• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഉഷ്ണരാശി: ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍

സന്തോഷ് പല്ലശ്ശന May 23, 2016 0

കെ.വി. മോഹന്‍കുമാറിന്റെ ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനം

എഴുതപ്പെട്ട വിപ്ലവചരിത്രങ്ങളുടെ സ്ഥൂലമായ കമാനങ്ങളില്‍ വാര്‍ത്തുവച്ച ചോര തുടിക്കുന്ന പേരുകള്‍ പുന്നപ്ര-വയലാര്‍ സമര ചരിത്രം പഠിക്കുന്നവര്‍ക്ക് പെെട്ടന്ന് കണ്ടെത്താനായേക്കും. പക്ഷെ പതിനായിരങ്ങളാണ് സര്‍ സി.പിയുടെ പട്ടാളത്തിനുനേരെ വാരിക്കുന്തങ്ങളുമായി പടവെട്ടിയത്. കീഴാളത്തൊഴിലാളികളുടെ അസ്ഥികളുറങ്ങിക്കിടക്കുന്ന മൊറാഴ, തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍, കൊച്ചി മുഴുക്കൈ, പുന്നപ്ര, കാട്ടൂര്‍, വയലാര്‍, ഒളതല, മേനാശേരി, കരിവെള്ളൂര്‍, കാവുമ്പായി, ഓഞ്ചിയം തുടങ്ങിയ ഗ്രാമങ്ങളുടെ മണ്ണിനടിയിലേക്ക് ഏതു ചരിത്രമാണ് ഇത്രമാത്രം ഉല്‍ഖനനങ്ങള്‍ ചെയ്തിരിക്കുക? രക്തം പുരണ്ട മണല്‍ത്തരികളുടെ സമരചരിത്രം കാലാന്തരത്തിന്റ സമരനേതാക്കളുടെ ഓര്‍മപ്പുസ്തകങ്ങളിലൂടെ ഇതള്‍വിരിയുന്നു; തൊഴിലാളി വിപ്ലവങ്ങള്‍ നയിച്ച മുന്നണിപ്പോരാളികളുടെ ചരിത്രം പിന്നീട് വിപ്ലവത്തിന്റെ ചരിത്രമായി മാറുന്നതും നമ്മള്‍ കാണുന്നു. എന്തുകൊണ്ടോ ഈ ചരിത്രങ്ങളിലൊന്നും പട്ടിണിപ്പാവങ്ങളായ പുലയക്കിടാത്തിമാരായ കൈത്തറ പാപ്പിയേയും കൊച്ചുപാറുവിനേയും മണ്ണാന്തറയിലെ മാരയേയുമൊക്കെ ഒരുപക്ഷെ കാണാനായേക്കില്ല. അവര്‍ തലമുറകളുടെ വായ്‌മൊഴികളിലും വിപ്ലവചരിതങ്ങളിലും മാത്രം ഒതുങ്ങിപ്പോയേക്കാം. ഈ ധീരസഖാക്കളുടെ രക്തസാക്ഷിത്വം പ്രാദേശികമായ വായ്‌മൊഴിക്കഥകളില്‍ മാത്രമായി ചുരുങ്ങിപ്പോവുക എന്നത് കാലത്തിന്റെ വികൃതിയാവാം. ചിലപ്പോള്‍ ഏതെങ്കിലുമൊക്കെ ചരിത്രങ്ങളില്‍ ഇവരൊക്കെ മിന്നിമറയുന്നുമുണ്ടാകാം. പക്ഷെ ഏതു ചരിത്രത്തിനാകും അവരുടെ സഹനത്തിന്റെ പ്രതിരോധത്തിന്റെ ആത്മാവിലേക്ക് വൈകാരികമായി കടന്നുചെല്ലുവാന്‍? പുന്നപ്ര-വയലാര്‍ സമരത്തിന്റെ തീച്ചൂളയെ ആളിക്കത്തിക്കാന്‍ സ്വയമെടുത്തു ചാടിയ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ആത്മാവിലേക്കൊരു ചരിത്രയാത്ര അത് സാദ്ധ്യമാണോ? കെ.വി. മോഹന്‍കുമാര്‍ എന്ന നോവലിസ്റ്റിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചോര കലങ്ങിയ കാലജലത്തിലെ വന്‍മീനുകള്‍ക്കൊപ്പം ചെറുമീനുകളേയും വിട്ടുകളയുന്നില്ല. തിരുവിതാംകൂറിന്റെ ഭാഷയിലൂടെ, കീഴാളജീവിതത്തിലൂടെ കാലം പുന:സൃഷ്ടിക്കപ്പെടുന്നു. ചരിത്രം വെറുതെ അക്കവും തീയതിയുമിട്ട് പറയുകയല്ല കെ.വി. മോഹന്‍കുമാര്‍ ചെയ്യുന്നത്; ഫിക്ഷന്റെ എല്ലാ സാദ്ധ്യതയും ഉപയോഗിച്ചുകൊണ്ട് സ്വതന്ത്രപൂര്‍വ കാര്‍ഷിക കേരളത്തിന്റെ, ജന്മിത്തം കൊടികുത്തി വാണ ചൂഷണ കേരളത്തിന്റെ, മണ്ണില്‍ പണിയെടുക്കുന്നവനെ അതേ മണ്ണില്‍ നിഷ്‌കരുണം കൊന്നുകുഴിച്ചുമൂടിയ ജന്മികള്‍ വാണ നെറികെട്ട കാലത്തിന്റെ പുലരികളേയും നട്ടുച്ചകളേയും സായന്തനങ്ങളേയും കെ. വി. മോഹന്‍കുമാര്‍ വരച്ചുവയ്ക്കുന്നു. ഫിക്ഷനും റിയലിസവും ഇഴപിരിഞ്ഞു കിടക്കുമ്പോള്‍ എഴുതപ്പെട്ട പുന്നപ്ര-വയലാര്‍ ചരിത്രങ്ങളുടെ ഒരുപാട് മുകളിലത്തെ നിരയില്‍ ഒരു പുസ്തകംകൂടി കാലത്തിന്റെ ഈടുവയ്പായി മാറുന്നു. അതാണ് ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’.
പുന്നപ്ര-വയലാര്‍ സമരത്തിലാകെ രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ മരിച്ചുപോയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ചരിത്രകാരന്‍ റോബിന്‍ ജെഫ്രി എഴുതിയിരിക്കുന്നതിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. പക്ഷെ മരണം വെറും അഞ്ഞൂറായി ചുരുക്കിയ ചരിത്രങ്ങളും നമ്മുടെ മുന്‍പിലുണ്ട്. തോക്കുമായി പത്മവ്യൂഹം ചമച്ച സര്‍ സി.പി.യുടെ പട്ടാളത്തെ വാരിക്കുന്തങ്ങള്‍കൊണ്ട് നേരിട്ട നിസ്വരായ 7000ത്തോളം തൊഴിലാളികളുടെ മൃതശരീരങ്ങളെ കഴുകനും പരുന്തും കടിച്ചുപറിച്ച കഥകള്‍ അറിയണമെങ്കില്‍ പുന്നപ്രയിലേയും വയലാറിലേയും പച്ചമണ്ണില്‍ കാലിലെ പെരുവിരല്‍കൊണ്ടൊന്നു തോണ്ടിയാല്‍ മതി. രക്തംചിന്തല്‍ മരിച്ച സമരസഖാക്കളുടെ എല്ലിന്‍കഷ്ണങ്ങള്‍ വാരിക്കുന്തങ്ങള്‍പോലെ ഉയര്‍ന്നുവരും. സ്‌പോണ്‍സേര്‍ഡ് ചരിത്രങ്ങള്‍കൊണ്ട് ഈ ഗ്രാമത്തിലെ മണ്ണില്‍ എഴുതപ്പെട്ട ജൈവചരിത്രങ്ങളെ അട്ടിമറിക്കാനാവില്ലതന്നെ. ജൈവീകമായ കുട്ടനാടന്‍ കാറ്റിന്റെ സാന്ദ്രതയോടെ, കരപ്പുറത്തിന്റെ ഇതിഹാസത്തെ കെ.വി. മോഹന്‍കുമാര്‍ ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

കീഴാളന്റെ ഇതിഹാസം
എഴുതപ്പെടാതെ പോയ പ്രാദേശിക ജീവിതങ്ങളിലൂടെയുള്ള ഇതിഹാസമാനമായ ഒരു യാത്രയാണ് ‘ഉഷ്ണരാശി’ എന്ന നോവല്‍. 570 പേജുകളിലായി നീണ്ടുകിടക്കുന്ന ഈ ബൃഹദ്‌നോവല്‍ ആവേശത്തോടെ മാത്രമേ ഏതൊരു കേരളീയനും വായിച്ചുതീര്‍ക്കാനാവൂ. സത്യസന്ധനായ കമ്മ്യൂണിസ്റ്റുനേതാവായ സത്യദാസിന്റെ മകള്‍ അപരാജിതയുടെ പേനയിലൂടെ നോവല്‍ ഇതള്‍വിരിയുന്നു. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ.ജി.യും, കെ. ദാമോദരനും, ടി.വി. തോമസും, ആര്‍. സുഗതനും, പി.കെ. ചന്ദ്രാനന്ദനും, വി.എസ്. അച്യുതാനന്ദനും, കെ.വി. പത്രോസും, സൈമണ്‍ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര-വയലാര്‍ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാര്‍ ഈ നോവലിലുടനീളം ജീവിക്കുന്നു.
പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് ഭ്രാന്തിയാക്കി മാറ്റപ്പെട്ട കൈത്തറ പാപ്പിയും, മണ്ണാന്തറയിലെ മാരയും, കൊച്ചുപാറുവും, ജന്മികള്‍ പോറ്റിവളര്‍ത്തിയ ഗുണ്ടകള്‍ തെങ്ങില്‍കെട്ടിയടിച്ച പാക്കരന്മാരും, ചെത്തുകാരന്‍ ദാനവന്റെ കൊച്ചുപുലയപ്പെണ്ണ് കൊച്ചുതങ്കയും, കൊച്ചുനീലാണ്ടന്റെ പെണ്ണ് കുഞ്ഞുനീലിയും, പ്രഭാകരനും അനഘാശയനും, ശേഖരനും കൊച്ചുകുഞ്ഞാശാനും, രാഘവനുമടക്കം ഒരുപാടു ചരിത്ര കഥാപാത്രങ്ങള്‍ നിറയ്ക്കുന്ന ഊര്‍ജമാണ് ഈ ബൃഹദ്‌നോവലിലൂടെ വായനക്കാരനെ സഞ്ചരിപ്പിക്കുന്നത്. ഭരണകൂട ഭീകരതയുടെ പുതിയ പാഠങ്ങള്‍ ബ്രിട്ടീഷുകാരെപ്പോലും പഠിപ്പിച്ച സി.പി. രാമസ്വാമി അയ്യര്‍ക്കൊപ്പം വഞ്ചിരാജ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ ഷംഷര്‍ ജംഗ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് എന്ന’പാവ’ രാജാവിന്റെ സിംഹാസനവും അദൃശ്യമായ ഒരു ഭീതിയായി നോവലിന്റെ പല താളിലും വന്നു നിറയുന്നു.
കീഴാളനെ തല്ലാനും കൊല്ലാനും അവന്റെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്താനും വേണ്ടുവോളം അധികാരമുണ്ടായിരുന്ന ഭൂപ്രഭുക്കള്‍ക്കെതിരെ തിരുവിതാംകൂറിലെ ഒരു സംഘം കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ ചെറുത്തുനില്പാണ് പുന്നപ്ര-വയലാര്‍ സമരങ്ങളുടെ തുടക്കം. അടിയാളന്‍ വേട്ടുകൊണ്ടുവന്ന പെണ്ണിനെ സ്വന്തം കിടപ്പറയിലെത്തിക്കാന്‍ അധികാരമുണ്ടായിരുന്ന ജന്മികളോട് പടപൊരുതിക്കൊണ്ടാണ് ദാനവന്റെ മൂന്നുമാസം ഗര്‍ഭിണിയായ കൊച്ചുതങ്കയും നീലാണ്ടന്റെ കുഞ്ഞുനീലിയും കൈത്തറ പാപ്പിയും മാരയുമൊക്കെ രക്തസാക്ഷികളായത്. കാല്പനികമായ ഫ്യൂഡല്‍ ചിഹ്നങ്ങളില്‍ അഭിരമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വായിക്കാതെപോകുന്ന തുടിക്കുന്ന താളുകളെയാണ് കെ.വി. മോഹന്‍കുമാര്‍ നമുക്കു മുന്‍പില്‍ നോവല്‍ രൂപത്തില്‍ കൊണ്ടുവരുന്നത്. ജന്മിമാരും സര്‍ സി.പി.യുടെ പട്ടാളക്കാരും വിപ്ലവത്തെ നേരിട്ടത് തോക്കും ബലാത്സംഗങ്ങള്‍ കൊണ്ടുമായിരുന്നു. കീഴാളക്കിടാത്തിമാരുടെ മാനത്തിനും ജീവനും ഒരു വിലയും കല്പിക്കപ്പെടാതിരുന്ന കാലം. വെട്ടയ്ക്കല്‍ കോച്ചയെപ്പോലെയുള്ള, അന്തപ്പനെപ്പോലെയുള്ള അതി ക്രൂരന്മാരായ ഫ്യൂഡല്‍ പ്രഭുക്കന്മാരെ വളര്‍ത്തിക്കൊണ്ടുവരികയും, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ നിഷ്‌കരുണം പിച്ചിച്ചീന്തുകയും ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കി നിലനിര്‍ത്താനാണ് ദിവാന്‍ സര്‍ സി.പി. ശ്രമിച്ചത്. തിരുവിതാംകൂറിലെ ജന്മിമാരും ഗുണ്ടാപോലീസുകാരും പട്ടാളക്കാരും അവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ ചൂടും തീയും ഞങ്ങളുടേതു മാത്രമെന്ന് അവകാശപ്പെടുന്ന സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഒറ്റുകാരും ഒത്തുചേര്‍ന്നപ്പോള്‍ മനുഷ്യക്കുരുതിയാല്‍ തിരുവിതാംകൂറിലെ ആകാശത്ത് രക്തചന്ദ്രനുദിച്ചു. നിലനില്പിനുവേണ്ടി നിസ്വരില്‍ നിസ്വരായ തൊഴിലാളി സഖാക്കളുടെ വാരിക്കുന്തങ്ങള്‍ക്കുള്ള പ്രതിരോധങ്ങള്‍ക്ക് ദിവാന്‍ സര്‍ സി.പി.യുടെ പട്ടാളവും പോലീസും മറുപടി പറഞ്ഞത് തോക്കിന്‍കുഴല്‍കൊണ്ടാണ്. ചങ്കിലെ ചോര കൊടുത്ത് വിജയത്തിനായി ഒത്തൊരുമിച്ചുനിന്ന സഖാക്കളുടെ സായുധസമരത്തില്‍ അന്തിമ വിജയം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനായിരുന്നു.
അച്യുതാന്ദന്‍ സഖാവ് ചക്രപാണിയുടെ അരികത്തേക്കു വരുന്നു. ‘ലാല്‍ സലാം സഖാക്കളേ, ലാല്‍സലാം… മരിക്കാനും തയ്യാറയല്ലേ നിങ്ങളെല്ലാം വന്നത്?’
‘മരിക്കാനും ഞങ്ങ തയ്യാറാണ്’, സമരസഖാക്കള്‍ ആര്‍ത്തു വിളിച്ചു. പിരിഞ്ഞു പോകാന്‍ വവരല്ല ഞങ്ങളാരും’, സഖാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ദിവാന്റെ ദുര്‍വാഴ്ചയ്ക്കറുതി വരുത്താന്‍ രണ്ടു കല്പിച്ചു കൂട്ടി വന്നവരാണ് ഞങ്ങാ’.
(പേജ് 448)

ചരിത്രത്തിലെ പുള്ളിക്കുത്തുകള്‍
തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയനിലെ തൊഴിലാളികള്‍ ഒന്നടങ്കം അവരുടെ അവകാശങ്ങള്‍ക്കും, ജന്മികളുടെ ചൂഷണങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകളില്‍ നിന്ന് തുടങ്ങിയ സമരത്തീയാണ് വെറും കുറന്ന കാലം കൊണ്ട് പുന്നപ്ര-വയലാര്‍ സമരമെന്ന കൊടുങ്കാറ്റിന് വഴിമരുന്നായത്. കുട്ടനാട്ടിലെ വെറുമൊരു തൊഴിലാളി സമരം, സമഗ്രമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമായി മാറിയതെങ്ങിനെ എന്നതിലൂടെ ഒരു ചരിത്ര സഞ്ചാരം കൂടിയാകുന്നു ഉഷ്ണരാശിയെന്ന ഈ നോവല്‍. അതോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസ്സും, സ്വാതന്ത്ര്യത്തിന് വിഘാതമായി നില്‍ക്കുന്ന ഗവണ്‍മെന്റും ഫ്യൂഡല്‍ പ്രഭുക്കളും ഗൂഢാലോചന നടത്തി ഈ നാടിനെ വഞ്ചിച്ചതിന്റെ രഹസ്യങ്ങളും ഈ നോവല്‍ പലയിടങ്ങളിലായി പങ്കുവയ്ക്കുന്നുണ്ട്.
സമരത്തിന്റെ തുടക്കത്തല്‍ സര്‍ സി.പി.യുടെ രഹസ്യപ്പോലീസായിരുന്ന കുമാരന്‍ വൈദ്യര്‍ക്ക് മാനസാന്തരം വരികയും സമരത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് മാനസികനില തെറ്റിയ കൈത്തറ പാപ്പിയെ കീഴാള യുവതിയെ അവളുടെ സമ്മതമില്ലാതെ മാനഭംഗപ്പെടുത്തി, വീണ്ടും മറുകണ്ടം ചാടിയ ഡ്യൂപ്ലിക്കേറ്റ് സഖാക്കളുടെ വര്‍ഗവഞ്ചനയുടെ കഥയും ഈ നോവല്‍ പറയുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനും എസ്.എന്‍.ഡി.പി. ക്കാരനുമായിരുന്ന ആര്‍. ശങ്കറിനെ ചേര്‍ത്തലയിലേക്ക് അയച്ചത് സമരത്തില്‍ ചാവുന്ന ഈഴവരുടെ കണക്കെടുക്കാനായിരുന്നു.
നോവലില്‍ ആര്‍.ശങ്കറിന്റെ സൂചനയിങ്ങനെ:
”അതക്ക ശരി. ഇപ്പ സര്‍ സീപ്പിട ആളാണയ്യാള്. വല്ല വെടിവയ്പും ഒണ്ടായാ നുമ്മട ആള്‍ക്കാരണല്ലാ ചത്തു വീഴണത്? ആ വീണ്ടുവിചാരത്തിന്റെ പൊറത്താണ് യോഗം അയ്യാളെ ഇങ്ങാട്ടയച്ചത്. ഇന്നലെ വൈകീട്ട് പൊന്നാം വെളീലും കളവങ്കോടത്തും വന്നിരുന്നേ. കൂട്ടത്തില്‍ വേറെയും രണ്ടുമൂന്നാള്‍ക്കാരൊണ്ടായിരുന്നു. എന്നിട്ട് കടക്കരപ്പള്ളീ കുടിയൊഴിപ്പിച്ച പാട്ടിലേക്ക് തീട്ടക്കണ്ണുകൊണ്ടുപോലും നോക്കിയില്ല. ങാ, വയലാറ്റ് എം.കെ. കൃഷ്ണന്റെ വീട്ടീ വിരുന്ന് ചായേം കുടിച്ചേച്ച് വെടിവെട്ടോം കഴിഞ്ഞേച്ചാ പോയേ”.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ തിരുവിതാംകൂര്‍ സി.പി.ക്കു കീഴില്‍ അമേരിക്കന്‍ മോഡല്‍ സ്വേച്ഛാധിപത്യഭരണവുമായി നിലനില്‍ക്കും എന്ന നയത്തെ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം വിളികളുമായി ധീരസഖാക്കള്‍ നടത്തിയ സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുടിക്കുന്ന ഇതിഹാസമാണ്. ഈ നോവല്‍ മുന്‍പോട്ടുവയ്ക്കുന്ന വലിയൊരു സത്യവും ചിന്തയും ഇതുകൂടിയാണ്. നോവല്‍ എഴുതുന്ന കഥാപാത്രമായ അപരാജിത സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വഞ്ചനയെക്കുറിച്ച് ശ്രീകണ്ഠന്‍ നായരുടെ നോവലിലെ ആമുഖം വായിക്കുന്നുണ്ട്.
”പരിപാവനമായ സ്റ്റേറ്റ് കോണ്‍ഗ്രസ്സേ, നീയിതാ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നിന്റെ അരുമ സന്താനങ്ങളായ നെയ്യാറ്റിങ്കര രാഘവനും ചെങ്ങൂര്‍ ജോര്‍ജും വെടിയുണ്ടയ്ക്കു വിരിമാറു കാട്ടിയ കൊച്ചപ്പിള്ളയും കൊച്ചു കൃഷ്ണനും കഴുമരമേറി. നിന്റെ മാനം കാക്കാന്‍ പാണ്ടിനാട്ടിലെ ശിവരാജ പാണ്ഡ്യന്‍ കൊല്ലം ലോക്കപ്പിലെ വെറും തറയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അടര്‍ക്കളത്തില്‍ അനേകായിരം രക്തസാക്ഷികള്‍ ആത്മാര്‍പ്പണം ചെയ്തു. കെ.കെ. കുഞ്ചുപിള്ള ക്ഷയരോഗം പിടിച്ചു മരിച്ചു. കണ്ണന്തോടത്തു ജനാര്‍ദനന്‍ നായര്‍ പുത്രമിത്രാദികളെ കണ്ട് ആശ്വസിക്കാന്‍ ഇടയാകാതെ കല്‍ക്കത്തയിലെ പാഴ്മണലില്‍ ലയിച്ചു. ഈ മഹാത്യാഗങ്ങളില്‍ നിന്നും ഉത്ഭവിച്ച ധാര്‍മിക ശക്തി ഇതാ ഈ ധൂര്‍ത്തന്മാര്‍ വിറ്റു കാശുമാറുന്നു. വേണാടേ, നിന്റെ ജീവരക്തം അധികാര ദാഹം പൂണ്ട ഇവര്‍ ഊറ്റിക്കുടിക്കുന്നു…”
അധികാരത്തിനുവേണ്ടി ദിവാന്‍ സി.പി. രാമസ്വാമി അയ്യരുമായി പലതരത്തിലുള്ള ബാന്ധവങ്ങളിലും ഏര്‍പ്പെട്ടിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെക്കുറിച്ച് നോവലില്‍ കടന്നുവരുന്നുണ്ട്.
”അധികാര പ്രമത്തത ബാധിച്ച ചില സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അടച്ചിട്ട മുറികളിലിരുന്ന് സര്‍ സീപ്പിയുമായി രഹസ്യ ധാരണകള്‍ പങ്കിടുമ്പോള്‍ രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനുമെതിരെ സായുധ കലാപത്തിനു കാഹളം മുഴക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍”.
(പേജ് 553)
”വലതു പക്ഷ നിലപാടില്‍ നിെന്നഴുതേണ്ടി വരുമ്പോള്‍ അടയ്ക്കാമരം മുളയായെന്നു വരും. പുന്നപ്ര-വയലാര്‍ പോരാളികളുടെ മാറിടം തുളച്ചു പാഞ്ഞ വെടിയുണ്ടകള്‍ ദിവാന്‍ വാഴ്ചയുടെ ആണിക്കല്ല് തകര്‍ത്തു എന്നതല്ലെ സത്യം?”
(പേജ് 553)
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് നോവലില്‍ വാസുദേവന്‍ മാഷ് പറയുതിങ്ങനെ:
”ഇന്ത്യ സ്വാതന്ത്രമാകുന്നതിന്റെ തലേ നാളുകള്‍… ഇന്ത്യ കണ്ട ബ്രിട്ടീഷ് വിരുദ്ധവും വിപ്ലവകരവുമായ ജനമുന്നേറ്റങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ബോംബേയിലെ നാവിക കലാപം, ബംഗാളിലെ തേഭാഗാ സമരം, ഡെറ്റിന്യൂ കലാപം, ഗോള്‍ഡന്‍ റോക്കിലെ റെയില്‍വേ തൊഴിലാളി സമരം, വോര്‍ളിയിലെ കര്‍ഷക സമരം, കോണ്‍പൂരിലും കോയമ്പത്തൂരിലും ബോംബെയിലും കല്‍ക്കട്ടയിലും നടന്ന തുണിമില്‍ തൊഴിലാളികളുടെ പണിമുടക്കം, ബീഹാറിലെ ആദിവാസി കര്‍ഷക സമരം, തെലുങ്കാന സമരം, പുന്നപ്ര-വയലാര്‍ സമരം… വലതുപക്ഷ ചരിത്രങ്ങള്‍ എത്രമേല്‍ തമസ്‌കരിച്ചാലും ചരിത്രത്തിന്റെ ഈ തുടിക്കുന്ന താളുകളില്ലെങ്കില്‍ ‘സ്വാതന്ത്ര്യമെ’ന്ന അദ്ധ്യായമെഴുതാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല”.

വര്‍ഗ ശത്രുവില്‍ നിന്ന് വര്‍ഗ വഞ്ചനയ്‌ക്കെതിരെ
കെ.വി. മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി’ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചരിത്രകഥ മാത്രമല്ല. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച സമകാലിക പ്രതിസന്ധികളെക്കുറിച്ചുപോലും സര്‍ഗാത്മകമായി വിലയിരുത്തുന്നുണ്ട്. സഖാവ് സത്യദാസിന്റെ മകളായ അപരാജിതയില്‍ കൂടി ഇതള്‍വിരിയുന്ന നോവലില്‍ ചെഗുവേരയുടെ അദൃശ്യസാന്നിദ്ധ്യം ഉടനീളം നിലനില്‍ക്കുന്നുണ്ട്. ചെയുടെ മുഖമുള്ള നിരഞ്ജന്‍ പ്രസ്ഥാനത്തില്‍ നിന്നും കുതറിമാറി സായുധ സമരത്തിലേക്കു പോയ ഒരു യുവാവാണ്. പണ്ട് പ്രസ്ഥാനം അടരാടിയത് വര്‍ഗശത്രുക്കള്‍ക്കെതിരെയാണെങ്കില്‍ ഇന്ന് പോരാടുന്നത് ‘വര്‍ഗ വഞ്ചകര്‍’ക്കെതിരെയാണ്.
കോര്‍പറേറ്റുകള്‍ക്കെതിരെ പട പൊരുതിയ സത്യദാസ് എന്ന അപരാജിതയുടെ അച്ഛന് സംഭവിച്ചതെന്താണ്? പൊളോണിയം എന്ന വിഷദ്രാവകം ശരീരത്തില്‍ കുത്തിക്കേറ്റിയാണ് കോര്‍പറേറ്റുകള്‍ സത്യദാസിനെ കൊല ചെയ്തത്. അന്ന് സര്‍ സിപി.യായിരുന്നു പ്രസ്ഥാനത്തിന്റെ ശത്രുവെങ്കില്‍ ഇന്ന് ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റിലെതെന്ന വര്‍ഗവഞ്ചകരുമാണ് ശത്രുക്കള്‍. അപരാജിതയുടെ വാക്കുകളില്‍ ”വിപ്ലവം പുതിയ കുപ്പികളില്‍. പോലീസ് പതിവ് വേട്ടക്കാരന്റെ റോളിലും”.

ചരിത്രം വസ്തുതകള്‍ മാത്രമല്ല അവാസ്തവികതകളൂടെ കൂടെ സങ്കലനമാണ്. ചിലപ്പോള്‍ അത് അക്കങ്ങളും തീയതികളും മാത്രമായി മാറുന്നു. ചരിത്രത്തിലെ സംഭവങ്ങളിലും, യുദ്ധങ്ങളിലും, പ്രതിരോധങ്ങളിലും പലപ്പോഴും മനുഷ്യജീവിതത്തിന്റെ ഭാവാത്മകമായ അംശങ്ങള്‍ കൈമോശംവരുന്നു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഉഷ്ണരാശിപോലുള്ള ചരിത്ര നോവലുകള്‍ കാലത്തെ പുന:സൃഷ്ടിക്കുന്നു. അതോടൊപ്പം എഴുത്തിന്റെ സാദ്ധ്യതകളും സാന്ദ്രതയും പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു. എഴുത്ത് ഒരു ചരിത്രദൗത്യമാകുന്നത് അപ്പോഴാണ്. ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’ നോവല്‍ വായിച്ചുകഴിഞ്ഞ് അടച്ചുവയ്ക്കുമ്പോള്‍, കരപ്പുറത്തിന്റെ ഇതിഹാസമെന്നത് ലോക സ്വാതന്ത്ര്യചരിത്രത്തിന്റെ ഏറ്റവും തിളങ്ങുന്നൊരു ഇതിഹാസമാണെന്നുള്ള അനുവാചകന്റെ തിരിച്ചറിവിലാണ് കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം സാര്‍ത്ഥമാകുന്നത്. തിരുവിതാംകൂറിന്റെ മാത്രമല്ല ഇന്ത്യയിലെ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പിടഞ്ഞുമരിച്ച ധീര സഖാക്കളുടെ ജീവിക്കുന്ന സ്മരണയ്ക്കു മുന്‍പില്‍ കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം അശ്രുപൂജയാകുന്നു. അതോടൊപ്പം നോവല്‍ സാഹിത്യശാഖയ്ക്ക് നല്ലൊരു ദിശാസൂചിയുമാകുന്നുണ്ട് ഈ നോവല്‍.

Previous Post

രേണുവിന്റെ ചിരി

Next Post

ടെന്‍: ഇറാനിയന്‍ സ്ര്തീപര്‍വം

Related Articles

വായന

എരി: കീഴാളതയുടെ ജീവിതക്കാഴ്ചകൾ

വായന

മാനസിയുടെ കഥകൾ: സത്യം എന്തിനു പറയണം?

കവർ സ്റ്റോറി3വായന

ഭ്രാന്തിന്റെ വഴിയോരത്ത് ഒരു പെൺകുട്ടി

വായന

ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രം

വായന

ദൈവത്തിന്റെ മകൾ വെറും മനുഷ്യരോട് പറയുന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സന്തോഷ് പല്ലശ്ശന

പ്രണയം ദുശ്ശീലമാക്കിയ ഒരു...

സന്തോഷ് പല്ലശ്ശന  

'ശീർഷകമില്ലാതെപോയ പ്രണയങ്ങൾ' എന്ന കവിതാസമാഹാരത്തിൽ മനോജ് മേനോൻ ആവിഷകരിക്കുന്നത് ഏറ്റവും പുതിയ ഒരു യുവാവിന്റെ...

നാലാം നിലയിലെ ആൽമരം

സന്തോഷ് പല്ലശ്ശന  

ഡോംഗ്രിത്തെരുവിൽ പായൽച്ഛവി ബാധിച്ച ഒരു വയസ്സിക്കെട്ടിടത്തിന്റെ നാലാം നിലയുടെ സൺഷെയ്ഡിൽ, മുഷിഞ്ഞുനാറിയ ഇലകളുമായി ഒരു...

രാധ മീരയല്ല, ആണ്ടാൾ...

സന്തോഷ് പല്ലശ്ശന  

വർത്തനത്താൽ വിര ആസമാവാത്തതായ് പ്രേമമൊന്നല്ലാതെയെന്തു പാരിൽ? സുഗതകുമാരിയുടെ രാധയെവിടെ എന്ന ഖണ്ഡകാവ്യം വായിക്കുന്നവർ ഈ...

ഉന്മാദത്തിന്റെ ഒരു വിചിത്ര...

സന്തോഷ് പല്ലശ്ശന 

നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ...

ഉഷ്ണരാശി: ചരിത്രത്തെ അഗാധമാക്കുന്ന...

സന്തോഷ് പല്ലശ്ശന 

കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനം എഴുതപ്പെട്ട വിപ്ലവചരിത്രങ്ങളുടെ സ്ഥൂലമായ കമാനങ്ങളില്‍...

Santhosh Pallassana

സന്തോഷ് പല്ലശ്ശന  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven