്കാലികമായി കെട്ടുന്ന ചെറുകുടിലോ ആകും ഓഫീസ്. അവിടത്തെ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന അതിതുച്ഛമായ സംഖ്യയാവും പ്രവര്‍ത്തനമൂലധനം. ഫണ്ടില്ല. സ്ഥാനമാനങ്ങളില്ല. കിട്ടുന്നത് തിന്ന്, കിട്ടുന്ന സ്ഥലത്തുറങ്ങി, പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനല്ലാതെ മറ്റൊരു വരുമാനവും ഞങ്ങള്‍ക്കില്ല”.
(ഒരു മാസത്തില്‍ സെന്ററില്‍ നിന്ന് സുരേഖയ്ക്ക് ലഭിക്കുന്നത് വെറും 500 രൂപയാണെന്നു കേട്ടപ്പോള്‍ എനിക്കത് വിശ്വസിക്കാനായില്ല).
”കണം കയ്യിലില്ലെങ്കില്‍ ജീവിതം എത്ര സുഖകരമാണെന്നോ!” സുരേഖ ചിരിച്ചു. ”അവിടത്തെ ഉദ്യോഗസ്ഥരും ഞങ്ങളും ഒരുപോലെ ദരിദ്രവാസികളായിരുന്നു. അതിനാല്‍ ‘കൊടുക്കല്‍-വാങ്ങലുകള്‍’ ഉണ്ടാവാറേയില്ല. അതിനാലാവണം അവര്‍ ഞങ്ങളെ ഇത്രയധികം സഹായിക്കുന്നത്”.
”കാടിന്റെ ലോകം. കാടിന്റെ നിയമങ്ങള്‍. കാടിന്റെ തെറ്റുകളും ശരികളും. ആദിവാസികള്‍ അവരവരുടെ അതിജീവനത്തിനു വേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍. സത്യത്തില്‍, പോരാടുക എന്ന വാക്ക് അവര്‍ക്കറിയില്ല. കാടല്ലാതെ അവര്‍ ബഹുമാനിക്കുന്ന മറ്റൊരെജമാനനില്ല”.
”നഗരമുതലാളിമാരുടെയും അവരുടെ ഏജന്റുമാരുടെയും കടന്നുകയറ്റത്തെ ചെറുക്കാന്‍ അവര്‍ക്ക് ഈ പഴയ രേഖകള്‍ കൈവശം വയ്ക്കണം എന്നതുകൊണ്ടാണ്, അതു മാത്രമാണ് അവര്‍ക്കായുധം എന്നതുകൊണ്ടാണ് ഞാന്‍ ഈ റെക്കോഡുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യാന്‍ പുറപ്പെട്ടത്. ഒരുപാട് ഗ്രാമങ്ങളിലെ ഭൂമിയുടെ കൈവശാവകാശരേഖകള്‍ ഞാന്‍ കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഏതെങ്കിലും രേഖകള്‍ വേണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളോടാണ് ഇപ്പോള്‍ ചോദിക്കാറ്! നഗരത്തിലേക്ക് സ്ഥിരമായി കുടിയേറിയവര്‍ക്ക്, തത്കാലം പോയവര്‍ക്ക് എല്ലാമുള്ള ഭൂമി സാക്ഷിക്കുക വിഷമമാണ്. കളക്ടറുടെ കൈയൊപ്പില്ലാതെ ഇവിടെ ഭൂമി കൈമാറ്റം അനുവദനീയമല്ല. പക്ഷെ പലതും വിറ്റുപോയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ട്. എങ്ങനെ എന്ന് ഒരിക്കല്‍ ഈ കണക്കുകള്‍ കാണിച്ച് ചോദിച്ചപ്പോള്‍ കളക്ടര്‍ കോപാകുലനായി. എല്ലാ കച്ചവടങ്ങളും ഒറ്റയടിക്ക് റദ്ദാക്കി. അത് വലിയ സഹായമായി. അതോടെ, ഏജന്റുമാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിരിച്ചിട്ട ഒരു വലിയ വലയുടെ കണ്ണികള്‍ ഒന്നൊന്നായി പൊട്ടുകയായിരുന്നു.
”സംഘടനയുടെ വലിയ വിജയമായിരുന്നു അത് എന്ന് പറയാതെ വയ്യ. കയ്യേറ്റം ഭൂമിയില്‍ നടത്തുമ്പോള്‍ ചോദിക്കാന്‍, പറയാന്‍ സംഘടന മുന്നില്‍ നിന്നു. ബോണ്ടഡ് ലേബര്‍ (അടിമപ്പണി) മുഴുവനായെന്നുതന്നെ പറയാം, ഇല്ലാതായിക്കഴിഞ്ഞിരുന്നു. മാത്രമല്ല, കൂലി നിശ്ചയിക്കപ്പെടുന്നത് യജമാനന്മാരും സംഘടനയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ മാത്രമായി. ആദിവാസികളുടെ സ്ഥലം വില്‍ക്കാനില്ലാത്തതിനാല്‍ വാങ്ങാന്‍ ഏജന്റുമാര്‍ക്ക് കഴിയാതായി. നഗരവാസികളുടെ ഫാം ഹൗസ് മോഹങ്ങള്‍ പലതും തകര്‍ന്നു. കാടിന്റെ പച്ചപ്പിലേക്കുള്ള റോഡുകളുടെ പണി നിര്‍ത്തലാക്കി. ടൂറിസത്തിന്റെ പേരു പറഞ്ഞ് പിടിപാടുള്ളവര്‍ക്കിടയില്‍ രഹസ്യമായി പ്രഖ്യാപിക്കപ്പെട്ട ഹില്‍ സ്റ്റേഷനുകള്‍ സര്‍ക്കാരിന് പ്രക്ഷോഭം കാരണം റദ്ദാക്കേണ്ടിവന്നു. വധഭീഷണികളും മറ്റുതരത്തിലുള്ള ഉപദ്രവങ്ങളും സംഘടനയിലെ അംഗങ്ങള്‍ക്ക് നിത്യസംഭവങ്ങളായി. അത്രയ്ക്ക് ഞങ്ങള്‍ക്ക് വാശിയും വൈരാഗ്യവും കൂടി.
”ഞങ്ങള്‍ നിശ്ചയിച്ചത് ഒന്നു മാത്രമാണ്” സുരേഖ വളരെ ആലോചനയോടെയാണ് പറഞ്ഞത്. ”ഞങ്ങളെ അടിക്കാം. ഞങ്ങള്‍ തിരിച്ചടിക്കില്ല. പക്ഷെ ഞങ്ങള്‍ സമരങ്ങളില്‍ നിന്ന് പിന്മാറുകയില്ല. വ്യക്തികള്‍ ഞങ്ങളുടെ ശത്രുക്കളല്ല. കലഹം വ്യവസ്ഥിതിയോടാണ്. അതിന്റെതന്നെ ഇരകളാണ് ഉദ്യോഗസ്ഥര്‍ എന്നതിനാല്‍ അവരല്ല എതിര്‍പക്ഷത്ത്”.
ആശയങ്ങള്‍ എന്ന നിലയ്ക്ക് വളരെ നല്ലത്. പക്ഷെ ആദിവാസികളെ ഇത് ബോദ്ധ്യപ്പെടുത്തുക എന്നത് ദുഷ്‌കരമായിരുന്നു.
”ഇങ്ങോട്ടടിച്ചാല്‍ അങ്ങോട്ടടിക്കാതിരിക്കുകയോ!” ശ്യാമ പൊട്ടിച്ചിരിച്ചു.
തായിക്ക് ഭ്രാന്താണോ?
ഇന്ന് നിരവധി കലഹങ്ങള്‍ക്കും ‘യുദ്ധ’ങ്ങള്‍ക്കും പോരുകള്‍ക്കും വെല്ലുവിളികള്‍ക്കും ശേഷം എന്തു തോന്നുന്നു, ഈ വഴി ശരിയായിരുന്നോ എന്ന എന്റെ ചോദ്യത്തിന് പെട്ടെന്നുത്തരം പറയാതെ സുരേഖ മിണ്ടാതിരുന്നു.
”ഇതെല്ലാം ചെയ്തതുകൊണ്ട് ‘തായി’ക്ക് എന്തു ഗുണമാണ് കിട്ടുന്നതെന്ന ഉദ്യോഗസ്ഥന്റെ ചോദ്യം പലപ്പോഴും മനസില്‍ തലപൊക്കാറുണ്ടെന്നത് സത്യമാണ്” സുരേഖ മേശമേല്‍ കണ്ണ് തറപ്പിച്ചുനിര്‍ത്തി. ”ഇതൊന്നും ചെയ്യാതിരുന്നെങ്കില്‍ എന്താണ് മെച്ചം എന്ന ചോദ്യം പക്ഷെ ഒപ്പം തലപൊക്കും. രണ്ടിനും വ്യക്തമായ ഉത്തരം ഇന്നും എന്റെ കയ്യിലില്ല. നാം എന്തായിത്തീരുന്നു (എന്താകാന്‍ ആഗ്രഹിക്കുന്നു എന്നല്ല) എന്നതിനു പുറകില്‍ ഒരുപക്ഷെ നമ്മളാല്‍ മുന്‍നിശ്ചയിക്കപ്പെടാത്ത എന്തോ ഒന്നുണ്ടായിരിക്കണം. ഒന്നും അറിഞ്ഞ് തീരുമാനിക്കാനുള്ള പ്രായത്തിലല്ല മറ്റുള്ളവരെ വിട്ട് എനിക്ക് കാട്ടിലേക്കിറങ്ങാന്‍ തോന്നിയത്. തോന്നി. അതാണ് പ്രധാനം. ഇറങ്ങാതിരിക്കാനാവുന്നില്ല എന്ന് മനസു പറഞ്ഞു. എന്തുകൊണ്ട് എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് സ്വയം ചോദിക്കാനാവില്ല. ഉത്തരങ്ങളും ഉണ്ടാവില്ല. എന്തുകൊണ്ടാണ് ഒരാള്‍ക്ക് നീലനിറം പച്ചനിറത്തേക്കാളിഷ്ടം എന്ന് നീലനിറമിഷ്ടപ്പെടുന്നവരോട് ചോദിച്ചുനോക്കൂ. അവര്‍ക്കുത്തരമുണ്ടാവില്ല. നമ്മുടെ മനസില്‍ നാംതന്നെ അറിയാതെ കിടക്കുന്ന എന്തോ ഒന്നാണത്. കുടുംബത്തോടൊപ്പം സാമാന്യം സന്തോഷമായി കഴിയാവുന്ന ഒരു ജീവിതം എനിക്കു മുന്നിലുണ്ടായിരുന്നു. വേണ്ടെന്നുവച്ചത് ഞാനാണ്. ഒട്ടും ദു:ഖമില്ലതാനും.
അഞ്ഞൂറോ ആയിരമോ കടം വാങ്ങിയതിന്റെ പേരില്‍ ആജീവനാന്തം അടിമപ്പണി ചെയ്യേണ്ടിവരുന്ന ദാമുമാരുടെ കഥ എന്നെപ്പോലെ പലരും കേട്ടിരിക്കും. എന്തേ എന്റെ രക്തം തിളച്ചത്. അത്തരത്തിലുള്ള പരാധീനരുടെ കൈ പിടിച്ച് അവര്‍ക്കൊപ്പം മുതലാളിമാര്‍ക്കെതിരെ തല താഴ്ത്താതെ നില്‍ക്കാന്‍ ആരാണ് എന്നെ പഠിപ്പിച്ചത്? മാനസിയെന്തേ എഴുത്ത് തിരഞ്ഞെടുത്തത്? എളുപ്പമുള്ള വഴികള അടുത്തെത്രയോ ഉണ്ടായിട്ടും പലരും തിരഞ്ഞെടുക്കുന്നത് അവയേക്കാള്‍ എത്രയോ വിഷമം പിടിച്ച, യാതൊരു ലാഭവുമില്ലാത്ത വഴികളാണെന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തിന്, ഏതിന്, എന്ന് പുറത്തുള്ളവരെപോലെ ഞാനും എന്നോട് എത്രയോ തവണ ചോദിച്ചിട്ടുണ്ട്. വ്യക്തമല്ല എനിക്കും ഉത്തരം.
സങ്കടം അതല്ല. എത്രയൊക്കെ ഞങ്ങള്‍ ഈ ഞങ്ങളില്‍ പലപല വ്യക്തികളും സംഘടനകളും പെടും ശ്രമിച്ചിട്ടും മുംബൈ നഗരം കാട്ടിനുള്ളിലേക്ക്, ഉള്ളിലേക്ക് കയറുകയാണ്. മരങ്ങള്‍ ഒന്നടങ്കം വെട്ടിനിരത്തുന്നു. കാലാവസ്ഥ മാറി മാറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. കൃഷി അപ്പാടെ നശിക്കുന്നു. ജീവിതം കൂട്ടിലടച്ച പോലെ ദുസ്സഹമാകുന്നു. ആദിവാസിക്ക് മുന്നില്‍ വഴിയൊന്നേയുള്ളൂ. എല്ലാം വിറ്റിട്ടോ ഉപേക്ഷിച്ചിട്ടോ അവരെ ചതിച്ച നഗരത്തിലേക്ക് കുടിയേറുക. നഗരത്തിലേക്കുള്ള വഴിയരികില്‍ ഞാന്‍ കണ്ട ചായക്കടയിലെ ജോലിക്കാരായ പതിനൊന്ന് ആണ്‍കുട്ടികളും ‘മിലി’ എന്ന ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് ഓടിവന്നവരാണ്. എലിപ്പൊത്തുകളുടെ മുഖപ്പില്‍ വൈക്കോലിട്ട് കത്തിച്ച് എലികളെ പുകച്ച് പുറത്താക്കുംപോലെതന്നെയാണ് പല ഘടകങ്ങളും ഇവരെയും പുകച്ച് പുറത്തുചാടിച്ച് നഗരത്തിലെത്തിക്കുന്നത്. കാട്ടിനോരത്തുകൂടി ഒഴുകുന്ന പാതാളഗംഗയിലെ വെള്ളം തിളപ്പിക്കുമ്പോള്‍ അടിയില്‍ ഒരു റബ്ബര്‍ ഉരുള പോലെ മാലിന്യങ്ങള്‍ താഴത്തടിയുന്നതുകാണാം. വെള്ളത്തിന്റെ മണവും നിറവും അറപ്പിക്കും. ഞാന്‍ വെള്ളം തിളപ്പിക്കും. പക്ഷെ… ആരുടെ ആരോഗ്യത്തെക്കുറിച്ചാണ് നാം നിര്‍ത്താതെ സംസാരിക്കുന്നത്? ആരോടാണ് പറയേണ്ടത്? ആരോടാണ് പറയുന്നത്? ഫാക്ടറികള്‍ ഉണ്ടാക്കിവിടുന്ന മാലിന്യങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത ജലാശയങ്ങളിലേക്കും പുഴകളിലേക്കും ഒഴുക്കി വികസനം വരുത്തുന്ന വ്യവസായികളോടോ? അവരുടെ കാവലാളായ സര്‍ക്കാരുകളോടോ? ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ ലെവല്‍ ആസൂത്രണത്തിന്റെ ഭാഗമാണ് ഞാന്‍. ഇതൊന്നും അരുതെന്നു പറയുന്ന നിയമങ്ങള്‍ ഏറെയുണ്ട്. കാട് അവരുടേതാണെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നാള്‍ മുതല്‍ അവര്‍ക്കായുള്ള നല്ല സംരംഭങ്ങളുണ്ട്. പക്ഷെ നടത്തിപ്പിന്റെ തലത്തിലെത്തുമ്പോഴേക്കും പത്തിലൊന്നുപോലും ഇവര്‍ക്കു കിട്ടാറില്ല. കഴിഞ്ഞ വര്‍ഷത്തെ ആദിവാസി ഫണ്ട് മുഴുവന്‍ ചെലവഴിച്ചത് മുംബൈയിലാണ്. കാരണം അവര്‍ വോട്ടുബാങ്കല്ല എന്നതാണ്. നഗരത്തിന്റെ ചെളിക്കുണ്ടുകളില്‍ പണിയെടുത്ത് നാല് കാശ് കയ്യില്‍ കിട്ടിയാല്‍ പിന്നെ ഇവരും പെരുമാറുക ഈ ഏജന്റുമാരെയും മുതലാളിമാരെയും പോലെതന്നെയാണ്! കൈക്കൂലിയും കാക്കപിടിത്തവും ഒക്കെത്തന്നെ. വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. ഇതിനാണോ പ്രയത്‌നിച്ചത്? ആരും നിര്‍ബന്ധിച്ചില്ലല്ലോ എന്ന് അപ്പോള്‍തന്നെ ഒരു ഹാസ്യചിരിയോടെ ചോദിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുന്നവരുടെ യഥാര്‍ത്ഥ കെണി ഇതാണ്. മനസിന്റെ ഈ വടംവലികള്‍ അസഹ്യമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഞാന്‍ മുംബൈയിലെ വീട്ടിലേക്ക് വണ്ടി കയറും. ജീവിച്ചുപോകാനുള്ള പണം വക്കീലായ ഭര്‍ത്താവിനോട് ചോദിക്കുകയും വേണം! അതാണ് ഞങ്ങള്‍ തമ്മിലുള്ള കരാര്‍!
യജമാനന്മാരുടെ നുകത്തിനു കീഴില്‍ നിന്ന് മോചിപ്പിച്ച ബായി. എല്ലു മുറിയെ പണിയെടുക്കുമ്പോഴും കിട്ടിയിരുന്ന അതിതുച്ഛമായ കൂലിക്കു പകരം കൂലി കൂട്ടി വാങ്ങിത്തന്ന ബായി. സ്‌കൂളും ശൗചാലയങ്ങളും ഉണ്ടാക്കിക്കൊടുപ്പിച്ച ബായി. ആദിവാസികളുടെ മണ്ണിലേക്ക് കേറിച്ചവിട്ടാന്‍ സര്‍ക്കാരിനെയും നഗരവാസിയെയും അനുവദിക്കാത്ത ബായി. കൃഷിനിലത്തിന്റെ ‘കടലാസ്’ തന്ന ബായി. സമൂഹവിവാഹത്തിലൂടെ ചെലവു ചുരുക്കി, ആദിവാസിയുടെ പാട്ടും ആട്ടവും പുനരുജ്ജീവിപ്പിച്ച ബായി. കാട്ടിലും മേട്ടിലും മൈലുകളോളം തങ്ങളോടൊപ്പം വേരും കായ്കനികളും തിന്ന് നടക്കാന്‍ കഴിയുന്ന ബായി. നൂറടി വിസ്താരമുള്ള മുറിയുടെ പകുതിയില്‍ തങ്ങളെപോലെതന്നെ ജീവിക്കുന്ന ബായി. 500 രൂപ വേതനം വാങ്ങുന്ന ബായി. തങ്ങളുടെ സുരേഖാതായി! കാടിന്റെ മക്കളുടെ ആത്മാവും അറിവുമാണ് അവര്‍ക്ക് സുരേഖാതായി.
”ഒരു ചായ കുടിക്കാം” സംസാരം പെട്ടെന്നു നിര്‍ത്തി അടുക്കളയില്‍ ചെന്ന് ചായയുണ്ടാക്കി ധൃതിയില്‍ സുരേഖ പറഞ്ഞു: ”മറന്നേ പോയി. അഞ്ചുമണിക്കൊരു മീറ്റിംഗുണ്ട്. അപ്പോള്‍…”
”ഒരു ഫോട്ടോ വേണം” ഞാന്‍ പറഞ്ഞു: ”വൈകില്ലല്ലോ?”
ഫോട്ടോയ്ക്കായി എന്റെ തോളില്‍ കയ്യിട്ട് അവര്‍ നിന്നപ്പോള്‍ അവര്‍ക്കു ചാരെ എത്രയോ ഉയരം കുറഞ്ഞവളായി എനിക്ക് സ്വയം തോന്നി. അത് പുറത്തു കാണിക്കാതെ ഞാന്‍ ക്യാമറയിലേക്ക് നോക്കി പുഞ്ചിരിച്ചു നിന്നു.

Previous Post

വാക്കിന്റെ ദാര്‍ശനികത: നഗ്നത നഗ്നമാവുമ്പോള്‍

Next Post

8. എഴുത്തുകാരന്റെ മേല്‍വിലാസം

Related Articles

life-sketchesManasiമുഖാമുഖം

സിന്ധു തായി സപ്കാൽ: എന്നെ തോല്പിക്കാമെന്നോ!

മുഖാമുഖം

വി കെ ജോസഫ്: രാജേഷ് കെ എരുമേലി/ രാജേഷ് ചിറപ്പാട്

നേര്‍രേഖകള്‍മുഖാമുഖം

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ പെരുമയിലും എളിമയോടെ

മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

മുഖാമുഖം

ജി.ആർ. ഇന്ദുഗോപൻ: വായനക്കാർ കുത്തിപ്പൊക്കിയ എഴുത്തുകാരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മാനസി

സാവിത്രി ബായി ഫുലെ:...

മാനസി 

1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ് ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു. അവർക്ക്...

പോരാട്ടങ്ങൾ ഓർമപ്പെടുത്ത ലുകളാണ്:...

മാനസി  

നിങ്ങളുടെ വീട്, തലമുറകളായി നിങ്ങളും നിങ്ങളുടെ ആൾക്കാരും ജീവി ച്ചുപോന്ന സ്ഥലം, കണ്ടു പരിചയിച്ച...

വൈശാഖന്‍

മാനസി 

വൈശാഖന്‍ എന്ന എം.കെ. ഗോപിനാഥന്‍ നായര്‍ എഴുത്തുകാരനാവാന്‍ ആഗ്രഹിച്ചിരുന്നോ? എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്? ഞാന്‍...

സുരേഖ തായി: നിങ്ങള്‍...

മാനസി 

''നിങ്ങള്‍ എലിയെ ചുട്ടുതിന്നിട്ടുണ്ടോ?'' സുരേഖ ദല്‍വി ഒരു നേര്‍ത്ത ചിരിയോടെ സംസാരം തുടങ്ങിയത് അങ്ങനെയാണ്....

Manasi

മാനസി 

സിന്ധു തായി സപ്കാൽ:...

മാനസി 

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും അതിന്റെ ഓരങ്ങളിലെ കാടിനോടടുത്ത പച്ചപ്പുകളിലും വീട്ടിലെ മൂന്നു പശുക്കളെ മേയാൻ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven