• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

രേണുവിന്റെ ചിരി

ഗോവിന്ദന്‍ ഉണ്ണി May 23, 2016 0

എന്നുമുതലാണ് മടിയനായത്?
ആലസ്യത്തോടെ, യാന്ത്രികമായി പ്രഭാത കര്‍മങ്ങള്‍ ഓരോന്നായി ചെയ്തുകൊണ്ടിരുന്നപ്പോഴും വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. ദിവസംതോറും കൂടിവരുന്ന സ്ഥായിയായ ഈ അലസത… എന്നുമുതലോ ആവട്ടെ! സ്വയം സമാധാനിച്ചു.
ഒരുതരത്തില്‍ ഈ മടി തനിക്കു നേടിത്തന്ന നിസ്സംഗത മറ്റൊരു മുതല്‍കൂട്ടല്ലേ! എന്തിനും ഏതിനും പ്രതികരിച്ച് കുറെ ശത്രുക്കളെ ഉണ്ടാക്കിയ പഴയ ആക്രമണശീലം ഇന്നില്ലതന്നെ. ഇതിനെ ആണോ ‘മചോരിട്ടി’ എന്നു പറയുന്നത്? എന്തായാലും മടി എന്ന ഈ പ്രതിഭാസം തനിക്കേറെ ചേരും എന്നതില്‍ അയാള്‍ രഹസ്യമായി സന്തോഷിച്ചു. താന്‍ മടിയനായി എന്ന് ഒരു സുഹൃദ് സദസ്സില്‍ പ്രഖ്യാപിച്ചപ്പോള്‍ ചങ്ങാതിമാര്‍ എത്ര ലാഘവത്തോടെയാണ് അതിനെ എടുത്തത്! അതായത് മടി സ്ഥായിയായ ഒരു വികാരമാണെന്നും പൊതുവെ എല്ലാ മനുഷ്യരും മടിയന്മാരാണെന്നും കാലിക, സ്വകാര്യ പ്രശ്‌നങ്ങള്‍ ആണ് ഒട്ടുപേരെയും സ്മാര്‍ട്ടാക്കുന്നതെന്നും വരെ അവര്‍ വാദിച്ചു. അതിനെന്താണിത്ര വിഷമിക്കാനെന്നും, ഈ വിഷയത്തില്‍ അധികം ചിന്തിക്കുന്നതുതന്നെ ബുദ്ധിഹീനതയാണെന്നും അവര്‍ വിലയിരുത്തി. ഈ സംവാദത്തിനുശേഷം തന്റെ അപകര്‍ഷതബോധം കുറഞ്ഞതായി അയാള്‍ സ്വയം കണ്ടെത്തി. വളരെ വിലപ്പെട്ട തന്റെ സുഹൃദ് വലയങ്ങള്‍ തതന്നെ എത്രമാത്രം ബോധവത്കരിക്കുന്നു! ഇക്കാര്യം രേണുവിനോട് പറഞ്ഞപ്പോള്‍ അവള്‍ ആ സ്ഥിരം ചിരിയില്‍ ഒതുക്കി എല്ലാം. ”ഇയാളെക്കൊണ്ട് ഞാന്‍ തോറ്റു’ എന്നര്‍ത്ഥം വരുന്ന ഒരു ചിരി. അദ്ധ്യാപികയല്ലേ! അല്പം ഗമ എല്ലാറ്റിലും കാണിക്കും. അതോ ഈ ചിന്ത വികല്പമാണോ? രേണു എത്രമാത്രം കഷ്ടപ്പെടുന്നു. വീട്ടുജോലിയും അദ്ധ്യാപനവും. കണക്കുടീച്ചര്‍, കുട്ടികള്‍ ട്യൂഷന്‍ ആയും അല്ലാതെയും വീട്ടില്‍ വന്നും സംശയം ചോദിക്കും. ഒരു നല്ല ടീച്ചര്‍ എന്ന ലേബല്‍ കാത്തുസൂക്ഷിക്കാന്‍ അവള്‍ ഒരുപാട് വില കൊടുക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോഴും അവള്‍ ആ ചിരി മാത്രം! മകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ രേണുവിന്റെ സ്‌കൂളില്‍ ഒന്നില്‍ ചേരാം. അതുവരെ നിള തൊട്ടടുത്ത നേഴ്‌സറിയില്‍ പോകുന്നു. രേണു സ്‌കൂള്‍ വിട്ടു വരും വരെ നിളയെ നോക്കുന്നത് അയല്‍പക്കവും അടുത്ത ബന്ധുവുമായ മാലതി ഓപ്പോള്‍ ആണ്. തന്റെ കുറഞ്ഞ വരുമാനം കാരണം രേണുവിനു കൂടുതല്‍ ട്യൂഷന്‍ എടുക്കേണ്ടിവരുന്നു. ഇത്തവണയും ഇന്‍ക്രിമെന്റ് കിട്ടിയില്ല. ബോസിന്റെ കാബിനില്‍ ചെന്ന് പരുഷമായിതന്നെ ചോദിച്ചു. ”ഇന്‍ക്രിമെന്‌റ് ഈസ് നോട്ട് എ റൈറ്റ് മി. മേനോന്‍” എന്നായിരുന്നു പ്രതികരണം. ഈ പണി ഉപേക്ഷിക്കാന്‍ തുനിഞ്ഞതാണ്. രേണുവിനോട് സംസാരിച്ചപ്പോള്‍ അവള്‍ കേണു. ”വേണുവേട്ടാ, ഉള്ള ജോലി കളയരുത്. പ്ലീസ്… എനിക്കുവേണ്ടി”.
”കുറച്ചുകൂടി ഉഷാറായി ജോലി ചെയ്യൂ. ഇന്‍ക്രിമെന്റ് തരും” അവള്‍ ആശ്വസിപ്പിച്ചു.
എന്ത് ഉഷാര്‍ ആവാന്‍? തരുന്ന ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ? പിന്നെ ബോസ് മനസ്സില്‍ ചിന്തിച്ചാല്‍ ഇവിടെ ഡസ്‌കില്‍ പണി നടക്കില്ല. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ഇവിടെ നീതിയില്ല.
ഡിഗ്രിക്ക് ഒപ്പം പഠിച്ചിരുന്ന സേതുവിനെ കഴിഞ്ഞ ലീവിന് അവിചാരിതമായി കണ്ടപ്പോള്‍ അവന്‍ ഒരു ഓഫര്‍ തന്നിരുന്നു. ഉത്തരേന്ത്യയില്‍ ഒരു മരുന്നുകമ്പനിയില്‍ ജോലി ചെയ്തിരുന്ന അവന്‍ നാട്ടിലേക്ക് റീജ്യണല്‍ ഡയറക്ടര്‍ ആയി ചാര്‍ജ് എടുത്തിയിരുന്നു. ”നിനക്ക് താല്‍പര്യമെങ്കില്‍ ലോജിസ്റ്റിക്കില്‍ തരക്കേടില്ലാത്ത ഒരു ഓപ്പണിംഗ് തരാന്‍ പ്രയാസമില്ല. ആലോചിച്ചു പറയൂ”. അവന്റെ റീജ്യണല്‍ ഓഫീസ് വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം. തന്റെ ജീവിതപ്രശ്‌നങ്ങള്‍ കേട്ട് അവന്‍ ചെയ്ത വാഗ്ദാനം ഏറെ ആശ്വാസം നല്‍കി. തിരിച്ചുവന്നാല്‍ എന്തു ചെയ്യും എന്നാണല്ലോ രേണുവിന്റെ ഭയം. എങ്കിലും ഇക്കാര്യത്തില്‍ അവള്‍ ഒരു അഭിപ്രായം പറഞ്ഞില്ല.
പല്ല് തേക്കുമ്പോള്‍ ബ്രഷ് അധികം അമര്‍ത്തിതേക്കരുതെന്നു പറഞ്ഞ ഡെന്റിസ്റ്റിന്റെ വാക്യങ്ങള്‍ അയാള്‍ കൃത്യമായി ഓര്‍ത്തു. ക്രീം ഇല്ലാതെതന്നെ ഷേവ് ചെയ്തു. മടികൊണ്ടല്ല. ഇനി പിടിപ്പും വേണം. സാധനങ്ങള്‍ക്കൊക്കെ എന്താ വില? ഇഷ്ടഭക്ഷണമായ ദാല്‍-റൊട്ടി വരെ ഇനി പ്രയാസം! കഴിഞ്ഞ ദിവസം ദാല്‍ വാങ്ങാന്‍ സ്റ്റോറില്‍ പോയി. കയ്യില്‍ വച്ചിരുന്ന നൂറു രൂപ കൊടുത്തപ്പോള്‍ മാര്‍വാഡി ചിരിക്കുന്നു. ”അരക്കിലോ മതിയോ സാര്‍, വില ഇരട്ടിയായി”. മാര്‍വാഡി രേണുവിനെപ്പോലെ ചിരിക്കുന്നു എന്ന് തോന്നിയതാണോ?
തരാമെന്നു പറഞ്ഞ ‘അച്ഛാ ദിന്‍’ എന്നാണാവോ? അതിനുമുന്‍പ് ജോലി മതിയാക്കി പോകേണ്ടിവരും. ഇങ്ങനെയാണെങ്കില്‍ നോ ഇന്‍ക്രിമെന്റ്, നോ വര്‍ക്ക്. ജോലി ഉപേക്ഷിക്കാനുള്ള തന്റെ ധൈര്യത്തില്‍ അഭിമാനം തോന്നി. ”എന്താ ചങ്കൂറ്റം” ചങ്ങാതിമാരോട് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ കമന്റ് ആണ്. അവര്‍ അതും പറഞ്ഞു ചിരിച്ചപ്പോള്‍, രേണുവിന്റെ അതേ ചിരി എന്ന് വെറുതെ തോന്നിയതാണോ? ‘മടിയന്‍ മല ചുമക്കും’ എന്ന ആപ്തവാക്യം അയാള്‍ പുച്ഛത്തോടെ ഓര്‍ത്തു. ആ വാക്യം തീര്‍ത്തും തെറ്റാണ്. കാരണം, ഒരു മടിയന് ഒരിക്കലും ഒരു മല ചുമക്കാനാവില്ല. മല വേണ്ടെന്നു വയ്ക്കും. അത്രതന്നെ. അതാണ് മടിയുടെ മഹത്വം!
കട്ടന്‍ചായ തനിക്കിപ്പോള്‍ പഥ്യമാണ്. ഇഷ്ടമാണ്. പാല്‍ക്കാരന്‍ മിക്ക ദിവസവും വൈകുന്നു. താഴെ പാല്‍ ക്കടയുണ്ട്. ചായയ്ക്ക് പാലിന്റെ ആവശ്യകതയില്ലെന്ന് ഈയിടെ അയാള്‍ മനസിലാക്കി. മാത്രമല്ല കട്ടന്‍ചായയോടുള്ള ഈ പ്രതിപത്തി, ബജറ്റ് കമ്മി നികത്താന്‍ തന്നെ സഹായിച്ചേക്കും. അലക്ഷ്യമായി ദിനപത്രത്തില്‍ കണ്ണോടിച്ചു. ഒന്നാമത്തെ പേജ് മുഴുവന്‍ നഗരത്തിലെ സ്വര്‍ണവ്യാപാരിയുടെ ഒറ്റപരസ്യമാണ്. പതിവ് നടി സര്‍വാഭരണ വിഭൂഷയായി നിറഞ്ഞിനില്‍ക്കുന്നു. രണ്ടാംപേജിലും പരസ്യം, അരപരസ്യങ്ങള്‍. ഇതൊക്കെ ലക്ഷങ്ങളുടെ പരസ്യമാത്രേ! ഏതായാലും വായിക്കാന്‍ നാം ബാദ്ധ്യസ്ഥരാണല്ലോ! പരസ്യങ്ങളുടെ ഇടയില്‍ ചില ചെറിയ വാര്‍ത്തകള്‍ തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമപ്പെട്ടു. അഴിമതിയും അക്രമങ്ങളും രാഷ്ട്രീയവും മാത്രം വാര്‍ത്തകളാകുന്ന പത്രംതന്നെ നിര്‍ത്തിയാലോ? ഇതൊക്കെ മെനക്കേടുതന്നെ. പത്രം താഴെ വച്ച് ടി.വി. ഓണ്‍ ചെയ്തു. അവിടെയും പരസ്യപൂരംതന്നെ. യാതൊരു ബന്ധവുമില്ലാത്ത ചില പരസ്യങ്ങള്‍, എങ്ങനെ ഇവ ഉല്പന്നങ്ങളുടെ വില്പന കൂട്ടും? എന്തോ ആവട്ടെ, താനൊരിക്കലും പരസ്യങ്ങള്‍ കണ്ട് ഉല്പന്നം വാങ്ങാറില്ല. ഏതു സാധനവും തീര്‍ന്ന് ഒഴിച്ചുകൂടാനാവില്ലെങ്കില്‍ മാത്രം വാങ്ങും. രണ്ടു കൊല്ലമായി ഇന്‍ക്രിമെന്റ് ഇല്ലാത്ത മാസശമ്പളക്കാരന്റെ വ്യഥ ആരോട് പറയാന്‍? രേണുവിനോട് പറഞ്ഞാല്‍ ആ ചിരിതന്നെ! താമസിയാതെ വീണ്ടും ബോസിനോട് ആവശ്യപ്പെടണം. ‘കരയുന്ന കുട്ടിക്കേ പാലുള്ളൂ’ എന്നാണ് ഫിനാന്‍സ് മാനേജര്‍ കൂടിയായ സുഹൃത്ത് ശേഷാദ്രി പറയുന്നത്. കമ്പനി നല്ല നിലയിലാണെന്നും തന്റെ ജോലി താന്‍ ശരിയായിതന്നെ ചെയ്യുന്നുവെന്നും ശേഷാദ്രി ഓര്‍മിപ്പിച്ചു. പിന്നെ എന്തുകൊണ്ട് തനിക്ക് ഇന്‍ക്രിമെന്റ് ഇല്ല?
എഫ്ബി തുറന്നുനോക്കി. ഇന്നലെ ചെയ്ത തണുപ്പന്‍ പോസ്റ്റുകള്‍ പതിവുപോലെ ലൈക്കുകള്‍ തേടി അടയിരിക്കുന്നു. ഒരു പെണ്ണിന്റെ പേരു വച്ച് പോസ്റ്റിയാല്‍ പൂവാലന്മാരുടെ ലൈക്കുകള്‍ കിട്ടുമത്രെ. ഒറ്റപ്പെട്ട ഈ വിരസ ജീവിതത്തില്‍ കുറച്ചു ലൈക്കുകള്‍ ഒരു ഉത്തേജനംതന്നെ.
ഏതോ ഒരു അത്യന്താധുനികനത്രെ, നീണ്ട പോസ്റ്റുകള്‍ നിറയെ പുതിയ മലയാളം വച്ച് കരച്ചിലാണ്. നല്ല പച്ചയായി ഇയാള്‍ വായനക്കാരെ ഇല്ലാതാക്കുന്നു. പരിഭ്രാന്തരായ എഫ്ബികള്‍ ലൈക് അടിച്ച് അടിച്ച് മോഹാലസ്യപ്പെടുന്നു.
ഇതും നിര്‍ത്തേണ്ട കാലമായി. ഇയ്യാംപാറ്റകളുടെ ആയുസ്സേ ഉള്ളൂ ഈ പോസ്റ്റിനും ലൈക്കിനും. പക്ഷെ, ഇപ്പോള്‍ പെരിയ ലൈക് നേടിയ പോസ്റ്റുകളുടെ അനിവേഴ്‌സറിയും തുടങ്ങിയിരിക്കുന്നു.
വാട്‌സാപ്പില്‍ പെട്ടെന്ന് രേണു വന്നു.
”മിഡ് ടേം പരീക്ഷക്കാലമാണ്. മോഡല്‍ പേപ്പേഴ്‌സ് ഒരുപാടുണ്ട്. നിളയ്ക്ക് തീരെ ദേഹസുഖമില്ല. ഇടയ്ക്കിടെ ചെറിയ ചൂടുണ്ട്. ഇന്നിപ്പോള്‍ ക്രോസിന്‍ കൊടുത്തു. നാളെ ഡോക്ടറെ കാണിക്കണം. കഫത്തിന്റെ ശല്യവും ഉണ്ട്. ലീവ് എടുക്കാനാവില്ലെനിക്ക്. കഴിയുമെങ്കില്‍ ഉടനെ ലീവ് എടുത്തു വരൂ. ദീപാവലിയൊഴിവ് കാത്തുനില്‍ക്കരുത്. എനിക്ക് മടുത്തു ഒറ്റയ്ക്കുള്ള ഈ ജീവിതം”.
രേണു ഒറ്റയ്ക്കല്ലല്ലോ, കൂടെ പൂമ്പാറ്റയെപോലെ നിളയും. താനല്ലേ ഒറ്റപ്പെട്ടുജീവിക്കുന്നത്?
പെട്ടെന്ന് അയാള്‍ അസ്വസ്ഥനായി. രേണു ഇങ്ങനെ എഴുതാറില്ല. നിള പൊതുവെ ആരോഗ്യം കുറഞ്ഞ കുട്ടിയായാണ് വളരുന്നത്. അമ്മയും അച്ഛനും അടുത്തില്ല. ചെറിയ ദേഹാസ്വാസ്ഥ്യങ്ങള്‍ എപ്പോഴും അവളെ അലട്ടിക്കൊണ്ടിരിക്കും. ‘ബാലപീഡ’ എന്നാണ് കൂര്‍ക്കഞ്ചേരി മൂസ്സത് പറഞ്ഞത്. പത്തു വയസ്സുവരെ ഈ അലട്ടല്‍ ഉണ്ടാവാമത്രെ. ഓഫീസില്‍ ചെന്ന ഉടന്‍ രേണുവിന് ഫോണ്‍ ചെയ്തു. സാധാരണ വിളിച്ചാല്‍ ഒരുപാട് സംസാരിക്കാറുള്ള അവള്‍ അന്ന് പതിവിനു വിപരീതമായി ഫോണ്‍ നിര്‍ത്തി. ലീവ് കിട്ടിയോ എന്ന ചോദ്യത്തിന് താന്‍ പറഞ്ഞ മറുടി അവള്‍ക്ക് തൃപ്തികരമായി തോന്നിയില്ല. അവളുടെ ശബ്ദം പതറിയിരുന്നു. ”ഞാന്‍ നിളയെയും കൊണ്ട് ഡോക്ടറെ കാണാന്‍ ഇരിക്കയാണ്. ഡോക്ടര്‍ ഇതുവരെ എത്തിയില്ല”. ഫോണ്‍ നിളയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടതാണ്. നിളയുടെ ചുമ മാത്രം കേട്ടു. പിന്നെ ഫോണ്‍ കട്ടായി. വൈകീട്ട് ഫോണ്‍ ചെയ്തപ്പോള്‍ നിള ഫോണ്‍ എടുത്തു.
”അച്ഛാ എപ്പളാ വര്വാ?” അവള്‍ കൊഞ്ചി. അവള്‍ ക്ഷീണിതയാണെന്നും ശബ്ദം പതറിയിരുന്നതും അയാള്‍ ശ്രദ്ധിച്ചു. ”ഉടനെ വരാം മോളെ. അമ്മയും ഡോക്ടറും പറയുന്നത് കേള്‍ക്കണം. മോള്‍ക്ക് അച്ഛന്‍ എന്താ കൊണ്ടുവരേണ്ടത്?”
”ബാര്‍ബി”
കഴിഞ്ഞതവണ ചോദിച്ചപ്പോള്‍ അവള്‍ ആവശ്യപ്പെട്ടതും ബാര്‍ബിതന്നെ. ടോയ് ഷോപ്പില്‍ ചെന്നപ്പോള്‍ അതിവിലയുമായി യോജിച്ചില്ല. ഒരു പാവയ്ക്ക് ഇത്രയും വിലയോ? മറ്റൊരു കളിപ്പാട്ടം കൊടുത്തപ്പോള്‍ അവള്‍ പിണങ്ങി. ”ബാര്‍ബി…”
രേണുവിനും ദേഷ്യം വന്നു.
”ഇത് കഷ്ടംതന്നെ വേണുവേട്ടാ. അവളോട് എന്തു വേണം എന്നു ചോദിക്കുക. എന്നിട്ട് ആവശ്യപ്പെട്ടത് കൊടുക്കാതിരിക്കുക. കഷ്ടംതന്നെ”.
”രേണൂ, അതിന്റെ വില നിനക്കറിയ്വോ?”
രേണുവിന്റെ മുഖം പെട്ടെന്ന് നിര്‍വികാരമായി. പിന്നെ സാവകാശം ഒരു ചിരിയില്‍ അവള്‍ ഒതുങ്ങി. തന്നെ വല്ലാതെ അലട്ടുന്ന ആ ചിരി. അവള്‍ അങ്ങനെ ചിരിക്കുമ്പോഴൊക്കെ സ്വയം ചെറുതാവുന്നപോലെ.
രേണു ഫോണില്‍ വന്ന ഉടന്‍ ലീവുകാര്യം തിരക്കി.
”വേണുവേട്ടാ എനിക്ക് വയ്യ”.
”നിളയ്ക്ക് കുറച്ച് ക്ലിനിക്കല്‍ ടെസ്റ്റുകള്‍ ചെയ്യാനുണ്ട്. തൃശൂരില്‍ പോകേണ്ടിവരും. ഇവിടെ സ്‌കാന്‍ ഇല്ല”.
സ്‌കാന്‍ എന്നു കേട്ടപ്പോള്‍ ഞെട്ടാതിരുന്നില്ല! ഈശ്വരാ…
”നാളെതന്നെ ഞാന്‍ പുറപ്പെടും”.
അന്നുതന്നെ ടോയ്‌ഷോപ്പില്‍ ചെന്ന് ബാര്‍ബി വാങ്ങി. കഴിഞ്ഞ തവണ വില ചോദിച്ച് വാങ്ങാത്തതിനാലാവാം ഷോപ്കീപ്പര്‍ വില ഓര്‍മിപ്പിച്ചു. ”വില വീണ്ടും കൂടി സര്‍…”
”പായ്ക്ക്” അല്പം ധാര്‍ഷ്ട്യത്തോടെതന്നെ പറഞ്ഞു.
നാളെത്തന്നെ ലീവെടുക്കണം. ലീവ് തന്നില്ലെങ്കില്‍ ജോലി വിടും.
സേതുവിനോടു പറയണം തയ്യാറാണെന്ന്.
”മി. മേനോന്‍, ഞാന്‍ താങ്കളോട് പലതവണ പറഞ്ഞു ഇന്‍ക്രിമെന്റ് ഒരു റൈറ്റ് അല്ലെന്ന്”.
”പക്ഷെ എനിക്കത് വേണം. കൂടിയേ തീരൂ” സ്വന്തം ശബ്ദത്തിന്റെ ഘനത്തില്‍ അഭിമാനം തോന്നി.
”സോറി. നിങ്ങള്‍ തൃപ്തനല്ലെങ്കില്‍ ദി ഡോര്‍ ഈസ് ഓപ്പണ്‍ ഫോര്‍ യു”.
”ഓക്കെ സര്‍. ഐ ബെറ്റര്‍ പ്രിഫര്‍ ദാറ്റ് ഓപ്പണ്‍ ഡോര്‍”.
ബോസിനെ ഒരു നിമിഷം അതിശയിപ്പിച്ചുകൊണ്ട് ലീവ് ആപ്ലിക്കേഷന്‍ തിരിച്ചെടുത്ത്, അയാള്‍ രാജിക്കത്ത് ബോസിന് കൈമാറി.
അല്പം ജാള്യതയോടെ തലയാട്ടി ബോസ് പറഞ്ഞു: ”ഓക്കെ മി. മേനോന്‍, ഇത്രയും പ്രതീക്ഷിച്ചില്ല”.
”സര്‍, എന്റെ രണ്ടുവര്‍ഷത്തെ ശമ്പളവര്‍ദ്ധനപ്രതീക്ഷകള്‍ അസ്ഥാനത്താക്കിയ താങ്കള്‍ ഇത്രയെങ്കിലും പ്രതീക്ഷിക്കണമായിരുന്നു. നമുക്ക് വീണ്ടും സംസാരിക്കാം. ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നത് വിഡ്ഢിത്തമാണ് മേനോന്‍”.
”ഇല്ല സര്‍, ഇത് ഇപ്പോള്‍ എടുത്ത തീരുമാനമല്ല, പ്ലീസ് ലെറ്റ് മി ഗോ”.
”ഓക്കെ. നിങ്ങളുടെ കണക്കു തീര്‍ക്കാന്‍ ശേഷാദ്രിയോട് പറയാം. നോട്ടീസ് പിരീഡ്?”
”താങ്കള്‍ക്ക് കട്ടു ചെയ്യാം. എനിക്കുടനെ പോണം”.
”ഓക്കെ. രണ്ടു ദിവസത്തിനകം ടേക്കോവര്‍ ചെയ്യാം”.
”സര്‍, ഞാന്‍… ശേഷാദ്രിക്ക് ഹാന്‍ഡോവര്‍ ചെയ്യാം. എന്റെ മകള്‍…”
”മി. മേനോന്‍… പ്ലീസ്…. യു ആര്‍ ദ ലിമിറ്റ്…”
ബോസ് അയാളെ ശ്രദ്ധിക്കാതെതന്നെ സ്റ്റാഫ് ഏജന്‍സിയെ വിളിച്ച് ആവശ്യം പറഞ്ഞു. റീപ്ലേസ്‌മെന്റ്. അയാള്‍ തിരിച്ച് സീറ്റില്‍ ഇരുന്നു, പകരക്കാരനെയും കാത്ത്. കണക്കുകള്‍ തീര്‍ത്തുകിട്ടാനും സമയമെടുക്കും. നാളെ പോകാനാവില്ല.
എല്ലാം കഴിഞ്ഞ് അടുത്ത ദിവസം രാത്രി വണ്ടിയില്‍ കയറി. ബാര്‍ബി കയ്യില്‍തന്നെ വച്ചു. ബാഗില്‍ വച്ചാല്‍ ചിലപ്പോള്‍ അമര്‍ന്നുപോകും.
വണ്ടിയിലിരിക്കുമ്പോള്‍ രേണു വിളിച്ചു. നിള ഉറക്കമായി. ക്ഷീണം മാറുന്നില്ല. വരുന്ന വിവരം ഫോണില്‍ പറയാത്തതിന് പരിഭവിച്ചു. വന്നാലുടന്‍ എത്രയും വേഗം നിളയുടെ ടെസ്റ്റുകള്‍ നടത്തണം.
വണ്ടി സമയത്ത് എത്തി. ടാക്‌സി വീട്ടിലെത്തിയപ്പോള്‍ മറ്റൊരു കാര്‍ ഗേറ്റില്‍ കിടന്നിരുന്നു. അടുത്ത വീട്ടിലെ ഒന്നുരണ്ടുപേര്‍ കാറിനടുത്തുവന്നു. അവരുടെ മുഖം മ്ലാനമായിരുന്നു.
”സ്‌കൂളില്‍ പോകാനൊരുങ്ങിയതാണ്. പെട്ടെന്ന് കുഴഞ്ഞുവീണു. ബോധക്കേടായി. സഞ്ജീവനിയില്‍ കൊണ്ടുപോകാന്‍ കാര്‍ വന്നിട്ടുണ്ട്. അച്ഛന്‍ ട്രെയിനില്‍ ഉണ്ടെന്നു പറഞ്ഞു. കുറെ വിളിച്ചു. റേഞ്ച് കിട്ടിയില്ല”.
രേണു നിളയെ താങ്ങി പുറത്തേക്ക് വരുന്നു. തന്നെ കണ്ടിട്ടില്ല. ഒരു കുതിപ്പിന് ഓടിച്ചെന്ന് നിളയെ കോരിയെടുത്ത് തോളത്തിട്ടു നടന്നു.
കാര്‍ മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ സ്പീഡ് കൂട്ടാന്‍ ഡ്രൈവറോട് പറഞ്ഞു. രേണുവിന്റെ മുഖം ദു:ഖസാന്ദ്രമായിരുന്നു. സ്ഥായിയായ ചെറുചിരി അവള്‍ക്ക് നഷ്ടമായിരിക്കുന്നു.
വഴിയില്‍ നിള കണ്ണുതുറന്നു. കുറച്ചു വെള്ളം കൊടുത്തു. അപ്പോഴാണ് അവള്‍ തന്നെ ശ്രദ്ധിച്ചത്. അവളുടെ കണ്ണുകള്‍ വികസിച്ചു. ”അച്ഛാ… ബാര്‍ബി…”
ഒരു വിങ്ങലോടെ നിളയെ ചേര്‍ത്തുപിടിച്ചു. അയാള്‍ എന്നും ഇഷ്ടപ്പെട്ട ചെറുചിരി രേണുവിന്റെ മുഖത്ത് മിന്നിമറഞ്ഞു.

Previous Post

അരുതുകളുടെ ചെങ്കോല്‍

Next Post

ഉഷ്ണരാശി: ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍

Related Articles

കഥ

ഒരു ചെമ്പനീർ പൂവ്

കഥ

മധുരനൊമ്പരം

കഥ

ഇടവേള കഴിഞ്ഞ പ്രണയം

കഥ

ദയാവധം

കഥ

ഒരു പരിണാമ സിദ്ധാന്തം: മാളുവിൽ നിന്നും മാളുവിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഗോവിന്ദന്‍ ഉണ്ണി

രേണുവിന്റെ ചിരി

ഗോവിന്ദന്‍ ഉണ്ണി 

എന്നുമുതലാണ് മടിയനായത്? ആലസ്യത്തോടെ, യാന്ത്രികമായി പ്രഭാത കര്‍മങ്ങള്‍ ഓരോന്നായി ചെയ്തുകൊണ്ടിരുന്നപ്പോഴും വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു....

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven